2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

കൂടംകുളവും ആണവോര്‍ജം സംബന്ധിച്ച സിപിഐ എം നിലപാടും

മുഖപ്രസംഗം
കൂടംകുളത്ത് ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് തദ്ദേശവാസികള്‍ക്ക് അതുമൂലം ഉണ്ടായ ജീവിത സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കണമെന്ന് സിപിഐ (എം) ആവശ്യപ്പെടുന്നു. ഇവിടെ സമരംചെയ്യുന്ന ജനങ്ങളെ അടിച്ചമര്‍ത്തുകയല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത് എന്ന് പാര്‍ടി ആവശ്യപ്പെടുന്നു. ഒരു സ്വതന്ത്ര ഏജന്‍സി സ്ഥാപിച്ച് അതിനെക്കൊണ്ട് ആ നിലയം പരിശോധിപ്പിച്ച് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തണം. അതിനുശേഷമേ കൂടംകുളം ആണവനിലയത്തെ പ്രവര്‍ത്തനിരതമാക്കാവു എന്നും പാര്‍ടി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രഥമ പരിഗണന നല്‍കുന്ന നിലപാട് ദേശീയതലത്തിലോ തമിഴ്നാട്ടിലോ മിക്ക പ്രമുഖ രാഷ്ട്രീയപാര്‍ടികളും കൈക്കൊള്ളാത്ത വേളയിലാണ് സിപിഐ (എം) ഇത്തരത്തിലൊരു ദൃഢമായ നിലപാട് കൈക്കൊണ്ടത്.

എന്നാല്‍, ഈ നിലപാടിന്റെ രാഷ്ട്രീയവും സാമൂഹ്യവും ശാസ്ത്രീയവുമായ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നതിനുപകരം കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സിപിഐ (എം) വ്യക്തമായ നിലപാട് കൈക്കൊള്ളുന്നില്ല എന്ന് പ്രചരിപ്പിക്കാനാണ് മുതിര്‍ന്നുകാണുന്നത്. അത് അവര്‍ മറ്റു പല കാര്യങ്ങളിലും പാര്‍ടി നിലപാടിനെ വളച്ചൊടിച്ച് ബഹുജന മധ്യത്തില്‍ അവതരിപ്പിക്കാറുള്ളതിന്റെ തുടര്‍ച്ചയാണ്. പാര്‍ടി നിലപാട് വികലമാക്കി അവതരിപ്പിച്ച് ജനമധ്യത്തില്‍ പാര്‍ടിയെ താറടിച്ചു കാണിക്കാനാണ് ഇത്തരം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഒരു കേന്ദ്രത്തില്‍ നിരവധി റിയാക്ടറുകള്‍ സ്ഥാപിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ജനങ്ങളുടെ സുരക്ഷയ്ക്ക് ആപത്താണ് എന്ന വിദഗ്ധരുടെ നിലപാട് പാര്‍ടി ചൂണ്ടിക്കാണിക്കുന്നു. കൂടംകുളത്തോ ജെയ്താപൂരിലോ ഗുജറാത്തിലും ആന്ധ്രാപ്രദേശിലും മറ്റും ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളിലോ അങ്ങനെ ചെയ്തു കൂട. വിദേശ സര്‍ക്കാരുകളോ കമ്പനികളോ അവ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള റിയാക്ടറുകള്‍മൂലം ഇവിടെ ജനങ്ങള്‍ക്ക് അപകടം നേരിട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറല്ല. അതിനാല്‍ അത്തരക്കാരുടെ റിയാക്ടറുകള്‍ ഇന്ത്യ വാങ്ങി സ്ഥാപിക്കരുത്. ഇന്ത്യയിലെ ശാസ്ത്രജ്ഞരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രായോഗിക-ശാസ്ത്രീയ ജ്ഞാനം വേണ്ടത്രയുള്ളവരാണ്. അതിനാല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നെങ്കില്‍ അവ ഇന്ത്യന്‍ നിര്‍മിതമായിരിക്കണം എന്ന് പാര്‍ടി നിര്‍ദ്ദേശിക്കുന്നു. അവയില്‍ അപകടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.

ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ഒരു പ്രധാന സ്രോതസ്സായി ആണവോര്‍ജ്ജത്തെ കണക്കാക്കിക്കൂട എന്ന് പാര്‍ടി തറപ്പിച്ചു പറയുന്നു. അത് താരതമ്യേന കൂടുതല്‍ വികിരണ അപകടസാധ്യതയുള്ളതും അത് തടയുന്നതിന് കൈക്കൊള്ളേണ്ട മുന്‍കരുതല്‍ ഏറെ ചെലവുള്ളതുമാണ്. ആണവ മാലിന്യം സുരക്ഷിതമായി നശിപ്പിക്കാന്‍ ഇന്ന് മാര്‍ഗമില്ല. ആണവ റിയാക്ടറുകള്‍ക്ക് പൊതുവിലുള്ള ഇത്തരം ദോഷങ്ങള്‍ ദൂരീകരിച്ചശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സായി ആണവോര്‍ജ്ജത്തെ കണക്കാക്കാന്‍ പാടുള്ളു. സിപിഐ (എം) ഒഴിച്ചുള്ള പ്രധാനപ്പെട്ട പാര്‍ടികള്‍ കൂടംകുളം നിലയത്തിലെ സമര പശ്ചാത്തലത്തില്‍ ആ ആണവനിലയത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. വ്യക്തമാക്കിയവര്‍ നിലയം പ്രവര്‍ത്തിക്കുന്നതിനെ അനുകൂലിക്കുന്നു. അവയില്‍ പലതും ഭരണപക്ഷം അല്ലെങ്കില്‍ പ്രതിപക്ഷം എന്ന നിലയില്‍ അന്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്. സിപിഐ (എം) ആണ് കൂടംകുളം നിലയം സംബന്ധിച്ചു മാത്രമല്ല, രാജ്യത്തെ ആണവോര്‍ജ്ജത്തിന്റെ ഭാവിയെക്കുറിച്ചും വ്യക്തവും യുക്തിസഹവുമായ നിലപാട് ആവിഷ്കരിച്ചത്. ഇതാകട്ടെ ഇപ്പോഴത്തെ സമര പശ്ചാത്തലത്തില്‍ ധൃതികൂട്ടി തയ്യാറാക്കിയതുമല്ല. അമേരിക്കയില്‍നിന്ന് ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിന് യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ സര്‍ക്കാരുമായി 123 കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചപ്പോള്‍ ഇടതുപക്ഷം ആ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ചു.

രാഷ്ട്രീയമായ കാരണങ്ങളാല്‍ മാത്രമല്ല, ശാസ്ത്രീയവും സാമ്പത്തികവും ജനങ്ങളുടെ സുരക്ഷാപരവുമായ കാരണങ്ങളാലാണ് സിപിഐ (എം), വിപുലമായതോതില്‍ ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനെ എതിര്‍ത്തത്. കോണ്‍ഗ്രസിനും ബിജെപിക്കും അവയെ അനുകൂലിക്കുന്ന മറ്റ് പല പാര്‍ടികള്‍ക്കും ആണവ നിലയങ്ങളോടും ആണവോര്‍ജ്ജത്തോടും ജനങ്ങളുടെ ജീവിത സുരക്ഷയെയും അവരെ ബാധിക്കുന്ന മറ്റ് ആഘാതങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഉറച്ച നിലപാടില്ല. ""ദീപസ്തംഭം മഹാശ്ചര്യം..."" എന്ന നിലപാടാണ് അവയ്ക്കുള്ളത്. അതല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയോ കോണ്‍ഗ്രസ് പാര്‍ടിയോ മറ്റു പാര്‍ടികളോ കൂടംകുളത്തിന്റെ കാര്യത്തില്‍ ഉറച്ചതും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതുമായ നിലപാട് കൈക്കൊള്ളുമായിരുന്നു.

അതേസമയം, വികാരപരമായി ചിലതരം പദ്ധതികളോട് അന്ധമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും ശരിയല്ല. ആണവോര്‍ജ്ജത്തെ എക്കാലത്തേക്കുമായി തള്ളിക്കളയുന്നതും യുക്തിസഹമല്ല. ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ വളര്‍ന്നു വികസിക്കുമ്പോള്‍ ഇപ്പോള്‍ മനുഷ്യന് മെരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആണവ വികിരണത്തെ മെരുക്കാന്‍ കഴിഞ്ഞേക്കാം. ഇതേവരെയുള്ള ശാസ്ത്രീയ പുരോഗതി വീക്ഷിക്കുന്ന ആര്‍ക്കും ആ സാധ്യത തളളിക്കളയാനാവില്ല. ആ ശുഭ പ്രതീക്ഷ സിപിഐ (എം) പ്രകടിപ്പിക്കുന്നു. അതിനാല്‍ ആണവോര്‍ജ്ജത്തെ പാര്‍ടി എക്കാലത്തേക്കുമായി തള്ളിക്കളയുന്നില്ല. അതേസമയം ജനങ്ങള്‍ ഉന്നയിക്കുന്ന ഇന്നത്തെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണ് സിപിഐ (എം) ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ പ്രസ്താവനയുടെയും എഴുതിയ ലേഖനത്തിന്റെയും സത്ത. മുതലാളിത്ത ശക്തികള്‍ ഇക്കാര്യത്തില്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയെ ചെപ്പടിവിദ്യകള്‍കൊണ്ട് മൂടിവെയ്ക്കാന്‍ കഴിയില്ല.

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

രാജ്യത്താകെ പ്രതിഷേധം; ഡല്‍ഹിയില്‍ നേതാക്കളെ അറസ്റ്റ് ചെയ്തു




ഡീസല്‍ വില വര്‍ധനവിനും സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനുമെതിരെ രാജ്യത്താടെ ശക്തമായ പ്രതിഷേധം. ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ നേതാവ് എ ബി ബര്‍ദന്‍, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം
നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജന്തര്‍ മന്ദറില്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

യുപിഎ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഇന്ധന വില വര്‍ധനവിനെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കി. നാല് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദിപാര്‍ടി, ടിഡിപി, ജെഡിഎസ്, ബിജെഡി എന്നീ കക്ഷികളുമാണ് പ്രതിഷേധത്തിനും ഹര്‍ത്താലിനും ആഹ്വാനംചെയ്തത്. ട്രേഡ് യൂണിയനുകളും കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി-യുവജനങ്ങളും മഹിളാസംഘടനകളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. യുപിഎ ഘടകകക്ഷിയായ ഡിഎംകെയും അവരുടെ ട്രേഡ്യൂണിയന്‍ സംഘടനകളും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനംചെയ്തത് ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുടെ പ്രക്ഷോഭത്തിന് കരുത്തേകി.












2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

"കുലംകുത്തി"കളും "സൈക്കോപാത്തു"കളും


  •  ഡോ. ടി എം തോമസ് ഐസക്
    "റെനഗേഡ്" എന്നത് കമ്മ്യൂണിസ്റ്റു വിമര്‍ശന പദാ വലിയിലെ ഒരു പ്രധാനപ്പെട്ട പ്രയോഗമാണ്. തൊഴിലാളിവര്‍ഗത്തെയും കമ്മ്യൂണിസ്റ്റു പാര്‍ടിയെയും ഒറ്റുകൊടുക്കുന്നവരെയാണ് ആ പ്രയോഗം കൊണ്ട് വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ "വര്‍ഗ വഞ്ചകന്‍" എന്നര്‍ത്ഥം നല്‍കാം. സിപിഐഎമ്മിനെ ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്തവരെ "റെനഗേഡ്" എന്ന അര്‍ത്ഥത്തില്‍ പിണറായി വിജയന്‍ "കുലംകുത്തി" എന്ന് ഒരു പൊതുയോഗത്തില്‍ വിശേഷിപ്പിച്ചിരുന്നു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം നടന്ന ഒരു പത്രസമ്മേളനത്തില്‍ ആ പ്രയോഗത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോടു ചോദിച്ചു. ചോര നുണയുന്ന മാധ്യമകൗശലം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ, അക്കാര്യം ചര്‍ച്ച ചെയ്യാനുളള സമയമല്ല ഇത് എന്ന് വ്യക്തമായ മറുപടിയും പിണറായി പറഞ്ഞു. തുടര്‍ന്നു വന്ന ചോദ്യങ്ങളോടു പ്രതികരിച്ചുകൊണ്ട് പണ്ടു നടത്തിയ പ്രയോഗത്തില്‍ തെറ്റില്ലെന്ന്് അദ്ദേഹം വ്യക്തമാക്കി. ഇതിനെച്ചൊല്ലി എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്? എത്ര ലേഖനങ്ങള്‍, എന്തെന്തു വ്യാഖ്യാനങ്ങള്‍! ""സ്വയം കുലമായി സങ്കോചിച്ചുകൊണ്ടിരിക്കുന്ന സിപിഎം കടുത്ത സൈനോ ഫോബിയയുടെ അടിമകളായിരിക്കുകയാണ്. ഏതു കുലത്തിന്റെയും മുഖമുദ്ര, കുലത്തിനു പുറത്തുളളവരെ ശത്രുക്കളായി കാണുന്ന മനോഘടനയാണ്"" എന്ന് ജെ രഘു മാതൃഭൂമി വാരികയില്‍ സിദ്ധാന്തിച്ചു. ""ഒരു കമ്മ്യൂണിസ്റ്റ് നേതാവ് കുലം എന്ന പദം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?"" എന്ന ചോദ്യമുയര്‍ത്തി, സി ആര്‍ നീലകണ്ഠന്‍. മരിച്ചുകിടക്കുന്ന ഒരാളെ പിണറായി വിജയന്‍ "കുലംകുത്തി"യെന്ന് ആക്ഷേപിച്ചത് ക്രൂരമാണെന്നായി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടെ വകയുമുണ്ടായി, ആ പ്രയോഗത്തിനെതിരെ പ്രസ്താവനയും പത്രസമ്മേളനവും. ഇന്നു നടക്കുന്ന കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരവേലയുടെ ഒന്നാന്തരം ഉദാഹരണമാണ് കുലംകുത്തി പ്രയോഗത്തെക്കുറിച്ചുളള വിവാദം. ആദ്യം നിരന്തരമായ ആവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ടി വിടുന്നവരെ മുഴുവന്‍ കുലംകുത്തികളാണെന്നാണ് വിശേഷിപ്പിക്കുക എന്ന് മനുഷ്യരുടെ മനസില്‍ സ്ഥാപിച്ചു. എന്തിന്, മരിച്ചു കിടക്കുന്നവരെപ്പോലും ഇത്തരത്തില്‍ ആക്ഷേപിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തുടര്‍ന്ന്, ഈ പദപ്രയോഗത്തെക്കുറിച്ചുളള അപനിര്‍മ്മാണ വിശകലനങ്ങളായി. കമ്മ്യൂണിസ്റ്റുകാരുടെ മനോഗതിയും അന്ധമായ വൈരനിര്യാതന ചിന്തയുമെല്ലാം ഈ പ്രയോഗത്തില്‍ നിന്ന് ജെ. രഘുവും സി. ആര്‍. നീലകണ്ഠനും സംഘവും വിശകലനം ചെയ്തു സ്ഥാപിക്കുന്നു.


    "കുലംകുത്തി"യെന്നാല്‍ വര്‍ഗവഞ്ചകന്‍

    നേരത്തെ സൂചിപ്പിച്ചതുപോലെ പാര്‍ടിയെ വഞ്ചിക്കുന്നവരെ വര്‍ഗവഞ്ചകരെന്നാണ് വിശേഷിപ്പിക്കുക. വിവാദ ഒഞ്ചിയം പ്രസംഗത്തിലെ കുലംകുത്തി പരാമര്‍ശത്തിനു മുമ്പ് ഇത്തരമൊരു പ്രയോഗം അദ്ദേഹം നടത്തിയിട്ടുളളതായും എനിക്കറിവില്ല. ഇഎംഎസിന്റെ രചനകള്‍ പരതിയപ്പോള്‍ അദ്ദേഹം ഇങ്ങനെയൊരു പദപ്രയോഗം ഒരിക്കല്‍ നടത്തിയതായി കണ്ടു. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കുടുംബത്തില്‍ ജനിച്ച് പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിക്കാതെ, ബഹുജനപ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും തീച്ചൂളയിലൂടെ വിപ്ലവരാഷ്ട്രീയത്തിന്റെ സംഘാടകരും നേതാക്കളുമായി ഉയര്‍ന്നുവന്ന ആയിരക്കണക്കിന് ആളുകള്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയിലുണ്ട്. ഇതു തടയുന്നതിന് തുറന്ന വര്‍ഗശത്രുക്കള്‍ മാത്രമല്ല, അവരുടെ താളത്തിനൊത്തു തുള്ളുന്ന കുലംകുത്തികളും കിണഞ്ഞു പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് 1962നും തൊട്ടുമുമ്പും പിമ്പും ചൈനാവിരോധത്തിന്റെയും കോണ്‍ഗ്രസ് പ്രേമത്തിന്റെയും മറപിടിച്ച് കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ക്കാന്‍ റിവിഷനിസ്റ്റുകള്‍ നടത്തിയ ശ്രമം. (സഖാക്കള്‍, സുഹൃത്തുക്കള്‍ - ഇഎംഎസ്, പേജ് 97) ഇഎംഎസിന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, ആ പദപ്രയോഗം സി ആര്‍ നീലകണ്ഠന്റെയും ജെ. രഘുവിന്റെയും വീരേന്ദ്രകുമാറിന്റെയുമൊന്നും കണ്ണില്‍പെട്ടിരുന്നില്ല. വര്‍ഗവഞ്ചകന്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് പിണറായി വിജയന്‍ ഭകുലംകുത്തി എന്ന ഗ്രാമ്യപ്രയോഗം നടത്തിയത്. അത് അദ്ദേഹം പൊതുയോഗത്തില്‍ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓര്‍ക്കാട്ടേരിയിലെ പൊതുയോഗത്തില്‍ അക്കാര്യം വിശദീകരിച്ചു കൊണ്ട് പിണറായി വിജയന്‍ നടത്തിയ പ്രസംഗം ഇപ്പോഴും യുട്യൂബിലുണ്ട്. പ്രസംഗം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ കേള്‍ക്കാം ""ഈ പാര്‍ടി വിട്ട് ഈ പാര്‍ടിയെ ആക്രമിക്കാന്‍ പുറപ്പെട്ടവരെ ഇതിനു മുമ്പും വര്‍ഗവഞ്ചകര്‍ എന്നു പാര്‍ടി വിളിച്ചിട്ടുണ്ട്.... പാര്‍ടിയെ വര്‍ഗശത്രുക്കളോടൊപ്പം ചേര്‍ന്ന് തകര്‍ക്കാന്‍ നോക്കുകയാണ്. അതില്‍പ്പരം ഒരു വഞ്ചനയുണ്ടോ. ആ വഞ്ചന കാണിക്കുന്നവരെ വര്‍ഗവഞ്ചകന്‍ എന്നല്ലാതെ എന്താണ് വിളിക്കുക?""; സാധാരണഗതിയില്‍ വര്‍ഗവഞ്ചകന്‍ എന്ന ആക്ഷേപ പ്രയോഗം ഈ അപൂര്‍വവേളയില്‍ കുലംകുത്തിയെന്നും മാറ്റി വിളിച്ചു. ഇത് സര്‍വസാധാരണമായ ഒരു ആക്ഷേപപ്രയോഗമായി സ്ഥാപിച്ചെടുക്കാനുളള വ്യഗ്രതയുടെ പിന്നില്‍ ആശയപരമായ ചില ലക്ഷ്യങ്ങളുണ്ട്. ഈ പ്രയോഗത്തിന്റെ വ്യാഖ്യാനത്തിലൂടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വഭാവത്തെ താറടിക്കാനാണ് പരിശ്രമം. ;""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി ഒരു കുലമായി നാടന്‍ഭാഷയില്‍ സ്വയം അടയാളപ്പെടുത്തുമ്പോള്‍ കുലബോധത്തിന്റെയും കുലധര്‍മ്മത്തിന്റെയും പ്രാചീനമായ സംഘബോധത്തെയാണ് പാര്‍ടിയിലേക്ക് ആവാഹിക്കുന്നത്: കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കുലചിഹ്നമാണ് അരിവാള്‍ ചുറ്റിക. കുലപുരാവൃത്തങ്ങള്‍ പോലെയാണ് മാര്‍ക്സിസം ലെനിനിസവും പാര്‍ടി പരിപാടിയും. വര്‍ഗസമരം, വിപ്ലവം തുടങ്ങിയവ ആധുനിക മിത്തുകളാണ്. കുലപരേതാത്മാക്കളുടെ സ്ഥാനമാണ് രക്തസാക്ഷികള്‍ക്ക്. കുലമൂപ്പനാണ് പാര്‍ടി സെക്രട്ടറി"";. (ജെ. രഘു, നീ പാര്‍ടിയാകുന്നു, പാര്‍ടി, സെക്രട്ടറിയാകുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 15).

    മരിച്ചവരെ കുലംകുത്തിയെന്ന് ആക്ഷേപിച്ചോ?

    മരിച്ച ചന്ദ്രശേഖരനെ വീണ്ടും കുലംകുത്തിയെന്ന് വിളിച്ചു എന്നു സ്ഥാപിക്കാന്‍ ആയുധമാക്കുന്നത് പിണറായി വിജയന്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെയാണ്. ഈ പത്രസമ്മേളനത്തെക്കുറിച്ച് പിണറായി വിജയന്‍ തന്നെ തൊട്ടടുത്ത ദിവസം കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചിട്ടുണ്ട്.  ""ഇന്നലെ തൃശൂരില്‍ ഒരു പരിപാടിയ്ക്കു പോയപ്പോള്‍ പത്രപ്രവര്‍ത്തകര്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയ്ക്കു പോയപ്പോള്‍ ചിലര്‍ ചോദ്യം ചോദിച്ചു. നേരത്തെ നിങ്ങള്‍ പറഞ്ഞിരുന്നല്ലോ ഈ പാര്‍ടി വിട്ടവര്‍ കുലംകുത്തികളാണെന്ന്. അപ്പോള്‍ ഞാനത് ശരിയായ രീതിയില്‍ പറഞ്ഞു. പാര്‍ടി വിട്ടവര്‍ പലതരക്കാരുണ്ട്. പാര്‍ടി നടപടിയെടുത്തു പുറത്താക്കിയവരുണ്ട്. അവരില്‍ പലരും പാര്‍ടിയോടൊപ്പമുണ്ട്. അവര്‍ പാര്‍ടിക്കെതിരായിട്ടില്ല. തെറ്റ് അംഗീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റു ബോധത്തോടെ പാര്‍ടിയോടൊപ്പം ഉറച്ചു നില്‍ക്കുന്നു...

    ശത്രുവിന്റെ കൈയില്‍ കളിച്ചുകൊണ്ട് നിലപാടുകള്‍ സ്വീകരിക്കുന്നവരെ ചില ഘട്ടങ്ങളില്‍ പാര്‍ടി കൈയോടെ പിടികൂടി. പിന്നെയവര്‍ക്ക് പാര്‍ടിയില്‍ നില്‍ക്കാന്‍ കഴിയില്ല. അവര്‍ പാര്‍ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേരുന്നു. ഇപ്പോള്‍ ചന്ദ്രശേഖരന്‍ നേതൃത്വം കൊടുത്തിരുന്ന വിഭാഗം ഇക്കഴിഞ്ഞ കാലഘട്ടത്തില്‍ പാര്‍ടി ശത്രുക്കളുമായി കൂട്ടുകൂടിക്കൊണ്ടാണ് ഞങ്ങളെ നേരിട്ടിരുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിലും അത്തരക്കാരുണ്ട്.... ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. അവര്‍ കുലംകുത്തികളാണ്.... അപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. ചന്ദ്രശേഖരനെക്കുറിച്ച് എന്താണ് അഭിപ്രായം... അപ്പോള്‍ ഞാന്‍ പറഞ്ഞു.. ചന്ദ്രശേഖരനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. ചന്ദ്രശേഖരനെ നിഷ്ഠുരമായി കൊല ചെയ്തിരിക്കുകയാണ്. ആ കൊല ചെയ്തത് ആരാണ് എന്നാണ് കണ്ടെത്തേണ്ടത്. അല്ലാതെ ചന്ദ്രശേഖരനെ വിലയിരുത്താനല്ല ശ്രമിക്കേണ്ടത്"". ഇതിനപ്പുറം എങ്ങനെയാണ് ഇക്കാര്യം വ്യക്തമാക്കേണ്ടതും വിശദീകരിക്കേണ്ടതും?

    തൃശൂര്‍ പത്രസമ്മേളനത്തില്‍ ചന്ദ്രശേഖരന്‍ കുലംകുത്തിയാണ് എന്ന് പിണറായിയെക്കൊണ്ടു പറയിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് പിണറായി വിജയന്‍ പറഞ്ഞ മറുപടി ആവിയായിപ്പോയിട്ടൊന്നുമില്ല. ടെലിവിഷന്‍ ക്ലിപ്പിംഗുകളില്‍ അതിപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതായിരുന്നു :

    ""ചന്ദ്രശേഖരന്‍.... ഇപ്പോള്‍ മരണപ്പെട്ടയൊരാളെ അയാള്‍ പണ്ടുകാലത്ത് സ്വീകരിച്ച നിലപാട് എന്ത് എന്നാണോ പരിശോധിക്കേണ്ടത്? ആ കൊലയുടെ കാര്യം.... അതിന്റെ ക്രൂരത..... അതൊക്കെയല്ലേ ഇപ്പോള്‍ നാം ആലോചിക്കേണ്ടത്? ആ കൊല ചെയ്തവരാര്... അവരെ കണ്ടെത്തുകയല്ലേ അടിയന്തരമായി വേണ്ടത്?"".. തുടര്‍ന്നുളള കൗശലപൂര്‍വമായ ചോദ്യത്തോട് പ്രതികരിച്ചപ്പോഴാണ് പണ്ട് അങ്ങനെ വിശേഷിപ്പിച്ചതില്‍ തെറ്റില്ല എന്ന അര്‍ത്ഥത്തില്‍ ""കുലംകുത്തി, കുലംകുത്തി തന്നെ"" എന്നദ്ദേഹം പറഞ്ഞത്. ഈ പ്രയോഗത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് മരിച്ചുകിടക്കുന്ന ചന്ദ്രശേഖരനെ പിണറായി വിജയന്‍ കുലംകുത്തിയെന്നു വിളിച്ചു എന്ന നീചമായ പ്രചരണം കേരളത്തില്‍ നടന്നത്. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതിന് എത്രയോ മുമ്പാണ് പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം നടന്നത്. ആ പ്രയോഗത്തിന്മേല്‍ അന്ന് സൈദ്ധാന്തികാഭ്യാസങ്ങളൊന്നും നടന്നിരുന്നില്ല. മരിച്ചു കിടക്കുന്നയാളെ പിണറായി വിജയന്‍ കുലംകുത്തിയെന്നു ആക്ഷേപിച്ചു എന്ന ആരോപണം ഉയര്‍ത്തിയാണ് പിന്നീടുളള കളികളൊക്കെ നടന്നത്. പിണറായി പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കാന്‍ ഒരു മടിയുമുണ്ടായില്ല. അങ്ങനെ പ്രചരിപ്പിച്ചാണ് അവര്‍ മറ്റുളളവരുടെ പ്രതികരണങ്ങള്‍ ഇരന്നുവാങ്ങി വലിയ ബ്രേക്കിംഗ് ന്യൂസുകള്‍ സൃഷ്ടിച്ചത്. ആ നുണ പ്രചരണത്തിന്റെ സൈദ്ധാന്തികാവിഷ്കാരമാണ് സി ആര്‍ നീലകണ്ഠന്‍ മുതല്‍ ജെ. രഘു വരെയുളളവരുടെ ലേഖനങ്ങള്‍. രഘുവിന്റെ കമ്മ്യൂണിസ്റ്റു സൈക്കോപാത്തുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ മുഴുവന്‍ സൈക്കോപാത്തുകള്‍ അഥവാ, കൊലയാളികളായ മനോരോഗികളാണെന്നാണ് ജെ. രഘുവിന്റ അഭിപ്രായം. ""ശരാശരി സിപിഐഎം നേതാക്കളുടെ മസ്തിഷ്ക ഘടനയ്ക്ക് അച്ചടക്കലംഘനങ്ങളുടെ ജനാധിപത്യത്തോട് സംവേദനം ചെയ്യാന്‍ കഴിയില്ല. കര്‍ക്കശമായ അച്ചടക്കബോധവും സംഘടനാ കൂറും ഇവരുടെ മസ്തിഷ്കഘടനയില്‍ മുദ്രിതമായിക്കഴിഞ്ഞിട്ടുണ്ട്. ഈ സംഘടനാപരിപ്രേക്ഷ്യ പാലനത്തെ മസ്തിഷ്ക സോഫ്റ്റ്വെയറാക്കി മാറ്റിയവര്‍ വിമര്‍ശനം, വിമതത്വം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയോട് പൊരുത്തപ്പെട്ടു പോകാന്‍ അശക്തരായി മാറുന്നു. അതിനാല്‍ വിമര്‍ശനവും സ്വാതന്ത്ര്യവും ഇവര്‍ക്കു വഞ്ചനയും കുലംകുത്തലുമായി മാറുന്നു.

    വിമതര്‍ മാപ്പര്‍ഹിക്കാത്ത ശത്രുക്കളും. സംഘടനാ പരിപ്രേക്ഷ്യ പാലകര്‍ അതിനാല്‍ വിമര്‍ശനങ്ങള്‍ക്കും വിമതത്വങ്ങള്‍ക്കും മുന്നില്‍ രക്തദാഹികളായ കൊലയാളികളായി മാറുക സഹജമാണ്... ഇവര്‍ ക്രമേണ കമ്മ്യൂണിസ്റ്റ് സൈക്കോപാത്തുകളായി മാറുകയും ചെയ്യുന്നു"";. അങ്ങനെയാണത്രേ ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്. ഇതുപോലെ സിപിഐഎം വിട്ട വേറെ എത്രപേരെ ഭ"കമ്മ്യൂണിസ്റ്റു സൈക്കോപാത്തുകള്‍" കൊല ചെയ്തിട്ടുണ്ട് എന്ന ലളിതമായ ചോദ്യത്തിനു മുന്നില്‍ രഘുവിന്റെ ഈ ഭയങ്കര വിശകലനം തകര്‍ന്നുവീഴും. സിപിഐ എം സാമ്പത്തിക അധോലോകത്തിന്റെ ഭാഗമാണ് എന്നാണ് രഘുവിന്റെ മറ്റൊരു വാദം. ""തങ്ങളെ വിട്ടുപോകുന്നവരെ കുറ്റബോധരഹിതമായി വകവരുത്തുകയെന്നത് അധോലോകത്തിന്റെ സാര്‍വത്രിക നിയമമാണ്. ഈ നിയമമാണ് ടി പി ചന്ദ്രശേഖരനെ കൊല ചെയ്തതിലൂടെ സിപിഐഎം നിര്‍വഹിച്ചിരിക്കുന്നത്"". ഇനിയാണ് രഘു കുലംകുത്തി വിമര്‍ശനത്തിലേക്ക് പ്രവേശിക്കുന്നത്. അതോടെ, മൗലികതയാര്‍ന്ന സിദ്ധാന്തങ്ങളുടെ കുത്തൊഴുക്കായി. ""അധോലോകത്തിന് സ്വയം ഒരു ആധുനിക കുല-ഗോത്രത്തിലേയ്ക്കു രൂപപ്പെടാമെന്നതിനു തെളിവാണ് കുലദ്രോഹി എന്ന പ്രയോഗം"". ഇത് സാമൂഹ്യശാസ്ത്രത്തിന് ഒരു മൗലിക സംഭാവന തന്നെയാണ്. കുലം, ഗോത്രം എന്നിവയെക്കുറിച്ചൊക്കെയുളള നിലവിലുളള നിര്‍വചനങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് സിപിഎമ്മിനെ അതില്‍ ഉള്‍ക്കൊളളിക്കാന്‍ വേണ്ടി ഈ സിദ്ധാന്തം രൂപീകരിച്ചിരിക്കുന്നത്.  ""കുലഗോത്ര ബോധം പേറുന്നവരെ സംബന്ധിച്ചിടത്തോളം കുലദ്രോഹം മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അതിനാല്‍ കുലദ്രോഹിയെ കൊല്ലുക എന്നത് കുലാഭിമാനത്തിന്റെ ഭാഗമാണ്.... ടി പി ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയത് കുലചിഹ്നം പതിപ്പിക്കുന്നതിനു തുല്യമാണ്. കുലധര്‍മ്മത്തിന്റെ ഭാഗമായ കൊല വെറും കൊലയല്ല. ദൃശ്യസമ്പന്നമായ ഒരു അനുഷ്ഠാനമാണ്... കുലാംഗങ്ങള്‍ക്കിടയില്‍ അലങ്കാര ഭംഗിയോടെ വര്‍ണിക്കപ്പെടേണ്ടതും ഭീതി പടര്‍ത്തേണ്ടതുമായ ഒരു സ്പെക്ടക്കിള്‍ ആയിരിക്കണമത്"".  ചരിത്രത്തിന്റെയോ യുക്തിയുടെയോ പിന്‍ബലമില്ലാത്ത അതിഭാവുകത്വ പ്രസ്താവനയിലൂടെ കമ്മ്യൂണിസ്റ്റു വിരുദ്ധ വാഗ്മയ അന്തരീക്ഷം സൃഷ്ടിക്കാനാണ് രഘുവിന്റെ പരിശ്രമം. രാഷ്ട്രീയവാദത്തിന്റെ സൗകര്യത്തിനൊത്ത് സിദ്ധാന്തങ്ങളെ മാത്രമല്ല ഇതിഹാസങ്ങളെയും പുനര്‍വ്യാഖ്യാനം ചെയ്യുന്നു, ജെ. രഘു.

    ""ക്ഷത്രിയന്റെ കുലധര്‍മ്മത്തെക്കുറിച്ചാണ് ഭഗവത്ഗീത പറയുന്നത്. കൗരവപക്ഷത്തുളളത് രക്തബന്ധുക്കളാണെങ്കിലും അവര്‍ കുലംകുത്തികളായി മാറിയിരിക്കുന്നു"". അതെങ്ങനെയാണാവോ? അധികാരത്തര്‍ക്കത്തിനെയാണോ കുലംകുത്തിയെന്ന പദം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്? &ഹറൂൗീ;""അതിനാല്‍ ക്ഷത്രിയന്റെ പരമധര്‍മ്മമായ കുലധര്‍മ്മം ആവശ്യപ്പെടുന്നത് കുലംകുത്തികളെ പശ്ചാത്താപരഹിതമായി കൊല്ലുക എന്നാണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്"". ആണോ? അതോ ശത്രുസംഹാരമാണ് ക്ഷത്രിയധര്‍മ്മമെന്നോ? സൗകര്യപൂര്‍വമായ വ്യാഖ്യാനത്തിന് ഇത്രയും പ്രചുരപ്രചാരമുള്ള ഗീതാഭാഗം രഘുവിന് ഉപയോഗിക്കാമെങ്കില്‍, സങ്കീര്‍ണങ്ങളും അപരിചിതങ്ങളുമായ രാഷ്ട്രമീമാംസാ സിദ്ധാന്തങ്ങളെ എത്രവേഗം വളച്ചൊടിക്കാം? മേല്‍പറഞ്ഞ അഭ്യാസങ്ങളെല്ലാം താഴെ പറയുന്ന നിഗമനത്തില്‍ എത്തിച്ചേരുന്നതിനു വേണ്ടിയാണ്. ;""സിപിഎമ്മിന്റെ അധോലോക സാമ്രാജ്യത്തിന്റെ കുലധര്‍മ്മം ആവശ്യപ്പെടുന്നതും കുലംകുത്തികളെ കൊല്ലാനാണ്""; (ജെ. രഘു, എന്താണ് പാര്‍ടി, എന്താണ് സിപിഎം?)

    നീലകണ്ഠന്റെ മാനവകുലം സി. ആര്‍. നീലകണ്ഠനെ സംബന്ധിച്ചടത്തോളം പാര്‍ടി ഗ്രാമമെന്നല്ല, പാര്‍ടി കുടുംബമെന്നു പറയുന്നതുപോലും ജനാധിപത്യവിരുദ്ധമാണ്. ഫാസിസ്റ്റാണ്. കാരണം, ഒരു കുടുംബത്തില്‍ത്തന്നെ തീര്‍ത്തും വിരുദ്ധ രാഷ്ട്രീയ നിലപാടുളളവര്‍ ഉണ്ടാകാമല്ലോ. അതുകൊണ്ടുതന്നെ പാര്‍ടി കുടുംബം, പാര്‍ടി ഗ്രാമം എന്നിവ ജനാധിപത്യ വിരുദ്ധമാണ്. ഫാസിസ്റ്റാണ്. കുലത്തിലെ ഐക്യബോധം ജന്മം കൊണ്ടുളളതാണെങ്കില്‍ പാര്‍ടിയിലേത് പ്രത്യയശാസ്ത്രമാണ്. എല്ലാ ജന്മകുലങ്ങള്‍ക്കുമപ്പുറം മാനവകുലത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന വരാണ് മാര്‍ക്സിന്റെ പിന്‍ഗാമികള്‍"". കമ്മ്യൂണിസ്റ്റു പാര്‍ടിയിലേക്ക് ജന്മം കൊണ്ട് ആരും വരുന്നില്ല. വ്യക്തമായ ആശയനിലപാടിന്റെ അടിസ്ഥാനത്തില്‍ സ്വയം സംഘം ചേരുന്നവരാണ് അവര്‍. ആ സംഘബോധം ശക്തിപ്പെടുത്തുന്നതിനും മാനസിക ഐക്യം ഉളളവരുടെ ഒരു സംഘമായി മാറുന്നതിനും പാര്‍ടി വളരെയേറെ ശ്രദ്ധിക്കാറുണ്ട്. ഏതു വിപ്ലവത്തിന്റെ ചരിത്രമെടുത്താലും അസാമാന്യധീരതയോടെ മരണത്തെ വരിച്ച എത്രായിരം രക്തസാക്ഷികളുടെ കഥ പറയാനുണ്ടാവും. മരണാനന്തര ലോകത്ത് എന്തെങ്കിലും പ്രതിഫലം കിട്ടും എന്ന ആഗ്രഹത്തില്‍നിന്നുളള ധാര്‍മ്മികതയല്ല അവരെ നയിക്കുന്നത്. തങ്ങള്‍ വ്യക്തിപരമായി ഇല്ലാതായാലും തങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടിയുളള സമരം മുന്നോട്ടു കൊണ്ടുപോകും, അതിലൂടെ തങ്ങള്‍ക്ക് അമരത്വമുണ്ടാകുമെന്ന ചിന്തയാണ് അവരെ പ്രചോദിപ്പിക്കുന്നത്. ഏതു വിപ്ലവത്തിനും ഇത്തരമൊരു സംഘബോധം കൂടിയേ തീരൂ. ഇതിനെയാണ് ഗോത്രബോധമെന്നു വിശേഷിപ്പിക്കുന്നത്. സംഘബോധത്തെ ഗോത്രബോധവുമായി ബന്ധിപ്പിക്കാനുളള കണ്ണിയായി കുലംകുത്തിയെന്ന അപൂര്‍വ പ്രയോഗത്തെ എത്ര ഭാവനയോടെ വിരുദ്ധന്മാര്‍ മാറ്റിയെടുത്തു എന്നു നോക്കൂ.

    ഏതായാലും ഞങ്ങളുടെ ഒരു സ്വയംവിമര്‍ശനം ഈ ലേഖനത്തിലൂടെ പറയട്ടെ. കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ജീവിതവും കുടുംബജീവിതവും തമ്മിലുളള അകലം വര്‍ദ്ധിച്ചുവരുന്നത് വലിയ വിപത്തായാണ് ഞങ്ങള്‍ കാണുന്നത്. രാഷ്ട്രീയം കുടുംബത്തിലേയ്ക്ക് കടന്നുചെല്ലണം. പാര്‍ടി കുടുംബമായി മാറണം. എന്തെങ്കിലും അടിച്ചേല്‍പ്പിക്കലിലൂടെയല്ല - കുടുംബാംഗങ്ങളുടെ രാഷ്ട്രീയവത്കരണത്തിലൂടെ. ""മാനവികമായ ഒന്നും എനിക്കന്യമല്ല"" എന്ന മാര്‍ക്സിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി നീലകണ്ഠന്‍ എത്തിച്ചേരുന്നത് മാനവകുലമെന്നതിലാണ് മാര്‍ക്സ് അടിയുറച്ചു വിശ്വസിച്ചിരുന്നത്. പാര്‍ടിയെ കുലമെന്നു വിശേഷിപ്പിക്കാന്‍ പാടില്ല. ""പാര്‍ടിയെന്നതിന് സമാനമായി ഉപയോഗിക്കാവുന്ന വാക്കാണോ അത്?

    പാര്‍ടിദ്രോഹിയെന്നതും കുലദ്രോഹിയെന്നതും ഒരേ അര്‍ത്ഥമാണോ സൃഷ്ടിക്കുന്നത്? കുലം (ജാതി, ഗോത്രം, കുടുംബം) എന്നിവ പോലെ ജന്മം കൊണ്ടു കിട്ടുന്നതാണ്. നാം തിരഞ്ഞെടുക്കുന്നതല്ല"" ഇന്ന് സിപിഐ എം കുലബോധത്തെക്കുറിച്ചു പറയാന്‍ കാരണം, പ്രത്യയശാസ്ത്രമെല്ലാം നഷ്ടപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട് ഐക്യം നിലനിര്‍ത്താന്‍ ചില ഗോത്രബോധങ്ങള്‍ ഉയര്‍ത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു. ""ആദ്യം മനുഷ്യന്‍, പിന്നെ മാര്‍ക്സിസം"" എന്ന് ചില ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് 1972-ല്‍ കെ ദാമോദരന്‍  ""മാര്‍ക്സിസത്തില്‍ നിന്ന് മനുഷ്യനെ മാറ്റിയാല്‍ പൂജ്യ""
    മാണെന്ന് പ്രസ്താവിക്കുകയുണ്ടായി. തുടര്‍ന്ന് കെ. ദാമോദരന്റെ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് ഇഎംഎസ് സോഷ്യല്‍ സയന്റിസ്റ്റ് മാസികയില്‍ സാഹിത്യത്തിലെ മാനവികതയും വര്‍ഗസമരവും എന്നൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു. മാര്‍ക്സിനെ വര്‍ഗസമര സിദ്ധാന്തത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ആദ്യകാല മാര്‍ക്സിന്റെ ദാര്‍ശനിക വിശകലനങ്ങളില്‍ ഊന്നുന്നതിനെ സംബന്ധിച്ച് അല്‍ത്തൂസറും മറ്റും നടത്തിയ സംവാദങ്ങളും പ്രസിദ്ധമാണ്.

    അല്‍ത്തൂസറുടെ നിലപാടുകളില്‍ നിന്നു വ്യത്യാസമായ നിലപാടെടുക്കുന്ന ലൂക്കാച്ച്, ഗ്രാംഷി, ഇ. പി. തോംസണ്‍, സി. എല്‍. ആര്‍. ജെയിംസ് തുടങ്ങിയ പണ്ഡിതര്‍പോലും മാര്‍ക്സിന്റെ മാനവികതയെ ചരിത്രനിരപേക്ഷമായി വിലയിരുത്തിയിട്ടില്ല. വര്‍ഗവിഭജനത്തില്‍ നിന്നും വര്‍ഗസമരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയല്ല മാര്‍ക്സിസം മാനവികതയെ പരിശോധിക്കുന്നത്. തങ്ങളുടെ ഏറ്റവും വലിയ സംഭാവനയായി മാര്‍ക്സും ഏംഗല്‍സും തന്നെ ചൂണ്ടിക്കാണിച്ചിട്ടുളളത് വര്‍ഗവിഭജനവും വര്‍ഗസമരവും അനിവാര്യമായി തൊഴിലാളിവര്‍ഗ ആധിപത്യ വ്യവസ്ഥയിലേയ്ക്കു നയിക്കുന്നു എന്നുള്ളതാണ്. നീലകണ്ഠനാവട്ടെ, വര്‍ഗബോധവും അതിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ടിയും പാര്‍ടിക്കൂറും മാനവികതയ്ക്കു തന്നെ വിരുദ്ധമാണ്; അതുകൊണ്ട് മാര്‍ക്സിസ്റ്റ് വിരുദ്ധമാണ് എന്ന നിഗമനത്തിലാണ് എത്തുന്നത്.

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

പാര്‍ടി സംഘടനാ ദര്‍ശനം അദൈ്വതം പോലും!


ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അച്ചടക്കം പാര്‍ടി മെമ്പര്‍മാരായ ഞങ്ങള്‍ സ്വയം തിരഞ്ഞെടുത്തിട്ടുളളതാണ്. അതിനോടു വിയോജിപ്പുളളവരെ പാര്‍ടിയില്‍ ചേരാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല എന്നു പറഞ്ഞാലും ജെ. രഘു നമ്മെ വെറുതേ വിടില്ല. ഇത്തരമൊരു സംഘടനാശൈലിയുളള പാര്‍ടി സാമൂഹ്യവിരുദ്ധമാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിരുകവിഞ്ഞ അച്ചടക്കബോധം രണ്ടുപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമത്രേ. ഒന്ന്, സ്വതന്ത്രചിന്തയെ നശിപ്പിക്കും, വൈജ്ഞാനിക വികാസത്തെ പുറകോട്ടടിപ്പിക്കും. രണ്ട്, അച്ചടക്ക ഭ്രാന്തന്മാര്‍ അച്ചടക്കം ലംഘിക്കുന്നവരോട് സൈക്കോപാത്തുകളെപ്പോലെ ആയിരിക്കും പെരുമാറുക. ഇതാണ് ചന്ദ്രശേഖരന്റെ വധം തെളിയിക്കുന്നത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യവിരുദ്ധമായേ പ്രവര്‍ത്തിക്കൂ, 1959ല്‍പ്പോലും പാര്‍ടിയുടെ ജനാധിപത്യധ്വംസനത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ വിമോചന സമരം വേണ്ടിവന്നു എന്നു വാദിക്കുന്ന ശുദ്ധജനാധിപത്യവാദിയാണ് രഘു. വളരെ ഒറിജിനലായ ചിന്തകളാണ് രഘുവിന്റേത്. പക്ഷേ, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ കമന്റടിച്ചതുപോലെ പലതും പമ്പര വിഡ്ഢിത്തങ്ങളാണെന്നു മാത്രം. ഉദാഹരണത്തിന്, പാര്‍ടിയുടെ സംഘടനാ ദര്‍ശനം അദൈ്വതമാണെന്ന അദ്ദേഹത്തിന്റെ അതിഗഹനമായ നിരീക്ഷണമെടുക്കൂ. &ഹറൂൗീ;വ്യക്തിത്വത്തിന്റെ വൈവിദ്ധ്യങ്ങള്‍ക്കു സ്ഥാനമില്ലാത്ത സംഘടനാസംവിധാനത്തിനു പിന്നിലുളള ലോകബോധം അദൈ്വതത്തിന്റേതാണ്. അദൈ്വത വേദാന്ത വീക്ഷണമനുസരിച്ച് അഹംബോധമുളള വ്യക്തി എന്ന ചിന്ത തന്നെ അജ്ഞാനത്തിന്റെ സൃഷ്ടിയാണ് അതിനാല്‍ ശരിയായ ജ്ഞാനം നേടുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരനും സ്വയം ചിന്തിക്കേണ്ടത് ഞാന്‍ പാര്‍ടിയുടെ അദൈ്വതാംശമാണ് എന്നാണ്  അദൈ്വതികളെപ്പോലെ പാര്‍ടി നേതാക്കന്മാര്‍ പാര്‍ടിയും വ്യക്തിയും തമ്മിലുളള വ്യത്യാസത്തെ നിഷേധിക്കുന്നുവെന്ന് രഘു നിരീക്ഷിക്കുന്നു.


പാര്‍ടിയുടെ സംഘടനാപരിപ്രേക്ഷ്യം എന്ത്?
കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ദര്‍ശനം വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. പാര്‍ടി സംഘടനയെക്കുറിച്ചുളള വീക്ഷണവും ഇതിനെ അടിസ്ഥാനമാക്കിയാണ്. പാര്‍ടി സംഘടനയുടെ ഭൗതിക അടിത്തറ വര്‍ഗസമരമാണ്. വര്‍ഗസമരത്തിലൂടെ ഉയര്‍ന്നുവരുന്ന മുന്നണിപ്പോരാളികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങള്‍.

റോസാ ലക്സംബര്‍ഗ് അഭിപ്രായപ്പെട്ടതുപോലെ വിപ്ലവ സമരത്തിന്റെ ഉല്‍പന്നമാണ് പാര്‍ടി. പാര്‍ടി വിപ്ലവസമരത്തിന്റെ മുന്നുപാധിയാണ് എന്ന കൗട്സ്കിയുടെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു അവര്‍. എന്നാല്‍ ലെനിന്റെ വൈരുദ്ധ്യാത്മക വീക്ഷണം വ്യത്യസ്തമായിരുന്നു. പാര്‍ടിയുടെ ഭൗതിക അടിത്തറ വര്‍ഗസമരമാണെങ്കിലും ആ വര്‍ഗസമരത്തെ വിപ്ലവകരമായി ഉയര്‍ത്തുന്നതിന് പാര്‍ടിയുടെ ഇടപെടല്‍ കൂടിയേ തീരൂ. ലൂക്കാച്ച് പറഞ്ഞതു പോലെ ഒരേസമയം പാര്‍ടി വിപ്ലവസമരത്തിന്റെ ഉല്‍പന്നവും ഉല്‍പാദകനുമാണ്. പാര്‍ടിയും പാര്‍ടി അംഗവും തമ്മിലുളള ബന്ധത്തെയും ലെനിന്‍ വൈരുദ്ധ്യാത്മകമായാണ് വീക്ഷിക്കുന്നത്. അദൈ്വതവാദിയെപ്പോലെ രണ്ടില്ല, ഒന്നേയുളളൂ, അത് പാര്‍ടിയാണ് എന്നതല്ല ലെനിനിസ്റ്റ് നിലപാട്. രണ്ടും വ്യത്യസ്തമാണ് എന്ന ധാരണ ഉളളതു കൊണ്ടാണല്ലോ അംഗങ്ങളുടെ ജനാധിപത്യസംരക്ഷണത്തിന് ജനാധിപത്യ കേന്ദ്രീകരണ തത്വത്തില്‍ സവിശേഷമായ സ്ഥാനം നല്‍കിയിട്ടുളളത്.

ഘടകത്തില്‍ സ്വതന്ത്രമായി അഭിപ്രായം പറയാനും ഉപരിഘടകങ്ങളെ തിരഞ്ഞെടുക്കുന്നതിനുമുളള അധികാരം. പാര്‍ടി സംഘടനാതത്വത്തില്‍ ജനാധിപത്യത്തിന്റെ പ്രാധാന്യമിതാണ്. പക്ഷേ, പാര്‍ടി വെറും അംഗങ്ങളുടെ കൂട്ടമല്ല. അംഗങ്ങളുടെ കൂട്ടായ്മ ഗുണപരമായ ചില സവിശേഷതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രീകരണ തത്വം. ന്യൂനപക്ഷം ഭൂരിപക്ഷത്തിനും കീഴ്ഘടകം മേല്‍ഘടകത്തിനും വഴങ്ങണം. കേന്ദ്രീകരണത്തിന്റെ അഭാവം പ്രവര്‍ത്തനത്തിലെ ഐക്യത്തെയും പ്രവര്‍ത്തനഫലത്തെയും പ്രതികൂലമായി ബാധിക്കും. സംശയം വേണ്ട. രണ്ടു വിരുദ്ധ പ്രവണതകളുണ്ട് - ജനാധിപത്യത്തിന്റെയും കേന്ദ്രീകരണത്തിന്റെയും. വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനത്തിലെത്തുന്നു. ഇവിടെ ജനാധിപത്യമാണ് മുന്നില്‍. എന്നാല്‍ നടപ്പാക്കുമ്പോള്‍ കേന്ദ്രീകരണം മുന്‍പന്തിയിലേയ്ക്കു വരുന്നു. പ്രയോഗത്തിന്റെ വേളയില്‍ ന്യൂനപക്ഷം ഭൂരിപക്ഷത്തെയും കീഴ്ഘടകം മേല്‍ഘടകത്തെയും അനുസരിച്ചേ പറ്റൂ. എന്നാല്‍ വിപ്ലവപ്രയോഗത്തെ റിവ്യൂ ചെയ്യുമ്പോള്‍ വീണ്ടും ജനാധിപത്യം മുന്നിലേയ്ക്കു വരും. ഇതാണ് പാര്‍ടി സംഘടനയുടെ ഡയലക്ടിക്സ്.

ഇത് രഘുവിന് മനസിലാകില്ല. കാരണം, അദ്ദേഹത്തിന്റെ ചിന്ത കേവലമാണ്. പാര്‍ടി അദൈ്വതവാദത്തില്‍ അഹംബോധം നശിപ്പിക്കലാണ് ആദര്‍ശമെന്നതിനാല്‍ മുഖമില്ലാത്ത ഒരു കൂട്ടരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് രഘു വാദിക്കുന്നത്. സിദ്ധാന്തമൊക്കെ നില്‍ക്കട്ടെ. പ്രായോഗികമായ ഒരു ചോദ്യം ഉന്നയിക്കട്ടെ. ഇരുപതാം നൂറ്റാണ്ടിലെ കേരള ചരിത്രത്തില്‍ ഏറ്റവും പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ ഭൂരിപക്ഷംപേരും ആ കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളോ സഹയാത്രികരോ ആണ് എന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടാവുകയില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റു നേതാക്കള്‍ മുഖമില്ലാത്ത വ്യക്തിത്വങ്ങളായിരുന്നില്ല. രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല, ചരിത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും സാഹിത്യത്തിലുമെല്ലാം തനതായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളായിരുന്നു. പാര്‍ടിയുമായുളള ബന്ധം അവരുടെ വ്യക്തിത്വങ്ങളെ ഇല്ലാതാക്കിയിട്ടില്ല. മറിച്ച് അവരുടെ കഴിവുകള്‍ക്ക് പുരോഗമനപരമായ ദിശ നല്‍കുന്നതിനും കേരള ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഉപകാരപ്പെടുക മാത്രമേ ചെയ്തിട്ടുളളൂ.

സെക്രട്ടറിയുടെ അപ്രമാദിത്വം അദൈ്വതവാദത്തെ വിട്ട് അധികംതാമസിയാതെ രഘു കുലസ്വത്വവാദത്തിലേയ്ക്കു പോകുന്നു. നീ പാര്‍ടിയാകുന്നു, പാര്‍ടി, സെക്രട്ടറിയാകുന്നു... കുലം കുലമൂപ്പനില്‍ എന്നപോലെ പാര്‍ടി, പാര്‍ടി സെക്രട്ടറിയില്‍ ലയിക്കുകയാണ് ചെയ്യുന്നത്. സെക്രട്ടറിയുടെ നാവ് പാര്‍ടിയുടെ നാവായും സെക്രട്ടറിയുടെ മുഖം പാര്‍ടിയുടെ മുഖമായും സെക്രട്ടറിയുടെ അഭിപ്രായം പാര്‍ടിയുടെ അഭിപ്രായമായും രൂപാന്തരപ്പെടുന്നു. പാര്‍ടിയെ പാര്‍ടി സെക്രട്ടറിയിലേയ്ക്കു ചുരുക്കുന്ന സ്റ്റാലിന്‍ പ്രതിഭാസം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ചരിത്രത്തില്‍ കാണാനാവില്ല. എത്രയോ പ്രഗത്ഭരായ കമ്മ്യൂണിസ്റ്റു നേതാക്കള്‍ - ഇഎംഎസ്, ബിടിആര്‍, എകെജി, ബാസവപുന്നയ്യ, ജ്യോതിബാസു, പ്രമോദ് ദാസ് ഗുപ്ത - തുടങ്ങിയവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന സവിശേഷത ആരുടെയെങ്കിലും വ്യക്തിപ്രഭാവത്തിന്റേതായിരുന്നില്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റേതായിരുന്നു. അതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് നേതൃത്വശൈലി. ഇത്തരത്തിലുളള നേതൃത്വത്തെ വളര്‍ത്തിയെടുക്കാനാണ് പാര്‍ടി ശ്രമിക്കുന്നത്.

ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് സുപ്രധാനമായ ഒരു സംഘടനാതീരുമാനമെടുക്കുകയുണ്ടായി. ഒരു വ്യക്തിതന്നെ ദീര്‍ഘകാലം സെക്രട്ടറിയായി തുടരുന്ന രീതി ഭരണഘടനാ ഭേദഗതിയിലൂടെ ഇല്ലാതാക്കിയിരിക്കുകയാണ്. അത്തരമൊരു സ്ഥിതി അതിരുകവിഞ്ഞ കേന്ദ്രീകരണത്തിന്റെ അപകടങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുപോലെതന്നെ വ്യക്തിപ്രഭാവ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതുകൊണ്ട് ഇനിമേല്‍ സാധാരണഗതിയില്‍ രണ്ടുതവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി ലോക്കല്‍ കമ്മിറ്റി വരെയുളള സെക്രട്ടറി പദത്തില്‍ ഒരാളും തിരഞ്ഞെടുക്കപ്പെടാന്‍ പാടില്ല. അനിവാര്യമായ സാഹചര്യങ്ങളില്‍ മൂന്നാം തവണകൂടി ഒരാളെ സെക്രട്ടറിയാക്കണമെങ്കില്‍ നിലവിലുളള കമ്മിറ്റി നാലില്‍ മൂന്നു ഭൂരിപക്ഷപ്രകാരം ആവശ്യപ്പെടുകയും ഉപരിക്കമ്മിറ്റി അംഗീകരിക്കുകയും വേണം. മൂന്നു തവണ സെക്രട്ടറിയായ ആള്‍ക്ക് ഒരുതവണ സ്ഥാനത്തു നിന്ന് മാറി നിന്ന് വീണ്ടും സെക്രട്ടറിയാകുന്നതിനുളള അവകാശം പാര്‍ടി ഭരണഘടന നല്‍കുന്നില്ല. ഇന്ത്യയിലെ ഏതു പാര്‍ടിയിലുണ്ട്, അതിരുകവിഞ്ഞ വ്യക്തികേന്ദ്രീകരണത്തെ തടസപ്പെടുത്തുന്നതിനു വേണ്ടി ഇത്തരത്തില്‍ ബോധപൂര്‍വമുളള ഭരണഘടനാ നിബന്ധനകള്‍?

സിപിഎമ്മിന്റെ ജനാധിപത്യവിമര്‍ശകരോട് ചോദിക്കാനുളളത് ഇതാണ്, ഇന്ത്യയില്‍ ഏതു പാര്‍ടിയെയാണ് ജനാധിപത്യ പാര്‍ടിയായി നിങ്ങള്‍ കരുതുന്നത്? എത്രയോ ദശാബ്ദങ്ങളായി സംഘടനാതിരഞ്ഞെടുപ്പു പോലും നടത്താത്ത, കുടുംബവാഴ്ച സ്ഥായിയാക്കിയ കോണ്‍ഗ്രസിനെയോ? നേതാക്കന്മാരെ ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് സംഘടന അവരോധിക്കുന്ന ബിജെപിയെയോ? ജാതിയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ഏത് പാര്‍ടിയിലാണ് ഇന്ന് കുടുംബവാഴ്ചയില്ലാത്തത്? ഇവരൊന്നും ജനാധിപത്യത്തിനു ഭീഷണിയല്ല. എന്നാല്‍ മേല്‍വിവരിച്ചതുപോലെ ഉള്‍പ്പാര്‍ടി ജനാധിപത്യം സംരക്ഷിക്കുന്നതിന് ബോധപൂര്‍വം നിലപാടുകള്‍ സ്വീകരിച്ചുവരികയും കാലാകാലങ്ങളില്‍ കൃത്യമായി സംഘടനാ സമ്മേളനങ്ങള്‍ നടത്തി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനെയാണ് കേരളത്തിലെ പ്രഖ്യാപിത കമ്മ്യൂണിസ്റ്റു വിരോധികള്‍ ഏറ്റവും വലിയ ജനാധിപത്യധ്വംസകരായി ചിത്രീകരിക്കുന്നത്.

സൈദ്ധാന്തിക വളര്‍ച്ചയെ മുരടിപ്പിക്കുമോ?
മാര്‍ക്സിസ്റ്റ് സിദ്ധാന്തം പൂര്‍ണമാണെന്ന അവകാശവാദം ഒരു മാര്‍ക്സിസ്റ്റും നടത്തുകയില്ല. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാലാനുസൃതമായ പുനര്‍വ്യാഖ്യാനങ്ങള്‍ മാത്രമല്ല, പുതിയ സൈദ്ധാന്തിക കൂട്ടിച്ചേര്‍ക്കലുകള്‍ തന്നെ അനിവാര്യമാണ്. പാര്‍ടി അംഗങ്ങളായിട്ടുളളവര്‍ മാത്രമല്ല, പാര്‍ടിക്കു പുറത്തുളളവരും ഇതില്‍ പങ്കാളികളാണ്. മാര്‍ക്സിസ്റ്റേതര ചിന്താപദ്ധതികളുമായിപ്പോലും സംവാദം അനിവാര്യമാണ്. എന്നാല്‍ പ്രകാശ് കാരാട്ട് മാര്‍ക്സിസ്റ്റില്‍ എഴുതിയ  ജനാധിപത്യ കേന്ദ്രീകരണത്തെക്കുറിച്ച്  എന്ന ലേഖനത്തില്‍ പറയുന്നതുപോലെ ഈയൊരു കാഴ്ചപ്പാട് നടപ്പാക്കുന്നതില്‍ വരട്ടുതത്വവാദപരമായ വീഴ്ചകള്‍ പലതുമുണ്ടായിട്ടുണ്ട്. പക്ഷേ, ഇത് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ദൗര്‍ബല്യമല്ല. ജ്ഞാനോല്‍പാദനത്തെക്കുറിച്ചുളള തെറ്റായ കാഴ്ചപ്പാടു മൂലമാണ്. ഒരു മൂര്‍ത്തമായ ഉദാഹരണത്തിനായി ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രത്യയശാസ്ത്ര പ്രമേയം എടുക്കാം. അതിവിപുലമായ ഉള്‍പ്പാര്‍ടി ചര്‍ച്ചയുടെ പര്യവസാനത്തിലാണ് ഈ പ്രമേയം അംഗീകരിക്കപ്പെട്ടത്. കേന്ദ്രക്കമ്മിറ്റി രണ്ടുവട്ടം ചര്‍ച്ച ചെയ്യുകയും അടിസ്ഥാനപരമായ പല മാറ്റങ്ങളും കരടു പ്രമേയത്തില്‍ കൊണ്ടു വരികയും ചെയ്തു. ഇതിനുശേഷവും ആയിരത്തില്‍പരം ഭേദഗതികള്‍ അംഗീകരിച്ചു. പാര്‍ടിയ്ക്കു പുറത്തുളളവര്‍ക്കുപോലും അഭിപ്രായമറിയിക്കുന്നതിന് അവസരം നല്‍കി.

ഈ പ്രത്യയശാസ്ത്ര പ്രമേയത്തില്‍ പുതിയ പല പ്രധാന കാഴ്ചപ്പാടുകളും മുന്നോട്ടു വെയ്ക്കുന്നു. അതില്‍ പ്രധാനപ്പെട്ടതാണ്, ആധുനിക ഫിനാന്‍സ് മൂലധനത്തിന്റെ സ്വഭാവം സംബന്ധിച്ച വിലയിരുത്തല്‍. രണ്ടു പതിറ്റാണ്ടുകളായി പാര്‍ടി അംഗങ്ങളായ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധരാണ് ഈ വിഷയം അക്കാദമിക് തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍കൈയെടുത്തത്. പാര്‍ടിയുമായി ബന്ധമില്ലാത്ത പണ്ഡിതരും സ്വാഭാവികമായി ചര്‍ച്ചയില്‍ പങ്കാളികളായിരുന്നു. ഇത് അച്ചടക്കലംഘനമായി ആരും വിലയിരുത്തിയില്ല. ഫിനാന്‍സ് കാപ്പിറ്റലിന്റെ അന്തര്‍ദ്ദേശീയവത്കരണം അന്തര്‍സാമ്രാജ്യവൈരുദ്ധ്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു കേന്ദ്രപ്രശ്നം. ദേശീയതകളുമായി ബന്ധമില്ലാത്ത ഒരു സാമ്രാജ്യത്വത്തെക്കുറിച്ചുളള സങ്കല്‍പം മുതല്‍ ലെനിന്റെ കാലത്തെ ഫിനാന്‍സ് കാപ്പിറ്റല്‍ തന്നെയാണ് ഇന്നും എന്നുവരെയുളള വ്യത്യസ്ത നിലപാടുകളുണ്ട്. പാര്‍ട്ടിയ്ക്കു പുറത്തു നടന്ന ഈ ചര്‍ച്ച ഉല്‍പാദിപ്പിച്ച വിജ്ഞാനവും കൂടി കണക്കിലെടുത്താണ് പ്രത്യയശാസ്ത്ര പ്രശ്നത്തില്‍ ഫിനാന്‍സ് കാപ്പിറ്റലിന്റെ പുതിയ സവിശേഷതകളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ ലോകത്ത് അന്തര്‍സാമ്രാജ്യവൈരുദ്ധ്യങ്ങള്‍ ദുര്‍ബലപ്പെടുന്നു എന്ന നിഗമനത്തിലെത്തിയത്. ചൈനയെക്കുറിച്ചുളള നിഗമനങ്ങളും ഇത്തരത്തിലുളള പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ്. ഇത്തരമൊരു ധാരണയിലെത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍ പാര്‍ടി അംഗങ്ങള്‍ ആ നിലപാടില്‍ നില്‍ക്കാന്‍ ബാധ്യസ്ഥരാണ്. പ്രകാശ് കാരാട്ടിന്റെ വാക്കുകളില്‍, സിദ്ധാന്തത്തിന്റെ വലിയൊരു മേഖലയില്‍ സ്വതന്ത്രമായ ചര്‍ച്ചയും നിരന്തരമായ പുനഃപരിശോധനയും ആവശ്യമാണ്. പക്ഷേ, ഇത് രാഷ്ട്രീയ നിലപാട് അല്ലെങ്കില്‍, തീരുമാനം ചര്‍ച്ചയ്ക്കുശേഷമെടുത്ത മേഖലകളിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പാര്‍ടിയ്ക്ക് തീരുമാനത്തിന്റെയും ലൈനിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നുളളതുകൊണ്ട് പരസ്യമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ അനുവദിക്കാനാവില്ല.

സൈദ്ധാന്തിക ചര്‍ച്ചകളെ അടിച്ചമര്‍ത്തുന്നതിനല്ല അച്ചടക്കം. മറിച്ച് പാര്‍ടി ഒറ്റലക്ഷ്യബോധത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് അച്ചടക്കം. ശത്രുതാപരവും അല്ലാത്തതുമായ വൈരുദ്ധ്യങ്ങള്‍ രാഷ്ട്രീയ അടവോ ലൈനോ ആയി നേരിട്ടു ബന്ധമില്ലാത്ത സൈദ്ധാന്തിക കാര്യങ്ങളില്‍ അക്കാദമിക് തലത്തിലുളള ചര്‍ച്ചകളെ എത്രയേറെ സഹിഷ്ണുതയോടെയാണ് പാര്‍ടി കാണുന്നത് എന്നുളളത് 2009ലെ തിരഞ്ഞെടുപ്പിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ അനുഭവങ്ങളെക്കുറിച്ച് നടന്ന അക്കാദമിക് ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ കാണാം. പാര്‍ടിയുമായി ബന്ധപ്പെട്ട പണ്ഡിതന്മാരായ പ്രഭാത് പട്നായിക്, പ്രബീര്‍ പുരസ്കായ, ജവീദ് അലാം, അശോക് മിത്ര തുടങ്ങിയവര്‍ ജനാധിപത്യ കേന്ദ്രീകരണ തത്വത്തെ വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതുകയുണ്ടായി. ഇവയ്ക്കു മറുപടി പറഞ്ഞുകൊണ്ടും പാര്‍ടി നിലപാടു വ്യക്തിമാക്കിയും മാര്‍ക്സിസ്റ്റ്; ത്രൈമാസികത്തില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനം ശത്രുതാപരമല്ലാത്ത വൈരുദ്ധ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് ഏറ്റവും നല്ല ദൃഷ്ടാന്തങ്ങളാണ്. ആ ലേഖനം ആരംഭിക്കുന്നതു തന്നെ താഴെ പറയുന്ന പ്രസ്താവനയോടെയാണ്.

സമീപകാലത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും സിപഐഎമ്മും നേരിട്ട തിരിച്ചടി സംബന്ധിച്ച് വിമര്‍ശനപരമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാതത്വമെന്ന നിലയില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ സിപിഐഎമ്മോ ഇടതുപക്ഷവുമായോ ബന്ധപ്പെട്ട ബുദ്ധിജീവികളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. പാര്‍ടിയോട് ശത്രുതാപരമായ നിലപാടില്ലാത്ത സഖാക്കളും വ്യക്തികളുമാണ്, അല്ലെങ്കില്‍ സ്വയം ഇടതുപക്ഷമായി കരുതുന്നവരാണ് ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് എന്നതുകൊണ്ട് ഇവരുയര്‍ത്തിയ പ്രശ്നങ്ങളോട് നാം പ്രതികരിക്കേണ്ടതുണ്ട്.  ഇവരെയാകെ ശത്രുക്കളായി പ്രഖ്യാപിക്കാതെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയും പാര്‍ടിയുടെ സുചിന്തിത നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയുമാണ് സഖാവ് പ്രകാശ് കാരാട്ട് ചെയ്തത്.

ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് പാര്‍ടി ഗവേഷണ വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ച പ്രസേന്‍ജിത്ത് ബോസിനോട് അനുവര്‍ത്തിച്ചത്. എന്തെങ്കിലും സൈദ്ധാന്തികമായ പ്രശ്നം സംബന്ധിച്ച ആശയക്കുഴപ്പമായിരുന്നില്ല, പ്രസേന്‍ജിത്ത് ബോസിന്റേത്. മറിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അടവു നയം സംബന്ധിച്ചായിരുന്നു. തീരുമാനമെടുത്തത് ഭൂരിപക്ഷാഭിപ്രായമനുസരിച്ചാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മേല്‍ക്കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കില്ല എന്ന പ്രസേന്‍ജിത്തിന്റെ നിലപാട് പാര്‍ടിയുടെ അടവിനെ തകര്‍ക്കുന്നതിന് തുല്യമാണ്. വിപ്ലവപ്രയോഗത്തിലുളള ഐക്യം ഇല്ലാതാക്കലാണ്. ഇത് അനുവദനീയമല്ല. നിശ്ചയമായിട്ടും പാര്‍ടിയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രസേന്‍ജിത്തിനെപ്പോലുളളവര്‍ക്ക് ഈ അടവ് ഉചിതമായിരുന്നോ എന്നു ചര്‍ച്ച ചെയ്യുന്നതിന് അവസരം ലഭിക്കുമായിരുന്നു. അടവ് നടപ്പാക്കുമ്പോഴല്ല, നടപ്പാക്കിക്കഴിഞ്ഞ് റിവ്യൂ ചെയ്യുമ്പോള്‍. പാര്‍ടിയുടെ രാഷ്ട്രീയലൈന്‍ പരസ്യമായി ചോദ്യം ചെയ്യുക മാത്രമല്ല, സ്വയം രാജി വെയ്ക്കുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തയാളിനെ പുറത്താക്കിയത്, ജനാധിപത്യവിരുദ്ധമാണ് എന്ന് പ്രഫുല്‍ ബിദ്വായിയെപ്പോലുളളവര്‍ വാദിക്കുന്നത് വിചിത്രമാണ്.

അച്ചടക്കം മോശം, അച്ചടക്കലംഘനം കേമം ലെനിന്‍ ആണ് ജനാധിപത്യ കേന്ദ്രീകരണത്തിനു രൂപം നല്‍കിയതെങ്കിലും അച്ചടക്കമുളള പ്രവര്‍ത്തകരെക്കുറിച്ച് ലെനിന് പുച്ഛമായിരുന്നു എന്നാണ് രഘുവിന്റെ വാദം. പേശീബലത്തെ മുഖ്യ ആയുധമാക്കുന്ന, ധിഷണാശാലികളല്ലാത്ത ശരാശരിക്കാരായ കമ്മ്യൂണിസ്റ്റുകാരെ ഏകോപിപ്പിച്ചു നിര്‍ത്താനുളള വഴി അച്ചടക്കമാണെന്ന് ലെനിന്‍ മനസിലാക്കിയിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ ബോള്‍ഷെവിക് സംഘടനാ തത്വങ്ങള്‍ക്കു രൂപം നല്‍കിയ ലെനിന്‍ തന്നെ അതിന്റെ പ്രതിബദ്ധ സഖാക്കളെ ഒരുതരം പുച്ഛത്തോടെയാണ് സമീപിച്ചിരുന്നത്.... അദ്ദേഹം യൂറോപ്യന്‍ ലിബറല്‍ പാരമ്പര്യത്തിലെ ഇന്റലക്ച്വല്‍ ആയിരുന്നു എന്നത് അനിഷേധ്യമാണ്. മേല്‍പറഞ്ഞ വാദം സമര്‍ത്ഥിക്കാന്‍ രഘു ചൂണ്ടിക്കാണിക്കുന്നത് ലെനിന്റെ ഏപ്രില്‍ തീസീസ് അംഗീകരിക്കാന്‍ വിസമ്മതിച്ച പാര്‍ടി കേന്ദ്രക്കമ്മിറ്റിക്കെതിരെ അദ്ദേഹം സ്വീകരിച്ച പരസ്യനിലപാടാണ്. മെന്‍ഷെവിക്കുകളോട് വിട പറഞ്ഞ് ബോള്‍ഷെവിക് പാര്‍ട്ടി രൂപീകരിച്ചത് മറ്റൊരു അച്ചടക്കലംഘനമായി രഘുവിന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. 1964ല്‍ സിപിഎം രൂപീകരിക്കാന്‍ തീരുമാനിച്ചതിനെയും അച്ചടക്കലംഘനമായി ചുരുക്കിക്കാണാം. ഇവയൊക്കെ രൂക്ഷമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര തര്‍ക്കങ്ങളുടെ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രൂപം കൊള്ളുന്ന രാഷ്ട്രീയ ഭിന്നിപ്പുകളാണ്.

എത്രയോ നിര്‍ണായകമായ പുതിയ തീരുമാനങ്ങള്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ചട്ടക്കൂടിനുളളില്‍ നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റു പാര്‍ടികള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ രഘുവിന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ മാര്‍ക്സിസം അച്ചടക്കലംഘനമാണ്. അദ്ദേഹത്തിന്റെ എമണ്ടന്‍ ചോദ്യമിതാണ്. മാര്‍ക്സിസം: ലെനിനിസത്തിന്റെ പേരില്‍ പ്രതിജ്ഞയെടുക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അച്ചടക്കം എന്ന സംഘടനാതത്വത്തെയാണോ അതോ ലെനിന്റെ മാതൃകയെയാണോ പിന്തുടരേണ്ടത്? സിപിഐ എമ്മില്‍ നിരന്തരമായി അച്ചടക്കം ലംഘിച്ചുകൊണ്ടിരിക്കുന്നവരാണ് പാര്‍ടിയിലെ ജനാധിപത്യത്തെ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കുന്നത് എന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. പാര്‍ടി സംഘടനയെ പൊളിച്ചടുക്കുന്നതിനു ഇതിനേക്കാള്‍ നല്ല മാര്‍ഗമില്ലല്ലോ.

ഇന്ത്യയിലും പുറത്തുമുളള മഹാത്മാക്കളായ കമ്മ്യൂണിസ്റ്റു നേതാക്കള്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അച്ചടക്കം എങ്ങനെ പരിപാലിക്കണമെന്നുളളതിന്റെ ഉത്തമ മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കല്‍ക്കട്ടാ തീസീസിന്റെ പരാജയത്തെ തുടര്‍ന്ന് സഖാവ് ബിടിആറിന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട് കേന്ദ്രക്കമ്മിറ്റി ഓഫീസിലെ ഒരു സാധാരണ പ്രവര്‍ത്തകനായി നില്‍ക്കേണ്ടി വന്നു. ഇഎംഎസിന്റെ ചില നിലപാടുകളെ പാര്‍ടി പിബി പരസ്യമായി കുറ്റപ്പെടുത്തിയിട്ടുണ്ട്. സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന സഖാവ് പി. രാമമൂര്‍ത്തിയെ അച്ചടക്കലംഘനത്തിന്റെ പേരില്‍ പിബിയില്‍ നിന്നും കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്തു. സാധാരണ പാര്‍ടി പ്രതിനിധിയായി അദ്ദേഹം കല്‍ക്കട്ടാ പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു. സാല്‍ക്കിയ പ്ലീനം സഖാവ് സുന്ദരയ്യയുടെ സംഘടനാ നിലപാടുകള്‍ തളളിക്കളഞ്ഞു. പിബിയില്‍ നിന്ന് സ്വയം ഒഴിവായി അച്ചടക്കമുളള കമ്മ്യൂണിസ്റ്റുകാരനായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. ഇവരൊക്കെയാണ് ഞങ്ങള്‍ക്കു മാതൃകകള്‍.

2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

ഇറക്കുമതി ചെയ്ത ആണവ നിലയങ്ങള്‍ വേണ്ട, സുരക്ഷാകാര്യത്തില്‍ സന്ധിയില്ല


പ്രകാശ് കാരാട്ട്
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ സ്ഥാപിച്ചുള്ള വന്‍ ആണവനിലയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുകയാണ്. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നാണ് യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി വന്‍തോതില്‍ വിദേശറിയാക്ടറുകള്‍ ഇറക്കുമതിചെയ്യേണ്ടിവരും. അമേരിക്കയുമായുള്ള ആണവകരാറിന് നീതീകരണമായാണ് ഈ നടപടി. 10,000 മെഗാവാട്ടിനുള്ള റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാമെന്ന് കരാര്‍ വേളയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തന്നെ രേഖാമൂലം വാഗ്ദാനം ചെയ്തിരുന്നു. ആണവ ഇടപാട് തരപ്പെടുത്താനുള്ള മധുരമിടലായിരുന്നു അത്.

മഹാരാഷ്ട്രയിലെ ജെയ്താപുര്‍, ഗുജറാത്തിലെ ഭാവനഗറിലുള്ള ഛായമിധി വിര്‍ധി, ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കൊവാഡ, തമിഴ്നാട്ടിലെ കൂടംകുളം എന്നിവിടങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഒന്നിലധികം റിയാക്ടറുകള്‍ ഉപയോഗിച്ചുള്ള ഈ ആണവനിലയങ്ങള്‍ ഒരേസ്ഥലത്തുതന്നെ നിര്‍മിക്കുന്നത് സാങ്കേതിക- സാമ്പത്തിക- സുരക്ഷാപരിഗണന വച്ച് എതിര്‍ക്കപ്പെടേണ്ടതാണ്. ആണവകരാറിനുശേഷം ആദ്യ കരാര്‍ ഒപ്പുവച്ചത് ഫ്രഞ്ച് കമ്പനിയായ "അറീവ"യുമായാണ്. ജെയ്താപുരില്‍ 1650 മെഗാവാട്ട് ശേഷിയുള്ള രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ളതാണ് ഈ കരാര്‍. പിന്നീട് ആറ് റിയാക്ടറുകളുടെ നിലയമാക്കുകയാണ് ലക്ഷ്യം. ഈ യൂറോപ്യന്‍ റിയാക്ടര്‍ (ഇപിആര്‍) മറ്റ് ഇറക്കുമതി റിയാക്ടറുകളേക്കാള്‍ വിലകൂടിയതാണ്. ലോകത്തിലൊരിടത്തും, ഫ്രാന്‍സില്‍ പോലും ഈ റിയാക്ടര്‍ കമീഷന്‍ ചെയ്തിട്ടില്ല. സര്‍ക്കാരാകട്ടെ റിയാക്ടറിന്റെ യഥാര്‍ഥ വില വെളിപ്പെടുത്തിയിട്ടുമില്ല. ഫിന്‍ലാന്‍ഡിലെ ഇപിആര്‍ റിയാക്ടറുടെ വില കണക്കാക്കിയാല്‍ ആറ് ഫ്രഞ്ച് റിയാക്ടര്‍ സ്ഥാപിക്കുന്നതിന് ഏകദേശം രണ്ട് ലക്ഷം കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും. എവിടെയും പരീക്ഷിക്കപ്പെടാത്ത ഈ സാങ്കേതികവിദ്യ ഉയര്‍ന്ന വില നല്‍കി വാങ്ങുന്ന പക്ഷം വൈദ്യുതിവിലയും വര്‍ധിക്കും. ഒരു മെഗാവാട്ട് വൈദ്യുതിക്ക് 20 കോടി രൂപയെങ്കിലും നല്‍കേണ്ടിവരും. അതായത് അവിടെ നിര്‍മിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴ്- എട്ട് രൂപ വില വരും. ഇന്ത്യന്‍ നിര്‍മിത സമ്മര്‍ദിത ഘനജല റിയാക്ടര്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മെഗാവാട്ടിന് എട്ടോ ഒമ്പതോ കോടി രൂപ മാത്രം മതിയാകും.

ഇറക്കുമതി അനാവശ്യം ഗുജറാത്തിലും ആന്ധ്രപ്രദേശിലും അമേരിക്കന്‍ റിയാക്ടര്‍ ഉപയോഗിച്ചുള്ള വന്‍ ആണവപാര്‍ക്കുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്കും വലിയവില നല്‍കേണ്ടിവരും. ആണവ റിയാക്ടറുകള്‍ വന്‍തോതില്‍ ഇറക്കുമതിചെയ്യുക എന്ന ആശയം ലാഭകരമല്ലെന്നു മാത്രമല്ല ഊര്‍ജസുരക്ഷ സംബന്ധിച്ച തെറ്റായ ആസൂത്രണവുമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനായി ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെ സിപിഐ എം പൂര്‍ണമായും എതിര്‍ക്കുന്നു. അത് ചെലവേറിയതാണ്; നിലനില്‍പ്പില്ലാത്തതാണ്. ഇന്ത്യയില്‍ത്തന്നെ തദ്ദേശീയമായി സമ്മര്‍ദിത ഘനജല റിയാക്ടര്‍ നിര്‍മിക്കുമ്പോള്‍ ഫ്രാന്‍സില്‍നിന്ന് ഇപിആറും ലഘുജല റിയാക്ടറുകളും വാങ്ങുന്നത് തീര്‍ത്തും അനാവശ്യമാണ്. വന്‍കിട ആണവപാര്‍ക്കുകള്‍ നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെല്ലാംതന്നെ ജനങ്ങളെ ഭൂമിയില്‍നിന്നും ജീവിതമാര്‍ഗങ്ങളില്‍നിന്നുതന്നെയും ഒഴിപ്പിക്കുന്നതുള്‍പ്പെടെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് ആണവനിലയങ്ങളുടെ സുരക്ഷയും പ്രധാന പ്രശ്നമായി. ഫുക്കുഷിമയിലേതുപോലെ ഒരു പ്രദേശത്ത് ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത് ഭീതിദവും ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണ്.


കൂടംകുളം ഒന്നിലധികം ഇറക്കുമതി റിയാക്ടറുകള്‍ ഉള്ള നിര്‍ദിഷ്ട ആണവപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. ഈ ഘട്ടത്തില്‍ കൂടംകുളം ആണവനിലയത്തെക്കുറിച്ച് പാര്‍ടിയുടെ സമീപനമെന്താണെന്ന ചോദ്യം ഉയരുകയാണ്. റഷ്യയില്‍നിന്ന് വാങ്ങി കമീഷന്‍ ചെയ്ത രണ്ട് ആണവ റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യത്തെ പാര്‍ടി എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യവും ഉയരുകയുണ്ടായി. കൂടംകുളത്ത് സ്ഥാപിച്ച ഈ രണ്ട് റിയാക്ടറുകള്‍ വ്യത്യസ്തമായ വിഭാഗത്തില്‍ പെട്ടതാണ്. ഇന്ത്യ-അമേരിക്ക ആണവകരാറിന് എത്രയോ മുമ്പ് റഷ്യയില്‍നിന്ന് വാങ്ങിയതാണ് ഈ റിയാക്ടറുകള്‍. ഇവ സ്ഥാപിക്കാനുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനവും 15,000 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ രണ്ട് യൂണിറ്റുകള്‍ അടച്ചിടണമെന്ന് പറയുന്നത് പ്രായോഗികമോ രാജ്യതാല്‍പ്പര്യ സംരക്ഷണത്തിന്് ഉതകുന്നതോ അല്ല. ജെയ്താപുരിലും മറ്റ് ആണവ പാര്‍ക്കുകളുടെ കാര്യത്തിലും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത് എന്ന് സിപിഐ എമ്മിന്റെ നയത്തിനെതിരെ വിമര്‍ശമുയരുന്നുണ്ട്. സിവിലിയന്‍ ആണവ വൈദ്യതി തന്നെയും, ആണവനിലയങ്ങളും രാജ്യത്ത് വേണ്ട എന്ന പക്ഷക്കാരാണ് ഈ വിമര്‍ശമുയര്‍ത്തുന്നത്. സുരക്ഷയെക്കുറിച്ചുള്ള ഭയം കാരണമാണ് പ്രാദേശികജനത പ്രധാനമായും ആണവനിലയത്തിനെതിരെ പ്രക്ഷോഭരംഗത്തേക്ക് വന്നത്. പ്രത്യേകിച്ചും ഫുക്കുഷിമ ദുരന്തത്തിനുശേഷം. പ്രദേശത്തെ ആണവനിലയത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കാര്യമായ ഭയംതന്നെയുണ്ട്. അവരുടെ ഈ ഉല്‍ക്കണ്ഠകള്‍ ഗൗരവത്തിലെടുക്കണം. കഴിഞ്ഞവര്‍ഷം പ്രക്ഷോഭം തുടങ്ങിയ വേളയില്‍, എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താതെയും ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും ദൂരീകരിക്കാതെയും ആണവനിലയം കമീഷന്‍ ചെയ്യരുതെന്നാണ് സിപിഐ എം പറഞ്ഞത്. സ്വതന്ത്രമായ സുരക്ഷാപരിശോധന വേണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരോ ആണവോര്‍ജ വിഭാഗമോ ഇതിന് തയ്യാറായിട്ടില്ല.
A photo of the demonstration organised by the CPI (M) at Jawahar Maidan in Palayankottai dated 18th May 2012 against police repression on agitating people at Idinthakarai.


ആണവോര്‍ജ നിയന്ത്രണബോര്‍ഡ് ശുപാര്‍ശ ചെയ്ത എല്ലാ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയോ എന്ന കാര്യവും ഇനിയും വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല. സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധം വിശ്വസനീയമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയും സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതുവരെയും ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ഇത് ചെയ്യുന്നതിന് പകരം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആണവനിലയം കമീഷന്‍ ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിക്കുന്നത്.

പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നതിനെയും സിപിഐ എം അപലപിക്കുന്നു. കൂടംകുളത്തെ രണ്ട് റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നില്ലെങ്കിലും കൂടുതല്‍ യൂണിറ്റുകള്‍ ഇവിടെ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. നാല് റിയാക്ടറുകള്‍ കൂടി ഇവിടെ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനോടുള്ള എതിര്‍പ്പ് കൂടംകുളത്തും ബാധകമാണെന്നര്‍ഥം. ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ ദുരന്തബാധിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതും പ്രധാന വിഷയമാണ്. ബാധ്യതയില്‍നിന്ന് വിദേശ ആണവദാതാക്കളെ ഒഴിവാക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ശ്രമത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് പാര്‍ലമെന്റ് സിവില്‍ ആണവബാധ്യതാ നിയമം അംഗീകരിച്ചത്. ഈ നിയമത്തിന്‍ കീഴില്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കേണ്ടിയിരിക്കുന്നു. നിയമത്തിലെ പരിമിതമായ ബാധ്യത നിശ്ചയിക്കുന്ന വകുപ്പില്‍ പോലും വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിയാക്ടര്‍ നല്‍കുന്ന വിദേശദാതാക്കള്‍ ആണവബാധ്യതാ നിയമം അവര്‍ക്ക് ബാധകമാക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. വിദേശ റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് പറയുന്നതിന് ഒരുകാരണമിതാണ്. വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടുമ്പോള്‍ അവര്‍ നല്‍കേണ്ട നഷ്ടപരിഹാരം പരമാവധി കുറയ്ക്കാന്‍ ശ്രമമുണ്ടാകും. കൂടംകുളത്ത് തന്നെ കൂടുതല്‍ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യുന്ന പക്ഷം റഷ്യന്‍ കമ്പനി ബാധ്യത ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമത്തിലെ വകുപ്പ് അംഗീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ടാണ് കൂടംകുളത്ത് കൂടുതല്‍ റഷ്യന്‍ റിയാക്ടറുകള്‍ വേണ്ടെന്ന് പറയുന്നത്. സിപിഐ എമ്മിന്റെ എതിര്‍പ്പ് പേരിന് മാത്രം ആണവ ഊര്‍ജത്തെ എതിര്‍ക്കുക സിപിഐ എമ്മിന്റെ നയമല്ല. എന്നാല്‍, സുരക്ഷ ഉറപ്പാക്കണം; ആണവോര്‍ജത്തിന്റെ സാങ്കേതിക-സാമ്പത്തികവശം അനുകൂലവുമായിരിക്കണം. ഇന്ത്യ തദ്ദേശീയമായ ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആണവ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ആണവോര്‍ജം സംബന്ധിച്ച അന്താരാഷ്ട്ര അനുഭവത്തിന്റെ, പ്രത്യേകിച്ചും ഫുക്കുഷിമ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാവിലയരുത്തലും അനിവാര്യമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാനിലവാരത്തെകുറിച്ച് യഥാര്‍ഥത്തില്‍ ഉല്‍ക്കണ്ഠയുണ്ട്. 1960 ല്‍ അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍നിന്ന് ഇറക്കുമതി ചെയ്ത് സ്ഥാപിച്ച താരാപുര്‍ ആണവനിലയത്തെക്കുറിച്ച് ഗൗരവമായ ഉല്‍ക്കണ്ഠ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഫുക്കുഷിമയിലെ ജനറല്‍ ഇലക്ട്രിക്കല്‍ റിയാക്ടറിനേക്കാള്‍ പഴക്കമുള്ളതാണിത്. നിലവിലുള്ള ആണവനിലയങ്ങളെക്കുറിച്ച് സ്വതന്ത്രമായ സുരക്ഷാ ഓഡിറ്റിങ് ആവശ്യമാണ്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം സുരക്ഷാ ഓഡിറ്റ് നടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉത്തരവിട്ടിരുന്നു. പക്ഷേ, ഇത് ചെയ്തത് സ്വതന്ത്രസമിതിയല്ല; മറിച്ച് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡാണ്.

സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള ആണവസുരക്ഷാ നിയന്ത്രണ ഏജന്‍സിക്ക് രൂപം നല്‍കണം. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബില്‍ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതല്ല. നിലവിലുള്ള ആണവനിലയങ്ങളിലെ സുരക്ഷാനടപടികളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നതുവരെ പുതിയ ആണവനിലയങ്ങളൊന്നും സ്ഥാപിക്കരുത്. കൂടുതല്‍ കടുത്ത പരിസ്ഥിതി മാനദണ്ഡവും സുരക്ഷാനടപടികളും വേണം. ആണവ ഊര്‍ജത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന്റെ ഊര്‍ജപദ്ധതിയെ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല.

ഇന്ത്യയുടെ വര്‍ധിക്കുന്ന ഊര്‍ജാവശ്യങ്ങള്‍ക്കായി സുഭിക്ഷമായി ലഭിക്കുന്ന കല്‍ക്കരിശേഖരം വര്‍ധിച്ച തോതില്‍ ഉപയോഗിക്കുകയും പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കുകയും സൗരോര്‍ജം പോലുള്ള പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുകയും വേണം. ആണവ നവോത്ഥാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മതിഭ്രമവും ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ നിറച്ചുള്ള ആണവപാര്‍ക്കുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയും ശക്തമായി എതിര്‍ക്കപ്പെടണം. ഇറക്കുമതി ചെയ്യുന്ന ആണവനിലയങ്ങള്‍ക്കെതിരെ രൂപപ്പെടുന്ന വ്യത്യസ്ത പ്രസ്ഥാനങ്ങളെ ദേശീയപ്രസ്ഥാനമായി വളര്‍ത്തിയെടുക്കണം.