2013 മേയ് 9, വ്യാഴാഴ്‌ച

ഗുജറാത്ത് കര്‍ഷകരുടെയും ശവപ്പറമ്പ്


 വി ബി പരമേശ്വരന്‍
"ഖേഡു മോര റേ" (ഓ എന്റെ കര്‍ഷകാ) എന്നത് ഒരു ഗുജറാത്തി ഡോക്യുമെന്ററിയുടെ പേരാണ്. രാകേഷ് ശര്‍മയാണ് നിര്‍മാതാവ്. "തിളങ്ങുന്ന" ഗുജറാത്തിന്റെ മറുപുറം വ്യക്തമാക്കുന്നതാണ് ഈ ഡോക്യുമെന്ററി. സൗരാഷ്ട്രയില്‍ വ്യാപകമാകുന്ന കര്‍ഷക ആത്മഹത്യയെക്കുറിച്ചാണ് ഇതില്‍ വിവരിക്കുന്നത്. 2001ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായതാണ് കാര്‍ഷിക തകര്‍ച്ചയ്ക്ക് കാരണമെന്നാണ് രാകേഷ് ശര്‍മയുടെ വാദം. 2007 മാര്‍ച്ച് 14ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുജറാത്തില്‍ കര്‍ഷക ആത്മഹത്യയില്ലെന്ന് മോഡി പറഞ്ഞത്. ഇത് തെറ്റാണെന്ന് തെളിയിച്ചു ഒരു മണിക്കൂര്‍ നീളുന്ന ഈ ചിത്രം.

ഒടുവില്‍, ഗുജറാത്തില്‍ കര്‍ഷക ആത്മഹത്യയുണ്ടെന്ന് മോഡിക്ക് സമ്മതിക്കേണ്ടി വന്നു. 498 കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യചെയ്തെന്ന് നിയമസഭയില്‍ മോഡി സമ്മതിച്ചു. കര്‍ഷക ആത്മഹത്യയെക്കുറിച്ച് നിയമസഭയില്‍ നല്‍കിയ കണക്ക് ഇങ്ങനെ: രാജ്കോട്ട്- 63, ജുനഗഢ്- 85, അമ്രേലി- 34, മെഹ്സാന- 48, നദിയാദ്- 44, ജാംനഗര്‍- 55, നര്‍മദ- 30, മോഡിയുടെ മൂക്കിനു താഴെയുള്ള ഗാന്ധിനഗറില്‍ 13. വ്യവസായ വികസനത്തിന് മോഡി ഊന്നല്‍ നല്‍കുമ്പോള്‍ അവഗണിക്കപ്പെട്ടത് കൃഷിയാണ്. സംസ്ഥാനത്തെ 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുമ്പോഴാണ് കൃഷിയോട് കടുത്ത അവഗണന കാട്ടിയത്. അതുകൊണ്ടുതന്നെ വിദര്‍ഭയിലേതുപോലെ ഗുജറാത്തിലെ സൗരാഷ്ട്രയും കര്‍ഷക ആത്മഹത്യയുടെ കേന്ദ്രമായി. പരുത്തിയും നിലക്കടലയും വിളഞ്ഞ ഈ പാടങ്ങളില്‍ ഇപ്പോള്‍ കര്‍ഷകന്റെ വിയര്‍പ്പല്ല ചോരയാണ് കിനിയുന്നത്. രാജ്കോട്ടും അമ്രേലിയും ഭാവ്നഗറും മറ്റുമുള്ള സൗരാഷ്ട്ര ഗുജറാത്തിന്റെ കൃഷിക്കളമാണ്. രാജ്യത്തെ നിലക്കടല ഉല്‍പ്പാദനത്തിന്റെ 28 ശതമാനവും പരുത്തി ഉല്‍പ്പാദനത്തിന്റെ 25 ശതമാനവും ഇവിടെയാണ്. നിലക്കടലയില്‍നിന്ന് ഭക്ഷ്യഎണ്ണ ഉല്‍പ്പാദിപ്പിക്കലും ഇവിടത്തെ പ്രധാന വരുമാനമാര്‍ഗമാണ്. 250 ലധികം എണ്ണ മില്ലുകളാണ് ഇവിടെയുള്ളത്. എന്നാല്‍, ഈ മേഖല ഇന്ന് കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. വരള്‍ച്ചയില്‍ പൊള്ളുന്ന കൃഷിക്കാരനെ സഹായിക്കാന്‍ മോഡിയില്‍നിന്ന് സഹായമൊന്നും ഉണ്ടായില്ല.


കോര്‍പറേറ്റുകള്‍ക്ക് കോടികളുടെ സൗജന്യം അനുവദിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കാന്‍ മോഡി തയ്യാറല്ല. അതുകൊണ്ടുതന്നെ കൊള്ളപ്പലിശക്കാരില്‍നിന്ന് കടം വാങ്ങി അത് തിരിച്ചടയ്ക്കാനാകാതെ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. യഥാര്‍ഥത്തിലുള്ള കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഈ കണക്കുകള്‍ക്കും അപ്പുറമായിരിക്കും മരണനിരക്ക്. എന്നാല്‍, മോഡിയുടെ "വികാസ് പുരുഷ്" എന്ന പ്രതിഛായക്ക് ആഘാതമേല്‍ക്കുമെന്നതിനാല്‍ പൊലീസ് ഇക്കാര്യം രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. മോഡി ആവര്‍ത്തിച്ചു പറയുന്നത് സൗരാഷ്ട്രയിലേത് കര്‍ഷക ആത്മഹത്യയല്ലെന്നാണ്. അതുകൊണ്ടാണ് പൊലീസ് ഇത് കര്‍ഷക ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്യാത്തത്. ഒരു ഏകാധിപത്യ സര്‍ക്കാരിന്റേതുപോലെ എല്ലാ വസ്തുതകളും മറച്ചുവയ്ക്കാനാണ് മോഡി ആവര്‍ത്തിച്ച് ശ്രമിക്കുന്നത്. കര്‍ഷക ആത്മഹത്യ രേഖപ്പെടുത്താതെ അതില്ലെന്നു പറയാനുള്ള ചങ്കൂറ്റമാണ് മോഡി കാണിക്കുന്നത്. വിവരാവകാശ നിയമമനുസരിച്ചാണ് കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള അല്‍പ്പമെങ്കിലും വിവരം പുറത്തുവന്നത്.



വ്യവസായ വികസനത്തിനുവേണ്ടി കാര്‍ഷികമേഖലയെ പൂര്‍ണമായും അവഗണിക്കുകയാണ് മോഡിയെന്ന വിമര്‍ശവും ഗുജറാത്തില്‍ ഇപ്പോള്‍ ഉയരുന്നുണ്ട്. സൗരാഷ്ട്രയില്‍ ഈ വര്‍ഷംമാത്രം 35 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ പരുത്തിക്കൃഷി നശിച്ചെന്നാണ് കണക്ക്. സൗരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കാര്‍ഷികത്തകര്‍ച്ച ഈ മേഖലയിലെ എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നുറപ്പ്. കൃഷി നശിച്ചതിനെത്തുടര്‍ന്ന് പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാനായില്ല. ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കാനാരംഭിച്ചു. ഈ ഘട്ടങ്ങളിലൊക്കെ കര്‍ഷകര്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും അതുണ്ടായില്ല. ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ആത്മഹത്യചെയ്തു. 10,000 രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള കര്‍ഷകര്‍പോലും മോഡിയുടെ ഗുജറാത്തില്‍ ആത്മഹത്യചെയ്തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മോഡിയെയും മോഡി ഭക്തരെയും ഇത് ലജ്ഞിപ്പിക്കുന്നില്ലേ?

കര്‍ഷക ആത്മഹത്യ മോഡി സര്‍ക്കാര്‍ അംഗീകരിക്കാത്തത് ആ കുടുംബങ്ങളുടെ വിഷമം ഇരട്ടിപ്പിച്ചു. സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നു മാത്രമല്ല, ദരിദ്രരായ കുടുംബാംഗങ്ങള്‍ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയുംചെയ്തു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സര്‍ക്കാരിന്റെ സമീപനം ഏറെ രുചിച്ചമട്ടാണ്. ഇതിനെതിരെ വിമര്‍ശമുയര്‍ത്തുന്നവരുടെ വായടപ്പിക്കാനും മോഡിതന്നെയാണ് മുന്നിട്ടിറങ്ങുന്നത്. ഒരുദാഹരണംമാത്രം സൂചിപ്പിക്കാം. വ്യവസായത്തിന് ഊന്നല്‍ നല്‍കി കാര്‍ഷികമേഖലയെ അവഗണിക്കുന്ന മോഡിയുടെ നയത്തെ കന്‍ഭായ് കന്‍സാരിയ എന്ന ബിജെപി എംഎല്‍എ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മോഡി മുന്‍കൈ എടുത്ത് പാര്‍ടിയില്‍നിന്ന് പുറത്താക്കി.

കര്‍ഷകര്‍ക്ക് 10 മണിക്കൂര്‍ വൈദ്യുതി നല്‍കുന്നുണ്ടെന്നാണ് മോഡിയുടെ വാദം. എന്നാല്‍, ആറുമണിക്കൂര്‍ വൈദ്യുതി ലഭിക്കുന്നത് രാത്രിയിലാണ്. പകല്‍ കര്‍ഷകന് വൈദ്യുതി ലഭിക്കുന്നത് നാലു മണിക്കൂര്‍മാത്രമാണ്. എണ്ണ മില്ലുകളെയും ഇത് ദോഷകരമായി ബാധിക്കുന്നു. പകുതിയോളം മില്ലുകള്‍ അടച്ചിടാന്‍ ഇത് കാരണമായി. സൗരാഷ്ട്രയിലാകട്ടെ, ജലസേചനവും കുറവാണ്. നര്‍മദയില്‍നിന്ന് വെള്ളം സൗരാഷ്ട്രയിലെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത് സൗരാഷ്ട്രക്കാരനായ കേശുഭായ് പട്ടേലായിരുന്നു. അദ്ദേഹത്തെ പുറത്താക്കി 12 വര്‍ഷംമുമ്പ് അധികാരമേറിയ മോഡി ഇതുവരെയും ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയില്ല. ഇതും കര്‍ഷക ആത്മഹത്യക്ക് കാരണമാണ്. മോഡിയുടെ നാട് തിളങ്ങുകയാണെന്ന് പറയുന്നവര്‍ മേല്‍പ്പറഞ്ഞ യാഥാര്‍ഥ്യങ്ങള്‍ കാണാന്‍ തയ്യാറാകണം. "തിളങ്ങുന്ന" ഗുജറാത്തിന് ഒരു മറുപുറമുണ്ടെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഗുജറാത്ത് മോഡല്‍ രാജ്യവ്യാപകമാക്കണമെന്നു പറയുമ്പോള്‍ അവര്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ബോധപൂര്‍വം മറച്ചുപിടിക്കുകയാണ്. (അവസാനിച്ചു)

ഗുജറാത്തിന്റെ മോഡിക്കാഴ്ചകള്‍

വി ബി പരമേശ്വരന്‍
"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ചത് ലൂയി പതിനാലാമനാണ്. അതേസമയം, നരേന്ദ്രമോഡിയുടെ പ്രഖ്യാപനം "ഞാനാണ് വികസനം" എന്നാണ്. നേരത്തെ വാജ്പേയി എടുത്തണിഞ്ഞ "വികാസ് പുരുഷ്" എന്ന സ്ഥാനപ്പേര് ഇനി തനിക്കാണെന്നും മോഡി അവകാശപ്പെടുന്നു. അദ്വാനിയുടെ "ലോഹ് പുരുഷ്" എന്ന സ്ഥാനപ്പേര് ഏറ്റെടുക്കുന്നതിനേക്കാള്‍ അധികാരത്തിലേക്കുള്ള എളുപ്പവഴി വികാസ് പുരുഷെന്ന വിളിപ്പേരാണെന്ന് മോഡി തിരിച്ചറിഞ്ഞിരിക്കുന്നുവെന്നു സാരം. അതേറ്റുപാടാന്‍ അബ്ദുള്ളക്കുട്ടിമാരും ഷിബു ബേബിജോണ്‍മാരും മത്സരിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍ മാത്രമാണെന്ന് ഗുജറാത്തിനെക്കുറിച്ച് അറിയുന്നവര്‍ക്കറിയാം. "ഛോട്ടേ സര്‍ദാര്‍" എന്ന് വിളിക്കപ്പെട്ട മോഡിക്ക് "ഗുജറാത്തിന്റെ കശാപ്പുകാര"നെന്നും "മരണത്തിന്റെ വ്യാപാരി"യെന്നും വിളിപ്പേരുകളുണ്ടെന്ന കാര്യം ഇവര്‍ ബോധപൂര്‍വം മറക്കുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്റെ രക്തക്കറ ഏത് പുണ്യനദിയില്‍ കുളിച്ചാലും മോഡിക്ക് കഴുകിക്കളയാനാകില്ല. സദ്ഭാവന യാത്രകൊണ്ടും പ്രയോജനമില്ല. ഒരു വിഭാഗം ജനതയെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി എങ്ങനെ യഥാര്‍ഥവും സമഗ്രവുമായ വികസനം നടപ്പാക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്.

മോഡിയുടെ മോടി കൂട്ടാന്‍ തിളങ്ങുന്ന ഗുജറാത്തിനെക്കുറിച്ചുമാത്രമാണ് മാധ്യമങ്ങളും കോര്‍പറേറ്റ് ഹൗസുകളും പ്രചരിപ്പിക്കുന്നത്. നല്ല റോഡുകളും വ്യവസായങ്ങളും കൊണ്ടുമാത്രം ഒരു സംസ്ഥാനം വികസിച്ചെന്നു പറയാനാകില്ല. മാനുഷിക വികസനത്തിന്റെ തോത് നോക്കിയാണ് ഒരു പ്രദേശം, സംസ്ഥാനം സമഗ്രവികസനം നേടിയെന്നു പറയാനാവുക. ആധുനിക ലോകരീതിയും ഇതുതന്നെ. അത്തരമൊരു പരിശോധന നടത്തിയാല്‍ നരേന്ദ്രമോഡിയുടെ ഗുജറാത്തിന് തിളക്കമേയില്ലെന്നു കാണാം. വ്യവസായ വികസനത്തില്‍മാത്രം ഊന്നിയുള്ള ഗുജറാത്ത് മോഡല്‍ സമഗ്രവികസനത്തിന് വഴിതെളിക്കില്ലെന്ന് എല്ലാ സാമൂഹ്യ ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു. ഉദാരവല്‍ക്കരണത്തിന്റെ പതാകാവാഹകര്‍ എപ്പോഴും ഉദ്ധരിക്കുന്ന സാമ്പത്തികവളര്‍ച്ചയുടെ കാര്യം ആദ്യം പരിശോധിക്കാം.

ഗുജറാത്തില്‍ ആദ്യമായി ബിജെപി സര്‍ക്കാരിന് രൂപംനല്‍കിയ കേശുഭായ് പട്ടേലിനെ മാറ്റി 2001ലാണ് മോഡി ആദ്യം മുഖ്യമന്ത്രിയാകുന്നത്. അപ്പോള്‍ ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ച 8.01 ശതമാനമായിരുന്നു. മോഡി അധികാരത്തില്‍ വന്നതിനുശേഷം 2010 വരെ അത് 8.68 ശതമാനം മാത്രമായാണ് ഉയര്‍ന്നത്. അതായത്, ഒരു ശതമാനം സാമ്പത്തിക വളര്‍ച്ചപോലും 10 വര്‍ഷത്തിനകം ഉയര്‍ത്താന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി അധികാരത്തിലെത്തുന്നതിനുമുമ്പുതന്നെ ഗുജറാത്ത് വ്യാവസായികമായി വികസിച്ചിരുന്നുവെന്നതും സത്യമാണ്. മോഡിയുടെ സംഭാവന കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ നികുതി ഇളവും സൗജന്യമായി ഭൂമിയും മറ്റും നല്‍കി എന്നതുമാത്രമാണ്. 2001നും 2010നും ഇടയില്‍ ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളേക്കാളും സാമ്പത്തിക വളര്‍ച്ചയില്‍ ഗുജറാത്ത് പിന്നിലാണെന്നതാണ് വാസ്തവം. എന്നാല്‍, പിന്നോക്ക സംസ്ഥാനങ്ങളായ ബിഹാറും ഒഡിഷയും സാമ്പത്തികവളര്‍ച്ച ഇതേകാലയളവില്‍ ഇരട്ടിയാക്കുകയുംചെയ്തു.
 
ബിഹാര്‍ 4.7 ശതമാനത്തില്‍നിന്ന് 8.02 ശതമാനമായും ഒഡിഷ 4.42 ശതമാനത്തില്‍നിന്ന് 8.13 ശതമാനമായും സാമ്പത്തികവളര്‍ച്ച ഉയര്‍ത്തി. അതായത്, നിതീഷ് കുമാറിന്റെയും നവീന്‍ പട്നായ്ക്കിന്റെയും അടുത്തുപോലും എത്താന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ലെന്നര്‍ഥം. ഗുജറാത്ത് വ്യവസായവികസനത്തില്‍ ഏറെ മുന്നിലെത്തിയെന്നതാണ് പൊതുവെയുള്ള ധാരണ. അത് ശരിയാണുതാനും. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കിയ മുന്നേറ്റം മാത്രമേ മോഡിയുടെ ഗുജറാത്തിനും നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. 2001-04ല്‍ 3.9 ശതമാനമായിരുന്നു ഗുജറാത്തില്‍ ഈ രംഗത്തുള്ള വളര്‍ച്ചയെങ്കില്‍ 2005-10ല്‍ 12.65 ശതമാനമായി ഉയര്‍ന്നു. ഇതേകാലയളവില്‍ ഒഡിഷ 6.4 ശതമാനത്തില്‍നിന്ന് 17.53 ശതമാനമായും ഛത്തീസ്ഗഢില്‍ 8.10 ശതമാനത്തില്‍നിന്ന് 13.3 ശതമാനമായും ഉയര്‍ത്തി. വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടുമെന്നു മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഗുജറാത്ത് മാത്രമാണ് വ്യവസായമേഖലയില്‍ മുന്നേറിയതെന്നു പറയാനാകില്ല.

വിപുലമായ പ്രവാസിസമൂഹവും വ്യാപാരബന്ധവും ഉണ്ടായിട്ടും വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഗുജറാത്ത് മഹാരാഷ്ട്രയേക്കാളും പിന്നിലാണ്. ഗുജറാത്തിന് ഇക്കാര്യത്തില്‍ അഞ്ചാംസ്ഥാനം മാത്രമാണുള്ളത്. 2011-12ലെ ഗുജറാത്തിലെ സാമൂഹ്യ-സാമ്പത്തിക റിവ്യൂ റിപ്പോര്‍ട്ട് പറയുന്നത് 20 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപ വാഗ്ദാനം ഉണ്ടായിരുന്നു എന്നാണ്. പക്ഷേ, ലഭിച്ചത് 29,813 കോടി രൂപയുടെ നിക്ഷേപംമാത്രം. 8300 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചെങ്കിലും നടപ്പായത് 250 എണ്ണംമാത്രം. 2003 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ വാഗ്ദാനംചെയ്യപ്പെട്ട നിക്ഷേപത്തിന്റെ പത്തിലൊന്നുപോലും യാഥാര്‍ഥ്യമായിട്ടില്ലെന്നു കാണാം. മാത്രമല്ല, നിക്ഷേപങ്ങള്‍വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലും ഗുജറാത്ത് പിന്നിലാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

 കട-നിക്ഷേപ അനുപാതത്തിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഗുജറാത്ത് പുറകിലാണ്. ഗുജറാത്തിലെ നിക്ഷേപാനുപാതം 4.71 ശതമാനമാണെങ്കില്‍ തൊട്ടടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇത് 26.6 ശതമാനമാണ്. ആന്ധ്രപ്രദേശ് (5.4), തമിഴ്നാട് (6.2), കര്‍ണാടക (6.34) എന്നീ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഗുജറാത്തിനേക്കാളും മുന്നിലാണ്. ആളോഹരി നിക്ഷേപനിരക്ക് പരിശോധിച്ചാലും ഗുജറാത്തിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കാം. 37,174 രൂപയാണ് ഗുജറാത്തിലെ ആളോഹരി നിക്ഷേപം. തമിഴ്നാട്, കര്‍ണാടകം തുടങ്ങി പത്തോളം സംസ്ഥാനങ്ങള്‍ ഗുജറാത്തിനേക്കാളും മെച്ചപ്പെട്ട നിലയിലാണ്. വാണിജ്യബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ അനുപാതം പരിശോധിച്ചാലും ഗുജറാത്ത് ഏറെ പിന്നിലാണെന്നു കാണാം. ഗുജറാത്തിലെ വായ്പയുടെ ശതമാനം 4.22 മാത്രമാണ്. മഹാരാഷ്ട്രയില്‍ ഇത് 29.75 ശതമാനമാണ്. ആളോഹരിവരുമാനത്തിന്റെ കാര്യത്തിലും പല സംസ്ഥാനങ്ങളേക്കാളും ഗുജറാത്ത് പിന്നിലാണ്. ആറാം സ്ഥാനംമാത്രമാണ് ഇക്കാര്യത്തില്‍ മോഡിയുടെ ഗുജറാത്തിനുള്ളത്. 63,996 രൂപയാണ് ഗുജറാത്തിലെ ആളോഹരി വരുമാനം. ഹരിയാനയാണ് ഏറെ മുന്നില്‍- 92327 രൂപ. മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളാണ് ഗുജറാത്തിനേക്കാളും മുന്നിലുള്ളത്. (അവസാനിക്കുന്നില്ല)


2013 മേയ് 8, ബുധനാഴ്‌ച

ഗുജറാത്തില്‍

വി ബി പരമേശ്വരന്‍

ഗുജറാത്തില്‍ നരേന്ദ്രമോഡി നടപ്പാക്കുന്നു എന്നുപറയുന്ന വികസനത്തിന്റെ പ്രധാന പോരായ്മ അതിന് മനുഷ്യമുഖമില്ലെന്നതാണ്. മാത്രമല്ല, അത് സമഗ്രമല്ലെന്നും പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ രണ്ടു വശങ്ങള്‍ പരിശോധിച്ചാല്‍ കേരളം ഗുജറാത്തിന് വിപരീതദിശയിലാണ്. ഗുജറാത്ത്- കേരള മാതൃകകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. കേരളവികസനം ഊന്നുന്നത് മനുഷ്യവികസനമാണെങ്കില്‍ ഗുജറാത്ത് ഊന്നുന്നത് കോര്‍പറേറ്റ് വികസനവും.
മോഡി കോര്‍പറേറ്റുകളെ സഹായിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താനാകും.

അടുത്തിടെ സിഎജി പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതിന് തെളിവാണ്. 2011-12ല്‍ മാത്രം കോര്‍പറേറ്റ് ഹൗസുകള്‍ക്ക് മോഡി 1275 കോടിയുടെ ഇളവ് അനുവദിച്ചു. അദാനി, റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കാണ് ഈ സൗജന്യം നല്‍കിയത്. വൈദ്യുതി ഉല്‍പ്പാദക കമ്പനിയായ അദാനി, ഗുജറാത്ത് ഊര്‍ജവികാസ് നിഗമവുമായി എത്തിയ കരാര്‍ ലംഘിച്ചതിന് 240.8 കോടി രൂപ പിഴ അടയ്ക്കേണ്ടതായിരുന്നു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിക്ക് ആണവനിലയം സ്ഥാപിക്കുന്നതിന് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയത് വഴി 128.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സിഎജി പറഞ്ഞു. മോഡിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കോര്‍പറേറ്റുകള്‍ പരസ്യമായി ശുപാര്‍ശചെയ്യുന്നതും ഇതുകൊണ്ടുതന്നെ. എന്നാല്‍, കോര്‍പറേറ്റുകളുടെ കീശ വീര്‍ക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുകയാണെന്ന് കാണാം. 2008ലെ മനുഷ്യവികസന സൂചികമാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ ആസൂത്രണം, കൂലി തുടങ്ങിയ ഘടകങ്ങളാണ് മനുഷ്യവികസന റിപ്പോര്‍ട്ടിന് ആധാരം. 2008ലെ മനുഷ്യവികസന സൂചികയില്‍ പത്താംസ്ഥാനത്താണ് ഗുജറാത്ത്. സൂചികയില്‍ 0.790 പോയിന്റുമായി കേരളമാണ് മുന്നില്‍. ഗുജറാത്തിന് 0.577 പോയിന്റ് മാത്രം. കൊച്ചു സംസ്ഥാനമായ ഹിമാചല്‍പ്രദേശാണ് രണ്ടാംസ്ഥാനത്ത്. പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളും ഗുജറാത്തിനേക്കാളും ഏറെ മുന്നിലാണ്. ഗുജറാത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 64 വയസ്സാണ്. രാജ്യത്ത് ഒമ്പതാം സ്ഥാനത്താണ് മോഡിയുടെ ഗുജറാത്ത്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിന്. ഈ രണ്ടിലും ഒന്നാംസ്ഥാനം അലങ്കരിക്കുന്നത് കേരളമാണ്.

പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ബിമാരു (ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം. 2011ലെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുജറാത്തിലെ പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നവരാണെന്നാണ്.

2012ലെ യുനിസെഫ് റിപ്പോര്‍ട്ടനുസരിച്ച് അഞ്ചുവയസ്സിനു താഴെയുള്ള രണ്ടു കുട്ടികളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. നാലില്‍ മൂന്നു കുട്ടികള്‍ വിളര്‍ച്ച ബാധിച്ചവരാണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗാം ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ 2012ലെ കണക്കനുസരിച്ച് ഗുജറാത്തിലെ 40 മുതല്‍ 50 ശതമാനംവരെ കുട്ടികള്‍ ഭാരക്കുറവോടെയാണ് ജനിക്കുന്നത്. അതായത് ഒഡിഷ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഗുജറാത്തിന്റെ സ്ഥാനം.

ശിശുമരണനിരക്ക് കൂടുതലുള്ള സംസ്ഥാനംകൂടിയാണ് ഗുജറാത്ത്. ഗുജറാത്തില്‍ ജനിക്കുന്ന 1000 കുട്ടികളില്‍ 44 പേരും മരിക്കുന്നുവെന്ന് 2012ലെ "ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ" എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ശിശുമരണത്തില്‍ പതിനൊന്നാംസ്ഥാനമുള്ള  സംസ്ഥാനമാണ് ഗുജറാത്ത്. ഗ്രാമീണമേഖലയില്‍ വേണ്ടത്ര ആരോഗ്യസംവിധാനം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം.ശൈശവ വിവാഹത്തില്‍ നാലാംസ്ഥാനം ഗുജറാത്ത് അലങ്കരിക്കുകയുംചെയ്യുന്നു. മൂന്ന് അമ്മമാരില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നും യുനിസെഫ് പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് മാതൃ-ശിശു മരണ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിലും ഗുജറാത്തിന് ഏറെയൊന്നും മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗുജറാത്തിന് മുന്നേറ്റം നടത്താനായിട്ടില്ല. സാക്ഷരതയുടെ കാര്യത്തില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിനുള്ളത്. നൂറു ശതമാനം കുട്ടികളെയും സ്കൂളിലേക്ക് നയിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് ബിജെപിയുടെ പ്രകടനപത്രിക കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും ആവര്‍ത്തിച്ചെങ്കിലും ഇനിയും ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്കൂളുകളില്‍ മൊത്തത്തിലുള്ള കൊഴിഞ്ഞുപോക്ക് രണ്ടു ശതമാനമായി തുടരുന്നു. കുട്ടികളെ സ്കൂളില്‍ സ്ഥിരമായി ഇരുത്തുന്നതില്‍ 18-ാം സ്ഥാനത്താണ് ഇപ്പോഴും ഗുജറാത്ത്. യുഎന്‍ഡിപി റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ കുട്ടികള്‍ ശരാശരി 11.3 വര്‍ഷം സ്കൂളുകളില്‍ പഠിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 8.79 വര്‍ഷംമാത്രമാണ്. വിദ്യാഭ്യാസത്തിനായി സ്വകാര്യമേഖലയെയാണ് മോഡി സര്‍ക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. സര്‍ക്കാര്‍മേഖലയെ തീര്‍ത്തും അവഗണിച്ചു.

മനുഷ്യവികസന സൂചികയില്‍ ഗുജറാത്ത് പിന്നോട്ടുപോകാന്‍ പ്രധാന കാരണം കുറഞ്ഞ കൂലിയും ശമ്പളവുമാണ്. വ്യവസായങ്ങള്‍ ഏറെയുണ്ടെങ്കിലും അതില്‍ ജോലിയെടുക്കുന്നവര്‍ക്ക് അന്തസ്സോടെ ജീവിതം നയിക്കാനുള്ള കൂലി ലഭിക്കുന്നില്ല. കൂലിയുടെ കാര്യത്തില്‍ 14-ാം സ്ഥാനത്താണ് ഗുജറാത്ത്. എന്‍എസ്എസ്ഒയുടെ 2011ലെ റിപ്പോര്‍ട്ടനുസരിച്ച് അസംഘടിത മേഖലയില്‍, നഗരപ്രദേശങ്ങളില്‍ കൂലി 106 രൂപയാണ്. ഗ്രാമപ്രദേശങ്ങളില്‍ 83ഉം. വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളേക്കാളും അധികമാണ് ഗുജറാത്തില്‍. ഭക്ഷണം, ഇന്ധനം, വസ്ത്രം എന്നിവയുടെ ചെലവ് എടുത്താല്‍ രാജ്യത്ത് എട്ടാമത്തെ ചെലവേറിയ സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിലെ 67 ശതമാനം വീടുകളിലും കക്കൂസില്ല. മലനീകരണത്തിന്റെ കാര്യത്തിലും ഗുജറാത്ത് മുന്നിലാണ്. വ്യവസായനഗരമായ വാപിയിലും അങ്കലേശ്വറിലും മലിനീകരണം 88 ശതമാനമാണ്. ജനങ്ങളുടെ ജീവിതസുരക്ഷയേക്കാള്‍ വ്യവസായികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന മോഡിയുടെ നയമാണ് ഇവിടെ വെളിവാകുന്നത്. (അവസാനിക്കുന്നില്ല)

ഗുജറാത്തിന്റെ കറുത്ത മോടി

പ്രൊഫ. കെ എന്‍ ഗംഗാധരന്‍
Posted on: 05-May-2013 11:25 PM
ഗുജറാത്തില്‍നിന്ന് കേരളത്തിന് എന്തെങ്കിലും പഠിക്കാനുണ്ടോ? മന്ത്രി ഷിബു ബേബിജോണിന് എന്തു പാഠമാകും കേരള മുഖ്യമന്ത്രിക്കു കൈമാറാന്‍ മോഡി നല്‍കിയിരിക്കുക? പ്ലാനിങ് കമീഷന്റെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ ചേര്‍ത്ത കണക്ക് കാണുക.


ഏതൊരു സമൂഹത്തിന്റെയും ജീവിത ഗുണനിലവാരത്തിന്റെ സൂചകങ്ങളാണ് ഈ പട്ടികയില്‍. കുറഞ്ഞ ഭക്ഷണവും താഴ്ന്ന വിദ്യാഭ്യാസവും മോശപ്പെട്ട വൈദ്യസഹായവും കുറഞ്ഞവേതനവുമുള്ള ഒരു ജനതയ്ക്ക് ആയുര്‍ദൈര്‍ഘ്യം കുറവായിരിക്കും; ശിശുമരണ നിരക്ക് കൂടുതലും. ജനനനിരക്കും മരണനിരക്കും ഉയര്‍ന്നതായിരിക്കും. ഇതാണ് ഗുജറാത്ത് നല്‍കുന്ന പാഠം. നേരെ എതിര്‍ചിത്രമാണ് കേരളം സമ്മാനിക്കുന്നത്. കേരളീയനേക്കാള്‍ പത്തുകൊല്ലം കുറവാണ് ഗുജറാത്തുകാരന്റെ ആയുര്‍ദൈര്‍ഘ്യം. ഗുജറാത്തില്‍ ജനിക്കുന്ന 1000 കുഞ്ഞുങ്ങളില്‍ 48 പേര്‍ ഒരു വയസ്സ്് പൂര്‍ത്തിയാക്കുന്നതിനു മുമ്പേ മരണപ്പെടുന്നു. ഗുജറാത്തിലെ ശിശുമരണനിരക്കിന്റെ നാലിലൊന്നുമാത്രമാണ് കേരളത്തില്‍. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചപ്പോള്‍ ഗുജറാത്തിലെ സാക്ഷരതാനിരക്ക് 79 ശതമാനം മാത്രമാണ്. സ്ത്രീകളില്‍ 71 ശതമാനത്തിനേ എഴുത്തും വായനയും അറിയൂ. കേരളത്തില്‍ 92 ശതമാനം സ്ത്രീകള്‍ സാക്ഷരരാണ്. ഇത് രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്നതാണ്.

ജനങ്ങള്‍ക്ക് സ്ഥിരമായ ജോലിയും ന്യായമായ കൂലിയും ഉണ്ടെങ്കിലേ പ്രസവിക്കുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ഉറപ്പാക്കാനാകൂ. ഭക്ഷണവും ആരോഗ്യസുരക്ഷയും വിദ്യാഭ്യാസവും പോഷകാഹാരക്കുറവ് മറികടക്കാന്‍ അത്യാവശ്യമാണ്. 2011ല്‍ ദേശീയ മനുഷ്യവികസന റിപ്പോര്‍ട്ട് പോഷകാഹാരക്കുറവ് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്.

പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഗുജറാത്താണ്. അഞ്ചുവയസ്സ് തികയാത്ത കുഞ്ഞുങ്ങളില്‍ 69.7 ശതമാനം പേരും പോഷകാഹാരക്കുറവുമൂലം വിളര്‍ച്ചാരോഗ ബാധിതരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 45 ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രായത്തിനൊത്ത തൂക്കമില്ല. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ലേഖകന്‍ നരേന്ദ്ര മോഡിയോട് ഉന്നയിച്ച ചോദ്യവും അതിന് മോഡി നല്‍കിയ മറുപടിയും ഏറെ വിവാദം സൃഷ്ടിച്ചതാണ്.

സാമ്പത്തികവളര്‍ച്ച കൈവരിച്ച ഗുജറാത്തില്‍ എന്തുകൊണ്ടാണ് ഭൂരിപക്ഷം കുഞ്ഞുങ്ങളും മെലിഞ്ഞ് വിളര്‍ത്ത് ഇരിക്കുന്നത് എന്നാണ് ലേഖകന് അറിയേണ്ടിയിരുന്നത്. ഗുജറാത്തുകാര്‍ സസ്യഭുക്കുകളാണെന്നും അവര്‍ സൗന്ദര്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നും ആയതിനാല്‍ വണ്ണം വയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു "വികസന നായക"ന്റെ മറുപടി. അതിലൂടെ വിലപ്പെട്ട രണ്ടു വിജ്ഞാനശകലങ്ങളാണ് അദ്ദേഹം സാക്ഷരലോകത്തിന് നല്‍കിയത്. ഒന്ന് സസ്യാഹാരത്തില്‍ പോഷകമൂല്യം ഇല്ല. രണ്ട് വണ്ണമുള്ളവര്‍ സൗന്ദര്യ രഹിതരാണ്.

ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ചയെ കോര്‍പറേറ്റുകളും അവ നിയന്ത്രിക്കുന്ന മാധ്യമങ്ങളും ഉയര്‍ന്ന വരുമാനക്കാരും മുക്തകണ്ഠം പ്രശംസിക്കുക മാത്രമല്ല, നരേന്ദ്രമോഡിയെ രാജ്യം മാതൃകയാക്കണമെന്നു ഉപദേശിക്കുകയും ചെയ്യുന്നു. എന്താണ് അതിനു കാരണം? യഥേഷ്ടം മൂലധനനിക്ഷേപം നടത്താന്‍ മോഡി അനുവദിക്കുന്നു. വന്‍കിട വ്യവസായികള്‍ക്കുമേല്‍ ഒരു നിയന്ത്രണവുമില്ല. വളരെ അയഞ്ഞ തൊഴില്‍ നിയമങ്ങളാണ് ഗുജറാത്തിലുള്ളത്. സ്വതന്ത്ര സാമ്പത്തികമേഖലയുടെ പേരില്‍ (ഫ്രീ ഇക്കണോമിക് സോണ്‍) ഗുജറാത്തിലെ കൃഷിഭൂമിയുടെ 40 ശതമാനവും വന്‍കിട കോര്‍പറേറ്റുകളുടെ കൈകളില്‍ എത്തിച്ചു. വന്‍തോതിലുള്ള മൂലധന നിക്ഷേപത്തിലൂന്നിയ വന്‍കിട വ്യവസായങ്ങളാണ് ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ആണിക്കല്ല്. വളര്‍ച്ചയ്ക്കുള്ള പരക്കംപാച്ചിലില്‍ സാധാരണക്കാരെ മോഡി നിര്‍ദാക്ഷിണ്യം കൈയൊഴിഞ്ഞു. മൂലധനനിക്ഷേപം, വന്‍കിട വ്യവസായങ്ങള്‍, ലാഭം, ഉല്‍പ്പാദനം- ഇവയാണ് മോഡിയുടെ വികസനമന്ത്രം. വികസനം സാധാരണക്കാര്‍ക്കു പ്രയോജനപ്പെടുന്നുണ്ടോ എന്നത് അജന്‍ഡയിലില്ല. ഗുജറാത്ത് വ്യവസായവളര്‍ച്ച കൈവരിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഗുജറാത്തിന്റെ ആഭ്യന്തരവരുമാനത്തില്‍ വ്യവസായമേഖലയുടെ സംഭാവന 36.1 ശതമാനമാണ്. കേരളത്തില്‍ 20.22 ശതമാനവും. ആഭ്യന്തരവരുമാന വളര്‍ച്ചയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. ഗുജറാത്തിലെ കഴിഞ്ഞ ആറുവര്‍ഷത്തെ ശരാശരി വളര്‍ച്ച നിരക്ക് 9.3 ശതമാനമാണ്. കേരളത്തിന്റേത് 8.43 ശതമാനവും. ഉയര്‍ന്ന വളര്‍ച്ച നിരക്ക് നരേന്ദ്രമോഡിയുടെ മാത്രം സംഭാവനയാണ് എന്നു കരുതേണ്ട. 2001ലാണ് മോഡി അധികാരത്തിലെത്തുന്നത്. അതിനുമുമ്പുതന്നെ ഗുജറാത്ത് ഭേദപ്പെട്ട വളര്‍ച്ച കൈവരിച്ചിരുന്നു. മോഡി, പ്രസ്തുത വളര്‍ച്ചയ്ക്ക് മുതലാളിത്തമുഖം നല്‍കി. അക്ഷരാര്‍ഥത്തില്‍ നവ ഉദാരവല്‍ക്കരണനയം നടപ്പാക്കി. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള തുറമുഖങ്ങളിലൊന്ന് ഗുജറാത്തിലാണ്. വിദേശരാജ്യങ്ങളുമായി നല്ല കച്ചവടബന്ധം സ്ഥാപിക്കാന്‍ തുറമുഖത്തിന്റെ സാന്നിധ്യം സഹായിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചില്ലായിരുന്നെങ്കില്‍, സൂറത്ത് വ്യവസായ നഗരം രാജ്യത്തെ വ്യവസായവിപ്ലവത്തിന് തിരികൊളുത്തുമായിരുന്നു എന്നൊരു ചൊല്ലുതന്നെയുണ്ട്. വൈദ്യുതിയിലും എണ്ണയിലും സമ്പന്നമാണ് ഗുജറാത്ത്. പ്രകൃതിവിഭവങ്ങളാല്‍ അനുഗ്രഹീതമാണ്. ജാംഷെഡ്ജി ടാറ്റായുടെയും ധീരുഭായ് അംബാനിയുടെയും അസിം പ്രേംജിയുടെയും ജന്മനാടാണ്. അനുകൂല സാഹചര്യങ്ങള്‍ മോഡിയുടെ ശ്രമങ്ങള്‍ക്ക് അടിത്തറനല്‍കി.

2001-02 മുതല്‍ 2011-12 വരെ പത്തുകൊല്ലത്തിനിടയ്ക്ക് ആഭ്യന്തരവരുമാനം പ്രതിവര്‍ഷം 10 ശതമാനം കണ്ട് വര്‍ധിച്ചു. എന്നാല്‍, ദാരിദ്ര്യം ഒരു പ്രധാന പ്രശ്നമായി പരിഹാരമില്ലാതെ തുടരുന്നു. സാമ്പത്തികവളര്‍ച്ചകൊണ്ട് ദാരിദ്ര്യം തുടച്ചുനീക്കപ്പെടില്ല. ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയെ അടിസ്ഥാനമാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചികപ്രകാരം, ഗുജറാത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 11-ാം സ്ഥാനത്ത് നില്‍ക്കുന്നു. കേരളം ദാരിദ്ര്യലഘൂകരണത്തില്‍ ഒന്നാം സ്ഥാനത്തും. 23 ശതമാനം ജനങ്ങള്‍ ഗുജറാത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നു. കേരളത്തില്‍ 13 ശതമാനവും.

സങ്കുചിതമായ അര്‍ഥത്തില്‍ ഗുജറാത്ത് സാമ്പത്തികവളര്‍ച്ച കൈവരുത്തുമ്പോഴും വളര്‍ച്ചയുടെ പ്രയോജനം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗത്തെ നരേന്ദ്രമോഡി സൃഷ്ടിച്ചു; പോഷകാഹാരവും വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും നിഷേധിക്കപ്പെട്ട ഒരു തലമുറയെ. അങ്ങനെ നരേന്ദ്രമോഡി രണ്ടു ഗുജറാത്തിനെ സൃഷ്ടിച്ചു. സമ്പന്നരുടെ ഗുജറാത്തും  ദരിദ്രരുടെ ഗുജറാത്തും. 2013-14 ലെ സംസ്ഥാന ബജറ്റിനുമുന്നോടിയായി അവതരിപ്പിച്ച സാമൂഹിക- സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു: ""2001 മുതല്‍ സംസ്ഥാനം കൈവരിച്ച സാമ്പത്തിക പുരോഗതിയോടു നീതിപുലര്‍ത്തുന്ന മുന്നേറ്റം മനുഷ്യവികസന രംഗത്ത് ഉണ്ടാക്കാനായില്ല. വികസനനേട്ടങ്ങള്‍ ജനങ്ങളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ ഉതകിയില്ല."" എന്താണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്? വികസനം ഒരു വഴിയെ, ജനജീവിതാവസ്ഥ മറുവഴിയെ എന്നല്ലേ? ഗുജറാത്ത് "വികസനമാതൃക"യുടെ പ്രത്യാഘാതങ്ങള്‍ പലതാണ്.

തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്നതാണ് പ്രധാന പ്രത്യാഘാതം. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം, 1993-94 മുതല്‍ 2004-05 വരെ പ്രതിവര്‍ഷം തൊഴിലവസരങ്ങളുടെ വര്‍ധന 2.69 ശതമാനമായിരുന്നു. എന്നാല്‍, 2004-05 മുതല്‍ 2009-10 വരെ തൊഴില്‍ലഭ്യതാ വളര്‍ച്ചാനിരക്ക് പൂജ്യം ശതമാനമായി ചുരുങ്ങി. സംഘടിതമേഖലയിലെ തൊഴിലവസരങ്ങള്‍ ഇടിഞ്ഞു. അപ്രകാരം തൊഴില്‍ നഷ്ടപ്പെട്ടവരും സ്വതന്ത്ര സാമ്പത്തികമേഖലയുടെ പേരില്‍ ഭൂമിയും വരുമാനവും നഷ്ടമായവരും അസംഘടിതമേഖലയെ അഭയം പ്രാപിച്ചു.

ഗുജറാത്തിലെ പുരുഷതൊഴിലാളികളില്‍ 89 ശതമാനവും സ്ത്രീത്തൊഴിലാളികളില്‍ 98 ശതമാനവും അസംഘടിതമേഖലയിലാണ് തൊഴിലെടുക്കുന്നത്. കുറഞ്ഞ കൂലിയും ജോലിസ്ഥിരതയില്ലായ്മയുമാണ് അസംഘടിതമേഖലയുടെ പ്രത്യേകത. ഗ്രാമങ്ങളിലെ പുരുഷ തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി 69 രൂപയും സ്ത്രീത്തൊഴിലാളികളുടേത് 56 രൂപയുമാണ്. പട്ടണങ്ങളില്‍ യഥാക്രമം 106 ഉം, 56 ഉം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാണ്. ഉദാഹരണമായി, പ്രധാനനഗരമായ അഹമ്മദാബാദില്‍ ഉപഭോക്തൃവിലസൂചിക 2009-10ല്‍ 157 ആയിരുന്നു. 2012-13ല്‍ അത് 209 ആയി വര്‍ധിച്ചു. അതായത് 33 ശതമാനം വര്‍ധന, പ്രതിവര്‍ഷം 10 ശതമാനം നിരക്കില്‍. കര്‍ഷകത്തൊഴിലാളികളുടെ ഉപഭോക്തൃവില സൂചിക 2012-13 നകമുള്ള അഞ്ചുവര്‍ഷവും പ്രതിവര്‍ഷം 11.74 ശതമാനം നിരക്കില്‍ വര്‍ധിച്ചു.

 സാധാരണക്കാര്‍ക്ക് പ്രയോജനകരമാകേണ്ട പൊതുവിതരണ സമ്പ്രദായം ദുര്‍ബലമാണ്. ബിപിഎല്‍ കുടുംബത്തിന് ഒരാഴ്ച മൂന്നുരൂപ നിരക്കില്‍ ലഭിക്കുന്നത് മൂന്ന് കിലോ അരി മാത്രമാണ്. സ്പെഷ്യല്‍ അരി കിട്ടണമെങ്കില്‍ ഏഴുരൂപ നല്‍കണം. ഏഴുരൂപ നിരക്കില്‍ എട്ടുകിലോ അരി ലഭിക്കും. രണ്ടുരൂപ നിരക്കില്‍ 13 കിലോ ഗോതമ്പും. കേരളവും ഗുജറാത്തും തമ്മിലെ താരതമ്യം രണ്ടു ഗുണപാഠങ്ങള്‍ നമുക്കുനല്‍കുന്നു. ഒന്നാമതായി, മുതലാളിത്തപരമായ ഉല്‍പ്പാദനത്തില്‍ അധിഷ്ഠിതമായ സാമ്പത്തികവളര്‍ച്ച ജനജീവിതം മെച്ചപ്പെടുത്തുകയില്ല. ഗുജറാത്ത് നല്‍കുന്ന പാഠമാണത്.

രണ്ട്, സ്വത്തുടമാബന്ധങ്ങളിലെ മാറ്റങ്ങള്‍ സാധാരണക്കാരുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്തും. കേരളം നല്‍കുന്ന പാഠമാണിത്. ജന്മികള്‍ ഭൂമി കൈയടക്കിവച്ചിരുന്ന കാലത്തെ ജീവിതാവസ്ഥയും ഭൂപരിഷ്കരണത്തെതുടര്‍ന്ന് നിലവില്‍വന്ന ജീവിതാവസ്ഥയും തമ്മില്‍ അജഗജാന്തരമുണ്ട്. 1957ലെ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കാരവും വിദ്യാഭ്യാസ പരിഷ്കാരവും കേരളീയ ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നു. സമ്പൂര്‍ണ സാക്ഷരതാ പ്രസ്ഥാനവും അധികാരവികേന്ദ്രീകരണവും സാമൂഹ്യസുരക്ഷാപദ്ധതികളും റേഷന്‍ സമ്പ്രദായവും തൊഴില്‍ നിയമങ്ങളും സാധാരണക്കാരുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. അവയുടെയെല്ലാം ആകത്തുകയാണ് ലോകം ആദരിക്കുന്ന കേരള വികസന മാതൃക.

2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

പ്രപഞ്ചത്തിന് എത്ര വയസ്സായി ?

 ജോജി കൂട്ടുമ്മേല്‍

പ്രപഞ്ചത്തിന് എത്ര വയസ്സായി എന്ന ചോദ്യം ശാസ്ത്രത്തിന് എന്നും ഒരേസമയം കൗതുകകരവും കീറാമുട്ടിയുമായിരുന്നു.പ്രപഞ്ചം എന്നാണ് ഉണ്ടായത് എന്നാണാ ചോദ്യത്തിന്റെ അര്‍ത്ഥം. പലരും പല ഉത്തരങ്ങളും പറഞ്ഞു. പ്രപഞ്ചം ഉണ്ടായതെങ്ങനെ എന്ന് വിശദീകരിച്ചുകൊണ്ടേ ഇതിന്റെ ഉത്തരം കണ്ടെത്താനാവൂ എന്നതാണ് പ്രശ്നത്തെ ഒരു പ്രഹേളികയാക്കി മറ്റിയത്.

അത് വിശദീകരിക്കാന്‍ ഇപ്പോള്‍ പല സിദ്ധാന്തങ്ങളും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. പ്രപഞ്ചം ഏതെങ്കിലുമൊരു സമയത്ത് ഉണ്ടായതല്ല, എക്കാലവും ഇവിടെ ഉണ്ടായിരുന്നതാണ് എന്നൊരു ഉത്തരം കൊണ്ട് ആശ്വസിക്കാനും ചിലര്‍ ശ്രമിക്കാതിരുന്നില്ല. എന്തായാലും മേല്‍പ്പറഞ്ഞ ചോദ്യത്തിന് പുതിയ ഒരുത്തരം ലഭിച്ചിരിക്കുന്നു. 1382 കോടി എന്നാണ് പുതിയ ഉത്തരം.നേരത്തെ കരുതിയിരുന്നത് 1377 കോടി വര്‍ഷങ്ങള്‍ എന്നായിരുന്നു. സാധാരണ ശാസ്ത്രകാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഏകദേശം 1400 കോടി പഴക്കമുള്ള പ്രപഞ്ചം എന്ന് പറായാറുള്ളത് ശ്രദ്ധിച്ചിരിക്കുമല്ലോ?

അവിടെ നിന്ന് ഏതാണ്ട് കൃത്യമെന്ന് കരുതാവുന്ന ഒരു ഉത്തരത്തിലേയ്ക്കാണ് ശാസ്ത്രലോകം ഇപ്പോള്‍ എത്തിയിട്ടുള്ളത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സി -യുടെ പ്ലാങ്ക് ദൂരദര്‍ശിനിയാണ് പുതിയ അറിവുകള്‍ക്ക് കാരണമായ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. പ്ലാങ്ക് ദൂരദര്‍ശിനി ബഹിരാകാശത്ത് ഭൂമിയില്‍ നിന്ന് ഒരു ലക്ഷം മൈലുകള്‍ അകലെയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതില്‍ നിന്നുള്ള ആദ്യത്തെ ചിത്രം ലഭിച്ചത് 2010ല്‍ ആയിരുന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ നോട്ടത്തില്‍ നിസ്സാരമെന്ന് തോന്നാം. കാരണം നമ്മുടെ സാമാന്യ ധാരണകളില്‍ 1377 കോടിയും 1382 കോടിയും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണല്ലോ? 1377-1382 കോടികളുടെ കണക്കില്‍ അഞ്ച് കോടിയുടെ വ്യത്യാസം നമ്മെ സംബന്ധിച്ച് കണക്കിലെടുക്കാനും മാത്രം വലിപ്പമുള്ളതല്ല.


പക്ഷേ പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ച ധാരണയില്‍ ഈ വ്യത്യാസം വളരെ വലുത് തന്നെയാണ്. എന്നു തന്നെയല്ല ഇത്തരം പഠനങ്ങളില്‍ കൃത്യതയ്ക്ക് വലിയ പ്രാധാന്യവുമുമുണ്ടല്ലോ? എങ്ങനെയാണ് പ്ലാങ്ക് ദൂരദര്‍ശിനി പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്? പ്രപഞ്ചത്തിന്റെ ശൈശവദശയില്‍ ഉണ്ടായതും ഇപ്പോഴും തുടരുന്നതുമായ പ്രപഞ്ച പശ്ചാത്തല വികിരണത്തിന്റെ ചിത്രമെടുക്കുകയാണ് ഈ ദൂരദര്‍ശിനി ചെയ്യുന്നത്. മഹാസ്ഫോടനത്തിലൂടെ പ്രപഞ്ചം രൂപപ്പെട്ടതിന് ശേഷം മൂന്ന് ലക്ഷം വര്‍ഷം കഴിഞ്ഞപ്പോഴുണ്ടായ ചില സവിശേഷ സാഹചര്യത്തില്‍ രൂപപ്പെട്ട വികിരണങ്ങളാണ് പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങള്‍ എന്നറിയപ്പെടുന്നത്. തുടക്കത്തില്‍ പ്രപഞ്ചത്തിലെ മുഴുവന്‍ ദ്രവ്യവും ഊര്‍ജ്ജവും സമയവും കാലവും എല്ലാം ചേര്‍ന്ന് ശുന്യതയോളം പോന്ന ഒരു സൂക്ഷ്മ കണികയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുകയായിരുന്നുവെന്നും അത് ഒരു മഹാസ്ഫോടനത്തിന് വിധേയമായി പ്രപഞ്ചം രൂപപ്പെടുകയായിരുന്നു എന്നുമാണ് മഹാസ്ഫോടന സിദ്ധാന്തം പറയുന്നത്.

സ്ഫോടനത്തിന്റെ ഫലമായി ശൂന്യതയോളം പോന്ന കണിക പൊട്ടിത്തെറിച്ച് നമ്മുടെ സൗരയൂഥത്തിനോളം വലിപ്പത്തിലേയ്ക്ക് മാറാന്‍ ഒരു സെക്കന്റിന്റെ ഒരു ലക്ഷം കോടിയില്‍ ഒരംശം സമയമേ വേണ്ടിവന്നുള്ളൂ. പ്രകാശ വേഗതയേക്കാള്‍ കൂടിയ വേഗതയിലായിരുന്നു പൊട്ടിത്തെറി എന്നര്‍ത്ഥം. ഈ സമയത്തിനിടയില്‍ തന്നെ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ ആ വിശദാംശങ്ങളിലേയ്ക്ക് നാമിപ്പോള്‍ കടക്കുന്നില്ല. ആ സമയത്ത് പ്രപഞ്ചത്തിന് പത്ത് ലക്ഷം കോടി കെല്‍വിന്‍ ചൂട് ഉണ്ടായിരുന്നു. എന്ന് പറഞ്ഞാല്‍ ഏകദേശം 9,99,726.85 കോടി ഡിഗ്രി സെല്‍ഷ്യസ്. അവിടെ നിന്ന് പ്രപഞ്ചത്തിന്റെ പ്രായം മൂന്ന് മിനുട്ടാകുന്നത് വരെ മൂന്ന് ഘട്ടങ്ങളിലായി പ്രപഞ്ചോല്‍പ്പത്തിയുടെ നിര്‍ണ്ണായക വികാസങ്ങള്‍ സംഭവിക്കുന്നുണ്ട്. മൂന്നാം മിനുട്ടില്‍ നാലാംഘട്ടം ആരംഭിക്കുന്നു. അപ്പോള്‍ താപനില 1,00,00,00,000 കെല്‍വിന്‍ ആയിരുന്നു. മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം പ്രപഞ്ചത്തിന്റെ താപനില 3000 കെല്‍വിന്‍ ആയിത്താണു. അതായത് ഏകദേശം 2700 ഡിഗ്രി സെല്‍ഷ്യസ്. അക്കാലത്താണ് പ്രോട്ടോണുകളും ന്യൂട്രോണുകളും ചേര്‍ന്നുണ്ടായ അണുകേന്ദ്രങ്ങള്‍ ഇലക്ട്രോണുകളെ പിടിച്ചെടുത്ത് വൈദ്യുതി ചാര്‍ജ്ജില്ലാത്ത അണുക്കളെ സൃഷ്ടിച്ചത്. ആ സമയം മുതല്‍ പ്രപഞ്ചം പ്രകാശത്തിന് സുതാര്യമായി. ദ്രവ്യവും ഉര്‍ജ്ജവും വേര്‍പിരിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രാപഞ്ചിക പശ്ചാത്തല വികിരണം രൂപപ്പെടാന്‍ വഴിയൊരുങ്ങിയത്. പ്രപഞ്ചത്തിന്റെ പ്രായം മൂന്ന് മിനുട്ടായപ്പോള്‍ തുടങ്ങിയ ഈ നാലാംഘട്ടം അവസാനിക്കുന്നത് പ്രപഞ്ചത്തിന് ഒരു കോടി വയസ്സായപ്പോളാണ്.


അങ്ങനെ വന്നാല്‍ പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങളുടെ ചിത്രം എടുത്ത് അവയെ മാപ്പ് ചെയ്യാന്‍ കഴിഞ്ഞാല്‍, അവയുടെ വ്യത്യസ്ത കിരണങ്ങളുടെ സ്വഭാവം വിലയിരുത്തി യാല്‍, പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കാം. ഇപ്പോഴത്തെ പഠനത്തില്‍ പ്ലാങ്ക് ദൂരദര്‍ശിനി പ്രപഞ്ചോല്‍പത്തിക്ക് ശേഷം 3,80,000 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴുണ്ടായ പശ്ചാത്തല വികിരണങ്ങളുടെ ചിത്രമാണ് എടുത്തത്. അക്കാലം യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ ശൈശവദശതന്നെയായിരുന്നു. കാരണം പ്രപഞ്ചമുണ്ടായി ഏതാനും ശതകോടി വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞാണ് നമ്മുടെ താരാപഥമുണ്ടാകുന്നത്. ആയിരം കോടി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് സൂര്യനും ഭൂമിയും ഉണ്ടാകുന്നത്.

ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്നു കാണുന്ന സ്ഥിതിയിലായത്. അപ്പോള്‍ 3,80,000 വര്‍ഷമെന്നത് പ്രപഞ്ചത്തിന്റെ ശൈശവദശയായിരുന്നുവെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ? പുതിയ കണ്ടുപിടിത്തം പുതിയ ഒട്ടനവധി അറിവുകളേയും അറിവുകള്‍ക്കുള്ള സാധ്യതകളേയും തുറന്ന് തരുന്നുണ്ട്. കാരണം 1371.96 കോടി വര്‍ഷം മുമ്പുള്ള കിരണങ്ങളാണ് ഇപ്പോള്‍ പഠന വിധേയമാക്കുന്നത്. അതുകൊണ്ടുതന്നെ ഭൂതകാലത്തേക്കുറിച്ചുള്ള ധാരാളം അറിവുകള്‍ അതില്‍നിന്ന് കിട്ടും.

ഒന്നാമത്തേത് പ്രപഞ്ചത്തിന്റെ പ്രായം തന്നെ. അതാണാദ്യം പറഞ്ഞത്. ചെറുതെങ്കിലും സുപ്രധാനമായ ഒരു തിരുത്ത് അതില്‍ വരുത്തിയിരിക്കുന്നു. രണ്ടാമത്തേത് ദ്രവ്യത്തിന്റേയും ഇരുണ്ടദ്രവ്യത്തിന്റേയും അളവുകള്‍ സംബന്ധിച്ച പഠനമാണ്. ഇവയുടെ അളവുകള്‍ തമ്മിലുള്ള അനുപാതം എത്രയെന്ന് കൃത്യമായി അറിയില്ല. പ്രപഞ്ചത്തിലെ മൊത്തം കണക്കെടുത്താല്‍ 77% മാത്രമേ ദ്രവ്യം ഉള്ളൂ എന്നാണ് കണക്കാക്കുന്നത്. ബാക്കി 23% ഇരുണ്ടദ്രവ്യമാണ്. ഇരുണ്ട ദ്രവ്യത്തെ പരീക്ഷണ ശാലയില്‍ കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആല്‍ഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററില്‍ നിന്ന് ഈയിടെ ലഭിച്ച ചില പരീക്ഷണ ഫലങ്ങള്‍ ഇരുണ്ടദ്രവ്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ തരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുണ്ടദ്രവ്യത്തെ നമുക്ക് ഇങ്ങനെ വിശദീകരിക്കാം. പ്രപഞ്ചത്തിലെ മുഴുവന്‍ നക്ഷത്ര സമൂഹങ്ങളുടേയും മറ്റ് നക്ഷത്രാന്തര പടലങ്ങളുടേയും ആകാശ ഗോളങ്ങളുടേയും ഭാരവും പിണ്ഡവും അവയുടെ ചലന വേഗതയും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. ന്യൂട്ടന്റെ ഗുരുത്വാകര്‍ ഷണ നിയമവും കെപ്ലറുടെ ഗ്രഹ ചലന നിയമവുമാണ് ആകാശ ഗോളങ്ങളുടെ ചലനങ്ങളെ മനസ്സിലാക്കാന്‍ ശാസ്ത്രലോകം ഉപയോഗിക്കുന്നത്. ഇതനുസരിച്ച് ഭാരിച്ച ഒരു കേന്ദ്ര വസ്തുവിനെ പ്രദക്ഷിണം ചെയ്യുന്ന രണ്ട് ഗോളങ്ങളെ സങ്കല്‍പ്പിക്കുക. ഈ ഗോളങ്ങളില്‍ കേന്ദ്ര വസ്തുവിന് അടുത്തുള്ള ഗോളം അകലെയുള്ളതിനേക്കാള്‍ കൂടിയ വേഗതയില്‍ പ്രദക്ഷിണം ചെയ്യും. സൗരയൂഥത്തില്‍ ശനിയേക്കാള്‍ കൂടിയ ഭ്രമണ വേഗത ബുധന് ഉണ്ട്. എന്നാല്‍ ആന്‍ഡ്രോ മീഡ നക്ഷത്ര സമൂഹത്തിലെ നക്ഷത്രങ്ങളെ നിരീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായ ചില ഫലങ്ങള്‍ കിട്ടി. അതായത് താരാപഥ കേന്ദ്രത്തോട് അടുത്തുള്ള പല നക്ഷത്രങ്ങളും അകലെയുള്ളതിനേക്കാള്‍ പതുക്കെ പ്രദക്ഷിണം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡ്രോമിഡ താരാപഥത്തിന്റെ യഥാര്‍ത്ഥ ഭാരം കണക്കാക്കി. അപ്പോള്‍ അവയില്‍ ദൃശ്യമായ ദ്രവ്യത്തിനുള്ളതിനേക്കാള്‍ കൂടുതല്‍ ഭാരം അതിന് ഉണ്ടെന്ന് മനസ്സിലായി. ഈ അധിക ഭാരം അദൃശ്യമായ ദ്രവ്യത്തിന്റേതാണെന്ന് ഊഹിച്ചു. കാണാനാവാത്ത ഈ ദ്രവ്യമാണ് ഇരുണ്ടദ്രവ്യം എന്നറിയപ്പെടുന്നത്. പിന്നീട് പല നക്ഷത്ര സമൂഹങ്ങളിലും ഇതേ പ്രതിഭാസം കാണപ്പെട്ടു. ഇരുണ്ടദ്രവ്യം കൊണ്ട് മാത്രം രൂപപ്പെട്ട താരപഥങ്ങള്‍ തന്നെയുണ്ടെന്ന് വാദിക്കപ്പെട്ടു. ഇത്തരം സഹചര്യത്തെളിവുകള്‍ മാത്രമാണ് ഇരുണ്ടദ്രവ്യത്തിനനുകൂലമായി നിലനില്‍ക്കുന്നത്.

ഇതൊരു താത്വിക നിഗമനം മാത്രമാണെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ? മുമ്പ് കരുതിയതിനേക്കാള്‍ അല്‍പം കൂടി കൂടുതല്‍ ദ്രവ്യമുണ്ടാകാമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്ന് കിട്ടുന്ന സൂചന. സ്വാഭാവികമായി ഇരുണ്ടദ്രവ്യം അല്‍പ്പം കുറവുമായിരിക്കും. മറ്റൊന്നുകൂടിയുണ്ട്. പ്രപഞ്ചത്തിന്റെ വികാസം പ്രപഞ്ചം അനുക്രമം വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ് മഹാസ്ഫോടന സിദ്ധാന്തം അനുശാസിക്കുന്നത്. മുമ്പ് വിചാരിച്ചതിനേക്കാള്‍ സാവധാനമാണെന്ന് കൂടി ഈ പരീക്ഷണഫലത്തില്‍ നിന്ന് അനുമാനിക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ എല്ലാ ഗാലക്സികളും നമ്മില്‍ നിന്ന് അകന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. അകല്‍ച്ച കൂടുംതോറും അകലുന്നതിന്റെ വേഗതാനിരക്കും കൂടും. കൂടുതല്‍ അകലെയുള്ളത് കൂടുതല്‍ വേഗതയില്‍ അകന്ന് പോകും. ഇപ്പോള്‍ പഠിച്ചത് ഭൂതകാല കിരണങ്ങളെയാണല്ലോ? അവയില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രപഞ്ചവികാസം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മന്ദഗതിയിലാണെന്നാണ്. പ്രപഞ്ചോല്‍പ്പത്തിക്കുശേഷം ഉണ്ടായ ആദ്യത്തെ വികിരണത്തിന്റെ ചിത്രമെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇവയ്ക്കെല്ലാം ഏറ്റവും ശരിയായ ഉത്തരം കിട്ടൂ.

ആ ആദ്യ കിരണത്തിനും നമുക്കുമിടയില്‍ ഇപ്പോള്‍ ഉള്ളത് പ്രാപഞ്ചിക പശ്ചത്തല വികിരണങ്ങളാണ്. ഈ വികിരണങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുകയാണ് ശാസ്ത്രഞ്ജര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഡയറക്ടര്‍ ജീന്‍ ജാക്വസ് ഡോര്‍ദയിന്‍ പറയുന്നത് ഈ അന്തിമ ഉത്തരം കിട്ടണമെങ്കില്‍ നാം ഏറെദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ടെന്നാണ്. പ്ലാങ്ക് ദൂരദര്‍ശിനിയുടെ ക്ഷമതയും ഗുണമേന്മയും നമ്മെ പഠിപ്പിക്കുന്ന ഒന്നാം പാഠം ഈ വസ്തുതയാണ്.

2013 ഏപ്രിൽ 3, ബുധനാഴ്‌ച

ഇന്ത്യയിലെ സോഷ്യലിയത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്?

റുബാസ്: ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായ

ഇന്ത്യയിലെ സോഷ്യലിയത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്?

കെ.ഇ.എന്‍: ഇന്ത്യന്‍ പാര്‍ലമെന്റ് മാത്രം പരിശോധിച്ചാല്‍ 308-ലേറെ പ്രതിനിധികള്‍ കൊക്കോടീശ്വരന്മാരാണ്. വെറും കോടീശ്വരന്മാരല്ല കൊക്കോടീശ്വരന്മാര്‍. അത് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് കോടീശ്വരന്മാരുടെ ഒരു കൊട്ടാരമായിത്തീര്‍ന്നിരിക്കുന്നു എന്നുള്ളതാണ്. സര്‍ക്കാരിന്; മത്സരിക്കുന്ന സമയത്ത് സ്ഥാനാര്‍ഥികള്‍ സ്വയം എഴുതിക്കൊടുത്ത കണക്കനുസരിച്ചാണ് ഇത് നമ്മളറിയുന്നത്. ഔപചാരികമായ കണക്കാണിത്. ഇത് കൃത്യമല്ല. അത് വേറേ അന്വേഷണം നടത്തേണ്ടതാണ്. അപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും. ആഗോളവല്‍ക്കരണാനന്തര ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അവസ്ഥയാണിത്.

ഇതിന് സോഷ്യലിസവുമായി യാതൊരു ബന്ധവുമില്ല. മുമ്പൊക്കെ എന്ത് പരിമിതികളുണ്ടായിരുന്നെങ്കി
ലും ഇന്ത്യന്‍ പാര്‍ലമെന്റിലും അസംബ്ലിയിലുമൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായി പൊതുപ്രവര്‍ത്തനം നടത്തിയ ആളുകളാണ് എത്തിപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ ഭരണവര്‍ഗരാഷ്ട്രീയം വിജയിപ്പിച്ചെടുത്തത് ഒരു തരത്തിലുള്ള പൊതുപ്രവര്‍ത്തനത്തിന്റെയും ഭൂതകാല വര്‍ത്തമാനകാല പശ്ചാത്തലമില്ലാത്ത കോടീശ്വരന്മാരെയാണ്. ഇവര്‍ക്ക് ഒരിക്കലും ഇന്ത്യയിലെ പീഡിതരായ ജനതയോട് ഐക്യം പ്രഖ്യാപിക്കാന്‍ കഴിയില്ല, അവരുടെ ജീവിതപ്രയാസങ്ങള്‍ മനസിലാക്കാന്‍ പറ്റില്ല. അവര്‍ മൂലധനത്തിന്റെ വളര്‍ച്ചയെ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഒരു കോടിയോളം കോടീശ്വരന്മാരുള്ള രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുകയാണ്. അതേ സമയം '20' രൂപ പോലും ദിവസവരുമാനമില്ലാത്ത കോടിക്കണക്കിനാളുകള്‍ ഇപ്പുറത്തുണ്ട്. അത് കൊണ്ട് സോഷ്യലിസമെന്ന വാക്ക് ഭരണഘടനയെ സംബന്ധിച്ച് വെച്ച് പൊറുപ്പിക്കാനാവാത്ത വിധം ഒരാഡംബരമാണ്. ഈ വാക്ക് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രരെ പരിഹസിക്കുകയാണ്. അതുകൊണ്ട് സോഷ്യലിസമെന്ന വാക്ക് ഒന്നുകില്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അനുകൂലമായ നിയമനടപടികള്‍ നടത്തേണ്ടതാണ്.

റുബാസ്: എന്താണ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ സ്ഥിതി?


കെ.ഇ.എന്‍: ഒരു പരിമിതമായ തോതില്‍ മതേതരത്വം നിലനില്‍ക്കുന്നുണ്ട് എന്നത് ഇന്ത്യന്‍ മതനിരപേക്ഷവാദികളെ സംബന്ധിച്ച് ആവേശകരമാണ്. പക്ഷെ ഒരു മുടന്തന്‍ മതനിരപേക്ഷതയാണ് ഇന്ത്യക്കുള്ളത്. അത് അംഗഭംഗം വന്ന ഒരു മതനിരപേക്ഷതയാണ്. ഇന്ത്യയിലെ ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ദിരിദ്രര്‍ ഇവരൊക്കെ നിരന്തരം പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് രണ്ട് വിധമാണ്. ഒന്ന് സാമ്പത്തിക വിവേചനം, രണ്ട് സാമൂഹിക വിവേചനം.
സാമൂഹികവിവേചനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി സര്‍ക്കാര്‍ നടത്തുന്നില്ലെങ്കില്‍ മതനിപേക്ഷത എന്ന ഭരണഘടനയിലെ മുദ്രാവാക്യവും സോഷ്യലിസം പോലെതന്നെയുള്ള ഒരവസ്ഥയിലേക്ക് എത്തിപ്പെടും. ഇന്ത്യയിന്‍ മതനിരപേക്ഷത നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ അതിനിയും മുന്നോട്ട് പോകണം. ഇന്ത്യക്ക് ഔദ്യോഗിക മതമില്ല എന്നത് തികച്ചും അഭിമാനകരമായ കാര്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പാകിസ്ഥാന്‍ ഇസ്ലാമിക രാജ്യമായത് കൊണ്ട് ഇന്ത്യ ഹിന്ദുരാജ്യമായിരിക്കണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. അതിനെ പൊളിക്കുകയാണ് അംബേദ്കര്‍ മുതല്‍ ഇന്ത്യയിലെ ജനാധിപത്യവാദികള്‍ ചെയ്തത്. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തിന് നല്‍കുന്ന വലിയൊരു സംഭാവനയായി, ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി നില്‍ക്കുകയാണ്. എന്നാല്‍ മതനിരപേക്ഷതയെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണഘടനയില്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പ്രയോഗത്തില്‍ അതിനെക്കാളേറെ പ്രശ്‌നങ്ങളുണ്ട്. മുമ്പും വര്‍ഗീയ കലാപങ്ങളുണ്ടായിട്ടുണ്ട്. ദളിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും വേട്ടയാടപ്പെട്ടിട്ടുണ്ട്. പക്ഷെ ആഗോളവല്‍ക്കരണാനന്തര പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ അത്യധികം ഭീകരമായി പരിണമിക്കുകയുണ്ടായി. ഉദാഹരണമായി ബാബറി മസ്ജിദ് തകര്‍ച്ച, ഗുജറാത്തിലെ വംശഹത്യ, ഒറീസയിലെ വംശഹത്യ, കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളിലും എന്നപോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പല തരത്തിലുള്ള ആക്രമണങ്ങള്‍ ഇതൊക്കെച്ചേര്‍ന്ന് ഇന്ത്യന്‍ മതേതരത്വം എന്നുള്ളത് വെല്ലുവിളിക്കപ്പെടുന്ന തലത്തിലേക്ക് എത്തുന്നു. എങ്കില്‍പോലും ഇന്ത്യ ഇപ്പോഴും ഒരു മതനിരപേക്ഷ രാഷ്ട്രമായി നിശ്ചിതമായ തോതിലെങ്കിലും നിലനില്‍ക്കുന്നു എന്നത് വലിയൊരു സാധ്യതയാണ്.

റുബാസ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലയെന്താണ്?

കെ.ഇ.എന്‍: ഇന്ത്യയിന്‍ പരിമിതമായ തോതിലെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നു എന്ന് പറയാം. അതായത് ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന വോട്ടവകാശം നിലനില്‍ക്കുന്നുണ്ട്. ഔപചാരിക ജനാധിപത്യം നിലനില്‍ക്കുന്നുണ്ട്. പരിമിതമായ തോതിലുള്ള അഭിപ്രായ സ്വാതന്ത്ര്യം പ്രചാരണ സ്വാതന്ത്ര്യം ഇതൊക്കെ ഇന്ത്യയിന്‍ നിലനില്‍ക്കുന്നുണ്ട്. വിശേഷിച്ചും അടിയന്തരാവസ്ഥകാലത്ത് ഒഴിച്ചാല്‍, ആ കാലത്താണ് ഇതെല്ലാം നിഷേധിക്കപ്പെട്ടത്. അന്നത്തെ ഒരവസ്ഥയെ അപേക്ഷിച്ച് ഇന്ന് തീര്‍ച്ചയായിട്ടും ഔപചാരിക ജനാധിപത്യത്തിന്റെ മണ്ഡലങ്ങളില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇത്രയേറെ മതങ്ങളും ഭാഷകളും ഒക്കെയുള്ളൊരു രാജ്യത്ത് ഔപചാരിക ജനാധിപത്യത്തിന്റെ ഒരന്തരീക്ഷം ഉപരിതലത്തിലെങ്കിലും വലിയ പരിക്ക് കൂടാതെ നിലനില്‍ക്കുന്നു എന്നത് തീര്‍ച്ചയായും എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്നതാണ്. അതേ സമയം യഥാര്‍ത്ഥത്തില്‍ ജനാധിപത്യം ആവശ്യപ്പെടുന്ന ജനങ്ങളുടെ വൈവിധ്യപൂര്‍ണമായ ചേര്‍ച്ച, സാമ്പത്തികമായ സുരക്ഷിതത്വം, സാമൂഹികമായ സുരക്ഷിതത്വം, ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ജനാധിപത്യം-പൂര്‍ത്തിയാവുക. ആ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷത്തിനും സാമ്പത്തികമായ അരക്ഷിതത്വവും ഒരേ സമയം സാമൂഹികമായ അരക്ഷിതത്വവും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.

റുബാസ്: ഇന്ത്യയിന്‍ ഔപചാരികമായിട്ടെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നതായി സൂചിപ്പിച്ചു. എന്താണ് അതിന്റെ കാരണം?

കെ.ഇ.എന്‍: ദീrഘമായ സാമ്രാജ്യത്വ വിരുദ്ധസമരത്തിലൂടെയാണ് ഇന്ത്യ ആധുനിക സമൂഹമായി മാറുന്നത്. എന്തൊക്കെ തരത്തിലുള്ള പരിമിതികളുണ്ടെങ്കിലും സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ സജീവമായ ഒരു ധാര ഇന്ത്യയിl ഇന്നും സുശക്തമായി തുടരുകയാണ്. പിന്നെ വ്യത്യസ്ത മതങ്ങളുടേയും അതുപോലെ വ്യത്യസ്ത ഭാഷാസമൂഹങ്ങളുടേയും ഒക്കെ ജീവിതത്തിലെ കൊടുക്കന്‍ വാങ്ങലുകളില്‍ നിന്നും ഒരു ഇന്ത്യൻ ബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഇതിന് പലതരത്തിലുള്ള ഇന്ത്യന്‍ ജനതയുടെ ഇടപെടല്‍ കാരണമാണ്. ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ ജനാധിപത്യവാദികളും വിവിധ മതങ്ങളില്‍പ്പെട്ടവരും വിവിധ മതങ്ങളില്‍പ്പെടാത്തവരും വിവിധ പാര്‍ട്ടികളില്‍പ്പെട്ടവരും വിവിധ പാര്‍ട്ടികളില്‍ പെടാത്തവരും അതിനെതിരേ പ്രതികരിക്കുന്നു. അപ്പോള്‍ ഈ കൊള്ളരുതായ്മക്കെതിരേ പ്രതികരിക്കുന്ന ഒരു വലിയ ഇന്ത്യന്‍ ജനത സൃഷ്ടിക്കപ്പെടുന്നു. അത് പോലെ തന്നെ പലതരം സമരങ്ങള്‍ നടക്കുന്നു. കാര്‍ഷിക സമരങ്ങള്‍, വിലക്കയറ്റത്തിനെതിരേയുള്ള സമരങ്ങള്‍, സാമ്രാജ്യത്വത്തിന് എതിരേയുള്ള സമരങ്ങള്‍ ഒക്കെത്തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായിട്ടും സൃഷ്ടിക്കപ്പെടുന്ന ഒരു ഐക്യമുണ്ട്.
ഇതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വിശിഷ്യാ ഇടതുപക്ഷത്തിന്റെ സ്വാധീനം ഒക്കെ കൂടിച്ചേര്‍ന്നാണ് ഇതുണ്ടാകുന്നത്. 


സ്വാതന്ത്ര്യത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുമ്പോൾ കോൺഗ്രസിന്റെ റോൾ പ്രധാനമാണ്. ഗാന്ധിയുടെ റോൾ പ്രധാനമാണ്. അദ്ദേഹം മതരാഷ്ട്രവാദത്തിന് എതിരായിരുന്നു. ഇന്ത്യയിലെ ജനാധിപത്യവാദികൾ എതിരായിരുന്നു. എല്ലാം കൂടിച്ചേർന്നുണ്ടാകുന്ന ഒരു ഇന്ത്യൻ ബോധം ഔപചാരികമായിട്ടെങ്കിലും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നു.

റുബാസ്: ഭരണഘടനയിലെ 'സോഷ്യലിസം' എന്ന വാക്ക് അങ്ങേയറ്റം ജീര്‍ണിച്ചതായി മാഷ് സൂചിപ്പിച്ചു. എന്താണ് അതിനെ ശക്തിപ്പെടുത്താനുള്ള മാര്‍ഗം?

കെ.ഇ.എന്‍: സച്ചിദാനന്ദന്റെ ഒരു കവിതയുണ്ട് പൊള്ളലേറ്റ സൈനികനെ അഗ്നിസൂക്തം ഉരുവിട്ട് ആശ്വസിപ്പിക്കുകയല്ല വേണ്ടത് അയാള്‍ക്ക് മരുന്ന് വെച്ച് കൊടുക്കണം. അത്‌പോലെ ആളുകള്‍ പട്ടിണി കൊണ്ട് മരിക്കുമ്പോള്‍ ഭരണഘടനയില്‍ സോഷ്യലിസമുണ്ട് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. അതിന് ജമക്ഷേമ നടപടികളില്‍ ഗവര്‍മെന്റ് വ്യാപരിക്കണം. ആഗോളവല്‍ക്കരണത്തോട് ശൃംഗരിച്ച് കൊണ്ട് ഭരണഘടനയില്‍ എഴുതിവെച്ച സോഷ്യലിസത്തെ ഔപചാരികമായിപ്പോലും സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിയില്ല.

(ഞാന്‍ പഠിച്ച ജാമിയ ബി.എഡ് കോളേജിലെ മാഗസിന് വേണ്ടി 2009-ല്‍ കെ.ഇ.എന്‍ മാഷുമായി നടത്തിയ സംഭാഷണം, പിന്നീട് 'k.e.n conversation' എന്ന പേരില്‍ ചിന്ത പുറത്തിറക്കിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്)

2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച


പ്രകാശ് കാരാട്ട്
Posted on: 06-Feb-2013 11:52 PM

സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിന്റെ 70-ാം വാര്‍ഷികം ഫെബ്രുവരി രണ്ടിന് ആചരിച്ചു. 200 നാള്‍ നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ട സോവിയറ്റ് ചുവപ്പ് സേനാംഗങ്ങള്‍ക്കും സോവിയറ്റ് പൗരന്മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് അന്നേദിവസം സ്റ്റാലിന്‍ഗ്രാഡില്‍ (1961ല്‍ വോള്‍വോഗ്രാഡ് എന്ന് ക്രൂഷ്ചേവ് പേര് മാറ്റുകയുണ്ടായി) ഗംഭീര സൈനികപരേഡ് നടന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്റ്റാലിന്‍ഗ്രാഡിലെ യുദ്ധവിജയം രണ്ടാം ലോകമഹായുദ്ധത്തിലും ഫാസിസത്തിനെതിരായ യുദ്ധത്തിലും വഴിത്തിരിവായി. പത്തുലക്ഷത്തോളം അംഗബലമുണ്ടായിരുന്ന നാസിസേന പരാജയപ്പെടുകയും അവര്‍ക്ക് വന്‍തോതില്‍ ആള്‍നാശം സംഭവിക്കുകയുംചെയ്തു. സോവിയറ്റ് യൂണിയന്‍ പിടിച്ചെടുക്കാനും അതുവഴി യൂറോപ്പാകെ കീഴടക്കാനും ആസൂത്രണംചെയ്ത ഹിറ്റ്ലര്‍ക്കും നാസിജര്‍മനിക്കും തിരിച്ചടി നേരിട്ടു; ഇവിടെ ചുവപ്പുസേന ആരംഭിച്ച പ്രത്യാക്രമണം 1945 മേയില്‍ ബര്‍ലിന്‍ പിടിച്ചെടുക്കുന്നതിലാണ് പര്യവസാനിച്ചത്.

സോവിയറ്റ് സൈനികരുടെ വീരത്വത്തിന്റെ അവിസ്മരണീയ കഥകള്‍ നിറഞ്ഞതാണ് സ്റ്റാലിന്‍ഗ്രാഡിന്റെ ചരിത്രം. ഒരുഘട്ടത്തില്‍ സ്റ്റാലിന്‍ഗ്രാഡ് നഗരത്തിന്റെ 90 ശതമാനവും നാസിസേന കൈയടക്കി. ഓരോ വീടിനുംവേണ്ടി നടന്ന പോരാട്ടത്തില്‍, പലപ്പോഴും കെട്ടിടങ്ങള്‍ ഓരോന്നായി തകര്‍ന്നു, ചെമ്പട പിടിച്ചുനില്‍ക്കുകയും ക്രമേണ യുദ്ധഗതി മാറ്റിമറിക്കുകയുംചെയ്തു. 1942 ജൂലൈയില്‍ ആരംഭിച്ച യുദ്ധം 1943 ഫെബ്രുവരി രണ്ടിന് ജര്‍മനിയുടെ ആറാം സൈനികദളം കീഴടങ്ങിയതോടെയാണ് അവസാനിച്ചത്. കൊള്ളയ്ക്കും നശീകരണത്തിനും വിധേയമായ നഗരത്തില്‍ ചില ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചു. ചെമ്പട ഉപയോഗിച്ച ടാങ്കുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി. പീരങ്കികളുടെ ഷെല്‍വര്‍ഷത്തിലും പൂജ്യത്തിനു താഴെയുള്ള താപനിലയിലും ഓരോ ആഴ്ചയും ആയിരങ്ങള്‍ കൊല്ലപ്പെട്ടു. 11 ലക്ഷം ചുവപ്പ് സേനാംഗങ്ങള്‍ക്കും സോവിയറ്റ് പൗരന്മാര്‍ക്കും അത്യാഹിതം നേരിട്ടു. 4,85,751 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1941ല്‍ ജൂണിലാണ് ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയന്‍ ആക്രമിച്ചത്. മോസ്കോയുടെ പരിസരത്തുവരെ നാസിസേന എത്തി. 1941 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധം നടത്തിയത്. ചെമ്പട ഇവരെ പ്രതിരോധിക്കുകയും 1941 ഡിസംബറില്‍ പ്രത്യാക്രമണം തുടങ്ങുകയുംചെയ്തു. 1941 സെപ്തംബര്‍ മുതല്‍ നാസിസേന ലെനിന്‍ഗ്രാഡിന് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍വിപ്ലവത്തിന് തുടക്കംകുറിച്ച നഗരം നാസികള്‍ 872 ദിവസം ഉപരോധിച്ചു. പക്ഷേ, അവര്‍ക്ക് കീഴടക്കാനായില്ല. ഉപരോധത്തിലും ലെനിന്‍ഗ്രാഡ് സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തിലും, സൈനികരും സാധാരണജനങ്ങളുമായി സങ്കല്‍പ്പിക്കാന്‍ കഴിയാത്ത എണ്ണം ആളുകള്‍ക്കാണ് മരണം സംഭവിച്ചത്- 15 ലക്ഷം പേര്‍ക്ക്. സാധാരണക്കാരില്‍ പലരും പട്ടിണികാരണമാണ് മരിച്ചത്.

1944 ജനുവരിയില്‍ ചെമ്പട നാസിഉപരോധം തകര്‍ത്തു. വീരോചിതമായ ഈ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ സ്റ്റാലിന്‍ഗ്രാഡ് വഴിത്തിരിവായി. രണ്ടരക്കോടി സോവിയറ്റ് പൗരന്മാരാണ് കൊല്ലപ്പെട്ടത്; ജര്‍മനിക്കും അവരുടെ സഖ്യരാജ്യങ്ങള്‍ക്കും വേണ്ടി യുദ്ധംചെയ്ത് മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍വരുമിത്. നാസിജര്‍മനിയെ പരാജയപ്പെടുത്തുന്നതിലും അതുവഴി ലോകത്തെ ഫാസിസത്തില്‍നിന്ന് രക്ഷിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചത് സോവിയറ്റ് യൂണിയനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും, ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ ലോകത്തെ പ്രഥമ സോഷ്യലിസ്റ്റ് രാഷ്ട്രം വഹിച്ച ഈ പ്രധാനപങ്ക് നിരന്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു.

1950കളില്‍ ശീതയുദ്ധം ആരംഭിച്ചതോടെ, രചിക്കപ്പെട്ട ചരിത്രത്തില്‍ അമേരിക്കയുടെയും പാശ്ചാത്യസഖ്യരാജ്യങ്ങളുടെയും പങ്ക് ഉയര്‍ത്തിക്കാട്ടാനും സോവിയറ്റ് യൂണിയന്റെ പോരാട്ടം അവഗണിക്കാനും തുടങ്ങി. സോവിയറ്റ് ചെമ്പടയുടെ വിപുലമായ സംഭാവന താഴ്ത്തിക്കാണിക്കാന്‍ ആശയപരമായ പ്രചാരണം തുടങ്ങി. സ്വേച്ഛാധിപതിയായ സ്റ്റാലിനാണ് ചെമ്പടയെ നയിച്ചതെന്ന് പ്രചരിപ്പിച്ചു. കമ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ മരണത്തേക്കാള്‍ മോശമായ അവസ്ഥ ഉണ്ടാകുമെന്ന് ഭയന്ന് അവര്‍ പൊരുതുകയായിരുന്നെന്നും പ്രചാരണമുണ്ടായി. സൈനികതന്ത്രത്തിന്റെ കാര്യത്തില്‍, മനുഷ്യശേഷി വിവേകശൂന്യമായി വിനിയോഗിച്ചുവെന്നും ഏതുവിധത്തിലും ലക്ഷ്യംനേടാനായി ദശലക്ഷക്കണക്കിന് സൈനികരുടെ ജീവന്‍ ഹോമിച്ചതായും സോവിയറ്റ് ജനറല്‍മാരെ പഴിച്ചു. എല്ലാറ്റിനുമുപരി, മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത കമാന്‍ഡറും പ്രാഥമിക സൈനികതന്ത്രംപോലും അറിയാത്ത വ്യക്തിയുമായി സ്റ്റാലിനെ വിശേഷിപ്പിച്ചു.

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം മറ്റൊരു ദിശയിലും ചരിത്രം തിരുത്തിയെഴുതുകയാണ്, സോവിയറ്റ് യൂണിയന്‍ സ്വീകരിച്ച നിലപാടിനെതിരായ ആശയപരമായ കടന്നാക്രമണം അപകടകരമായ മാനം കൈവരിക്കുകയും ചെയ്തിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെയും പാശ്ചാത്യമുതലാളിത്തത്തിന്റെയും പ്രത്യയശാസ്ത്രപണ്ഡിതന്മാര്‍ ഫാസിസത്തെയും കമ്യൂണിസത്തെയും സാമ്യപ്പെടുത്താന്‍ തുടങ്ങി. ഹിറ്റ്ലറിനെയും സ്റ്റാലിനെയും ഒരേപോലത്തെ ഭീകരജീവികളും കൂട്ടക്കൊല നടത്തിയവരുമായി ചിത്രീകരിക്കുന്നു. ഹിറ്റ്ലറുടെ ജര്‍മനിയുടെയും സ്റ്റാലിന്റെ സോവിയറ്റ് യൂണിയന്റെയും പൊതുവായ അടിസ്ഥാനം "സമഗ്രാധിപത്യ"മാണെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. വക്രീകരിച്ച ഈ പ്രത്യയശാസ്ത്ര കാഴ്ചപ്പാട് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും ഏറ്റെടുത്തു. 2009 ഏപ്രിലില്‍ അംഗീകരിച്ച "യൂറോപ്യന്‍ അവബോധവും സമഗ്രാധിപത്യവും" എന്ന പ്രമേയത്തില്‍ ""കമ്യൂണിസവും ഫാസിസവും പൊതുവായ പാരമ്പര്യമാണ് പേറുന്നതെന്ന്"" തിരിച്ചറിയാന്‍ ആഹ്വാനം നല്‍കുകയും യൂറോപ്പിലെ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും ഇരകളോട് ആദരം പ്രകടിപ്പിക്കുകയുംചെയ്തു. യൂറോപ്പില്‍ 60 ലക്ഷം ജൂതന്മാരുടെ കൂട്ടക്കൊലയ്ക്ക് വഴിതെളിച്ച് നാസികള്‍ നടത്തിയ വംശഹത്യയെ സ്റ്റാലിനിസത്തിന്റെ "ഇരകളോട്" താരതമ്യം ചെയ്തു. വളച്ചൊടിച്ച ഈ കാഴ്ചപ്പാട് പ്രകാരം, ലോകം ഫാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും പിടിയില്‍നിന്ന് മോചിതമായി ലിബറല്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും എല്ലാവര്‍ക്കും സമത്വം ഉറപ്പുവരുത്തുന്നതുമായ പുതിയ ലോകക്രമത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സത്യത്തെ ഇത്തരത്തില്‍ പരിഹസിക്കുന്നതിനേക്കാള്‍ വലിയ അപമാനം സോവിയറ്റ് യൂണിയനില്‍ ജീവത്യാഗംചെയ്ത ദശലക്ഷങ്ങള്‍ക്ക് ഏല്‍പ്പിക്കാനില്ല.

ഫാസിസ്റ്റ് ഭീകരജീവിയുടെ നട്ടെല്ല് തകര്‍ക്കുകയും അതിലൂടെ യൂറോപ്പിനെ ഫാസിസത്തിന്റെ ഭീകരതയില്‍നിന്ന് രക്ഷിക്കുകയും ചെയ്തത് ചെമ്പടയുടെയും സാധാരണ സോവിയറ്റ് പൗരന്മാരുടെയും പരമമായത്യാഗമാണ്. യൂറോപ്പില്‍ ഇന്ന് ബൂര്‍ഷ്വാ ഭരണകേന്ദ്രങ്ങള്‍ നിലനില്‍ക്കാന്‍ കാരണം സോവിയറ്റ് യൂണിയന്‍ നടത്തിയ ഗംഭീര പോരാട്ടമാണ്. യൂറോപ്പില്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണുന്ന ചരിത്രകാരന്മാര്‍ നാസിസത്തെ സൈനികമായി പരാജയപ്പെടുത്തുന്നതില്‍ സോവിയറ്റ് യൂണിയനും ചെമ്പടയും വഹിച്ച മഹത്തായപങ്ക് പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടുണ്ട്. സുഖോവ്, സ്റ്റാലിന്‍ഗ്രാഡില്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഷൂക്കോവ് തുടങ്ങിയ സോവിയറ്റ് ജനറല്‍മാരുടെ തന്ത്രങ്ങളുടെ മികവ് അവര്‍ അംഗീകരിച്ചിട്ടുണ്ട്. പരമോന്നത കമാന്‍ഡര്‍ എന്ന നിലയില്‍ സ്റ്റാലിന്റെ പങ്ക്, അദ്ദേഹത്തിന് മറ്റെന്തെല്ലാം പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, അവര്‍ക്ക് തള്ളിക്കളയാനായില്ല. സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിന്റെ 70-ാം വാര്‍ഷികത്തില്‍, പ്രസിഡന്റ് ക്ലിന്റണ്‍ ഭരിച്ചപ്പോള്‍ സര്‍ക്കാരില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ ബ്രാഡ്ഫോര്‍ഡ് ഡെലോങ് എഴുതി: ""12 ലക്ഷത്തോളം ചുവപ്പ് സേനാംഗങ്ങള്‍ക്കൊപ്പം ആയുധമെടുത്ത് പോരാടിയ തൊഴിലാളികളും, അവര്‍ക്ക് ഭക്ഷണം നല്‍കിയ കര്‍ഷകരും ചേര്‍ന്ന്, സ്റ്റാലിന്‍ഗ്രാഡിലെ പോരാട്ടത്തെ മാനവരാശിയുടെ ചരിത്രത്തില്‍ ഗുണപരമായ വ്യത്യാസമുണ്ടാക്കിയ യുദ്ധമാക്കി മാറ്റി"".

സ്റ്റാലിന്‍ഗ്രാഡിലെ വിജയവും രണ്ട് വര്‍ഷത്തിനുശേഷം ബര്‍ലിനില്‍ ചെമ്പടയുടെ വിജയകരമായ പ്രവേശവും സാധ്യമാക്കിയത് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം നയിച്ച സൈനികശക്തിയാണ്. സോവിയറ്റ് തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകജനതയുടെയും പൂര്‍ണപിന്തുണ ഈ സൈനികനീക്കത്തിന് ലഭിച്ചു. പോരാട്ടത്തിന്റെ തലപ്പത്ത് കമ്യൂണിസ്റ്റ്പാര്‍ടിയായിരുന്നു. നാസി അധിനിവേശം വന്‍തോതില്‍ നാശനഷ്ടം വരുത്തിയിട്ടും യുദ്ധത്തിന് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കാന്‍ സാധിച്ചത് സോഷ്യലിസ്റ്റ് സമ്പ്രദായത്തിന്റെ മേന്മകൊണ്ടാണ്. ഫാസിസത്തിനെതിരായ യുദ്ധവിജയത്തിന് വേണ്ടിവന്ന ത്യാഗങ്ങളുടെ ഏറ്റവും പ്രചാരത്തിലുള്ള മുദ്രാവാക്യം ""ആരെയും മറന്നിട്ടില്ല, ഒന്നും മറന്നിട്ടില്ല"" എന്നതാണ്. ചരിത്രസത്യങ്ങള്‍ മായ്ച്ചുകളയാനാവില്ല. ഫാസിസ്റ്റ്വിരുദ്ധ യുദ്ധചരിത്രത്തിലെ പ്രധാനദിവസങ്ങളില്‍, ഈ ചരിത്രനഗരം വീണ്ടും സ്റ്റാലിന്‍ഗ്രാഡ് എന്നുതന്നെ അറിയപ്പെടുമെന്ന് റഷ്യന്‍ സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടിവന്നത് ഇതിന്റെ സൂചനയാണ്.