വി ബി പരമേശ്വരന്‍
മോഡിയുടെ മോടി കൂട്ടാന്‍ തിളങ്ങുന്ന ഗുജറാത്തിനെക്കുറിച്ചുമാത്രമാണ് മാധ്യമങ്ങളും കോര്‍പറേറ്റ് ഹൗസുകളും പ്രചരിപ്പിക്കുന്നത്. നല്ല റോഡുകളും വ്യവസായങ്ങളും കൊണ്ടുമാത്രം ഒരു സംസ്ഥാനം വികസിച്ചെന്നു പറയാനാകില്ല. മാനുഷിക വികസനത്തിന്റെ തോത് നോക്കിയാണ് ഒരു പ്രദേശം, സംസ്ഥാനം സമഗ്രവികസനം നേടിയെന്നു പറയാനാവുക. ആധുനിക ലോകരീതിയും ഇതുതന്നെ. അത്തരമൊരു പരിശോധന നടത്തിയാല്‍ നരേന്ദ്രമോഡിയുടെ ഗുജറാത്തിന് തിളക്കമേയില്ലെന്നു കാണാം. വ്യവസായ വികസനത്തില്‍മാത്രം ഊന്നിയുള്ള ഗുജറാത്ത് മോഡല്‍ സമഗ്രവികസനത്തിന് വഴിതെളിക്കില്ലെന്ന് എല്ലാ സാമൂഹ്യ ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു. ഉദാരവല്‍ക്കരണത്തിന്റെ പതാകാവാഹകര്‍ എപ്പോഴും ഉദ്ധരിക്കുന്ന സാമ്പത്തികവളര്‍ച്ചയുടെ കാര്യം ആദ്യം പരിശോധിക്കാം.
ഗുജറാത്തില്‍ ആദ്യമായി ബിജെപി സര്‍ക്കാരിന് രൂപംനല്‍കിയ കേശുഭായ് പട്ടേലിനെ മാറ്റി 2001ലാണ് മോഡി ആദ്യം മുഖ്യമന്ത്രിയാകുന്നത്. അപ്പോള്‍ ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ച 8.01 ശതമാനമായിരുന്നു. മോഡി അധികാരത്തില്‍ വന്നതിനുശേഷം 2010 വരെ അത് 8.68 ശതമാനം മാത്രമായാണ് ഉയര്‍ന്നത്. അതായത്, ഒരു ശതമാനം സാമ്പത്തിക വളര്‍ച്ചപോലും 10 വര്‍ഷത്തിനകം ഉയര്‍ത്താന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി അധികാരത്തിലെത്തുന്നതിനുമുമ്പുതന്നെ ഗുജറാത്ത് വ്യാവസായികമായി വികസിച്ചിരുന്നുവെന്നതും സത്യമാണ്. മോഡിയുടെ സംഭാവന കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ നികുതി ഇളവും സൗജന്യമായി ഭൂമിയും മറ്റും നല്‍കി എന്നതുമാത്രമാണ്. 2001നും 2010നും ഇടയില്‍ ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളേക്കാളും സാമ്പത്തിക വളര്‍ച്ചയില്‍ ഗുജറാത്ത് പിന്നിലാണെന്നതാണ് വാസ്തവം. എന്നാല്‍, പിന്നോക്ക സംസ്ഥാനങ്ങളായ ബിഹാറും ഒഡിഷയും സാമ്പത്തികവളര്‍ച്ച ഇതേകാലയളവില്‍ ഇരട്ടിയാക്കുകയുംചെയ്തു.

ബിഹാര്‍ 4.7 ശതമാനത്തില്‍നിന്ന് 8.02 ശതമാനമായും ഒഡിഷ 4.42 ശതമാനത്തില്‍നിന്ന് 8.13 ശതമാനമായും സാമ്പത്തികവളര്‍ച്ച ഉയര്‍ത്തി. അതായത്, നിതീഷ് കുമാറിന്റെയും നവീന്‍ പട്നായ്ക്കിന്റെയും അടുത്തുപോലും എത്താന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ലെന്നര്‍ഥം. ഗുജറാത്ത് വ്യവസായവികസനത്തില്‍ ഏറെ മുന്നിലെത്തിയെന്നതാണ് പൊതുവെയുള്ള ധാരണ. അത് ശരിയാണുതാനും. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കിയ മുന്നേറ്റം മാത്രമേ മോഡിയുടെ ഗുജറാത്തിനും നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. 2001-04ല്‍ 3.9 ശതമാനമായിരുന്നു ഗുജറാത്തില്‍ ഈ രംഗത്തുള്ള വളര്‍ച്ചയെങ്കില്‍ 2005-10ല്‍ 12.65 ശതമാനമായി ഉയര്‍ന്നു. ഇതേകാലയളവില്‍ ഒഡിഷ 6.4 ശതമാനത്തില്‍നിന്ന് 17.53 ശതമാനമായും ഛത്തീസ്ഗഢില്‍ 8.10 ശതമാനത്തില്‍നിന്ന് 13.3 ശതമാനമായും ഉയര്‍ത്തി. വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടുമെന്നു മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഗുജറാത്ത് മാത്രമാണ് വ്യവസായമേഖലയില്‍ മുന്നേറിയതെന്നു പറയാനാകില്ല.
വിപുലമായ പ്രവാസിസമൂഹവും വ്യാപാരബന്ധവും ഉണ്ടായിട്ടും വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഗുജറാത്ത് മഹാരാഷ്ട്രയേക്കാളും പിന്നിലാണ്. ഗുജറാത്തിന് ഇക്കാര്യത്തില്‍ അഞ്ചാംസ്ഥാനം മാത്രമാണുള്ളത്. 2011-12ലെ ഗുജറാത്തിലെ സാമൂഹ്യ-സാമ്പത്തിക റിവ്യൂ റിപ്പോര്‍ട്ട് പറയുന്നത് 20 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപ വാഗ്ദാനം ഉണ്ടായിരുന്നു എന്നാണ്. പക്ഷേ, ലഭിച്ചത് 29,813 കോടി രൂപയുടെ നിക്ഷേപംമാത്രം. 8300 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചെങ്കിലും നടപ്പായത് 250 എണ്ണംമാത്രം. 2003 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ വാഗ്ദാനംചെയ്യപ്പെട്ട നിക്ഷേപത്തിന്റെ പത്തിലൊന്നുപോലും യാഥാര്‍ഥ്യമായിട്ടില്ലെന്നു കാണാം. മാത്രമല്ല, നിക്ഷേപങ്ങള്‍വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലും ഗുജറാത്ത് പിന്നിലാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
കട-നിക്ഷേപ അനുപാതത്തിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഗുജറാത്ത് പുറകിലാണ്. ഗുജറാത്തിലെ നിക്ഷേപാനുപാതം 4.71 ശതമാനമാണെങ്കില്‍ തൊട്ടടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇത് 26.6 ശതമാനമാണ്. ആന്ധ്രപ്രദേശ് (5.4), തമിഴ്നാട് (6.2), കര്‍ണാടക (6.34) എന്നീ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഗുജറാത്തിനേക്കാളും മുന്നിലാണ്. ആളോഹരി നിക്ഷേപനിരക്ക് പരിശോധിച്ചാലും ഗുജറാത്തിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കാം. 37,174 രൂപയാണ് ഗുജറാത്തിലെ ആളോഹരി നിക്ഷേപം. തമിഴ്നാട്, കര്‍ണാടകം തുടങ്ങി പത്തോളം സംസ്ഥാനങ്ങള്‍ ഗുജറാത്തിനേക്കാളും മെച്ചപ്പെട്ട നിലയിലാണ്. വാണിജ്യബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ അനുപാതം പരിശോധിച്ചാലും ഗുജറാത്ത് ഏറെ പിന്നിലാണെന്നു കാണാം. ഗുജറാത്തിലെ വായ്പയുടെ ശതമാനം 4.22 മാത്രമാണ്. മഹാരാഷ്ട്രയില്‍ ഇത് 29.75 ശതമാനമാണ്. ആളോഹരിവരുമാനത്തിന്റെ കാര്യത്തിലും പല സംസ്ഥാനങ്ങളേക്കാളും ഗുജറാത്ത് പിന്നിലാണ്. ആറാം സ്ഥാനംമാത്രമാണ് ഇക്കാര്യത്തില്‍ മോഡിയുടെ ഗുജറാത്തിനുള്ളത്. 63,996 രൂപയാണ് ഗുജറാത്തിലെ ആളോഹരി വരുമാനം. ഹരിയാനയാണ് ഏറെ മുന്നില്‍- 92327 രൂപ. മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളാണ് ഗുജറാത്തിനേക്കാളും മുന്നിലുള്ളത്. (അവസാനിക്കുന്നില്ല)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ