by എന്‍ എസ് സജിത് on 09-August-2014
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമ്പത്തിനും രാഷ്ട്രീയാധികാരത്തിനും മേലുള്ള കുത്തകാവകാശം ഒരിക്കലും നഷ്ടമാവില്ലെന്ന കരുതിയ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികളുടെ നെഞ്ചില്‍ ഉള്‍ക്കിടലം വിതച്ച വര്‍ഷമാണ് 1857. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യക്കാരുടെ ആദ്യത്തെ സംഘടിതമായ കലാപം നടന്ന വര്‍ഷം. ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യന്‍ പട്ടാളക്കാരും ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും വടക്കേ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുക്കുന്ന ഘട്ടംവരെയെത്തി 1857ലെ ഒന്നാം സ്വാതന്ത്ര്യയുദ്ധം. ഡല്‍ഹി വളഞ്ഞ് അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി അവരോധിച്ചു അന്നത്തെ പോരാളികള്‍.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമ്പത്തിനും രാഷ്ട്രീയാധികാരത്തിനും മേലുള്ള കുത്തകാവകാശം ഒരിക്കലും നഷ്ടമാവില്ലെന്ന കരുതിയ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികളുടെ നെഞ്ചില്‍ ഉള്‍ക്കിടലം വിതച്ച വര്‍ഷമാണ് 1857. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യക്കാരുടെ ആദ്യത്തെ സംഘടിതമായ കലാപം നടന്ന വര്‍ഷം. ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യന്‍ പട്ടാളക്കാരും ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും വടക്കേ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുക്കുന്ന ഘട്ടംവരെയെത്തി 1857ലെ ഒന്നാം സ്വാതന്ത്ര്യയുദ്ധം. ഡല്‍ഹി വളഞ്ഞ് അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി അവരോധിച്ചു അന്നത്തെ പോരാളികള്‍.
1857ല്‍ ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളുമായ നാട്ടു രാജാക്കന്മാരും കമ്പനി പട്ടാളക്കാരും ബ്രിട്ടീഷ് വിരുദ്ധത എന്ന ഒറ്റ ആശയത്തിനു പിറകില്‍ അണിനിരന്നപ്പോള്‍ മതപരമായ ഭിന്നതകളുടെ അതിര്‍ത്തിരേഖകള്‍ മാഞ്ഞുപോകുകയായിരുന്നു. ഈ ചരിത്രം വീണ്ടും ഇവിടെ ഓര്‍മിക്കുന്നതില്‍ സാംഗത്യമുണ്ട്. ചരിത്രവുമായി കൂട്ടിയിണക്കാതെ നമ്മുടെ വര്‍ത്തമാനകാല സംഭവവികാസങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുക സാധ്യമല്ല എന്നതുകൊണ്ടു തന്നെ. അതുകൊണ്ടാണ് എല്ലാ സമരങ്ങളും മറവിക്കെതിരെ ഓര്‍മകള്‍ നടത്തുന്ന കലാപങ്ങളായി മാറുന്നത്.
ഒന്നാം സ്വാതന്ത്ര്യയുദ്ധത്തെക്കുറിഞ്ഞ് പലയാവര്‍ത്തി കേട്ടറിഞ്ഞ കാര്യങ്ങാണിവ.
എന്നാല്‍ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് വടക്കേ ഇന്ത്യക്കാരുടെയും മധ്യേന്ത്യക്കാരുടെയും പ്രധാനഭക്ഷണമായ ചപ്പാത്തിക്ക് ഈ സമരവുമായുള്ള ബന്ധം ആധുനിക ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് ഗാഢമായി പഠിച്ച പലരും നമ്മോട് പറഞ്ഞു തന്നിട്ടുണ്ട്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അക്കാലത്തു പ്രചരിച്ച ചപ്പാത്തി പ്രസ്ഥാനം അക്ഷരാര്‍ഥത്തില്‍ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകള്‍ തന്നെ തെളിവ്. ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് ലക്ഷക്കണക്കിന് ചപ്പാത്തികള്‍ കൈമാറി കൈമാറിയെത്തിയപ്പോള്‍ അത് ഇന്ത്യക്കാരെ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവന്‍ ത്യജിച്ചും സമരം ചെയ്യാനുള്ള ആഹ്വാനമായിരുന്നു.
ചപ്പാത്തി കൈമാറ്റത്തെക്കുറിച്ച് അറിഞ്ഞ ബ്രിട്ടീഷുകാര്‍ കരുതിയത് പുളിപ്പിക്കാത്ത ഗോതമ്പു മാവുകൊണ്ടുണ്ടാക്കുന്ന വൃത്തികെട്ട ഈ അപ്പത്തിനിടയില്‍ കലാപകാരികള്‍ സന്ദേശം ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു. സന്ദേശങ്ങളുണ്ടോ എന്നറിയാന്‍ പലയിടത്തും ചപ്പാത്തി പിടികൂടി പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവയില്‍ ഒരു സന്ദേശവുമുണ്ടായിരുന്നില്ല. ചപ്പാത്തി തന്നെയായിരുന്നു സന്ദേശം. ഭക്ഷണം കഴിക്കാന്‍ മാത്രമല്ല, ഒരു സമരോപാധികൂടിയാണെന്ന് 157വര്‍ഷം മുമ്പ് ഇന്ത്യയിലെ സാധാരണ പോരാളികള്‍ തെളിയിച്ചു. ഹിന്ദുവായാലും മുസല്‍മാനായാലും കഴിക്കുന്ന ഭക്ഷണം ഒന്നു തന്നെയാണെന്നും ശരീരത്തിലൊഴുകുന്ന ചോരയുടെ നിറമൊന്നുതന്നെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. മതനിരപേക്ഷതയുടെയും മാനവികതയുടെയും സന്ദേശമാണ് ചപ്പാത്തിയിലൂടെ അന്ന് രാജ്യമാകെ പടര്‍ന്നത്.
നൂറ്റാണ്ടുകളായി ഇന്ത്യയെ കൊള്ളയടിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് തങ്ങളുടെ ഭക്ഷണം തൊട്ടുള്ള ഒന്നും വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനം കൂടിയായി അത്. ഒരു ഗ്രാമത്തിലുണ്ടാക്കുന്ന ചപ്പാത്തി ചൗക്കിദാര്‍മാര്‍ അയല്‍ ഗ്രാമങ്ങളിലൊത്തിക്കുമ്പോള്‍ മഹത്തായ ഒരു സമരാഹ്വാനമായിരുന്നു കൈമാറപ്പെട്ടത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്ത്യക്കാരെ ഭിന്നിപ്പിക്കാന്‍ ഏറ്റവും നല്ല ആയുധം അവരുടെ മതവികാരമാണെന്ന് തിരിച്ചറിവിലേക്ക് ബ്രിട്ടീഷുകാരെ കൊണ്ടെത്തിച്ചത് 1857ലെ സമരത്തില്‍ കണ്ട ഐക്യവും പോരാളികള്‍ ഏക ലക്ഷ്യത്തിലേക്കുയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ ബോധവുമായിരുന്നു.
ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഡോ. ഗില്‍ബെര്‍ട് ഹാഡോ 1857 മാര്‍ച്ചില്‍ സഹോദരിക്ക് എഴുതിയ കത്തില്‍ ഈ ചപ്പാത്തി പ്രസ്ഥാനത്തെക്കുറിച്ച് പറയുന്നതിങ്ങനെ: ഇന്ത്യയൊട്ടുക്ക് ഇപ്പോള്‍ നിഗൂഢമായ ഒരു കാര്യം നടക്കുന്നുണ്ട്. അതിന്റെ അര്‍ഥം ആര്‍ക്കുമറിയില്ല. അത് എങ്ങനെ ഉടലെടുത്തു എന്നും ആര്‍ക്കുവേണ്ടി അത് സംഭവിക്കുന്നുവെന്നും അറിയില്ല. എന്തെങ്കിലും മതപരമായ ആഘോഷവുമായി ബന്ധപ്പെട്ടതാണോ അല്ലെങ്കില്‍ ഏതെങ്കിലും രഹസ്യ സമൂഹത്തിനുവേണ്ടി ചെയ്യുന്നതാണോ എന്നും അറിയില്ല. ഇതിന്റെ അര്‍ഥത്തെക്കുറിച്ച് ഇന്ത്യന്‍ പത്രങ്ങളില്‍ നിറയെ ഇതെക്കുറിച്ച് ഊഹങ്ങളാണ്. ചപ്പാത്തി പ്രസ്ഥാനം എന്നാണതിന്റെ പേര്.''


157 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരെ വിറളി പിടിപ്പിച്ച ചപ്പാത്തി വീണ്ടും ഇന്ത്യയുടെ മാധ്യമങ്ങളിലും സ്ഥാനം പിടിക്കുന്നത് ഇന്ത്യയിലെ മതനിരപേക്ഷവാദികളുടെയും ജനാധിപത്യവാദികളുടെയും ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചുകൊണ്ടാണ്. ഡല്‍ഹിയിലെ മഹാരാഷ്ട്ര സദനിലെ കാറ്ററിങ് സൂപ്പര്‍വൈസര്‍ അര്‍ഷദ് സുബൈറിന്റെ വായില്‍ ശിവസേന എം പി രാജന്‍ വിചാരെ ചപ്പാത്തി കുത്തിത്തിരുകിയ സംഭവം ഒരു ദിശാസൂചിയാണ്. റംസാന്‍ വ്രതം നോറ്റയാളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായ സംഭവം പാര്‍ലമെന്റിലും കാര്യമായ പ്രതിഷേധത്തിന് ഇടയാക്കി. നരേന്ദ്ര മോഡിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യ എങ്ങോട്ടു നീങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം നമുക്ക് നല്‍കുന്നത്.
വംശഹത്യ തടയുന്നതില്‍ അലംഭാവം കാട്ടിയെന്ന് രാജ്യത്തെ നീതിന്യായ കോടതികളുടെ കുറ്റം ചാര്‍ത്തലിന് ഇടയാവുകയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞയാളെ അരുമശിഷ്യനായി കൂടെ നടത്തുകയും ചെയ്യുന്ന നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുമ്പോള്‍ എന്തുമാവാമെന്ന സംഘപരിവാര്‍ സംഘടനകളുടെയും ശിവസേനക്കാരുടെയും ധാര്‍ഷ്ട്യം കൂടിയാണ് മഹാരാഷ്ട്ര സദനില്‍ ആഴ്ചകള്‍ക്കു മുമ്പ് കണ്ടത്.
കൃത്യം 15 വര്‍ഷം മുമ്പ് ശിവസേനക്കാരുടെ മറ്റൊരു പേക്കൂത്തിനു കൂടി ഡല്‍ഹി സാക്ഷിയായിരുന്നു. അന്ന് കേന്ദ്രം ഭരിക്കുന്നത് എ ബി വാജ്പേയി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് വേദിയാകേണ്ട ഫിറോസ് ഷാ കോട്ലാ മൈതാനത്തിലെ പിച്ച് കുത്തിക്കീറിയാണ് ശിവസേനക്കാര്‍ "രാജ്യസ്നേഹം' തെളിയിച്ചത്.
അന്നും ശിവസേനക്കാരുടെ ഈ ധിക്കാരത്തിന് ഭരണകക്ഷിയായ ബിജെപിയുടെ മൗനാനുവാദമുണ്ടായിരുന്നു. രാഷ്ട്രീയചക്രം 15 വര്‍ഷത്തെ ഭ്രമണം പൂര്‍ത്തിയാക്കുമ്പോള്‍ വ്രതക്കാരനെ ചപ്പാത്തി തീറ്റിച്ച സംഭവത്തില്‍ ശിവസേന എംപിയെ പേരിനെങ്കിലും ശാസിക്കാന്‍ ബിജെപിയോ ആ പാര്‍ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരോ തയ്യാറായില്ല.
ഇര്‍ഷാദ് സുബൈര്‍ മുസ്ലിമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന ന്യായം പറഞ്ഞാണ് ഒടുവില്‍ രാജന്‍ വിചാരെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ വ്രതം നോറ്റിട്ടുണ്ടെന്ന് സുബൈര്‍ ആവര്‍ത്തിച്ചു പറയുന്നത് ടെലിവിഷന്‍ ഫൂട്ടേജില്‍ നാട്ടുകാര്‍ കണ്ടിരുന്നു. ഒന്നര പതിറ്റാണ്ടു മുമ്പ് ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിലെ പിച്ച് ശിവസേനക്കാര്‍ കുത്തിക്കീറുന്നതിന്റെ ദൃശ്യം കണ്ട് മുംബൈയിലെ മാതോശ്രീയില്‍ നിന്ന് ആര്‍ത്തു ചിരിച്ച ബാല്‍ താക്കറെയുടെ കസേരയില്‍ ഇരുന്ന് ഇന്ന് ശിവസേനയെ നയിക്കുന്നത് മകന്‍ ഉദ്ധവ് താക്കറെയാണ്. ചപ്പാത്തി തീറ്റിക്കല്‍ സംഭവത്തെക്കുറിച്ച് ഉദ്ധവ്, ശിവസേനയുടെ പ്രസിദ്ധീകരണമായ സാമ്നയില്‍ എഴുതി: ""അയാള്‍ ഏതു മതക്കാരനാണെന്ന് അയാളുടെ നെറ്റിയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷേ അയാളുടെ മതവികാരത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല.'' താന്‍ നോമ്പുനോറ്റയാളാണെന്ന് കേണുപറഞ്ഞിട്ടും തെമ്മാടിത്തം തുടര്‍ന്ന വിചാരെയ്ക്ക് ഇതിലും വലിയ പ്രോത്സാഹനം ഇനിയെന്തുവേണം.
മക്കളുടെ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ സ്വന്തം ശരീരം പോലും വില്‍ക്കുന്ന അമ്മമാരുടെ നാടാണ് ഇന്ത്യ. ഒരു നേരത്തെ അപ്പത്തിന് കരയുന്ന കുട്ടികളുടെ നാട്. അവരുടെ വിശപ്പു മാറ്റാന്‍ വേണ്ടി ഒരിക്കല്‍ പോലും മുദ്രാവാക്യം വിളിക്കാത്ത, ഒരു സമരം പോലും നടത്താത്ത ശിവസേനേക്കാരാണ് വ്രതമെടുത്തയാളുടെ വായില്‍ ചപ്പാത്തി കുത്തിക്കയറ്റാന്‍ ശ്രമിച്ചത്.
ഇര്‍ഷാദ് സുബൈറിനുണ്ടായ സമാനമായ അനുഭവമാണ് സാനിയ മിര്‍സയ്ക്കും കഴിഞ്ഞ ദിവസമുണ്ടായത്. ഇന്ത്യയ്ക്കുവേണ്ടി വിയര്‍പ്പൊഴുക്കി രണ്ടു തവണ ഗ്രാന്റ്സ്ലാം കിരീടം ചൂടിയ സാനിയയുടെ ദേശസ്നേഹം പോലും ചോദ്യംചെയ്യുന്ന നിലയിലേക്ക് ബിജെപി വളര്‍ന്നെങ്കില്‍ നമുക്ക് നിസ്സംശയം പറയാം ഫാസിസം നമ്മുടെ പടിവാതില്‍ക്കല്‍ എത്തി നില്‍കുകയല്ല, അത് നമ്മുടെ കിടപ്പു മുറിയില്‍ സ്ഥിരവാസം തുടങ്ങിയെന്ന്.
ഇന്ത്യയില്‍ എപ്പോള്‍ മതപരമായ സൗഹൃദം വളരുന്നുവോ അപ്പോഴെല്ലാം അതിനെ തകര്‍ക്കാന്‍ നിയമം പാസാക്കുകയും ഭരണപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ബ്രിട്ടീഷുകാരെ പിറവി തൊട്ടേ പിന്തുണച്ചവരാണ് ഹിന്ദുത്വവാദികള്‍.
മുസ്ലിം ലീഗിനും മുമ്പേ ദ്വിരാഷ്ട്ര വാദം ഉയര്‍ത്തിയവര്‍. ഗാന്ധിയന്മാരും കമ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യത്തിനു വേണ്ടി പല രൂപത്തിലുള്ള സമരത്തിലേര്‍പ്പെട്ടപ്പോള്‍ ആ സമരങ്ങള്‍ക്ക് തുരങ്കം വച്ചവരാണവര്‍. നവകൊളോണിയലിസം അതിന്റെ പല്ലും നഖവും ഉപയോഗിച്ച് സാധാരണ ഇന്ത്യക്കാരനെ സാമ്പത്തികമായി ചൂഷണം ചെയ്യുമ്പോള്‍ ഇന്ത്യക്കാര്‍ ഒരു തരത്തിലും ഐക്യപ്പെടാന്‍ പാടില്ലെന്ന് നിര്‍ബന്ധബുദ്ധി അവര്‍ക്കുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സിദ്ധാന്തം അതിന്റെ തുടര്‍ച്ചയാണ്.
നവലിബറല്‍ കൊള്ളയ്ക്ക് ഒരു ഭരണകൂടം തന്നെ മുന്നിട്ടിറങ്ങുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ചുമതലയാണ് ഇത്തരം ഫാസിസ്റ്റുകള്‍ക്കുള്ളത്. അതവര്‍ ഭംഗിയായിത്തന്നെ നിറവേറ്റുകയും ചെയ്യുന്നു. ഇതിലും നല്ല നാളുകളാണ് ഇനി വരാനിരിക്കുന്നത്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ