ഡോ. ടി.കെ ആനന്ദി.
ചിന്ത വാരിക, മെയ് ദിനപതിപ്പിൽ പ്രസിദ്ധീകരിച്ചത്.കഴിഞ്ഞ ചില മാസങ്ങളായി, സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദിനംതോറും പ്രത്യക്ഷപ്പെടുന്ന ഈ പീഡന സംഭവങ്ങളെ സംബന്ധിച്ചും, അവയെ നേരിടാന്‍ ഇന്നത്തെ നിയമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദൗര്‍ബല്യങ്ങളെ അല്ലെങ്കില്‍ പഴുതുകളെ സംബന്ധിച്ചും സ്ത്രീ പ്രവര്‍ത്തകരുടെ ഇടയില്‍ത്തന്നെ ധാരാളമായി സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്‍റ ഫലമായി, വ്യത്യസ്ത ചിന്താധാരകളുള്ള സ്ത്രീ പ്രവര്‍ത്തകരുടെയിടയില്‍ ഒരു ഐക്യനിര രൂപപ്പെട്ടുവരുന്നുണ്ട് എന്നത് ശുഭസൂചകമാണ്. എങ്കിലും, ഇവയെ സംബന്ധിച്ച സമീപനങ്ങളില്‍ വ്യക്തമായ അഭിപ്രായ ഭിന്നതയുമുണ്ട്. അത് സ്ത്രീവാദികള്‍ (Feminists) എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍, സ്ത്രീ പീഡനങ്ങളുടെ അടിത്തറ പുരുഷമേധാവിത്വവും ലൈംഗികതയുമാണ് എന്നു വാദിക്കുന്നവരാണ്. വര്‍ഗീയ ശക്തികളും ലിബറലുകളും ധാര്‍മിക അധഃപതനത്തിലാണ് ഊന്നുന്നത്. അതിന്റെ കേന്ദ്ര സ്ഥാനം ലൈംഗികതയാണ്. ലൈംഗികതയ്ക്കപ്പുറം കടന്ന് സാമൂഹ്യ വൈരുധ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നത്തെ സമീപിക്കുന്നവര്‍ പ്രധാനമായും മാര്‍ക്സിസ്റ്റുകളാണ്.
ലൈംഗികതയേയും സാമൂഹ്യവൈരുധ്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള സ്ത്രീ നിലപാടുകള്‍ തമ്മില്‍ത്തമ്മിലുള്ള ഭിന്നത അടുത്ത കാലത്താണ് കൂടുതല്‍ വ്യക്തമായത്. സ്ത്രീ പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ലൈംഗികതയെ സ്ത്രീ വാദത്തിന്റെ കേന്ദ്ര ബിന്ദു ആക്കിയത് കഴിഞ്ഞ ഏതാനും ദശകങ്ങളിലാണ് എന്നു കാണാം. അതിനുമുമ്പ്, പുരുഷാധീശത്വത്തെക്കുറിച്ചുള്ള ആശയങ്ങളില്‍ ലൈംഗികതയും വര്‍ഗസമീപനവും ഒരുപോലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചര്‍ച്ച പരിശോധിക്കുമ്പോള്‍ മാത്രമാണ് സ്ത്രീവാദത്തോടുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് വ്യക്തമാകുന്നത്.
എംഗല്‍സിന്റെ സ്വാധീനം
മാര്‍ക്സും എംഗല്‍സും ലെനിനും സ്ത്രീ പ്രശ്നത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, മാര്‍ക്സിസത്തെയും സ്ത്രീവാദത്തെയും ഒരുപോലെ സ്വാധീനിച്ചത്, "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം" എന്ന എംഗല്‍സിെന്‍റ പുസ്തകമാണ്. മോര്‍ഗെന്‍റ നരവംശശാസ്ത്ര പഠനങ്ങളെ ആധാരമാക്കി എംഗല്‍സ് തയ്യാറാക്കിയ പുസ്തകത്തില്‍, സമൂഹത്തില്‍ സ്വകാര്യസ്വത്തിന്റെ ഉദയവും, ഭരണകൂടത്തിെന്‍റ വളര്‍ച്ചയും എങ്ങനെ സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം വരുത്തി എന്ന് വിശദീകരിച്ചു. ഭക്ഷ്യശേഖരണത്തില്‍നിന്ന് ഭക്ഷ്യോല്‍പാദനത്തിലേക്കുള്ള മാറ്റം, ഗോത്ര സമൂഹത്തില്‍ ലിംഗപരമായ തൊഴില്‍ വിഭജനത്തെ സൃഷ്ടിച്ചു. സ്ത്രീകള്‍ ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നവരും, സന്തതികളെ പരിപാലിക്കുന്നവരും ഒക്കെയായി മാറിയപ്പോള്‍, പുരുഷന്മാര്‍ ഗോത്ര സമൂഹങ്ങളുടെ സംരക്ഷകരായി മാറി. സ്വകാര്യ സ്വത്തിെന്‍റ വളര്‍ച്ചയോടെ സംരക്ഷകര്‍ ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണമേറ്റെടുത്തു. സ്ത്രീകള്‍ അവരുടെ നിയന്ത്രണത്തിന് കീഴിലായി. ഭരണകൂടങ്ങള്‍ ഈ നിയന്ത്രണത്തിന് നിയമപരമായ സാധുത നല്‍കി. അതോടെ, വ്യക്തിഗതമായ പ്രണയത്തിെന്‍റയും ലൈംഗികതയുടെയും അടിസ്ഥാനത്തിലുള്ള സ്ത്രീ പുരുഷബന്ധങ്ങള്‍ തകര്‍ന്നു. ഈ തകര്‍ച്ചയെ ""സ്ത്രീ ലിംഗത്തിന്റെ ലോകചരിത്രപരമായ പരാജയ""മായിട്ടാണ് (World defeat of the female sex) എംഗല്‍സ് കാണുന്നത്.
എംഗല്‍സിന്റെ ഈ വാദം 1970കളില്‍ നടന്ന സ്ത്രീവാദികള്‍ തമ്മിലുള്ള സംവാദങ്ങളില്‍ പുനരുദ്ധരിക്കപ്പെട്ടു. 1960കളില്‍ ബെറ്റി ഫ്രീഡാന്‍ ((Betty Friedan) എന്ന അമേരിക്കന്‍ സ്ത്രീവാദ പ്രവര്‍ത്തകയുടെ "ഫെമിനൈന്‍ മിസ്റ്റിക്" എന്ന പുസ്തകം പുരുഷാധിപത്യത്തെക്കുറിച്ചും സ്ത്രീകളുടെ അടിമത്തത്തെക്കുറിച്ചുമുള്ള ശക്തമായ വാദങ്ങളുയര്‍ത്തി. ചഛണ (NOW (National Organisation for Women) എന്ന അമേരിക്കന്‍ സ്ത്രീ സംഘടനയുടെ മുഖ്യസംഘാടകയായിരുന്നു ബെറ്റി ഫ്രീഡാന്‍. 1960കളില്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി - ബഹുജന പ്രക്ഷോഭങ്ങള്‍ ധാരാളം സ്ത്രീകളെയും രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു. അവരുടെയിടയില്‍ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടെടുക്കുന്നവരും ധാരാളമായുണ്ടായിരുന്നു. ഇവരുടെയിടയില്‍ നടന്ന സംവാദങ്ങളാണ് പില്‍ക്കാല സ്ത്രീവാദ ചിന്തയ്ക്ക് രൂപം നല്‍കിയത്.
കെയ്റ്റ്മില്ലറ്റ് , ജെര്‍മെയ്ന്‍ ഗ്രീയര്‍ , ഗ്ലോറിയ സ്റ്റീനം , ജൂലിയറ്റ് മിച്ചല്‍ , ഷൂലാസ്മിത്ത് ഫയര്‍സ്റ്റോണ്‍ എന്നിവരാണ് 70 കളിലെ ഫെമിനിസ്റ്റുകളെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകര്‍. ടSexual Politics (ലൈംഗികതയുടെ രാഷ്ട്രീയം) എഴുതിയ കെയ്റ്റ് മില്ലറ്റ്, രാഷ്ട്രീയം അധികാരബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്നും, ലൈംഗികത നിലവിലുള്ള രാഷ്ട്രീയ അധികാരബന്ധങ്ങളിലുള്ള ഒരു അവസ്ഥയാണെന്നും വാദിച്ചു. ഉല്‍പാദനബന്ധങ്ങള്‍ മാറുകയും മാറ്റുകയും ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം അവയോടുള്ള സമീപനം മാറുക എന്നതാണ്. ഗാര്‍ഹികാധ്വാനം, ഇത്തരത്തില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന അനിവാര്യഘടകമായി അവര്‍ കണ്ടു. സ്ത്രീ പുരുഷബന്ധങ്ങളിലെ ലൈംഗിക പ്രശ്നങ്ങള്‍ സ്ത്രീകളുടെ ഗാര്‍ഹികമായ അടിമത്തത്തില്‍നിന്നും ഉണ്ടാകുന്നതാണ്. അതിന്റെ തുടര്‍ച്ചയായി ജെര്‍മെയ്ന്‍ ഗ്രീയര്‍ തെന്‍റ ഫീമെയ്ല്‍ യൂണെക് (Female Eunech - ഷണ്ഡയായ സ്ത്രീ) എന്ന ഗ്രന്ഥത്തില്‍ സ്ത്രീകളുടെ അടിമത്തം അവരുടെ സ്ത്രൈണതയെപ്പോലും നശിപ്പിക്കുന്നുവെന്നും, പുരുഷാധിപത്യത്തില്‍നിന്നുള്ള മോചനത്തില്‍ മാത്രമേ ഒരു സ്ത്രീക്ക് "സ്ത്രീ"യായി ജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും വാദിച്ചു. പുരുഷാധിപത്യത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഈ പുസ്തകമാണ്.
ജൂലിയറ്റ് മിച്ചല്‍, വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ വളര്‍ന്നുവന്ന ഒരു പുത്തന്‍ ഇടതുപക്ഷ പ്രവര്‍ത്തകയായിരുന്നു. അവര്‍ ലൂയി അല്‍ത്തൂസര്‍, ക്ലോഡ് ലെവി സ്ട്രോസ്,ഫ്രോയ്ഡ് തുടങ്ങിയവരുടെ സിദ്ധാന്തങ്ങളെ കൂട്ടിയിണക്കി സ്ത്രീ പ്രശ്നത്തെ സമീപിച്ചു. സ്ത്രീകളുടെ കുടുംബപ്രശ്നങ്ങളെ ഘടനാവാദത്തിലൊതുങ്ങിനിന്നുകൊണ്ടാണ് അവര്‍ പരിശോധിച്ചത്. മതം, സ്ഥാപനങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടനാരൂപങ്ങളും സ്ത്രീയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സന്നിവേശിപ്പിച്ചു. സ്ത്രീകളുടെ അവസ്ഥയെ അവര്‍ കണ്ടത്, ഉല്‍പാദനം, പുനരുല്‍പാദനം, ലൈംഗികചോദന, സാമൂഹ്യവല്‍ക്കരണം എന്നീ ഘടനകളിലൂടെയാണ്. ഇതിന്റെയൊക്കെ ഫലമായി, സ്വത്തുടമാബന്ധങ്ങള്‍, ഭരണകൂടം തുടങ്ങിയ അധികാര രൂപങ്ങളെ അവര്‍ അവഗണിക്കുകയും ചെയ്തു. ഇതിനവര്‍ അവലംബിച്ചത് ഫ്രോയ്ഡിന്റെ വിശകലനമായിരുന്നു. ഷൂലാസ്മിത്ത് സ്റ്റോണിെന്‍റ "Dialectics of sex" എന്ന പുസ്തകം റാഡിക്കല്‍ ഫെമിനിസം എന്നു കരുതപ്പെടുന്ന പ്രവണതയുടെ തുടക്കമാണ്.

മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍നിന്നു തന്നെ ആരംഭിച്ച അവര്‍, ""ആപേക്ഷികതാ സിദ്ധാന്തം എങ്ങനെയാണോ ന്യൂട്ടോണിയന്‍ ഫിസിക്സിെന്‍റ ഭാഗമാകുന്നത്, അതുപോലെയാണ് എനിക്ക് മാര്‍ക്സിസം"" എന്നാണ് പറഞ്ഞത്. കൂടാതെ തേന്‍റത് ചരിത്രപരമായ ഭൗതികവാദത്തിലൂന്നിയ സിദ്ധാന്തമാണെന്നും അവര്‍ പ്രഖ്യാപിച്ചു. വര്‍ഗത്തിനുപകരം ലിംഗപദവിയും ഉല്‍പാദനത്തിനുപകരം പുനരുല്‍പാദനവും പകരംവെച്ചുകൊണ്ട് സ്ത്രീകളുടെ സാമൂഹ്യാവസ്ഥയെ അവര്‍ വിശദീകരിച്ചു. പുനരുല്‍പാദനത്തിന്റെ ഫലമായുണ്ടാവുന്ന അധ്വാനത്തെ ഇല്ലാതാക്കാന്‍ സ്ത്രീകള്‍ പ്രസവിക്കുന്നതിനുപകരം കൃത്രിമ ബീജസങ്കലനവും, കൃത്രിമ ഗര്‍ഭധാരണവും എന്ന രീതിയ്ക്കായി അവര്‍ വാദിച്ചു - ഇത്തരത്തില്‍ ആദ്യകാല ഫെമിനിസ്റ്റുകളില്‍ മാര്‍ക്സിസത്തിെന്‍റ ശക്തമായ സ്വാധീനം നിലനിന്നതായി കാണാം. അതേസമയം സ്ത്രീപ്രശ്നത്തെക്കുറിച്ച്, മാര്‍ക്സിസം കാര്യമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും, മാര്‍ക്സിസ്റ്റുകളുടെ "സാമ്പത്തിക നിര്‍ണ്ണയ വാദം" സ്ത്രീ പ്രശ്നത്തെ അവഗണിക്കുന്ന സ്ഥിതിയിലേക്കെത്തിച്ചു എന്നുമാണ് ഇവരെല്ലാവരും വാദിച്ചത്. അതിനു പരിഹാരമെന്ന നിലയിലാണ് ഫ്രായ്ഡിയന്‍ സിദ്ധാന്തങ്ങള്‍ നരവംശശാസ്ത്ര, പുനരുല്‍പാദന സാങ്കേതിക വിദ്യ മുതലായ രൂപങ്ങളെ ഉപയോഗിച്ചുകൊണ്ട് പുതിയ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ഇവര്‍ നിലകൊണ്ടത്. വര്‍ഗവൈരുധ്യങ്ങള്‍ക്കുപകരം, പുരുഷാധിപത്യത്തിനെതിരായ സമരമായി, സ്ത്രീപ്രസ്ഥാനത്തെ മാറ്റാന്‍ ഇവരെ പ്രേരിപ്പിച്ചത് ഇതേ നിലപാടാണ്. അതുകൊണ്ടുതന്നെ, മുതലാളിത്ത സമൂഹത്തിന്റെയും ഭരണകൂടത്തിെന്‍റയും പ്രവര്‍ത്തനത്തെ പലപ്പോഴും ഇവര്‍ ന്യൂനീകരിക്കുകയാണുണ്ടായത് . ഇതിന്റെ ഫലമായി 70കളുടെ അവസാനത്തിലും 80-കളിലുമായി ഒരു സംഘം സ്ത്രീവാദികള്‍ തന്നെ മാര്‍ക്സിസ്റ്റ് കൃതികള്‍ പുനഃപരിശോധിക്കാനായി ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ്, ജാനറ്റ് സെയേഴ്സ് , മാര്‍ത്താ ജിമിനസ് , ഹെയ്ലിത്ത് സഫിയോട്ടി , അലിസന്‍ ജാഗര്‍ , ലിസെ ഫോഗല്‍ , മിഷല്‍ ബാരറ്റ് തുടങ്ങി പ്രകടമായി മാര്‍ക്സിസ്റ്റ് രീതി ഉപയോഗിച്ച ഫെമിനിസ്റ്റുകളുടെ രചനകള്‍ പുറത്തുവരുന്നത്. ഇവരുടെ അന്വേഷണങ്ങള്‍ക്കാധാരം, സ്ത്രീകളെയും കുടുംബങ്ങളെയുംകുറിച്ചുള്ള മാര്‍ക്സിെന്‍റയും എംഗല്‍സിെന്‍റയും ലെനിന്റെയും പരാമര്‍ശങ്ങള്‍ തന്നെയാണ്. അതുകൊണ്ട് അതിലേക്ക് കണ്ണോടിക്കേണ്ടതുണ്ട്.
സ്ത്രീപ്രശ്നം മാര്‍ക്സിസത്തില്‍
മാര്‍ക്സിന്റെ രചനകളില്‍ സ്ത്രീപ്രശ്നത്തെക്കുറിച്ച് വളരെ ചെറിയ പരാമര്‍ശങ്ങളെ ഉള്ളൂ എന്നത് ശരിയാണ്. പക്ഷേ അദ്ദേഹത്തിെന്‍റ നിരീക്ഷണങ്ങള്‍ ഫെമിനിസ്റ്റുകള്‍ ഗൗരവമായി പരിശോധിച്ചിട്ടില്ല. കുടുംബത്തെക്കുറിച്ചുള്ള സങ്കല്‍പമാണ് ഇതില്‍ ഏറ്റവും പ്രധാനം. മുതലാളിത്തപൂര്‍വമായ ക്രിസ്ത്യന്‍ കുടുംബസങ്കല്‍പമാണ് (Teutonic Christian Family) മുതലാളിത്തം നിലനിര്‍ത്തിയതെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നു. ഇതില്‍ കുടുംബത്തിനുവേണ്ടി, പണിയെടുക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന പുരുഷനോടുള്ള സ്ത്രീയുടെ കടപ്പാടും ആദരവും സ്നേഹവുമാണ് ആധുനിക കുടുംബത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങളെ നിര്‍ണയിക്കുന്നത്. പകലന്തിയോളം പണിയെടുത്ത് തിരിച്ചുവരുന്ന പുരുഷന് വീണ്ടും പണിയെടുക്കാനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നതില്‍ സ്ത്രീ പങ്ക് വഹിക്കുന്നു. അപ്പോള്‍ തൊഴിലാളികളെയും മുതലാളിത്ത ബന്ധങ്ങളെയും നിലനിര്‍ത്തുന്നതിനും പ്രത്യുല്‍പാദനത്തിലൂടെ ഈ ബന്ധങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാവുന്നതിനും പങ്കാളിയായി സ്ത്രീ മാറുന്നു. അതായത്, മുതലാളിത്ത ബന്ധങ്ങളെ നിലനിര്‍ത്താനായി ""ഭാര്യമാരുടെ കൂട്ട""ത്തെ ((Wives in Common) മുതലാളിത്തം നിലനിര്‍ത്തുന്നു. (കൂട്ടായ്മ അല്ല, കാരണം അതില്‍ ഭാര്യമാര്‍ക്ക് അധികാരങ്ങളൊന്നുമില്ല. വെറും "കൂട്ട"മാണ്) ഇതിെന്‍റ ഫലമായി ഉണ്ടായിവരുന്ന സ്ത്രീ പുരുഷബന്ധങ്ങള്‍ പരസ്യമായ വ്യഭിചാരത്തില്‍നിന്ന് വ്യത്യസ്തമല്ലാത്ത "സ്വകാര്യ വ്യഭിചാര"മാണെന്നും(Prostitution - Public & Private) മാര്‍ക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്നു. അതായത് സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള സ്നേഹമോ പ്രണയമോ ഇത്തരം ബന്ധങ്ങളില്‍ പ്രധാന ഘടകമല്ല എന്നര്‍ത്ഥം. ഇത്തരത്തിലുള്ള കുടുംബബന്ധങ്ങള്‍ക്കുപകരം, തൊഴിലിടങ്ങളില്‍ സ്ത്രീയും പുരുഷനും കണ്ടെത്തി, പ്രണയിച്ച് സൃഷ്ടിക്കുന്ന ബന്ധങ്ങളാണാവശ്യം എന്ന് മാര്‍ക്സ് പറയുന്നുണ്ട്.
മാര്‍ക്സിന്റെ ഈ നിരീക്ഷണങ്ങള്‍, പൂര്‍ണരൂപത്തില്‍ പില്‍ക്കാലത്ത് വിശദീകരിക്കുകയോ, വിശകലനം ചെയ്യുകയോ ചെയ്തിട്ടില്ല. സ്ത്രീ പുരുഷബന്ധങ്ങളെ "സഖ്യ"മായി (comradery) കണക്കാക്കിയ അലക്സാണ്ഡ്രാ കൊളന്തായുടെ നിരീക്ഷണങ്ങളാണ് ഇതിനു തുടര്‍ച്ചയായി പറയാവുന്നത്. സ്ത്രീപ്രശ്നം ഗൗരവത്തില്‍ ചര്‍ച്ച ചെയ്തത് പിന്നീട് രണ്ടാം ഇന്‍റര്‍നാഷണലിലെ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിപോലുള്ള സംഘടനകളിലാണ്. ആഗസ്റ്റ് ബെബലിന്റെ സ്ത്രീകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ (Women - Past, Present & Future; Women & Communism) എംഗല്‍സിന്റെ നിരീക്ഷണങ്ങളെ പിന്‍തുടര്‍ന്ന് സ്ത്രീകളുടെ അടിമത്തം എങ്ങനെ വ്യത്യസ്ത സമൂഹങ്ങളില്‍ തുടര്‍ന്നുപോകുന്നു എന്ന് വിശദീകരിച്ചു. സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും അന്ത്യം ഉണ്ടാവുന്ന കമ്യൂണിസ്റ്റ് സമൂഹത്തിലാണ് സ്ത്രീകളുടെ മോചനം പൂര്‍ണമായും സാധ്യമാവുക എന്നും ബെബല്‍ വാദിച്ചു. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ വളര്‍ന്നുവന്ന "സ്വതന്ത്ര ലൈംഗികത" (Free Sex)യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്നത്തെ സോഷ്യല്‍ ഡെമോക്രാറ്റുകളെ സ്വാധീനിക്കുകയും സ്ത്രീകളുടെ മോചനത്തിനുള്ള ഒരു ചവിട്ടുപടിയായി സ്വതന്ത്ര ലൈംഗികത ഗൗരവത്തിലെടുക്കണമെന്ന് ചില സോഷ്യല്‍ ഡെമോക്രാറ്റുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. അതില്‍ ഫ്രാന്‍സില്‍ വിപ്ലവ പ്രവര്‍ത്തനം നടത്തിയിരുന്ന റഷ്യക്കാരിയായിരുന്നു ഇന്നെസാ ആര്‍മാദ് അവരുടെ Free Sex-നെക്കുറിച്ചുള്ള ലഘുലേഖയോട് പ്രതികരിച്ചുകൊണ്ടാണ് ചര്‍ച്ച തുടങ്ങിയത്. തുടര്‍ന്ന് ജര്‍മന്‍ കമ്യൂണിസ്റ്റായ ക്ലാരാ സെറ്റ്കിന്‍ ലെനിനുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ സ്വതന്ത്ര ലൈംഗികത പരാമര്‍ശിക്കപ്പെടുന്നു. അതില്‍ ബൂര്‍ഷ്വാ സ്ത്രീകളുടെയും തൊഴിലാളിസ്ത്രീകളുടെയും മുന്‍ഗണനകളില്‍ വ്യത്യാസമുണ്ടാകുമെന്നാണ് ലെനിന്‍ സൂചിപ്പിക്കുന്നത്.
തൊഴിലിടങ്ങളില്‍നിന്നും അധ്വാനഭാരങ്ങളില്‍നിന്നും അകന്നു നില്‍ക്കുന്ന ബൂര്‍ഷ്വാ സ്ത്രീക്ക് സ്ത്രീ പുരുഷബന്ധങ്ങളെ വ്യക്തിപരമായും ആത്മനിഷ്ഠമായും മാത്രമേ കാണാന്‍ കഴിയൂ. അവര്‍ക്കാണ് സ്വതന്ത്ര ലൈംഗികത മോചനത്തിനുള്ള ഉപാധിയായി മാറുന്നത്. എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം നിലനില്‍പാണ്. അവിടെ ഗാര്‍ഹികാധ്വാനവും, പൊതു അധ്വാനഭാരവും ഒരുമിച്ച് സ്ത്രീയുടെ ചുമലില്‍ വരുന്നു. ബൂര്‍ഷ്വാ സ്ത്രീ ഗാര്‍ഹികാധ്വാനത്തില്‍നിന്ന് രക്ഷപ്പെടുന്നത്, അത് മറ്റൊരു സ്ത്രീയുടെ തലയില്‍ കെട്ടിവെച്ചിട്ടാണ്. അതുകൊണ്ട്, സ്ത്രീയുടെ ഗാര്‍ഹികാധ്വാനമാണ് തൊഴിലാളി പ്രസ്ഥാനത്തിന്റെയുള്ളില്‍ സ്ത്രീകളുടെ പ്രത്യേക പ്രശ്നമായി കണക്കാക്കേണ്ടത് -((Household drudgery). അതേസമയം തന്നെ, ലെനിന്‍ ഇതുകൂടി കൂട്ടിച്ചേര്‍ക്കുന്നു. "ഒരു കമ്യൂണിസ്റ്റുകാരനെ മാന്തിയാല്‍, തൊലിക്കടിയില്‍ ഒരു സംസ്കാരശൂന്യനെ (Philistine) കാണാമെന്നതുപോലെ, അവന്റെ തൊലിക്കടിയില്‍ "സ്ത്രീകളോടുള്ള മനോഭാവം മറ്റൊന്നാണ്" എന്നതും വെളിപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ഗാര്‍ഹികാധ്വാനം ചെയ്തു ക്ഷീണിച്ച് പരവശയാകുന്ന സ്ത്രീയുടെനേരെ കണ്ണടയ്ക്കാന്‍ ഒരു കമ്യൂണിസ്റ്റിനു പറ്റുമോ?"" - എന്നും ലെനിന്‍ ചോദിക്കുന്നു.

ലെനിന്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍, കൂലിയടിമത്തവും, ഗാര്‍ഹികാടിമത്തവും വിശദീകരിക്കുന്നു. സാങ്കേതികവിദ്യകളുടെ വളര്‍ച്ച, സ്ത്രീ സ്വാതന്ത്ര്യത്തെ സഹായിക്കുന്നുണ്ട്. അതേസമയം, ഗര്‍ഭധാരണം, ഗര്‍ഭഛിദ്രം എന്നിവയെ നിയന്ത്രിക്കുന്ന ഉപാധികള്‍ സ്ത്രീകളെ അടിമപ്പെടുത്തുന്നു. മാര്‍ക്സ് സൂചിപ്പിച്ച സ്ത്രീകള്‍ വ്യവസായ തൊഴില്‍രംഗത്തെ "റിസര്‍വ് സൈന്യ"മാകുന്നു എന്ന വാദവും ലെനിന്‍ ഉദ്ധരിക്കുന്നു. സ്ത്രീകളുടെ ഗാര്‍ഹികാധ്വാനത്തിെന്‍റ പങ്ക് പറഞ്ഞ് ബോധപൂര്‍വം റിസര്‍വ് സൈന്യമാക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്. അതുപോലെത്തന്നെ, ബൂര്‍ഷ്വാ സ്ത്രീകളുടെ പ്രണയം മാര്‍ക്സ് സൂചിപ്പിച്ചപോലെ പ്രജനനത്തിനുള്ള കരാറാണെന്നും തൊഴിലാളികള്‍ക്കിടയിലുള്ള പ്രണയം നിലനില്‍പിെന്‍റ പോരാട്ടത്തിെന്‍റ ഭാഗമായി വരുന്ന "ഐക്യപ്പെട"ലാണെന്നും ലെനിന്‍ പറയുന്നു. അതിനോടൊപ്പം തന്നെ സ്ത്രീപുരുഷബന്ധങ്ങളുടെ രൂപീകരണത്തില്‍ ഫ്യൂഡല്‍ പുരുഷ മേധാവിത്വശക്തികളുടെ സ്വാധീനവും പ്രകടമാണ്. ഇവയെല്ലാം കൂടാതെ മുതലാളിത്ത പ്രത്യയശാസ്ത്രം സൃഷ്ടിക്കുന്ന മിഥ്യാബോധവും കാപട്യവും തൊഴിലാളി സ്ത്രീകളോടുള്ള പരിഗണനയെ സ്വാധീനിക്കുന്നുണ്ട്. അതായത്, ബൂര്‍ഷ്വാസി പ്രചരിപ്പിക്കുന്ന സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തൊഴിലാളിപ്രസ്ഥാനങ്ങളെയും സ്വാധീനിക്കുന്നു.
ലെനിന്റെ ഈ പൊതുനിരീക്ഷണങ്ങളെ കൂടുതല്‍ വിശദമായി പരിശോധിക്കുന്നത് കൊളന്തായ് ആണ്. ഗാര്‍ഹികാധ്വാനത്തില്‍ നിന്നുള്ള മോചനം, പ്രണയം, സ്ത്രീപുരുഷ ബന്ധങ്ങളിലെ സുതാര്യത, പുതിയ കമ്യൂണിസ്റ്റ് കുടുംബബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യാനും അവര്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. മാര്‍ക്സിെന്‍റയും ലെനിെന്‍റയും പരാമര്‍ശങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു രീതിശാസ്ത്രം (Methodology) ഉണ്ട്. അതില്‍ (1) സ്ത്രീ പുരുഷ ബന്ധങ്ങളിലെ അസമത്വവും സ്ത്രീയുടെ സാമൂഹ്യവും ലൈംഗികവുമായ അടിമത്തവും വസ്തുതയാണ്. (2) അതിനെ പരിശോധിക്കുന്ന രീതിയില്‍ ബൂര്‍ഷ്വാ സ്ത്രീവാദികളുടെ നിലപാടുകളും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ നിലപാടും തമ്മില്‍ പ്രകടമായ അന്തരമുണ്ട്.
ബൂര്‍ഷ്വാ സ്ത്രീകള്‍, സ്ത്രീ പുരുഷബന്ധങ്ങളിലും കുടുംബഘടനയിലും നിലനില്‍ക്കുന്ന അധ്വാനത്തിെന്‍റയും അതിജീവനത്തിന്റെയും ഘടകങ്ങളെ അവഗണിക്കുകയും, സ്ത്രീയുടെയും പുരുഷെന്‍റയും വ്യക്തിപരവും ആത്മനിഷ്ഠവുമായ ഘടകങ്ങളെ പര്‍വതീകരിക്കുകയും ചെയ്യുന്നു. ലെനിന്റെ കാലഘട്ടത്തിലെ സ്വതന്ത്ര ലൈംഗികതയും ഇന്നത്തെ ലിംഗപദവി ചര്‍ച്ചകളും ഇതിന്റെ സൂചനയാണ്. വര്‍ഗ വൈരുധ്യങ്ങള്‍ സ്ത്രീ പുരുഷബന്ധങ്ങളെയും കുടുംബത്തെയും നേരിട്ട് സ്വാധീനിക്കുന്നു എന്ന് മാര്‍ക്സും ലെനിനും സൂചിപ്പിക്കുന്നു. ഫ്യൂഡല്‍ സ്വഭാവമുള്ളതും, പലപ്പോഴും മതത്തിെന്‍റ പ്രത്യയശാസ്ത്രത്താല്‍ നിയന്ത്രിക്കപ്പെടുന്നതുമായ കുടുംബബന്ധങ്ങളില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുകയും ഗാര്‍ഹികാധ്വാനവും പ്രത്യുല്‍പാദന "ബാധ്യത"യും കുടുംബഘടനയെ നിയന്ത്രിക്കുകയും ചെയ്യുമ്പോഴാണ് മുതലാളിത്ത സമൂഹത്തില്‍ സ്ത്രീയുടെ അടിമത്തം യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനെ നിലനിര്‍ത്തുന്നതിനുള്ള പ്രത്യയശാസ്ത്രം മുതലാളിത്തം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് തൊഴിലാളികളെ സ്വാധീനിക്കുന്നു എന്നതിലും സംശയമില്ല. ഈ സാഹചര്യങ്ങളില്‍ സ്ത്രീ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തം, തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങളുമായി ഒന്നുചേര്‍ന്ന് പുതിയ സമൂഹത്തിനുവേണ്ടി പോരാടുകയാണെന്ന് ലെനിന്‍ പ്രകടമായി സൂചിപ്പിക്കുന്നുണ്ട്. സ്വതന്ത്ര ലൈംഗികതയെപ്പോലുള്ള ചര്‍ച്ചകള്‍ തൊഴിലാളി സ്ത്രീകളുടെ കമ്യൂണിസ്റ്റ് ഉത്തരവാദിത്തത്തില്‍നിന്നുള്ള പിന്‍വാങ്ങലായിട്ടാണ് ലെനിന്‍ കാണുന്നത്. ഈ വാദങ്ങളെ പൂര്‍ണമായി പരിശോധിക്കുന്നതിനും അവയെ സമകാലീന സാഹചര്യങ്ങള്‍ക്കനുസരിച്ച് യുക്തിസഹമായി വിപുലീകരിക്കുന്നതിനുമുള്ള ചില ശ്രമങ്ങള്‍ 70-കളിലും 80-കളിലും നടന്നിട്ടുണ്ട്. അലിസന്‍ ജാഗര്‍, ഹെയ്ലി സഫിയോട്ടി (ബ്രസീലിയന്‍ മാര്‍ക്സിസ്റ്റ്), യോഹന്നാ ബ്രണ്ണര്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.
എന്നാല്‍, 80കളില്‍ ആരംഭിച്ച ഈ ശ്രമങ്ങള്‍ തൊണ്ണൂറുകള്‍ക്കുശേഷം വഴിമാറിപ്പോവുകയാണുണ്ടായത് - മാര്‍ക്സിസ്റ്റുകള്‍ മുന്നോട്ടുവെച്ച ഒരു പ്രധാനപ്പെട്ട നിരീക്ഷണം, സ്ത്രീകള്‍ കേവലമായ ഒരു വര്‍ഗമല്ലെന്നും നിലവിലുള്ള സാമൂഹ്യവ്യവസ്ഥയുടെ വൈരുധ്യങ്ങള്‍ അവരെയും സ്വാധീനിക്കും എന്നുള്ളതാണ്. എന്നാല്‍ 80-കളിലെ ആധുനികോത്തര (Post Modernist) ചിന്താഗതിയുടെ വളര്‍ച്ച, സാമൂഹ്യഭിന്നതകള്‍ക്ക് വര്‍ഗേതരമായ (വര്‍ഗസമീപനത്തില്‍നിന്ന് ഭിന്നമായ) മറ്റൊരു വിശദീകരണം നല്‍കി. അവര്‍ വര്‍ഗസമരത്തെയും മാര്‍ക്സിസത്തെയും നിരാകരിച്ചു. മിഷേല്‍ ഫൂക്കോവിന്റെ സ്വാധീനത്തില്‍ സമൂഹബന്ധങ്ങളെ "അധികാര"ബന്ധങ്ങളായി പുനര്‍നിര്‍വചിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്ഞാനവും അധികാരവും കേന്ദ്രീകരിക്കുന്ന സംവര്‍ഗമായി (Category) പുരുഷത്വം (Mascularity) നിര്‍വചിക്കപ്പെട്ടു. സ്ത്രീ പുരുഷ ലൈംഗികത (Hetereo Sexuality) സ്ത്രീകളെ അടിമപ്പെടുത്തുന്ന ലൈംഗിക രൂപമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിെന്‍റ ഫലമായി സ്വതന്ത്ര വേഴ്ചകളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ഉയര്‍ന്നുവരികയും ലൈംഗികവേഴ്ചകളിലെ ബഹുത്വം - സ്വവര്‍ഗ്ഗരതി, സ്വയംഭോഗം ആദിയായ രൂപങ്ങള്‍ അടക്കം - സ്ത്രീകളുടെ മോചനത്തിനുള്ള മാര്‍ഗങ്ങളായി അവരോധിക്കപ്പെടുകയും ചെയ്തു. സ്വവര്‍ഗരതിയെ അനുവദിച്ചുകൊണ്ടുള്ള നിയമങ്ങളും മറ്റും വന്നത് ഈ പശ്ചാത്തലത്തിലാണ്. ആസ്ട്രേലിയന്‍ കമ്യൂണിസ്റ്റു പാര്‍ടി പോലുള്ള ഇടതുപക്ഷ സംഘടനകളും സ്വവര്‍ഗരതിക്കുവേണ്ടി വാദിച്ചു.
മറ്റൊന്ന്, സ്ത്രീകള്‍ തമ്മിലുള്ള ഭിന്നതയുടെ അടിത്തറ വര്‍ഗമല്ല, വംശീയ (ethnic-) ഭിന്നതകളാണെന്നുള്ള വാദമാണ്. അമേരിക്കയിലെ, ആഫ്രോ - അമേരിക്കന്‍ ഫെമിനിസ്റ്റുകളാണ് ഈ വാദം ശക്തമായി ആദ്യം ഉയര്‍ത്തിയത്. അമേരിക്കന്‍ കമ്യൂണിസ്റ്റായ ഏഞ്ചലാ ഡേവിസ്
ഇതിന്റെ തുടക്കക്കാരിയാണ്. തുടര്‍ന്ന്, ആഫ്രോ - അമേരിക്കന്‍, ആഫ്രിക്കക്കാര്‍ തുടങ്ങി ക്രമേണ, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മത - ജാതി വിഭാഗങ്ങള്‍ക്കുള്ള ഭിന്നതകളും ഫെമിനിസ്റ്റുകള്‍ ഇത്തരത്തില്‍ ഉയര്‍ത്താനാരംഭിച്ചു. ഇന്ത്യയില്‍ ദളിത് ഫെമിനിസം, മുസ്ലീം മതവിഭാഗത്തിലെ ഫെമിനിസം, ഗോത്ര സമൂഹ ഫെമിനിസം, ആഫ്രിക്കയിലെ ബ്ലാക്ക് ഫെമിനിസം തുടങ്ങിയവ ഇതിന്റെ ഫലമായി വളര്‍ന്നുവന്നവയാണ്. ഇവരാണ് പ്രകടമായി മാര്‍ക്സിസ്റ്റ് വര്‍ഗവീക്ഷണത്തെ ശക്തമായി നിരാകരിക്കുകയും, അതിനുപകരം ലിംഗപദവി (gender)യുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച നടത്താവുന്നത് എന്നു വാദിക്കുകയും ചെയ്തത്. നിരവധി മുന്‍ മാര്‍ക്സിസ്റ്റുകള്‍ ഇവരുടെ വാദങ്ങള്‍ ഉയര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചു.
ഇത് ഒരു പ്രധാനപ്പെട്ട വെല്ലുവിളിയാണ്. ഇതുവരെയുള്ള സാമൂഹ്യശാസ്ത്രത്തിെന്‍റ രീതിശാസ്ത്രത്തെ പുതിയ ഫെമിനിസ്റ്റുകള്‍ വെല്ലുവിളിക്കുന്നു. മാര്‍ക്സിസം അംഗീകരിക്കുന്ന ചരിത്രപരതയും വൈരുധ്യാത്മകതയും അവര്‍ പൂര്‍ണമായി നിരാകരിക്കുന്നു. അതിനുപകരം, വ്യക്തിപരവും സാമൂഹ്യവുമായ കര്‍ത്തൃത്വങ്ങളില്‍നിന്നാണ് എല്ലാ പഠനങ്ങളും അവര്‍ ആരംഭിക്കുന്നത്. വര്‍ത്തമാനകാലത്തിനപ്പുറമുള്ള എല്ലാ സംവര്‍ഗങ്ങളെയും അവര്‍ നിരാകരിക്കുന്നു. അതായത്, മാര്‍ക്സിസം പോലെയുള്ള രീതിശാസ്ത്രങ്ങള്‍ അംഗീകരിച്ചുപോന്ന സാമൂഹ്യവിപ്ലവത്തെക്കുറിച്ചും, അതിന് ആധാരമായ ചരിത്രപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള എല്ലാ ആശയങ്ങളെയും ഇവര്‍ പൂര്‍ണമായും നിരാകരിക്കുന്നു. പിന്നെ നിലനില്‍ക്കുന്നത്, ലിംഗപദവിയെ (gender) ആധാരമാക്കിയുള്ള അധികാരബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രമാണ്. അവിടെ ഇന്നത്തെ അധികാരസ്ഥാനങ്ങളില്ലാത്ത (Social exclused) സ്ത്രീകളുടെ, ദളിതരുടെ, ന്യൂനപക്ഷത്തിെന്‍റ അധികാര സ്ഥാനങ്ങളിലേക്കുള്ള വിന്യാസം മാത്രമേ പ്രസക്തമായിട്ടുള്ളൂ. ആ അധികാരം രാഷ്ട്രീയമായ മാറ്റമാകണമെന്നില്ല. അതിനുപകരം, സ്ത്രീയുടെ, ദളിതരുടെ പുറംതള്ളപ്പെട്ടവരുടെ വ്യത്യസ്തത (difference) നിലനിര്‍ത്തിക്കൊണ്ടാണ് - ആ രാഷ്ട്രീയം മാത്രമാണിവര്‍ അംഗീകരിക്കുന്നത്. ചുരുക്കത്തില്‍, ഇന്നത്തെ ഫെമിനിസം രാഷ്ട്രീയപരമായ പ്രയോഗ പദ്ധതികളെയെല്ലാം നിരാകരിക്കുകയും, പകരം ജീവിതരീതി നിര്‍മാണത്തില്‍ (Life Style Politics) അതിനാവശ്യമായ അധികാരഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയുമാണ് ചെയ്യുന്നത്.
ഫെമിനിസ്റ്റുകള്‍ ഇന്ന് ചെയ്യുന്നത്
ലെനിന്റെ സംവാദങ്ങളില്‍, അദ്ദേഹം പ്രതികരിച്ചത്, 20-ം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ നിലനിന്ന ബൂര്‍ഷ്വാ ഫെമിനിസത്തോടാണ്. 70-കളില്‍ വളര്‍ന്നുവന്ന ഫെമിനിസ്റ്റുകളില്‍ ബൂര്‍ഷ്വാ ഫെമിനിസത്തിന്റെ ശക്തമായ സ്വാധീനമുണ്ടായിരുന്നുവെങ്കിലും മാര്‍ക്സിസത്തിന്റെയും മറ്റു പുരോഗമന ചിന്താഗതികളുടെയും ആശയങ്ങള്‍ ഉള്‍ക്കൊണ്ട്, സ്ത്രീകളുടെ മോചനത്തെയും, മാനവിക മോചനവുമായിട്ടുള്ള അതിന്റെ ബന്ധത്തെയുംകുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പദ്ധതികള്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അതിലവര്‍ പൂര്‍ണമായും വിജയിച്ചു എന്നു പറയാന്‍ കഴിയില്ല. മാത്രമല്ല, സ്ത്രീ പുരുഷബന്ധങ്ങള്‍ എത്രമാത്രം സാമൂഹ്യപരിവര്‍ത്തനത്തിന് ആവശ്യമാണ് എന്ന ആദ്യകാല മാര്‍ക്സിസ്റ്റുകളുടെ നിരീക്ഷണങ്ങള്‍ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ദുര്‍ബലമായിരുന്നു. അതുകൊണ്ടുതന്നെ, എഴുപതുകളിലെ ഫെമിനിസം കൂടുതല്‍ കാലം നിലനിന്നില്ല. പകരം, വളര്‍ന്നുവന്നത്, പ്രകടമായി മാര്‍ക്സിസ്റ്റ് വിരുദ്ധമായ, സാമൂഹ്യ വിപ്ലവങ്ങള്‍ക്കുപകരം ഭിന്നതയുടെയും വ്യത്യസ്തതയുടെയും ബഹുത്വത്തിന്റെയും ശബ്ദങ്ങള്‍ ഉയര്‍ത്തുന്ന പുതിയ ഫെമിനിസമാണ്. ഇത്, സ്ത്രീ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനും പുതിയ രാഷ്ട്രീയ പ്രയോഗത്തില്‍ ആവേശത്തോടെ മുന്നോട്ടുവന്ന പെണ്‍കുട്ടികളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിനും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഇതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും? മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും നിരീക്ഷണങ്ങളെ കാലാനുസൃതമായി പരിശോധിച്ച് ഇന്നത്തെ സാഹചര്യങ്ങള്‍ക്കധിഷ്ഠിതമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഇതിന് രണ്ടുവശങ്ങളുണ്ട്.
1. ഏതൊരു കമ്യൂണിസ്റ്റിന്റെയും തൊലിക്കടിയില്‍ ഒരു "സംസ്കാരശൂന്യനുണ്ട്" എന്ന ലെനിന്റെ വിമര്‍ശനം ഗൗരവമായി എടുക്കുകയും, സ്വയം വിമര്‍ശനപരമായി, സ്ത്രീകളോടുള്ള നിലപാടിനെ പുനഃപരിശോധിക്കാന്‍ തയ്യാറാവുകയും വേണം.
2. വസ്തുനിഷ്ഠമായി പുതിയ നവലിബറല്‍ സാഹചര്യങ്ങളില്‍ സ്ത്രീ പുരുഷബന്ധങ്ങള്‍, കുടുംബം തുടങ്ങിയവയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം അവയെ മൂലധനത്തിന്റെ പ്രത്യയശാസ്ത്രവും, ജാതി മത ശക്തികളും സ്വാധീനിക്കുന്ന വിധവും പരിശോധിക്കാന്‍ തയ്യാറാവണം.
എന്നാല്‍ മാത്രമേ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ അടിമത്തവും ലൈംഗിക പീഡനവും തമ്മിലുള്ള പരസ്പരബന്ധം കൃത്യമായി വെളിപ്പെടുകയുള്ളൂ. വിശദീകരിച്ചാല്‍, ലിംഗപദവിയെക്കുറിച്ച് ഇന്ന് ഫെമിനിസ്റ്റുകളും ഭരണകൂടവും ഒന്നുചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവരുന്ന ആശയസംഹിതയെ അംഗീകരിക്കുന്ന സ്ഥിതി, മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്കുണ്ട്. ഒരു രീതിശാസ്ത്രമെന്ന നിലയിലും പ്രായോഗിക വിപ്ലവ പരിപാടി എന്ന നിലയിലും വര്‍ഗവൈരുധ്യങ്ങള്‍ക്കുള്ള പ്രാധാന്യത്തില്‍ ഊന്നേണ്ടതുണ്ട്. സ്ത്രീ പ്രശ്നത്തെ അതുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ സാധ്യമാണ് എന്നാണ് ആദ്യകാല മാര്‍ക്സിസ്റ്റ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, തൊഴിലെടുക്കുന്ന സ്ത്രീയുടെ "ഇരട്ട അധ്വാന"ത്തെക്കുറിച്ചുള്ള ലെനിന്റെ സൂചനയും മുതലാളിത്ത ലോകത്തില്‍ പ്രാങ്ങ് - മുതലാളിത്ത കുടുംബബന്ധങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ സൂചനയും ഇന്നത്തെ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങളും പ്രായോഗിക പദ്ധതികളും മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരില്‍നിന്ന് ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
ആവിഷ്കാരം :BIJOY FRANCO