http://dillipost.in/2011/11/13/%E0%B4%AD%E0%B5%82%E0%B4%A8%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%A4%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B4%B5%E0%B5%81/
ഫ്രെഡി കെ താഴത്ത്
മണ്ണിന്റെ ഉപയോഗവും പങ്കിടലും മനുഷ്യരെ പ്രകൃതിയുമായും, മനുഷ്യര്‍ പരസ്പരവും പലപ്പോഴും ശത്രുതാപരമായ വൈരുധ്യങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഒരേ സമയം അത് നാശത്തിനും നാമ്പിനും വഴിമരുന്നും വളവുമായി! അതിനാല്‍, ആധുനിക സമൂഹം അതിന്റെ ഉടമസ്ഥ , പ്രയോഗ, പങ്കാളിത്ത നിയാമാകത്വത്തില്‍ സൂക്ഷ്മതയും ദീര്‍ഘ വിവേകവും പുലര്‍ത്തേണ്ടതുണ്ട്. മനുഷ്യ സംസ്കാരത്തിന്റെ നായകസ്ഥാനത്തേക്കുയരുന്ന ആധുനിക തൊഴിലാളിവര്‍ഗമാകട്ടെ ഈ പൊതു തത്വത്തെ മൂര്‍ത്ത പ്രയോഗത്തിന് പാകമായ പദ്ധതിയാക്കി രൂപപ്പെടുത്തേണ്ടതുണ്ട്. ഭൂമിയിലെ ഉടമസ്ഥ നിയമങ്ങളെ അത് കൊണ്ട് തന്നെ വര്‍ത്തമാനത്തില്‍നിന്നു ഭാവിയെ നോക്കി പുനര്‍നിര്‍വചിക്കുകയും പുനര്‍രചിക്കുകയും വേണം. ഈ വെളിച്ചത്തില്‍ പരിശോധിക്കുകില്‍, നമ്മുടെ നാട്ടില്‍ ഇന്ന് വരെ ഇക്കാര്യത്തില്‍ പുരോഗാമിയെന്നു നിശ്ചയിച്ചിരുന്ന ഭൂബന്ധമായ ‘കൃഷി ഭൂമി കര്‍ഷകന് ‘ എന്നത് ഈ രീതിയില്‍ പുനപ്പരിശോധിക്കാന്‍ സമയമായി എന്ന് കാണാനാവും .ഈ കാര്യങ്ങള്‍ കാള്‍ മാര്‍ക്സ്, ഫ്രെഡറിക് എംഗല്‍സ് എന്നിവര്‍ ചര്‍ച്ച ചെയ്യുന്നത് നാം പരിശോധിച്ചാല്‍ ഭൂമിയിലെ ചെറുകിട ഉടമസ്ഥതയെ സാമൂഹ്യ പുരോഗതിക്ക് തടസമായിട്ടു കൂടി അവര്‍ കാണുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. ഭൂമി ദേശസാത്കരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു മാര്‍ക്സ് വ്യക്തമായി ഇങ്ങിനെ എഴുതി. “എന്തായാലും സ്വത്തിനുള്ള ‘അവകാശ’മെന്നു പറയുന്നതിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഞാന്‍ ഒരു കാര്യം ഊന്നി പറയട്ടെ. സമൂഹത്തിന്റെ സാമ്പത്തിക വികാസവും ജനങ്ങളുടെ പെരുപ്പവും സാന്ദ്രീകരണവും, കൃഷിയില്‍ കൂട്ടായ, സംഘടിതമായ, അധ്വാനമേര്‍പ്പെടുത്താനും യന്ത്രങ്ങളുടെയും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും സഹായം തേടാനും കൃഷിയുടമയായ മുതലാളിയെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ തന്നെയും ഭൂമിയുടെ ദേശസാത്കരണത്തെ കൂടുതല്‍ കൂടുതല്‍ ‘സാമൂഹ്യാവശ്യ’മാക്കിത്തീര്‍ക്കും. അതിനെതിരെ സ്വത്തവകാശത്തെക്കുറിച്ചു എത്ര സംസാരിച്ചാലും ഫലമില്ല. സമൂഹത്തിന്റെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റിയേ തീരൂ. സാമൂഹ്യാവശ്യം അനുശാസിക്കുന്ന മാറ്റങ്ങള്‍ സ്വയം വഴിതെളിച്ചെടുക്കും. ഇന്നല്ലെങ്കില്‍ നാളെ അവ അവയുടെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ നിയമ നിര്‍മാണം നടത്തുകയും ചെയ്യും. ദിവസം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉത്പാദനമാണ് നമുക്ക് വേണ്ടത്. ഒരു പിടിയാളുകള്‍ക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും സ്വകീയ താത്പര്യങ്ങളുമനുസരിച്ച് ഉത്പാദനത്തെ ക്രമീകരിക്കാനോ അറിവില്ലായ്മ കൊണ്ട് മണ്ണിന്റെ ഗുണം മുഴുവന്‍ ഉപയോഗിച്ചു തീര്‍ക്കാനോ കഴിയുന്നൊരു സ്ഥിതിയില്‍ ഉല്‍പാദനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റനാവില്ല. ജലസേചനം, ജലനിര്‍ഗമനം, ആവിശക്തിയുപയോഗിച്ചുള്ള ഉഴവു, രാസവസ്തുക്കളുടെ പ്രയോഗം തുടങ്ങിയ എല്ലാ ആധുനിക രീതികളും കൃഷിയില്‍ വിപുലമായുപയോഗിക്കണം. പക്ഷെ ഭൂമി വന്‍തോതില്‍ കൃഷി ചെയ്താലല്ലാതെ നമ്മുടെ ശാസ്ത്രീയ പരിജ്ഞാനമോ യന്ത്രങ്ങളും മറ്റുമായി നമ്മുടെ അധീനതയിലുള്ള സാങ്കേതികകൃഷിരീതികളോ വിജയകരമായി പ്രയോഗിക്കാന്‍ സാധിക്കില്ല… ഒരു വശത്ത് ജനങ്ങളുടെ നിരന്തരം വര്‍ധിച്ചു വരുന്ന ആവശ്യങ്ങളും മറു വശത്ത് കാര്‍ഷികോത്പന്നങ്ങളുടെ നിരന്തരം ഏറി വരുന്ന വിലയും ഭൂമിയുടെ ദേശസാത്കരണം ഒരു സാമൂഹ്യാവശ്യമായി തീര്‍ന്നിരിക്കുന്നുവെന്നതിനുള്ള അനിഷേധ്യമായ തെളിവാണ്…” [1872 മാര്‍ച്-ഏപ്രില്‍ മാസങ്ങളില്‍ മാര്‍ക്സ് എഴുതിയത്. 'ദ ഇന്റര്‍നാഷനല്‍ ഹെരാള്‍ഡ് (ലക്കം II, 1872 ജൂണ്‍ 15) എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചത്]“. (ജനകീയ ചൈന ഭരണഘടനാപരമായി തന്നെ ഭൂമിയെ മുഖ്യമായി ദേശസാത്കരിച്ചും പൊതുവായി സാമൂഹ്യ ഉടമസ്ഥതയിലും നിലനിര്‍ത്തിയിരിക്കുന്നത് അത് കൊണ്ടാണ്. ചൈന, പക്ഷേ, അനുദിനം സോഷ്യലിസ്റ്റ് പാതയില്‍ ചരിക്കുന്ന ജനകീയ ജനാധിപത്യ രാഷ്ട്രമാണ്. ഇന്ത്യ ഒരു ബൂര്‍ഷ്വാ ഭൂപ്രഭു ഭരണകൂടത്തിന്‍ കീഴിലുള്ള രാഷ്ട്രവും).
ലെനിനിസ്റ്റ് വിപ്ലവപാത
മാര്‍ക്സിനും എംഗല്‍സിനും ശേഷം ലോക വ്യവസ്ഥയ്ക്ക്, ആഗോള മുതലാളിത്തത്തിന്, പ്രാതിഭാസിക മാറ്റമുണ്ടായി. അതിനെ ശരിയായും വ്യക്തതയോടെയും മനസിലാക്കി വിപ്ലവ പ്രയോഗത്തില്‍ നടപ്പാക്കിയ മഹാനാണ് സഖാവ് ലെനിന്‍. അതായത്, കുത്തക മൂലധനത്തിന്റെ ഉല്‍പത്തി എംഗല്‍സിന്റെ കാലത്തുണ്ടാവാന്‍ തുടങ്ങിയെങ്കിലും ആ പ്രവണത വേണ്ടത്ര വ്യക്തമായിരുന്നില്ല. ലെനിന്റെ കാലത്ത് ഈ കുത്തകവത്ക്കരണം ശക്തമായി. കൂടാതെ, കുത്തക മൂലധനം ബാങ്ക് മൂലധനവുമായി ഇഴചേര്‍ന്നു. ഇവ രണ്ടും കൂടിച്ചേര്‍ന്ന അവസ്ഥയെ ലെനിന്‍ ധനമൂലധനം (finance capital) എന്ന് വിളിച്ചു. സാമ്രാജ്യത്വത്തിനെ മുതലാളിത്തത്തിന്റെ പരമോന്നതവും ജീര്‍ണോന്മുഖവുമായ അന്തിമ ഘട്ടം എന്ന് നിര്‍ണയിച്ചു. അതിന്റെ യുഗത്തെ സാമ്രാജ്യത്വത്തിന്റെയും സോഷ്യലിസത്തിന്റെയും യുഗം എന്ന് വിളിച്ചു. (അതായത്, വൃദ്ധമായ സാമ്രാജ്യത്വത്തെ യൗവനയുക്തമായ ശാസ്ത്രീയ സോഷ്യലിസം സാമൂഹ്യ വിപ്ലവങ്ങളിലൂടെ പ്രായോഗികമായ എല്ലാ അര്‍ത്ഥത്തിലും കാലഹരണപ്പെടുത്തുന്ന ദീര്‍ഘിച്ച ചരിത്ര കാലഘട്ടം എന്നര്‍ത്ഥം). ഇതാണ് ലെനിനിസത്തിന്റെ കേന്ദ്ര ബിന്ദു.
ലെനിന്‍ സാമ്രാജ്യത്വത്തെ വൃദ്ധമായും, എല്ലാ സാമൂഹ്യ വിപ്ലവ മൂല്യങ്ങളും നഷ്ടപ്പെട്ടതായും കണ്ടതോടെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നു: ഇങ്ങനെയാണെങ്കില്‍, ബൂര്‍ഷ്വാസി നടത്തിയ/വാഗ്ദാനം ചെയ്ത ബൂര്‍ഷ്വാ സാമൂഹ്യ വിപ്ലവത്തിന്റെ കടമകളായ വ്യക്തിഗത സ്വത്തവകാശം, സാര്‍വജനീന വോട്ടവകാശം, മതേതര രാഷ്ട്രനിര്‍മിതി, സാര്‍വത്രിക വിദ്യാഭ്യാസം, എന്നിവയെല്ലാം ആരാണ് ഇനി ചരിത്രപരമായി പൂര്‍ത്തിയാക്കേണ്ടത്? സംശയമെന്ത്, തൊഴിലാളി വര്‍ഗം തന്നെ. അങ്ങനെ സോഷ്യലിസം എന്നത് നേരത്തെ തൊഴിലാളി വര്‍ഗത്തിന്റെ ഏകമാത്ര വിപ്ലവ അജന്‍ഡയായിരുന്നിടത്ത് നിന്ന് ജനാധിപത്യ വിപ്ലവകടമകള്‍ ഉള്ളടങ്ങിയ സോഷ്യലിസം എന്നത് തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ തൊഴിലാളി-കര്‍ഷക സഖ്യത്തില്‍ നടപ്പാക്കേണ്ട പുതുക്കപ്പെട്ട സാമൂഹ്യ വിപ്ലവ പദ്ധതി ആയി മാറ്റപ്പെട്ടു. ഇതാണ് ലെനിനിസ്റ്റ് വിപ്ലവപാത. ഈ പാതയില്‍, വന്‍ വികസിത മുതലാളിത്ത രാജ്യങ്ങളെക്കാള്‍ മുതലാളിത്ത രാഷ്ട്ര-ശൃംഘലയിലെ ദുര്‍ബല കണ്ണികളായ റഷയെ പോലുള്ളവയില്‍ കൂടുതല്‍ വിപ്ലവാത്മക പ്രതിസന്ധി രൂപമെടുത്തുവെന്നും, ഇതര ഏഷ്യന്‍/ആഫ്രിക്കന്‍/ലത്തീനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ് ദിശയിലേക്ക് ചരിക്കുന്ന ദേശീയ ജനാധിപത്യ വിപ്ലവങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കണ്ടു.
മാര്‍ക്സിസത്തിന്റെ പ്രാതിഭാസിക വികാസം
ഇതാകട്ടെ, മുമ്പ് യൂറോപ്പിലെ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുന്നില്‍ നിന്നിരുന്ന ഇംഗ്ലണ്ടിലോ ജര്‍മനിയിലോ ആദ്യം സോഷ്യലിസ്റ്റ് വിപ്ലവം ഉണ്ടാകുമായേക്കും എന്ന് മാര്‍ക്സ് കണ്ടതിനെയോ, മാര്‍ക്സിസത്തെ തന്നെയോ അടിസ്ഥാനപരമായി നിഷേധിക്കുന്ന ഒന്നല്ല. മറിച്ച്, മാര്‍ക്സിസത്തിന്റെ പ്രാതിഭാസിക വികാസമാണ്. അതായത്, കുത്തകവത്ക്കരിക്കുകയും ധന/ബാങ്ക് മൂലധനവുമായി ഇഴചേരുകയും ചെയ്ത, അങ്ങനെ സ്വതന്ത്രമത്സരം, സ്വതന്ത്ര അന്വേഷണം എന്നീ ഗുണങ്ങള്‍ കൈവെടിഞ്ഞു കൊണ്ട് ഉത്പാദനത്തെ നവീകരിക്കുവാനുള്ള അടിസ്ഥാന ഊര്‍ജ്ജദായക ശക്തിയായി സദാ വര്ത്തിക്കെണ്ടുന്ന മനുഷ്യന്റെ ഭാവനാന്വേഷണങ്ങളെ മുരടിപ്പിക്കുകയും, ബാങ്ക് പലിശ/ഊഹക്കച്ചവട കൊള്ള ലാഭത്തെ ലക്‌ഷ്യം വയ്ക്കുകയും ചെയ്യുന്നതുമായ സാമ്രാജ്യത്വ മൂലധനം കോളനികളിലേക്ക് മൂലധനം കയറ്റി അയയ്ക്കുന്നതിനോടൊപ്പം പ്രതിസന്ധിയും ‘സ്വന്തം’ പ്രഭവ കേന്ദ്രങ്ങളില്‍ നിന്ന് ആ കോളനികളിലേക്ക് കയറ്റി അയച്ചു. അതിനാല്‍ വിപ്ലവത്തിന്റെ കൊടുങ്കാറ്റു കേന്ദ്രങ്ങള്‍ അങ്ങോട്ട് മാറി. അതാണ് ലെനിന്‍ ഒക്ടോബര്‍ വിപ്ലവത്തിലൂടെയും, പിന്നീട് കൊമിന്റെണ്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രൂപമെടുത്ത കമ്യൂണിസ്റ്റ് പാര്‍ടികള്‍ നേതൃത്വം വഹിച്ചും അതല്ലാതെയും ചൈന, വിയത്നാം, കൊറിയ തുടങ്ങി ക്യൂബ വരെയുള്ള രാജ്യങ്ങളില്‍ നടന്ന വിപ്ലവ വിമോചനങ്ങളിലൂടെയും ചരിത്രപരമായി തെളിഞ്ഞത്. ഇവയൊന്നും കാലികമായി വീണുകിട്ടിയ താത്കാലിക മുതലാളിത്ത പ്രതിസന്ധികളെ ഉപയോഗിച്ചു സാന്ദര്‍ഭിക വിജയങ്ങള്‍ നേടിയതിന്റെ ആകസ്മിക ഫലങ്ങള്‍ മാത്രമായിരുന്നില്ല തന്നെ. മറിച്ചു, സാമ്രാജ്യത്വത്തിന്റെ കൂടപ്പിറപ്പായ ആന്തരിക പ്രതിസന്ധിയുടെ പരിഹാരമായി ഓരോ രാഷ്ട്രങ്ങളിലെയും തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ നടപ്പിലാക്കിയ ലെനിനിസ്റ്റ് പാതയുടെ ആ നാടുകളിലെ വിജയ ഘട്ടങ്ങളായിരുന്നു.
അതായത് , മുതലാളിത്തത്തിന്റെ അനുസ്യൂത സ്വഭാവം (spontaneity) അതിനു പ്രതിസന്ധിയും പൊതുക്കുഴപ്പങ്ങളും പ്രദാനം ചെയ്യുകയും ലോകത്തെ നാശത്തിലേക്ക് നയിക്കുയും ചെയ്തപ്പോള്‍ മനുഷ്യന്റെ ക്രിയാത്മകഭാവനയുടെ ഉന്നത പ്രകാശനമായി മാറിയ ലോക തൊഴിലാളിവര്‍ഗത്തിന്റെ ബോധപൂര്‍വ വിപ്ലവ പ്രയോഗം ലോകത്തെ വീണ്ടെടുക്കുന്നതിന്റെ പ്രതീക്ഷാജനകമായ തുടര്‍ച്ചയുടെ നിദര്‍ശനങ്ങളായിരുന്നു അവ. ഇവ ഒരേ സമയം മാര്‍ക്സിസത്തിന്റെയും ലെനിനിസത്തിന്റെയും സാധൂകരണമായിരുന്നു. അതായത്, മാര്‍ക്സിസത്തെയും ലെനിനിസത്തെയും പരസ്പരം വേര്‍പിരിക്കാനാവില്ല. അതുകൊണ്ടാണ് ലോകമെങ്ങുമുള്ള കമ്യുണിസ്റ്റുകാര്‍ തങ്ങളെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ എന്നും കമ്യുണിസ്റ്റ് പാര്‍ടികള്‍ അവരുടെ പ്രത്യയശാസ്ത്രത്തെ മാര്‍ക്സിസം-ലെനിനിസം എന്നും വിളിക്കുന്നത്. ഈ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവ പദ്ധതിയുടെ ഭാഗമായാണ്, പഴയ ബൂര്‍ഷ്വാ വിപ്ലവത്തിന്റെ ഭാഗമായിരുന്ന (ഇന്ന് ബൂര്‍ഷ്വാസി ഉപേക്ഷിച്ച) ഭൂപരിഷ്കരണം, പുതുക്കിയ സാമൂഹ്യ അര്‍ത്ഥ പ്രയോഗ സാധ്യതകളോടെ, കമ്യൂണിസ്റ്റ് പാര്‍ടികള്‍ നടപ്പിലാക്കുന്നത് .
പാരീസില്‍ നിന്നു മോസ്കോയിലേക്ക്
ബൂര്‍ഷ്വാ സാമൂഹ്യ വിപ്ലവമായ ഫ്രെഞ്ച് വിപ്ലവം (1789–1799) കൊണ്ടുവന്ന ‘ഭൂമിയില്‍ എല്ലാവര്‍ക്കും ഉടമാവകാശം’ എന്ന മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് ‘ഭൂമിയില്‍ പൊതുവായ ഉടമാവകാശം മാത്രം’ എന്നത് സ്ഥാപിക്കുകയാണ് മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ ദൌത്യം. ഭൂമി ദേശസാത്കരിച്ചു കൊണ്ടുള്ള ആജ്ഞ പുറപ്പെടുവിച്ചു കൊണ്ടാണ് ലെനിന്‍ ഇത് സോവിയറ്റ് റഷയില്‍ സ്ഥാപിച്ചത്. എന്നാല്‍, നേരത്തെ പറഞ്ഞ പ്രശ്നം, ചരിത്രം കടന്നുപോകേണ്ടാതായ ബൂര്‍ഷ്വാ വിപ്ലവ കടമകളുടെ കാലഘട്ടം താണ്ടിക്കഴിയായ്ക എന്ന പ്രശ്നം, അതിന്റെ ഭാഗമായുള്ള, ജന്മിത്വത്തേയും ക്സാര്‍ ചക്രവര്‍ത്തിയുടെ രാജ-ഭൂപ്രഭു അവകാശങ്ങളുടെയും വിപ്ലവകരമായ നിഗ്രഹത്തിന്റെ ആവശ്യം, റിപ്പബ്ലിക്കിലെ കര്‍ഷകര്‍ (ഉത്പാദനോപാധികള്‍ ഉടമപ്പെടാനും ചരക്കുകള്‍ വില്‍ക്കാനും സ്വാതന്ത്ര്യമുള്ള കര്‍ഷകര്‍) എന്ന പുതിയ ഉടമ വര്‍ഗത്തിന്റെ ആവിര്‍ഭാവ ആവശ്യം, കര്‍ഷക തൊഴിലാളികള്‍ എന്ന പുതിയ ഗ്രാമീണ തൊഴിലാളി വര്‍ഗത്തിന്റെ ഉത്ഭാവാവശ്യം, എന്നിവയ്ക്ക് ആ ആജ്ഞ തടസമാകുമെന്ന് അദ്ദേഹം കണ്ടു.
കൂടാതെ, ഒക്ടോബര്‍ വിപ്ലവത്തിന് ശേഷവും ‘ബോള്‍ഷെവിക്കുകള്‍ കര്‍ഷകരെ വഞ്ചിച്ചു…, ഭൂമി ദേശസാത്കരിച്ചു…, കര്‍ഷകര്‍ക്ക് തുണ്ട് ഭൂമിയില്ല”, എന്നിങ്ങനെ വിളിച്ചു കൂവിയിരുന്ന ‘സോഷ്യലിസ്റ്റ് റവല്യൂഷനറികള്‍’ എന്ന പ്രതിവിപ്ലവകാരികളുടെ (ഇവര്‍ പിന്നീട് ലെനിനെ വധിക്കാന്‍ ശ്രമിക്കുകയുണ്ടായി) പിളര്‍പ്പന്‍ പണി കര്‍ഷകര്‍ക്കിടയില്‍ പുതിയ സോഷ്യലിസ്റ്റ് ഭരണകൂടത്തിനും തൊഴിലാളി വര്‍ഗത്തിനും എതിരെ വളര്‍ത്തുന്ന സംശയത്തെയും അദ്ദേഹം ഗൗരവമായി കണ്ടു. മാത്രമല്ല, പുതിയ സോഷ്യലിസ്റ്റ് റിപബ്ലിക്കിന്റെ ഉത്പാദനാവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അന്നത്തെ ചരിത്ര മുഹൂര്‍ത്തത്തില്‍ ഭൂമിയുടെ മേലുള്ള ചെറുകിട ബൂര്‍ഷ്വാ ഭൂവുടമസ്ഥതയായ ‘കൃഷിഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യത്തിന്റെ കാലിക-ഭൌതിക പ്രസക്തിയും ശരിമയും ആ മഹാമനീഷി തിരിച്ചറിഞ്ഞു. അന്നത്തെ സാമ്രാജ്യത്വ പ്രതിവിപ്ലവ യുദ്ധങ്ങളെ നേരിടേണ്ടത് ശക്തമായ തോഴിലാളിവര്‍ഗ-കര്‍ഷക സഖ്യമാണ് എന്നും സോവിയറ്റ് ജനാധിപത്യത്തിന്റെ അന്നത്തെ വര്ത്തമാനാവസ്ഥയിലെ വര്‍ഗാടിത്തറ അതാണ് എന്നും ലെനിന്‍ മനസ്സിലാക്കി. ഇങ്ങനെയാണ് സോവിയറ്റ് യൂണിയന്‍ ഭൂപരിഷ്കരണം നടപ്പാക്കിയതും ഈ പദ്ധതി മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നിര്‍ദേശത്തിനനുസരിച്ച് ലോകമെങ്ങും കെട്ടിപ്പടുത്ത കമ്യൂണിസ്റ്റ് പാര്‍ടികളുടെ (മുതലാളിത്ത രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെ പരിപാടികളില്‍ ഒഴികെ) ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയില്‍ ഈ ആധുനിക ഭൂപരിഷ്കരണം ഇടം കണ്ടതും.
തൊഴിലാളിവര്‍ഗത്തിന്റെ ഭൂനയം എന്താകണം?
എന്നാല്‍ ഇന്ന്, ജന്മിത്ത-രാജവാഴ്ച്ചാ കാലത്തിന്റെ ഉത്പാദന സാമൂഹ്യവ്യവസ്ഥ ബാക്കി വച്ച പിന്തിരിപ്പന്‍ പിന്നോക്കാവസ്ഥ പരിഹരിച്ചു കൊണ്ട് ഉത്പാദന പുരോഗതിയും അതിന്റെ ഭാഗമായുള്ള പുത്തന്‍ തൊഴിലാളിവര്‍ഗത്തിന്റെ, ഗ്രാമീണ കര്‍ഷക തൊഴിലാളി വര്‍ഗത്തിന്റെ, ആവിര്‍ഭാവവും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ അവ രണ്ടിന്റെയും കൂടുതല്‍ ഉയര്‍ന്ന ഗുണപരമായ വികാസത്തിനുതകുന്ന തരത്തില്‍ ഭൂമിയുടെ സംഘടിത ഉപയുക്തത, ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഗുണഫലങ്ങള്‍ ഉടനുടന്‍ പ്രയോഗിക്കല്‍ എന്നിവ വിപ്ലവകരമായ സാമൂഹ്യ വികാസത്തിനു അനുപേക്ഷണീയമാണ്. ഇത് സംഭവിച്ചില്ലെങ്കില്‍ ഉത്പാദനവും പുതിയ ശ്രേണി തൊഴിലാളി വര്‍ഗത്തിന്റെ അവശ്യവളര്‍ച്ചയും അവതാളത്തിലാകും. മാത്രമല്ല, കാര്‍ഷിക ഉല്‍പാദന മേഖലയിലെ മുരടിപ്പ് ചൂണ്ടിക്കാട്ടി അതിനുള്ള ഏക പരിഹാരം ആ മേഖലകൂടി കുത്തക ബൂര്‍ഷ്വാസിയുടെ കയ്യിലേല്‍പ്പിക്കുക എന്നതാണെന്നും അങ്ങനെ മാത്രമേ ഭക്ഷ്യ സുരക്ഷ സാധ്യമാക്കാവുന്നത്ര ഉത്പാദനക്ഷമത ഉണ്ടാക്കാനാവൂ എന്നും സാമ്രാജ്യത്വ-കുത്തക ബൂര്‍ഷ്വാ ഏജന്റുമാരായ ‘വിദഗ്ദര്‍’ ശക്തമായി വാദിക്കും. ഇത് സമൂഹത്തിനു മേല്‍ കുത്തക മുതലാളിത്തത്തിന്റെ നീരളിപ്പിടുത്തം സമഗ്രമായി വന്നു വീഴാന്‍ ഇടയാക്കുകയും ചെയ്യും.
ഇത് ഒഴിവാക്കാന്‍ രണ്ടു പോം വഴികളാനുള്ളത്. ഒന്ന്: നിലവില്‍ വ്യാവസായികമായി കാര്‍ഷിക ഉല്‍പാദനം നടക്കുന്ന എസ്റ്റേറ്റുകളുടെ ഭൂമി തുണ്ടുവത്കരിക്കാതിരിക്കുക. അവയുടെ പാട്ടം തീരുന്ന മുറയ്ക്ക് (അല്ലെങ്കില്‍ ഗുരുതരമായ പാട്ടവ്യവസ്ഥാ ലംഘനങ്ങള്‍ ഉണ്ടായാല്‍ പാട്ടം റദ്ദാക്കിക്കൊണ്ട്) അവ ഏറ്റെടുത്തു പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പോലുള്ള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുക. രണ്ടു: കാര്‍ഷിക വിളകള്‍, മുഖ്യമായും ധാന്യം, പച്ചക്കറി, കോഴി, ആട്, മാട് എന്നിവ സംഘടിതമായി കൃഷി ചെയ്യാനും പഞ്ചായത്തടിസ്ഥാനത്തില്‍ ഉല്‍പ്പാദക സഹകരണ സംഘങ്ങളും കര്‍ഷകരുടെ രജിസ്റ്റര്‍ ചെയ്ത കൂട്ടുസംരംഭങ്ങളും ഉണ്ടാക്കുക (സര്‍ക്കാരിന്റെ ശക്തമായ സഹായ നിര്‍ദേശങ്ങളോടെ). ഓരോ ബ്ലോക്കടിസ്ഥാനത്തിലും ഇവയുടെ ആധുനിക കമ്പോളവും വിതരണ സംവിധാനവും ഉണ്ടാക്കുക. കൂടെ, ഇവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന ഗ്രാമീണ വ്യവസായങ്ങള്‍ സൃഷ്ടിക്കുമാര്‍ വ്യാവസായിക നയം ഇതിനനുപൂരകമായി വികസിപ്പിക്കുക. വന്‍ ധാന്യ ഉല്‍പാദന കേന്ദ്രങ്ങളായ പാട ശേഖരങ്ങള്‍ ആധുനിക സംവിധാനം ഉപയോഗിച്ചുള്ള കാര്‍ഷിക ഉല്‍പാദനത്തില്‍ കൊണ്ടുവരുന്നതോടൊപ്പം അവയുടെ ഉടമകളായ കര്‍ഷകര്‍ക്ക് അടിസ്ഥാന ഡിവിഡന്റ് ഉറപ്പാക്കികൊണ്ട് ദീര്‍ഘ പാട്ടത്തിനെടുക്കാന്‍ ഈ കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുക. ഇതിനായി ആവശ്യമായ നിയമം നിര്‍മിക്കുക. നമ്മുടെ നാട്ടിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ എന്ന പെരുച്ചാഴികളെ പുകച്ചോടിച്ച് ഗ്രാമ, നഗര ഭേദമെന്യേ കൃത്യമായ ഭവനനിര്‍മാണ നയം നടപ്പിലാക്കുകയും, ഭവന/കെട്ടിട നിര്‍മാണത്തിനു അനുവദിക്കപ്പെട്ട ഇടം മാപ്പില്‍ വ്യക്തമായും രേഖപ്പെടുത്തുകയും ചെയ്യുക. സാമൂഹ്യ ജാഗ്രതയോടെ ഇത് കര്‍ശനമായും നടപ്പിലാക്കുകയും പാലിക്കുകയും വേണം. സ്കൂള്‍, ശ്മശാനം, ആശുപത്രി, മാര്‍ക്കെറ്റ്, പാഴ്വസ്തുക്കളുടെ നിര്‍മാര്‍ജന കേന്ദ്രം ഇവയെല്ലാം ശാസ്ത്രീയവും വികേന്ദ്രീകൃതവുമായി നടക്കണമെങ്കില്‍ ഇത് കൂടിയേ തീരൂ.
ഇങ്ങനെ, ഭൂമിയുടെ ഉപയുക്തതയുടെ കാര്യത്തില്‍ സാമൂഹ്യ കാഴ്ചപ്പാടോടെ സാമൂഹ്യ നിയന്ത്രണത്തോടെ സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള നയം പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ ഭക്ഷ്യ പ്രതിസന്ധി ആസന്നമാകുന്ന ഈ കാലത്ത്, ‘എന്റെ തുണ്ട് ഭൂമി കിട്ടിയില്ല’ എന്ന രീതിയില്‍ തുണ്ടുവത്കരണ വാദം വീണ്ടും സാമൂഹ്യനീതിയുടെ ന്യായമായ മുദ്രാവാക്യമായി ഉയര്‍ത്തപ്പെടുന്ന കാലത്ത്, ഏറ്റവും ആപത്കരമായ പ്രവണതയായി ഭൂ ഉടമസ്ഥത സംബന്ധിച്ച രണ്ടു സ്വഭാവങ്ങള്‍ വളരും—റിയല്‍ എസ്റ്റേറ്റുകാരുടെയും കുത്തകകളുടെയും ആവശ്യത്തിനായുള്ള ഭൂസമാഹരണവും, അന്തിമമായി അവരുടെ മുതല വായിലേക്ക് പോകുന്ന ശേഷിക്കുന്ന സംഘടിത കാര്‍ഷിക ഭൂമിയുടെ തുണ്ടുവത്കരണവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ