സുക്കോട്ടി പാര്‍ക്കിലെത്തി ലൂയിസ് ഒര്‍ട്ടേഗ അവിടെ നടക്കുന്ന സമരത്തിന്റെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭകരുടെ കേന്ദ്രമാണ് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലുള്ള സുക്കോട്ടി പാര്‍ക്ക്. എന്നാല്‍ , മെക്സിക്കന്‍ കുടിയേറ്റക്കാരനായ ഒര്‍ട്ടേഗയ്ക്ക് അമേരിക്കന്‍ ഇംഗ്ലീഷ് മനസ്സിലാക്കുന്നത് ബുദ്ധിമുട്ടായി. അപ്പോഴാണ് ഒരു ടാക്സി കാറില്‍ "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ" കോപ്പികള്‍ പാര്‍ക്കില്‍ കൊണ്ടുവന്നത്. ഇംഗ്ലീഷിനൊപ്പം സ്പാനിഷിലും ആ പത്രം പ്രസിദ്ധീകരിച്ചിരുന്നു. സ്പാനിഷിലുള്ള പത്രം വായിച്ചതോടെ ഒര്‍ട്ടേഗയുടെ സംശയങ്ങള്‍ നീങ്ങി. "ജനങ്ങളെ സംഘടിപ്പിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരുടെ ഭാഷയില്‍ സംസാരിക്കണം"- ഒര്‍ട്ടേഗ പറയുന്നു. "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യവും ഇതുതന്നെ. പ്രക്ഷോഭത്തിന്റെ സന്ദേശം കൃത്യമായി ജനങ്ങളില്‍ എത്തിക്കുക. മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കുക.

പന്ത്രണ്ടംഗ സംഘമാണ് പത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. അസോസിയേറ്റഡ് പ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന മൈക്കിള്‍ ലെവിറ്റിനാണ് മാനേജിങ് എഡിറ്റര്‍ . കൊളംബിയ ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ മുപ്പത്തഞ്ചുകാരനായ ലെവിറ്റിന്‍ ന്യൂസ് വീക്ക്, ലൊസാഞ്ചലസ് ടൈംസ്, ഡെയ്ലി ടെലിഗ്രാഫ് എന്നിവയുടെ ബര്‍ലിന്‍ ലേഖകനായും സാന്‍ ഫ്രാന്‍സിസ്കോ പബ്ലിക് പ്രസിന്റെ ന്യൂസ് എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്. മുഖ്യധാരാമാധ്യമങ്ങളുടെ കാപട്യം തിരിച്ചറിഞ്ഞശേഷം ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി മാറി. അമേരിക്കന്‍ജനത നേരിടുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തികപ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ള പത്രപ്രവര്‍ത്തകനാണ് ലെവിറ്റിന്‍ . ബൊളീവിയയില്‍ 2000ല്‍ നടന്ന ജലപ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തു. ലാറ്റിനമേരിക്കയില്‍ ഉടനീളവും ഇന്ത്യ, ചൈന, കിഴക്കന്‍ ആഫ്രിക്ക, ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന "ദി ഇന്‍ഡിപെന്‍ഡന്റിന്റെ" സ്ഥാപക എഡിറ്റര്‍ അരുണ്‍ ഗുപ്തയും "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" പത്രാധിപസമിതിയിലുണ്ട്. ഗുപ്ത ഇന്ത്യന്‍വംശജനാണ്. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ജെഡ് ബ്രാന്‍ഡ്താണ് പത്രം രൂപകല്‍പ്പന ചെയ്യുന്നത്. "ക്വിക്സ്റ്റാര്‍ട്ടര്‍ ഡോട്ട്കോം" എന്ന വെബ്സൈറ്റ് വഴിയാണ് പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് ആവശ്യമായ പണം ശേഖരിക്കുന്നത്. ഹോളിവുഡിലെ അതുല്യ പ്രതിഭ മൈക്കള്‍ മൂര്‍ , "നോ ലോഗോ" എന്ന വിഖ്യാത കോര്‍പറേറ്റ്വിരുദ്ധ ഗ്രന്ഥത്തിന്റെ രചയിതാവ് നവോമി ക്ലെയന്‍ , നടന്‍ ആന്‍ഡി ബിക്കള്‍ബാം തുടങ്ങിയവര്‍ ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു. മൈക്കള്‍ മൂര്‍ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ വിജയിപ്പിക്കാന്‍ ഏറെ യത്നിച്ചിരുന്നു. ഒബാമ തന്നെ നിരാശപ്പെടുത്തിയെന്നാണ് പിന്നീട് മൂര്‍ പരസ്യമായി പ്രഖ്യാപിച്ചത്.

*****
സാജന്‍ എവുജിന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ