2015, ജനുവരി 18, ഞായറാഴ്‌ച

വിശ്വഹിന്ദു പരിഷത്തും വിവേകാനന്ദനും

by ഡോ. ജെ പ്രസാദ് on 11-January-2015

സ്വാമി വിവേകാനന്ദന്‍ ഭൂജാതനായിട്ട് 2015 ജനുവരി പന്ത്രണ്ടിന് 152 വര്‍ഷം പൂര്‍ത്തിയാകുന്നു. ജീവിതകാലം മുഴുവന്‍ മാനവരാശിയുടെ മോചനത്തിനും ഉന്നമനത്തിനുംവേണ്ടി അഹോരാത്രം പോരാടിയ ആ മഹര്‍ഷിവര്യന്റെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ ലോകമാകെ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ സംഘപരിവാരങ്ങള്‍ ഭരണകൂടപിന്തുണയോടെ അദ്ദേഹത്തെ വിശ്വഹിന്ദുപരിഷത്തിന്റെ പ്രവാചകനാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. ദശാബ്ദങ്ങളായി അദൈ്വതാചാര്യനായ ശങ്കരാചാര്യരെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും തങ്ങളുടെ വഴികാ
ട്ടിയാണെന്ന് വിശ്വസിക്കുകയും മാലോകരെ വിശ്വസിപ്പിക്കുകയും ചെയ്തുവന്ന സംഘപരിവാര്‍, ഒരു സുപ്രഭാതത്തില്‍ വിവേകാനന്ദനിലേക്ക് ചുവടുമാറ്റിയത് വ്യക്തമായ അജന്‍ഡയുടെ ഭാഗമായിരുന്നു എന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ലോകത്ത് വിശേഷിച്ച് ഏഷ്യയില്‍ ഒരുകാലത്ത് സര്‍വരും ഹിന്ദുക്കളായിരുന്നു എന്നും ക്രിസ്ത്യന്‍മിഷണറിമാരും മുസ്ലിംഭരണാധികാരികളും അവരെ നിര്‍ബന്ധിത മതംമാറ്റം നടത്തുകയായിരുന്നു എന്നും അവരെയെല്ലാം "ഘര്‍ വാപസി'യിലൂടെ സ്വന്തംവീട്ടിലേക്ക് മടക്കിക്കൊണ്ടുവന്ന് 2021ലെ സെന്‍സസ് ആകുമ്പോഴേക്കും ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം ഇപ്പോഴത്തെ 82 ശതമാനത്തില്‍നിന്ന് 100 ആയി വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പ്രഖ്യാപനം.
2012ല്‍ വിവേകാനന്ദന്റെ 150-ാം ജയന്തി ഒരുവര്‍ഷം നീണ്ട വിവിധ പരിപാടികളോടെയാണ് സംഘപരിവാര്‍ രാജ്യത്തിനകത്തും പുറത്തും കൊണ്ടാടിയത്. ദേശീയതലത്തില്‍ വിവേകാനന്ദനെയും പ്രാദേശികതലത്തില്‍ അതത് സ്ഥലത്തെ മണ്‍മറഞ്ഞ ജനനേതാക്കളെയും തങ്ങളുടെ നേതാക്കന്മാരായി പുനരവതരിപ്പിച്ചും ബോധപൂര്‍വമായ കുപ്രചാരവേല നടത്തിയും ജനങ്ങളിലേക്കിറങ്ങിച്ചെല്ലുക എന്ന തന്ത്രമാണ് ഇത്തവണ അവര്‍ കൈക്കൊണ്ടത്. അതിന് വാജ്പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയ ഒന്നാംതലമുറ നേതാക്കളെ ഒഴിവാക്കി, വിചാരധാരയിലെ അജന്‍ഡ അനായാസം ഗുജറാത്തില്‍ നടപ്പാക്കിയ നരേന്ദ്രമോഡിയെ യുഗപുരുഷനായി അവതരിപ്പിക്കുകയായിരുന്നു സംഘപരിവാര്‍. വിവേകാനന്ദന്‍ നേരിട്ടാശീര്‍വദിച്ചവതരിപ്പിക്കപ്പെട്ടപോലെ ആയിരുന്നു രാജ്യമാസകലം പ്രചരിപ്പിച്ച പ്രചാരണബോര്‍ഡുകള്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കിഴക്കുദിച്ച നരേന്ദ്രദത്തന് പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ ദൗത്യം പൂര്‍ത്തീകരിക്കാന്‍ പടിഞ്ഞാറുദിച്ച നരേന്ദ്രന്‍ ഭാരതീയര്‍ക്ക് നല്ലദിവസങ്ങള്‍ വാഗ്ദാനംചെയ്ത് കടന്നുവരുന്നു എന്നു പ്രചരിപ്പിച്ച സംഘപരിവാര്‍, കൂട്ടത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജാട്ട് രാജാവായിരുന്ന രാജാ മഹേന്ദ്ര പ്രതാപ് സിങ് തുടങ്ങി ഇങ്ങ് തെക്ക് ചോളരാജാക്കന്മാര്‍ മുതല്‍ നാരായണഗുരു വരെയുള്ളവരെയെല്ലാം പ്രചാരണോപാധികളാക്കി. നാളെ അവര്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിനു പോരാടിയ എ കെ ജിയെപ്പോലുള്ള ജനനേതാക്കളെയും സ്വന്തമാക്കാന്‍ മടിക്കില്ല.
വിവേകാനന്ദനും ഹിന്ദുമതവും വിവേകാനന്ദനെ തങ്ങള്‍ വിഭാവനംചെയ്യുന്ന ഹിന്ദുമതാചാര്യനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍, ഭാരതത്തെ അറിയാന്‍ വിവേകാനന്ദനെ അറിയണമെന്ന് പറഞ്ഞ മഹാകവി രവീന്ദ്രനാഥ ടാഗോറിനെയും ആ ഗണത്തില്‍പ്പെടുത്തുന്ന കാലം വിദൂരമല്ല. വിവേകാനന്ദന്‍ പ്രയോഗിച്ച ഹിന്ദു പദവും സംഘപരിവാര്‍ പ്രയോഗിക്കുന്ന ഹിന്ദു പദവും വ്യത്യസ്തമാണെന്നതിന് വിവേകാനന്ദന്റെ വാക്കുകള്‍തന്നെ പ്രമാണം. അദ്ദേഹം പറയുന്നു: "സിന്ധുനദിയുടെ മറുകരയില്‍ പാര്‍ക്കുന്നവര്‍ എന്നേ ഇതിനര്‍ഥമുള്ളൂ. പ്രാചീന പേര്‍ഷ്യര്‍ സിന്ധു എന്ന വാക്ക് ഹിന്ദു എന്ന് വികലപ്പെടുത്തി. സിന്ധുവിന്റെ മറുകര പാര്‍ത്തിരുന്നവരെയൊക്കെ അവര്‍ ഹിന്ദു എന്ന് വിളിച്ചുവന്നു. അങ്ങനെയാണ് ഈ വാക്ക് നമുക്ക് കിട്ടിയത്'. ഇവിടംകൊണ്ടും അവസാനിപ്പിക്കാതെ അദ്ദേഹം പറയുന്നു: "ഞാന്‍ കുറേക്കൂടി കടന്നുപറയുന്നു. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥംതന്നെ വേദാന്തം എന്നാണ്. വേദാന്തമെന്ന പേര് ഉപനിഷത്തുക്കളില്‍ നിന്നുണ്ടായ ഏതെങ്കിലുമൊരു വിഭാഗത്തിന്(പ്രസ്ഥാനത്രയം) നല്‍കുന്നത് ശരിയല്ല. ഓര്‍മയ്ക്കപ്പുറമുള്ള കാലംമുതല്‍ ഈ മൂന്ന് ദര്‍ശനങ്ങളും ഭാരതത്തില്‍ പ്രചരിച്ചിരുന്നു. ശങ്കരനും രാമാനുജനും മധ് വാചാര്യനും ഇവരുടെ അന്തിമപ്രതിനിധികള്‍ മാത്രമാണ്' (വി.സാ.സ.വാള്യം മൂന്ന്).
മാലോകരെ മുഴുവന്‍ സഹോദരീസഹോദരന്മാരായി കണ്ട വിവേകാനന്ദന് ഏതെങ്കിലും ഒരുവിഭാഗത്തിന്റെ വക്താവോ പ്രയോക്താവോ ആകാന്‍ കഴിയുമായിരുന്നില്ല. കാരണം, ഭാരതം എന്നും ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും നാടായിരുന്നു. വൈദികരും അവൈദികരും ബൗദ്ധരും ജൈനരും വൈഷ്ണവരും ശൈവരും ഗാണപത്യരും വിശ്വാസികളും അവിശ്വാസികളും വൈദേശികരും പാശ്ചാത്യരും പൗരസ്ത്യരും ക്രൈസ്തവരും ഇസ്ലാമികളും പാര്‍സികളും എല്ലാം പരസ്പരബഹുമാനത്തോടും ആദരവോടും ആദാനപ്രദാനങ്ങളിലൂടെ ഇണങ്ങിയുംപിണങ്ങിയും അവരവരുടെ വിശ്വാസപ്രമാണങ്ങളെ ആധാരമാക്കി ജീവിച്ചുപോന്നവരാണ്.വിവേകാനന്ദന്റെ ഹിന്ദുമതം വേദാന്തമാണ്. അത് സമന്വയത്തിന്റെയും സഹിഷ്ണുതയുടെയും സാക്ഷാല്‍ക്കാരത്തിന്റെയും വേദാന്തമാണ്. അതില്‍ ജാതിയില്ല, മതമില്ല, കറുത്തവനില്ല, വെളുത്തവനില്ല, നീണ്ടവനില്ല, കുറിയവനില്ല; സ്വാമിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു മഹാസാഗരമാണ്. ആ സാഗരത്തില്‍ എല്ലാവര്‍ക്കും പാര്‍ക്കാന്‍ ഇടമുണ്ട്. അവരെ തന്നാലാവുംവിധം ജീവിതകാലം മുഴുവന്‍ സേവിക്കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ഒരു ദശാബ്ദത്തോളം നടത്തിയ പ്രവര്‍ത്തനംകൊണ്ട് ഭാരതത്തിന്റെ ദിശതന്നെ മാറ്റിമറിച്ച മഹര്‍ഷിവര്യനാണ് വിവേകാനന്ദന്‍. ഹിമാലയംമുതല്‍ കന്യാകുമാരിവരെ തലങ്ങുംവിലങ്ങും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ച് ഭാരതീയരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള മാര്‍ഗം തേടുകയായിരുന്നു ആ പരിവ്രാജകന്‍. അവസാനം അദ്ദേഹത്തിന് മനസ്സിലായി ഭാരതീയര്‍ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങള്‍ക്കും കാരണം വിധിവിഹിതം എന്നു ധരിച്ചുവശായ അവരുടെ അടിമത്തമനോഭാവവും അതിന്റെ ഭാഗമായി വന്നുചേര്‍ന്ന ആലസ്യവും അകര്‍മണ്യതയും ആണെന്ന്. അല്ലെങ്കില്‍ കേവലം മൂന്നുകോടി വരുന്ന ബ്രിട്ടീഷുകാര്‍ക്ക് മുപ്പതുകോടിവരുന്ന ഇന്ത്യന്‍ ജനതയെ ദശാബ്ദങ്ങളോളം അടിമകളാക്കി വയ്ക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, ഒരേസമയം ബ്രിട്ടീഷുകാര്‍ക്കെതിരെയും അവരുടെ ദുര്‍ഭരണംമൂലം നരകയാതനയും ദാരിദ്ര്യവും അനുഭവിക്കുന്ന ശൂദ്രജനങ്ങളുടെ (തൊഴിലാളികളുടെ) മോചനത്തിനായുമുള്ള ദ്വിമുഖപോരാട്ടം അദ്ദേഹത്തിന് നടത്തേണ്ടിവന്നു. അതിനായി ആരോഗ്യമുള്ള മനസ്സും ശരീരവും ഒത്തുചേര്‍ന്ന യുവാക്കളെ കണ്ടെത്തി അവരില്‍ ദേശസ്നേഹവും പോരാട്ടവീര്യവും വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം അഹോരാത്രം പ്രയത്നിച്ചു. കരുത്തും ചുറുചുറുക്കും ഇച്ഛാശക്തിയും ആര്‍ജവവുമുള്ള ചെറുപ്പക്കാരിലായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. അതിനായി ശ്രേഷ്ഠരായ ഋഷിവര്യന്മാരെയും അദ്ദേഹത്തിന് കണ്ടെത്തേണ്ടിവന്നു എന്നതിന്റെ പ്രമാണമാണ് ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത! (ഉണരൂ! തയ്യാറാകൂ! ശ്രേഷ്ഠരായ ഗുരുക്കന്മാരെ പ്രാപിച്ച് ജ്ഞാനം നേടൂ!) എന്ന ആഹ്വാനം. ഈ മുദ്രാവാക്യമാണ് തെരഞ്ഞെടുപ്പുവേളയില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സംഘപരിവാര്‍ അഭിനവനരേന്ദ്രനെ ഉയര്‍ത്തിക്കാട്ടാന്‍ ദുരുപയോഗിച്ചത്.
മതഭ്രാന്തിനെതിരായ പോരാട്ടം എല്ലാവിധ മതമൗലികതയ്ക്കും എതിരായിരുന്നു വിവേകാനന്ദന്‍.ഓരോ മതക്കാരും അവരവരുടെ സിദ്ധാന്തങ്ങളെ പ്രഖ്യാപിച്ച് അവ മാത്രം സത്യമെന്ന് ശഠിക്കുന്നു. അത് മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ അവര്‍ വാളെടുക്കുന്നു. ഇത് ദുഷ്ടത നിമിത്തമല്ല, മതഭ്രാന്ത് എന്നുപറയുന്ന ഒരുവിധം മസ്തിഷ്കവ്യാധിമൂലമാണെന്നാണ് സ്വാമിയുടെ പക്ഷം. വിധവകളുടെ കണ്ണീരൊപ്പാനോ അഗതിക്ക് അപ്പക്കഷണം നല്‍കാനോ കഴിയാത്ത ഒരീശ്വരനിലും മതത്തിലും അദ്ദേഹത്തിന് വിശ്വാസം ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്കിന്നാവശ്യം മതമല്ല എന്നുദ്ഘോഷിച്ച അദ്ദേഹം, കത്തുന്ന ഇന്ത്യയുടെ ജനലക്ഷങ്ങള്‍ വരണ്ട തൊണ്ടയോടെ കരയുന്നത് അപ്പത്തിനുവേണ്ടിയാണെന്നും അത് പരിഹരിക്കാനുള്ള ഏറ്റവും നല്ല പ്രത്യയശാസ്ത്രം സോഷ്യലിസം ആണെന്നും പ്രഖ്യാപിക്കുകയുണ്ടായി. രാജ്യത്ത് സംഘടിത തൊഴിലാളിവര്‍ഗപ്രസ്ഥാനം രൂപം കൊള്ളുന്നതിന് എത്രയോ മുമ്പാണ് ഇന്ത്യയുടെ ഭാവിവിധാതാക്കള്‍ ശൂദ്രരായിരിക്കുമെന്നും നവഭാരതം കൃഷീവലന്റെ കുടിലില്‍ നിന്നാണ് വിടരുകയെന്നും സ്വാമി പ്രവചിച്ചത്. ജനങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എന്നും അദ്ദേഹം എതിര്‍ത്തു. ഭൂമിയില്‍ ഭക്ഷണംതരാത്ത ദൈവം സ്വര്‍ഗത്തില്‍ ഭക്ഷണം തരുമെന്ന് പറയുന്നവരെ അദ്ദേഹം പരിഹസിച്ചു. ഇരുപതുകോടി ദൈവങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നതിനേക്കാള്‍ യുക്തിയെ ആശ്രയിച്ച് നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസന്‍ തന്നില്‍ ഈശ്വരനെ കാട്ടിത്തന്നതുപോലെ ഈശ്വരസാക്ഷാല്‍കാരത്തിന് ദാരിദ്രനാരായണസേവയാണ് ഉത്തമമായ മാര്‍ഗം എന്നദ്ദേഹം തിരിച്ചറിഞ്ഞു. വിശന്നുവലയുന്ന മനുഷ്യന് അന്നം നല്‍കാന്‍ കഴിയാത്ത ഒരു ദൈവത്തെയും മതത്തെയും അദ്ദേഹം അംഗീകരിച്ചില്ല. എന്തിനേറെ മോക്ഷപ്രാപ്തിക്ക് ഹിന്ദുമതമാണ് ഏക ആശ്രയം എന്നുപറഞ്ഞ ഹിന്ദുമൗലികവാദികളുടെ മുഖത്തുനോക്കി എവിടെയാണ് മോക്ഷകവാടം എന്ന് കാട്ടിത്തരാന്‍ വെല്ലുവിളിച്ച സ്വാമി വിവേകാനന്ദനെ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ആര്‍ഷഭാരതസംസ്കാരത്തിന്റെ ശില്‍പ്പിയായി പ്രചരിപ്പിക്കുന്നത് അദ്ദേഹത്തോടും അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങളോടുമുള്ള അവഹേളനം ഒന്നുമാത്രമാണ്. സംഘപരിവാര്‍ നയിക്കുന്ന വിദ്യാഭാരതി സ്ഥാപനങ്ങള്‍ തയ്യാറാക്കിവച്ചിരിക്കുന്ന പുസ്തകത്തില്‍ സ്വാമി വിവേകാനന്ദന്‍ കേവലം ഹിന്ദുസന്യാസി മാത്രമാണ്. ഇതിനെതിരെ പ്രതികരിക്കാനും യഥാര്‍ഥ വിവേകാനന്ദനെ പുതുതലമുറയ്ക്ക് കാട്ടിക്കൊടുക്കാനുമുള്ള ഉത്തരവാദിത്തം പുരോഗമനപ്രസ്ഥാനങ്ങളും വ്യക്തികളും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ