2013, ജൂൺ 13, വ്യാഴാഴ്‌ച

ഗുജറാത്തിെന്‍റ ആത്മാഭിമാനത്തിനു ഭീഷണി.

പി വി അഖിലേഷ്

ഗുജറാത്തിെന്‍റ വികസനത്തിനും വളര്‍ച്ചയ്ക്കും ക്ഷേമത്തിനും കുടുംബാസൂത്രണ പദ്ധതികള്‍ക്കും എല്ലാം തടസ്സം മുസ്ലീങ്ങളാണെന്ന് പലപ്പോഴും നരേന്ദ്രമോഡി ഭംഗ്യന്തരേണ, അല്ല വെട്ടിത്തുറന്നു തന്നെ, പറയുമായിരുന്നു. 2002 സെപ്തംബറിലെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും കുപ്രസിദ്ധമായ ""ഗൗരവ് യാത്ര"യിലെ പ്രസംഗങ്ങളിലും മുഴങ്ങിക്കേണ്ടത് അതേ വിദ്വേഷ സ്വരം തന്നെ. പൊതുവിലുള്ള സമാധാനത്തിന് ഹാനികരവും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിെന്‍റ ലംഘനവും മതനിരപേക്ഷതയുടെ ലംഘനവുമായ അത്തരം പ്രസംഗങ്ങളുടെ രേഖകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ന്യൂനപക്ഷാവകാശ കമ്മീഷനും സംസ്ഥാന ഇന്‍റലിജന്‍സ് വകുപ്പില്‍നിന്ന് അക്കാലത്ത് ശേഖരിക്കുകയുണ്ടായി. ""ഗുജറാത്തിെന്‍റ ആത്മാഭിമാനത്തിനു ഭീഷണിയായ എല്ലാ ദുഷ്ട ശക്തികളെയും നശിപ്പിക്കാനും തുടച്ചു നീക്കുവാനും നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു"" എന്നാണ് ഒരു പ്രസംഗത്തില്‍ മോഡി പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തിയ കൂട്ടക്കൊലയെ പ്രത്യക്ഷത്തില്‍ തന്നെ ന്യായീകരിക്കുന്ന വാക്കുകളാണിവ.

വംശീയ കൂട്ടക്കൊലയ്ക്കിടയില്‍ മൂന്നുദിവസം കൊണ്ട് 1,68,000 മുസ്ലീങ്ങളാണ് അഭയാര്‍ഥി ക്യാമ്പുകളിലെത്തിയത്. അവിടത്തെ ദയനീയ സ്ഥിതിയെപ്പറ്റി പത്രക്കാര്‍ ചോദിച്ചപ്പോള്‍ മോഡിയുടെ മറുപടി ഇങ്ങനെയായിരുന്നു: ""എന്താണ് സഹോദരാ, ഞങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തണോ? പിള്ളേരെ ഉല്‍പാദിപ്പിക്കുന്ന ഇത്തരം ക്യാമ്പുകള്‍ നടത്തണോ? കുടുംബാസൂത്രണം നടപ്പാക്കി പുരോഗതി കൈവരിയ്ക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇവര്‍ അഞ്ചുപേര്‍ 25 പേരായിത്തീരുന്നു"". മുസ്ലീങ്ങള്‍ കുടുംബാസൂത്രണത്തിനും അതുവഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും എതിരാണെന്ന ആര്‍എസ്എസ് വാദം തന്നെയാണ് മോഡി മുഴക്കിയത്. എസ്ഐടി കാണാത്ത തെളിവുകള്‍ ഇവിടെ നാം കാണേണ്ട ഒരു കാര്യം, മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവെന്‍റ നേതൃത്വത്തിലുള്ള എസ്ഐടി മോഡിയ്ക്കെതിരായി തെളിവുകളുടെ പ്രളയം ഉണ്ടായിട്ടും മോഡിയ്ക്ക് ക്ലീന്‍ ചിറ്റു നല്‍കി, മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നതാണ്.

ഗോധ്രയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിയമവിരുദ്ധമായി, ധൃതിപിടിച്ച്, പോസ്റ്റ്മോര്‍ട്ടം നടത്തിച്ചതില്‍ മോഡിയ്ക്കുള്ള പങ്ക് എസ്ഐടി കണ്ടിട്ടും കണ്ടമട്ട് കാണിയ്ക്കുന്നില്ല. അത് തെറ്റാണെന്നേ എസ്ഐടിയ്ക്ക് തോന്നുന്നില്ല. അന്നത്തെ ഇന്‍റലിജന്‍സ് മേധാവി ആര്‍ ബി ശ്രീകുമാറും ഡിസിപി (ക്രൈം ബ്രാഞ്ച്) രാഹുല്‍ശര്‍മയും മോഡിയടക്കമുള്ള ഗവണ്‍മെന്‍റ് സംവിധാനത്തിന്റെ പങ്ക് തുറന്നു കാണിച്ചു. ക്രമസമാധാന പാലനചുമതലയുള്ള പോലീസ് സംവിധാനത്തെയാകെ മൂന്നു ദിവസം നിര്‍വീര്യമാക്കി നിര്‍ത്തിയതെങ്ങനെയെന്ന് വ്യക്തമാക്കപ്പെട്ടു. മോഡിയും മറ്റ് മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരും തമ്മില്‍ സംഭവ ദിവസങ്ങളില്‍ നടത്തിയ 5 ലക്ഷം ഫോണ്‍കോളുകളുടെ റെക്കോര്‍ഡ് അടങ്ങിയ സിഡിയാണ് ഡിസിപി രാഹുല്‍ ശര്‍മ എസ്ഐടിയ്ക്ക് കൈമാറിയത്. (ഈ വിവരം ഇതിനുമുമ്പ് നാനാവതി -ഷാ കമ്മീഷനും അദ്ദേഹം കൈമാറിയിരുന്നു). 2010 മെയ് 12നാണ് എസ്ഐടി അതിെന്‍റ ആദ്യത്തെ കരട് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. അതിനു നാല് മാസം മുമ്പ് 2010 ജനുവരിയില്‍ത്തന്നെ, സംസ്ഥാന ഇന്‍റലിജന്‍സ് ബ്യൂറോയുടെ എല്ലാ ജില്ലകളില്‍നിന്നുമുള്ള ഫീല്‍ഡ് റിപ്പോര്‍ട്ടുകളും എസ്ഐടിയ്ക്ക് നല്‍കപ്പെട്ടിരുന്നു.

മുഖ്യമന്ത്രി നരേന്ദ്രമോഡി, അന്നത്തെ ഗുജറാത്ത് ഡിജിപി കെ ചക്രവര്‍ത്തി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ പി സി പാണ്ഡെ, അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) അശോക് നാരായണന്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് കലാപമുണ്ടാക്കിയത് എന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. നിയമവിരുദ്ധമായ ഒരു പ്രവൃത്തി നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ചെയ്യുന്നതിന് രണ്ടോ അതിലധികമോ പേര്‍ കരാറിലെത്തിയാല്‍ അത് കുറ്റകരമായ ഗൂഢാലോചനയാകുമല്ലോ. മുഖ്യമന്ത്രിയടക്കം മേല്‍പറഞ്ഞവരെല്ലാം കൂടി ചേര്‍ന്നാണ് കൂട്ടക്കൊലയ്ക്ക് ഗൂഢാലോചന നടത്തിയതെന്ന് തെളിവുകളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഗുല്‍ബര്‍ഗ് കൂട്ടക്കൊല ഇത്രയൊക്കെ തെളിവുകള്‍ നരേന്ദ്ര മോഡിയ്ക്കെതിരായി ഉണ്ടായിട്ടും ഗുജറാത്തില്‍ ആ കാലയളവില്‍ നടന്ന പൈശാചികമായ നരഹത്യകളിലൊന്നിലും മോഡിയെ പ്രതിചേര്‍ത്ത് ഒരൊറ്റ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സുപ്രീംകോടതി നിയമിച്ച സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (അതിെന്‍റ തലവന്‍ കാര്യപ്രാപ്തിയും നിഷ്പക്ഷതയും ഉള്ള മുന്‍ സിബിഐ ഡയറക്ടര്‍ രാഘവനായിട്ടുപോലും) മോഡിയ്ക്ക് ക്ലീന്‍ ചിറ്റു നല്‍കുകയാണുണ്ടായത്.

ഈ പശ്ചാത്തലത്തിലാണ് മോഡിയെ ഒന്നാം പ്രതിയാക്കി കേസ് ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയ സാക്കിയ ജാഫ്രിയുടെ പ്രൊട്ടസ്റ്റ് പെറ്റീഷന്‍ ശ്രദ്ധേയമായിത്തീരുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയാണ് അതിന് ആസ്പദമായ സംഭവം. ഗുജറാത്തില്‍ നടന്ന നിരവധി കൂട്ടക്കൊലകളില്‍ ഒന്നുമാത്രമാണ് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ താമസിച്ചിരുന്ന മുന്‍ കോണ്‍ഗ്രസ് എംപിയായ എഹ്സാന്‍ ജാഫ്രിയടക്കം 71 പേര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവം. സ്ഥലത്തെ പ്രധാനിയും കോണ്‍ഗ്രസ് നേതാവും അഡ്വക്കേറ്റും മുന്‍ എംപിയുമായ ജാഫ്രിയുടെ വീട്ടിലേക്ക് ആര്‍എസ്എസ് - വിഎച്ച്പി പ്രവര്‍ത്തകര്‍ വരില്ല എന്ന വിശ്വാസത്തോടെ ആ കോളണിയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും അവിടെ അഭയം പ്രാപിച്ചു. എന്നാല്‍ കൊലയാളിസംഘം അവിടേയ്ക്കും എത്തി. അക്രമികളെ കണ്ടപ്പോള്‍ ജാഫ്രി, അഹമ്മദാബാദ് പൊലീസ് കമ്മീഷണറായ പി സി പാണ്ഡെയേയും (പിന്നീട് ഇയാളെ മറ്റ് പലരേയും മറികടന്ന് ഡിജിപിയാക്കി മോഡി സര്‍ക്കാര്‍ നിയമിച്ചു) ആഭ്യന്തര കാര്യ സഹമന്ത്രി സദാഫിയയേയും ഡിജിപിയേയും മുഖ്യമന്ത്രി മോഡിയേയും വിളിച്ച് സഹായമഭ്യര്‍ഥിച്ചു. ഒരാളില്‍നിന്നും സഹായം ലഭിച്ചില്ല.

ആ കോളണിയിലെ രണ്ട് ഹിന്ദുക്കളുടെ വീടുകളൊഴിച്ച്, ബാക്കിയെല്ലാം ചുട്ടെരിയ്ക്കപ്പെട്ടു. മുന്‍ എംപിയടക്കം 71 പേര്‍ നിമിഷങ്ങള്‍ക്കകം കൊല്ലപ്പെട്ടു. നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടം അന്നുതൊട്ട് തുടങ്ങിയതാണ്, നീതി ലഭിക്കുന്നതിനുവേണ്ടി മുന്‍ എംപിയുടെ വിധവ സാക്കിയാ ജാഫ്രിയുടെ നിയമ പോരാട്ടം. കോണ്‍ഗ്രസ് എംപിയുടെ വിധവയായിട്ടും കോണ്‍ഗ്രസ്സില്‍നിന്ന് അവര്‍ക്ക് വലിയ സഹായമൊന്നും ലഭിച്ചില്ല. സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍റ് പീസ് (സിജെപി) എന്ന സംഘടനയാണ് അവര്‍ക്കു വേണ്ട നിയമസഹായങ്ങളെല്ലാം നല്‍കിയത്. തെന്‍റ ഭര്‍ത്താവിെന്‍റ കൊലപാതകത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ മുട്ടാത്ത വാതിലുകളില്ല. ഒരു വാതിലും തുറന്നില്ല. ഒടുവില്‍ 2006 ജൂണ്‍ 8ന് അവര്‍ അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) പി സി പാണ്ഡെയ്ക്ക് (2002ലെ കൂട്ടക്കൊലക്കാലത്തെ അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍) ക്രിമിനല്‍ ഹര്‍ജി സമര്‍പ്പിച്ചു. അയാളത് ചവറ്റുകൊട്ടയിലിട്ടു.

തുടര്‍ന്ന് സാക്കിയാ ജാഫ്രി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അവിടെനിന്നും നീതി ലഭിച്ചില്ല. ഒടുവില്‍ സുപ്രീംകോടതിയെ സമീപിച്ചു. 2011 സെപ്തംബര്‍ 12ന് സുപ്രീംകോടതി മിസ്സിസ്സ് ജാഫ്രിയോട് ആവശ്യപ്പെട്ടത്, അഹമ്മദാബാദിലെ മജിസ്ട്രേട്ട് കോടതിയില്‍ പെറ്റീഷന്‍ നല്‍കാനാണ്. ജാഫ്രി കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും അന്നത്തെ ആരോഗ്യമന്ത്രി അശോക്ഭട്ടും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രൊഫസര്‍ കെ കെ ശാസ്ത്രിയും അടക്കം 61 പേരെ പ്രതികളാക്കി എഫ്ഐആര്‍ സമര്‍പ്പിയ്ക്കണം എന്നതായിരുന്നു ശ്രീമതി ജാഫ്രിയുടെ ആവശ്യം. ഇവര്‍ പ്രതികളാണ് എന്നതിന് തെളിവില്ല എന്നായിരുന്നു ഡിജിപിയുടെയും ഹൈക്കോടതിയുടെയും മറ്റും വാദം.

ഇതിനിടയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) ബെസ്റ്റ് ബേക്കറി കേസിലും ബില്‍ക്കീസ്ബാനു കേസിലും അന്വേഷണം ആരംഭിച്ചത്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവെന്‍റ നേതൃത്വത്തിലുള്ള എസ്ഐടി നടത്തിയ വിശദമായ അന്വേഷണത്തിെന്‍റ അന്തിമ റിപ്പോര്‍ട്ട് 2012 ഫെബ്രുവരി 8നാണ് സുപ്രീംകോടതിയ്ക്ക് സമര്‍പ്പിച്ചത്. ഈ ടീമിെന്‍റ ആദ്യ റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ചിരുന്നു. ( ഗുജറാത്തില്‍ 2002 ഫെബ്രുവരി 27, 28 മാര്‍ച്ച് 1, 2 തീയതികളിലുണ്ടായ സംഭവങ്ങളും മന്ത്രിമാരും പൊലീസ് ഉദ്യോഗസ്ഥന്മാരും തമ്മില്‍ നടത്തിയ 5 ലക്ഷം ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും എല്ലാം വിശദമായി വിലയിരുത്തിയ എസ്ഐടി, (മുഖ്യമന്ത്രിയ്ക്കെതിരായി വ്യക്തമായ തെളിവുകളുണ്ടായിട്ടും) മുഖ്യമന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്. ആ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി സാക്കിയാ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചു.

എസ്ഐടി ആ ആവശ്യത്തെ എതിര്‍ത്തു. 2012 ഫെബ്രുവരി 8ന് സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിയ്ക്കപ്പെട്ട റിപ്പോര്‍ട്ട് സാക്കിയയ്ക്ക് നല്‍കാന്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായത് 2013 ഫെബ്രുവരി 7നാണ് - തികച്ചും ഒരു വര്‍ഷം കഴിഞ്ഞ്. ആ റിപ്പോര്‍ട്ട് നരേന്ദ്ര മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നുവെങ്കിലും, അതിലെ കണ്ടെത്തലുകള്‍ അനുസരിച്ച് മോഡിയെ പ്രോസിക്യൂട്ട് ചെയ്യാം എന്നാണ് സുപ്രീംകോടതിയെ ഈ കേസില്‍ സഹായിക്കുന്നതിനുവേണ്ടി, സുപ്രീംകോടതി തന്നെ നിയമിച്ച അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഒരേ റിപ്പോര്‍ട്ട് വെച്ച് എസ്ഐടിയും അമിക്കസ് ക്യൂറിയും എത്തിച്ചേരുന്ന നിഗമനങ്ങള്‍ കടകവിരുദ്ധമാണെന്നര്‍ഥം. ഏതായാലും എസ്ഐടിയുടെ റിപ്പോര്‍ട്ടിെന്‍റ കോപ്പി ലഭിച്ചതിനെത്തുടര്‍ന്ന്, അതിലെ തെളിവുകള്‍ കൂടി കാണിച്ചുകൊണ്ടാണ് സാക്കിയാ ജാഫ്രി, നരേന്ദ്ര മോഡിയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ ഉത്തരവു നല്‍കണം എന്ന് ആവശ്യപ്പെടുന്ന പ്രൊട്ടസ്റ്റ് പെറ്റീഷന്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയിട്ടുള്ളത്. അതിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡിയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ സമര്‍പ്പിയ്ക്കാന്‍ മജിസ്ട്രേട്ട് കോടതി അനുവദിയ്ക്കുകയാണെങ്കില്‍ തന്നെ, അതിെന്‍റ മേല്‍ അപ്പീലും മറ്റുമായി കേസ് നീണ്ടുപോകും; ഒടുവില്‍ എഫ്ഐആര്‍ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം സുപ്രീംകോടതിയില്‍ നിന്നു തന്നെ ഉണ്ടാകേണ്ടിവരും. അതിെന്‍റ തുടര്‍ നടപടികള്‍ക്കായി നമുക്ക് കാത്തിരിയ്ക്കാം.

1 അഭിപ്രായം:

  1. ഇനി election അടുത്തു വന്നു അവിടെ മോഡിയെ ഒന്ന് എടുത്തു കാണിക്കണം അതിനുള്ള കേട്ട് കതഗല്‍ എന്നാണ് തോനുന്നത്

    മറുപടിഇല്ലാതാക്കൂ