2013, ജനുവരി 15, ചൊവ്വാഴ്ച

തൊഴിലാളികളുടെ സൈബര്‍ ലോകം


കെ ചന്ദ്രന്‍പിള്ള
സോഷ്യലിസ്റ്റ് സമൂഹനിര്‍മാണത്തില്‍ വിവര സാങ്കേതികവിദ്യക്കും അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രയോഗസാധ്യതയായ വിഭവങ്ങളുടെ ആസൂത്രണത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. മൂലധനാധിപത്യം അവസാനിപ്പിച്ച് മൂലധനവും കമ്പോളവും സമൂഹത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തൊഴിലാളിവര്‍ഗത്തിനും വിവരസാങ്കേതികവിദ്യയുടെ കഴിവുകളെല്ലാം സ്വായത്തമാക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്.

നിലവില്‍ ആഗോള ധനമൂലധനാധിപത്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം ചെറുക്കുന്നതിനുള്ള ഒരുപാധിയും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഭാഷാ വിവരസങ്കേതങ്ങള്‍ ഒരുക്കുന്നുണ്ട്. മുമ്പ് കംപ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷാണെന്ന ധാരണ നിലനിന്നിരുന്നു. കുറഞ്ഞ അക്ഷരമാല ടൈപ്പ്റൈറ്റര്‍ ഘട്ടത്തില്‍ ഇംഗ്ലീഷിന് മേല്‍ക്കൈ ഉണ്ടാക്കിയിരുന്നു. അതിലൂടെ ആഗോളഭാഷ ഇംഗ്ലീഷാകുമെന്നും ഇംഗ്ലീഷിലൂടെ ആഗോള സാംസ്കാരികാധിപത്യം രൂപപ്പെടുമെന്നും തോന്നിപ്പിച്ചിരുന്നു. എന്നാല്‍, വിവര സാങ്കേതികത വികസിച്ചതോടെ സാര്‍വദേശീയ ശൃംഖലയും യൂണീക്കോഡും സ്വതന്ത്ര സോഫ്റ്റ്വെയറും ആ സ്ഥിതിക്ക് മാറ്റംവരുത്തി. ഏത് പ്രാദേശിക ഭാഷാസമൂഹത്തിനും അവരവരുടെ ഭാഷയെ ഏത് ലോകഭാഷയ്ക്കുമൊപ്പം വികസിപ്പിക്കാന്‍ കഴിയുമെന്ന സ്ഥിതി സംജാതമായി. ബഹുധ്രുവലോകത്തിന്റെ നിര്‍മിതിക്കായി തൊഴിലാളിവര്‍ഗം പ്രാദേശികഭാഷ വികസിപ്പിക്കാന്‍ ഇടപെടേണ്ടതുണ്ട്. വിവര സാങ്കേതികവിദ്യയും സ്വതന്ത്ര സോഫ്റ്റ്വെയറും ഇന്റര്‍നെറ്റും തൊഴിലാളിവര്‍ഗത്തിന് ഇക്കാര്യത്തില്‍ ഉപയോഗിക്കാവുന്ന ഉപാധികളാണ്.

സാര്‍വദേശീയ ശൃംഖലയ്ക്ക് ജനാധിപത്യ സ്വഭാവമുണ്ടെങ്കിലും, നിലവില്‍ മൂലധനാധിപത്യത്തിന്റെ പിടിയിലാണ്. കാരണം, അതിന്റെ വിഭവങ്ങളെല്ലാം അവരുടെ വരുതിയിലാണ്. ശൃംഖലകളുടെ ശൃംഖലയാണ് സാര്‍വദേശീയശൃംഖല. തനത് ശൃംഖല തൊഴിലാളികള്‍ക്കും സൃഷ്ടിക്കാം, സ്വതന്ത്രമായി ഉപയോഗിക്കാം. സാര്‍വദേശീയ ശൃംഖലയുമായി ബന്ധപ്പെടുത്തിയാല്‍ അതിന്റെ ഭാഗമാകുകയും ചെയ്യും. ഇക്കാര്യത്തിലും തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ പുതിയ സമ്പത്തും സാങ്കേതികവിദ്യകളും യന്ത്രങ്ങളും ലാഭവും മൂലധനവും അധ്വാനത്തിന്റെ സൃഷ്ടിയാണ്. സമ്പത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുകയാണ് തൊഴിലാളിവര്‍ഗത്തില്‍ അര്‍പ്പിതമായ കടമ. ആഗോള കമ്പോളവല്‍ക്കരണവും തൊഴില്‍വിഭജനവും ബൗദ്ധികസ്വത്തവകാശ നിയമങ്ങളും ധനമൂലധനാധിപത്യവും സൃഷ്ടിച്ചിരിക്കുന്ന പുകമറയില്‍പ്പെട്ട് കംപ്യൂട്ടര്‍ വിദഗ്ധര്‍ക്കുള്ളത് എന്ന ധാരണ പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

ഭാഷയും കണക്കും ശാസ്ത്രവും സാഹിത്യവും കലയും പേനയും പുസ്തകവും മൈക്കും റേഡിയോയും ടെലിഫോണും യന്ത്രങ്ങളും ടിവിയും എല്ലാം തൊഴിലാളിക്ക് വഴങ്ങുന്നതുപോലെ അവയെല്ലാമടക്കം വിവരവും വിജ്ഞാനവും അവ കൈകാര്യം ചെയ്യാനുതകുന്ന സംയോജിത ഉപകരണം മാത്രമായ കംപ്യൂട്ടറും തൊഴിലാളികള്‍ക്ക് വഴങ്ങുന്നതാണ്. തൊഴിലാളികള്‍ പഠിക്കുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാദേശിക സമൂഹത്തിനുവേണ്ടിയും അതിലുപരി തൊഴിലാളിവര്‍ഗത്തിനുവേണ്ടിയുമാണ്. മാത്രമല്ല, അവര്‍ പഠിക്കുന്നതും വിജ്ഞാനം കൈയാളുന്നതും മൊത്തം സമൂഹത്തിനുംവേണ്ടിയാണ്. നാളെ ഭരണയന്ത്രം തിരിക്കേണ്ട വര്‍ഗമെന്ന നിലയ്ക്കാണ് തൊഴിലാളികള്‍ ഈ പഠനം നടത്തുന്നത്. നിലവില്‍ ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണംമൂലം നട്ടെല്ലൊടിയുന്ന കര്‍ഷകരെയും സ്വയംതൊഴില്‍ ചെറുകിട ഇടത്തരം സംരംഭകരെയും അവരിന്നനുഭവിക്കുന്ന ചൂഷണത്തില്‍നിന്ന് മോചിപ്പിക്കാനുംകൂടിയാണ് തൊഴിലാളി പഠിക്കുന്നത്. തൊഴിലാളികള്‍ വിവര സാങ്കേതികവിദ്യ പരിചയപ്പെടുകയും ഉപയോഗിച്ച് തുടങ്ങുകയുംചെയ്യണം. വിവര സാങ്കേതികവിദ്യ, സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ തത്വശാസ്ത്രം, ലിനക്സ് പരിചയപ്പെടല്‍, ലിനക്സ് ഉപകരണങ്ങള്‍ പരിചയപ്പെടല്‍, ലിബ്രെ ഓഫീസ് (റൈറ്റര്‍, കാല്‍ക്, ഇംപ്രസ്), മലയാളം കംപ്യൂട്ടിങ്, ദൃശ്യമാധ്യമം, ശ്രവ്യമാധ്യമം, ഇന്റര്‍നെറ്റ് ഉപയോഗം, ഇലക്ട്രോണിക് മെയില്‍, സാമൂഹ്യകൂട്ടായ്മ തുടങ്ങിയവ പരിചയപ്പെടുകയും ഉപയോഗിച്ച് തുടങ്ങുകയും വേണം. അതിലൂടെ കത്തെഴുതുക, ലേഖനങ്ങള്‍ തയ്യാറാക്കുക, കണക്ക് എഴുതുക, ഓഫീസ് നടത്തുക, പഠന സാമഗ്രികളും പ്രദര്‍ശനവും തയ്യാറാക്കുക, പാട്ട് കേള്‍ക്കുക, സിനിമ കാണുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഇമെയില്‍ സംവിധാനം ഉപയോഗിക്കുക, സാമൂഹ്യ കൂട്ടായ്മകളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ചെയ്യാനുള്ള കഴിവ് നേടണം.

വ്യക്തിഗത വിവര വിനിമയാവശ്യങ്ങളോടൊപ്പം യൂണിയനുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കത്തിടപാടുകള്‍ നടത്തുക, അവയുടെയെല്ലാം കണക്കെഴുതി സൂക്ഷിക്കുകയും പ്രതിമാസകണക്കും വാര്‍ഷികകണക്കും തയ്യാറാക്കുക, പ്രസംഗത്തിനും പഠന ക്ലാസുകള്‍ എടുക്കുന്നതിനുമുള്ള പ്രദര്‍ശനം തയ്യാറാക്കുക (മേല്‍പറഞ്ഞവയെല്ലാം ഇംഗ്ലീഷിലും മലയാളത്തിലും ചെയ്യുക), ഇന്റര്‍നെറ്റില്‍നിന്ന് പഠനവുമായോ വിദ്യാഭ്യാസവുമായോ ആരോഗ്യ പരിചരണവുമായോ രോഗവുമായോ മരുന്നുമായോ സാമ്പത്തികമോ രാഷ്ട്രീയമോ താല്‍പ്പര്യമുള്ള മറ്റേതു വിഷയവുമായോ ബന്ധപ്പെട്ട് ലോകത്തെവിടെയുമുള്ള ഏറ്റവും ആധുനിക വിവരങ്ങളടക്കം എടുത്ത് ഉപയോഗിക്കുക തുടങ്ങി വിവരാധിഷ്ഠിതമായ ഏത് പ്രവര്‍ത്തനവും ചെയ്യാനുള്ള കഴിവും നേടണം.

ഒരു വിദഗ്ധന്റെയും കുത്തകസ്ഥാപനങ്ങളുടെയും സഹായം ഇല്ലാതെതന്നെ, സൈബര്‍ലോകത്ത് ഒരു മേല്‍വിലാസം സ്വയം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. തുടര്‍ന്ന് സാമൂഹ്യശൃംഖല വിശദമായി പരിചയപ്പെടുകയും അതില്‍ ഇടപെടുകയും ചെയ്യണം. വിശ്വ വ്യാപക വലയും സാമൂഹ്യശൃംഖലയും പരിചയപ്പെടുക, സാമൂഹ്യശൃംഖലകള്‍, സ്വയംപ്രകാശനത്തിനുള്ള വേദികളായ ബ്ലോഗുകള്‍, വെബ്സൈറ്റുകള്‍, സ്വതന്ത്ര വിശ്വവിജ്ഞാന കോശമായ വിക്കീപീഡിയ തുടങ്ങിയവ ഉപയോഗിക്കാനും പഠിക്കണം. അതിലൂടെ ലോകവിജ്ഞാന സ്രോതസ്സുകള്‍ കണ്ടെത്താനും അവരവരുടെ ജീവിതാവശ്യങ്ങളുമായോ തൊഴില്‍പരമായ ആവശ്യങ്ങളുമായോ സാമൂഹ്യാവശ്യങ്ങളുമായോ ബന്ധപ്പെട്ട വിവരവും വിജ്ഞാനവും ലഭ്യമാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവും സാമൂഹ്യ ശൃംഖലയില്‍ ഇടപെടാനും അവ ഉപയോഗിക്കാനുമുള്ള കഴിവും ബ്ലോഗുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനുമുള്ള കഴിവും നേടണം.

വ്യക്തിപരമായ ആശയപ്രകാശനത്തിനും സംഘടനയുടെ പ്രചാരണപ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതും അവരവര്‍ക്ക് പറയാനുള്ളത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ളതുമായ വേദികളും ഇടങ്ങളും സൃഷ്ടിച്ച് അവ നിലനിര്‍ത്തി ഉപയോഗിക്കാനുള്ള കഴിവും ലോകത്തിനു പറയാനുള്ളത് കേള്‍ക്കാനും സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളെ ഉണ്ടാക്കാനും വിശ്വവിജ്ഞാനകോശം വിരല്‍ത്തുമ്പിലാക്കാനും അതിലേക്ക് ഓരോരുത്തര്‍ക്കും അറിയുന്ന കാര്യങ്ങളും സമാഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളും നല്‍കി സ്വതന്ത്ര വിജ്ഞാനകോശം വികസിപ്പിക്കാനും പ്രാപ്തരാകണം. വെബ്സൈറ്റ് വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കഴിവും നേടണം.

വെബ്സൈറ്റ് ഉപയോഗിച്ച് സംഘടനകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തത്സമയ ശൃംഖലാ ബന്ധം സൃഷ്ടിച്ച് പ്രവര്‍ത്തിപ്പിക്കുക, അതിലൂടെ അംഗത്വം, വരിസംഖ്യാ പിരിവ്, ക്വോട്ട അടയ്ക്കല്‍, വരവ് ചെലവ് കണക്ക്, പ്രചാരണപ്രക്ഷോഭ പരിപാടികള്‍, പരാതി പരിഹാരം തുടങ്ങി വിവിധ തലങ്ങളിലുള്ള സംഘടനാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനം ചടുലമായും കാര്യക്ഷമമായും നടക്കുന്നു എന്ന കാര്യം എല്ലാ തലത്തിലും പരിശോധിച്ച് ആവശ്യമായ പരിഹാര നടപടി നിര്‍ദേശിക്കാനും അങ്ങനെ സംഘടന സജീവമാക്കാനുമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള പരിചയം ആര്‍ജിക്കണം. തുടര്‍ന്ന് പൊതു സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ബജറ്റിങ്, വരവ് ചെലവ് കണക്കുകളുടെ പരിശോധന, ബജറ്റ് വിശകലനം, സ്ഥാപനാസൂത്രണം, നടത്തിപ്പ്, പരിശോധന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആധുനിക വിവരസങ്കേതങ്ങള്‍ ഉപയോഗിച്ച് ചെയ്യാന്‍ ശീലിക്കണം. ഭരണപരിഷ്കാരം ഒരു തുടര്‍പ്രക്രിയയായി നടത്താനുള്ള ഉപാധികളായി വിവര സാങ്കേതികോപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും നേടണം. അങ്ങനെ നേടുന്ന അറിവും പരിചയവും ഉപയോഗിച്ച് ഭരണവും ആസൂത്രണവും പ്രാദേശിക ഭാഷാ വികസനവും അടക്കമുള്ള കാര്യങ്ങളില്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് കാലഘട്ടം തൊഴിലാളികളില്‍ അര്‍പ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കടമ. (അവസാനിച്ചു)

1 അഭിപ്രായം:

  1. ദൈനംദിന ഇടപെടലുകള്‍ക്ക്സാധ്യതവര്‍ദ്ധിചുവന്നപുതിയമാദ്ധ്യമശ്ര്‍ങ്കലകളെതൊഴിലാളികളുംഇടത്തരക്കാരുംപുരോഗമനചിന്താഗതിക്കാരുംവേണ്ടവണ്ണംവിനിയോഗിക്കാന്‍മുതിരുമ്പോള്‍അളവറ്റസാദ്ധൃധകളാമുന്നില്‍തുറക്കപ്പെടുന്നത്

    മറുപടിഇല്ലാതാക്കൂ