2013, ജനുവരി 26, ശനിയാഴ്‌ച

ആരുണ്ട് ഞങ്ങള്‍ക്ക് തുണ

പി ജെ അഭിജിത്
Posted on: 25-Jan-2013 10:48 PM

ഇരിട്ടിയില്‍ ആറുമാസം പ്രായമായ കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. ഇംഗ്ലണ്ടില്‍ വിശുദ്ധഗ്രന്ഥ വചനങ്ങള്‍ പഠിക്കാത്തതിന് അമ്മ മകനെ കൊന്ന് കത്തിച്ചു. കോട്ടയത്ത് ഏഴാംക്ലാസുകാരിയെ അമ്മ പലര്‍ക്കായി കാഴ്ചവച്ചു. പലസ്തീന്‍ ബാല്യത്തെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭീകരത. നുജൂദ് അലി,മലാല യൂസഫ്സായ്. ബൈബിളിലെ ഫെറോദയും കൃഷ്ണകഥയിലെ കംസനും. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് കാലത്തിന്റെയോ പ്രദേശത്തിന്റെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ല. അവര്‍ എല്ലായിടത്തും എല്ലായ്പ്പോഴും വേട്ടയാടപ്പെടുന്നു. കുട്ടികള്‍ക്കിണങ്ങിയ ലോകം പണിയണം, നല്ലതെല്ലാം കുട്ടികള്‍ക്ക് നല്‍കണം തുടങ്ങി വാത്സല്യവും സ്നേഹവും തുളുമ്പിയൊഴുകുന്ന പ്രമേയങ്ങളും പ്രഖ്യാപനങ്ങളും കുറവല്ല നമ്മുടെ നാട്ടില്‍. പക്ഷേ, കുട്ടികളുടെ അവസ്ഥയെന്താണ്? കുഞ്ഞിന്റെ രോദനം കേള്‍ക്കാനാകാതെ ഇനിയുമെത്രനാള്‍ നമ്മുടെ സമൂഹത്തിന് ചെവി മുറുക്കിയടച്ചിരിക്കാന്‍ കഴിയും.

ലോകത്തെ കുട്ടികളുടെ ജനസംഖ്യയില്‍ 19 ശതമാനംവരുന്ന ഇന്ത്യന്‍ ബാല്യം നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 42 ശതമാനമാണ്. 2011ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം 33,098 ആണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ധന. ആ റെക്കോഡും തകര്‍ത്താകും 2012ലെ കണക്ക് പുറത്തുവരിക. 80 ശതമാനം ഗൗരവമായ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്ന സര്‍ക്കാര്‍ കണക്കുകള്‍ ഈ മഹാപാപങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. ഇന്ത്യയിലെ കുഞ്ഞുങ്ങളില്‍ മൂന്നില്‍ രണ്ട് കുട്ടികളും ഗുരുതരമായ ശാരീരിക പീഡനങ്ങളും 53.22 ശതമാനവും ലൈംഗിക പീഡനങ്ങളുമേല്‍ക്കപ്പെടുന്നു എന്നത് യുനിസെഫിന്റെ കണക്കാണ്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ 66 ശതമാനം പേര്‍ അധ്യാപകരാലും 83 ശതമാനം പേര്‍ രക്ഷിതാക്കളാലും ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു.

കുട്ടികളുടെ മെച്ചപ്പെട്ട ജീവിതാവസ്ഥയിലും വിദ്യാഭ്യാസത്തിലും സാമൂഹ്യസുരക്ഷയിലും ലോകത്തിന് മാതൃകയായിരുന്നു നമ്മുടെ കൊച്ചു കേരളം. 2012 ജനുവരിമുതല്‍ സെപ്തംബര്‍വരെ മാത്രം 29 കുട്ടികളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ആകെ രജിസ്റ്റര്‍ചെയ്യപ്പെട്ട 905 കേസില്‍ 286 ബലാത്സംഗ കേസും 90 തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടും. സാമൂഹ്യനവോത്ഥാന മുന്നേറ്റങ്ങള്‍ ഉഴുതുമറിച്ച കേരളം കുട്ടികള്‍ക്ക് ജീവിക്കാന്‍ യോഗ്യമല്ലാത്ത നാടായി രൂപാന്തരപ്പെടുകയാണോ? പതിനാലു വയസ്സില്‍ താഴെയുള്ള എല്ലാകുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം നല്‍കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉറപ്പും 2010ലെ വിദ്യാഭ്യാസ അവകാശനിയമവുമെല്ലാം, സ്കൂളിന്റെ പടിചവിട്ടുക എന്നത് സ്വപ്നമായി അവശേഷിക്കുന്ന കോടിക്കണക്കിന് ഇന്ത്യന്‍കുട്ടികളുടെ നേര്‍ക്ക് പല്ലിളിച്ചുകാട്ടുകയാണ്. ലോകത്തിനുതന്നെ മാതൃകയായ കേരള വിദ്യാഭ്യാസരംഗത്താണ് ഫീസുകൊടുക്കാന്‍ പണമില്ലാതെ ഒമ്പതാം ക്ലാസുകാരന്‍ അമ്പാടിയും യൂണിഫോമില്ലാത്തതിനാല്‍ എട്ടാം ക്ലാസുകാരി വേളാങ്കണ്ണിയും ആത്മഹത്യയില്‍ അഭയംപ്രാപിച്ചത്. പൊതുവിദ്യാലയങ്ങളാകെ അടച്ചുപൂട്ടി അണ്‍ എയ്ഡഡ് സ്കൂളുകളുടെ തേരോട്ടത്തിനായി കേരളം തുറന്നുകൊടുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ കേരളത്തിലെ പാവപ്പെട്ട ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ് വിദ്യാഭ്യാസനിഷേധത്തിന്റെ വക്കില്‍ നിര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നടമാടുന്ന കടുത്ത ബാലാവകാശങ്ങളെ നാമിനിയും മനസ്സിലാക്കാതിരുന്നുകൂടാ. മലയാളം സംസാരിച്ചതിന് നാവുകൊണ്ട് നിലത്ത് നക്കിച്ചതും സ്പെല്ലിങ് തെറ്റിയതിന് എല്‍കെജി വിദ്യാര്‍ഥിയെ അടിച്ച് ആശുപത്രിയിലാക്കിയതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സ്കൂള്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സ്കൂള്‍വാനുകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുപോകുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍.

കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെപ്പോലും ഹനിക്കുന്ന രീതിയില്‍ പലപ്പോഴും രക്ഷിതാക്കള്‍ കുട്ടിയുടെ ഉടമസ്ഥര്‍ മാത്രമായിമാറുന്നു. വിദേശത്ത് കയറ്റി അയക്കാനുള്ള ചരക്കായി കുട്ടിയെക്കണ്ട്, തന്റെ അഭീഷ്ടം സാധിക്കാനുള്ള യന്ത്രമായി വളര്‍ത്തുകയാണ് പല രക്ഷിതാക്കളും. അവന്റെ അഭിരുചിയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും നിഷേധിക്കലാണ് ഫലത്തില്‍ നടക്കുന്നത്. അശാസ്ത്രീയമായ ട്യൂഷന്‍ സംവിധാനങ്ങളും അനിയന്ത്രിതമായി അടിച്ചേല്‍പ്പിക്കുന്ന പഠനഭാരവുമെല്ലാം കുട്ടിയില്‍ മാനസിക മുരടിപ്പും പിരിമുറുക്കവും സൃഷ്ടിക്കുന്നു. കളിക്കാനും ചിരിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള സമയംപോലും നിഷേധിക്കുകവഴി വീടെന്ന പുതിയ പീഡനകേന്ദ്രമാണ് കുട്ടിക്ക് ലഭിക്കുന്നത്. കേരളത്തില്‍ ജീവിക്കുന്ന 20 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളില്‍ വലിയ ശതമാനവും കുട്ടികളാണ്. പാറമടകളിലും നിര്‍മാണശാലകളിലും ഹോട്ടലുകളിലും ഈ കുട്ടിത്തൊഴിലാളികള്‍ നിയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് തിരുവനന്തപുരം നഗരമധ്യത്തിലെ ബാറില്‍ സുബ്രഹ്മണ്യന്‍ എന്ന തമിഴ് ബാലന്‍ മദ്യം വിളമ്പുന്നത് മലയാളിയെ അമ്പരപ്പിക്കാഞ്ഞത്. വന്‍കിട ഹോട്ടലുകളുടെ മുന്നിലും തീവണ്ടിയുടെ ഇടനാഴികളിലും വഴിയോരങ്ങളിലുമെല്ലാം നാണയത്തുട്ടുകള്‍ക്കായി വയറ്റത്തടിച്ചു പാടുന്ന തെരുവിന്റെ സന്തതികള്‍, അവരെയുപയോഗിച്ച് പണം സമ്പാദിക്കുന്ന വന്‍ മാഫിയകള്‍ ഇവയൊക്കെ നമ്മുടെ കണ്‍മുന്നിലുണ്ട്. പൂക്കളെയും നിറങ്ങളെയും സ്വപ്നംകണ്ട് സ്ലേറ്റും പെന്‍സിലുമായി പഠനംനടത്തേണ്ട സമയത്ത് പൊരിവെയിലത്ത് വിയര്‍പ്പുനദികളൊഴുക്കി പണിയെടുക്കുന്ന ഈ കുരുന്നു ബാല്യത്തിന്റെ കിനാവുകള്‍ക്ക് ആരാണ് കാവല്‍? അവരുടെ വിദ്യാഭ്യാസത്തെ, അവകാശങ്ങളെക്കുറിച്ച് ആവലാതിപ്പെടാന്‍ ഏത് ഭരണഘടനയുണ്ട് ഈ നാട്ടില്‍? കേരളീയ ബാല്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറി ലൈംഗികചൂഷണങ്ങള്‍. മുലപ്പാലിന്റെ മണം മാറുംമുമ്പേ കാമഭ്രാന്തന്മാരുടെ പേക്കൂത്തുകള്‍ക്കിരയാകുന്ന കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്ന പുത്തന്‍ സംസ്കാരത്തിലേക്ക് നാം മാറി. കേരളത്തിലെ 40 ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളും ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവത്രേ. ഇത്തരം പീഡനങ്ങളില്‍ 95 ശതമാനവും നടത്തുന്നത് അടുത്ത ബന്ധുക്കളോ അധ്യാപകരോ ആണെന്നുള്ള സര്‍വശിക്ഷാഅഭിയാന്‍ പഠന റിപ്പോര്‍ട്ട്, വീടും വിദ്യാലയവുംപോലും തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന ഭീതിതമായ തിരിച്ചറിവാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ആറുമാസം പ്രായമുള്ള കുട്ടിപോലും പിച്ചിചീന്തപ്പെടുമ്പോഴും മലയാളമനസ്സില്‍ വേണ്ടത്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടോ എന്ന് നാം ഗൗരവമായി പരിശോധിക്കണം. ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതിനെ കൂടുതല്‍ അവകാശനിഷേധങ്ങളിലൂടെ നേരിടാനുള്ള ജാതിമതകുബുദ്ധികളുടെ കുടിലശ്രമവും അണിയറയില്‍ സജീവമാണ്.

പീഡനങ്ങളില്ലാതാക്കാന്‍ ഒമ്പതാം വയസ്സില്‍ വിവാഹംചെയ്യിക്കണമെന്ന ജാതിപ്പഞ്ചായത്തുകളുടെ തിട്ടൂരങ്ങളും പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന ആര്‍എസ്എസ് നിര്‍ദേശവും മിക്സഡ് സ്കൂളുകള്‍ നിര്‍ത്തലാക്കണമെന്ന ജമാ അത്തെ ഇസ്ലാമിയുടെ ഉപദേശവുമെല്ലാം വര്‍ഗീയകക്ഷികള്‍ക്കെല്ലാമുള്ള ബാലവിരുദ്ധമുഖം തുറന്നുകാട്ടുന്നു. സര്‍ക്കാരിന്റെ ബാലസംരക്ഷണകേന്ദ്രങ്ങള്‍ ഏറ്റവും വലിയ പീഡനകേന്ദ്രമായി മാറുകയാണ്. തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമില്‍ മുതിര്‍ന്ന കുട്ടികള്‍ അധികാരികളുടെ അനുവാദത്തോടെ മറ്റുകുട്ടികളെ പീഡിപ്പിച്ചതും, കഴിഞ്ഞദിവസം പുറത്തുവന്ന എറണാകുളം കാക്കനാട് ശിശുമന്ദിരത്തിലെ പെണ്‍കുട്ടിയുടെ കെയര്‍ടെക്കര്‍ക്കെതിരെയുള്ള കത്തും ഈ സംവിധാനങ്ങളില്‍ സര്‍ക്കാരിനുള്ള അശ്രദ്ധ പ്രഖ്യാപിക്കുന്നവയാണ്. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോന്ന ശിശുക്ഷേമസമിതിയെ രാഷ്ട്രീയ ദുര്‍ലാഭത്തിനായി അട്ടിമറിച്ച് നാഥനില്ലാതാക്കുകയും അന്യ എന്ന ഒന്നരവയസ്സുകാരി മുങ്ങിമരിച്ചതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബാലനയത്തിന്റെ ഭാഗംതന്നെയാണ്. 2012 മെയ് 20ന് പാര്‍ലമെന്റ് പാസാക്കിയ "ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം" രാഷ്ട്രപതിയുടെ അനുവാദം കാത്തുകിടക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള നിയമങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും കര്‍ശനമായി നടപ്പാക്കി, ബാലാവകാശ പ്രശ്നങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ തയ്യാറാകണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ആവശ്യപ്പെട്ടതും ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ഉത്തരവിട്ടതുമായ പൊലീസ് സ്റ്റേഷനുപുറത്ത് വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള ബാല- സ്ത്രീ സഹായ ഡെസ്കുകള്‍ ഇന്നും പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിക്കുന്ന കാസര്‍കോട് കുംബള സിഐയെപ്പോലുള്ള പൊലീസുകാര്‍ ഉള്‍പ്പെട്ട കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ എങ്ങനെ കുട്ടികള്‍ വിശ്വസിച്ച് പരാതിനല്‍കാന്‍ തയ്യാറാകും? വിശ്വസിക്കേണ്ടവര്‍തന്നെ വഞ്ചിക്കുന്നു, ആരെ വിശ്വസിക്കണമെന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് "ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി" എന്ന മുദ്രാവാക്യം ബാലസംഘം ഉയര്‍ത്തുന്നത്. മേല്‍പറഞ്ഞ പ്രശ്നങ്ങളിലെല്ലാം ഏറിയും കുറഞ്ഞതുമായ ഇടപെടല്‍ നടത്തിയ സംഘടനയാണ് ബാലസംഘം. പക്ഷേ, ഈ പ്രശ്നങ്ങളില്‍ സമൂഹത്തിന്റെ കൂട്ടായ ഇടപ്പെടലുകള്‍ക്കേ ഫലമുണ്ടാക്കാനാകൂ. വിടരുംമുമ്പേ കൊഴിച്ചുകളയുന്ന പൂമൊട്ടുകളായി കുഞ്ഞുങ്ങള്‍ മാറുന്നത് കേരള മനഃസാക്ഷിയെ ഒട്ടും അലോസരപ്പെടുത്തുന്നില്ല, ഒരു പ്രതികരണവുമുണ്ടാക്കുന്നുമില്ല.

ബാലാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചുപറയാന്‍പോലും നാം തയ്യാറാകുന്നില്ല. നിഷ്ഠുരമായി കൊലചെയ്യപ്പെട്ട ജ്യോതിയും ആര്യയുമെല്ലാം ഈ സമൂഹത്തിന്റെ ഭാഗമല്ലേ? നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഈ അവസ്ഥയാണെങ്കിലോ? അവകാശങ്ങള്‍ പ്രഖ്യാപനങ്ങളില്‍മാത്രം ഒതുക്കിനിര്‍ത്തിയ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നദിവസംതന്നെയാണ് ഈ ചോദ്യമുയര്‍ത്തി ബാലസംഘം തെരുവിലിറങ്ങുന്നത്.

കേരളമാകെ ഈ ചോദ്യത്തോട് പ്രതികരിച്ചേമതിയാകൂ. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്ക്, മാനാഭിമാനത്തിന്, സൈ്വരജീവിതത്തിന് തുണയാകാന്‍, കാവലാകാന്‍ ഞങ്ങളുണ്ട് എന്ന പ്രഖ്യാപനത്തോടെ തെരുവിലിറങ്ങുന്ന കേരളജനതയെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി എന്നത് ഒരു നിലവിളിയാണ്, അരക്ഷിതബാല്യത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള നിലവിളി. ഓരോ ശിശുരോദനത്തിലും ഒരുകോടി ഈശ്വരവിലാപങ്ങള്‍ കേള്‍ക്കുന്ന നമ്മുടെ നാട് ഈ നിലവിളിയോട് പ്രതികരിച്ചേ മതിയാകൂ.

(ബാലസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)


2013, ജനുവരി 15, ചൊവ്വാഴ്ച

തൊഴിലാളികളുടെ സൈബര്‍ ലോകം


കെ ചന്ദ്രന്‍പിള്ള
സോഷ്യലിസ്റ്റ് സമൂഹനിര്‍മാണത്തില്‍ വിവര സാങ്കേതികവിദ്യക്കും അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രയോഗസാധ്യതയായ വിഭവങ്ങളുടെ ആസൂത്രണത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. മൂലധനാധിപത്യം അവസാനിപ്പിച്ച് മൂലധനവും കമ്പോളവും സമൂഹത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തൊഴിലാളിവര്‍ഗത്തിനും വിവരസാങ്കേതികവിദ്യയുടെ കഴിവുകളെല്ലാം സ്വായത്തമാക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്.

നിലവില്‍ ആഗോള ധനമൂലധനാധിപത്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം ചെറുക്കുന്നതിനുള്ള ഒരുപാധിയും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഭാഷാ വിവരസങ്കേതങ്ങള്‍ ഒരുക്കുന്നുണ്ട്. മുമ്പ് കംപ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷാണെന്ന ധാരണ നിലനിന്നിരുന്നു. കുറഞ്ഞ അക്ഷരമാല ടൈപ്പ്റൈറ്റര്‍ ഘട്ടത്തില്‍ ഇംഗ്ലീഷിന് മേല്‍ക്കൈ ഉണ്ടാക്കിയിരുന്നു. അതിലൂടെ ആഗോളഭാഷ ഇംഗ്ലീഷാകുമെന്നും ഇംഗ്ലീഷിലൂടെ ആഗോള സാംസ്കാരികാധിപത്യം രൂപപ്പെടുമെന്നും തോന്നിപ്പിച്ചിരുന്നു. എന്നാല്‍, വിവര സാങ്കേതികത വികസിച്ചതോടെ സാര്‍വദേശീയ ശൃംഖലയും യൂണീക്കോഡും സ്വതന്ത്ര സോഫ്റ്റ്വെയറും ആ സ്ഥിതിക്ക് മാറ്റംവരുത്തി. ഏത് പ്രാദേശിക ഭാഷാസമൂഹത്തിനും അവരവരുടെ ഭാഷയെ ഏത് ലോകഭാഷയ്ക്കുമൊപ്പം വികസിപ്പിക്കാന്‍ കഴിയുമെന്ന സ്ഥിതി സംജാതമായി. ബഹുധ്രുവലോകത്തിന്റെ നിര്‍മിതിക്കായി തൊഴിലാളിവര്‍ഗം പ്രാദേശികഭാഷ വികസിപ്പിക്കാന്‍ ഇടപെടേണ്ടതുണ്ട്. വിവര സാങ്കേതികവിദ്യയും സ്വതന്ത്ര സോഫ്റ്റ്വെയറും ഇന്റര്‍നെറ്റും തൊഴിലാളിവര്‍ഗത്തിന് ഇക്കാര്യത്തില്‍ ഉപയോഗിക്കാവുന്ന ഉപാധികളാണ്.

സാര്‍വദേശീയ ശൃംഖലയ്ക്ക് ജനാധിപത്യ സ്വഭാവമുണ്ടെങ്കിലും, നിലവില്‍ മൂലധനാധിപത്യത്തിന്റെ പിടിയിലാണ്. കാരണം, അതിന്റെ വിഭവങ്ങളെല്ലാം അവരുടെ വരുതിയിലാണ്. ശൃംഖലകളുടെ ശൃംഖലയാണ് സാര്‍വദേശീയശൃംഖല. തനത് ശൃംഖല തൊഴിലാളികള്‍ക്കും സൃഷ്ടിക്കാം, സ്വതന്ത്രമായി ഉപയോഗിക്കാം. സാര്‍വദേശീയ ശൃംഖലയുമായി ബന്ധപ്പെടുത്തിയാല്‍ അതിന്റെ ഭാഗമാകുകയും ചെയ്യും. ഇക്കാര്യത്തിലും തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ പുതിയ സമ്പത്തും സാങ്കേതികവിദ്യകളും യന്ത്രങ്ങളും ലാഭവും മൂലധനവും അധ്വാനത്തിന്റെ സൃഷ്ടിയാണ്. സമ്പത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുകയാണ് തൊഴിലാളിവര്‍ഗത്തില്‍ അര്‍പ്പിതമായ കടമ. ആഗോള കമ്പോളവല്‍ക്കരണവും തൊഴില്‍വിഭജനവും ബൗദ്ധികസ്വത്തവകാശ നിയമങ്ങളും ധനമൂലധനാധിപത്യവും സൃഷ്ടിച്ചിരിക്കുന്ന പുകമറയില്‍പ്പെട്ട് കംപ്യൂട്ടര്‍ വിദഗ്ധര്‍ക്കുള്ളത് എന്ന ധാരണ പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

ഭാഷയും കണക്കും ശാസ്ത്രവും സാഹിത്യവും കലയും പേനയും പുസ്തകവും മൈക്കും റേഡിയോയും ടെലിഫോണും യന്ത്രങ്ങളും ടിവിയും എല്ലാം തൊഴിലാളിക്ക് വഴങ്ങുന്നതുപോലെ അവയെല്ലാമടക്കം വിവരവും വിജ്ഞാനവും അവ കൈകാര്യം ചെയ്യാനുതകുന്ന സംയോജിത ഉപകരണം മാത്രമായ കംപ്യൂട്ടറും തൊഴിലാളികള്‍ക്ക് വഴങ്ങുന്നതാണ്. തൊഴിലാളികള്‍ പഠിക്കുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാദേശിക സമൂഹത്തിനുവേണ്ടിയും അതിലുപരി തൊഴിലാളിവര്‍ഗത്തിനുവേണ്ടിയുമാണ്. മാത്രമല്ല, അവര്‍ പഠിക്കുന്നതും വിജ്ഞാനം കൈയാളുന്നതും മൊത്തം സമൂഹത്തിനുംവേണ്ടിയാണ്. നാളെ ഭരണയന്ത്രം തിരിക്കേണ്ട വര്‍ഗമെന്ന നിലയ്ക്കാണ് തൊഴിലാളികള്‍ ഈ പഠനം നടത്തുന്നത്. നിലവില്‍ ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണംമൂലം നട്ടെല്ലൊടിയുന്ന കര്‍ഷകരെയും സ്വയംതൊഴില്‍ ചെറുകിട ഇടത്തരം സംരംഭകരെയും അവരിന്നനുഭവിക്കുന്ന ചൂഷണത്തില്‍നിന്ന് മോചിപ്പിക്കാനുംകൂടിയാണ് തൊഴിലാളി പഠിക്കുന്നത്. തൊഴിലാളികള്‍ വിവര സാങ്കേതികവിദ്യ പരിചയപ്പെടുകയും ഉപയോഗിച്ച് തുടങ്ങുകയുംചെയ്യണം. വിവര സാങ്കേതികവിദ്യ, സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ തത്വശാസ്ത്രം, ലിനക്സ് പരിചയപ്പെടല്‍, ലിനക്സ് ഉപകരണങ്ങള്‍ പരിചയപ്പെടല്‍, ലിബ്രെ ഓഫീസ് (റൈറ്റര്‍, കാല്‍ക്, ഇംപ്രസ്), മലയാളം കംപ്യൂട്ടിങ്, ദൃശ്യമാധ്യമം, ശ്രവ്യമാധ്യമം, ഇന്റര്‍നെറ്റ് ഉപയോഗം, ഇലക്ട്രോണിക് മെയില്‍, സാമൂഹ്യകൂട്ടായ്മ തുടങ്ങിയവ പരിചയപ്പെടുകയും ഉപയോഗിച്ച് തുടങ്ങുകയും വേണം. അതിലൂടെ കത്തെഴുതുക, ലേഖനങ്ങള്‍ തയ്യാറാക്കുക, കണക്ക് എഴുതുക, ഓഫീസ് നടത്തുക, പഠന സാമഗ്രികളും പ്രദര്‍ശനവും തയ്യാറാക്കുക, പാട്ട് കേള്‍ക്കുക, സിനിമ കാണുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഇമെയില്‍ സംവിധാനം ഉപയോഗിക്കുക, സാമൂഹ്യ കൂട്ടായ്മകളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ചെയ്യാനുള്ള കഴിവ് നേടണം.

വ്യക്തിഗത വിവര വിനിമയാവശ്യങ്ങളോടൊപ്പം യൂണിയനുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കത്തിടപാടുകള്‍ നടത്തുക, അവയുടെയെല്ലാം കണക്കെഴുതി സൂക്ഷിക്കുകയും പ്രതിമാസകണക്കും വാര്‍ഷികകണക്കും തയ്യാറാക്കുക, പ്രസംഗത്തിനും പഠന ക്ലാസുകള്‍ എടുക്കുന്നതിനുമുള്ള പ്രദര്‍ശനം തയ്യാറാക്കുക (മേല്‍പറഞ്ഞവയെല്ലാം ഇംഗ്ലീഷിലും മലയാളത്തിലും ചെയ്യുക), ഇന്റര്‍നെറ്റില്‍നിന്ന് പഠനവുമായോ വിദ്യാഭ്യാസവുമായോ ആരോഗ്യ പരിചരണവുമായോ രോഗവുമായോ മരുന്നുമായോ സാമ്പത്തികമോ രാഷ്ട്രീയമോ താല്‍പ്പര്യമുള്ള മറ്റേതു വിഷയവുമായോ ബന്ധപ്പെട്ട് ലോകത്തെവിടെയുമുള്ള ഏറ്റവും ആധുനിക വിവരങ്ങളടക്കം എടുത്ത് ഉപയോഗിക്കുക തുടങ്ങി വിവരാധിഷ്ഠിതമായ ഏത് പ്രവര്‍ത്തനവും ചെയ്യാനുള്ള കഴിവും നേടണം.

ഒരു വിദഗ്ധന്റെയും കുത്തകസ്ഥാപനങ്ങളുടെയും സഹായം ഇല്ലാതെതന്നെ, സൈബര്‍ലോകത്ത് ഒരു മേല്‍വിലാസം സ്വയം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. തുടര്‍ന്ന് സാമൂഹ്യശൃംഖല വിശദമായി പരിചയപ്പെടുകയും അതില്‍ ഇടപെടുകയും ചെയ്യണം. വിശ്വ വ്യാപക വലയും സാമൂഹ്യശൃംഖലയും പരിചയപ്പെടുക, സാമൂഹ്യശൃംഖലകള്‍, സ്വയംപ്രകാശനത്തിനുള്ള വേദികളായ ബ്ലോഗുകള്‍, വെബ്സൈറ്റുകള്‍, സ്വതന്ത്ര വിശ്വവിജ്ഞാന കോശമായ വിക്കീപീഡിയ തുടങ്ങിയവ ഉപയോഗിക്കാനും പഠിക്കണം. അതിലൂടെ ലോകവിജ്ഞാന സ്രോതസ്സുകള്‍ കണ്ടെത്താനും അവരവരുടെ ജീവിതാവശ്യങ്ങളുമായോ തൊഴില്‍പരമായ ആവശ്യങ്ങളുമായോ സാമൂഹ്യാവശ്യങ്ങളുമായോ ബന്ധപ്പെട്ട വിവരവും വിജ്ഞാനവും ലഭ്യമാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവും സാമൂഹ്യ ശൃംഖലയില്‍ ഇടപെടാനും അവ ഉപയോഗിക്കാനുമുള്ള കഴിവും ബ്ലോഗുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനുമുള്ള കഴിവും നേടണം.

വ്യക്തിപരമായ ആശയപ്രകാശനത്തിനും സംഘടനയുടെ പ്രചാരണപ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതും അവരവര്‍ക്ക് പറയാനുള്ളത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ളതുമായ വേദികളും ഇടങ്ങളും സൃഷ്ടിച്ച് അവ നിലനിര്‍ത്തി ഉപയോഗിക്കാനുള്ള കഴിവും ലോകത്തിനു പറയാനുള്ളത് കേള്‍ക്കാനും സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളെ ഉണ്ടാക്കാനും വിശ്വവിജ്ഞാനകോശം വിരല്‍ത്തുമ്പിലാക്കാനും അതിലേക്ക് ഓരോരുത്തര്‍ക്കും അറിയുന്ന കാര്യങ്ങളും സമാഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളും നല്‍കി സ്വതന്ത്ര വിജ്ഞാനകോശം വികസിപ്പിക്കാനും പ്രാപ്തരാകണം. വെബ്സൈറ്റ് വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കഴിവും നേടണം.

വെബ്സൈറ്റ് ഉപയോഗിച്ച് സംഘടനകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തത്സമയ ശൃംഖലാ ബന്ധം സൃഷ്ടിച്ച് പ്രവര്‍ത്തിപ്പിക്കുക, അതിലൂടെ അംഗത്വം, വരിസംഖ്യാ പിരിവ്, ക്വോട്ട അടയ്ക്കല്‍, വരവ് ചെലവ് കണക്ക്, പ്രചാരണപ്രക്ഷോഭ പരിപാടികള്‍, പരാതി പരിഹാരം തുടങ്ങി വിവിധ തലങ്ങളിലുള്ള സംഘടനാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനം ചടുലമായും കാര്യക്ഷമമായും നടക്കുന്നു എന്ന കാര്യം എല്ലാ തലത്തിലും പരിശോധിച്ച് ആവശ്യമായ പരിഹാര നടപടി നിര്‍ദേശിക്കാനും അങ്ങനെ സംഘടന സജീവമാക്കാനുമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള പരിചയം ആര്‍ജിക്കണം. തുടര്‍ന്ന് പൊതു സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ബജറ്റിങ്, വരവ് ചെലവ് കണക്കുകളുടെ പരിശോധന, ബജറ്റ് വിശകലനം, സ്ഥാപനാസൂത്രണം, നടത്തിപ്പ്, പരിശോധന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആധുനിക വിവരസങ്കേതങ്ങള്‍ ഉപയോഗിച്ച് ചെയ്യാന്‍ ശീലിക്കണം. ഭരണപരിഷ്കാരം ഒരു തുടര്‍പ്രക്രിയയായി നടത്താനുള്ള ഉപാധികളായി വിവര സാങ്കേതികോപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും നേടണം. അങ്ങനെ നേടുന്ന അറിവും പരിചയവും ഉപയോഗിച്ച് ഭരണവും ആസൂത്രണവും പ്രാദേശിക ഭാഷാ വികസനവും അടക്കമുള്ള കാര്യങ്ങളില്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് കാലഘട്ടം തൊഴിലാളികളില്‍ അര്‍പ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കടമ. (അവസാനിച്ചു)

തൊഴിലാളിവര്‍ഗവും വിവരസാങ്കേതിക വിദ്യയും

കെ ചന്ദ്രന്‍പിള്ള
വിവര വിനിമയ സാങ്കേതികവിദ്യ കൈകാര്യംചെയ്യാന്‍ തൊഴിലാളിപ്രവര്‍ത്തകരും തൊഴിലാളികളും കൂടുതല്‍ മുന്നോട്ടുവരേണ്ടതുണ്ട്. കേവലമായി വിവര സാങ്കേതികവിദ്യ പഠിക്കുക, പഠിപ്പിക്കുക, പ്രയോഗിക്കുക എന്നതുമാത്രമല്ല, തൊഴിലാളിവര്‍ഗ മുന്നേറ്റത്തില്‍ വിവര സാങ്കേതിക വിദ്യയുടെ കൂടുതല്‍ പ്രയോഗസാധ്യതകള്‍ കണ്ടെത്തുകയും ഫലദായകമാക്കുകയും ചെയ്യുന്നതിനുള്ള പഠനഗവേഷണങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

തൊഴില്‍മേഖലകളില്‍ കംപ്യൂട്ടര്‍ ഏര്‍പ്പെടുത്തി തൊഴില്‍ നശിപ്പിക്കുന്നതിനെതിരായ സമരത്തില്‍ തൊഴിലാളി സംഘടനകള്‍ ഏര്‍പ്പെട്ടിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാകും. തൊഴിലാളികളെ വിവര സാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മുതിരുന്നതിനെ ഒട്ടൊരു സംശയത്തോടെ ചോദ്യംചെയ്യുന്നവരുമുണ്ടാകും. വിവര സാങ്കേതികവിദ്യയ്ക്ക് തൊഴില്‍ നശിപ്പിക്കാനുള്ള കഴിവ് നല്ലവണ്ണം മനസിലാക്കിയതുകൊണ്ടുതന്നെയാണ് തൊഴിലാളികളുടെ അടിയന്തര താല്‍പ്പര്യം സംരക്ഷിക്കാന്‍ അന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നയപരിപാടികളെ എതിര്‍ത്തത്. അത് കംപ്യൂട്ടറിനോടോ സാങ്കേതികവിദ്യയോടോ ഉള്ള എതിര്‍പ്പായിരുന്നില്ലെന്നും മറിച്ച്, തൊഴില്‍ നശിപ്പിച്ച് തൊഴിലാളികളെ വഴിയാധാരമാക്കുന്നതിനോടുള്ള എതിര്‍പ്പാണെന്നും അന്നേ വ്യക്തമാക്കപ്പെട്ടതാണ്. എത്രയോ നാളായി കംപ്യൂട്ടറോ വിവര സാങ്കേതിക വിദ്യയോ വിന്യസിക്കുന്നതിനെ തൊഴിലാളിസംഘടനകള്‍ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും തങ്ങള്‍ പണിയെടുക്കുന്ന വ്യവസായങ്ങളുടെ നവീകരണത്തിന് അവ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പോരുകയാണ്. പക്ഷേ, ഇന്നും മുതലാളിത്തം വിവരസാങ്കേതിക വിദ്യ സാമൂഹ്യനന്മയ്ക്കായി ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ല. ലാഭേച്ഛമാത്രമാണ് അവരുടെ പരിഗണനാ വിഷയം.

വിവര സാങ്കേതികവിദ്യയുടെ ഇന്നത്തെ പ്രത്യേകത അത് കടലാസ് ഉപയോഗിച്ചുള്ള എഴുത്തും അച്ചടിയും നേരിട്ട പരിമിതികള്‍ മറികടക്കാന്‍ പര്യാപ്തമാണെന്നതാണ്. കടലാസിനുപകരം കാന്തിക ഇലക്ട്രോണിക് ഓര്‍മയും, എഴുത്തിനും അച്ചുനിരത്തുന്നതിനും പകരം കീബോര്‍ഡുപയോഗിച്ചുള്ള വിവര സന്നിവേശനവും സാധ്യമായിരിക്കുന്നു. മുന്‍കാലത്ത് ഒരേകാര്യം ആവര്‍ത്തിക്കാന്‍ വീണ്ടും എഴുതുകയോ ടൈപ്പ്ചെയ്യുകയോ ടൈപ്പ് സെറ്റു ചെയ്യുകയോ വേണ്ടിയിരുന്നു. എന്നാല്‍, പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ സന്നിവേശിപ്പിക്കപ്പെട്ടത് വീണ്ടും ചെയ്യേണ്ടതില്ല. അവ എത്രകാലം കഴിഞ്ഞും എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് പകര്‍പ്പെടുക്കാവുന്നതാണ്. മാത്രമല്ല, പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവര വിശകലനവും പുതിയ വിവരവിജ്ഞാന സൃഷ്ടിയും സാധ്യമാക്കുന്നു. ചുരുക്കത്തില്‍ വിവര സാങ്കേതിക വിദ്യ തത്സമയ വിവരശേഖരണം, സംഭരണം, കൈമാറ്റം, അവയുടെ സമ്മിശ്ര പ്രയോഗത്തിലൂടെ വിവര വിശകലനം, പുതിയ വിവര സൃഷ്ടി, വിവര ഉപഭോഗം എന്നിവയ്ക്കെല്ലാമുള്ള സങ്കേതമാണ്.

സമൂഹത്തിന്റെ വിവരലഭ്യത വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. പൊതുഭരണം, സ്ഥാപന ഭരണം, പണം കൈമാറ്റം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, അരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കമ്പോളപ്രവേശം, വിപണനം, ഗതാഗതം, വിതരണം, സംസ്കാരം, പ്രാദേശിക ഭാഷാവികസനം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിവരം വിനിയോഗ ഘടകങ്ങള്‍ ദൂരസമയ പരിമിതികളില്ലാതെ തത്സമയം നടത്താം. ചരക്കുകളുടെ കടത്ത് മാത്രമാണ് സമയമെടുക്കുന്ന ഘടകം. മേല്‍പ്പറഞ്ഞ സാധ്യതകളുപയോഗിച്ച് ആസൂത്രണം എല്ലാ തലത്തിലും കൊണ്ടുവരാം. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും ആസൂത്രണം സാധ്യമായിരിക്കുന്നു. ഒരു പ്രദേശത്ത് എത്ര ആളുകള്‍, അവരുടെ ആഹാരരീതിക്കനുസരിച്ച് ആവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളുടെ അളവ്, അവയുടെ ഉപഭോഗ സമയക്രമം, അവയുടെ ലഭ്യത, ഉല്‍പ്പാദനം, ഇറക്കുമതി എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ വിവരം ശേഖരിച്ച് സംഭരിച്ച് അതുപയോഗിച്ച് ആവശ്യവും ലഭ്യതയും പൊരുത്തപ്പെടുത്തി കമ്പോളം ക്രമീകരിക്കാന്‍ സൂക്ഷ്മവിവരങ്ങളില്‍ നിന്ന് സ്ഥൂലതലാസൂത്രണം സാധ്യമായിരിക്കുന്നു. പ്രാദേശിക വിവരങ്ങള്‍ ഉല്‍ഗ്രഥിച്ച് സംസ്ഥാനതലത്തിലും രാജ്യതലത്തിലും സാര്‍വദേശീയതലത്തിലും കമ്പോളാസൂത്രണം സാധ്യമാണ്. അതോടെ കമ്പോളം സമൂഹത്തിന് വിധേയമാക്കാനുള്ള ഉപാധി തയ്യാറാകും. പിന്നീട് ആവശ്യമായത് അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യ ഇടപെടലുമാണ്. തത്സമയം എത്ര വിവരവും എത്ര ദൂരേക്കും എത്തിക്കാനും കൈകാര്യംചെയ്യാനും കഴിയുന്നു എന്നത്, മറ്റ് ഒട്ടേറെ പ്രയോഗസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. അവയെല്ലാം ഇന്നും കണ്ടെത്തപ്പെട്ടിട്ടില്ല. കണ്ടെത്തപ്പെട്ടവയെല്ലാം പ്രയോഗിക്കപ്പെടുന്നുമില്ല.

വിവര സാങ്കേതികവിദ്യയുടെ പ്രയോഗസാധ്യതകള്‍ വളരെ പരിമിതമായ രീതിയില്‍മാത്രമാണ് നിലവിലുള്ള മൂലധനാധിഷ്ഠിത വ്യവസ്ഥ ഉപയോഗപ്പെടുത്തുന്നത്. മുതലാളി ആസൂത്രണ സാധ്യത ഉപയോഗിക്കുന്നത് ഉല്‍പ്പാദനാസൂത്രണത്തിന് മാത്രമാണ്. വിപണനാസൂത്രണം മുതലാളിക്ക് വഴങ്ങുന്നതല്ല. കാരണം, കമ്പോളത്തില്‍ മറ്റ് മുതലാളിമാരും വരും. അവിടെ അരാജകത്വം നിലനില്‍ക്കുന്നു. കമ്പോളത്തിലെ അരാജകത്വം മാറ്റാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍, ഉല്‍പ്പാദനംമുതല്‍ വിനിമയവും വിതരണവും ഉപഭോഗവുംവരെ മൊത്തം കമ്പോളവും സമഗ്രമായ ആസൂത്രണത്തിന് വിധേയമാക്കാന്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പക്ഷേ, ഒറ്റപ്പെട്ട മുതലാളിക്ക് കഴിയില്ല. ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന് സമഗ്രമായ കമ്പോളാസൂത്രണത്തില്‍ താല്‍പ്പര്യവുമുണ്ടാവില്ല. കാരണം, ആവശ്യവും ലഭ്യതയും കൃത്യമായി ആസൂത്രണംചെയ്താല്‍, ആവശ്യമായത്ര ഉല്‍പ്പാദിപ്പിച്ച് വിതരണം ക്രമീകരിച്ചാല്‍, കമ്പോളത്തിലെ അരാജകത്വം ഇല്ലാതായാല്‍, മുതലാളിത്ത വ്യവസ്ഥ അപകടത്തിലാകും. അതിനാല്‍ മുതലാളിത്തം ഈ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കില്ല. ശാസ്ത്രസാങ്കേതിക സിദ്ധികളുടെ സാമൂഹ്യോന്മുഖ ഉപയോഗത്തിന്റെ കാര്യത്തില്‍ മുതലാളിത്തത്തിന് അതിന്റെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ടു. വിവര സാങ്കേതിക വിദ്യ മാത്രമല്ല, ജൈവ സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും പാരമ്പര്യേതര ഊര്‍ജവുമടക്കം ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ഉപയോഗിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ലാഭേച്ഛയാല്‍ നയിക്കപ്പെടുന്ന മുതലാളിത്തത്തിന് കഴിയാതായിരിക്കുന്നു.

അതേസമയം സോഷ്യലിസത്തിന്റെ മുഖമുദ്ര കമ്പോളത്തിന്റെ ഈ സമഗ്രാസൂത്രണമാണ്. തൊഴിലാളി വര്‍ഗത്തിന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ് വിവര സാങ്കേതിക വിദ്യ. അതുപയോഗിച്ച് ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും ഓരോ വര്‍ഷവും ആവശ്യവും ലഭ്യതയും കണക്കാക്കി അവ തമ്മില്‍ പൊരുത്തപ്പെടുത്തിയും പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ വിതരണം സുതാര്യമായി ജനേച്ഛയോടെയും ജനസമ്മതിയോടെയും ക്രമീകരിച്ചും ഭാവിയില്‍ ഉല്‍പ്പാദനവും ലഭ്യതയും ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊണ്ടും സമൂഹത്തെ മുന്നോട്ടുനയിക്കുകയാണ് സോഷ്യലിസം. ആവശ്യമായിടത്തെല്ലാം കമ്മി നികത്താന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചും അമിതോപഭോഗവും നാശനഷ്ടങ്ങളും നിയന്ത്രിച്ചും ജനങ്ങളുടെ ആവശ്യം നിറവേറ്റാനും അതേസമയം പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കാനും സമഗ്രമായ ആസൂത്രണത്തിലൂടെ സോഷ്യലിസത്തില്‍ കഴിയും.

മറ്റൊരു ചോദ്യം ഉയരുന്നത് തൊഴിലാളിവര്‍ഗത്തിന് ഈ ശാസ്ത്രവും സാങ്കേതികവിദ്യയും വഴങ്ങുമോ എന്നതാണ്. എഴുതാനും വായിക്കാനും സംസാരിക്കാനും കേള്‍ക്കാനും ചിത്രം വരയ്ക്കാനും പാട്ട് പാടാനും നിര്‍മാണപ്രവര്‍ത്തനത്തിനും ചരക്കുകള്‍ വില്‍ക്കാനും വാങ്ങാനും പണമിടപാട് നടത്താനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സംഘാടനത്തിനും സമരത്തിനും ഭരണത്തിനും ആസൂത്രണത്തിനും മറ്റുമാണ് വിവര സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത്. അതെല്ലാം നിലവില്‍ നടത്തുന്നത് തൊഴിലാളികള്‍തന്നെയാണ്. മാത്രമല്ല, വിവര സാങ്കേതിക വിദ്യതന്നെ തൊഴിലാളികളുടെ സൃഷ്ടിയാണ്. മുതലാളിത്തം അത് ക്രോഡീകരിച്ച് സ്വന്തമാക്കാന്‍ പേറ്റന്റ് നിയമം ഏര്‍പ്പെടുത്തി തൊഴിലാളികളില്‍നിന്ന്് ഉടമസ്ഥാവകാശം തട്ടിയെടുക്കുകയാണ് ചെയ്തത്. അതിന് അവരെ സഹായിച്ചത് ഭരണകൂടത്തില്‍ അവര്‍ക്കുള്ള വര്‍ഗാധിപത്യമാണ്്. പക്ഷേ, വിവര സങ്കേതിക വിദ്യയുടെ യഥാര്‍ഥ ഉടമസ്ഥരായ വിവര സാങ്കേതിക തൊഴിലാളികള്‍ സ്വന്തമായി സങ്കേതങ്ങളും ഉപകരണങ്ങളും അവയ്ക്ക് പൊതു ഉടമസ്ഥതാ സമ്പ്രദായവും സൃഷ്ടിച്ച് മുതലാളിത്തത്തെ വിജയകരമായി വെല്ലുവിളിച്ചതിന്റെ ചരിത്രമാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റേത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പൊതു ഉടമസ്ഥതയുടെ ശക്തിയും ശരിയും സാധ്യതകളും വെളിപ്പെടുത്തുകകൂടി ചെയ്യുന്നു. മാത്രമല്ല, ഉടമസ്ഥാവകാശത്തിന്മേല്‍ കെട്ടിപ്പടുത്ത സ്വകാര്യ സ്വത്തുടമസ്ഥതയുടെയും മുതലാളിത്തത്തിന്റെയും യുക്തിരാഹിത്യവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ വെളിപ്പെടുത്തുന്നു.

ഉടമസ്ഥതയല്ല, മറിച്ച് ഉടമസ്ഥാവകാശംമാത്രമാണ് മൂലധന ഉടമകളുടേത്. യഥാര്‍ഥ ഉടമസ്ഥത ആ ഉപാധികള്‍ ഉപയോഗിക്കുന്നവരില്‍ നിക്ഷിപ്തമാണെന്ന് സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ സോഫ്റ്റ്വെയര്‍ തൊഴിലാളികള്‍ തെളിയിച്ചു. ഭൗതിക സ്വത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. മുതലാളിത്തം ഭൗതിക സ്വത്തിനും ബൗദ്ധിക സ്വത്തിനും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം സ്വത്തവകാശത്തിനാണ് നല്‍കുന്നത്. അതുതന്നെ ആ വ്യവസ്ഥയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നു. സ്വത്തവകാശംകൊണ്ട് ഒന്നും ഉല്‍പ്പാദനക്ഷമമാകില്ല. അതിന് അവ ആരെങ്കിലും ഉപയോഗിക്കണം. അത് പണിയെടുക്കുന്ന തൊഴിലാളികളോ കര്‍ഷകരോ ആണ് ചെയ്യുക. സമ്പത്തുല്‍പ്പാദിപ്പിക്കാന്‍ തൊഴിലാളിയോ കര്‍ഷകനോ പണിയെടുക്കുകതന്നെ വേണം. എങ്കിലേ ഭൗതിക സ്വത്തായാലും ബൗദ്ധിക സ്വത്തായാലും ഉല്‍പ്പാദനക്ഷമമാകൂ. അതായത് സ്വത്തവകാശം കൃത്രിമവും അടിച്ചേല്‍പ്പിച്ചതുമാണ്. യഥാര്‍ഥ ഉടമസ്ഥത സമൂഹത്തിന്റേതാണ്. ഉപയോഗിക്കുന്നതാകട്ടെ പണിയെടുക്കുന്നവരുമാണ്. പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ബൗദ്ധിക സ്വത്ത് സ്വന്തമാണ്. ആര്‍ക്കും അത് തട്ടിപ്പറിക്കാനോ ഉടമാവകാശം സ്ഥാപിക്കാനോ കഴിയില്ല. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ അധികം ഉല്‍പ്പാദനോപാധികള്‍ ആരെങ്കിലും കൈയടക്കിവച്ചാലും അവ ഉപയാഗിക്കാനാവില്ല.

സ്വകാര്യ കുത്തക സോഫ്റ്റ്വെയറുകളേക്കാള്‍ വേഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഗുണമേന്മയിലും സ്വീകാര്യതയിലും മുന്നേറുകയാണ്. അങ്ങനെ സ്വകാര്യ സ്വത്തുടമസ്ഥതയുടെ യുക്തിരാഹിത്യം വെളിപ്പെടുത്തുക കൂടി ചെയ്യുന്നു സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വിജയം. ആ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയിരിക്കണം തൊഴിലാളികളുടെ വിവര സാങ്കേതിക പഠനത്തിന്റെ ഉപാധി. അതോടൊപ്പം വിവിധ മാനേജ്മെന്റ് രീതികളും ആസൂത്രണ സങ്കേതങ്ങളും തൊഴിലാളികള്‍ സ്വായത്തമാക്കണം.
(അവസാനിക്കുന്നില്ല)

2013, ജനുവരി 10, വ്യാഴാഴ്‌ച

പകുതി ആകാശം സ്ത്രീകളുടേത്

പ്രകാശ് കാരാട്ട്

സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ദ്വൈവാര പംക്തി "ദിശ" ദേശാഭിമാനിയില്‍. ലോകരാഷ്ട്രീയ ചലനങ്ങളെ കമ്യൂണിസ്റ്റ് വീക്ഷണകോണിലൂടെ വിലയിരുത്തുന്ന പംക്തിയിലെ ആദ്യലേഖനം

ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ ഭയാനകമായ സംഭവം രാജ്യത്തെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ത്തി; പ്രത്യേകിച്ചും യുവജനങ്ങളില്‍. ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമവും തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ഈ ദുരന്തം നമ്മെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ്. പൊലീസ് സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെയും കാലവിളംബം കൂടാതെ നീതി ലഭ്യമാക്കേണ്ടതിന്റെയും അനിവാര്യതയിലേക്കും ഈ ദുരന്തം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകളുടെ താഴ്ന്ന പദവിയും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ മനോഭാവവും ലൈംഗികവസ്തുവായി മാത്രം സ്ത്രീകളെ കാണുന്ന മനോഭാവവും സ്ത്രീകളോടുള്ള തുല്യതാനിഷേധവും മറ്റുമാണ് പൊതുവെ സമരത്തില്‍ ഉയര്‍ന്നുവന്നത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നിരവധി യുവതീ- യുവാക്കള്‍ ധീരമായി രംഗത്തിറങ്ങിയതാണ് ഏറെ ആശാവഹം.

സമരത്തിന്റെയും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളുടെയും ആശാവഹമായ കാര്യങ്ങളാണ് മേല്‍പ്പറഞ്ഞത്. സ്ത്രീകള്‍ക്ക് തുല്യതയും നീതിയും ഉറപ്പ് വരുത്തുന്നതിനുള്ള പോരാട്ടം ക്ലേശങ്ങള്‍ നിറഞ്ഞതാണ്. ദുരന്തവുമായി ബന്ധപ്പെട്ട് പുരുഷാധിപത്യനിലപാടില്‍ നിന്നുകൊണ്ട് ലൈംഗികച്ചുവയുള്ള പിന്തിരിപ്പന്‍ വീക്ഷണങ്ങളും കാണാനിടയായി. രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും സാമൂഹ്യ-സമുദായനേതാക്കളുടെയും ഒന്നിനുപുറകെ ഒന്നായി വന്ന പ്രസ്താവനകള്‍ പുരുഷാധിപത്യ വീക്ഷണങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

ബലാത്സംഗം പ്രധാനമായും നടക്കുന്നത് പാശ്ചാത്യജീവിതരീതി സ്വീകരിച്ച നഗരപ്രദേശമായ "ഇന്ത്യ" യിലാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രഖ്യാപനം. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ഇത്തരം സംഭവങ്ങള്‍ "ഭാരത"ത്തില്‍ അതായത്, ഗ്രാമങ്ങളില്‍ നടക്കുന്നില്ല. "നിങ്ങള്‍ ഈ രാജ്യത്തിലെ ഗ്രാമങ്ങളിലേക്കും വനത്തിലേക്കും പോകൂ. അവിടങ്ങളില്‍ കൂട്ട ബലാത്സംഗങ്ങളോ ലൈംഗികാതിക്രമങ്ങളോ നടക്കുന്നില്ല." അദ്ദേഹത്തിന്റെ ഈ പ്രസ്താവന യഥാര്‍ഥ വസ്തുതകളുടെ വികൃതാനുകരണമാണ്. ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗ്രാമീണമേഖലകളിലാണ്. അവിടെ അതിന് ഇരയാകുന്നത് ദളിത്- ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകത്തൊഴിലാളികളുമടക്കമുള്ള ദരിദ്ര സ്ത്രീകളാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വര്‍ധിച്ച തോതില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗ്രാമപ്രദേശങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം സംഭവങ്ങളൊന്നുമില്ലെന്ന ഭഗവതിന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. മനുസ്മൃതിയിലെന്നപോലെ സ്ത്രീവിരുദ്ധ പുരുഷാധിപത്യസമീപനങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്ന് കാണാം. ഈ വീക്ഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന വ്യാപകമായ വിമര്‍ശം ആര്‍എസ്എസ് മേധാവിയെ ഒരുതരത്തിലും അലോസരപ്പെടുത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ഭഗവത് സ്ത്രീകള്‍ക്കെതിരായ നിലപാട് ആവര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവും ഒരു "സാമൂഹ്യക്കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാണെ"ന്ന് പറഞ്ഞ ഭഗവത്, ഇതനുസരിച്ച് "സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയാണ് വേണ്ടത്. ഭര്‍ത്താവിന്റെ ചുമതല വീടിനുവേണ്ടി സമ്പാദിക്കലും" എന്ന് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ആശയം ഇതാണ്. സ്ത്രീകളുടെ ഇടം വീടാണ്. വിദ്യാഭ്യാസം ചെയ്യുകയും ജോലിസമ്പാദിച്ച് പണമുണ്ടാക്കി മറ്റ് പൗരന്മാര്‍ക്കൊപ്പം തുല്യതയോടെ ജീവിക്കുകയും ചെയ്യുന്നത് പാശ്ചാത്യ ആശയം മാത്രമാണ്.

ഛത്തീസ്ഗഢ് വനിതാകമീഷന്‍ അധ്യക്ഷ വിഭാറാവുവിന്റെ പ്രസ്താവനയിലും ആര്‍എസ്എസിന്റെ മനോഭാവം പ്രതിഫലിക്കുന്നുണ്ട്. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനത്തില്‍ പെട്ട വനിതകള്‍ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും തെറ്റായ സൂചനകളാണ് നല്‍കുന്നതെന്നും ഈ സൂചനകളാണ് പുരുഷന്മാരെ മോശം പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നുമാണ് വിഭാറാവു പറഞ്ഞത്. ആന്ധ്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോട്സ സത്യനാരായണ പറഞ്ഞതും സ്ത്രീകളെപ്പറ്റിയുള്ള ഇത്തരം വികലമായ വീക്ഷണത്തിനുദാഹരണമാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി രാത്രികാലത്ത് സഞ്ചരിച്ചതുകൊണ്ടാണ് കൂട്ടബലാത്സംഗത്തിനിരയായത് എന്നാണ് അദ്ദേഹം തട്ടിവിട്ടത്. പ്രശ്നം കൂടുതല്‍ വഷളാക്കിക്കൊണ്ട് കോണ്‍ഗ്രസ് എംപി അഭിജിത്് മുഖര്‍ജി പറഞ്ഞത്, പ്രതിഷേധിച്ച യുവതികള്‍ "ചായംതേച്ച പരിഷ്കാരികളായ സ്ത്രീകളാണ്, അവര്‍ വിദ്യാര്‍ഥിനികളല്ല" എന്നാണ്.

ധീരയായ പെണ്‍കുട്ടിയുടെ ഓര്‍മകളെപ്പോലും അപമാനിച്ചത് ആള്‍ദൈവമായ അസറാമാണ്. മതപ്രഭാഷണത്തിനിടയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മദ്യപിച്ച് അക്രമാസക്തരായ ആറ് പുരുഷന്മാര്‍ ഓരോരുത്തരോടും അവരെ സഹോദരനായാണ് കാണുന്നതെന്ന് പറഞ്ഞ് ദയവിനുവേണ്ടി യാചിച്ചിരുന്നെങ്കില്‍ യുവതിക്ക് ഈ ദുരന്തമുണ്ടാകില്ലെന്നായിരുന്നു അസറാമിന്റെ പ്രസ്താവന. ഒരു ഭാഗത്തു നിന്നുമാത്രം തെറ്റുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ബിജെപി നേതാക്കളില്‍നിന്ന് എല്ലാ പ്രോത്സാഹനവും ലഭിക്കുന്ന ഈ മനുഷ്യനെതിരെ, ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും ലൈംഗിക അധിക്ഷേപം സംബന്ധിച്ചും കേസുണ്ടെന്നോര്‍ക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനും അവരുടെ സുരക്ഷ ഉറപ്പ് വരുത്താനുമായി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ചിലത് പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണ്. പുരുഷന്മാരെ പ്രകോപിപ്പിക്കാത്ത വിധത്തില്‍ സ്ത്രീകള്‍ പെരുമാറണമെന്ന വീക്ഷണത്തില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങളാണ് ഇവയില്‍ ചിലത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചുള്ള സഹവിദ്യാഭ്യാസം ഉപേക്ഷിക്കണമെന്ന ജമാഅത്ത് ഇ ഇസ്ലാമി ഹിന്ദിന്റെ നിര്‍ദേശം ഇതിലൊന്നാണ്. വിവിധ വസ്ത്രധാരണ രീതിയും നിര്‍ദേശിക്കപ്പെട്ടു. ഖാപ്പ് പഞ്ചായത്താകട്ടെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത് നിരോധിക്കണമെന്ന് നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കണമെന്നതാണ് പുതുച്ചേരി സര്‍ക്കാരിന്റെ നിര്‍ദേശം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യമായ പദവി നല്‍കാമോ എന്നതാണ് കാതലായ പ്രശ്നം. അതായത് വീട്ടില്‍നിന്ന് പുറത്തിറങ്ങി മറ്റെല്ലാ പൗരന്മാരെയും പോലെ വിദ്യാഭ്യാസം നേടാനും ജോലിചെയ്യാനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് അധികാരമുണ്ടോ?

സ്വന്തം വീട്ടിലും പൊതുസ്ഥലത്തും ആക്രമണങ്ങളില്‍നിന്ന് അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമോ എന്നതാണ് പ്രശ്നം. സ്ത്രീകളുടെ തുല്യപദവിക്കും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികമേഖലകളില്‍ അവരുടെ പങ്കാളിത്തത്തിനും വേണ്ടിയാണ് പോരാട്ടം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍, പുരുഷാധിപത്യ സാമൂഹ്യവീക്ഷണങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം. ജനാധിപത്യ പരിഷ്കൃതസമൂഹത്തിന് ഇത് അത്യാവശ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന അജന്‍ഡയായി ഇത് സ്ഥാനം പിടിക്കണം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ സാമൂഹ്യ-സാംസ്കാരികമൂല്യങ്ങള്‍ക്ക് ഇന്നും സമൂഹത്തില്‍ ആധിപത്യമുണ്ടെന്ന കാര്യത്തില്‍ നമ്മള്‍ ബോധവാന്മാരായിരിക്കണം. എല്ലാവിഭാഗം ജനങ്ങളുടെയും കാഴ്ചപ്പാടും മൂല്യബോധവും ഉടച്ചുവാര്‍ത്തുകൊണ്ടുമാത്രമേ പുരുഷാധിപത്യത്തിനും സങ്കുചിതമായ പുരുഷമേല്‍ക്കോയ്മക്കെതിരെയുമുള്ള സമരം മുന്നോട്ടുകൊണ്ടുപോകാനാവൂ. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാനുമാവണം.