2011, ജൂലൈ 5, ചൊവ്വാഴ്ച

അര്‍ഥശാസ്ത്ര പ്രവേശിക: വിപ്ലവ രാഷ്ട്രീയത്തിനുള്ള അടിത്തറ

ഡോ. പി എസ് ശ്രീകല


കുത്തക മുതലാളിത്തത്തെയും മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്വത്തെയുംപറ്റിയുള്ള പരാമര്‍ശങ്ങള്‍ സാധാരണമാണിന്ന്. ഇന്ത്യയുടെയും ലോക രാഷ്ട്രങ്ങളുടെയും രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയെ വിശകലനം ചെയ്യുമ്പോഴും വിലയിരുത്തുമ്പോഴും ഒഴിവാക്കാനാവാത്ത പ്രയോഗങ്ങളാണിവ. മുതലാളിത്തത്തിന്റെ പരമോന്നതമായ ഈ ഘട്ടം മുതലാളിത്തം ചക്രശ്വാസം വലിക്കുന്ന ഘട്ടം കൂടിയാണെന്നും അതിനു പ്രധാന കാരണം കുത്തകാധിപത്യമാണെന്നും പക്ഷേ അത്രമാത്രം പറഞ്ഞുകേള്‍ക്കാറില്ല. അതായത് മുതലാളിത്തത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ അടിത്തറയിളകിക്കൊണ്ടിരിക്കുന്ന കാലമാണിത്. അത് സൂക്ഷ്മമായി തിരിച്ചറിയണമെങ്കില്‍ സാമ്പത്തികമേഖലയുടെ വളര്‍ച്ചയെയും വികാസത്തെയും പ്രതിസന്ധികളെയും ചരിത്രപരമായും ശാസ്ത്രീയമായും മനസ്സിലാക്കേണ്ടതുണ്ട്.
മുതലാളിത്ത യുഗത്തിന്റെ പരിസമാപ്തി കുറിക്കാന്‍ പോന്ന സാമൂഹ്യ വിപ്ലവങ്ങളുടെ കാലം കൂടിയാണിതെന്ന വ്യക്തമായ അവബോധം തൊഴിലാളിവര്‍ഗത്തില്‍ സൃഷ്ടിക്കാനും അര്‍ഥശാസ്ത്രപഠനം അനിവാര്യമാണ്. അത് തിരിച്ചറിഞ്ഞുകൊണ്ട് അത്യന്തം ലളിതമായി അര്‍ഥശാസ്ത്രത്തെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇഎംഎസ് നിരന്തരം നടത്തിയിരുന്നു. മുതലാളിത്തം വീണ്ടും പുതിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ അവകൂടി വിശകലനം ചെയ്തുകൊണ്ട് അര്‍ഥശാസ്ത്രത്തെ പരിചയപ്പെടുത്തുകയും അക്കാദമിക താല്‍പ്പര്യമുണര്‍ത്തുകയും ചെയ്യുന്ന പുസ്തകമാണ് ഡോ. എം തോമസ് ഐസക്കിന്റെ "അര്‍ഥശാസ്ത്ര പ്രവേശിക".

ചരക്കുകളുടെ ഉല്‍പ്പാദനവും അവയുടെ കൈമാറ്റവും വളര്‍ന്നുവന്നതിന്റെ ചരിത്രമാണ് മനുഷ്യന്റെ വികാസചരിത്രം. ചരക്കുല്‍പ്പാദനമോ കൈമാറ്റമോ നടക്കാതിരുന്ന ഒരു ചരിത്ര കാലഘട്ടമുണ്ടായിരുന്നു. സ്വന്തം ആവശ്യത്തിനുള്ള ജീവിത സാമഗ്രികള്‍ സ്വയം ഉല്‍പ്പാദിപ്പിക്കുന്ന അന്നത്തെ രീതിയില്‍ ചരക്കിനോ ചരക്കു കൈമാറ്റത്തിനോ സ്ഥാനമില്ലായിരുന്നു. പില്‍ക്കാലത്ത് സാമൂഹ്യമായ ഉല്‍പ്പന്നങ്ങളില്‍ ചെറിയൊരംശം ചരക്കെന്ന നിലയ്ക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ തുടങ്ങി. പ്രാഥമികമായ ഈ ചരക്കു കൈമാറ്റ വ്യവസ്ഥയില്‍നിന്ന് ചരക്കുകളുടെ ഉല്‍പ്പാദനവും കൈമാറ്റവും കൂടുതല്‍ വളര്‍ന്നു. ഒരു ചരക്കിനെ മറ്റൊരു ചരക്കിനുവേണ്ടി കൈമാറ്റം ചെയ്യുകയും തുടര്‍ന്ന് ഏതെങ്കിലുമൊരു ചരക്കിനെ പൊതു ചരക്കായി അംഗീകരിക്കുകയും ചെയ്തു. കന്നുകാലികളും സ്വര്‍ണവും വെള്ളിയും മറ്റുമായി പരിണമിച്ച പൊതുചരക്കിന്റെ വികസിത രൂപമാണ് പണം. ഈ ചരിത്രം വ്യത്യസ്ത സാമൂഹ്യ വ്യവസ്ഥകളുടെ ചരിത്രംകൂടിയാണ്.

പ്രാകൃത കമ്യൂണിസം, അടിമത്തം, നാടുവാഴിത്തം, മുതലാളിത്തം തുടങ്ങിയ സാമൂഹ്യവ്യവസ്ഥകള്‍ ചരക്കിന്റെ ഉല്‍പ്പാദനത്തിന്റെയും കൈമാറ്റത്തിന്റെയും വ്യത്യസ്ത സ്വഭാവങ്ങളെ ആസ്പദമാക്കിയ സാമൂഹ്യ സമ്പദ്വ്യവസ്ഥകളാണ്. സമ്പത്തി(അര്‍ഥത്തി)ന്റെ പ്രസക്തി വര്‍ധിച്ചതോടെ അതിനെ നിലനിര്‍ത്തുന്നതോടൊപ്പം അതിനെ വിശകലനം ചെയ്യാനും നിര്‍വചിക്കാനുമുള്ള ശ്രമങ്ങളുമുണ്ടായി. അര്‍ഥശാസ്ത്രത്തിന്റെ ഉല്‍പ്പത്തി അങ്ങനെയാണ്. അര്‍ഥശാസ്ത്ര പഠനം പല സമീപനങ്ങളോടെ നടന്നുവന്നിട്ടുണ്ട്. നിലവിലിരുന്ന സങ്കേതങ്ങളെയും സങ്കല്‍പ്പങ്ങളെയും പൊളിച്ചെഴുതുകയാണ് മാര്‍ക്സിയന്‍ അര്‍ഥശാസ്ത്രം ചെയ്തത്. മാര്‍ക്സിയന്‍ സമീപനത്തെ ആഴത്തിലും അതേ സമയം ലളിതവുമായി അവതരിപ്പിക്കുകയാണ് ഡോ. ഐസക്കിന്റെ പുസ്തകം.


ശാശ്വതമായി നിലനില്‍ക്കുന്ന ഒരു സാമൂഹ്യ സമ്പദ് വ്യവസ്ഥയാണ് മുതലാളിത്തമെന്ന ബൂര്‍ഷ്വാ അര്‍ഥശാസ്ത്ര സങ്കല്പത്തെ മറികടക്കുകയായിരുന്നു മാര്‍ക്സിന്റെ മൂലധനം. ഇതേവരെയുള്ള ദാര്‍ശനികന്മാര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തതെന്നും നമുക്കാവശ്യം പ്രപഞ്ചത്തെ മാറ്റിത്തീര്‍ക്കുകയാണെന്നും പ്രഖ്യാപിച്ച ദാര്‍ശനികനായ മാര്‍ക്സ് അര്‍ഥശാസ്ത്രരംഗത്ത് മുന്നോട്ടുവെച്ച ദാര്‍ശനിക ബദലായിരുന്നു മൂലധനം. മുതലാളിത്തം എങ്ങനെ രൂപപ്പെട്ടുവെന്നും അതിന്റെ വളര്‍ച്ചയിലൂടെ മുതലാളിത്തേതരമായ സാമൂഹ്യവ്യവസ്ഥ എങ്ങനെ രൂപംകൊള്ളുന്നുവെന്നുമുള്ള വിശദീകരണമായിരുന്നു അര്‍ഥശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവന. മൂലധനത്തിന്റെ ഒന്നാം അധ്യായത്തില്‍ അദ്ദേഹം പറയുന്നു, "സമ്പത്തിന്റെ യൂണിറ്റ് ചരക്കാണ്. തന്മൂലം നമ്മുടെ പരിശോധന ചരക്കിന്റെ വിശകലനം മുതല്‍ ആരംഭിക്കണം." മുതലാളിത്ത രീതിയിലുള്ള ഉല്‍പ്പാദന ക്രമത്തിലെ സമ്പത്ത് ചരക്കുകളുടെ കൂറ്റന്‍ കൂമ്പാരമാണ് എന്ന നിരീക്ഷണമാണ് പിന്നീടുള്ള വിശകലനത്തിനടിസ്ഥാനം. ഈ സമ്പത്ത് എന്തെല്ലാമാണെന്ന വിശദീകരണത്തോടെയാണ് ഡോ. തോമസ് ഐസക്കിന്റെ അര്‍ഥശാസ്ത്ര പ്രവേശിക ആരംഭിക്കുന്നത്.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ നമ്മുടെ എല്ലാ ജീവിതോപാധികളും സമ്പത്തിന്റെ ഭാഗമാണ് എന്ന വിശദീകരണത്തില്‍ തുടങ്ങി ഉല്‍പ്പാദനം, വിനിമയം, ഉപഭോഗം, വിതരണം എന്നീ സാമ്പത്തിക മേഖലയിലെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ നിര്‍വചിച്ചുകൊണ്ടാണ് പുസ്തകം തുടരുന്നത്.

എങ്ങനെയാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യപ്രക്രിയയായി മാറുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് ഉല്‍പ്പാദനബന്ധങ്ങള്‍ , ഉല്‍പ്പാദനവ്യവസ്ഥ, ഉല്‍പ്പാദനശക്തികള്‍ എന്നിവയിലൂടെ വ്യത്യസ്ത സാമൂഹ്യ വ്യവസ്ഥകളിലേക്ക് ഗ്രന്ഥകാരന്‍ കടന്നുചെല്ലുന്നു. പ്രാകൃത കമ്യൂണിസത്തിന്റെ സ്ഥാനത്ത് അടിമത്തവും അതിനെ തകര്‍ത്ത് നാടുവാഴിത്തവും തുടര്‍ന്ന് മുതലാളിത്തവും രൂപപ്പെട്ട സാഹചര്യങ്ങളെ ചരിത്രപരമായി അദ്ദേഹം വിശകലനം ചെയ്യുന്നു. അതിനു ഗ്രന്ഥകാരന്‍ സ്വീകരിക്കുന്ന ആഖ്യാനരീതിയാണ് ഈ പുസ്തകത്തിന്റെ ഒരു സവിശേഷത.

മുതലാളിത്തത്തെ വ്യക്തമായി മനസ്സിലാക്കാനും സങ്കീര്‍ണമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാനും മാത്തച്ചന്‍ മുതലാളിയുടെയും ദാമുവിന്റെയും കഥയിലൂടെയാണ് അദ്ദേഹം ശ്രമിക്കുന്നത്. കൂലി, ലാഭം, ലാഭാധിഷ്ഠിതമായ മുതലാളിത്തത്തിന്റെ വളര്‍ച്ചയും പ്രതിസന്ധിയും (കുതിപ്പും കിതപ്പും), വിപ്ലവരാഷ്ട്രീയത്തിന്റെ പ്രസക്തി എന്നിങ്ങനെ അക്കാദമികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ അതീവ ലളിതമായി കൈകാര്യം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. വളരെ സങ്കീര്‍ണമായ ചരക്കുകളുടെയും പണത്തിന്റെയും അപഗ്രഥനത്തെ ലളിതമായി അവതരിപ്പിക്കുന്നു. ഉപയോഗമൂല്യത്തെയും കൈമാറ്റമൂല്യത്തെയും ചരക്ക് ഒരേ സമയം പ്രതിനിധാനം ചെയ്യുന്നുവെന്ന സങ്കീര്‍ണത, തോമാച്ചന്റെയും കരുണന്റെയും അവരുടെ മക്കളായ മാത്തച്ചന്റെയും ദാമുവിന്റെയും ജീവിതത്തിലൂടെ കടന്നുപോവുമ്പോള്‍ അനായാസം സ്പഷ്ടമാവുന്നു.

മുതലാളിത്ത വ്യവസ്ഥയുടെ രണ്ടു വശങ്ങളായ മുതലാളിയുടെയും തൊഴിലാളിയുടെയും ജീവിത ചിത്രത്തിലൂടെ അനുസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ സ്വഭാവവും തൊഴിലാളിവര്‍ഗം അനുഭവിക്കുന്ന ചൂഷണവും ശാസ്ത്രീയമായി വ്യക്തമാക്കപ്പെടുകയാണ്. മനുഷ്യന്റെ അധ്വാനശക്തിതന്നെ ഒരു ചരക്കായി മാറിയിരിക്കുകയാണെന്നും അതിന്റെ ഉടമസ്ഥനായ തൊഴിലാളിയില്‍നിന്ന് ആ ചരക്ക് കൈവശപ്പെടുത്തി ഉപയോഗിക്കുമ്പോള്‍ അധ്വാനശക്തി വാങ്ങാന്‍ ചെലവിട്ട പണത്തെക്കാള്‍ കൂടുതല്‍ പണമുണ്ടാക്കാന്‍ മുതലാളിക്കു കഴിയുന്നുവെന്നും അതാണ് മുതലാളിത്ത സമൂഹത്തിന്റെ അടിത്തറയെന്നും കണ്ടുപിടിച്ചതാണ് അര്‍ഥശാസ്ത്രത്തിന് താന്‍ നല്‍കിയ പുതിയ സംഭാവനയെന്ന് മാര്‍ക്സ് അവകാശപ്പെട്ടിട്ടുണ്ട്. ഈ ശാസ്ത്രത്തിന്റെ വിശദീകരണം ദാമു, നബീസ തുടങ്ങിയ തൊഴിലാളികളുടെ അനുഭവകഥയിലൂടെ ഗ്രന്ഥകാരന്‍ സമര്‍ഥമായി നിറവേറ്റുന്നു.

അധ്വാനവും അധ്വാന ശക്തിയും തമ്മിലുള്ള വ്യത്യാസത്തെ വിശദീകരിച്ചുകൊണ്ട് ഐസക് എഴുതുന്നു: "അധ്വാനശക്തിയെന്നാല്‍ പ്രയത്നിക്കാനുള്ള-അധ്വാനം പ്രദാനം ചെയ്യാനുള്ള-മനുഷ്യന്റെ കായികവും മാനസികവുമായ കഴിവാണ്. ഈ കഴിവ് പ്രയോഗിക്കുമ്പോഴാണ് അധ്വാനം ലഭിക്കുന്നത്. അധ്വാനശക്തിയുടെ പ്രവര്‍ത്തനമാണ് അധ്വാനം". അതുകൊണ്ട് കൂലിയെന്നത് അധ്വാനത്തിനു ലഭിക്കുന്ന പ്രതിഫലമല്ല, മറിച്ച്, അധ്വാനശക്തിക്കു മുതലാളി നല്‍കുന്ന വിലയാണ് എന്ന യാഥാര്‍ഥ്യം വ്യക്തമാവുന്നു. അധ്വാനശക്തിയുടെ ഉടമസ്ഥന്‍ തൊഴിലാളിയാണ്. അത് അയാള്‍ മുതലാളിക്ക് വില്‍ക്കുന്നു. അവിടെ അധ്വാനശക്തി ഉപയോഗമൂല്യമുള്ള ഒരു ചരക്കായി മാറുന്നു. ആ ചരക്ക് തൊഴിലാളിയില്‍നിന്നും മുതലാളി വാങ്ങുകയാണ്. അതിന് മുതലാളി നല്‍കുന്ന വിലയാണ് കൂലി. ആ ചരക്ക് മുതലാളിക്ക് ഉപയോഗമൂല്യമുള്ളതാണ്. അതായത് അധ്വാനശക്തിയെന്ന ഉപയോഗമൂല്യമുള്ള ചരക്കിന് മുതലാളി നല്‍കുന്ന വിനിമയമൂല്യമാണ് കൂലി. ഇങ്ങനെ മുതലാളി വാങ്ങുന്ന അധ്വാനശക്തിയെ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ , അതായത്, തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിക്കുമ്പോള്‍ , അധ്വാനശക്തിക്കു നല്‍കിയ വിലയേക്കാള്‍ ഇരട്ടിയോ കൂടുതലോ മൂല്യം കൈവശപ്പെടുത്താന്‍ മുതലാളിക്കു കഴിയുന്നു. ഇതാണ് മിച്ചമൂല്യം. മിച്ചമൂല്യമാണ് മുതലാളിത്തത്തിന്റെ അടിത്തറ.

ഇവിടെ കടന്നുവരുന്ന മൂല്യം, ഉപയോഗമൂല്യം, വിനിമയമൂല്യം, മിച്ചമൂല്യം തുടങ്ങിയ സങ്കേതങ്ങളെ അത്യന്തം ലളിതമായി വിശദീകരിച്ചുകൊണ്ടാണ് പുസ്തകം തുടരുന്നത്. അധ്വാനശക്തിയടക്കം എല്ലാം ചരക്കായി മാറുന്നതുകൊണ്ട് മാര്‍ക്സ് മുതലാളിത്തത്തെ സാര്‍വത്രിക ചരക്കുല്‍പ്പാദന വ്യവസ്ഥയെന്നു വിളിച്ചു. എന്നാല്‍ ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിനു വ്യത്യാസമുണ്ടെന്ന് ഗ്രന്ഥകാരന്‍ കാണാതിരിക്കുന്നില്ല. പൊതുവായ നിര്‍വചനങ്ങളെ വിശദീകരിക്കുമ്പോള്‍ത്തന്നെ, നമുക്ക് പരിചിതമായ നമ്മുടെ രാജ്യത്തിന്റെയും കേരളത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ അവയെ വിശകലനം ചെയ്യാനാണ് ഡോ. ഐസക് ശ്രമിച്ചിട്ടുള്ളത്.



ഇതിഹാസത്തിലെയും പുരാണങ്ങളിലെയും അമാനുഷികരായ കഥാപാത്രങ്ങളെയും അഭൗമമായ സന്ദര്‍ഭങ്ങളെയും കേരളത്തിന്റെ സാഹചര്യത്തിലേക്കു ഇറക്കിക്കൊണ്ടുവന്ന് പരിചയപ്പെടുത്തുകയും അതിലൂടെ സാമൂഹ്യ വ്യവസ്ഥയെ വിമര്‍ശിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത ജനകീയ കവിയായ കുഞ്ചന്‍നമ്പ്യാര്‍ കലാസാഹിത്യരംഗത്തു പ്രാവര്‍ത്തികമാക്കിയതാണ് അത്യന്തം സങ്കീര്‍ണമായ ഒരു ശാസ്ത്രത്തിലേക്കു സാധാരണക്കാര്‍ക്ക് പ്രവേശനപാതയൊരുക്കിക്കൊണ്ട് ഡോ. ഐസക് നിര്‍വഹിക്കുന്നത്.

പണം സാര്‍വത്രിക വിനിമയ മൂല്യരൂപമാണ്. പണം അങ്ങനെ പരിണമിച്ചുവന്നതിന്റെ കഥയും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. മൂലധനത്തിന്റെ ജനനം വഞ്ചനയുടെയും പടയോട്ടത്തിന്റെയും കവര്‍ച്ചയുടെയും, ചുരുക്കിപ്പറഞ്ഞാല്‍ നഗ്നമായ ബലപ്രയോഗത്തിന്റെയും കഥയാണ് എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് വ്യവസായ മുതലാളിത്തത്തിന്റെ ഉല്‍പ്പത്തിയും വളര്‍ച്ചയും ചരിത്രപരമായി വിശകലനം ചെയ്യുന്നുണ്ട്. മുതലാളിത്തത്തിന്റെ വികാസചരിത്രത്തില്‍ അതിനു നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നു.

ധനികവല്‍ക്കരണവും ദരിദ്രവല്‍ക്കരണവും മുതലാളിത്തമെന്ന സവിശേഷതയുടെ രണ്ടു വശങ്ങളാണ് എന്നതുപോലെ കൂലിവര്‍ധനയെ നിയന്ത്രിക്കാന്‍ മുതലാളി കണ്ടെത്തി വികസിപ്പിക്കുന്ന യന്ത്രവല്‍ക്കരണം ക്രമാതീതമായി മൂലധനച്ചെലവ് ഉയര്‍ത്തുകയും ലാഭത്തില്‍ മുതലാളിക്ക് ഇടിവ് അനുഭവപ്പെടുകയും ചെയ്യും എന്നതും സ്വാഭാവികമാണ്. സാമ്പത്തികക്കുഴപ്പങ്ങള്‍ക്ക് ആധാരമാവുന്ന വസ്തുതകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് ലളിതമായി അവതിപ്പിക്കുമ്പോള്‍ സാമ്പത്തിക മാന്ദ്യമെന്നത് സ്ഥാനത്തും അസ്ഥാനത്തും വര്‍ത്തമാനകാലത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ പലപ്പോഴും അതിന്റെ ശരിയായ അര്‍ഥമറിയാതെയും കാരണം ബോധ്യപ്പെടാതെയുമാണത് പ്രയോഗിക്കുന്നത് എന്ന് വ്യക്തമാവുന്നു.

ലളിതമായ ഉദാഹരണങ്ങളിലൂടെ അഭിവൃദ്ധികാലവും മാന്ദ്യകാലവും ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു. മാന്ദ്യത്തില്‍നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രക്ഷനേടാന്‍ മുതലാളിത്തം കുത്തകാധിപത്യത്തെ ആശ്രയിക്കുന്നുവെന്നും അത് മുതലാളിത്തത്തെ വീണ്ടും കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നുവെന്നും കാണാം. ആ അവസ്ഥയാണ് ഇന്നു നമുക്കു മുന്നിലുള്ളത്. കുത്തകാധിപത്യത്തെ മുതലാളിത്തത്തിന്റെ അഭിവൃദ്ധിദശയെന്ന നിലയിലാണ് പലപ്പോഴും വിലയിരുത്താറുള്ളത്.

എന്നാല്‍ "കുത്തകകളുടെ വളര്‍ച്ച സര്‍വ സ്വതന്ത്ര മുതലാളിത്തത്തിന്റെ നിഷേധമാണ്. മത്സരം ഇല്ലാതാകുന്നില്ല. മുതലാളിത്ത സമ്പദ്ഘടന മുഴുവന്‍ ഒരൊറ്റ മുതലാളിയുടെ കീഴിലാകുംവരെ മത്സരം അനിവാര്യമാണ്" എന്ന വസ്തുത ബോധ്യമാകുംവിധത്തില്‍ വ്യക്തമാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കുന്നു. സോഷ്യലിസമെന്ന ബദലിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന പ്രസ്താവനയോടെയാണ് പുസ്തകം അവസാനിക്കുന്നത്. അര്‍ഥശാസ്ത്രത്തില്‍നിന്ന് വിപ്ലവ രാഷ്ട്രീയത്തിലേക്ക് മുന്നേറേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. അഥവാ വിപ്ലവ രാഷ്ട്രീയത്തിന്റെ അടിത്തറയാണ് അര്‍ഥശാസ്ത്ര പരിജ്ഞാനം.

നിലവിലുള്ള അസമത്വാധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ബഹുജനങ്ങളെ അണിനിരത്തുകയെന്ന ദൗത്യം തന്നെയാണ് മുഖ്യം. ജന്മിത്വവുമായി സന്ധി ചെയ്തും സാമ്രാജ്യത്വവുമായി സഹകരിച്ചും നില്‍ക്കുന്ന ഇന്ത്യന്‍ മുതലാളിത്തത്തെ തകര്‍ക്കുവാന്‍ കുത്തകാധിപത്യത്തെയും സാമ്രാജ്യത്വത്തിന്റെ സ്വാധീനത്തെയും നശിപ്പിക്കേണ്ടതുണ്ട്. ആ പ്രക്രിയയില്‍ പങ്കാളിയാവുന്ന ഓരോരുത്തരും ഇന്ത്യന്‍ സമ്പദ്ഘടനയെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ പ്രാപ്തരാവണം. അതിന് ഒരേ സമയം കൃത്യമായ അടിത്തറയും തുടര്‍പഠനത്തിനുള്ള പ്രവേശന കവാടവുമാവുകയാണ് "അര്‍ഥശാസ്ത്ര പ്രവേശിക."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ