2011, ജൂലൈ 13, ബുധനാഴ്‌ച

സിനിമാ നിരൂപണത്തിലെ വര്‍ഗസമരം

  ജി പി രാമചന്ദ്രന്‍
 മലയാള സിനിമാ നിരൂപണം പല ബാല്യങ്ങള്‍ പിന്നിട്ട് വഴിമുട്ടി നിന്നപ്പോള്‍ , അഥവാ രവീന്ദ്രന്റെ സവിശേഷമായ ഭാഷയില്‍ പറഞ്ഞാല്‍ നിരുന്മേഷമായി സ്വയം ആവര്‍ത്തിച്ചു പോന്നിരുന്ന അവസരത്തിലാണ്, അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ചലച്ചിത്രപ്രേക്ഷണത്തെയും വായനയെയും പ്രകോപനാത്മകമായ രീതിയില്‍ നവീകരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്. കഥാവിവരണവും നന്നായി അല്ലെങ്കില്‍ നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് വിമുക്തമായതേ ഇല്ല. പിറകെ വന്ന ഗൗരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍ , സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യ/വ്യവസായ പരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആരും ഗൗരവമായി ശ്രദ്ധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ടാണ് രവിയുടെ നിരൂപണങ്ങള്‍ ശ്രദ്ധേയമായി തുടങ്ങിയത്.

വിപുലമായി ഉപഭോഗം ചെയ്യപ്പെടുന്ന ജനപ്രിയ കലയായ സിനിമയെ ഒരു രാഷ്ട്രീയ/സാമൂഹ്യ/സാംസ്കാരികരൂപമെ(ങ്ങളെ)ന്ന നിലയില്‍ പരിചരിക്കുന്നതിന് മലയാളിയെ ആദ്യമായി പ്രേരിപ്പിക്കുന്നത് രവീന്ദ്രനാണ്. സമകാലീന വിജ്ഞാനശാഖകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തന്‍ പ്രവണതകളെ ആകാശവേഗത്തില്‍ സ്വാംശീകരിക്കാനുള്ള സാഹസികവും വിപ്ലവകരവുമായ ഒരു ത്വര അക്കാലത്ത് അദ്ദേഹത്തെയും സഖാക്കളെയും ചൂഴ്ന്നു നിന്നിരുന്നു. അതുകൊണ്ടാണ്, വിശാല ഇടതുപക്ഷ ഐക്യത്തിന്റെയും മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ നവീകരണത്തിന്റെയും പതാകകള്‍ ഒരേ സമയം ഉയര്‍ത്തിപ്പിടിക്കുന്ന കലാ വിമര്‍ശം - മാര്‍ക്സിസ്റ്റ് മാനദണ്ഡം പോലുള്ള അതിഗംഭീരമായ ഒരു പുസ്തകം എഡിറ്റ് ചെയ്തു പുറത്തിറക്കാന്‍ അദ്ദേഹം തയ്യാറായത്. ഈ പുസ്തകത്തിലുള്‍പ്പെടുത്തിയ സിനിമയും പ്രത്യയശാസ്ത്രവും എന്ന ലേഖനവും മറ്റ് ചില അനുബന്ധക്കുറിപ്പുകളും മലയാളത്തില്‍ പില്‍ക്കാലത്ത് സജീവമായി തീര്‍ന്ന രാഷ്ട്രീയ സിനിമാ വിമര്‍ശനത്തിന്റെ മാനിഫെസ്റ്റോ തന്നെയായി തീര്‍ന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ , മലയാള സിനിമയിലെയും സിനിമാ വിമര്‍ശനത്തിലെയും യഥാര്‍ത്ഥമായ വര്‍ഗ സമരത്തിന് ആദ്യഘട്ടത്തില്‍ നേതൃത്വം കൊടുത്തത് രവീന്ദ്രനാണ്. സിനിമയുടെ തൊഴിലാളിവര്‍ഗ പക്ഷ വായന എപ്രകാരമായിരിക്കണമെന്ന് ആലോചിക്കാനാരംഭിച്ച അദ്ദേഹത്തിന്റെ ധിഷണയാണ് ലാവണ്യപക്വമെന്നതിനേക്കാള്‍ , വര്‍ഗപരമായി മികവുറ്റ ചില സിനിമകള്‍ -ഹരിജന്‍(തെലുങ്ക്), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ , ഒരേ തൂവല്‍ പക്ഷികള്‍ - തയ്യാറാക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. സിനിമ വാഗ്ദാനം ചെയ്യുന്ന വിനോദം തീര്‍ത്തും ഉദാരവും നിഷ്കളങ്കവുമാണെന്ന വാദത്തിലെ വൈരുധ്യം തുറന്നുകാണിച്ചുകൊണ്ടാണ് അദ്ദേഹം മുതലാളിത്തപക്ഷത്തെ കടന്നാക്രമിച്ചത്.

ബഹുഭൂരിപക്ഷത്തെ സംബോധന ചെയ്യുകയും അവരുടെ യാഥാര്‍ഥ്യബോധത്തെ നിരന്തരം നിഷ്കാസനം ചെയ്യുകയും ചെയ്യുന്ന സിനിമ, അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സാധൂകരണം തേടുക വഴി യഥാര്‍ഥത്തില്‍ നിര്‍വഹിക്കുന്നത് മുതലാളിത്ത/സാമ്രാജ്യത്വ പക്ഷ പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും തെളിയിച്ചെടുക്കുകയും ചെയ്തു. ഉള്ളടക്കത്തിന്റെ യാന്ത്രികവും കേവലവുമായ ആവര്‍ത്തനങ്ങള്‍ - ടൈപ്പ് കഥാപാത്രങ്ങള്‍ , ടൈപ്പ് ഇതിവൃത്തസന്ദര്‍ഭങ്ങള്‍ , പ്രതിപാദനരീതികള്‍ - ചലച്ചിത്രഭാഷയെയും ടെക്നിക്കിനെ തന്നെയും ചിട്ടപ്പെടുത്തി സ്വയം അനിവാര്യമാക്കി മാറ്റുകയും പ്രത്യയശാസ്ത്ര ആയുധങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്രാംഷിയുടെയും അല്‍ത്തൂസറിന്റെയും വാള്‍ട്ടര്‍ ബെന്യാമിന്റെയും താത്വിക/സൈദ്ധാന്തിക സങ്കല്‍പങ്ങളെ സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍/ഹോളിവുഡ്/മലയാള സിനിമകളെ ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന ചിന്തരവിയുടെ ലേഖനങ്ങള്‍ , മലയാള സിനിമാ നിരൂപണ ശാഖക്ക് അനല്‍പമായ കരുത്ത് പകര്‍ന്നു നല്‍കി. ആദ്യഘട്ടത്തില്‍ , സിപിഐഎം താത്വിക വാരികയായ ചിന്തയിലാണ് ഈ ലേഖനങ്ങള്‍ മിക്കതും പ്രസിദ്ധീകരിച്ചു വന്നത് എന്നതുംഎടുത്തു പറയേണ്ടതാണ്. ചലച്ചിത്ര സങ്കേതങ്ങളും ഇതിവൃത്തസ്വഭാവങ്ങളും സംഗീതവും മുതല്‍ പ്രേക്ഷകമനോഭാവവും താരാരാധനയും സിനിമാ പ്രസിദ്ധീകരണങ്ങളും ചുമര്‍പരസ്യങ്ങളും നടീനടന്മാരുടെ നികുതിവെട്ടിപ്പുമടക്കം സിനിമയെ സംബന്ധിച്ചതെന്തും അതിശയോക്തീകരിച്ച് ശീലിക്കുന്ന സിനിമയുടെ ഉപസംസ്കാരം യാഥാര്‍ഥ്യത്തിന്റെ ഏതു തരം കപടഭാഷ്യങ്ങളെയും സ്വാംശീകരിക്കുന്ന പാകത്തിലാണെന്ന് അദ്ദേഹം അക്കാലത്തു തന്നെ ഓര്‍മപ്പെടുത്തി. ചലച്ചിത്രകൃതികളും ചലച്ചിത്രപ്രസിദ്ധീകരണങ്ങളും പ്രചരിപ്പിക്കുകയും സമകാലികമായി നിലനിര്‍ത്തുകയും ചെയ്യുന്ന മിത്തുകളുടെയും കേട്ടുകേള്‍വികളുടെയും ഫോക് ലോറിന്റെയും സജീവമായ ഒരു പശ്ചാത്തലത്തിലാണ് സിനിമ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം രാഷ്ട്രീയ കേരളത്തെ ബോധ്യപ്പെടുത്തി. ഈ സവിശേഷ സാഹചര്യം വളരെയധികം നിര്‍ണായകമായ മട്ടില്‍ ചലച്ചിത്ര വിനിമയത്തില്‍ ഇടപെടുകയും യാഥാര്‍ഥ്യത്തിന്റെ കപടവും സ്വഛന്ദവുമായ വ്യാഖ്യാനം വിനിമയത്തിന്റെ ഒരു മുന്‍ ഉപാധിയാക്കി മാറ്റുകയും ചെയ്യുന്നു. ഓരോ ചലച്ചിത്രസൃഷ്ടിയുമെന്നതിനു പുറമെ ചലച്ചിത്ര നിര്‍മാണത്തിന്റെയും വ്യവസായത്തിന്റെയും മൊത്തം സംസ്കാരം തന്നെയും സൂക്ഷ്മവും വിദഗ്ധവുമായ പ്രത്യയശാസ്ത്ര ചരടുവലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് രവീന്ദ്രനാണ് ആദ്യമായി വ്യാഖ്യാനിച്ചത്. കളങ്കയാക്കപ്പെട്ട നായിക ഒരിക്കലും നായകന്റെ ഭാര്യാ പദവി നേടുകയില്ലെന്നും പ്രതിനായകന്റെ ഗൂഢാലോചനകള്‍ അയാളുടെ അന്തിമമായ നാശത്തിലേക്കാണ് നയിക്കുന്നതെന്നും ഉള്ള മുന്‍നിശ്ചയങ്ങളാണ് പ്രേക്ഷകരെ നയിക്കുന്നതെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. മുഖ്യധാരാ സിനിമയുടെ ജനപ്രിയത എപ്രകാരമാണ് രൂപപ്പെടുന്നതെന്ന് ഇത്തരത്തില്‍ കണിശമായി ഉദാഹരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഗരിക മധ്യവര്‍ഗം ലൈംഗിക സദാചാരത്തെ സംബന്ധിച്ച് പുലര്‍ത്തുന്ന കപടമായ സാങ്കല്‍പിക/യാഥാര്‍ഥ്യ ബോധത്തെ അനാവരണം ചെയ്യാന്‍ വേണ്ടി, സിനിമകളിലെ കാബറെ നൃത്ത ചിത്രീകരണം എപ്രകാരമാണ് എന്ന് വിശദീകരിക്കുന്ന രവീന്ദ്രന്റെ വ്യാഖ്യാനം സുപ്രസിദ്ധമാണ്.

ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിശാക്ലബ്ബുകളും അര്‍ധനഗ്നമായ കാബറെ നൃത്തങ്ങളും സദാചാരവിരുദ്ധമാണെന്നു തീര്‍ച്ച. എങ്കിലും നാഗരികമെന്ന് ധരിക്കപ്പെടുന്ന ഈ അനുഭവങ്ങളോട് പ്രേക്ഷകന് രഹസ്യമായ ആഭിമുഖ്യമുണ്ട്. വിലക്കപ്പെട്ട അനുഭൂതികള്‍ പ്രേക്ഷകന് നല്കുവാനും അതോടൊപ്പം തന്നെ അവയുണര്‍ത്തുന്ന പാപബോധത്തില്‍നിന്ന് അവരെ വിമുക്തരാക്കുവാനും സിനിമക്ക് അതിന്റെ സാങ്കേതികതയുടെ സഹകരണത്തോടെ സാധ്യമാവുന്നുവെന്ന് രവീന്ദ്രന്‍ ഇപ്രകാരം വിശദീകരിക്കുന്നു. സാധാരണ ഗതിയില്‍ ഒരു കാബറേ നൃത്തം തുടങ്ങുന്നത് നര്‍ത്തകിയുടെ അര്‍ധനഗ്നദേഹം നേരിട്ട് പ്രേക്ഷകന് മുന്നില്‍ വെളിപ്പെടുത്തിക്കൊണ്ടല്ല. നൃത്തം കണ്ടുകൊണ്ടിരിക്കുന്ന പ്രതിനായകന്റെയോ പ്രതിനായകസ്വഭാവമുള്ള സദസ്സിന്റെയോ ഒരു ഷോട്ടില്‍ നിന്നാവും സീക്വന്‍സ് തുടങ്ങുന്നത്. അത്തരം ഒരു സദസ്സിന്റെ കാഴ്ചപ്പാടിലാണ് പ്രേക്ഷകന്‍ നര്‍ത്തകിയെ കാണുന്നത്. അയാള്‍ നൃത്തം കണ്ടുകൊണ്ടിരിക്കുന്ന സദസ്സിന്റെ പ്രേക്ഷകനാണ്. നൃത്തം കാണുന്നു എന്നത് പ്രതിനായകന്റെ ദുര്‍വൃത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സംഭവിക്കുന്ന അനിഛാപൂര്‍വമായ യാദൃഛികതയാണ്. പ്രതിനായകനും സഹചാരികളും ചെയ്യുന്ന സദാചാര ധ്വംസനത്തിന്റെ സാക്ഷി മാത്രമാണയാള്‍ . പ്രേക്ഷകന്റെ നിഷ്കളങ്കത അങ്ങനെ സ്ഥാപിക്കപ്പെട്ട ശേഷം രംഗത്തു നിന്ന് സിനിമക്കകത്തെ സദസ്സ് അപ്രത്യക്ഷമാവുന്നു. നര്‍ത്തകിയും പ്രേക്ഷകനും തമ്മില്‍ തുടരെ തുടരെയുള്ള അനേകം മിഡില്‍ , ക്ലോസപ്പ് ഷോട്ടുകളില്‍ കൂടി നേരിട്ട് ബന്ധം സ്ഥാപിക്കപ്പെടുന്നു. ആ ബന്ധം ഒരു തരം സ്വപ്നമൈഥുന ചേഷ്ടയുടെ ചലനഭ്രാന്തിയിലെത്തുന്നു. നൃത്തത്തിന്റെ അന്ത്യത്തില്‍ കാലുകള്‍ വിടര്‍ത്തി തറയിലിരിക്കുന്ന നര്‍ത്തകിയുടെ മധ്യഖണ്ഡം ഒരു പെരുത്ത ക്ലോസപ്പില്‍ പ്രേക്ഷകനെ സമീപിക്കുന്നു. കണ്ണുകളുടെ വിതാനത്തിനു താഴെ ഒരു ഫ്ളോര്‍ ലെവല്‍ ആംഗിളില്‍ അവളുടെ അര്‍ധനഗ്നമായ അരക്കെട്ട് പ്രേക്ഷകന്റെ മദ്ധ്യഖണ്ഡത്തിനു നേരെയാണ്. നര്‍ത്തകി സുരതചേഷ്ടയിലെന്ന പോലെ അരക്കെട്ട് ചലിപ്പിച്ച് ക്യാമറക്ക് (പ്രേക്ഷകന്) നേരെ അടുക്കുന്നു.സിനിമക്ക് നല്‍കാവുന്ന സുരതാനുഭവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇതോടെ പ്രേക്ഷകന്‍ പ്രവേശിച്ചു. നൃത്തം നടന്നുകൊണ്ടിരിക്കുന്ന രംഗത്തിലേക്കും പഴയ സദസ്സിലേക്കും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് നൃത്തം പെട്ടെന്ന് നിലയ്ക്കുന്നു. സാധാരണഗതിയില്‍ പ്രതിനായകനും നായകനും തമ്മിലുള്ള ഒരു സംഘട്ടനത്തിന്റെ തുടക്കമാവും അത്. സംഘട്ടനത്തില്‍ നായകനുമായി സമഭാവം പ്രാപിക്കുന്ന പ്രേക്ഷകന്‍ പ്രതിനായകനെതിരായ നിലപാടില്‍ പ്രവേശിക്കുന്നതോടൊപ്പം കാബറെ കാണുക എന്ന പ്രതിനായകന്റെ മൂല്യധ്വംസനത്തിനും യാന്ത്രികമായി എതിരാകുന്നു. നര്‍ത്തകിയുമായി നടന്ന രഹസ്യ സമാഗമത്തിന്റെയും പാപബോധത്തില്‍ നിന്ന് സിനിമ പ്രേക്ഷകനെ അതുവഴി മോചിപ്പിക്കുകയും ചെയ്യുന്നു. എത്രമാത്രം കണിശമായും ശാസ്ത്രീയമായുമാണ്, ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാപട്യത്തെ രവീന്ദ്രന്‍ വിശകലനം ചെയ്യുന്നതെന്ന് നോക്കുക. ഈ പ്രക്രിയയിലൂടെ സിനിമാവിമര്‍ശനം സാമൂഹ്യ/സംസ്കാര വിമര്‍ശനമായി പക്വത പ്രാപിക്കുകയും ചെയ്യുന്നു.

റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയും അടൂരിന്റെ മുഖാമുഖവും പരിശോധിക്കുന്ന അത്ര തന്നെ കണിശതയും ഗൗരവവും അദ്ദേഹം, പറങ്കിമലയും ഈ നാടും അങ്ങാടിയും എന്റെ മാമാട്ടിക്കുട്ടിയമ്മയും നിരൂപണം ചെയ്യുമ്പോഴും പുലര്‍ത്തി. വെള്ളക്കാരന്റെ മഹാമനസ്കത എന്ന, പോസ്റ്റ് കൊളോണിയല്‍ യൂറോപ്യന്‍ ലിബറലിസത്തിന്റെ പ്രകടനം എന്ന നിലയിലാണ് റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയെ രവീന്ദ്രന്‍ വിലയിരുത്തിയത്. രാജാജി, ബോസ്, അംബേദ്ക്കര്‍ എന്നിവരെ ഒഴിച്ചു നിര്‍ത്തുകയും താരതമ്യേന അപ്രസക്തരായ വാക്കര്‍ , മാര്‍ഗരറ്റ്, ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ശിഷ്യന്‍ എന്നിവര്‍ക്ക് ഗാന്ധിയുമായുണ്ടായിരുന്ന ബന്ധത്തെ ഏതാണ്ട് ദീര്‍ഘമായിതന്നെ പ്രതിപാദിക്കുകയും ചെയ്തതിന്റെ ഔചിത്യം രവീന്ദ്രന്‍ സധൈര്യം ചോദ്യം ചെയ്യുന്നു. ഇന്ത്യന്‍ ബഹുജനവും ഗാന്ധിയുമായുണ്ടായിരുന്ന വൈകാരിക ബന്ധത്തെ സംബന്ധിച്ചിടത്തോളം ഈ ചിത്രം കുറ്റകരമായ പരാങ്മുഖത്വമാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ദരിദ്രവും അപമാനിതവും അലക്ഷ്യവുമായ ആള്‍ക്കൂട്ടം മാത്രമായിട്ടാണ്, അല്ലാതെ രാഷ്ട്രീയ വാഞ്ഛ ഉള്‍ക്കൊള്ളുന്ന ജനശക്തിയായിട്ടല്ല ഇന്ത്യന്‍ ബഹുജനത്തെ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ സിനിമ കാണിക്കുന്നത് എന്ന് രവീന്ദ്രന്‍ കൃത്യമായി വെളിപ്പെടുത്തുന്നു. മുഖാമുഖം എന്ന സിനിമയിലൂടെ കമ്യൂണിസ്റ്റ് പ്രയോഗത്തോട് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖീകരണത്തെ രാഷ്ട്രീയമായി വിശകലനം ചെയ്തതിലൂടെ രവീന്ദ്രന്‍ നിര്‍വഹിച്ച പ്രത്യയശാസ്ത്രദൗത്യം പ്രത്യേകം ശ്രദ്ധേയമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം റിവിഷണിസത്തിന്റെയും വര്‍ഗ സഹകരണത്തിന്റെയും സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെയും ഇടതുപക്ഷ തീവ്രവാദത്തിന്റെയും മാത്രം കഥകളായിട്ടാണ് മുഖാമുഖം വിഭാവനം ചെയ്തതെന്ന് രവീന്ദ്രന്‍ കണ്ടെത്തുന്നു. ചരിത്രനിഷേധമാണ് ഇതിലൂടെ അടൂര്‍ നടത്തുന്നതെന്ന് രവീന്ദ്രന്‍ അസന്ദിഗ്ധമായി സ്ഥാപിക്കുന്നു. അപവാദപ്രചാരണത്തിലും വിടുവായത്തത്തിലും കവിഞ്ഞ ഒന്നുമല്ല ഇതെന്ന് തുറന്നു പറയാന്‍ രവീന്ദ്രന് സംശയങ്ങളേതുമുണ്ടായിരുന്നില്ല. രണ്ട് രീതികളില്‍ ഇന്ത്യന്‍ സിനിമ രാഷ്ട്രീയോപജാപങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് രവീന്ദ്രന്‍ വ്യാഖ്യാനിക്കുന്നു.

ബൂര്‍ഷ്വാ മൂല്യങ്ങളെയും ലോക വികസനത്തെയും(അമേരിക്കന്‍ മേധാവിത്വത്തോടെയുള്ള ആഗോള സന്തുലനാവസ്ഥ) ന്യായീകരിച്ചുകൊണ്ടും പരിരക്ഷിച്ചുകൊണ്ടും നിര്‍വഹിക്കുന്ന ഇതിവൃത്താഖ്യാനങ്ങളുടെ ഗോപ്യവും സൂക്ഷ്മവുമായ പ്രത്യയശാസ്ത്രശിക്ഷണത്തിന്റേതാണ് ഒരു രീതി. പ്രകടമായ ആശയപ്രചാരണങ്ങളില്‍ വ്യാപരിക്കുന്നതാണ് സിനിമയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മറ്റൊരു രീതി. ഈ രീതികള്‍ വേണ്ടത്ര തിരിച്ചറിയപ്പെടാതെ തുടരുന്നതെന്തുകൊണ്ടാണെന്നും രവീന്ദ്രന്‍ വിശദീകരിക്കുന്നു. ബൂര്‍ഷ്വാ മൂല്യങ്ങളില്‍ നിന്ന് വിഭിന്നമായി തൊഴിലാളിവര്‍ഗ മൂല്യങ്ങളെ കണിശമായി തിരിച്ചറിയാനാവാത്ത മൂല്യങ്ങളുടെ ഒരു സംയുക്ത ജടിലത നമ്മുടെ സമൂഹത്തില്‍ നിലനില്‍പ്പുണ്ട്. നിരന്തരമായ സൈദ്ധാന്തിക പരിശീലനത്തിലൂടെയും രാഷ്ട്രീയ ബോധവത്ക്കരണത്തിലൂടെയും പരിഹരിക്കേണ്ട ഒരു സജീവ പ്രശ്നമാണിത്. സിനിമയും മറ്റു കലാ വിനിമയ മാധ്യമങ്ങളും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തെ എങ്ങനെ പരിരക്ഷിക്കുന്നുവെന്ന് കാണുവാന്‍ ഈ തിരിച്ചറിവ് പ്രധാനമാണെന്ന് രവീന്ദ്രന്‍ ഓര്‍മപ്പെടുത്തി. കണിശമായ നിലപാടുകളോടെയും ജാഗ്രതയോടെയും ആവിഷ്കരിച്ച തന്റെ ചലച്ചിത്രവിമര്‍ശനപദ്ധതിയുടെ തുടര്‍ച്ചയും സാധൂകരണവുമെന്ന നിലയ്ക്കാണ് രവീന്ദ്രന്‍ തന്റെ സിനിമകളെയും വിഭാവനം ചെയ്തത്. ജാതിവ്യവസ്ഥ എന്ന ഗ്രാമീണ മൗഢ്യത്തിലുറച്ചു പോയ ഇന്ത്യനവസ്ഥയുടെ ഉദാസീനതകളെ മോചനമാര്‍ഗത്തിലേക്ക് വളര്‍ത്താനുള്ള ത്വരയാണ് ഹരിജന്‍ പോലുള്ള അപൂര്‍വമായ ഒരു തെലുങ്ക് സിനിമയെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എഴുപതുകളിലെ കേരളീയ യുവത്വത്തിന്റെ സന്ദിഗ്ധമായ അനാഥത്വത്തെയാണ് ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ പ്രതീകവത്ക്കരിക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനം തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലൂടെ എപ്രകാരമാണ് വളര്‍ന്നു തുടങ്ങുന്നതെന്ന് ചരിത്രപരമായി പരിശോധിക്കാനാണ് ഒരേ തൂവല്‍ പക്ഷികളില്‍ രവീന്ദ്രന്‍ ശ്രമിച്ചത്. മുഖ്യധാരാ സിനിമയുടെ സൗകര്യങ്ങള്‍ മറയാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയെയും തൊഴിലാളി സംഘടനാ പ്രവര്‍ത്തകരെയും അപമാനിക്കാന്‍ ശ്രമിച്ച കാഞ്ചീവരം(പ്രിയദര്‍ശന്‍) പോലുള്ള വ്യാജ സിനിമകള്‍ വന്‍ കൈയടി നേടുന്ന വര്‍ത്തമാനകാല വിപര്യയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഒരേ തൂവല്‍ പക്ഷികള്‍ വീണ്ടും ചര്‍ച്ചയുടെ മുഖ്യമണ്ഡലത്തിലേക്ക് കൊണ്ടു വരുന്നത് നന്നായിരിക്കും.

(രവീന്ദ്രന്റെ ചലച്ചിത്ര വിമര്‍ശന പഠനങ്ങളെ ഉദാഹരിക്കുന്നതിനു വേണ്ടി നിള പബ്ലിഷേഴ്സ് 1983ല്‍ പ്രസിദ്ധീകരിച്ച കലാവിമര്‍ശം-മാര്‍ക്സിസ്റ്റ് മാനദണ്ഡം(എഡിറ്റര്‍ രവീന്ദ്രന്‍), ബോധി പബ്ലിഷിംഗ് ഹൗസ് 1990ല്‍ പ്രസിദ്ധീകരിച്ച സിനിമയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളാണ് അടിസ്ഥാനപ്പെടുത്തിയത്)

2011, ജൂലൈ 9, ശനിയാഴ്‌ച

ജാതി വാലിനെകുരിച്ചു

 http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/11932/%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86-%E0%B4%95%E0%B5%86-%E0%B4%87-%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%A3%E0%B4%82


Ren Jith

ഒരാള്‍ ജാതി പേരിന്റെ വാല് ഉപയോഗിക്കുനത് ഒരു തെറ്റാണു എന്ന് ഞാന്‍ കരുതുന്നില്ല...ഇ എമിന് അതുപയോഗിക്കം. കാരണം ഇ എം ഒരു മതത്തെയോ ജാതിയെയോ പ്രഥമ സ്ഥാനത് കണ്ടു ലോകത്തില്‍ ഇടപെടുന്ന ആളല്ല എന്നത് കൊണ്ടാണ്. ജാതിയെയോ മതത്തെയോ പ്രഥമ സ്ഥാനത് കാണുന്നുവോ എന്നതാണ് പ്രശനം!

ചെഗുവേരയ്ക്ക് തോക്കെടുക്കം. അത്തി നീതിക്ക് വേണ്ടിയെ തീ തുപ്പു. നീതി എന്നത് മതത്തെയോ ജാതിയെയോ, രാഷ്ട്ര വിഭാഗങ്ങലെയോ, ഭാഷയെയോ, മറ്റെന്തിനെയോ, പ്രാഥമികമായി കാണാതെ, ലോകത്തെ എല്ലാ മനുഷ്യരും ഒന്നാണ് എന്നും, അവര്‍ക്കെല്ലാം ഒരേ അവകാശമാണ് ഈ ഭൂമിയില്‍ എന്നും, പ്രാഥമികമായി ചിന്തിക്കുന്നത് കൊണ്ടാണ്, ചെഗുവേരയുടെ തോക്കിന് നീതിക്ക് വേണ്ടിയെ തീ തുപ്പന്‍ കഴിയു എന്ന് പറയുന്നത്.

അതെ തോക്ക് ഹിട്ലാറോ, മുതലാളിത വക്തക്കലോ, അതിന്റെ സില്‍ബന്ധികലോ എടുത്താല്‍ തെറ്റാകും. അതിന്റെ തീ തുപ്പുന്നത് മത ഭ്രാന്തും, ജാതി ഭ്രാന്തും, വംശീയ, രാഷ്ട്രീയ ഭ്രാന്തും മാത്രമേ സൃഷ്ടിക്കാന്‍ ഉതകൂ. അപ്പോള്‍ ഒരേ ആയുധമാണ് അവര്‍ ഉപയോഗിക്കുന്നത്.

സഹോദരന്‍ അയ്യപ്പന്‍ നിരീശ്വര വാദിയാണ്. എന്നാല്‍ സഹോദരന്‍ എന്ന വ്യക്തിത്വത്തെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവില്ല അദ്ദേഹം അമ്പലത്തില്‍ കയറിയാല്‍ അത് ശരിയാണ്. ചോദ്യം ആ അമ്പലത്തിനു അദ്ദേഹത്തെ ഉള്‍കൊള്ളാന്‍ കഴിയുമോ എന്നതാണ് അങ്ങനെ  ഉള്കൊണ്ടാല്‍ അവിടെ രസമാറ്റം  സംഭവിക.
നല്ല ചിന്തയും ( എല്ലാ മനുഷ്യരും ഒരേ അവകാശികളാണ്, ഭൂമിയുടെതെന്ന ചിന്തയില്‍ നിന്ന് മാത്രമേ നല്ലതെന്തും വരൂ എന്ന് കൂടി ഓര്‍ക്കുക ) അങ്ങനെ നല്ല ചിന്തകള്‍ ഏതു അന്ധവിശ്വാസ പുരകളിലേക്ക് ചെന്നാലും അവരാണ് ഭയക്കേണ്ടത് സഹോദരനോ ശരിയായ ചിന്തകളോ അല്ല. എനിട്ടും അവിടെ രൂപത്തിലും സ്വഭാവത്തിലും മാറ്റം  സംഭവിച്ച അമ്പലങ്ങള്‍ സഹോദരനെ ഉള്‍ക്കൊണ്ട്‌ നിലനില്‍ക്കുന്നു എങ്കില്‍. അവ മനോഹരമായിരിക്കും (ചീത്ത ഉണ്ടാകുന്നു എന്നത് കൊണ്ട് മാത്രമാണ് മാര്‍ക്സും കംമുനിസ്ടുകളും പലതിനെയും എതിര്‍ക്കുന്നത്..അത് ചൂഷണ  ഉപാധിയല്ലെന്കില്‍ എന്തിനെതിര്‍ക്കണം???) അവിടെ ഇടുങ്ങിയ ചിന്തകളോ ശാസ്ത്രത്തിന് വിരുദ്ധമായ മത ദൈവങ്ങളോ ഉണ്ടാവുകയില്ല ഉണ്ടെങ്കില്‍ തന്നെ ഒരു കഥയിലെ  സെന്‍ ബുധന്‍ ചെയ്ത പോലെ ആരാധിക്കുന്ന മര വിഗ്രഹം തന്നെ എടുത്തു  കത്തിച്ചു രാത്രിയില്‍ തണുപ്പ് മാറ്റുന്ന, ഗുരുക്കന്മാരുടെ ദൈവങ്ങളെ അവശേഷിക്കു.

" രാവിലെ വേറൊരു വിഗ്രഹം തരാം , തര്പ്പെടുകയാനെന്കില്‍ ഇപ്പോള്‍ ഇത് കത്തിച്ചു തനുപ്പകട്ടു"  എന്ന് പറഞ്ഞാല്‍ ശിഷ്യന്‍ ഗുരുവിനെ വെട്ടുന്നു വെങ്കില്‍ അവിടെ മതം മുറിപ്പെടുന്നു എങ്കില്‍ അവരെല്ലാം പ്രാഥമികമായി കാണുന്നത് മതതെയാണ്..മനുഷ്യനെയല്ല..അവര്‍ക്ക് ആ അമ്പലത്തിനും സഹോദരനെ ഉള്‍കൊള്ളാന്‍ കഴിയില്ല. ഇത് തന്നെയാണ് നമ്മുടെ സമൂഹത്തിലും. മതത്തെയും ജാതിയും പ്രാഥമികമായി മനുഷ്യര്‍ കാണുന്നു അവരുട കൂട്ടത്തില്‍ നിന്നും  " ഞാനിത മതതെയല്ല പ്രാഥമികമായി കാണുന്നത് മനുഷ്യനെയാണ് , ശാസ്ത്രതെയാണ്, അറിവിനെയാണ് " എന്ന് പറയുന്ന ആര്‍ക്കും എന്തും ഉപയോഗിക്കാം.

അതില്‍ നിന്നും വിഷം, ഉണ്ടാക്കാനോ, പരതാനോ, കഴിയില്ല..ഇ എം മുതല്‍ ബേപ്പൂര്‍ സുല്‍ത്താന്‍ ബഷീര്‍ വരെയുള്ളവരുടെ മരിക്കാത്ത ചരിത്രം തെളിവ്. എന്നിട്ടും നമ്മള്‍ ജാതി പേരിനെ കുറിച്ച് വെവലാതിപെടുന്നു..സത്യമാണ് കാരണം കെ ഇ എന്‍ ചൂണ്ടി കാണിച്ച മത ബോധവും അതിലൂടെയുള്ള സവര്‍ണ്ണ രാഷ്ട്രീയവും എല്ലാം അതില്‍ സാമൂഹ്യനീതിയെ തകര്‍ക്കുന്നു, അതില്‍ വിഷം ഉണ്ടാകുന്നു, അതില്‍ നമ്മള്‍ ആശങ്കപ്പെടുന്നു ആ ആശന്കകള്‍ക്കുള്ള ഒറ്റമൂലി ജാതിവാലിനെ മുറിക്കലല്ല. അങ്ങനെ മുറിക്കാന്‍ കഴിയില്ല.

മനുഷ്യ മനസുകളില്‍ മാനുഷരെല്ലാം ഒന്നാണെന്ന പൊതു ബോധം സൃഷ്ടിക്കല്‍ ആണതിനു മരുന്ന്, അതിനു ശാസ്ത്രീയ ബോധത്തിന്റെ പ്രചാരണം വേണം..അപ്പോഴാണ്‌ തങ്ങള്‍ ഒരേ കുടുംബമാനെന്നു തങ്ങള്കെല്ലാം, പുഴുവിനും പുല്കള്‍ക്കും കൂടി ഒരേ അവകാശമാണ് ഈ ഭൂമിയില്‍ എന്നും മനസ്സിലാകു. അതില്‍ മനുഷ്യര്‍ക്കുള്ള പ്രത്യേകത തന്റെ ബുദ്ധി ഉപയോഗിച്ച് താന്‍ തന്നെ ഭാഗമായ ഈ പ്രകൃതിയില്‍ ഇടപെടാനുള്ള തങ്ങളുടെ കഴിവാനെന്നുംമനുഷ്യര്‍ തിരിച്ചറിയുമ്പോള്‍...ജാതി വാലിലെ വിഷം ഇറങ്ങുകയും അത് വെറും ഒരു പേര് മാത്രമായി ചുരുങ്ങുകയും ചെയ്യും.

അതെ പോലെ ആ മാറ്റം വരാതെ തങ്ങള്‍ക്കു അവകാശപെട്ട ഭരണഖടനപരമായ ആനുകൂല്യം നഷ്ടമാക്കാനും തയ്യറാവതിരിക്കുക..കാരണം അതുകൊണ്ടൊന്നും നേരത്തെ പറഞ്ഞ പൊതു ബോധം ഉണ്ടാവില്ല. അതിനു ഈ ആനുകൂല്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ഈ ചിന്തകള്‍ പ്രചരിപ്പിക്കുക. എല്ലവര്‍ക്കും വേണ്ടിയുള്ള ആശയങ്ങളുടെ ശരി പഠിക്കുക..അറിവ് ആര്‍ജിക്കുക.അതില്‍ അപരനും താനും ഒരുമിച്ചുള്ള ലോകം പടുക്കാന്‍ തയാറാണെന്ന് പ്രഖ്യാപിക്കുക അതുവരെ നിങ്ങള്‍ എല്ലാം ത്യജിച്ചു പട്ടിണിയായി ആത്മഹത്യ ചെയ്യാതിരിക്കുക.....അറിവുള്ളവരുടെ ..നല്ല ചിന്തകളുടെ ചെറു കൂട്ടങ്ങള്‍ വലുതാക്കാന്‍ ശ്രമിക്കുക...അത് തന്നെ വിപ്ലവ പ്രവര്‍ത്തനം...അവിടെ ജാതിക്ക് വാലുന്ടെന്കില്‍  എന്ത്..??? ഇല്ലെങ്കില്‍ എന്ത്..????. 

2011, ജൂലൈ 5, ചൊവ്വാഴ്ച

അര്‍ഥശാസ്ത്ര പ്രവേശിക: വിപ്ലവ രാഷ്ട്രീയത്തിനുള്ള അടിത്തറ

ഡോ. പി എസ് ശ്രീകല


കുത്തക മുതലാളിത്തത്തെയും മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്വത്തെയുംപറ്റിയുള്ള പരാമര്‍ശങ്ങള്‍ സാധാരണമാണിന്ന്. ഇന്ത്യയുടെയും ലോക രാഷ്ട്രങ്ങളുടെയും രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയെ വിശകലനം ചെയ്യുമ്പോഴും വിലയിരുത്തുമ്പോഴും ഒഴിവാക്കാനാവാത്ത പ്രയോഗങ്ങളാണിവ. മുതലാളിത്തത്തിന്റെ പരമോന്നതമായ ഈ ഘട്ടം മുതലാളിത്തം ചക്രശ്വാസം വലിക്കുന്ന ഘട്ടം കൂടിയാണെന്നും അതിനു പ്രധാന കാരണം കുത്തകാധിപത്യമാണെന്നും പക്ഷേ അത്രമാത്രം പറഞ്ഞുകേള്‍ക്കാറില്ല. അതായത് മുതലാളിത്തത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ അടിത്തറയിളകിക്കൊണ്ടിരിക്കുന്ന കാലമാണിത്. അത് സൂക്ഷ്മമായി തിരിച്ചറിയണമെങ്കില്‍ സാമ്പത്തികമേഖലയുടെ വളര്‍ച്ചയെയും വികാസത്തെയും പ്രതിസന്ധികളെയും ചരിത്രപരമായും ശാസ്ത്രീയമായും മനസ്സിലാക്കേണ്ടതുണ്ട്.
മുതലാളിത്ത യുഗത്തിന്റെ പരിസമാപ്തി കുറിക്കാന്‍ പോന്ന സാമൂഹ്യ വിപ്ലവങ്ങളുടെ കാലം കൂടിയാണിതെന്ന വ്യക്തമായ അവബോധം തൊഴിലാളിവര്‍ഗത്തില്‍ സൃഷ്ടിക്കാനും അര്‍ഥശാസ്ത്രപഠനം അനിവാര്യമാണ്. അത് തിരിച്ചറിഞ്ഞുകൊണ്ട് അത്യന്തം ലളിതമായി അര്‍ഥശാസ്ത്രത്തെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇഎംഎസ് നിരന്തരം നടത്തിയിരുന്നു. മുതലാളിത്തം വീണ്ടും പുതിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ അവകൂടി വിശകലനം ചെയ്തുകൊണ്ട് അര്‍ഥശാസ്ത്രത്തെ പരിചയപ്പെടുത്തുകയും അക്കാദമിക താല്‍പ്പര്യമുണര്‍ത്തുകയും ചെയ്യുന്ന പുസ്തകമാണ് ഡോ. എം തോമസ് ഐസക്കിന്റെ "അര്‍ഥശാസ്ത്ര പ്രവേശിക".

ചരക്കുകളുടെ ഉല്‍പ്പാദനവും അവയുടെ കൈമാറ്റവും വളര്‍ന്നുവന്നതിന്റെ ചരിത്രമാണ് മനുഷ്യന്റെ വികാസചരിത്രം. ചരക്കുല്‍പ്പാദനമോ കൈമാറ്റമോ നടക്കാതിരുന്ന ഒരു ചരിത്ര കാലഘട്ടമുണ്ടായിരുന്നു. സ്വന്തം ആവശ്യത്തിനുള്ള ജീവിത സാമഗ്രികള്‍ സ്വയം ഉല്‍പ്പാദിപ്പിക്കുന്ന അന്നത്തെ രീതിയില്‍ ചരക്കിനോ ചരക്കു കൈമാറ്റത്തിനോ സ്ഥാനമില്ലായിരുന്നു. പില്‍ക്കാലത്ത് സാമൂഹ്യമായ ഉല്‍പ്പന്നങ്ങളില്‍ ചെറിയൊരംശം ചരക്കെന്ന നിലയ്ക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ തുടങ്ങി. പ്രാഥമികമായ ഈ ചരക്കു കൈമാറ്റ വ്യവസ്ഥയില്‍നിന്ന് ചരക്കുകളുടെ ഉല്‍പ്പാദനവും കൈമാറ്റവും കൂടുതല്‍ വളര്‍ന്നു. ഒരു ചരക്കിനെ മറ്റൊരു ചരക്കിനുവേണ്ടി കൈമാറ്റം ചെയ്യുകയും തുടര്‍ന്ന് ഏതെങ്കിലുമൊരു ചരക്കിനെ പൊതു ചരക്കായി അംഗീകരിക്കുകയും ചെയ്തു. കന്നുകാലികളും സ്വര്‍ണവും വെള്ളിയും മറ്റുമായി പരിണമിച്ച പൊതുചരക്കിന്റെ വികസിത രൂപമാണ് പണം. ഈ ചരിത്രം വ്യത്യസ്ത സാമൂഹ്യ വ്യവസ്ഥകളുടെ ചരിത്രംകൂടിയാണ്.

പ്രാകൃത കമ്യൂണിസം, അടിമത്തം, നാടുവാഴിത്തം, മുതലാളിത്തം തുടങ്ങിയ സാമൂഹ്യവ്യവസ്ഥകള്‍ ചരക്കിന്റെ ഉല്‍പ്പാദനത്തിന്റെയും കൈമാറ്റത്തിന്റെയും വ്യത്യസ്ത സ്വഭാവങ്ങളെ ആസ്പദമാക്കിയ സാമൂഹ്യ സമ്പദ്വ്യവസ്ഥകളാണ്. സമ്പത്തി(അര്‍ഥത്തി)ന്റെ പ്രസക്തി വര്‍ധിച്ചതോടെ അതിനെ നിലനിര്‍ത്തുന്നതോടൊപ്പം അതിനെ വിശകലനം ചെയ്യാനും നിര്‍വചിക്കാനുമുള്ള ശ്രമങ്ങളുമുണ്ടായി. അര്‍ഥശാസ്ത്രത്തിന്റെ ഉല്‍പ്പത്തി അങ്ങനെയാണ്. അര്‍ഥശാസ്ത്ര പഠനം പല സമീപനങ്ങളോടെ നടന്നുവന്നിട്ടുണ്ട്. നിലവിലിരുന്ന സങ്കേതങ്ങളെയും സങ്കല്‍പ്പങ്ങളെയും പൊളിച്ചെഴുതുകയാണ് മാര്‍ക്സിയന്‍ അര്‍ഥശാസ്ത്രം ചെയ്തത്. മാര്‍ക്സിയന്‍ സമീപനത്തെ ആഴത്തിലും അതേ സമയം ലളിതവുമായി അവതരിപ്പിക്കുകയാണ് ഡോ. ഐസക്കിന്റെ പുസ്തകം.


ശാശ്വതമായി നിലനില്‍ക്കുന്ന ഒരു സാമൂഹ്യ സമ്പദ് വ്യവസ്ഥയാണ് മുതലാളിത്തമെന്ന ബൂര്‍ഷ്വാ അര്‍ഥശാസ്ത്ര സങ്കല്പത്തെ മറികടക്കുകയായിരുന്നു മാര്‍ക്സിന്റെ മൂലധനം. ഇതേവരെയുള്ള ദാര്‍ശനികന്മാര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തതെന്നും നമുക്കാവശ്യം പ്രപഞ്ചത്തെ മാറ്റിത്തീര്‍ക്കുകയാണെന്നും പ്രഖ്യാപിച്ച ദാര്‍ശനികനായ മാര്‍ക്സ് അര്‍ഥശാസ്ത്രരംഗത്ത് മുന്നോട്ടുവെച്ച ദാര്‍ശനിക ബദലായിരുന്നു മൂലധനം. മുതലാളിത്തം എങ്ങനെ രൂപപ്പെട്ടുവെന്നും അതിന്റെ വളര്‍ച്ചയിലൂടെ മുതലാളിത്തേതരമായ സാമൂഹ്യവ്യവസ്ഥ എങ്ങനെ രൂപംകൊള്ളുന്നുവെന്നുമുള്ള വിശദീകരണമായിരുന്നു അര്‍ഥശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവന. മൂലധനത്തിന്റെ ഒന്നാം അധ്യായത്തില്‍ അദ്ദേഹം പറയുന്നു, "സമ്പത്തിന്റെ യൂണിറ്റ് ചരക്കാണ്. തന്മൂലം നമ്മുടെ പരിശോധന ചരക്കിന്റെ വിശകലനം മുതല്‍ ആരംഭിക്കണം." മുതലാളിത്ത രീതിയിലുള്ള ഉല്‍പ്പാദന ക്രമത്തിലെ സമ്പത്ത് ചരക്കുകളുടെ കൂറ്റന്‍ കൂമ്പാരമാണ് എന്ന നിരീക്ഷണമാണ് പിന്നീടുള്ള വിശകലനത്തിനടിസ്ഥാനം. ഈ സമ്പത്ത് എന്തെല്ലാമാണെന്ന വിശദീകരണത്തോടെയാണ് ഡോ. തോമസ് ഐസക്കിന്റെ അര്‍ഥശാസ്ത്ര പ്രവേശിക ആരംഭിക്കുന്നത്.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ നമ്മുടെ എല്ലാ ജീവിതോപാധികളും സമ്പത്തിന്റെ ഭാഗമാണ് എന്ന വിശദീകരണത്തില്‍ തുടങ്ങി ഉല്‍പ്പാദനം, വിനിമയം, ഉപഭോഗം, വിതരണം എന്നീ സാമ്പത്തിക മേഖലയിലെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ നിര്‍വചിച്ചുകൊണ്ടാണ് പുസ്തകം തുടരുന്നത്.

എങ്ങനെയാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യപ്രക്രിയയായി മാറുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് ഉല്‍പ്പാദനബന്ധങ്ങള്‍ , ഉല്‍പ്പാദനവ്യവസ്ഥ, ഉല്‍പ്പാദനശക്തികള്‍ എന്നിവയിലൂടെ വ്യത്യസ്ത സാമൂഹ്യ വ്യവസ്ഥകളിലേക്ക് ഗ്രന്ഥകാരന്‍ കടന്നുചെല്ലുന്നു. പ്രാകൃത കമ്യൂണിസത്തിന്റെ സ്ഥാനത്ത് അടിമത്തവും അതിനെ തകര്‍ത്ത് നാടുവാഴിത്തവും തുടര്‍ന്ന് മുതലാളിത്തവും രൂപപ്പെട്ട സാഹചര്യങ്ങളെ ചരിത്രപരമായി അദ്ദേഹം വിശകലനം ചെയ്യുന്നു. അതിനു ഗ്രന്ഥകാരന്‍ സ്വീകരിക്കുന്ന ആഖ്യാനരീതിയാണ് ഈ പുസ്തകത്തിന്റെ ഒരു സവിശേഷത.

മുതലാളിത്തത്തെ വ്യക്തമായി മനസ്സിലാക്കാനും സങ്കീര്‍ണമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാനും മാത്തച്ചന്‍ മുതലാളിയുടെയും ദാമുവിന്റെയും കഥയിലൂടെയാണ് അദ്ദേഹം ശ്രമിക്കുന്നത്. കൂലി, ലാഭം, ലാഭാധിഷ്ഠിതമായ മുതലാളിത്തത്തിന്റെ വളര്‍ച്ചയും പ്രതിസന്ധിയും (കുതിപ്പും കിതപ്പും), വിപ്ലവരാഷ്ട്രീയത്തിന്റെ പ്രസക്തി എന്നിങ്ങനെ അക്കാദമികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ അതീവ ലളിതമായി കൈകാര്യം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. വളരെ സങ്കീര്‍ണമായ ചരക്കുകളുടെയും പണത്തിന്റെയും അപഗ്രഥനത്തെ ലളിതമായി അവതരിപ്പിക്കുന്നു. ഉപയോഗമൂല്യത്തെയും കൈമാറ്റമൂല്യത്തെയും ചരക്ക് ഒരേ സമയം പ്രതിനിധാനം ചെയ്യുന്നുവെന്ന സങ്കീര്‍ണത, തോമാച്ചന്റെയും കരുണന്റെയും അവരുടെ മക്കളായ മാത്തച്ചന്റെയും ദാമുവിന്റെയും ജീവിതത്തിലൂടെ കടന്നുപോവുമ്പോള്‍ അനായാസം സ്പഷ്ടമാവുന്നു.

മുതലാളിത്ത വ്യവസ്ഥയുടെ രണ്ടു വശങ്ങളായ മുതലാളിയുടെയും തൊഴിലാളിയുടെയും ജീവിത ചിത്രത്തിലൂടെ അനുസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ സ്വഭാവവും തൊഴിലാളിവര്‍ഗം അനുഭവിക്കുന്ന ചൂഷണവും ശാസ്ത്രീയമായി വ്യക്തമാക്കപ്പെടുകയാണ്. മനുഷ്യന്റെ അധ്വാനശക്തിതന്നെ ഒരു ചരക്കായി മാറിയിരിക്കുകയാണെന്നും അതിന്റെ ഉടമസ്ഥനായ തൊഴിലാളിയില്‍നിന്ന് ആ ചരക്ക് കൈവശപ്പെടുത്തി ഉപയോഗിക്കുമ്പോള്‍ അധ്വാനശക്തി വാങ്ങാന്‍ ചെലവിട്ട പണത്തെക്കാള്‍ കൂടുതല്‍ പണമുണ്ടാക്കാന്‍ മുതലാളിക്കു കഴിയുന്നുവെന്നും അതാണ് മുതലാളിത്ത സമൂഹത്തിന്റെ അടിത്തറയെന്നും കണ്ടുപിടിച്ചതാണ് അര്‍ഥശാസ്ത്രത്തിന് താന്‍ നല്‍കിയ പുതിയ സംഭാവനയെന്ന് മാര്‍ക്സ് അവകാശപ്പെട്ടിട്ടുണ്ട്. ഈ ശാസ്ത്രത്തിന്റെ വിശദീകരണം ദാമു, നബീസ തുടങ്ങിയ തൊഴിലാളികളുടെ അനുഭവകഥയിലൂടെ ഗ്രന്ഥകാരന്‍ സമര്‍ഥമായി നിറവേറ്റുന്നു.

അധ്വാനവും അധ്വാന ശക്തിയും തമ്മിലുള്ള വ്യത്യാസത്തെ വിശദീകരിച്ചുകൊണ്ട് ഐസക് എഴുതുന്നു: "അധ്വാനശക്തിയെന്നാല്‍ പ്രയത്നിക്കാനുള്ള-അധ്വാനം പ്രദാനം ചെയ്യാനുള്ള-മനുഷ്യന്റെ കായികവും മാനസികവുമായ കഴിവാണ്. ഈ കഴിവ് പ്രയോഗിക്കുമ്പോഴാണ് അധ്വാനം ലഭിക്കുന്നത്. അധ്വാനശക്തിയുടെ പ്രവര്‍ത്തനമാണ് അധ്വാനം". അതുകൊണ്ട് കൂലിയെന്നത് അധ്വാനത്തിനു ലഭിക്കുന്ന പ്രതിഫലമല്ല, മറിച്ച്, അധ്വാനശക്തിക്കു മുതലാളി നല്‍കുന്ന വിലയാണ് എന്ന യാഥാര്‍ഥ്യം വ്യക്തമാവുന്നു. അധ്വാനശക്തിയുടെ ഉടമസ്ഥന്‍ തൊഴിലാളിയാണ്. അത് അയാള്‍ മുതലാളിക്ക് വില്‍ക്കുന്നു. അവിടെ അധ്വാനശക്തി ഉപയോഗമൂല്യമുള്ള ഒരു ചരക്കായി മാറുന്നു. ആ ചരക്ക് തൊഴിലാളിയില്‍നിന്നും മുതലാളി വാങ്ങുകയാണ്. അതിന് മുതലാളി നല്‍കുന്ന വിലയാണ് കൂലി. ആ ചരക്ക് മുതലാളിക്ക് ഉപയോഗമൂല്യമുള്ളതാണ്. അതായത് അധ്വാനശക്തിയെന്ന ഉപയോഗമൂല്യമുള്ള ചരക്കിന് മുതലാളി നല്‍കുന്ന വിനിമയമൂല്യമാണ് കൂലി. ഇങ്ങനെ മുതലാളി വാങ്ങുന്ന അധ്വാനശക്തിയെ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ , അതായത്, തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിക്കുമ്പോള്‍ , അധ്വാനശക്തിക്കു നല്‍കിയ വിലയേക്കാള്‍ ഇരട്ടിയോ കൂടുതലോ മൂല്യം കൈവശപ്പെടുത്താന്‍ മുതലാളിക്കു കഴിയുന്നു. ഇതാണ് മിച്ചമൂല്യം. മിച്ചമൂല്യമാണ് മുതലാളിത്തത്തിന്റെ അടിത്തറ.

ഇവിടെ കടന്നുവരുന്ന മൂല്യം, ഉപയോഗമൂല്യം, വിനിമയമൂല്യം, മിച്ചമൂല്യം തുടങ്ങിയ സങ്കേതങ്ങളെ അത്യന്തം ലളിതമായി വിശദീകരിച്ചുകൊണ്ടാണ് പുസ്തകം തുടരുന്നത്. അധ്വാനശക്തിയടക്കം എല്ലാം ചരക്കായി മാറുന്നതുകൊണ്ട് മാര്‍ക്സ് മുതലാളിത്തത്തെ സാര്‍വത്രിക ചരക്കുല്‍പ്പാദന വ്യവസ്ഥയെന്നു വിളിച്ചു. എന്നാല്‍ ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിനു വ്യത്യാസമുണ്ടെന്ന് ഗ്രന്ഥകാരന്‍ കാണാതിരിക്കുന്നില്ല. പൊതുവായ നിര്‍വചനങ്ങളെ വിശദീകരിക്കുമ്പോള്‍ത്തന്നെ, നമുക്ക് പരിചിതമായ നമ്മുടെ രാജ്യത്തിന്റെയും കേരളത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ അവയെ വിശകലനം ചെയ്യാനാണ് ഡോ. ഐസക് ശ്രമിച്ചിട്ടുള്ളത്.



ഇതിഹാസത്തിലെയും പുരാണങ്ങളിലെയും അമാനുഷികരായ കഥാപാത്രങ്ങളെയും അഭൗമമായ സന്ദര്‍ഭങ്ങളെയും കേരളത്തിന്റെ സാഹചര്യത്തിലേക്കു ഇറക്കിക്കൊണ്ടുവന്ന് പരിചയപ്പെടുത്തുകയും അതിലൂടെ സാമൂഹ്യ വ്യവസ്ഥയെ വിമര്‍ശിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത ജനകീയ കവിയായ കുഞ്ചന്‍നമ്പ്യാര്‍ കലാസാഹിത്യരംഗത്തു പ്രാവര്‍ത്തികമാക്കിയതാണ് അത്യന്തം സങ്കീര്‍ണമായ ഒരു ശാസ്ത്രത്തിലേക്കു സാധാരണക്കാര്‍ക്ക് പ്രവേശനപാതയൊരുക്കിക്കൊണ്ട് ഡോ. ഐസക് നിര്‍വഹിക്കുന്നത്.

പണം സാര്‍വത്രിക വിനിമയ മൂല്യരൂപമാണ്. പണം അങ്ങനെ പരിണമിച്ചുവന്നതിന്റെ കഥയും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. മൂലധനത്തിന്റെ ജനനം വഞ്ചനയുടെയും പടയോട്ടത്തിന്റെയും കവര്‍ച്ചയുടെയും, ചുരുക്കിപ്പറഞ്ഞാല്‍ നഗ്നമായ ബലപ്രയോഗത്തിന്റെയും കഥയാണ് എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് വ്യവസായ മുതലാളിത്തത്തിന്റെ ഉല്‍പ്പത്തിയും വളര്‍ച്ചയും ചരിത്രപരമായി വിശകലനം ചെയ്യുന്നുണ്ട്. മുതലാളിത്തത്തിന്റെ വികാസചരിത്രത്തില്‍ അതിനു നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നു.

ധനികവല്‍ക്കരണവും ദരിദ്രവല്‍ക്കരണവും മുതലാളിത്തമെന്ന സവിശേഷതയുടെ രണ്ടു വശങ്ങളാണ് എന്നതുപോലെ കൂലിവര്‍ധനയെ നിയന്ത്രിക്കാന്‍ മുതലാളി കണ്ടെത്തി വികസിപ്പിക്കുന്ന യന്ത്രവല്‍ക്കരണം ക്രമാതീതമായി മൂലധനച്ചെലവ് ഉയര്‍ത്തുകയും ലാഭത്തില്‍ മുതലാളിക്ക് ഇടിവ് അനുഭവപ്പെടുകയും ചെയ്യും എന്നതും സ്വാഭാവികമാണ്. സാമ്പത്തികക്കുഴപ്പങ്ങള്‍ക്ക് ആധാരമാവുന്ന വസ്തുതകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് ലളിതമായി അവതിപ്പിക്കുമ്പോള്‍ സാമ്പത്തിക മാന്ദ്യമെന്നത് സ്ഥാനത്തും അസ്ഥാനത്തും വര്‍ത്തമാനകാലത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ പലപ്പോഴും അതിന്റെ ശരിയായ അര്‍ഥമറിയാതെയും കാരണം ബോധ്യപ്പെടാതെയുമാണത് പ്രയോഗിക്കുന്നത് എന്ന് വ്യക്തമാവുന്നു.

ലളിതമായ ഉദാഹരണങ്ങളിലൂടെ അഭിവൃദ്ധികാലവും മാന്ദ്യകാലവും ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു. മാന്ദ്യത്തില്‍നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രക്ഷനേടാന്‍ മുതലാളിത്തം കുത്തകാധിപത്യത്തെ ആശ്രയിക്കുന്നുവെന്നും അത് മുതലാളിത്തത്തെ വീണ്ടും കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നുവെന്നും കാണാം. ആ അവസ്ഥയാണ് ഇന്നു നമുക്കു മുന്നിലുള്ളത്. കുത്തകാധിപത്യത്തെ മുതലാളിത്തത്തിന്റെ അഭിവൃദ്ധിദശയെന്ന നിലയിലാണ് പലപ്പോഴും വിലയിരുത്താറുള്ളത്.

എന്നാല്‍ "കുത്തകകളുടെ വളര്‍ച്ച സര്‍വ സ്വതന്ത്ര മുതലാളിത്തത്തിന്റെ നിഷേധമാണ്. മത്സരം ഇല്ലാതാകുന്നില്ല. മുതലാളിത്ത സമ്പദ്ഘടന മുഴുവന്‍ ഒരൊറ്റ മുതലാളിയുടെ കീഴിലാകുംവരെ മത്സരം അനിവാര്യമാണ്" എന്ന വസ്തുത ബോധ്യമാകുംവിധത്തില്‍ വ്യക്തമാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കുന്നു. സോഷ്യലിസമെന്ന ബദലിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന പ്രസ്താവനയോടെയാണ് പുസ്തകം അവസാനിക്കുന്നത്. അര്‍ഥശാസ്ത്രത്തില്‍നിന്ന് വിപ്ലവ രാഷ്ട്രീയത്തിലേക്ക് മുന്നേറേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. അഥവാ വിപ്ലവ രാഷ്ട്രീയത്തിന്റെ അടിത്തറയാണ് അര്‍ഥശാസ്ത്ര പരിജ്ഞാനം.

നിലവിലുള്ള അസമത്വാധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ബഹുജനങ്ങളെ അണിനിരത്തുകയെന്ന ദൗത്യം തന്നെയാണ് മുഖ്യം. ജന്മിത്വവുമായി സന്ധി ചെയ്തും സാമ്രാജ്യത്വവുമായി സഹകരിച്ചും നില്‍ക്കുന്ന ഇന്ത്യന്‍ മുതലാളിത്തത്തെ തകര്‍ക്കുവാന്‍ കുത്തകാധിപത്യത്തെയും സാമ്രാജ്യത്വത്തിന്റെ സ്വാധീനത്തെയും നശിപ്പിക്കേണ്ടതുണ്ട്. ആ പ്രക്രിയയില്‍ പങ്കാളിയാവുന്ന ഓരോരുത്തരും ഇന്ത്യന്‍ സമ്പദ്ഘടനയെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ പ്രാപ്തരാവണം. അതിന് ഒരേ സമയം കൃത്യമായ അടിത്തറയും തുടര്‍പഠനത്തിനുള്ള പ്രവേശന കവാടവുമാവുകയാണ് "അര്‍ഥശാസ്ത്ര പ്രവേശിക."