2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

വിപല്‍ക്കരം ഈ ദൗത്യം


മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പായതിനെത്തുടര്‍ന്നാണ് പിന്നോക്കസമുദായക്കാര്‍ രാജ്യവ്യാപകമായി സാമ്പത്തികമായി അല്‍പ്പമൊക്കെ ഉയര്‍ന്നത്. എന്നാല്‍, നരേന്ദ്ര മോഡി ഇതാ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരുന്നു. പാവപ്പെട്ടവരുടെ ഭൂമി ഏറ്റെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള നിയമമാണത്. മണ്ഡല്‍ കമീഷന്‍ നടപ്പായതിന്റെ പരോക്ഷഫലമായി പിന്നോക്കക്കാര്‍ക്ക് നേരിയതോതില്‍ കൈവന്ന ഭൂമിയാണ് അപ്പാടെ കോര്‍പറേറ്റുകള്‍ക്ക് അധീനമാകാന്‍ പോകുന്നത്. ഈ നിയമത്തിനുകീഴില്‍ ഏറ്റവുമധികം ഭൂമി നഷ്ടപ്പെടുക ഈ വിഭാഗം പിന്നോക്കക്കാര്‍ക്കാവും. ഇതുചെയ്യുന്ന ബിജെപിയാണ് വെള്ളാപ്പള്ളിയുടെ നോട്ടത്തില്‍ പിന്നോക്കത്തിന് വേണ്ടപ്പെട്ടവന്‍. കേരളത്തില്‍ കുടികിടപ്പും പത്തുസെന്റും പതിച്ചുനല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പിന്നോക്കത്തിനു വേണ്ടാത്തവരും! ഈ തിയറി പിന്നോക്കസമുദായത്തിലെ ആര് ഏറ്റെടുക്കാനാണ്?
ഗോവിന്ദ ആചാര്യയും ഉമാഭാരതിയുമൊക്കെ പിന്നോക്ക സമുദായത്തില്‍നിന്നു വന്നവരായിരുന്നു. അവരുടെയൊക്കെ വായ അടപ്പിച്ചു ബിജെപി. കറിവേപ്പിലപോലെ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞു. ഇതു കാണാതിരിക്കേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു പിന്നോക്കക്കാരനെ ഉന്നതസ്ഥാനത്തിരുത്തി എന്നതുകൊണ്ട് മറയുന്ന കാര്യവുമല്ല അത്. 

ഉത്തരേന്ത്യയാകെത്തന്നെ പിന്നോക്ക-ദളിത് രാഷ്ട്രീയവേലിയേറ്റത്തില്‍- മുലയം- ലാലു- മായാവതി - അമര്‍ന്ന ഘട്ടത്തില്‍ ആ കാര്‍ഡുകൊണ്ടുതന്നെ കളിച്ചാലേ നിലനില്‍ക്കാനാവൂ എന്നുവന്നു. അപ്പോള്‍മാത്രമേ സംഘപരിവാര്‍ പിന്നോക്കക്കാരനെ തേടിയുള്ളൂ. സംഘപരിവാറില്‍ അഞ്ച് പുരോഹിതരടങ്ങിയ സമിതിയാണ് നയനിലപാടുകള്‍ രൂപപ്പെടുത്തുന്നത്. അവരാകട്ടെ, ചാതുര്‍വര്‍ണ്യത്തിന്റെ കടുത്ത നിഷ്കര്‍ഷക്കാരുമാണ്. ഇതൊന്നും കാണാതെ ബിജെപി പിന്നോക്കക്കാര്‍ ആശ്രയിക്കേണ്ട പാര്‍ടിയാണെന്ന് പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ക്കുതന്നെ കടുത്ത വില നല്‍കേണ്ടിവരും; ആ ചാതുര്‍വര്‍ണ്യ ക്രമത്തിന്റെ കരാളമായ കുടുക്കില്‍പ്പെട്ട്.
എസ്എന്‍ഡിപിയും എന്‍എസ്എസുംപോലുള്ള സംഘടനകളെ തങ്ങളുടെ കുടക്കീഴിലാക്കാന്‍ സംഘപരിവാര്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്. ആ കുടക്കീഴില്‍ പോയാല്‍ എന്‍എസ്എസ് ബാക്കിയുണ്ടാകില്ല, സംഘപരിവാറേ ശേഷിക്കൂ എന്നും എന്‍എസ്എസിനെ അതിന്റെ സമസ്ത ആസ്തികളോടെയും അവര്‍ വിഴുങ്ങും എന്നും എന്‍എസ്എസ് നേരത്തെതന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പെരുന്നയിലേക്ക് ചെല്ലാനുള്ള മോഡിയുടെ താല്‍പ്പര്യം സഫലമാകാതിരുന്നത്. ഈ തിരിച്ചറിവ് എസ്എന്‍ഡിപിക്കുണ്ടായില്ല. ശിവഗിരിയില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയും അതേത്തുടര്‍ന്ന് ശിവഗിരി മഠത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നടത്തിപ്പ് താല്‍ക്കാലികമായി ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയുംചെയ്ത ഘട്ടത്തില്‍ "ശിവഗിരിയെ മോചിപ്പിക്കും' എന്ന പ്രഖ്യാപനവുമായി സംഘപരിവാറുകാര്‍ എത്തിയിരുന്നു. ശിവഗിരിക്കുമേല്‍ കാവിക്കൊടി പറത്താനായിരുന്നു നീക്കം. ഗുരുവിന്റെ പിന്മുറക്കാര്‍ അതനുവദിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ, സാധാരണാവസ്ഥ പുനഃസ്ഥാപിച്ച് ട്രസ്റ്റ് ഭരണം സന്യാസിമാരെ തിരികെ ഏല്‍പ്പിക്കുകയുംചെയ്തു.
അന്ന് നടക്കാതെപോയ മോഹമാണ് അടുത്തകാലത്ത് സംഘപരിവാര്‍ വീണ്ടും പൊടിതട്ടി എടുത്തത്. അതിന്റെ ഭാഗമായിരുന്നു നരേന്ദ്ര മോഡിയുടെ ശിവഗിരി സന്ദര്‍ശനം. പണ്ട് ഗാന്ധിജിയെ ഗുരുദേവന്‍ സ്വീകരിച്ചിരുത്തിയ ശിവഗിരിയില്‍ ഗാന്ധിയെ വധിച്ചവരുടെ പ്രസ്ഥാനത്തിന്റെ പുതിയകാല നേതാവിനെ അടുത്തകാലത്ത് ചിലര്‍ വരവേറ്റു. മതസൗഹാര്‍ദത്തിന്റെ മഹാസന്ദേശം പ്രസരിപ്പിച്ച തീര്‍ഥാടനകേന്ദ്രത്തിലേക്ക് മതവിദ്വേഷത്തിന്റെ സന്ദേശം കടന്നുചെന്നു. അന്ന് നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തെ ന്യായീകരിച്ച എസ്എന്‍ഡിപി യോഗനേതാവ് ഇന്ന് അദ്ദേഹത്തെ അന്വേഷിച്ച് ഡല്‍ഹിയില്‍ ചെല്ലുന്നത് സ്വാഭാവികമായ പരിണതിയാണ്. ഇതു ചെയ്യുന്നതിന് വെള്ളാപ്പള്ളി നടേശന് അദ്ദേഹത്തിന്റേതായ വ്യക്തിപരമായ കാരണങ്ങളുണ്ടാകാം. പക്ഷേ, അത് ശ്രീനാരായണശിഷ്യര്‍ക്ക് സ്വീകാര്യമാകുന്ന കാരണങ്ങളല്ല.
കറകളഞ്ഞ സവര്‍ണ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘപരിവാറിന്, അവര്‍തന്നെ ഇക്കാലമത്രയും അവര്‍ണ സംഘടന എന്ന് മുദ്രയടിച്ച് അകറ്റിനിര്‍ത്തിയിരുന്ന എസ്എന്‍ഡിപിപോലുള്ള പ്രസ്ഥാനത്തെ കൊണ്ടുപോയി അടിയറവയ്ക്കുന്നത് യഥാര്‍ഥ ശ്രീനാരായണ ശിഷ്യര്‍ക്കെങ്ങനെ സ്വീകാര്യമാകാന്‍! നാരായണഗുരുവിന്റെ പ്രസ്ഥാനത്തെ നാഥൂറാമിന്റെ പ്രസ്ഥാനത്തിന്റെ കീഴില്‍ കൊണ്ടുപോയി കെട്ടുന്നത് അവര്‍ എങ്ങനെ സഹിക്കാന്‍! അവരുടെ വികാരം മനസ്സിലാക്കി വിപല്‍ക്കരമായ ഈ ദൗത്യത്തില്‍നിന്ന് പിന്തിരിയണമെന്നാണ് പറയാനുള്ളത്. ആ പിന്തിരിയലായിരിക്കും ഗുരുവിനുള്ള ഇക്കാലത്തെ വലിയ പ്രണാമം. "മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന് പഠിപ്പിച്ചയാളാണ് ഗുരു. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നര്‍ഥം. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത വര്‍ഗീയനരഹത്യ നടത്തുന്നവര്‍ക്കും ശ്രീനാരായണ പ്രസ്ഥാനത്തിനും ഇടയില്‍ പൊതുവായി എന്തെങ്കിലുമുണ്ടോ?"അവനവനാത്മ സുഖത്തിനാചരിക്കു-ന്നവയപരന്നു സുഖത്തിനായ് വരേണം' എന്നു പഠിപ്പിച്ചു ഗുരു. അപരന്റെ പിടഞ്ഞുപിടഞ്ഞുള്ള മരണം കണ്ട് ഗുജറാത്തിലും മറ്റും ആഹ്ലാദിച്ചവര്‍ക്കും ഗുരുശിഷ്യര്‍ക്കുമിടയില്‍ പൊതുവായി എന്തെങ്കിലുമുണ്ടോ? ജീര്‍ണമായ ചാതുര്‍വര്‍ണ്യവും വര്‍ണാശ്രമധര്‍മവും അടിസ്ഥാനമാക്കിയ സാമൂഹ്യക്രമം പുനഃസ്ഥാപിക്കുക എന്നതാണ് സംഘപരിവാറിന്റെ അജന്‍ഡ. മനുസ്മൃതിയില്‍ അധിഷ്ഠിതമാണത്. എന്താണ് ഇവരുടെ മാനിഫെസ്റ്റോ ആയ സ്മൃതി പറയുന്നത്?  
അക്ഷരം പഠിച്ച ശൂദ്രനെ അകറ്റിനിര്‍ത്തണം.
ശൂദ്രന്‍ വേദം കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം. 
ജീര്‍ണവസ്ത്രമേ കൊടുക്കാവൂ. പതിരുകലര്‍ത്തിയേ ധാന്യമളന്നുകൊടുക്കാവൂ. 
ധര്‍മനിര്‍ണയാവകാശം കൊടുക്കരുത്. 
ഇതൊക്കെ സാമൂഹിക നിയമമായിരുന്ന ഒരുകാലത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമായി എങ്ങനെ ഈ വിധത്തിലുള്ള കാലത്തെ മാറ്റിമറിക്കാന്‍ പോരാടിയ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യര്‍ക്ക് കൈകോര്‍ക്കാനാകും.  

കൈകോര്‍ത്താല്‍ അതേക്കാള്‍ വലിയ ഗുരുനിന്ദയുണ്ടാകാനില്ല. ബ്രാഹ്മണ്യത്തിന്റെ ആധിപത്യമുറപ്പിക്കുന്ന മനുസ്മൃതിയൊക്കെ പഴയതല്ലേ എന്ന് വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍, അത് ചോദിക്കുംമുമ്പ് മനുസ്മൃതിയെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ എന്ന് പ്രവീണ്‍ തൊഗാഡിയയോട് ചോദിക്കണം. 
അതിനു കിട്ടുന്ന ഉത്തരത്തില്‍നിന്ന് മനസ്സിലാകും തൊഗാഡിയയുടെയും അശോക് സിംഗാളിന്റെയും ഒക്കെ തനിനിറം. ശ്രീനാരായണ ഗുരുവിന്റെ സാര്‍വലൗകിക വ്യക്തിത്വത്തെ ഹിന്ദുത്വത്തില്‍ തളച്ചിടരുത്. 
"ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന തത്വം കേവലം ഹിന്ദുത്വത്തില്‍ ഒതുങ്ങിക്കൂടിയ ഒരാള്‍ക്കുയര്‍ത്താന്‍ കഴിയുന്നതായിരുന്നോ?

 "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നതില്‍ മതത്തിനല്ല മനുഷ്യനാണ് ഊന്നല്‍. 
മതമേതായാലും എന്നതിനര്‍ഥം, ഒരു മതവുമില്ലെങ്കിലും എന്നുകൂടിയാണ്. 
തനിക്കു ജാതിയില്ല, മതവുമില്ല എന്നു പ്രഖ്യാപിച്ച ഗുരുവിനെത്തന്നെ ഒരു പ്രത്യേക മതത്തിന്റെ കള്ളിയിലാക്കണോ?
മതം അപ്രധാനമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിത്തന്നത്.1917ല്‍ ഗുരു പുറപ്പെടുവിച്ച ഒരു സന്ദേശത്തില്‍ ഇങ്ങനെ കാണാം. ""ഇനി ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. അമ്പലം കെട്ടുന്നത് ദുര്‍വ്യയമാണെന്ന് ജനങ്ങള്‍ പശ്ചാത്തപിക്കാനിടയുണ്ട്. പണം പിരിച്ച് പള്ളിക്കൂടങ്ങള്‍ കെട്ടാനാണ് ഉത്സാഹിക്കേണ്ടത്''. ഇങ്ങനെ പറഞ്ഞ ഒരു മഹാവ്യക്തിത്വത്തിന്റെ പേരിലുള്ള പ്രസ്ഥാനത്തെ, ക്ഷേത്രനിര്‍മാണത്തിന്റെ പേരില്‍ അയോധ്യയിലടക്കം ചോരപ്പുഴയൊഴുക്കിയ പ്രസ്ഥാനത്തിന്റെ വാലാക്കിമാറ്റിയാല്‍ അതേക്കാള്‍ വലിയ ഗുരുനിന്ദയുണ്ടോ? 
ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഗുരു കേന്ദ്രീകരിച്ചത്. ആ പോരാട്ടം സാമ്പത്തിക ഉച്ചനീചത്വമവസാനിപ്പിക്കാനുള്ള പോരാട്ടമാക്കി മുമ്പോട്ടുകൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. അതിന്റെ നേട്ടങ്ങള്‍ ഈഴവരടക്കമുള്ള മലയാളസമൂഹം അനുഭവിച്ചിട്ടുണ്ട്.
ചാതുര്‍വര്‍ണ്യത്തിന്റെ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്ന് കിടന്ന ഒരു സമൂഹത്തെ ആ ജീര്‍ണവ്യവസ്ഥയ്ക്കെതിരെ പൊരുതാന്‍ കെല്‍പ്പുള്ളവരാക്കുകയാണ് ഗുരുചെയ്തത്. അതേ ജനസമൂഹത്തെ പഴയ ചാതുര്‍വര്‍ണ്യത്തിന്റെ പുത്തന്‍ നടത്തിപ്പുകാരുടെ സേവകരാക്കാന്‍ ഗുരുവിനോടോ സമൂഹത്തോടോ കൂറുണ്ടെങ്കില്‍ മുതിരരുത്. 
സ്വാമി വിവേകാനന്ദന്റെ മുമ്പില്‍ കേരളത്തെ ഭ്രാന്താലയാവസ്ഥയില്‍ നിര്‍ത്തിയത് ജാതിമേധാവിത്വത്തിന്റെ പഴയ വര്‍ണാശ്രമ ശക്തികളാണ്. അതേ ശക്തിയുടെ മതഭ്രാന്തിന്റെ അകത്തളത്തിലേക്ക് "പലമതസാരവുമേകം' എന്നു പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യരെ കൊണ്ടുചെന്ന് അടയ്ക്കരുത്."
ചാതുര്‍വര്‍ണ്യം മയാസൃഷ്ടം' എന്ന സൂക്തമാണ് സംഘപരിവാറിനെ നയിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ചാതുര്‍വര്‍ണ്യം താന്‍ സൃഷ്ടിച്ചതാണ് എന്നാണ് അതിനര്‍ഥം. ഗുരു നിരാകരിച്ച ചാതുര്‍വര്‍ണ്യ സംബന്ധമായ ആ മനോഭാവം നെഞ്ചോടുചേര്‍ത്ത് പിടിക്കുന്നവരാണ് വെള്ളാപ്പള്ളിയുടെ പുതിയ കൂട്ടുകാരായ തൊഗാഡിയയും മറ്റും. സംശയമുണ്ടെങ്കില്‍ അദ്ദേഹംതന്നെ അവരോട് ചോദിച്ചുനോക്കട്ടെ, ചാതുര്‍വര്‍ണ്യ സംബന്ധിയായ ഈ നിലപാടിനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ എന്ന്. അപ്പോള്‍ അറിയാം അവരുടെ തനിനിറം."ഇവരെ വിശ്വസിച്ച് മുന്നോട്ടുപോയാല്‍ ഹൈന്ദവജനതയെ ഇവര്‍ എവിടെകൊണ്ടെത്തിക്കും' എന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ ബിജെപിയെക്കുറിച്ച് ചോദിച്ച അതേ വെള്ളാപ്പള്ളിയാണ് പിന്നോക്കതാല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി എന്ന് ഇപ്പോള്‍ പറയുന്നത്. "ന്യൂനപക്ഷ സമുദായങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ടികള്‍ക്കുവേണ്ടിപ്പോലും വോട്ട് മറിക്കുന്ന പാര്‍ടി'യെന്ന് ഒരിക്കല്‍ ബിജെപിയെ ആക്ഷേപിച്ച വെള്ളാപ്പള്ളിയാണ് ബിജെപിയോട് അയിത്തമില്ല എന്ന് ഇന്നു പറയുന്നത്. ഇതില്‍ ഏതു വെള്ളാപ്പള്ളിയെ വിശ്വസിക്കണം എസ്എന്‍ഡിപി അംഗങ്ങള്‍. ഈ മാറ്റങ്ങള്‍ വന്നത് എന്ത് അടിസ്ഥാനത്തില്‍ എന്നെങ്കിലും യോഗാംഗങ്ങളോട് പറയാനുള്ള ധാര്‍മിക ഉത്തരവാദിത്തമില്ലേ ഇദ്ദേഹത്തിന്?
ആര്‍എസ്എസിന് കേരളത്തിലൊരു അജന്‍ഡയുണ്ട്. അത് നടപ്പാക്കാന്‍ പലതരത്തില്‍ പല ഘട്ടങ്ങളില്‍ പലരിലൂടെ അവര്‍ ശ്രമിച്ചുനോക്കിയിട്ടുമുണ്ട്. പക്ഷേ, സാധിച്ചിട്ടില്ല. സാധിക്കാതെവന്നത് കേരളത്തിലുള്ള ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഐ എമ്മിന്റെ സ്വാധീനശക്തികൊണ്ടാണ്. എല്ലാ ജാതിമത വിഭാഗത്തില്‍പ്പെട്ടവരും സിപിഐ എമ്മിലുണ്ട്. അവര്‍ കൂട്ടായി ഈ കടന്നുകയറ്റത്തെ ചെറുക്കുന്നുമുണ്ട്. തങ്ങള്‍ നേരിട്ട് ശ്രമിച്ചാല്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാകില്ല എന്ന് ആര്‍എസ്എസിനറിയാം. ദുര്‍ബലപ്പെടുത്താതെ തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാവില്ല എന്നും അറിയാം. അതുകൊണ്ട് തങ്ങള്‍ക്ക് നേരിട്ട് നടപ്പാക്കിയെടുക്കാന്‍ സാധിക്കാത്തത് ചില ഏജന്റുമാരെവച്ച് നടപ്പാക്കിയെടുക്കാന്‍ നോക്കുകയാണ് ആര്‍എസ്എസ്. എന്‍എസ്എസിനെ ഇങ്ങനെയൊരു ഏജന്റാക്കാന്‍ നോക്കി; പക്ഷേ പറ്റിയില്ല. എന്‍എസ്എസിന്റെ അടുത്ത് പരാജയപ്പെട്ട തന്ത്രം എസ്എന്‍ഡിപിയുടെ അടുത്ത് വിജയിപ്പിച്ചെടുക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ ആര്‍എസ്എസ്.  
ഇതിന് ഒത്തുനില്‍ക്കാന്‍ എസ്എന്‍ഡിപിയിലെ ചില നേതാക്കള്‍ തയ്യാറാകുന്നത് സമുദായതാല്‍പ്പര്യത്തിലല്ല. മറിച്ച് സ്വന്തം സാമ്പത്തിക- സ്ഥാനമാന താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വാര്‍ഥലാഭത്തിനായി ഈ എസ്എന്‍ഡിപി നേതൃത്വം ഒറ്റുകൊടുക്കുന്നത് അവരുടെതന്നെ സമുദായത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും താല്‍പ്പര്യങ്ങളാണ്. ഇത് എസ്എന്‍ഡിപി യോഗത്തിലെതന്നെ സാധാരണക്കാര്‍ തിരിച്ചറിയുമെന്നത് തീര്‍ച്ച 

2015 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ?


വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ എന്നിവരുമായി ആദ്യവും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി തുടര്‍ന്നും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങളെ മുഖ്യമായും ആറായി തരംതിരിക്കാം.
പിന്നോക്ക താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി, ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണ്, കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നപ്പോള്‍ സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല, ബിജെപി സവര്‍ണ പാര്‍ടിയല്ല, ബിജെപിയോട് അയിത്തമില്ല, മറ്റു ജാതിസംഘടനകളുടെയും പിന്തുണ ഞാന്‍ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്നിവയാണവ.
ഇവ ഓരോന്നായി എടുക്കുക. പിന്നോക്ക താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി എന്നു വെള്ളാപ്പള്ളി പറയുന്നു. ബിജെപിയുടെ പിന്നോക്കസമുദായ താല്‍പ്പര്യം 1992ല്‍ നമ്മള്‍ നേരിട്ടുകണ്ടതാണ്. പിന്നോക്ക സമുദായക്കാര്‍ക്ക് കേന്ദ്രസര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 27 ശതമാനം ജോലി സംവരണംചെയ്തുകൊണ്ട് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന വി പി സിങ്ങിന്റെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ അതിനെതിരെ രാജ്യമാകെ പൊതുവിലും ഡല്‍ഹിയില്‍ പ്രത്യേകിച്ചും തീപടര്‍ത്തുന്ന പ്രക്ഷോഭം നടത്തിയ പാര്‍ടിയാണത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കലില്‍ അസ്വസ്ഥതപൂണ്ട്, അത് വി പി സിങ് സര്‍ക്കാരിനുണ്ടാക്കിക്കൊടുക്കുന്ന ജനപിന്തുണയില്‍ വിറളിപിടിച്ച് രഥയാത്ര സംഘടിപ്പിക്കുകയും രഥയാത്രയെ തടഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസിനൊപ്പംനിന്ന് വോട്ടുചെയ്ത് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ മാസങ്ങള്‍ക്കുള്ളില്‍ അട്ടിമറിക്കുകയും ചെയ്ത പാര്‍ടിയാണ് ബിജെപി. എന്തൊരു പിന്നോക്ക സ്നേഹം!
നാഷണല്‍ ഫ്രണ്ട് മന്ത്രിസഭ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഉത്തരേന്ത്യയില്‍ പരക്കെ പിന്നോക്ക ജാതി വിഭാഗത്തില്‍ വലിയ ഉണര്‍വ് ഉണ്ടായത്. അതിന്റെ തുടര്‍പ്രതിഫലനമായാണ് യുപിയിലും ബിഹാറിലും ഒക്കെ പിന്നോക്ക സമുദായക്കാരുടെ രാഷ്ട്രീയം മേല്‍ക്കൈ നേടുന്നതും മുലായംസിങ് യാദവിനെയും ലാലുപ്രസാദിനെയും ദളിത് സമുദായത്തില്‍പ്പെട്ട മായാവതിയെയുംപോലുള്ളവര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും. ആ പിന്നോക്ക രാഷ്ട്രീയവളര്‍ച്ചയില്‍ അതിശക്തമായ അസഹിഷ്ണുതയായിരുന്നു ബിജെപിക്ക്. ആ വളര്‍ച്ച തടയാന്‍ ഹിന്ദുവര്‍ഗീയ വികാരം ഉപയോഗിക്കുകയെന്ന കുതന്ത്രമാണ് ബിജെപി പിന്നീടിങ്ങോട്ട് എന്നും പ്രയോഗിച്ചത്.
ഈ ചരിത്രവസ്തുതകളൊക്കെ സൗകര്യപൂര്‍വം മറന്നാലേ വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്, അദ്ദേഹത്തിന്റെ സമുദായാംഗങ്ങള്‍ക്കുപോലും ഉള്‍ക്കൊള്ളാനാകൂ. സവര്‍ണ വര്‍ഗീയ അപസ്മാരം പടര്‍ത്തിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തെരുവില്‍ കത്തിയമര്‍ന്നവരുടെ ചിത്രം മനസ്സുകളില്‍നിന്ന് മാറാറായിട്ടില്ല. ആ വിധത്തില്‍ പിന്നോക്കവിരുദ്ധ ജാതീയതയുടെ തീ പടര്‍ത്തിയ, മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെ ചോരപ്പാടുകള്‍ കൈകളിലുണങ്ങാത്ത ബിജെപിയുമായി വെള്ളാപ്പള്ളി നടേശനു കൈകോര്‍ക്കാനാകുമായിരിക്കും. സാധാരണക്കാരനായ എസ്എന്‍ഡിപി പ്രവര്‍ത്തകന് അതിനു സാധിക്കുമോ?
ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. ഏതാണാവോ വെള്ളാപ്പള്ളി പറയുന്ന ഈ ഹിന്ദു?  
ഹിന്ദുമതത്തില്‍ പ്രമാണിമാരുണ്ട്. 
അങ്ങേയറ്റം പാവപ്പെട്ടവരുമുണ്ട്. 
വിരുദ്ധങ്ങളായ ഇവരുടെ താല്‍പ്പര്യങ്ങള്‍ ഏതു ബിന്ദുവിലാണ് കൂട്ടിമുട്ടി ഹിന്ദു താല്‍പ്പര്യമാകുക? 

ലക്ഷക്കണക്കിനാളുകള്‍ തെരുവിലുറങ്ങുന്ന മുംബൈയില്‍ 27 നിലയുള്ള വീട് കെട്ടിപ്പൊക്കിയ അംബാനിയുടെ താല്‍പ്പര്യവും വൈകിട്ടത്തെ അത്താഴത്തിന് അരിവാങ്ങാന്‍ വിഷമിക്കുന്ന ഒരു പാവപ്പെട്ട തൊഴിലാളിയുടെ താല്‍പ്പര്യവും ഇരുവരും ഹിന്ദുവാണ് എന്നതുകൊണ്ടുമാത്രം ഒന്നാകുമോ? 
ഹിന്ദുതാല്‍പ്പര്യം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടും എന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ ഇതില്‍ ഏതു ഹിന്ദുവിന്റെ താല്‍പ്പര്യമാണ് മനസ്സിലുള്ളത് എന്നതുകൂടി വ്യക്തമാക്കണം. അദാനിക്കുവേണ്ടി ഭരണം നടത്തുന്ന, അത്തരം കോര്‍പറേറ്റുകള്‍ക്ക് കോര്‍പറേറ്റ് ടാക്സ് അഞ്ചുശതമാനംകണ്ട് ആദ്യ ബജറ്റില്‍ത്തന്നെ കുറച്ചുകൊടുത്ത നരേന്ദ്രമോഡിക്ക് കേരളത്തിലെ പ്രമുഖനായ വെള്ളാപ്പള്ളി ചെന്നു കൈകൊടുത്താല്‍ അത് ഹിന്ദുതാല്‍പ്പര്യ സംരക്ഷണമാകുമോ?
മറ്റു ജാതിസംഘടനകളുടെയും പിന്തുണ താന്‍ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്ന് വെള്ളാപ്പള്ളി പറഞ്ഞതായി കാണുന്നു. മറ്റു ജാതിസംഘടനകള്‍ക്കുവേണ്ടി സംസാരിക്കാനും ഇദ്ദേഹത്തിന് അധികാരമുണ്ടോ? 
മറ്റു സംഘടനകള്‍ ഇത്തരമൊരു ദൗത്യം ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുണ്ടോ? 
ഇക്കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കട്ടെ.
സിപിഐ എമ്മിനോടാണ് എസ്എന്‍ഡിപി യോഗത്തിന് താല്‍പ്പര്യം എന്നു വെള്ളാപ്പള്ളി പറയുന്നുണ്ട്, അമിത് ഷായുമായി ചേര്‍ന്നുനില്‍ക്കുമ്പോഴും. ഈഴവസമൂഹത്തിന് സിപിഐ എമ്മിനോട് താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാലതു ശരി. എസ്എന്‍ഡിപി നേതൃത്വത്തിന് കമ്യൂണിസ്റ്റുകാരോട് താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാല്‍ അത് എത്രമാത്രം ശരിയാകും? എസ്എന്‍ഡിപി നേതൃത്വം കമ്യൂണിസ്റ്റുകാരോട് എന്നെങ്കിലും താല്‍പ്പര്യം കാട്ടിയിട്ടുണ്ടോ?
1957ല്‍ കമ്യൂണിസ്റ്റുകാര്‍ മത്സരിച്ചപ്പോള്‍ യോഗനേതൃത്വം കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായിരുന്നു. 59ല്‍ വിമോചനസമരം വന്നപ്പോള്‍ യോഗനേതൃത്വം വിമോചനക്കാരുടെ കൂടെയായിരുന്നു. 
മന്നം-ശങ്കര്‍-പട്ടം-ബാഫക്കി എന്നതായിരുന്നു അന്നു മുദ്രാവാക്യം. അതായിരുന്നു അന്നത്തെ സഖ്യം. അന്ന് ശങ്കര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നിന്നപ്പോഴും സാധാരണ യോഗം പ്രവര്‍ത്തകരുടെ മനസ്സ് കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പമായിരുന്നു. പിന്നീട് യോഗനേതൃത്വം എസ്ആര്‍പി എന്നൊരു പാര്‍ടിയുണ്ടാക്കി. ആ പാര്‍ടി ജനിച്ചതും മരിച്ചതും കമ്യൂണിസ്റ്റ് വിരുദ്ധ യുഡിഎഫില്‍. യോഗനേതൃത്വത്തിന്റെ ചരിത്രം ഇതാണ്. 
എന്നാല്‍, ഈഴവസമുദായത്തിന്റെ ചരിത്രം ഇതല്ല. ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും കയര്‍ത്തൊഴിലാളികളും ഉള്‍പ്പെട്ട ആ സമുദായം യോഗനേതൃത്വം ഇത്തരം നിലപാടുകള്‍ എടുത്ത ഘട്ടത്തിലടക്കം കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പം നിന്നിട്ടുണ്ട്.
കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നപ്പോഴൊന്നും സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല എന്നു പറയുന്നുണ്ട് വെള്ളാപ്പള്ളി നടേശന്‍. ജാതി അടിസ്ഥാനത്തിലാണല്ലൊ അദ്ദേഹം ഇതു പറയുന്നത്. അതുകൊണ്ടുമാത്രം അതേ ഭാഷയില്‍ത്തന്നെ തിരിച്ചുചോദിക്കട്ടെ. 
ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്കരണ നിയമം തുടങ്ങിയവയുടെ ഫലമായി സ്വന്തമായി ഭൂമിയും കുടികിടപ്പും കിട്ടിയവരില്‍ മഹാഭൂരിപക്ഷവും ഈഴവസമുദായത്തില്‍പ്പെട്ടവരല്ലേ? കര്‍ഷകത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, കുടികിടപ്പുകാര്‍ ഒക്കെയായ ആ സമുദായത്തിലെ മഹാഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളായില്ലേ? ഈ വിഭാഗം തൊഴിലാളികളുടെ കൂലിയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വര്‍ധന വരുത്തിക്കൊടുത്തതു കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ സര്‍ക്കാരുമല്ലേ? കുട്ടിക്കൃഷ്ണമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന ടെനന്‍സി കമീഷന് ഇ എം എസ് എഴുതിയ വിയോജനക്കുറിപ്പ്, ഭൂപരിഷ്കരണം കാണക്കൃഷിക്കാരില്‍നിന്ന് പാട്ടക്കൃഷിക്കാരുടെ തലത്തിലേക്കിറക്കിക്കൊണ്ടുവരണം എന്നതായിരുന്നു. അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് മന്ത്രിസഭ ചെയ്തതുമതാണ്. അതിന്റെ ഗുണം ഏറ്റവുമധികമനുഭവിച്ചത് ഈഴവസമുദായമാണെന്നു മനസ്സിലാക്കാന്‍ വെള്ളാപ്പള്ളി ചരിത്രം ഒന്നു പരതിനോക്കിയാല്‍മാത്രം മതി. സ്വസമുദായത്തിലെ പാവപ്പെട്ടവരോട് ഒന്നു ചോദിച്ചാലും മതി.
ഈ സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് കമ്യൂണിസ്റ്റുകാരെക്കൊണ്ട് സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേട്ടമുണ്ടായിട്ടില്ല എന്നു പറയാന്‍ വെള്ളാപ്പള്ളിക്ക് എങ്ങനെ കഴിയുന്നു? സമുദായത്തിലെ താഴെത്തട്ടുകാര്‍ക്ക് ഗുണമുണ്ടായിട്ടുണ്ട്. അതിലെ പ്രമാണിവിഭാഗത്തിന് അതില്‍ അസ്വസ്ഥതയുണ്ടായിട്ടുമുണ്ട്. ആ പ്രമാണി വിഭാഗവുമായി കമ്യൂണിസ്റ്റുകാര്‍ക്ക് ഇടയേണ്ടിവന്നിട്ടുണ്ട്. മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. നാളെയുമുണ്ടാകും. അതു സ്വാഭാവികമാണുതാനും. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും അതിനു താഴെത്തട്ടിലുള്ളവരും എന്നും പാര്‍ടിക്കൊപ്പം നിന്നിട്ടുമുണ്ട്.
സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ആരും എഴുതേണ്ടതില്ല. ജാതി പറഞ്ഞാല്‍ എന്താണു കുഴപ്പം എന്നുചോദിക്കുന്ന വെള്ളാപ്പള്ളി കാര്‍ഷികബന്ധ നിയമംകൊണ്ടും കൂലിവര്‍ധനകൊണ്ടും നേട്ടമുണ്ടാക്കിയവരുടെ ജാതിതിരിച്ചുള്ള കണക്കെടുത്തുനോക്കട്ടെ. അപ്പോള്‍ മനസ്സിലാകും താന്‍ പറഞ്ഞതല്ല സത്യമെന്ന്.
ബിജെപി സവര്‍ണപാര്‍ടിയല്ല എന്നും പറയുന്നുണ്ട് വെള്ളാപ്പള്ളി. അദ്ദേഹം കര്‍ണാടകയിലെ ഉഡുപ്പി ക്ഷേത്രത്തില്‍ ഒന്നു പോകട്ടെ. അവിടെ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നു. രണ്ട് ഊട്ടുപുരയുണ്ട് അവിടെ. ഒന്നു ബ്രാഹ്മണര്‍ക്ക്. മറ്റൊന്ന് കീഴ്ജാതിക്കാര്‍ക്ക്. ഈ ജാതിവിവേചനവും അയിത്താചാരണവും അവിടെ അവസാനിപ്പിക്കാന്‍ ഏറെക്കാലമായി ഒരു പാര്‍ടി ലാത്തിച്ചാര്‍ജടക്കം നേരിട്ട് സമരം ചെയ്യുന്നുണ്ട്. അതാണ് സിപിഐ എം. സമരനേതാക്കളെ പൊലീസിനെവിട്ട് തല്ലിക്കുന്നതും കേസില്‍ കുടുക്കുന്നതും വിഎച്ച്പിയുടെയും ബിജെപിയുടെയും വലിയ നേതാവായ പേജാവര്‍ സ്വാമിയാണ്. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃനിരയില്‍ അശോക് സിംഗാളിനും പ്രവീണ്‍ തൊഗാഡിയക്കും ഒപ്പം സ്ഥാനമുള്ളയാള്‍. അവരുടെ തെക്കേ ഇന്ത്യന്‍ നേതാവ്. പുതിയ ചങ്ങാതിമാരായ പ്രവീണ്‍ തൊഗാഡിയക്കും അശോക് സിംഗാളിനും ഒപ്പം വെള്ളാപ്പള്ളി ഒന്ന് അവിടെ പോകണം. അവര്‍ക്കൊപ്പം ഊണ് കഴിക്കാനിരുന്നാല്‍ രക്ഷപ്പെടുത്താന്‍ അവിടെ സമരം ചെയ്യുന്ന സിപിഐ എമ്മുകാരേ ഉണ്ടാകൂ.
തൊട്ടപ്പുറത്ത് മംഗലാപുരത്ത് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തില്‍ "മഡെ സ്നാന' എന്നൊരു ആചാരമുണ്ട്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചിട്ടു പുറത്തിടുന്ന ഇലയില്‍ അവര്‍ണ ജാതിക്കാര്‍ ഉരുളണം. ഇത് നടത്തിക്കൊണ്ടുപോകുന്നത് വിഎച്ച്പി-ബിജെപി നേതാക്കളാണ്. അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്നത് സിപിഐ എമ്മുകാരും.
അവിടെച്ചെന്ന് വിശ്വഹിന്ദു പരിഷത്തിനോടു വെള്ളാപ്പള്ളി നടേശന്‍ ഒന്നു പറഞ്ഞുനോക്കട്ടെ ഈ അനാചാരം അവസാനിപ്പിക്കണമെന്ന്. അപ്പോള്‍ അറിയാം, വിഎച്ച്പിയും ബിജെപിയും ഒക്കെ സവര്‍ണ പാര്‍ടിയാണോ അല്ലയോ എന്ന്.
പിന്നോക്കക്കാരും ദളിത് വിഭാഗങ്ങളും സവര്‍ണ വര്‍ഗീയശക്തികളാല്‍ ആക്രമിക്കപ്പെട്ടിടങ്ങളിലൊക്കെ ബിജെപിയും വിഎച്ച്പിയും സംഘപരിവാര്‍ ആകെത്തന്നെയും ആക്രമണം നടത്തിയ സവര്‍ണ വര്‍ഗീയശക്തികളുടെ ഒപ്പമായിരുന്നു എന്നതും മറന്നുകൂടാ. 

2002ല്‍ ഹരിയാനയിലെ ഝജ്ജറില്‍ ഒരു വലിയ ദളിത്വേട്ട നടന്നു. ചമാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ആക്രമിക്കപ്പെട്ടത്. ചത്തുപോയ കന്നുകാലികളുടെ തോലുരിച്ച് അതില്‍നിന്ന് ചെരിപ്പുണ്ടാക്കി വില്‍ക്കുന്നത് കുലത്തൊഴിലാക്കിയ സമുദായമാണത്. അതില്‍പ്പെട്ട നാലു ചെറുപ്പക്കാര്‍ ഒരു ചത്ത പശുവിനെ തോലുരിക്കാനായി കൊണ്ടുവരികയായിരുന്നു. അപ്പോള്‍ ബിജെപി-വിഎച്ച്പി-ആര്‍എസ്എസ് സംഘം ഇവരെ ആക്രമിച്ചു. ക്രൂരമായി മര്‍ദിച്ചശേഷം പൊലീസിന് ഏല്‍പ്പിച്ചുകൊടുത്തു. ലോക്കപ്പിലിട്ടും പൊലീസിനു പുറമെ ഈ സംഘാംഗങ്ങള്‍ ഇവരെ മര്‍ദിച്ചു. അതിന്റെ ഫലമായി നാലുപേരും കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച ആ പ്രദേശത്തെ ദളിത് കുടുംബങ്ങളെയാകെ ഈ സംഘം വേട്ടയാടി. സ്ത്രീകളെ അപമാനിച്ചു, കുടിലുകള്‍ക്ക് തീവച്ചു. ഇവിടെ വിഎച്ച്പിയുടെയും ബിജെപിയുടെയും സംസ്ഥാന നേതൃത്വംവരെ കൊല്ലപ്പെട്ട ദളിതുകള്‍ക്കെതിരെയാണ് നിലകൊണ്ടത്. ഗോഹത്യ നടത്തിയവര്‍ക്ക് ഇങ്ങനെ വരണമെന്നാണ് പരസ്യമായി പറഞ്ഞത്. എന്നാല്‍, പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞത് ഇവര്‍ പശുവിനെ കൊന്നിരുന്നില്ല എന്നും ചത്ത പശുവിനെ എടുത്തുകൊണ്ടുവരികമാത്രമേ ചെയ്തിരുന്നുള്ളു എന്നുമാണ്. അന്ന് ബിജെപി പിന്തുണയോടെ ഹരിയാന ഭരിച്ചിരുന്ന ഓംപ്രകാശ് ചൗതാലയോ കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയിയോ ഏതെങ്കിലും തരത്തില്‍ ഈ ദളിതുകളുടെ കണ്ണീരൊപ്പാന്‍ എത്തിയില്ല. മറിച്ച് സവര്‍ണ അക്രമകാരികളെ ഭരണാധികാരം വഴിവിട്ട് രക്ഷിക്കുകയും ചെയ്തു.
ഇനി മറ്റൊരു ഉദാഹരണം. 1997-1998ല്‍ മഹാരാഷ്ട്രയില്‍ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ ലോക്സഭാ മണ്ഡലത്തില്‍ വ്യാപകമായി ദളിത് വേട്ട നടന്നു. മഹാജന്‍ അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതിലുള്ള പ്രതിഷേധം മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആ മണ്ഡലത്തിലെ ദളിത് സമൂഹം കൂട്ടത്തോടെ മഹാജനെതിരെ വോട്ടുചെയ്തു. അദ്ദേഹം തോറ്റു. മഹാജന്‍ പിന്നീടൊരിക്കലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. മത്സരിക്കുന്നെങ്കില്‍ മഹാരാഷ്ട്രയ്ക്കു പുറത്തേ ഉണ്ടാകൂ എന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. ഇതിലൊക്കെ പ്രകടമാണ് പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് ബിജെപിയോടും ബിജെപിക്ക് ഈ വിഭാഗങ്ങളോടും ഉള്ള മനോഭാവം.
ഒരു "പിന്നോക്കക്കാരനെ' ഉയര്‍ത്തിക്കാട്ടി എന്നതുകൊണ്ട് ബിജെപി ബ്രാഹ്മണാധിപത്യ പാര്‍ടിയല്ലാതാകില്ല. അങ്ങനെ ഒരാളെ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ നിര്‍ബന്ധിതമായതുപോലും മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പിന്നോക്കരാഷ്ട്രീയതരംഗം കൊണ്ടാണ്. ഉയര്‍ത്തിക്കാട്ടപ്പെട്ട ആ പിന്നോക്കക്കാരന്‍ ബ്രാഹ്മണാധിപത്യത്തിന്റെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നത് വെള്ളാപ്പള്ളി കാണാതിരുന്നുകൂടാ.  

സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ ബ്രാഹ്മണനില്ലേ എന്നു ചോദിക്കുന്ന വെള്ളാപ്പള്ളി, ആ വ്യക്തിയാണ് അയിത്താചരണത്തിനെതിരായ സമരനിരയുടെ മുമ്പില്‍ ചെന്നുനിന്ന് ബ്രാഹ്മണാധിപത്യത്തെയും അതിന്റെ ജീര്‍ണാചാരങ്ങളെയും വെല്ലുവിളിക്കുന്നത് എന്നതും മറന്നുകൂടാ. ബിജെപി ഉയര്‍ത്തിക്കാട്ടിയ ആ പിന്നോക്കക്കാരന്റെ തണലിലാണ് മുന്‍ സൂചിപ്പിച്ചപോലെ പലയിടത്തും അശോക് സിംഗാളുമാരും പേജാവര്‍ സ്വാമിമാരും അയിത്താചരണം നടത്തുന്നത് എന്നതും മറന്നുകൂടാ.   

2015 ജൂലൈ 22, ബുധനാഴ്‌ച

ഇന്ത്യന്‍ അഴിമതി ലീഗ്

വ്യാപം: മധ്യപ്രദേശ്
അഴിമതി നടന്ന കാലാവധി 2007 മുതല്‍ 2013 വരെ.
എന്‍ജിനിയറിങ്, മെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്കുള്ള കളങ്കിതമായ പ്രവേശനപരീക്ഷയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റിലെ അഴിമതിയും.
ബാധിച്ച യുവജനങ്ങള്‍- 76,76,718.
അറസ്റ്റുചെയ്യപ്പെട്ടവര്‍-വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നു. വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ മറ്റു 2000പേരും ജയിലിലാണ്.
അഴിമതിയില്‍ കുറ്റാരോപിതരോ അതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആയവര്‍ ദുരൂഹസാഹചര്യത്തിലും അസ്വാഭാവികമായും മരണമടഞ്ഞത്- 49 (സംസ്ഥാന പ്രത്യേക അന്വേഷണസംഘം പോലും 25 മരണം നടന്നതായി അംഗീകരിക്കുന്നു.)
ഈ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ട, ഒരു ദേശീയ ടി വി ചാനലില്‍ ജോലി ചെയ്യുന്ന അക്ഷയ്സിങ്ങിന്റെ മരണത്തോടെ കൊല്ലപ്പെട്ടവരുടെ
ശിവരാജ്സിങ് ചൗഹാന്‍
കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടുതുടങ്ങി. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് രണ്ടുദിവസത്തിനുശേഷം അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് ആളുകള്‍ കൂടി അതേപോലെ ദുരൂഹവും അസ്വാഭാവികവുമായ വിധം മരിച്ചു.
അവരില്‍ ആദ്യത്തെയാള്‍ വ്യാജ മെഡിക്കല്‍ ബിരുദങ്ങള്‍ നല്‍കിയതു സംബന്ധിച്ച് അന്വേഷിക്കുന്ന ജബല്‍പുര്‍ മെഡിക്കല്‍ കോളേജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മയാണ്; അദ്ദേഹത്തെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടു. ഒരുവര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ഡീന്‍ കെ സാകലേയയെ വീടിനടുത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ഡോ. ശര്‍മയുടെ ദുരൂഹമരണത്തിനടുത്ത ദിവസം, വ്യാപത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിയെ സാഗര്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിനടത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഈ അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് ആളുകളുടെ ദുരൂഹമരണം മൂന്നുദിവസമായി നടന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി താന്‍ അകാലത്തില്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭീതി പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനു രണ്ടുദിവസംമാത്രം മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ നിര്‍ബന്ധിതനായി. ഈ നടപടി കൈക്കൊണ്ടതിന്റെ തൊട്ടുതലേ ദിവസമാണ് അദ്ദേഹവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മറ്റു ബിജെപി നേതാക്കളും അഴിമതി അന്വേഷണത്തില്‍ സിബിഐയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കിയത്. ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്; കേസന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വേണമോ എന്നകാര്യം തീരുമാനിക്കാനിരിക്കുകയുമാണ്. ഇതോടെ സിബിഐ അന്വേഷണത്തിന് വിസമ്മതിച്ച സര്‍ക്കാരിന്റെയും ബിജെപി നേതാക്കളുടെയും കാപട്യം തുറന്നുകാട്ടപ്പെട്ടു.
അരിവാങ്ങി പടുകൂറ്റന്‍ അഴിമതി
ഇതേവരെ പുറത്തുവന്നതില്‍ ഏറ്റവുംവലിയ അഴിമതി ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ 36,000 കോടി രൂപയുടെ പൊതുവിതരണ കുംഭകോണമാകാനിടയുണ്ട്. രമണ്‍സിങ് പാവപ്പെട്ടവരുടെ ആഹാരംതന്നെ മോഷ്ടിക്കുന്നതായാണ് ആരോപണം. ഛത്തിസ്ഗഡിലെ പൊതുവിതരണസമ്പ്രദായത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന നാണംകെട്ടതും അതിഭീകരവുമായ അഴിമതി ഉന്നത നേതാക്കളുടെ അറിവും അനുവാദവുമില്ലാതെ നടക്കില്ല. ഈ ഒരൊറ്റ അഴിമതിയില്‍ ഉള്‍പ്പെട്ട പണം, ഒരുവര്‍ഷത്തേക്ക് രാജ്യത്താകെ തൊഴിലുറപ്പുപദ്ധതി നടപ്പാക്കാന്‍ ബജറ്റില്‍ നീക്കിവച്ച മൊത്തം തുകയേക്കാള്‍ ഏറെ കൂടുതലാണ്.
സുഷ്മ ബ്രാന്‍ഡ് ദേശീയത
ബിജെപി അധികാരത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയാകും മുമ്പുതന്നെ, ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്ന് യാത്രാനുമതി നേടിയെടുക്കുന്നതിന് ലളിത് മോഡിയെ സഹായിച്ച സുഷ്മ സ്വരാജിന്റെ
സുഷ്മ സ്വരാജ്   ലളിത് മോഡി  വസുന്ധര രാജെ
അപലപനീയവും നികൃഷ്ടവുമായ നടപടി വെളിച്ചത്തുവന്നു. ധനമന്ത്രാലയത്തിനു കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ലളിത് മോഡി. നികുതി വെട്ടിപ്പ്, കള്ളപ്പണം കടത്തല്‍, വിദേശനാണയവിനിമയ നിയമലംഘനം എന്നിവയുള്‍പ്പെടെ ഗുരുതരമായ ഇരുപത്തഞ്ചോളം കേസുകളില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍നിന്ന് ഒളിച്ചോടി ബ്രിട്ടനില്‍
  രമണ്‍സിങ്
കഴിയുകയാണ് ലളിത് മോഡി. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്നയാളെ സഹായിക്കുന്നതിനുമുമ്പ്, ലളിത് മോഡിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പുറമേക്കെങ്കിലും ശ്രമിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടോ തന്റെ തന്നെ ചുമതലയിലുള്ള മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടോ ആലോചിക്കേണ്ടത് ആവശ്യമാണെന്ന് സുഷ്മ സ്വരാജ് ചിന്തിച്ചതുമില്ല. മറിച്ച്, ലളിത് മോഡിയെ സഹായിക്കാന്‍ അവര്‍ നടപടിക്രമങ്ങളെല്ലാം ലംഘിക്കുകയായിരുന്നു.
നരേന്ദ്രമോഡിയുടെ "അഴിമതിമുക്ത' സര്‍ക്കാര്‍ ലളിത് മോഡിയോട് എപ്പോഴും മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ലളിത് മോഡിയുടെ അപ്പീല്‍ സ്വീകരിച്ച 2014 ആഗസ്തില്‍ ഡല്‍ഹി ഹൈക്കോടതി അയാളുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടപ്പോള്‍ മോഡി സര്‍ക്കാര്‍ അതിനെ എതിര്‍ക്കുകയോ അതിനെതിരെ അപ്പീല്‍ നല്‍കുകയോ ചെയ്തില്ല. ഉടന്‍തന്നെ ലളിത് മോഡിയുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കുകയാണുണ്ടായത്. എന്തുകൊണ്ട്? സുഷമ സ്വരാജിന്റെ ഭര്‍ത്താവും മകളുമാണ് കോടതിയില്‍ ലളിത് മോഡിക്കുവേണ്ടി ഹാജരായത്. ലളിത് മോഡിയുടെ കമ്പനിയുടെ നിയമോപദേഷ്ടാവാണ് സുഷ്മ സ്വരാജിന്റെ ഭര്‍ത്താവ്. തന്റെ കമ്പനികളിലൊന്നിന്റെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ തന്റെ അസാന്നിധ്യത്തില്‍ തനിക്കുവേണ്ടി ഹാജരാകാന്‍ സുഷ്മ സ്വരാജിന്റെ ഭര്‍ത്താവിനെ ലളിത് മോഡി നിയമാനുസരണം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഉറ്റബന്ധവും വിശ്വാസവുമാണ് ഇതു കാണിക്കുന്നത്. ആ നിലയില്‍, വിദേശമന്ത്രി സുഷ്മ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായ അനുവദനീയമല്ലാത്ത അനൗചിത്യം മാത്രമായി ഈ കേസിനെ കാണാനാകില്ല; അതിനപ്പുറം ഇത് താല്‍പ്പര്യസംഘട്ടനത്തിന്റേതായ ഒരു കേസും കൂടിയാണ്. ബിജെപി ഇതിനെ ന്യായീകരിച്ചു. എന്നാല്‍, ആര്‍എസ്എസ് ഒരു പടികൂടി കടന്ന് ഇത് "ദേശീയവാദ'പരമായ ഒരു നടപടിയെന്ന് പറയുകയുണ്ടായി. ആര്‍എസ്എസിനെ സംബന്ധിച്ച് ക്രിമിനലുകള്‍ ഇന്ത്യക്കാരനാണെങ്കില്‍ അത്തരക്കാരെ സംരക്ഷിക്കുന്നത് ദേശസ്നേഹത്തിന്റെ സൂചനയാണ്. ഇതാണ് അവസ്ഥയെങ്കില്‍, ഇന്ത്യയിലെ എല്ലാ ക്രിമിനലുകള്‍ക്കും വിദേശരാജ്യങ്ങളില്‍ അഭയംതേടാം. അങ്ങനെയാകുമ്പോള്‍ ഏതുവിധേനയും അവരെ സഹായിക്കേണ്ടത് ആര്‍എസ്എസ് നയിക്കുന്ന മോഡി സര്‍ക്കാരിന്റെ ദേശീയവാദപരമായ കര്‍ത്തവ്യമായി പരിഗണിക്കപ്പെടും.
വസുന്ധര ബ്രാന്‍ഡ് സല്‍ഭരണം
ലളിത് മോഡിയെ സഹായിക്കുന്നതില്‍ വസുന്ധരരാജെ സിന്ധ്യ ആരുടെയും പിന്നിലല്ല. വസുന്ധര രാജെ മുമ്പ് മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് ലളിത് മോഡി രാജസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) എല്ലാമെല്ലാമായി അയാള്‍ മാറിയതും അപ്പോഴാണ്. ബ്രിട്ടീഷ് കോടതികളില്‍ ഉപയോഗിക്കുന്നതിനായി വസുന്ധര രാജെ രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷനേതാവെന്ന നിലയില്‍ ലളിത് മോഡിക്ക് സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റിന് സത്യവാങ്മൂലം നല്‍കുകയുണ്ടായി. രാഷ്ട്രീയപ്രതികാരത്തിന്റെ ഇരയായി ഇന്ത്യ വിടാന്‍ ലളിത് മോഡി നിര്‍ബന്ധിതനാകുകയായിരുന്നു എന്നാണ് വസുന്ധര രാജെ പ്രസ്താവിച്ചത്. അതിനുമപ്പുറം, തന്റെ പ്രസ്താവന ഇന്ത്യന്‍ അധികൃതര്‍ അറിയരുതെന്നും അത് രഹസ്യമായി സൂക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിലേറെ ലജ്ജാകരമായ മറ്റൊരു നടപടി ഉണ്ടാകില്ല. ബിജെപിയുടെ ഉന്നതനേതാക്കളുടെ "സുതാര്യത'യുടെ ഉദാത്ത മാതൃകയാണിത്. ഇതാണോ ദേശസ്നേഹത്തിന്റെ പുതിയ ബ്രാന്‍ഡ്? ഇവിടെ ഇത് വെറുമൊരു താല്‍പ്പര്യസംഘട്ടനം മാത്രമല്ലാതാകുന്നു; അതുതന്നെ ആവശ്യത്തിലേറെ മോശപ്പെട്ട ഒരുകാര്യമാണെങ്കിലും അതിനുമപ്പുറം ഇത് പ്രത്യക്ഷത്തില്‍ തന്നെ കൊടുക്കല്‍വാങ്ങല്‍ ഇടപാടാണ്. വസുന്ധര രാജെയുടെ മകന്റെ ഉടമസ്ഥതയിലുള്ള നിയന്ത് ഹെറിറ്റേജ് ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ ലളിത്മോഡി വാങ്ങുകയുണ്ടായി. ഓഹരി ഒന്നിന് പത്തുരൂപയാണ് വില. എന്നാല്‍, ലളിത് മോഡി അതു വാങ്ങിയത് ഓരോ ഓഹരിക്കും 96,000 രൂപ പ്രകാരമാണ്; മുഖവിലയുടെ 10,000 ഇരട്ടി വിലയ്ക്ക്. ഊതി വീര്‍പ്പിക്കപ്പെട്ട ഈ ഓഹരികളിലെ ഗണ്യമായ ഒരുഭാഗം ഉടന്‍തന്നെ മകനും മരുമകളും വസുന്ധര രാജെക്ക് "ജന്മദിനസമ്മാന'മായി കൈമാറുകയും ചെയ്തു. എന്നിട്ടും അവര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നു.
മഹാരാഷ്ട്ര മുന്നിലാണ്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതി വെളിച്ചം കാണാന്‍ ഒരുവര്‍ഷംപോലും വേണ്ടിവന്നില്ല. ഉദാഹരണത്തിന്, ഒരുവര്‍ഷം പിന്നിടാന്‍ മാസങ്ങള്‍ അവശേഷിക്കെ, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടു മന്ത്രിമാര്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയില്‍ ഉള്‍പ്പെട്ടതായി ആരോപണമുയര്‍ന്നു. വിനോദ് താവ്ഡെ എന്ന മന്ത്രി ടെന്‍ഡര്‍ വിളിക്കാതെ 191 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതായി ആരോപിക്കപ്പെടുന്നു. അതേസമയം, സംസ്ഥാന വനിത-ശിശുക്ഷേമമന്ത്രി പങ്കജ മുണ്ടെയുടെ പേര് "ചിക്കി-ചത്തയ് അഴിമതി'യുമായി ബന്ധപ്പെട്ട് പത്രങ്ങളുടെ തലവാചകങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു. ടെന്‍ഡര്‍ വിളിക്കാതെയും അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കാതെയും അവര്‍ തന്റെ സില്‍ബന്ധികള്‍ക്ക് തികച്ചും ഏകപക്ഷീയമായി 206 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കി- അതും ഒരൊറ്റ ദിവസം. സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു എന്‍ജിഒക്ക് 80 കോടി രൂപയുടെ "ചിക്കി'ക്കുള്ള ഓര്‍ഡര്‍ നല്‍കിയത് ഇതില്‍പ്പെടുന്നു. ഈ ചിക്കി കളിമണ്ണുകലര്‍ത്തി മായം ചേര്‍ക്കപ്പെട്ടതാണെന്ന് പിന്നീട് കണ്ടെത്തി.
മുക്കൂട്ടു മുന്നണി
"ബിസിനസുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതി'ലാണ് ബിജെപി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. എല്ലാ നടപടിക്രമങ്ങളെയും നിയമങ്ങളെയും ചട്ടങ്ങളെയും അത് പൊളിച്ചടുക്കുകയാണ്; ബിസിനസ് ഇടപാടുകളെയും തെറ്റായ നടപടികളെയും നിരീക്ഷിക്കുന്നത് വേണ്ടെന്നുവയ്ക്കുകയാണ്. ഇത്തരം നയങ്ങളാണ് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം നയങ്ങളാണ് രാഷ്ട്രീയക്കാരുമായി അവിശുദ്ധ കൂട്ടുകെട്ടിനുള്ള അവസരമൊരുക്കുന്നത്. ഈ നയംതന്നെയാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഒരുകൂട്ടം ബ്യൂറോക്രാറ്റുകളും നേരുംനെറിയുമില്ലാത്ത ബിസിനസുകാരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന അഴിമതിയുടെ അടിവേരാകുന്നത്. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ ശിങ്കിടി മുതലാളിത്തം തഴച്ചുവളരുന്നു. കോടാനുകോടി രൂപയുടെ പൊതുപണം കൊള്ളയടിക്കപ്പെട്ട യുപിഎ ഭരണകാലത്തും ഇതുതന്നെയാണ് സംഭവിച്ചത്. സല്‍ഭരണം സംബന്ധിച്ച ബിജെപിയുടെ മുഖംമൂടി ഒരുവര്‍ഷത്തിനുള്ളില്‍ അഴിച്ചുമാറ്റപ്പെട്ടിരിക്കുകയാണ്. അതിന്റെ തനിനിറം ഇനിയും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.ബിജെപി-സംഘപരിവാര്‍ കൂട്ടുകെട്ടിന്റെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ എന്നപോലെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും സമരങ്ങള്‍ നടന്നുവരികയാണ്. ഇപ്പോള്‍ അവരുടെ അഴിമതികള്‍ സംബന്ധിച്ച സത്യങ്ങളും പുറത്തുവരുന്നു. ബിജെപിക്ക് വോട്ടുചെയ്ത ഇന്ത്യയിലെ 31 ശതമാനംപേര്‍ ഇത് പ്രതീക്ഷിച്ചതല്ല. എന്നാല്‍, ബിജെപിയെ ഇതൊന്നും ഉല്‍ക്കണ്ഠപ്പെടുത്തുന്നതേയില്ല. തങ്ങളുടെ സഹപ്രവര്‍ത്തകരുടെ സര്‍വനടപടികളെയും നാണംകെട്ട നിലയില്‍ ന്യായീകരിക്കുകയാണ്- പ്രധാനമന്ത്രി മോഡി ഭീതിദമായ മൗനത്തിലൂടെയും അമിത്ഷാ തന്റെ ശക്തമായ ന്യായവാദങ്ങളിലൂടെയും. ഇത് അംഗീകരിക്കാനാകില്ല. വലിയ കുംഭകോണങ്ങളില്‍ ഉള്‍പ്പെട്ട സുഷ്മ സ്വരാജും വസുന്ധരയും ശിവരാജ് സിങ് ചൗഹാനും ഉടന്‍ രാജിവയ്ക്കണമെന്നാണ് നീതിബോധം ആവശ്യപ്പെടുന്നത്.
ഇതിനോടൊക്കെ പ്രതിഷേധിക്കാന്‍ ആറ് ഇടതുപക്ഷ പാര്‍ടികള്‍ സംയുക്ത ആഹ്വാനം നല്‍കിയിരിക്കുകയാണ്. ബിജെപിയുടെ അഴിമതിക്കെതിരെ 20നു നടക്കുന്ന പ്രകടനത്തില്‍ ഏവരും അണിചേരുക.

2015 ജൂലൈ 8, ബുധനാഴ്‌ച

അഴിമതിയുടെ വ്യാപനം

രാജ്യത്ത് പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട അഴിമതികളില്‍ ഏറ്റവും ആസൂത്രിതവും വിപുലവുമാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി. മെഡിക്കല്‍- എന്‍ജിനിയറിങ് സീറ്റുകളിലേക്കും സര്‍ക്കാര്‍ ഏജന്‍സികളുടെ വിവിധ ഒഴിവിലേക്കും നിയമനം നടത്തുന്നതിന് 1980ല്‍ രൂപംകൊണ്ട സമിതിയാണ് മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (എംപിപിഇബി). ഹിന്ദിയില്‍ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നും പറയുന്നു. ഹിന്ദിയിലുള്ള പേരിന്റെ ചുരുക്കെഴുത്ത് എന്ന രീതിയിലാണ് ഈ അഴിമതിക്ക് വ്യാപം എന്ന പേരുലഭിച്ചത്.
വ്യാപം നടത്തിയ പരീക്ഷകളില്‍ 1990 കളില്‍ത്തന്നെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും 2009ല്‍ നടത്തിയ പ്രീ മെഡിക്കല്‍ പരീക്ഷ മുതലാണ് വ്യാപകമായി പരാതികള്‍ ഉയര്‍ന്നത്. ഇന്തോറിലെ നേത്രരോഗ വിദഗ്ധന്‍ ആനന്ദ് റായി ഈ പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് വ്യാപം അഴിമതി പൊതുജനമധ്യത്തിലെത്തുന്നത്. ഇതോടെ റായിക്കെതിരെ പല കോണുകളില്‍നിന്നും വധഭീഷണി ഉയര്‍ന്നു. അദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും മാസം 50,000 രൂപ നല്‍കിയാല്‍മാത്രമേ സുരക്ഷ നല്‍കാനാവൂ എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 36,000 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറായിരുന്നു അന്ന് റായി. 2015ല്‍ മാത്രമാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ഏഴുമണിക്കൂര്‍ സെക്യൂരിറ്റി നല്‍കിയത്. ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഗൗരി റായിയെ മൗവിലെ സിവില്‍ ആശുപത്രിയില്‍നിന്ന് സര്‍ക്കാര്‍ പറഞ്ഞുവിടുകയും ചെയ്തു.
പ്രശാന്ത് പാണ്ഡെ എന്ന സോഫ്റ്റ്വെയര്‍ വിദഗ്ധനാണ് അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരാള്‍. സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസമിതിയെ സഹായിക്കുകയും മുന്‍ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മയെയും ഖനി രാജാവ് സുധീര്‍ ശര്‍മയെയും മറ്റും അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ തെളിവുകള്‍ ശേഖരിക്കുകയുംചെയ്ത പണ്ഡെയെ കള്ളക്കേസ് കെട്ടിച്ചമച്ച് ശിവരാജ്സിങ് ചൗഹാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. അന്വേഷണവിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പാണ്ഡെ ശേഖരിച്ച തെളിവുകള്‍മൂലം അറസ്റ്റിലായ പ്രതികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തെയും ജയിലിലടച്ചത്. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹത്തിന് സുരക്ഷ നല്‍കണമെന്നും ഡല്‍ഹികോടതിയാണ് അവസാനം വിധിച്ചത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമമുണ്ടായി. ഭാര്യയോടൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഇന്തോറിലെ വസതിയിലേക്ക് മടങ്ങവെയായിരുന്നു വധശ്രമം. കേസില്‍പ്പെട്ട പലരും കൊല്ലപ്പെട്ടതുപോലെ വാഹനാപകടത്തില്‍ അപായപ്പെടുത്താനാണ് ശ്രമമുണ്ടായത്.
ആശിഷ് ചതുര്‍വേദിയാണ് കേസ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ച മറ്റൊരാള്‍. മൂവരും നടത്തിയ ശ്രമങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ എസ്ഐടി അന്വേഷണത്തിന് 2009ല്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതി അന്വേഷണം ഏറ്റെടുത്തപ്പോള്‍ അവരെ സഹായിക്കാനായി 2012ല്‍ എസ്ടിഎഫിനും രൂപം കൊടുത്തു. 92,176 രേഖ ഇതിനകം പിടിച്ചെടുത്തു. 3292 കേസ് ചുമത്തപ്പെട്ടു. 1800 പേര്‍ അറസ്റ്റിലായി. 500 പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. അന്വേഷണം അവസാനിച്ചിട്ടില്ല.
മത്സരപ്പരീക്ഷകളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത അഴിമതിയേക്കാള്‍ വിപുലമായ മാനം വ്യാപം അഴിമതിക്കുണ്ട്. രാഷ്ട്രീയക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ക്രിമിനലുകള്‍, പൊലീസുകാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിപുലമായ കണ്ണിയാണ് അഴിമതിക്ക് പിന്നില്‍. സമൂഹത്തിലെ സമ്പന്നരായ വ്യക്തികളാണ് സ്വന്തം കുട്ടികള്‍ക്ക് ജോലിയും മെഡിക്കല്‍ സീറ്റും മറ്റും ഉറപ്പുവരുത്താന്‍ ലക്ഷങ്ങള്‍ ഒഴുക്കിയത്. മൊത്തം 3000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ്് അനൗദ്യോഗിക കണക്ക്. ബിഹാറില്‍ ലാലുപ്രസാദ് യാദവും മറ്റും ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണവുമായാണ് പലരും വ്യാപം അഴിമതിയെ താരതമ്യപ്പെടുത്തുന്നത്. പ്രധാനമായും മൂന്ന് രീതിയിലാണ് അഴിമതി നടന്നത്. ഒന്നാമതായി, പണംകൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയെഴുതാന്‍ അപരന്മാരെ ഏര്‍പ്പെടുത്തും. നേരത്തെ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ഥികളെയാണ് ഇതിനായി ഉപയോഗിച്ചത്. അപരന്മാര്‍ക്ക് ഒരു പരീക്ഷയ്ക്ക് നാലുലക്ഷം രൂപ വരെയാണ് നല്‍കേണ്ടത്. തട്ടിപ്പ് നടത്തുന്ന ഏജന്‍സി പരീക്ഷ എഴുതുന്നതിനായി 10 ലക്ഷം രൂപവരെ ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ഥികളുടെ പേര്, വിലാസം എന്നിവയെല്ലാം, ആരാണോ യഥാര്‍ഥ അപേക്ഷകന്‍ അവരുടേത് തന്നെയായിരിക്കും. എന്നാല്‍, ഹാള്‍ടിക്കറ്റിലെ ഫോട്ടോ അപരന്റേതായിരിക്കും.
പരീക്ഷയ്ക്കുശേഷം ഹാള്‍ടിക്കറ്റിലെ പടം മാറ്റും. പരീക്ഷാഹാളിലെ പരിശോധകന്റെ അറിവോടെ നടത്തുന്ന കോപ്പിയടിയാണ് രണ്ടാമത്തെ രീതി. എന്‍ജിന്‍ ആന്‍ഡ് ബോഗി എന്ന കോഡ് നാമത്തിലാണ് ഇതറിയപ്പെടുന്നത്. പരീക്ഷ നന്നായി പഠിച്ച് എഴുതുന്ന രണ്ട് കുട്ടികള്‍ക്ക് ഇടയിലായി പരീക്ഷാ റാക്കറ്റ് കാശുവാങ്ങിയ വിദ്യാര്‍ഥിയെ ഇരുത്തും. ഇരുഭാഗത്തുമുള്ള കുട്ടികളുടെ ഉത്തരക്കടലാസില്‍നിന്ന് നടുക്കിരിക്കുന്ന വിദ്യാര്‍ഥി കോപ്പിയടിക്കും. ഇരുവശത്തുമിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരിശോധകനും ലക്ഷങ്ങള്‍ ലഭിക്കും.
വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് ഒന്നും എഴുതാതെ നല്‍കുക എന്നതാണ് മറ്റൊരു രീതി. ഒന്നും എഴുതാതെ ഉത്തരക്കടലാസ് ഒഴിച്ചിടുന്നവര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിക്കും. പരീക്ഷാ ഉദ്യോഗസ്ഥരും പരിശോധകരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിയാണിത്. മാര്‍ക്കിനുസരിച്ച് ഒഴിഞ്ഞ ഉത്തരക്കടലാസില്‍ ഉത്തരങ്ങള്‍ എഴുതിച്ചേര്‍ക്കാനും ഈ സംഘത്തിന് കഴിഞ്ഞു. വിവരാവകാശ നിയമമനുസരിച്ച് ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പരീക്ഷ എഴുതാതെതന്നെ മെഡിക്കല്‍- എന്‍ജിനിയറിങ് പ്രവേശനവും ഉദ്യോഗങ്ങളും ലഭിച്ചവര്‍ മധ്യപ്രദേശില്‍ ഏറെയുണ്ടെന്നര്‍ഥം
മരണമെത്തുന്ന നേരംഇരുപത്തിരണ്ടുകാരനായ റിങ്കു എന്ന പ്രമോദ് ശര്‍മയെ 2013 ഏപ്രില്‍ 21ന് മധ്യപ്രദേശിലെ ജാന്‍സിയില്‍ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാപം അഴിമതിക്കേസില്‍ പ്രതിയായ റിങ്കു സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് നിഗമനം. എന്നാല്‍, റിങ്കുവിന്റെ സഹോദരന്‍ മഹാവീര്‍ ശര്‍മ പൊലീസ് ഭാഷ്യം തള്ളുന്നു. തൂങ്ങാന്‍ ഉപയോഗിച്ച തുണിയോ ചരടോ മുറിയില്‍നിന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. റിങ്കുവിന്റെ മുഖത്തുനിന്നും ചെവികളില്‍നിന്നും ചോര ഒലിച്ചിരുന്നു. നെറ്റിയിലും തലയിലും മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മഹാവീര്‍ പറയുന്നു. റിങ്കു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൊലീസ് കുടുംബത്തിന് കൈമാറിയിട്ടില്ല. ഗ്വാളിയറില്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുംവേണ്ടിയുള്ള പരിശീലനകേന്ദ്രം നടത്തുകയായിരുന്നു റിങ്കു. വ്യാപം അഴിമതിയില്‍ പങ്കാളിയാകുന്നത് ഇതുവഴിയാണ്.
പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ നിയമനകുംഭകോണത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെട്ട ദേവേന്ദര്‍ നാഗര്‍ (29) ഭിന്ദ് ജില്ലയിലെ ബിര്‍ക്കാഡി ഗ്രാമത്തില്‍ 2013 ഡിസംബര്‍ 26ന് വാഹനാപകടത്തില്‍ മരിച്ചു. വ്യാപം കുംഭകോണത്തില്‍ മറ്റൊരു ഇടനിലക്കാരനായിരുന്ന ബാന്‍ഡി സിക്കാര്‍വറിനെ (32) ഗ്വാളിയര്‍ സൈനികകോളനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജനുവരി 26നായിരുന്നു സംഭവം. ജീവനൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് ബാന്‍ഡിയുടെ ഭാര്യ മാലയ്ക്ക് ഇനിയും അറിയില്ല. വ്യാപം കേസുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ബാന്‍ഡി വീട്ടില്‍ അറിയിച്ചിരുന്നില്ല.
ജബല്‍പുര്‍ മെഡിക്കല്‍ കോളേജ് ഡീനായിരുന്ന ഡോ. അരുണ്‍ ശര്‍മ വ്യാപം കുംഭകോണം സംബന്ധിച്ച 200 രേഖകള്‍ പ്രത്യേക ദൗത്യസംഘത്തിന് (എസ്ടിഎഫ്) ഈയിടെ കൈമാറി. ജൂലൈ അഞ്ചിന് ഡോ. അരുണ്‍ ശര്‍മയെ ന്യൂഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശര്‍മയ്ക്കുമുമ്പ് ജബല്‍പുര്‍ കോളേജില്‍ ഡീനായിരുന്ന ഡോ. സകല്ലേയും ഒരു വര്‍ഷംമുമ്പ് ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവികൂടിയായിരുന്ന ഡോ. സകല്ലേ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, ഡോ. സകല്ലേയുടെ മരണം കൊലപാതകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജബല്‍പുര്‍ ഘടകം ആരോപിക്കുന്നു. ലേസര്‍ തോക്ക് ഉപയോഗിച്ചാണ് സകല്ലേയെ കൊലപ്പെടുത്തിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഈ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയും ദുരൂഹസാചര്യത്തില്‍ മരിച്ചു.
വ്യാപം കേസിലെ പ്രതികളോ സാക്ഷികളോ കുംഭകോണം പുറത്തുകൊണ്ടുവരാന്‍ തെളിവുകള്‍ നല്‍കിയവരോ ആയ 46 പേരാണ് ഇതിനകം മരിച്ചത്. ഹൃദയാഘാതം, റോഡപകടം, ആത്മഹത്യ, അമിത മദ്യപാനം, മാരകരോഗങ്ങള്‍ എന്നിവയാണ് മരണകാരണങ്ങളായി സര്‍ക്കാരും പൊലീസും പറയുന്നത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്ന് പരിഹസിക്കാന്‍വരെ തയ്യാറായ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ ഇപ്പോള്‍ സ്വരംമാറ്റി. സ്ഥിതി വഷളാകുമെന്നു കണ്ടപ്പോള്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെ പരോക്ഷമായി കുറ്റപ്പെടുത്തി ഗൗര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു.തിരിച്ചറിയാന്‍ കഴിയാത്ത മാരകവിഷം ഉള്ളില്‍ചെന്നാണ് സുനന്ദ പുഷ്കര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപം കൊലപാതകങ്ങളിലും ഇത്തരം വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംശയം ഉയരുകയാണ്. പ്രമുഖരായ ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകന്‍, ഗവര്‍ണറുടെ മകന്‍ എന്നിവരുടെ മരണങ്ങള്‍ ഇതിലേക്കുള്ള സൂചനയാണ്. വന്‍ വിവാദമായ കേസിന്റെ തെളിവുകളും തുമ്പുകളും ഇല്ലാതാക്കാന്‍ ആസൂത്രണംചെയ്ത കൊലപാതകങ്ങളാണ് ഇവയെന്ന് വ്യക്തം. തെളിവുകള്‍ പരമാവധി നശിപ്പിക്കാനാണ് ശ്രമം.
വ്യാപം കേസില്‍ 2012ലാണ് എസ്ടിഎഫ് അന്വേഷണം തുടങ്ങിയത്. അതിനുശേഷമാണ് തുടര്‍ച്ചയായി ഇത്തരം മരണങ്ങള്‍. മാതൃകാഭരണമെന്ന് സംഘപരിവാര്‍ വാഴ്ത്തിവന്ന ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ബീഭത്സമുഖമാണ് പുറത്തുവരുന്നത്. തനിക്കുപോലും ഭയം തോന്നിത്തുടങ്ങിയെന്നും ആരുവേണമെങ്കിലും കൊല്ലപ്പെടാമെന്നും കേന്ദ്രമന്ത്രി ഉമ ഭാരതി തുറന്നുപറഞ്ഞു. കഴിഞ്ഞദിവസങ്ങളിലുണ്ടായ മരണപരമ്പര ഉമ ഭാരതിയുടെ ആശങ്കയ്ക്ക് അടിവരയിടുന്നു. ഡോ. അരുണ്‍ ശര്‍മയ്ക്കു പുറമെ അക്ഷയ് സിങ്, അനാമിക കുശ്വാഹ, രമാകാന്ത് പാണ്ഡെ എന്നിങ്ങനെ നാലുപേരാണ് മൂന്നുദിവസത്തില്‍ മരിച്ചത്. ടിവി ടുഡെയുടെ റിപ്പോര്‍ട്ടറായ അക്ഷയ്സിങ് വ്യാപം അഴിമതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയായിരുന്നു. ദുരൂഹമായി മരിച്ച നമ്രത ദമോറിന്റെ രക്ഷിതാക്കളുടെ അഭിമുഖമെടുത്തതിനു പിന്നാലെയാണ് അക്ഷയ്സിങ് മരിച്ചത്. നമ്രതയുടെ വീട്ടില്‍നിന്ന് അക്ഷയ് ചായയും വെള്ളവും കുടിച്ചിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ വായില്‍നിന്ന് നുരയും പതയും വരാന്‍ തുടങ്ങി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രമക്കേടിലൂടെ നിയമനം കിട്ടിയെന്നു കരുതുന്ന സബ്ഇന്‍സ്പെക്ടര്‍ ട്രെയ്നിയാണ് അനാമിക കുശ്വാഹ. ഇവരുടെ മൃതദേഹം സാഗറിലെ ഒരു തടാകത്തിലാണ് കാണപ്പെട്ടത്. എസ്ടിഎഫ് ചോദ്യംചെയ്ത പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്തിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി
ക്രമക്കേട്പുറത്തുകൊണ്ടുവന്നത്ജീവന്‍പണയംവച്ച് വ്യാപം കേസില്‍ എസ്ടിഎഫിനെ സര്‍ക്കാര്‍ സ്വയംപ്രേരിതമായി നിയോഗിച്ചതല്ല. ഡോ. ആനന്ദ് റായ്, ആശിഷ് ചതുര്‍വേദി, പ്രശാന്ത് പാണ്ഡെ എന്നീ സാമൂഹികപ്രവര്‍ത്തകരാണ് ജീവന്‍ പണയംവച്ച് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. തന്റെ അമ്മയെ ചികിത്സിച്ച ചില ഡോക്ടര്‍മാരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയതിനെത്തുടര്‍ന്ന് ആശിഷ് നടത്തിയ അന്വേഷണമാണ് മെഡിക്കല്‍ പ്രവേശനത്തിലെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ വഴിതെളിച്ചത്. 2009 മുതലാണ് ക്രമക്കേടുകള്‍ വന്‍തോതില്‍ പുറത്തുവന്നത്. എന്നാല്‍, സര്‍ക്കാര്‍ അന്വേഷണം ഇഴഞ്ഞുനീങ്ങി. സാമൂഹികപ്രവര്‍ത്തകരും പ്രതിപക്ഷവും ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് എസ്ടിഎഫിനെ നിയോഗിച്ചത്. എന്നാല്‍, ഗവര്‍ണറും മുഖ്യമന്ത്രിയുംതന്നെ പ്രതിക്കൂട്ടില്‍നില്‍ക്കവെ സംസ്ഥാന പൊലീസിന് കേസ് ഫലപ്രദമായി അന്വേഷിക്കാന്‍ കഴിയില്ല. എസ്ടിഎഫിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണംവേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയിട്ടുള്ളത്. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടാമെന്നാണ് അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഡോ. ആനന്ദ് റായ്, ആശിഷ് ചതുര്‍വേദി, പ്രശാന്ത് പാണ്ഡെ എന്നിവര്‍ പറയുന്നത്. മധ്യപ്രദേശിനെ ചൂഴ്ന്നുനില്‍ക്കുന്ന ഭീകരതയുടെ നടുക്കുന്ന മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്
ഗവര്‍ണറും പ്രതിക്കൂട്ടില്‍മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ (50) കേസില്‍ പ്രതിചേര്‍ത്തിരുന്നു. പൊലീസ് ചോദ്യംചെയ്യാനിരിക്കെയാണ് ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഫോറസ്റ്റ് ഗാര്‍ഡ് നിയമനത്തില്‍ ഇടപെട്ടെന്ന് ആരോപിച്ച് നരേഷ് യാദവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, മധ്യപ്രദേശ് ഹൈക്കോടതി ഗവര്‍ണറെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നിഷേധിച്ചു. ഇതിനെതിരെ ഒരുസംഘം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. തട്ടിപ്പില്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെതിരായും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.നിലവിലുള്ള ഭരണരാഷ്ട്രീയനേതൃത്വത്തില്‍ തട്ടിപ്പുകാര്‍ക്കുള്ള സ്വാധീനത്തിന് തെളിവാണ് രാം നരേഷ് യാദവ് ഗവര്‍ണറായി തുടരുന്നത്. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മോഡിസര്‍ക്കാര്‍ കൂട്ടത്തോടെ മാറ്റിയിരുന്നു. എന്നാല്‍, വ്യാപം കേസില്‍ പ്രതിയായ യാദവ് മധ്യപ്രദേശില്‍ സുരക്ഷിതനായി തുടര്‍ന്നു. സര്‍ക്കാര്‍ ഒത്താശയോടെ അരങ്ങേറിയ തട്ടിപ്പിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍യന്ത്രംതന്നെ അവിരാമം പ്രവര്‍ത്തിക്കുന്നു. നിയമവും ന്യായവും നീതിയും നോക്കുകുത്തികള്‍
മോഡി മൗനത്തില്‍; നാഗ്പുരുംപ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വിഷയത്തില്‍ തികഞ്ഞ മൗനത്തിലാണ്. രാജ്യത്തെ ഞെട്ടിച്ച അഴിമതികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അഴിമതിയുടെ ഇത്രത്തോളം രക്തപങ്കിലമായ അധ്യായം രാജ്യം ദര്‍ശിച്ചിട്ടില്ല. എല്ലാവരെയും ധാര്‍മികത പഠിപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന സംഘപരിവാറും മയക്കത്തിലാണ്. രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവുമധികം സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശ് അഴിമതിക്കയത്തില്‍ മുങ്ങുമ്പോള്‍നാഗ്പുരും നിശ്ശബ്ദത പാലിക്കുന്നു. അഴിമതിക്കറ പുരളാത്ത മുഖ്യമന്ത്രിയെന്ന് ബിജെപി അവകാശപ്പെടുന്ന ശിവരാജ് സിങ് ചൗഹാന്റെ കാലത്താണ് ഈ അഴിമതി മുഴുവന്‍ അരങ്ങേറിയതെന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികാരത്തിന്റെ ഉന്നത ശ്രേണികളിലുള്ളവരുമായി ബന്ധമുണ്ടെങ്കില്‍ മാത്രമേ ഈ അഴിമതി നടക്കൂ എന്ന് വ്യക്തം