2012 ജൂൺ 9, ശനിയാഴ്‌ച

കൊലപാതകങ്ങളും പിശാചുവേട്ടകളും

മാര്‍ക്സിസം ആശയങ്ങളുടെ കേവലതകളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല; കാരണം, കേവലതയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒന്നും മാറ്റിത്തീര്‍ക്കാനാവില്ല,ഒന്നും സംശയിക്കാനാവില്ല (Doubt Everything എന്ന് മാര്‍ക്സ് ). അഹിംസയെ അരാഷ്ട്രീയവും അചരിത്രപരവുമായ ഒരു സംവര്‍ഗമായി മാര്‍ക്സിസത്തിന് കാണാനാവാത്തതും അത് കൊണ്ട് തന്നെ. ചാരുകസേരാ ബുദ്ധിജീവികള്‍ക്ക് വലിയ വായില്‍ അഹിംസയെക്കുറിച്ച് ഗീര്‍വാണം വിടാം, കമ്മ്യൂണിസ്റുകാര്‍ക്ക് സാധ്യമല്ല . ആശയപരമായ സംഘര്‍ഷങ്ങള്‍ പലപ്പോഴും കായികമായ സംഘര്‍ഷങ്ങള്‍ക്ക് വഴി മാറാറുണ്ട് ; ആശയങ്ങള്‍ പാര്‍ക്കുന്നതു പുസ്തകങ്ങളിലല്ല, മനുഷ്യരുടെ തലച്ചോറുകളിലാണ് എന്നത് തന്നെ കാരണം. നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ ബന്ധമാതൃകകളെയും ലോകബോധങ്ങളെയും നിരന്തരം ആക്രമിക്കുന്ന ഒരു ( പ്രയോഗത്തിന്റെ) തത്വചിന്തയ്ക്ക് അങ്ങനെയല്ലാതെ തരമില്ല – ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സി.പി.എമ്മിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അതിനുപിന്നില്‍ കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും എഴുതുന്നു,എസ് ആര്‍ നന്ദകുമാര്‍



‘വിനൂ, നമ്മുടെ ഈ ചര്‍ച്ചതന്നെ വളരെ പക്ഷപാതപരവും അശാസ്ത്രീയവും മൈതാനപ്രസംഗങ്ങള്‍ക്ക് തുല്യമായ വൈകാരിക വിക്ഷോഭവുമൊക്കെയാണ്. അതൊരുപക്ഷേ, യുക്തിസഹമായ കാര്യങ്ങളോ വസ്തുനിഷ്ഠമായ കാര്യങ്ങളോ തെളിവുകളോ ഒന്നുമല്ല. അങ്ങനെയുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ല.
എസ് ആര്‍ നന്ദകുമാര്‍
ഇതുവരെ സംസാരിച്ചവര്‍ വികാരവിജൃംഭിതരായി മൈതാനപ്രസംഗം നടത്തുകയായിരുന്നു. ഒരു സംഭവം നടന്നു, ആ സംഭവത്തിന്റെ കുറ്റവാളികള്‍ ആരാണെന്ന് തെളിയുംമുമ്പ് ഇന്ന കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയും അത് ആ പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും സെക്രട്ടറിമുതലുള്ള എല്ലാ നേതാക്കളെയും വായില്‍തോന്നുന്ന എല്ലാ അശ്ലീലപദങ്ങളും കൊണ്ടഭിഷേകം ചെയ്യുകയും ആ കുറ്റം അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ചുകൊണ്ട് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ധാര്‍ഷ്ട്യം നിറഞ്ഞ വാചകങ്ങളിലൂടെ അതിനെപ്പറ്റി കുറ്റപ്പെടുത്തി പരാമര്‍ശിക്കുകയുമൊക്കെ ചെയ്യുന്ന വളരെ അണ്‍ബാലന്‍സ്ഡും അണ്‍പ്രൊഫഷണലുമായിട്ടുള്ള ഒരു ചര്‍ച്ചയാണിത്. വിനു, അതിനാണ് ഇപ്പോള്‍ ആധ്യക്ഷം വഹിക്കുന്നത്.
എനിക്ക് തോന്നുന്നത് ഇതുപോലുള്ളൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല പ്രസക്തി ഉണ്ടായിരിക്കാം; പക്ഷേ ഇതുപോലുള്ള ഒരു പക്ഷപാതപരമായ രാഷ്ട്രീയപ്രസംഗം പോലെയാകുന്നതുകൊണ്ട് അതില്‍ എന്തുതരത്തില്‍ പറയണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തല്‍ക്കാലം ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണ്.’എം ജി രാധാകൃഷ്ണന്‍ എന്ന സാമൂഹ്യ നിരീക്ഷകന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ മനം മടുത്ത് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം മുഖ്യധാര മാധ്യമങ്ങളുടെ നഗ്നമായ മാര്‍ക്സിസ്റ് വിരുദ്ധ പക്ഷപാതത്തെ തുറന്നു കാട്ടുന്ന നിരീക്ഷണമാണ് ഇത്.



സി പി എം അതിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് നമ്മുടെ കോട്ടയം പത്രങ്ങള്‍ മുതല്‍ ബി ബി സി വരെ പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തെ ഗ്രസിച്ച അക്രമരാഷ്ട്രീയത്തിന്റെ ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ രൂപം കൊണ്ട് കഴിഞ്ഞ മാര്‍ക്സിസ്റ്വിരുദ്ധ മഴവില്‍ മുന്നണിയില്‍ ലിബറല്‍ ജനാധിപത്യവാദികളും തീവ്ര ഇടതുപക്ഷവാദികളും മാധ്യമപ്രഭ്രുതികളും എല്ലാം വൈരം മറന്ന് അണി ചേര്‍ന്ന് കഴിഞ്ഞു. ഇത്ര കാലവും പോലീസിന്റെയും ഭരണകൂടഭീകരതയുടെയും മറുപക്ഷം പിടിച്ചും ബീമാപ്പള്ളി വെടിവെപ്പ് മുതല്‍ പാര്‍ലമന്റ് ആക്രമണം വരെയുള്ള യക്ഷിക്കഥകളെ സംശയലേശമന്യേ തള്ളിപ്പറഞ്ഞും സി കെ ജാനുവും സലീന പ്രക്കാനവും മുതല്‍ അഫ്സല്‍ ഗുരുവും പേരറിവാളനും വരെയുള്ളവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടും മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും നിറഞ്ഞു നിന്ന പല സ്വതന്ത്ര/നവസാമൂഹ്യ ബുദ്ധിജീവി സിംഹങ്ങളും കേരളാ പോലീസിന്റെ സ്തുതിപാഠകരായി തീരുന്ന അത്ഭുതകരമായ പ്രതിഭാസത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇത്ര കാലവും പോലീസ് ഭാഷ്യങ്ങളുടെ വിമര്‍ശകപക്ഷം പിടിച്ചവര്‍, അവയുടെ ആധികാരികതയെ നിരന്തരം ചോദ്യം ചെയ്തവര്‍ നേരമൊന്നിരുട്ടി വെളുത്തപ്പോഴേക്കും അവയെ വെള്ളം തൊടാതെ വിഴുങ്ങാന്‍ തയ്യാറാവുന്നത് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സി പി എം ആയതുകൊണ്ട് മാത്രമാണ് . അതുകൊണ്ട് തന്നെയാണ് സാമാന്യബുദ്ധിയെ വെല്ലുവിളിക്കും വിധം കൊലപാതകത്തിന്റെ അസൂത്രകന്റെ പേര് ദിനംപ്രതി മാറ്റിപ്പറഞ്ഞിട്ടും ഗൂഡാലോചനയുടെ പ്രഭവകേന്ദ്രം അന്ത്യേരി സുരയുടെ വീട് മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വരെ പലതും പറഞ്ഞുകേട്ടിട്ടും, ഇതായിരുന്നില്ലല്ലോ ഇന്നലെ നിങ്ങള്‍ പറഞ്ഞതെന്ന് ആരും തിരിച്ചു ചോദിക്കാത്തത്.
കേരളത്തില്‍ നടക്കുന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമോ രക്തസാക്ഷിത്വമോ ആയിരുന്നില്ല ചന്ദ്രശേഖരന്റെത് ; നമുക്കെല്ലാം അറിയാവുന്ന പോലെ, അവസാനത്തേതുമാകാന്‍ പോകുന്നില്ല. ചന്ദ്രശേഖരനും മുന്‍പേ നൂറു കണക്കിന് ഉശിരന്മാരായ കമ്മ്യൂണിസ്റുകാര്‍ ഫാസിസ്റ്റുകളുടെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും കൊലക്കത്തിയില്‍ പിടഞ്ഞു മരിച്ചിട്ടുണ്ട്. അവര്‍ രക്തസാക്ഷിത്വം വരിച്ചത്, തങ്ങളുടെ ജീവനേക്കാള്‍ ആശയങ്ങളെ സ്നേഹിച്ചത് കൊണ്ടാണ്.എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ മാത്രമാണ് ചരിത്രത്തിലാദ്യമായി കൊല്ലപ്പെട്ട കമ്മ്യുണിസ്റ്കാരന്‍ എന്ന മട്ടിലാണ് മാധ്യമ തമ്പുരാക്കന്മാര്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നത്. അപരന്റെ വാക്കുകള്‍ കാതിനു സംഗീതം ചൊരിയുന്ന ഒരു കാലത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞവരുടെ ത്യാഗങ്ങളെയാണ് ഇവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടകളില്‍ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നത്. ഒരു ജനതയുടെ വിപ്ളവ ഭൂതകാലത്തെയാണ് അന്ധമായ കമ്മ്യൂണിസ്റ് വിരുദ്ധതയുടെ പേരില്‍ ഇവര്‍ ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നത്.
പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു കാലത്ത് നിവര്‍ന്നു നിന്ന് ആത്മാഭിമാനം വീണ്ടെടുത്ത് കൊടുത്ത പ്രസ്ഥാനമാണ് ഒരു നാലാംകിട കൊലപാതകസംഘമായി ഇന്ന് മാധ്യമങ്ങളാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. “പ്രതി കള്ളനും തെമ്മാടിയും സര്‍വോപരി കമ്മ്യൂണിസ്റകാരനുമാ”ണെന്ന് പോലീസുകാര്‍ മഹസ്സറെഴുതിയ കാലത്ത് നിന്ന് ഈ സമരോത്സുക വര്‍ത്തമാനത്തിലേക്കുള്ള ചരിത്രഗതിയില്‍ ഇതു മാധ്യമത്തിന്റെ പരിലാളനയാണ് കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്? എന്നിട്ടിപ്പോള്‍ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ മാര്‍ക്സിസ്റ് പറുദീസാനഷ്ടത്തെയോര്‍ത്തു വിലപിക്കുന്നത്, പാര്‍ട്ടിയെ നന്നാക്കാനാണെന്നാരും കരുതി പോവരുത്. കമ്മ്യൂണിസ്റ് വിരുദ്ധ പ്രചാരവേലകളിലൂടെ മറ്റൊരു ഇന്തോനേഷ്യ ആവര്‍ത്തിക്കാമെന്നത്, ആരുടെ വ്യാമോഹമാണ്?
രണ്ട്
സി പി എം അഹിംസയെ ഒരു രാഷ്ട്രീയ ആദര്‍ശമായി അംഗീകരിക്കുകയോ തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഉള്‍ചേര്‍ക്കുകയോ ചെയ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. എന്നാല്‍ സി പി എമ്മിന്റെ പ്രസക്തിയും സവിശേഷതയും അതല്ല; മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലിബറല്‍ ജനാധിപത്യത്തെ തങ്ങളുടെ മാര്‍ഗവും ലക്ഷ്യവുമായി പരിമിതപ്പെടുത്തുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയെ അട്ടിമറിക്കാനിറങ്ങി പുറപ്പെട്ട സാമൂഹ്യേച്ഛയുടെ മൂര്‍ത്തമായ ജൈവഘടനയാണ്. മറ്റെല്ലാ തത്വചിന്തകളും ലോകത്തെ വ്യാഖ്യാനിക്കുക മാത്രം ചെയ്യുമ്പോള്‍ മാര്‍ക്സിസം മാത്രമാണ് ലോകത്തെ മാറ്റിമറിക്കാന്‍ പരിശ്രമിക്കുന്ന പ്രയോഗത്തിന്റെ തത്വചിന്ത. അത് ആശയങ്ങളുടെ കേവലതകളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല; കാരണം, കേവലതയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒന്നും മാറ്റിത്തീര്‍ക്കാനാവില്ല,ഒന്നും സംശയിക്കാനാവില്ല (Doubt Everything എന്ന് മാര്‍ക്സ് ). അഹിംസയെ അരാഷ്ട്രീയവും അചരിത്രപരവുമായ ഒരു സംവര്‍ഗമായി മാര്‍ക്സിസത്തിന് കാണാനാവാത്തതും അത് കൊണ്ട് തന്നെ. ചാരുകസേരാ ബുദ്ധിജീവികള്‍ക്ക് വലിയ വായില്‍ അഹിംസയെക്കുറിച്ച് ഗീര്‍വാണം വിടാം, കമ്മ്യൂണിസ്റുകാര്‍ക്ക് സാധ്യമല്ല . ആശയപരമായ സംഘര്‍ഷങ്ങള്‍ പലപ്പോഴും കായികമായ സംഘര്‍ഷങ്ങള്‍ക്ക് വഴി മാറാറുണ്ട് ; ആശയങ്ങള്‍ പാര്‍ക്കുന്നതു പുസ്തകങ്ങളിലല്ല, മനുഷ്യരുടെ തലച്ചോറുകളിലാണ് എന്നത് തന്നെ കാരണം. നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ ബന്ധമാതൃകകളെയും ലോകബോധങ്ങളെയും നിരന്തരം ആക്രമിക്കുന്ന ഒരു ( പ്രയോഗത്തിന്റെ) തത്വചിന്തയ്ക്ക് അങ്ങനെയല്ലാതെ തരമില്ല.
കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ലോകത്തെല്ലായിടത്തും ഏറ്റവും പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളതും അക്രമരാഷ്ട്രീയത്തിന്റെ പേരിലാണ്. മാര്‍ക്സിസത്തെ തങ്ങളുടെ തത്വചിന്തയായി അംഗീകരിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ടികളും അത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും; അത് സി പി എം ആയാലും ആര്‍ എം പി ആയാലും അങ്ങനെ തന്നെ . (അത് കൊണ്ടാവണമല്ലോ, ടി പി വധാനന്തരം സി പി എം പ്രവര്‍ത്തകര്‍ക്ക് അതിഭീകരമായ സംഘടിതാക്രമാനങ്ങള്‍ ആ പ്രദേശങ്ങളില്‍ ഏറ്റുവാങ്ങേണ്ടി വന്നത് പക്ഷെ അതാരും അക്രമ രാഷ്ട്രീയതിന്റെ അക്കൌണ്ടില്‍ എഴുതിചേര്‍ത്തുകണ്ടില്ല. ) ആര്‍ എം പി യുടെ രൂപീകരണത്തിനുള്ള പല കാരണങ്ങള്‍ വലതുപക്ഷവ്യതിയാനം മുതല്‍ പഞ്ചായത്തിലെ അധികാരതര്‍ക്കങ്ങള്‍ വരെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അതിലൊന്നും അക്രമരാഷ്ട്രീയമുണ്ടായിരുന്നില്ല എന്നത് സ്മരണീയമാണ്.



മൂന്ന്
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എഫ് ലോറന്‍സിനെ പാര്‍ട്ടി പ്രഖ്യാപിക്കവേ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു :” ഇയാള്‍ വേണ്ടിയിരുന്നില്ല. ആ വിജയകുമാറോ മറ്റോ മതിയായിരുന്നു.”
“അതെന്താ?” ഞാന്‍ ആരാഞ്ഞു.
“ഇയാളെ കണ്ടാല്‍ തന്നെ ആരും വോട്ട് ചെയ്യില്ല. ഒരു വല്ലാത്ത രൂപം. ഭാഷയാകട്ടെ, വല്ലാത്ത പ്രാദേശിക ച്ചുവയുള്ളതും. ജനങ്ങള്‍ ഇത്തരമൊരു ആളെയല്ല പ്രതീക്ഷിക്കുന്നത്. ”
എന്റെ സുഹൃത്തായിരുന്നില്ല ആ സംസാരിച്ചത്; അയാളിലൂടെ കേരളത്തിലെ നവമധ്യവര്‍ഗ്ഗത്തിനു വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ച വലതുപക്ഷ സൌന്ദര്യബോധമായിരുന്നു. കേരളീയ പൊതുമണ്ഡലം വിമോചനസമരാനന്തരം നേരിട്ട തിരിച്ചടികള്‍ എണ്‍പതുകളുടെ അവസാനത്തോടെ പൂര്‍ണമായ ശിഥിലീകരണത്തിന് വഴിമാറുകയുണ്ടായി. ഈ ശൂന്യ സ്ഥലികളിലേക്ക് ഇടിച്ചുകയറിയതാകട്ടെ, ടെലിവിഷന്‍ അടക്കമുള്ള നവമാധ്യമങ്ങളും. ടെലിവിഷന്‍ അങ്ങനെ ഒരു വ്യാജ പൊതുമണ്ഡലത്തിന്റെ പ്രതീതിലോകം സൃഷ്ടിച്ചു. വിനിമയങ്ങള്‍ക്ക് പുതിയുഒരു ഭാഷയും വ്യാകരണങ്ങളും നല്‍കി. രാഷ്ട്രീയം അവിടെ വെറും ദുരന്തനാടകവും രാഷ്ട്രീയക്കാര്‍ അതിലെ താരങ്ങളുമായി മാറി. “അവിശ്വാസത്തിന് പഴുതുകള്‍ നല്‍കാത്തതും സ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന ടെലിവിഷനിലാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം വാര്‍ത്തയാകുന്നത്.വിചിത്രമെന്നു പറയട്ടെ, ദൃശ്യമാധ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുന്ന സമകാലിക രാഷ്ട്രീയമണ്ഡലവും അതിലെ താരനിര്‍മിതിയും തികച്ചും mediated ആണ്. അതുകൊണ്ട് തന്നെ അയഥാര്‍ഥമാണ് .” ടെലിവിഷന്റെ ഈ കഴിവാണ് വി എസ അച്യുതാനന്ദന്റെ ‘പാര്‍ട്ടിവിരുദ്ധനായ പാര്‍ട്ടിക്കാരന്‍ ‘ എന്ന വീരനായകപരിവേഷത്തെ സാധ്യമാക്കിയത്. അത്തരമൊരു മിശിഹാവത്കരണം ടെലിവിഷന്റെ വ്യാപനത്തിന് മുന്‍പ് സാധ്യമായിരുന്നില്ല; ഒന്നുകില്‍ പാര്‍ട്ടിയ്ക്കകത്ത് അല്ലെങ്കില്‍ പുറത്ത് എന്ന ദ്വന്ദ്വയുക്തിയെ മറികടന്നു കൊണ്ട് പാര്‍ട്ടിക്കതീതമായ ഒരു വ്യവഹാരമണ്ഡലം ടെലിമാധ്യമങ്ങള്‍ വി എസ്സിന് കല്‍പ്പിച്ചു നല്‍കി. സ്വന്തം പാര്‍ട്ടിയില്‍ നിരന്തരം പരാജയം ഭക്ഷിച്ചു ജീവിക്കുമ്പോഴും ഈ മാധ്യമനിര്‍മിത വ്യവഹാരലോകത്തെ രാഷ്ട്രീയ ആള്‍ദൈവമാകാനും അരാഷ്ട്രീയ ആള്‍ക്കൂട്ടത്തെ തന്റെയൊപ്പം നിര്‍ത്താനും വി എസ്സിനെ പ്രാപ്തനാകിയത് ഇതാണ്.
രാഷ്ട്രീയം പൊതുവിടങ്ങളില്‍ നിന്ന് ടെലിവിഷനിലേക്ക് കുടിയേറിയതോടെ രാഷ്ട്രീയക്കാരന്റെ ശരീരഭാഷയെന്നത് നിര്‍വചിക്കപ്പെടേണ്ട ഒന്നായി മാറി. അലക്കിത്തേച്ച കുപ്പായവും സുസ്മേരവദനവും സംസ്കൃതവത്കരിക്കപ്പെട്ട ഭാഷയുമായി ചാനല്‍ മുറികളില്‍ നിന്ന് ചാനല്‍ മുറികളിലേക്ക് പായുന്ന നേതാവിന്റെ ശരീരഭാഷ അങ്ങനെ മാനകവത്കരിക്കപ്പെട്ടു. ഇ എം എസ്സിന്റെ വിക്ക് ഒരു പ്രശ്നമേയാകാതിരുന്ന മാധ്യമങ്ങള്‍ക്ക്, പിണറായി വിജയന്‍റെ മുഖത്തെ കറുത്ത പാടുകള്‍ പോലും പുച്ഛത്തിന്റെ ഭൂമിശാസ്ത്രമായി. കണ്ണൂര്‍ ലോബി (!!!) എന്ന മാഫിയാ സംഘവും ജയരാജത്രയവും ( വെടി കൊണ്ട ജയരാജന്‍ , വെറി കൊണ്ട ജയരാജന്‍ , വെട്ടു കൊണ്ട ജയരാജന്‍ എന്നത്രേ ഇവരുടെ ബിരുദങ്ങള്‍ ) എല്ലാം ചര്‍ച്ചാ വിഷയമായിതുടങ്ങി. ഈ ടെലിനിര്‍മിത സവര്‍ണ സൌെന്ദര്യശാസ്ത്രമാണ് എന്റെ സുഹൃത്തിനെ ക്കൊണ്ട് ലോറന്‍സ് നല്ല സ്ഥാനാര്‍ഥിയല്ലെന്നു പറയിച്ചത്. മഹാശ്വേതാ ദേവിയെക്കൊണ്ട് എം എം മണിയെ “പ്രാകൃതനും വികൃതനുമായ ” കഥാപാത്രമെന്ന് പറയിച്ചതും ഇത് തന്നെ.



മണിയുടെ ശരീരപ്രകൃതിയും പ്രാദേശികസംസാരശൈലിയും ഒന്നും മാധ്യമങ്ങള്‍ സൃഷ്ടിച്ച ഉത്തമ രാഷ്ട്രീയക്കാരന്റെ പ്രതിച്ഛായയുടെ ശരീരഭാഷയ്ക്കിണങ്ങുന്നതായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് മണിയെ ഒരു വിഡ്ഢിയായും പരിഹാസകഥാപാത്രമായും ചിത്രീകരിക്കാനൊരുമ്പെടുന്നതും. ഇതിനോടുള്ള ശക്തമായ പ്രതികരണമായിരുന്നു പിണറായി വിജയന്‍ മഹാശ്വേത ദേവിക്കുള്ള മറുപടിക്കത്തില്‍ കൊടുത്തത്: “നാഗരിക പരിഷ്കാരങ്ങളോ തേച്ചു വെടിപ്പാക്കിയ ഭാഷയോ ഒന്നും അദ്ദേഹത്തിന് അതുകൊണ്ടുതന്നെ ഉണ്ടാവില്ല. ഗ്രാമീണമായ ഒരു “നേരേ വാ നേരേ പോ” രീതിയുണ്ടാവാം. ഗോത്രമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നിങ്ങള്‍ക്ക് ആ ഗ്രാമീണതയും തൊഴിലാളി സഹജമായ ആത്മാര്‍ത്ഥതയും മനസ്സിലാവേണ്ടതാണ്. മണിയുടെ വാക്കുകളെ എതിര്‍ക്കാം; പക്ഷെ, അദ്ദേഹത്തിന്റെ രൂപത്തെ പ്രാകൃതമെന്ന് ആക്ഷേപിക്കാന്‍ പാടുണ്ടോ?”
മണിയുടെ ഭാഷയിലെ ആണ്‍കോയ്മാ പദങ്ങളുടെ ആധിക്യത്തെക്കുറിച്ച് കെ.എന്‍ അശോക് നാലാമിടത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഇത്, മണിയുടെയും മണി പ്രതിനിധാനം ചെയ്യുന്ന സി പി എമ്മിന്റെയും മാത്രം പ്രശ്നമാണോ? മണിയുടെ പ്രസംഗത്തിന്റെ ഏതാനും ദിവസം മുന്‍പാണ് ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍ “പിണറായി വിജയന്‍ ആണാണെങ്കില്‍ ടി പിയുടെ വധത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കണം” എന്ന് പ്രസംഗിച്ചത്. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്വാഭാവികമായ അഭിപ്രായപ്രകടനങ്ങള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയെ അല്ല അടയാളപെടുത്തുക. സംഘടനാ തലത്തിലും ഭരണതലത്തിലും മറ്റേതു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും സ്ത്രീ പ്രാതിനിധ്യമുള്ള,താരതമ്യേന സ്ത്രീവിരുദ്ധത കുറവുള്ള പാര്‍ട്ടിയാണ് സി പി എം. എന്നാല്‍ മറുവശത്ത് ആര്‍ എം പി യോ? ഇത്രയേറെ ധീരതയും ആര്‍ജ്ജവവും ചങ്കൂറ്റവുമുള്ള, എസ് എഫ ഐ സംസ്ഥാന സമിതി അംഗമായിരുന്ന രമയ്ക്ക് ആര്‍ എം പി യുടെ നേതൃത്വത്തിലേക്കുയരാന്‍ ഭര്‍ത്താവിന്റെ ദാരുണമരണം വരെ വേണ്ടി വന്നു എന്നത് ആ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയെയല്ലേ ചൂണ്ടിക്കാട്ടുന്നത്?
ഇനി മണി പറഞ്ഞ കാര്യങ്ങളിലേക്ക്: മണി രണ്ടു കാര്യങ്ങളാണ് ഇടുക്കിയിലെ തോട്ടം തൊഴിലാളികളായ പാര്‍ട്ടി പ്രവര്‍ത്തകരോടു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്: ഒന്ന്, പാര്‍ട്ടി മുന്‍പും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട്, ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. ഇതില്‍ ഒന്നാമത്തെ കാര്യം മാത്രം അക്ഷരാര്‍ഥത്തില്‍ എടുക്കുന്നവര്‍ എന്ത് കൊണ്ടാണ് രണ്ടാമത് പറഞ്ഞ കാര്യം കേട്ടില്ലെന്നു നടിക്കുന്നത്? പാര്‍ട്ടി രാഷ്ട്രീയ കൊലപാതകം നടത്തിയിട്ടുണ്ട് എന്ന വാദം വിശ്വാസത്തിലെടുക്കുന്നുവെങ്കില്‍ ടി പി യുടെ രക്തം പാര്‍ട്ടിയുടെ കൈകളിളില്ലെന്നതും വിശ്വാസത്തിലെടുത്തേ മതിയാവൂ. അന്വേഷണം നടക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ചിലര്‍ പറയുന്നതു. ടി പി യുടെ വാദത്തിലും അന്വേഷണം നടക്കുക മാത്രമാണ്. ഇരുപത്തിയാറു പ്രതികള്‍ പിടിയിലായത്തില്‍ അഞ്ചു പേര്‍ മാത്രമാണ് പാര്‍ട്ടി ബന്ധമുള്ളവര്‍ . കോടതി കുറ്റം കണ്ടെത്തി ശിക്ഷ വിധിക്കും വരെ ഇവര്‍ കുറ്റാരോപിതര്‍ മാത്രമാണ്. അതിനു മുന്‍പേ പിശാചുവേട്ട നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ വിധിക്കാന്‍ ആര്‍ക്കാണിത്ര തിടുക്കമെന്നു ഇപ്പോള്‍ മനസിലായി വരുന്നുണ്ട്. നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ കണ്ണടയ്ക്കുന്നത് മനസിലാക്കാം, എന്നില്‍ ഒരു ജനതയ്ക്കൊന്നടങ്കം സ്മൃതിഭ്രംശം പിടിപെട്ടാലോ?
ടെലിവിഷന്‍ തിന്നും ടെലിവിഷന്‍ കുടിച്ചും ടെലിവിഷന്‍ വിസര്‍ജ്ജിച്ചും ഭൂതകാലം മറക്കുന്ന ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടി തെരുവില്‍ നിന്ന് ചാനല്‍ മുറിയിലേക്ക് കയറിയോടുമ്പോള്‍ അവനെ അവിശ്വസിക്കാതെ വയ്യ.
റഫറന്‍സ്
1. “നേതാവ് നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്? ” , ഷിജു ജോസഫ് , വി ഹരീഷ് , മാതൃഭൂമി 87:24
2. ” അവതരിപ്പിച്ച് നഷ്ടപ്പെടുത്തുന്ന വാര്‍ത്തകള്‍ ” സി എസ് വെങ്കിടേശ്വരന്‍ , മാതൃഭൂമി 87:21
3. “പോരാളിയുടെ ശരീരഭാഷ” കെ ഇ എന്‍ , ദേശാഭിമാനി ഓണപ്പതിപ്പ് 2010

2012 ജൂൺ 8, വെള്ളിയാഴ്‌ച

പാണ്ടന്‍ നായുടെ പല്ലിന്‍ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല....

Preejith Raj


2006. വടകര, ഒഞ്ചിയം പ്രദേശത്ത് ചില 'ധീരരായ കമ്യൂണിസ്റ്റുകള്‍' വിഭാഗീയതക്ക് വളം വെക്കാന്‍ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ നന്നായി പ്രയോഗിക്കുന്ന കാലം. അവര്‍ക്ക് ഒറ്റ അജണ്ട, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുതലാളിത്ത ദത്തുപുത്രനാണെന്ന് വരുത്തി തീര്‍ക്കണം. അതിനായി എന്ത് നുണയും പറയും. അവര്‍ക്ക് പുതിയൊരു ആയുധം കിട്ടി. സഖാവ് പിണറായിയുടെ വീട്. കോടിക്കണക്കിന് രൂപ പല മുതലാളിമാരും കൊടുത്താണ് വീടുപണി നടത്തിയത് എന്ന് ഇക്കൂട്ടര്‍ അക്കാലത്ത് വ്യാപകമായി പ്രചരിപ്പിച്ചു. പാര്‍ട്ടിക്കകത്തുള്ള ആള്‍ക്കാര്‍ വരെ സത്യമേത് മിഥ്യയേത് എന്നറിയാതെ ആ നുണപ്രചരണത്തില്‍ പതറി നിന്നു.

ആ സമയത്ത് ഓര്‍ക്കാട്ടേരി, ഏറാമല ഒറ്റ ലോക്കല്‍ കമ്മറ്റിയാണ്. ഏറാമല ലോക്കല്‍ കമ്മറ്റി. അവിടെയുള്ള തുരുത്തിമുക്ക് ബ്രാഞ്ചിലെ കെ.പി സുധീര്‍ ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ അഗ്രഗണ്യനാണ്.
തലശ്ശേരി ഭാഗത്ത് സുധീറിന് ഒരു കല്യാണത്തിന് പോവണമായിരുന്നു. പിണറായിക്ക് അടുത്താണ് കല്യാണം. അദ്ദേഹം 'വിഭാഗീയടീമിലുള്ള' ടി പി ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍കൂടിയായ വി കെ വിശ്വനെയും മറ്റൊരു സുഹൃത്ത് ടി കെ പ്രമോദിനെയും 'കല്യാണ- പിണറായി' സന്ദര്‍ശനത്തിന് കൂടെക്കൂട്ടുന്നു. പ്രമോദും വിശ്വനും അപ്പോള്‍ കുന്നുമ്മക്കര ബ്രാഞ്ച് മെമ്പര്‍മാരാണ്. കല്ല്യാണത്തിന് പോകുന്നതുകൊണ്ട് സുധീറിന്റെ ഭാര്യയും അവരുടെ കൂടെയുണ്ട്.

കല്ല്യാണം കഴിഞ്ഞ് ഇവര്‍ നേരെ പിണറായിയിലേക്ക് പോയി. പിണറായി വിജയന്റെ, മുതലാളിമാര്‍ കൊടുത്ത 'കോടിക്കണക്കിന്' രൂപകൊണ്ട് പണിത മണിമാളിക കാണാന്‍.! വി കെ വിശ്വന്‍ ഒരുമാഷെന്നപോലെ മേസ്ത്രിയുമാണ്. അധ്യാപകനാവുന്നതിന് മുമ്പ് വീടുപണിക്ക് പോകുമായിരുന്നു. നല്ല പണിക്കാരനാണ്. ഒരു വീട് കണ്ടാല്‍ മതിപ്പുവിലയൊക്കെ പറയാനുള്ള പരിജ്ഞാനമുണ്ട്. വിശ്വന്‍മാഷിന്റെയും കൂട്ടരുടെയും മനസില്‍പൊട്ടിയ ലഡു വീട് കണ്ടതോടെ ഉറഞ്ഞുപോയി. 'വര്‍ണമനോഹരമാണീ മാളിക വര്‍ണം വിതറി വിളങ്ങി നിന്നൂ...' എന്ന് കഥാപ്രസംഗം പറയാന്‍ മാത്രമൊന്നുമില്ല. കോടികള്‍ പോയിട്ട് ലക്ഷങ്ങളുടെ മതിപ്പ് പോലുമില്ല. എന്നിട്ടും വിട്ടില്ല. കല്ല്യാണവീട്ടിലെ ഫോട്ടോകളെടുക്കാന്‍ സുധീര്‍ കൊണ്ടുവന്ന ക്യാമറയില്‍ വീട് വലുതാണെന്ന് തോന്നിക്കുന്ന വിധത്തില്‍ ചില ഭാഗങ്ങളുടേത് മാത്രം അടര്‍ത്തിയെടുത്ത്, കിടന്നും ഇരുന്നും ചെരിഞ്ഞുമൊക്കെ ഫോട്ടോ പിടിച്ചു. 

ആശ്ചര്യജന്യമായ ഈ ഫോട്ടോയെടുപ്പ് തൊട്ടപ്പുറത്തെ പറമ്പില്‍(വിളയില്‍) തെങ്ങിന് തടമെടുക്കുന്ന കോണ്‍ഗ്രസുകാരനായ ഗോവിന്ദേട്ടന്‍ കണ്ടു. ഗോവിന്ദേട്ടന്‍ ഇവരുടെ അടുത്തേക്ക് വന്നു. 'നിങ്ങളാരാ.., ഏട്ന്നാ., എന്തിനാ വിജയന്റെ വീടിന്റെ ഫോട്ടം ഇങ്ങനെ എട്ക്ക്ന്ന്?' (അങ്ങനെ ചോദിക്കാന്‍ അദ്ദേഹത്തെ പിണറായി ഏര്‍പ്പാടാക്കി എന്നൊക്കെ ഒഞ്ചിയം പാണന്‍മാര്‍ക്ക് വേണമെങ്കില്‍ വാദത്തിന് വാദിക്കാവുന്നതാണ്.) 'ഈ വീടെടുക്കാന്‍ എത്ര ഉറുപ്പ്യ ചെലവായിറ്റുണ്ടാവും?' വിശ്വന്‍മാഷ് ഗോവിന്ദേട്ടനോട് ചോദിച്ചു... പറഞ്ഞ് പറഞ്ഞ് ഗോവിന്ദേട്ടന്‍ ഒഞ്ചിയത്തെ സത്യാന്വേഷികളുമായി ചൂടായി എന്നത് സത്യം. അവസാനം അടിയോടടുത്തപ്പോള്‍ വിശ്വന്‍മാഷും സംഘവും ഞങ്ങള്‍ വടകരയിലെ പാര്‍ട്ടിക്കാരാണ് എന്ന് ഗോവിന്ദേട്ടനോട് നെഞ്ച് വിരിച്ചു.! പാവം ഗോവിന്ദേട്ടന്‍, 'നെനക്കൊന്നും വേറെ പണിയൊന്നൂല്ലെങ്കില്‍, വല്ല പെരുത്തലമട്ടലുമെടുത്ത് അങ്ങോട്ടുമിങ്ങോട്ടും പൊറത്തടിച്ച് കളിക്കെടാ..' എന്ന് പറഞ്ഞ് ആ കോണ്‍ഗ്രസുകാരന്‍ അവിടം വിട്ടുപോയി എന്നതും നേര്.

ഒച്ചയും ബഹളവും കേട്ടപ്പോള്‍ ആള്‍ക്കാര്‍ കൂടി. ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, ഫോട്ടോയൊക്കെ എടുത്ത് പോയത് ആരാണ്? എന്തിന് വേണ്ടിയാണ് എന്നറിയണമല്ലോ.. എന്ന ഉദ്ദേശശുദ്ധിയില്‍ പാണ്ട്യാലമുക്കിലെ (പിണറായിയുടെ വീട് നില്‍ക്കുന്ന സ്ഥലം) രണ്ട് ചെറുപ്പക്കാര്‍ ഒഞ്ചിയക്കാരറിയാതെ അവരെ പിന്തുടര്‍ന്നു. പിണറായിയില്‍ നിന്ന് ബസ് കയറി തലശ്ശേരിയിലേക്ക്. അവിടുന്ന് ബസ് മാറി വടകര ബസില്‍ കയറിയ ഈ ചെറുപ്പക്കാര്‍ ഒഞ്ചിയക്കാരുടെ കൂടെ കൈനാട്ടിയില്‍ ഇറങ്ങി. ഒഞ്ചിയക്കാര്‍ ഓര്‍ക്കാട്ടേരിയിലേക്ക് പോയി. കൈനാട്ടിയില്‍ നിന്ന് തന്നെ ഇവര്‍ ആരാണെന്ന് മനസിലാക്കിയ പിണറായിയിലെ ചെറുപ്പക്കാര്‍ തിരികെ വന്നു. അവര്‍ പിണറായിയിലെ പാര്‍ട്ടിക്കാരോട് വിവരം പറഞ്ഞു. ഫോട്ടോ എടുത്ത കാര്യവും വീടിന്റെ വിലയുടെ തര്‍ക്കവുമൊക്കെ വിശദമായി അവതരിപ്പിച്ചു.

അവിടുത്തെ പാര്‍ട്ടിക്കാര്‍ ഇത് ഒരു പരാതിയായി കണ്ണൂര്‍ ജില്ലാ കമ്മറ്റിക്ക് കൊടുത്തു. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇത് അന്വേഷിക്കാന്‍ വേണ്ടി കോഴിക്കോട് ജില്ലാ കമ്മറ്റിയോട് അഭ്യര്‍ത്ഥിച്ചു. കോഴിക്കോട് ജില്ലാ കമ്മറ്റി ഒഞ്ചിയത്ത് അന്വേഷിക്കുമ്പോഴേക്കും സുധീര്‍, വിശ്വന്‍മാഷ്, പ്രമോദ് തുടങ്ങിയവര്‍ പിണറായിയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ വീട് കാണാന്‍ പോയതും അവിടെ വെച്ച് അക്രമിക്കപ്പെട്ടതും ബോബേറുകൊള്ളാതെ ചാടി രക്ഷപ്പെട്ടതുമൊക്കെ നല്ല ചിലവുള്ള കഥകളാക്കി മാറ്റി പ്രചരിപ്പിച്ച് അവയുടെ ചൂടൊക്കെ ആറിയിരുന്നു. ഫോട്ടോയും ഒഞ്ചിയത്തെ ഫോട്ടോഷോപ്പ് വിദഗ്ധരുടെ സഹായത്തോടെ 'പായലേ വിട, പൂപ്പലേ വിട, എന്നന്നേക്കും വിട' എന്ന ഏഷ്യന്‍ പെയിന്റ്‌സിന്റെ പരസ്യം പോലെ മാക്‌സിമം വലിയ രീതിയില്‍ 'കോടികളുടെ മതിപ്പോടെ' വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്‍ നേതൃത്വം കൊടുത്ത ആശയപോരാട്ടത്തിന്റെ ഒഞ്ചിയം പര്‍വ്വമാണിത്.

ഏറാമലയിലെ പാര്‍ട്ടി ഇവരോട് വിശദീകരണം ചോദിച്ചു. ഇവരെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. സഖാവ് മത്തായി ചാക്കോ അടക്കമുള്ള കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി ഈ സഖാക്കളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനുള്ള ഒഞ്ചിയംപാര്‍ട്ടിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കി. കെ പി സുധീറും, വിശ്വന്‍ മാഷും, ടി കെ പ്രമോദും തെറ്റ് ബോധ്യപ്പെട്ട് തിരുത്താനോ പാര്‍ട്ടിയുടെ കൂടെ നില്‍ക്കാനോ പിന്നീട് തയ്യാറായില്ല. അരാഷ്ട്രീയ - അരാജകത്വ വഴിയിലൂടെ കുറെക്കാലം നടന്നു. വിഭാഗീയതാ രോഗത്തിന് തങ്ങളാല്‍ കഴിയുന്ന വെള്ളവും വളവും നല്‍കി. ആര്‍ എം പി രൂപീകൃതമായപ്പോള്‍ പ്രദേശത്തെ മറ്റ് സാമൂഹ്യവിരുദ്ധരുടേയും വെള്ളമടി പാഷനാക്കിയ പഴയ ആര്‍ എസ് എസുകാരുടേയും കൂടെ ആര്‍ എം പിയില്‍ ചേര്‍ന്നു. ഇപ്പോള്‍ ആര്‍ എം പിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളാണെന്ന് തോന്നുന്നു. ഈ വസ്തുതകളെയാണ് ഈ കുറിപ്പിന്റെ കൂടെയുള്ള ഫോട്ടോ ഗിമ്മിക്കുകള്‍ പോലുള്ളവ ഉപയോഗിച്ച് ഒഞ്ചിയം പാണന്‍മാര്‍ പാടി നടക്കുന്നത്.

ഈ പാര്‍ട്ടിയെ കൊല്ലാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...

2012 ജൂൺ 6, ബുധനാഴ്‌ച

25 രൂപയില്‍ താഴെ വിലയ്ക്ക് പെട്രോള്‍ വിറ്റാലും

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കൂപ്പുകുത്തുമ്പോഴും പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിച്ച് എണ്ണക്കമ്പനികളുടെ പരസ്യം. എണ്ണക്കമ്പനികള്‍ നഷ്ടത്തിലല്ലെന്ന പ്രചാരണം മറികടക്കാന്‍ നല്‍കിയ പരസ്യത്തില്‍ നഷ്ടം ചൂണ്ടിക്കാട്ടാനുള്ള കണക്കുകള്‍ ഉണ്ടായിരുന്നുമില്ല. എണ്ണക്കമ്പനികള്‍ ലാഭത്തില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യത്തില്‍ സമ്മതിക്കേണ്ടിവന്നു രൂപയുടെ വിനിമയമൂല്യം കുറയുന്നതുകൊണ്ടാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് കമ്പനികള്‍ വിശദീകരിക്കുന്നു. ദേശീയ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് വിലവര്‍ധനയെ ന്യായീകരിച്ചത്.


2010-11ല്‍ ഒരു ബാരല്‍ ക്രൂഡോയിലിന്റെ ശരാശരി വില 3874 രൂപയായിരുന്നത് 2011-12ല്‍ 5370 രൂപയായെന്നും രൂപയുടെ വിനിമയമൂല്യം ഇതേ കാലയളവില്‍ 44.50 രൂപയില്‍നിന്ന് 54.50 രൂപയായി (2012 മെയ്) ഉയര്‍ന്നെന്നും പരസ്യത്തില്‍ പറയുന്നു. ശരാശരി വിലയുടെ കാര്യം പറയുന്ന കമ്പനികള്‍ 2011 ഒക്ടോബര്‍ മുതല്‍ ക്രൂഡോയില്‍ വിലയില്‍ വന്ന കുറവ് മറച്ചുവയ്ക്കുകയാണ്. ബ്രെന്റ് ക്രൂഡോയിലിന് ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയിലെ വില 81.50 ഡോളറാണ്. എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. രൂപയുടെ നിരക്കനുസരിച്ച് ഇത് 4533.84 രൂപയാണ്. ഒരു ബാരല്‍ എന്നത് 158.76 ലിറ്ററാണ്. ഒരു ലിറ്റര്‍ ക്രൂഡോയിലിന് വില 28.50 രൂപയാകും. എണ്ണശുദ്ധീകരണത്തിന് ഏറ്റവും ചെലവുകുറഞ്ഞ രാജ്യമാണ് ഇന്ത്യ.
     
                         
ആറ് രൂപയോളമാണ് ഒരു ലിറ്റര്‍ ക്രൂഡോയില്‍ ശുദ്ധീകരിക്കാന്‍ റിഫൈനറികള്‍ക്ക് വേണ്ടിവരുന്ന ചെലവ്. 159 ലിറ്റര്‍ ക്രൂഡോയില്‍ ശുദ്ധീകരിച്ചാല്‍ 73 ലിറ്റര്‍ പെട്രോള്‍ ലഭിക്കും. 40 ലിറ്റര്‍ ഡീസലും കിട്ടും. ആറ് രൂപ കടത്തുകൂലിയും ഒരു രൂപ ഏജന്റുമാരുടെ കമീഷനും ചേര്‍ത്താലും 25 രൂപയില്‍ താഴെ വിലയ്ക്ക് പെട്രോള്‍ വിറ്റാലും എണ്ണക്കമ്പനികള്‍ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍, പെട്രോളിന് ഈടാക്കുന്നത് ലിറ്ററിന് 73 രൂപ.

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ നഷ്ടത്തില്‍ വില്‍ക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് സബ്സിഡി ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈയിനത്തില്‍ 65,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് 2011-12 സാമ്പത്തികവര്‍ഷം 8,33,000 കോടി രൂപയുടെ വിറ്റുവരവുണ്ടായെന്ന് പരസ്യത്തില്‍ പറയുന്നു. മൊത്തം ലാഭം 6177 കോടിയും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന വാദംതന്നെ ഇതോടെ പൊളിയുന്നു.

ആഭ്യന്തര ക്രൂഡോയില്‍ ഉല്‍പ്പാദനം നടത്തുന്ന ഒഎന്‍ജിസി പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന സെസ് ഉപയോഗിച്ച് പെട്രോളിന്റെ വിലസ്ഥിരതാ ഫണ്ട് ഉണ്ടാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം പല തവണ പെട്രോളിയം മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉന്നയിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്ന് എം ബി രാജേഷ് എംപി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ച നികുതിവരുമാനം 1,35,000 കോടി രൂപയാണ്. അതിന്റെ പകുതിപോലും സബ്സിഡിക്കായി മാറ്റിവച്ചില്ല. അടിക്കടി വില വര്‍ധിപ്പിക്കുമ്പോള്‍ അതിന് അനുസൃതമായി നികുതിവരുമാനത്തില്‍ വരുന്ന വര്‍ധനയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ടം.

2012 ജൂൺ 5, ചൊവ്വാഴ്ച

ആര്‍എംപി ഒരു ലൂയി ബ്ലാങ്ക് പതിപ്പ്

ആര്‍ എസ് ബാബു
 
ടി പി ചന്ദ്രശേഖരന്റെയും മറ്റും നേതൃത്വത്തില്‍ രൂപീകരിച്ച റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി (ആര്‍എംപി)യെ വിപ്ലവപാര്‍ടിയായി ചിത്രീകരിക്കാന്‍ വലതുപക്ഷരാഷ്ട്രീയക്കാരും ശിങ്കിടി മാധ്യമങ്ങളും വല്ലാതെ ക്ലേശിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയ സഹായഗ്രൂപ്പായ ഇതിനെ വിപ്ലവപാര്‍ടിയെന്നു വിളിക്കുന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിന് നിരക്കുന്നതല്ല. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടുവെന്നതുകൊണ്ട് ഈ ഗ്രൂപ്പിന്റെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വ്യത്യാസം സംഭവിക്കുന്നില്ല. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റം സംഘടിപ്പിച്ച് ഭരണകൂടം പിടിച്ചെടുക്കുകയും തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ബഹുജന-തൊഴിലാളി വര്‍ഗ പാര്‍ടിയാണ് വിപ്ലവപാര്‍ടി. ആ ദിശയിലേക്കൊന്നും ഈ ഗ്രൂപ്പിനെ ആരും പരിഗണിക്കില്ല.

ഒഞ്ചിയത്ത് ഏരിയ കമ്മിറ്റി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇതിനുപുറമെ, ആര്‍എംപിയുടെ മുന്‍കൈയില്‍ ഇടതുപക്ഷ ഏകോപനസമിതി മൂന്നുവര്‍ഷംമുമ്പ് പ്രവര്‍ത്തിച്ചുവരുന്നു. പാരീസ് കമ്യൂണിന്റെ കാലത്ത് കമ്യൂണിനെ ഒറ്റുകൊടുത്ത വഞ്ചകരുടെ കൂട്ടമായിരുന്നു ലൂയി ബ്ലാങ്കും പ്രഭൃതികളും. ഇവരുടെ വികൃതരൂപമാണ് കേരളത്തിന്റെ വടക്കേയറ്റത്തെ ഒരു താലൂക്കിലുള്ള ഈ രാഷ്ട്രീയസംഘടന. ലൂയി ബ്ലാങ്കിന്റെയും കൂട്ടരുടെയും വഞ്ചനകാരണം 30,000 പാരീസ് പൗരന്മാരുടെ കഥകഴിക്കാന്‍ ശത്രുക്കള്‍ക്ക് അവസരമുണ്ടായി. ഇന്ന് അഭിനവ ലൂയി ബ്ലാങ്ക് സന്തതികളുടെ പിന്തുണയോടെ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഭരണകൂടഭീകരത നടപ്പാക്കാനുള്ള യജ്ഞത്തിലാണ്. സിപിഐ എമ്മുമായി അങ്കംകുറിച്ച് അകന്നവര്‍ തെറ്റുതിരുത്തി പാര്‍ടിയുമായി സഹകരിക്കുന്ന പ്രക്രിയ ശക്തിപ്പെട്ടതിന് മധ്യേയാണ്, ചന്ദ്രശേഖരന്റെ കൊലപാതകം. ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിനു മുമ്പും ശേഷവും സിപിഐ എമ്മുമായി പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ആര്‍എംപി അകല്‍ച്ചയിലാണെന്ന് അവരുടെ നേതാക്കള്‍ ആവര്‍ത്തിച്ചു വിശദീകരിക്കുന്നുണ്ട്.


ആര്‍എംപിയുടെയും ഏകോപനസമിതിയുടെയും രൂപീകരണസ്വഭാവമെന്തെന്ന് ഏകോപനസമിതിയുടെ സംസ്ഥാനപ്രസിഡന്റ് വിശദീകരിക്കുന്നതിങ്ങനെയാണ്: ""സിപിഐ എമ്മിന്റെ കോട്ടയം സംസ്ഥാനസമ്മേളനത്തിനുശേഷം പുറത്താക്കപ്പെട്ടവരും അതിനുമുമ്പ് മലപ്പുറം സംസ്ഥാനസമ്മേളനത്തിനു പിന്നാലെ വെട്ടിനിരത്തപ്പെട്ടവരും യോജിച്ച് രൂപംനല്‍കിയ സംഘടനയാണിത്"". സിപിഐ എം വിരോധത്താല്‍ രൂപീകൃതമായ രാഷ്ട്രീയസംവിധാനമാണ് ആര്‍എംപിയും ഏകോപനസമിതിയും. ഏറാമല പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം മുന്നണിമര്യാദപ്രകാരം ജനതാദളിന് നല്‍കുന്നതിനുള്ള തീരുമാനത്തിനെതിരെ കലാപമുണ്ടാക്കി പാര്‍ടിയെ വെല്ലുവിളിച്ചവര്‍ നേതൃത്വം നല്‍കി രൂപീകരിച്ച ആര്‍എംപിക്ക് ആദ്യം പ്രത്യയശാസ്ത്രപ്രശ്നമോ ആശയപരമായ അഭിപ്രായവ്യത്യാസമോ പാര്‍ടിയുമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ആദര്‍ശപരിവേഷം നല്‍കാന്‍ പിന്നീട് പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ വ്യത്യസ്തത സ്ഥാപിക്കുകയായിരുന്നു. ഇവരുടെ മുഖ്യലക്ഷ്യമാകട്ടെ, സിപിഐ എമ്മിനെ കഴിയുന്നത്ര തകര്‍ക്കുക എന്നതായി. സിപിഐ എമ്മില്‍ തിരിച്ചെത്തുന്നതിന് ചന്ദ്രശേഖരനും കൂട്ടരും ഉദ്ദേശിച്ചിരുന്നില്ലെന്നും ആ വിധം ചര്‍ച്ച നടന്നിരുന്നതിനെപ്പറ്റി തനിക്കറിയില്ലെന്നുമാണ് ചന്ദ്രശേഖരന്റെ വിധവ കഴിഞ്ഞദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. പ്രത്യയശാസ്ത്രഭിന്നത അടച്ചിട്ട മുറിയിലെ ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. എന്താണ് ഇത്ര വലിയ പ്രത്യയശാസ്ത്രഭിന്നത? ആര്‍എംപിക്ക് സിപിഐ എമ്മുമായി യോജിക്കാന്‍ കഴിയാത്ത പ്രത്യയശാസ്ത്ര അകലമുണ്ടെന്ന് ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോഴും അതിനുശേഷവും ഏകോപനസമിതിയുടെ പ്രസിഡന്റ് തന്റെ ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ: ""1964ലെ പാര്‍ടിപരിപാടി 2000-ാമാണ്ടില്‍ തിരുവനന്തപുരത്തുചേര്‍ന്ന പ്ലീനത്തില്‍വെച്ച് ഭേദഗതി ചെയ്തതോടെ, വിപ്ലവപാര്‍ടി എന്ന നിലയില്‍നിന്ന് സിപിഐ എം പിന്മാറി.


കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തില്‍വരാന്‍ കഴിയുംവിധം പാര്‍ടി പരിപാടി പരിഷ്കരിച്ച സിപിഐ എമ്മിനകത്ത് ഉയര്‍ന്നുവന്ന ആശയസമരത്തിന്റെ ഉല്‍പ്പന്നമാണ് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി."" അതായത്, ആര്‍എംപിക്കാര്‍ സ്ഥാപിക്കാന്‍ നോക്കുന്നത്, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ജ്യോതിബസു, പ്രകാശ് കാരാട്ട് എന്നിവര്‍ വിപ്ലവത്തെ വഞ്ചിച്ചു എന്നാണ്. അതാണ് ആര്‍എംപിയുടെ സ്ഥാപനകാരണം എന്നാണ്. ഇക്കാര്യം ചില ലേഖനങ്ങളിലൂടെ ഇക്കൂട്ടര്‍ വിവരിച്ചിട്ടുണ്ട്. സിപിഐ എം പ്രത്യേക സമ്മേളനം തിരുവനന്തപുരത്ത് 2000 ഒക്ടോബറില്‍ ചേര്‍ന്ന് പാര്‍ടി പരിപാടി പുതുക്കിയതിനാണ് സുര്‍ജിത് മുതല്‍ കാരാട്ട് വരെയുള്ളവരും അവര്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കിയ പാര്‍ടിയെയും വിപ്ലവവിരുദ്ധ ഗണത്തിലാക്കിയിരിക്കുന്നത്. പാര്‍ടി പരിപാടി കാലോചിതമാക്കാന്‍ തീരുമാനിച്ചത് 1992ലെ 14-ാം പാര്‍ടികോണ്‍ഗ്രസിലാണ്. മുതലാളിത്തത്തിന്റെ തകര്‍ച്ച വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയും സോഷ്യലിസം അനുസ്യൂതം പുരോഗതിയിലേക്കും സോഷ്യലിസ്റ്റ് ഭരണസംവിധാനങ്ങള്‍ അനുദിനം ശക്തിപ്പെടുന്നതുമായ സാഹചര്യത്തിലാണ് 1964ല്‍ പാര്‍ടി പരിപാടി രൂപപ്പെടുത്തിയത്. എന്നാല്‍, മാറിയ സാര്‍വദേശീയ- ദേശീയ പരിതസ്ഥിതികള്‍കൂടി കണക്കിലെടുത്താണ് പാര്‍ടി പരിപാടിയില്‍ കാലോചിതമാറ്റം വരുത്താന്‍ ഇ എം എസ്, ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉള്ളപ്പോള്‍ത്തന്നെ തീരുമാനിച്ചത്. പാര്‍ടിപരിപാടി കാലോചിതമാക്കിയത് വിപ്ലവവിരുദ്ധമാണെന്ന് ആര്‍എംപിയും ഇടതുപക്ഷ ഏകോപനസമിതിയും വിലയിരുത്തുമ്പോള്‍, അവര്‍ നിരാകരിക്കുന്നത് ഇ എം എസ്, നായനാര്‍ ഉള്‍പ്പെടെയുള്ള മഹാന്മാരായ കമ്യൂണിസ്റ്റ് നേതാക്കളെയാണ്. ആര്‍എംപിയെ സിപിഐയില്‍ ലയിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളെ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് സിപിഐക്കാര്‍ കാണുന്നുണ്ടോ എന്നറിയില്ല. ഒറ്റപ്പെട്ട തുരുത്തില്‍ തനിച്ചുനില്‍ക്കാതെ സിപിഐയില്‍ ലയിക്കാന്‍ അഭ്യര്‍ഥിച്ച ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നത് സിപിഐയില്‍ ചേരുന്നത് വിപ്ലവകരമാണെന്നു കരുതാനുള്ള മൗഢ്യം തങ്ങള്‍ക്കില്ലെന്നാണ്. സിപിഐയില്‍ ചേരുകയെന്നാല്‍ വലത്തോട്ടുള്ളപോക്കാണെന്നാണ്. പക്ഷേ, ഇക്കൂട്ടര്‍ക്കുതന്നെ മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മന്‍ചാണ്ടിയെയും രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്നതില്‍ കുറ്റബോധമില്ല, അസാധാരണ വിപ്ലവാവേശമുണ്ട്.



എന്നിട്ട് ഇവര്‍ പ്രഖ്യാപിക്കുന്നത്, ഞങ്ങളുടേത് ഒരു കമ്യൂണിസ്റ്റ് ബദലാണ് എന്നതാണ്. ഈ കമ്യൂണിസ്റ്റ് ബദലിന്റെ മനസ്സിലിരിപ്പെന്തെന്ന് ഏകോപനസമിതിക്കാര്‍ ഞായറാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച "കമ്യൂണിസ്റ്റ് സംഗമം" എന്ന് പേരിട്ട് നടത്തിയ യോഗം ബോധ്യപ്പെടുത്തി. മഹാനായ എ കെ ജിയുടെ സ്മരണതുടിക്കുന്നതും ഇ എം എസ്, ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള മണ്‍മറഞ്ഞ നേതാക്കളുടെ അടക്കം മുന്‍കൈയില്‍ സ്ഥാപിച്ചതുമായ തിരുവനന്തപുരത്തെ എ കെ ജി സെന്റര്‍ കടപുഴക്കാനുള്ള ആഗ്രഹമാണ് ആ യോഗത്തില്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരസ്യവോട്ട് നല്‍കി യുഡിഎഫിന്റെ വാലായി മാറിയ "കേമന്‍"തന്നെ സംഗമം ഉദ്ഘാടനംചെയ്തത് അര്‍ഥവത്തായി. ഇതിന് കമ്യൂണിസ്റ്റ് വിരുദ്ധസംഗമം എന്നോ കോണ്‍ഗ്രസ് സേവാസംഗമം എന്നോ നാമകരണം ചെയ്തിരുന്നെങ്കില്‍ ഉചിതമായേനെ. കമ്യൂണിസ്റ്റുകാരെ ആറടിമണ്ണില്‍ കുഴിച്ചുമൂടുമെന്നും ഇനി നൂറുവര്‍ഷം അധികാരത്തില്‍വരില്ലെന്നും ശപിച്ച എ കെ ആന്റണി ജീവിച്ചിരിക്കേതന്നെ സിപിഐ എം നേതൃത്വത്തില്‍ മന്ത്രിസഭ വരികയും ഭരിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉപ്പുനോക്കാന്‍ ഒരു സീറ്റില്ലാതെ പോയതും ചരിത്രം. അതൊന്നും "കോണ്‍ഗ്രസ് സേവാസംഗമ"ക്കാര്‍ മറക്കണ്ട. ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍ തുടങ്ങിയവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ രൂപീകരിച്ച നക്സല്‍ഗ്രൂപ്പുകളുടെ മറ്റൊരു വകഭേദമാണ് ആര്‍എംപി. ഈ നക്സല്‍ഗ്രൂപ്പുകളെ വിപ്ലവാഭാസക്കാര്‍ എന്നാണ് ഇ എം എസ് വിളിച്ചത്. എന്നിട്ടും നക്സല്‍ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കിയത് സിപിഐ എം ആണെന്ന് ഒരുവശത്ത് വിരുദ്ധരാഷ്ട്രീയക്കാരും മാധ്യമങ്ങളും ആരോപിച്ചു. അതിലൂടെ അക്രമത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയ്ക്കിടാന്‍ ശ്രമിച്ചു. മറുവശത്ത്, ഈ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ധീരരും വിപ്ലവകാരികളുമാണെന്ന് പറഞ്ഞുപരത്തി. അങ്ങനെ, സിപിഐ എമ്മിന് വിപ്ലവമില്ലെന്നു വരുത്താന്‍നോക്കി. ഇപ്പോഴാകട്ടെ, ചന്ദ്രശേഖരന്‍വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെ കൊലയാളിപ്പാര്‍ടിയാണെന്നു വരുത്താന്‍ ശ്രമിക്കുന്നു. ഈ കൊലപാതകവുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്നും ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞാല്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും പാര്‍ടി വ്യക്തമാക്കി. എന്നിട്ടും സിപിഐ എമ്മിനെ കൊലയാളിപ്പാര്‍ടി എന്ന് വരുത്താനാണ് നോട്ടം. ഇതിനൊപ്പം ആര്‍എംപിയിലാണ് യഥാര്‍ഥ വിപ്ലവകാരികളുള്ളതെന്നും സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നു. നക്സലുകള്‍ പാര്‍ലമെന്റിതര മാര്‍ഗത്തിലെ ഇടതുപക്ഷ തീവ്രവാദത്തിലായിരുന്നെങ്കില്‍ ആര്‍എംപിക്കാര്‍ പാര്‍ലമെന്ററി മാര്‍ഗത്തിലെ കടുത്ത അവസരവാദികളും റിവിഷനിസ്റ്റുകളുമാണ്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് തെളിക്കുന്ന വഴിയിലൂടെ പായുന്ന ഭരണവര്‍ഗത്തിന്റെ കൈയിലെ കോടാലിക്കൈയായി ആര്‍എംപി മാറിയിരിക്കുന്നത്. വിപ്ലവാഭാസക്കാരാണ് നക്സലുകളെന്ന് ഇ എം എസും സിപിഐ എമ്മും വിശേഷിപ്പിച്ചെങ്കിലും മാര്‍ക്സിസ്റ്റ് വിരുദ്ധ സര്‍ക്കാരിന്റെ കാലത്ത് നക്സല്‍നേതാവ് വര്‍ഗീസിനെ പൊലീസ് വെടിവച്ച് കൊന്നപ്പോള്‍ അതില്‍ സിപിഐ എം ശക്തിയായി പ്രതിഷേധിച്ചു. അങ്ങനെ പ്രതിഷേധിച്ചപ്പോഴും വര്‍ഗീസിന്റേത് ശരിയായ വിപ്ലവപാതയല്ലെന്ന് പാര്‍ടി ഓര്‍മിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ലെനിന്‍ സ്വീകരിച്ച ശൈലിയാണ് സിപിഐ എം എന്നും പിന്തുടരുന്നത്. റഷ്യന്‍ ചക്രവര്‍ത്തി സാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് അറസ്റ്റിലായ സ്വന്തം സഹോദരനെ സാര്‍ ഭരണം തൂക്കിലേറ്റിയപ്പോള്‍ അതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച ലെനിന്‍തന്നെ സഹോദരന്റേത് ശരിയായ വിപ്ലവപാതയല്ലെന്ന് ചൂണ്ടിക്കാട്ടി. അതുപോലെ ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുമ്പോള്‍ത്തന്നെ ചന്ദ്രശേഖരന്റെയും അദ്ദേഹം നേതൃത്വം നല്‍കിയ ആര്‍എംപിയുടെയും പാത വിപ്ലവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ തെളിഞ്ഞത്.

2012 ജൂൺ 4, തിങ്കളാഴ്‌ച

തിരുത്തുമെന്നുതന്നെ പ്രതീക്ഷ


പിണറായി വിജയന്‍
 
മഹാശ്വേതാദേവിയുടെ തുറന്ന കത്തിനുള്ള പിണറായി വിജയന്റെ മറുപടിയുടെ പൂര്‍ണരൂപം അഭിവന്ദ്യ

സഹോദരീ,

എനിക്കയച്ച തുറന്ന കത്ത് പത്രങ്ങളില്‍ വായിച്ചു. ഏറെക്കാലമായി ധാരാളംപേര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് നിങ്ങള്‍. അത്തരത്തിലുള്ള ഒരാള്‍ക്ക് അടുത്തകാലത്തായി ഉണ്ടായിട്ടുള്ള മാറ്റം എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളാകാം ഈ മാറ്റത്തിനു പിന്നില്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ഈ ധാരണ ദൃഢീകരിക്കുന്നതാണ് നിങ്ങള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലെ ഉള്ളടക്കവും.

എഴുത്തുകാര്‍ പൊതുവെ ലോലഹൃദയരാണെന്നും അതുകൊണ്ടുതന്നെ അവരെ വേഗത്തില്‍ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാമെന്നും കരുതുന്നവരുണ്ട്. തങ്ങള്‍ നേരിട്ടു പറയുന്നതിനേക്കാള്‍ സമൂഹത്തില്‍ വിലപ്പോകുന്നത് എഴുത്തുകാര്‍ പറയുന്നതാകയാല്‍ തങ്ങള്‍ക്ക് പറയാനുള്ളത് അവരെക്കൊണ്ട് പറയിച്ച് തങ്ങളുടെ താല്‍പ്പര്യം നിറവേറ്റിയെടുക്കാമെന്ന് കരുതുന്നവരുമുണ്ട്. അത്തരക്കാരാരെങ്കിലുമാകണം കേരളത്തിലെ സമീപകാല കാര്യങ്ങളെക്കുറിച്ച് നിങ്ങളെ തുടരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവര്‍ തന്നെയാണ് കണ്ണൂര്‍ ജില്ലയിലുള്ള എന്റെ വീട് ഹര്‍മ്യമാണെന്ന് നിങ്ങളോട് പറഞ്ഞതും എന്നു കരുതാനേ എനിക്ക് നിവൃത്തിയുള്ളൂ.

ഏതായാലും എന്റെ വീട് നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞതരത്തിലുള്ള ഒന്നാണോ എന്ന് നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ സ്നേഹാദരങ്ങളോടെ നിങ്ങളെ എന്റെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ലെന്നു കരുതട്ടെ. നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. ആ വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും.

നിങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കുന്നവര്‍ സ്വാഭാവികമായും പറഞ്ഞിരിക്കാനിടയില്ലാത്ത ഒരു കാര്യം കൂടി അറിയിക്കട്ടെ. കുറച്ചുകാലം മുമ്പ് കൊട്ടാരസദൃശ്യമായ ഏതോ ഒരു വീടിന്റെ ചിത്രമെടുത്ത് എന്റെ വീടാണ് അതെന്നു പറഞ്ഞ് ചിലര്‍ കംപ്യൂട്ടര്‍ നെറ്റുവര്‍ക്ക് ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. പിന്നീട് ആ കള്ളം പൊളിഞ്ഞു. ആ കള്ളപ്രചാരണത്തിനു പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എന്തെന്ന് ജനങ്ങള്‍ക്കാകെ ബോധ്യപ്പെടുകയും ചെയ്തു. ജനത്തെയാകെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കി പരാജയപ്പെട്ട അതേ തന്ത്രമാണ് അതേ ദുരുദ്ദേശ്യക്കാര്‍ ഇപ്പോള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിച്ചിട്ടുള്ളത്.



നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട് നില്‍ക്കുന്ന പ്രദേശത്തെ പാര്‍ടിയുടെ അറിവോടെയാണ് അത്. അത് മണിമാളികയോ രമ്യഹര്‍മ്യമോ ഒന്നുമല്ല. അതു കണ്ടാല്‍ ഒരാള്‍ക്കും പാര്‍ടിയെക്കുറിച്ചുള്ള മതിപ്പില്‍ ഇടിവുവരികയുമില്ല. കണക്കുകളടക്കം അതുമായി ബന്ധപ്പെട്ട എല്ലാം സുതാര്യമാണുതാനും. ഇതാണ് സത്യമെന്ന നിലയ്ക്ക് ആ വീട് കാണുന്നതില്‍നിന്ന് ആരെയും വിലക്കേണ്ട കാര്യമേ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിച്ച് നിങ്ങള്‍ പറയുന്ന മറ്റു കാര്യങ്ങളുടെ പ്രശ്നമേ ഉദിക്കുന്നില്ല. കടലുകള്‍ക്കപ്പുറമുള്ള ഏതോ വിദൂരദ്വീപിലൊന്നുമല്ല, പാര്‍ടി പ്രവര്‍ത്തിക്കുന്ന ഈ കേരളത്തിലെ എന്റെ സ്വന്തം ഗ്രാമത്തില്‍ തന്നെയാണ് ആ വീട് സ്ഥിതിചെയ്യുന്നത് എന്നതെങ്കിലും ഓര്‍മിച്ചാലും. സത്യം നേരില്‍ കാണാനാണ് ഞാന്‍ നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. സിപിഐ എമ്മിനെക്കുറിച്ച് നിങ്ങളെ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ തെറ്റിദ്ധരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ കൂടി ഇത് സഹായകമാകും.

എം എം മണിയെ കുറിച്ച് കത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളെയെല്ലാം പാര്‍ടി അംഗീകരിക്കുന്നില്ല എന്നത് പാര്‍ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫോണ്‍ വിളിച്ച് മണിയുടെ പ്രസംഗത്തെക്കുറിച്ച് നിങ്ങളോട് പറഞ്ഞ ആള്‍ സ്വാഭാവികമായും രണ്ടാമത്തെ കാര്യം അറിയിച്ചിട്ടുണ്ടാകാനിടയില്ല. രണ്ടാമത്തെ കാര്യം അറിയുന്നത് സിപിഐ എം വിരുദ്ധ രാഷ്ട്രീയ പ്രചാരണത്തിന് സഹായകമാകുന്നതല്ലല്ലോ. പ്രാകൃതവും വികൃതവുമായ ഈ കഥാപാത്രം എന്ന് നിങ്ങള്‍ മണിയെ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. നാട്ടിന്‍പുറത്ത് പണിയെടുത്തും പാര്‍ടി കെട്ടിപ്പടുത്തും നേതൃത്വത്തിലേക്ക് വളര്‍ന്നുവന്ന ആളാണ് മണി. നാഗരിക പരിഷ്കാരങ്ങളോ തേച്ചുവെടിപ്പാക്കിയ ഭാഷയോ ഒന്നും അദ്ദേഹത്തിന് അതുകൊണ്ടുതന്നെ ഉണ്ടാകില്ല. ഗ്രാമീണമായ ഒരു "നേരേ വാ നേരേ പോ" രീതിയുണ്ടാകാം. ഗോത്രമേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള നിങ്ങള്‍ക്ക് ആ ഗ്രാമീണതയും തൊഴിലാളി സഹജമായ ആത്മാര്‍ഥതയും മനസ്സിലാകേണ്ടതാണ്. മണിയുടെ വാക്കുകളെ എതിര്‍ക്കാം; പക്ഷേ, അദ്ദേഹത്തിന്റെ രൂപത്തെ പ്രാകൃതമെന്ന് ആക്ഷേപിക്കാന്‍ പാടുണ്ടോ?

ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതുമുതല്‍ വിരുദ്ധ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ദൗത്യം കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ വേലിയേറ്റത്തില്‍ പല സത്യവും മുങ്ങിപ്പോകുന്നു. ടി പി ചന്ദ്രശേഖരന്റെ വധത്തെ സിപിഐ എം അപലപിച്ചിട്ടുണ്ടെന്നും വ്യക്തിയെ കൊന്ന് വിശ്വാസത്തെ തകര്‍ക്കാമെന്ന മിഥ്യാധാരണ സിപിഐ എമ്മിന് ഇല്ലെന്നും നിങ്ങളെ അറിയിക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കട്ടെ. പല കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് കേരളത്തില്‍. എന്നാല്‍, ചന്ദ്രശേഖരന്റെ കൊലപാതകം മുന്‍നിര്‍ത്തി അപ്പപ്പോള്‍ നിങ്ങള്‍ക്ക് വിവരം നല്‍കിക്കൊണ്ടിരിക്കുന്നവര്‍ ഒന്നരമാസം മുമ്പ് കൊലചെയ്യപ്പെട്ട അനീഷിന്റെ ദയനീയാവസ്ഥയിലുള്ള അമ്മ പെങ്ങന്മാരെക്കുറിച്ച് പറയാത്തത് എന്തുകൊണ്ടാണ്? അവിടേക്ക് കൂട്ടിക്കൊണ്ടുപോകാത്തത് എന്താണ്? നിങ്ങള്‍ അത് ആലോചിക്കണം. എല്ലാ ചോരയ്ക്കും ഒരേ നിറമാണെന്നും എല്ലാ ജീവനും ഒരേ വിലയാണെന്നും നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരോട് നിങ്ങള്‍ പറയണം. ജീവിതം എന്തെന്നുപോലും അറിഞ്ഞിട്ടില്ലാത്ത ഡസന്‍കണക്കിന് കുട്ടികള്‍ അവര്‍ ഇടതുപക്ഷത്താണെന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസുകാരാലും ആര്‍എസ്എസുകാരാലും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഭുവനേശ്വരന്‍, മുസ്തഫ, പ്രസാദ്, സുധീഷ് തുടങ്ങി എത്രയോപേര്‍. പരമ്പരയില്‍ ഒടുവിലത്തെ കണ്ണിയാണ് അനീഷ്. ഇവരെക്കുറിച്ചൊന്നും നിങ്ങളെ ഇവര്‍ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇവരോട് ചോദിക്കാന്‍ കഴിയണം. അപ്പോള്‍ കിട്ടുന്ന ഉത്തരത്തില്‍ നിന്നറിയാം മരണത്തിലുള്ള സങ്കടമല്ല, മറിച്ച് മരണം മുതലെടുക്കാനുള്ള രാഷ്ട്രീയ വ്യഗ്രതയാണ് ഇവരെ നയിക്കുന്നതെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുള്ള രണ്ടുവര്‍ഷക്കാലത്ത് നിങ്ങള്‍ പശ്ചിമബംഗാളില്‍ മമതാബാനര്‍ജിക്കുവേണ്ടിയുള്ള പ്രചാരണരംഗത്തായിരുന്നല്ലോ. അതും ഒരുപക്ഷേ തെറ്റിദ്ധരിച്ചാകാം. ഏതായാലും ഇപ്പോള്‍ മമതാബാനര്‍ജിയാണ് ജനാധിപത്യവാദി എന്ന തെറ്റിദ്ധാരണ മാറിയിട്ടുണ്ടാകും. എന്നാല്‍, ഇതിനിടയ്ക്കുള്ള ഘട്ടത്തില്‍, തെരഞ്ഞെടുപ്പിനു മുമ്പുള്ള ഘട്ടത്തിലായി മാവോയിസ്റ്റുകളും തൃണമൂലും കോണ്‍ഗ്രസും ചേര്‍ന്ന് 214 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. തൃണമൂല്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 65 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊന്നൊടുക്കിയത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവുമധികം സുരക്ഷിതത്വമുള്ള സംസ്ഥാനമെന്ന പദവിയില്‍നിന്ന് സ്ത്രീകള്‍ക്കെതിരായി ഏറ്റവുമധികം ആക്രമണം നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമെന്ന അവസ്ഥയിലേക്ക് ഇപ്പോള്‍ ദേശീയ വനിതാ കമീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ബംഗാള്‍ മാറി. "അമൃതബസാര്‍ പത്രിക" മുതല്‍ "ടെലഗ്രാഫ്" വരെയുള്ള പത്രങ്ങള്‍ വായനശാലകളില്‍ നിരോധിക്കുന്ന സ്ഥിതിയായി. കാര്‍ട്ടൂണ്‍ വരച്ച യാദവ്പുര്‍ യൂണിവേഴ്സിറ്റി അധ്യാപകനെ അറസ്റ്റുചെയ്യുന്ന അവസ്ഥയായി.

ഇടതുപക്ഷത്തെ ആക്രമിച്ചതില്‍ മുമ്പ് മമതയ്ക്കും മാവോയിസ്റ്റുകള്‍ക്കും ഒപ്പംനിന്ന അവിടത്തെ ചില സാംസ്കാരികനായകര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്. നിങ്ങള്‍ കേരളത്തില്‍ വന്നപ്പോള്‍ ബംഗാളില്‍നിന്നും കേരളത്തില്‍നിന്നും ഇടതുപക്ഷത്തെ തൂത്തെറിയണമെന്ന് പ്രസംഗിച്ചതായി കണ്ടു. ഇതാണ് നിങ്ങളുടെ യഥാര്‍ഥ കാഴ്ചപ്പാടും ധാരണയുമെങ്കില്‍ തിരുത്താന്‍ കഴിയാത്തവിധത്തില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ച ഒരു മഹതിയായി നിങ്ങളെ ആരെങ്കിലും വിലയിരുത്തിയാല്‍ കുറ്റപ്പെടുത്താനാകില്ല. ഏതായാലും യഥാര്‍ഥ വസ്തുതകള്‍ തിരിച്ചറിഞ്ഞാല്‍ തിരുത്തുമെന്ന പ്രതീക്ഷതന്നെയാണ് എനിക്കുള്ളത്.

ആരെങ്കിലും പറഞ്ഞല്ലാതെ നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ടാകണം കേരളത്തിലെ പ്രമുഖരായ സാഹിത്യ-സാംസ്കാരിക നായകര്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കിടാത്തത് എന്നാണ് ഞാന്‍ കരുതുന്നത്. സിപിഐ എം കേരളത്തിലെ സാമൂഹ്യമാറ്റത്തില്‍ വഹിച്ച പങ്ക് എത്ര സുപ്രധാനമാണെന്നും അടിസ്ഥാനരഹിതമായി ആ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കിയാല്‍ ഉണ്ടാകുന്ന ശൂന്യത എത്ര വിപല്‍ക്കരമാണെന്നും അവര്‍ തിരിച്ചറിയുന്നുണ്ടാകണം. തനിക്കു ചുറ്റും രാഷ്ട്രീയ ഉപയോഗപ്പെടുത്തലിനായി വന്നുനില്‍ക്കുന്ന സ്ഥാപിതതാല്‍പ്പര്യക്കാരുടെ വലയം മുറിച്ചുകടന്ന് ആദരണീയരായ ആ സാംസ്കാരിക നേതാക്കളോടെങ്കിലും സംവദിച്ചാല്‍ നിങ്ങള്‍ക്ക് ഇപ്പോഴത്തേതില്‍നിന്നും ഭിന്നമായ ഒരു ധാരണയുണ്ടാകുമായിരുന്നെന്ന് എനിക്കുറപ്പുണ്ട്. ഏതായാലും തെറ്റിദ്ധാരണകള്‍ക്കപ്പുറത്തേക്ക് കടന്ന് സത്യം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഇടവരുമെന്ന് പ്രത്യാശിക്കുന്നു. ആ വഴിക്കുള്ള ആദ്യപടിയാകട്ടെ എന്റെ വീട്ടിലേക്കുള്ള സന്ദര്‍ശനം.

സ്നേഹാദരങ്ങളോടെ,
സ്വന്തം പിണറായി വിജയന്‍

2012 ജൂൺ 3, ഞായറാഴ്‌ച

 
Posted on: 02-Jun-2012 06:34 PM
"ആശാനേന്തിയ പന്തമേറ്റുവാങ്ങിയവരില്‍ പ്രമുഖന്‍ വൈലോപ്പിള്ളിയാണെങ്കില്‍ വൈലോപ്പിള്ളിയില്‍ നിന്നാ പന്തം ഏറ്റുവാങ്ങിയ പുതിയ കാലത്തെ കവിയായി പ്രഭാവര്‍മ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു എന്ന് "ശ്യാമമാധവ"ത്തെ മുന്‍നിര്‍ത്തി പറയാനെിക്ക് സന്തോഷമുണ്ട് "      ഒ എന്‍ വി

ആശാന്റെ "ചിന്താവിഷ്ടയായ സീത"യും വി എസ് ഖണ്ഡേക്കറുടെ "യയാതി"യും കസാന്‍ദ് സാക്കിസിന്റെ "ഒഡീസി-പുതിയൊരനുബന്ധവും" മറ്റും ഇതിഹാസകഥകളുടെ വെറും പുനരാഖ്യാനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. അവ പുനഃസൃഷ്ടികളാണ്. വാഴ ഒരിക്കലേ കുലയ്ക്കുന്നുള്ളൂ. എന്നാല്‍, "വാഴയടിവാഴ" എന്നു നാടന്‍ കര്‍ഷകര്‍ പണ്ടു പറഞ്ഞിരുന്നതുപോലെ, മണ്ണില്‍ മറഞ്ഞിരിക്കുന്ന തായ്ക്കിഴങ്ങില്‍നിന്ന് പുതിയ വാഴത്തൈകള്‍ കിളര്‍ത്തുവരുന്നു. അവയില്‍ ചിലതു കുലച്ച് കേളിപ്പെടുന്നു. ഇത് ആവര്‍ത്തനത്തിലൂടെയുള്ള നിലനില്‍പ്പാണ്. എന്നാല്‍, ഇതിഹാസങ്ങളില്‍നിന്നും പൊട്ടിമുളയ്ക്കുന്ന, നേരത്തെ പറഞ്ഞതുപോലുള്ള കൃതികള്‍ പുതിയ സൃഷ്ടികള്‍ തന്നെയാണ്. പല പാത്രസ്വഭാവങ്ങളും പുതിയ വാര്‍പ്പുകളിലൂടെ പുനരവതരിക്കുന്നു. പഴയ പാഠത്തിനുമീതേ പുതിയ പാഠം കുറിച്ചിടുന്ന ഹസ്തലിഖിതഗ്രന്ഥം (palimsest) പോലെ എന്നു പറയാം. കവിയെ ഇതിനു പ്രേരിപ്പിക്കുന്നത് കാലമാണ്. ഇതിഹാസങ്ങള്‍ എന്നും സമകാലിക പ്രസക്തിയുള്ളവയായിത്തീരുന്നതും ഈ വിധത്തിലാണ്. കാലത്തിന് പുതിയ ചിത്രമെഴുതാന്‍ അവ ചമരും ചായവുമാകുന്നു. ശ്രീ. പ്രഭാവര്‍മ്മയുടെ "ശ്യാമമാധവം" എന്ന കാവ്യം അത്തരത്തിലുള്ള ഒരു കൃതിയാണ്. എല്ലാവരുമെന്നും പാടിപ്പുകഴ്ത്താറുള്ളത് കൃഷ്ണന്റെ വിചിത്രമായ ലീലാവിലാസങ്ങളാണ്.


                                                



ഈ കവിക്കാകട്ടെ, "കണ്ണടച്ചെന്നാലശ്രുകണമെന്നോണം" തുളുമ്പുന്ന ഒരു കൃഷ്ണരൂപമാണ് മനസ്സില്‍ തെളിയുന്നത്. "കാണെക്കാണെയെരിഞ്ഞെരിഞ്ഞു കനലായ്ത്തീരുന്ന ദുഃഖങ്ങളാല്‍ കാലം തീര്‍ത്തൊരു കൃഷ്ണരൂപം" - ആ കൃഷ്ണന്‍ ഏകാകിയാണ്. പൊയ്പോയ കാലത്തിന്റെ നടവഴികളിലേക്ക് ഓര്‍മകളെ നയിക്കാന്‍ ഏകാകിതപോലെ മറ്റെന്തവസ്ഥയാണുള്ളത്?. എന്നാലാ ഏകാകിതയില്‍ "ഏതോ നിഷാദനറിയാതേ തൊടുത്ത കണ കാലില്‍ തുളച്ചുകയറു"കയും കൂടി ചെയ്താലോ! വഴികളിരുളുന്നതായും, മിഴികളടയുന്നതായും തോന്നുന്ന പശ്ചാത്തലം ചുരുങ്ങിയ വാക്കുകളിലൊതുക്കിയിട്ടാണ് ആസന്നമരണനായ കൃഷ്ണന്റെ വെളിപാടുകളിലേക്ക് കവി നമ്മെ നയിക്കുന്നത്. കര്‍ണ്ണന്റെ മുന്നില്‍, ആത്മനിന്ദയിലേക്ക് പോലും വഴുതിവീണുപോകുന്ന ആത്മവിമര്‍ശനം കൊണ്ട്, കൃഷ്ണന്റെ വപുസ്സിനൊപ്പം മനസ്സും ശ്യാമവര്‍ണ്ണമാകുന്നു. "ശ്യാമമാധവ"മെന്ന പേര് ഈ കാവ്യത്തിന് അന്വര്‍ത്ഥമെന്ന് തുടക്കത്തിലേ നാമറിയുന്നു. സന്ദര്‍ഭത്തിന്റെ ചില്ലയില്‍നിന്ന് സാര്‍വകാലികമായ ജീവിതാന്തരീക്ഷത്തിലേക്ക് പറന്നുയരുന്ന അഗ്നിശലഭങ്ങളെപ്പോലെ കുറെ നിനവുകള്‍! - സൂര്യസുതന്‍ കോടിസൂയ്യ പ്രഭനായ കൃഷ്ണനെ തൊട്ടുനില്‍ക്കുന്നതും അവന്റെ നേര്‍ക്ക് നോക്കാന്‍ പോലുമാവാതെ കൃഷ്ണന്റെ കാഴ്ച നേര്‍ത്തുമങ്ങുന്നതും, കര്‍ണന്റെ അന്തര്‍ഗതങ്ങള്‍ കൃഷ്ണന്‍ മന്ത്രസന്നിഭം കേട്ടുനില്‍ക്കുന്നതുമെല്ലാം വര്‍ണിക്കുന്ന ഈയൊരൊറ്റ സര്‍ഗ്ഗം തന്നെ പൂര്‍ണശോഭമായൊരു ഖണ്ഡകാവ്യമായിരിക്കുന്നു എന്നു പറയാതെ വയ്യ! "ശബ്ദായമാനമായ മൗ"ത്തോടെ, രുധിരാഭിഷിക്തനായി കൃഷ്ണന്റെ അന്തര്‍നേത്രങ്ങള്‍ക്കു മുമ്പില്‍ വന്നുനില്‍ക്കുന്ന ജയദ്രഥന്റെ കാഴ്ചയും കൃഷ്ണനെ തളര്‍ത്തുന്നു; ഉള്ളിലേക്ക് സ്വയം പിന്‍വാങ്ങാന്‍ തോന്നിപ്പിക്കും വിധം! കാവ്യനീതിയോടൊപ്പം ഇതിഹാസോചിതമായ നിഷ്പക്ഷതയും കവി ഇവിടെ പുലര്‍ത്തുന്നു. "അനുഗീത" എന്ന സര്‍ഗ്ഗത്തില്‍, ഭഗവദ്ഗീതയെ ഓര്‍ത്തുകൊണ്ട് കവി ഉന്നയിക്കുന്ന ഒരു ചോദ്യം അല്‍പമൊന്നലോസരപ്പെടുത്താമെങ്കിലും അത് തീര്‍ത്തും പ്രസക്തമാണ്, സത്യസന്ധവുമാണ്. "എന്നാല്‍ ഗീത നച്ച മണ്ണിലൊരു നാ- ളെങ്ങാനുമേതെങ്കിലും സന്താപത്തിനു ശാന്തിയേകുമൊരു കൂ- മ്പെങ്ങാന്‍ പൊടിപ്പാര്‍ന്നുവോ?" കാലം ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയല്ലേ? - കാലത്തോട് നമുക്ക് ചോദിക്കാം: "ഭാരതേതിഹാസം സമാപിച്ചത് ശാന്തിപര്‍വത്തിലോ, വനശാന്തിപര്‍വ്വത്തിലോ?" ഉത്തരമെന്തെന്നതല്ല പ്രാധാനം; ഏതു സുവര്‍ണ്ണപാത്രത്തിനും മൂടിവെക്കാനാവാത്ത വിധം സത്യത്തിനുനേര്‍ക്കുയര്‍ത്തിപ്പിടിക്കുന്ന കണ്ണാടിയാണ് കവിത.


അത്, കാലം നടത്തുന്ന അഗ്നിപരീക്ഷകളിലെ ചോദ്യാവലിക്കുള്ള ഉത്തരക്കടലാസല്ല! മഹാഭാരതത്തില്‍ ഗീതയ്ക്കെന്നതുപോലെ "ശ്യാമമാധവ"കാവ്യത്തിന്റെ ഹൃദയഭാഗത്താണ് "അനുഗീത"യ്ക്കുള്ള സ്ഥാനം. കവിതയുടെ ഭാവിയേയും കാവ്യഭാഷയേയും പറ്റി ചിലതോര്‍മ്മിക്കുവാന്‍ ഈ കൃതി എന്നെ പ്രേരിപ്പിക്കുന്നു. ബൃഹദാഖ്യാനങ്ങള്‍ക്കിനി കവിതയില്‍ പ്രസക്തിയില്ലെന്ന വാദത്തെ ഈ കൃതി നിരാകരിക്കുന്നു. ഇതിഹാസങ്ങളിലെ, വിശിഷ്യാ മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു: സ്നേഹിച്ചും സ്നേഹഭംഗമേറ്റുവാങ്ങിയും അന്യരുടെ പാപത്തിന്റെ തിക്തഫലങ്ങള്‍ ആയുഷ്കാലം ഭുജിക്കാന്‍ വിധിക്കപ്പെട്ടും, അവിശുദ്ധമായ ആക്രാന്തങ്ങള്‍ക്കടിപ്പെട്ടും, ആശാനൈരാശ്യങ്ങള്‍ക്കിടയില്‍ നിരന്തരം ആടിയുലഞ്ഞും കള്ളച്ചൂത് കളിച്ചും കളിപ്പിച്ചും, കൊല്ലുന്നതിനേക്കാള്‍ കൊല്ലിക്കുന്നതില്‍ രസം പിടിച്ചും, "ശാശ്വതമൊന്നേ ദുഃഖ"മെന്ന അനുഭവസത്യത്തിലേക്ക് വാനപ്രസ്ഥമനുഷ്ഠിച്ചുമെല്ലാം ആ കഥാപാത്രങ്ങള്‍ ഇന്നും ജീവിക്കുന്നു: സംഭാവ്യതാനിയമം (theory of probability) പാലിച്ചുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളെ പുനഃസൃഷ്ടിക്കുവാനും, അവരുടെ ധര്‍മ്മകര്‍മ്മങ്ങളെ പുനര്‍വ്യാഖ്യാനിക്കുവാനും, നീട്ടിയോ കുറുക്കിയോ എങ്ങനെ എഴുതണമെന്നത് സര്‍ഗ്ഗകര്‍ത്താവിന്റെ സ്വാതന്ത്ര്യമാണ്. "നീട്ടി നീട്ടി, കുറുക്കിക്കുറിക്കി" മാവിന്‍കൊമ്പിലിരുന്ന് യഥേഷ്ടം പാടിത്തിമിര്‍ക്കാനുള്ള കുയിലിന്റെ സ്വാതന്ത്ര്യത്തെ കല്ലെറിയരുത്. അതുകൊണ്ട്, വാഴക്കൈയിലിരുന്ന് ആരെയോ "വിരുന്നുവിളിക്കുന്ന കാകന്റെ "കാകാ"രവത്തിനും, പീലിവിടര്‍ത്താടുന്ന മയിലിന്റെ "കേകാ"രവത്തിനും പ്രകൃതി വിലക്കേര്‍പ്പെടുത്തുന്നില്ലെന്ന് നാം മനസ്സിലാക്കണം. സൃഷ്ടിയുടെ രീതി അനന്തവിചിത്രമാണെന്ന് കരുതാന്‍ വേണ്ട ജനാധിപത്യസംസ്കാരത്തെ നിഷേധിക്കരുത്. കാവ്യഭാഷ, ഭാഷയ്ക്കകത്തെ ഭാഷയാണ്. ഭാഷയാവട്ടെ പരിവര്‍ത്തനവിധേയവുമാണ്.
                                                                   

എന്നാല്‍ ആ പരിവര്‍ത്തനം "അടിച്ചുപൊളിക്കലല്ലാ", മറിച്ച് ക്രമാനുഗതമായ പരിണാമമാണ്. നവോത്ഥാനകവികളുടെ കാലത്തും കാവ്യഭാഷയില്‍ നിലനിന്നിരുന്ന "സന്തതം, സതതം, തത്ര, തരസാ" പോലെയുള്ള വാക്കുകള്‍ ഇന്ന് "കൊഴിഞ്ഞുപോയ തൂവലുകളാ"ണ്. എന്‍ വിയും എം ഗോവിന്ദനും ഇംഗ്ലീഷ് പദങ്ങളെപ്പോലും മലയാളകാവ്യഭാഷയോടിണക്കിച്ചേര്‍ത്തത് അതതു കവിതകളിലെ ഭാവോന്മീലനത്തിനും, അന്തരീക്ഷസൃഷ്ടിക്കും ഉചിതമായ രീതിയിലാണ്. എന്നാലാ രീതി എന്നേക്കുമായി കാവ്യഭാഷയേറ്റുവാങ്ങിയില്ല. ഇതിഹാസമാനമുള്ള ഈ കൃതിയിലാവട്ടെ ശ്രീ. പ്രഭാവര്‍മ്മ, മലയാളത്തിലെ "ചിത്രയോഗാ"ദിമഹാകാവ്യങ്ങളിലെ ജഡമായ കാവ്യഭാഷയെ നിരാകരിച്ചുകൊണ്ട്, ജീവല്‍ഭാഷാപദങ്ങളില്‍ നിന്നൊരു കാവ്യഭാഷ തോറ്റിയെടുത്തിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ആശാനേന്തിയ പന്തമേറ്റുവാങ്ങിയവരില്‍ പ്രമുഖന്‍ വൈലോപ്പിള്ളിയാണെങ്കില്‍ വൈലോപ്പിള്ളിയില്‍ നിന്നാ പന്തം ഏറ്റുവാങ്ങിയ പുതിയ കാലത്തെ കവിയായി പ്രഭാവര്‍മ്മ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു എന്ന് "ശ്യാമമാധവ"ത്തെ മുന്‍നിര്‍ത്തി പറയാനെിക്ക് സന്തോഷമുണ്ട്. ഇതിലെ ഓരോ സര്‍ഗ്ഗവും സ്വയം പര്യാപ്തമായ ഓരോ ലഘുകാവ്യമാണ് - എല്ലാം ചേര്‍ന്നൊരു സമഗ്രലാവണ്യമുറിപ്പിക്കുകയും ചെയ്യുന്നു.

2012 ജൂൺ 1, വെള്ളിയാഴ്‌ച

സിപിഐ എം വിരോധവും കണ്ണീരിന്റെ കച്ചവടവും

  • പി എം മനോജ്

    ധാര്‍മികമേല്‍ക്കൈ അവകാശപ്പെടുകയും ശത്രുക്കളെ ഭീഷണിപ്പെടുത്തുകയും എതിര്‍ശബ്ദത്തെ ഞെരിച്ചുകളയുകയും ചെയ്യുന്ന ഇസ്രായേലി മാധ്യമ മാനേജ്മെന്റിനെക്കുറിച്ച് നീവ് ഗോര്‍ഡന്‍ പറയുന്നുണ്ട്. അത് "ആകര്‍ഷകം" മാത്രമല്ല പേടിപ്പെടുത്തുന്നതും കൂടിയാണ്. ഇസ്രായേലി ഭരണകൂടം ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള തങ്ങളുടെ പദ്ധതികളെക്കുറിച്ച് വിശദമായും രേഖകള്‍ വച്ചും പരസ്യപ്രഖ്യാപനങ്ങള്‍ നടത്തുന്നത് യാതൊരു കുറ്റബോധവുമില്ലാതെയാണ്. ""വൈറ്റ്ഹൗസ്മുതല്‍ കോണ്‍ഗ്രസ്വരെ നീളുന്ന, അമേരിക്കയിലെ ഇരുപാര്‍ടികളിലുംപെട്ട മുഴുവന്‍ രാഷ്ട്രീയക്കാരുടെയും അധികാരമൊഴിയുന്നവരും അധികാരമേല്‍ക്കുന്നവരുമായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെയും മുഖ്യധാരയില്‍പ്പെട്ട എല്ലാ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ അവര്‍ക്കുണ്ട് എന്നതാണതിന്റെ കാരണം"" എന്ന് ജെയിംസ് പെട്രാസ് നിരീക്ഷിക്കുന്നു.

    ലോകത്ത് സമകാലത്ത് നടക്കുന്ന ഏറ്റവും പരസ്യവും നിഷ്ഠുരമായതുമായ നരമേധത്തെ ന്യായീകരിക്കാനും അതിന് ഇസ്രായേലി ജൂതന്‍മാരില്‍ 81 ശതമാനത്തിന്റെയും പിന്തുണ നേടിക്കൊടുക്കാനും ഈ പ്രചാരണത്തിന് കഴിയുന്നു. ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്ന ഏകപക്ഷീയമായ വാര്‍ത്തകള്‍ക്ക്; ഇസ്രായേലിന്റെ ചെയ്തികളെ ഒരിക്കല്‍പ്പോലും വിമര്‍ശിക്കാത്ത തരത്തില്‍ മാത്രം പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ഇങ്ങനെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ ഉള്ള സ്വാധീനത്തെയാണ് "എങ്ങനെ ധാര്‍മികതായുദ്ധത്തെ വില്‍ക്കാം" എന്ന ലേഖനത്തില്‍ നീവ് ഗോര്‍ഡന്‍ പരിശോധിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യം ചെയ്യപ്പെടുന്ന രീതിയില്‍ "ധാര്‍മികതായുദ്ധ"ത്തിന്റെ ചിട്ടപ്പെടുത്തിയ വിപണന രീതികളും പ്രചാരണ തന്ത്രങ്ങളുടെ ആവര്‍ത്തനവും കാണാനാവും. കൊലചെയ്യപ്പെട്ടു എന്നതും കൊല്ലപ്പെട്ടയാള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശത്രുചേരിയിലായിരുന്നു എന്നതുമാണ് മുന്നിലുള്ള വസ്തുതകള്‍. അതിനപ്പുറമുള്ളത് സങ്കല്‍പ്പങ്ങളാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഐ എമ്മിനുമാത്രമേ കഴിയൂ എന്നാണ് വിപണനം ചെയ്യപ്പെടുന്ന ഒരു യുക്തി. രണ്ടാമത്തേത്, ചന്ദ്രശേഖരന് മറ്റ് ശത്രുക്കളില്ലായിരുന്നു എന്നത്. അതിനര്‍ഥം കൊല്ലപ്പെട്ടയാള്‍ സിപിഐ എം അല്ലാത്ത എല്ലാവരുടെയും മിത്രമായിരുന്നു എന്നാണ്. സിപിഐ എമ്മുമായി കലഹിച്ച് പുറത്തുപോയത്, "വലതുപക്ഷ വല്‍ക്കരണ"ത്തിലെ രോഷം അടക്കാനാവാതെയാണെന്ന് യഥാര്‍ഥ ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചന്ദ്രശേഖരാനുകൂലികള്‍ ആവര്‍ത്തിക്കുന്നുണ്ട്. അത് മുഖവിലയ്ക്കെടുത്താല്‍, മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനുമാണ് ഇടതുപക്ഷത്തിന്റെ ഊതിക്കാച്ചിയ പ്രതിനിധികള്‍ എന്നും വിശ്വസിക്കേണ്ടിവരും. ഇത്തരം വിരുദ്ധോക്തികള്‍ (പുതിയ മാര്‍ക്സിസ്റ്റ് മേധത്തിന് പൊടിതട്ടി ഉപയോഗിക്കപ്പെടുന്ന എഴുത്തുകാരനായ ജോര്‍ജ് ഓര്‍വെലിന്റെ പ്രയോഗമായ ഡബിള്‍തിങ്ക് അഥവാ ഇരുചിന്ത) സമര്‍ഥമായി വിറ്റുപോകുന്ന മാധ്യമ പരിസരമാണ് ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടത്.

    ""ഫ്യൂറര്‍ യഥാര്‍ഥത്തില്‍ ആവേശം കൊണ്ടു. കയ്യടിയുടെ കൊടുങ്കാറ്റുതന്നെയുണ്ടായി. ഞാന്‍ അവതരിപ്പിച്ച കാര്യം ശരിക്കും ആഴത്തില്‍ ഫലിക്കുന്നതായിരുന്നു""എന്നാണ് നാസി പാര്‍ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് ജോസഫ് ഗീബല്‍സ് 1935 സെപ്തംബര്‍ 15ന്റെ ഡയറിത്താളില്‍ എഴുതിയത്. ആ പ്രസംഗം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ളതായിരുന്നു. കമ്യണിസ്റ്റുകാരും സോഷ്യലിസ്റ്റുവിശ്വാസികളും ജൂതന്മാരും ഉന്‍മൂലനംചെയ്യപ്പെടേണ്ടവരാണ് എന്ന സിദ്ധാന്തവും വികാരവുമാണ് പ്രസംഗത്തിലും പ്രവൃത്തിയിലും ഗീബല്‍സ് പിന്തുടര്‍ന്നത്. ഹിറ്റ്ലറുടെ ആത്മഹത്യക്ക് ശേഷം ഒരുദിവസത്തേക്ക് ജര്‍മനിയുടെ ചാന്‍സലറാവുകയും ഒടുവില്‍ അഞ്ച് കുഞ്ഞുങ്ങളെ കൊന്ന് ഭാര്യയോടൊപ്പം ആത്മഹത്യചെയ്യേണ്ടിവരികയും ചെയ്ത ഗീബല്‍സില്‍നിന്ന് മാര്‍ക്സിസ്റ്റ് വിരോധ പ്രചാരണം എറെ സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു. കയ്യടിയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാനുള്ള മത്സരത്തില്‍, ആവര്‍ത്തനത്തിന്റെ മടുപ്പും ചെടിപ്പും കാര്യമാക്കാതെയുള്ള നൈരന്തര്യമാണുണ്ടാകുന്നത്. ഒരേ മുഖങ്ങള്‍, ഒരേ ശൈലിയില്‍, ഒരേ കാര്യം പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് "വലിയ നുണ"യുടെ പ്രയോഗ രീതിയാണ്. പാര്‍ടിഗ്രാമവും പാര്‍ടികോടതിയും സെല്‍ഭരണവും മതിമറന്നാഘോഷിക്കാനുള്ള പ്രയോഗങ്ങളായി വലതുപക്ഷം ഏറ്റെടുത്തത് ഇന്നോ ഇന്നലെയോ അല്ല. ടി പി ചന്ദ്രശേഖരന്റെ പോസ്റ്റുമോര്‍ട്ടം മുറിയില്‍ നേരിട്ടു കയറിച്ചെന്ന ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരോട് രഹസ്യ ചര്‍ച്ച നടത്തിയ മുഖ്യഭരണകക്ഷി അധ്യക്ഷനും "സെല്‍ഭരണ"ത്തിന് പുറത്തുനില്‍ക്കുകയാണ്.

    പൊലീസ് അന്വേഷണം തുടരുന്ന കേസില്‍, പ്രതിസ്ഥാനത്ത് ആര് വരണമെന്ന ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ അന്വേഷകര്‍ തയാറായേ മതിയാകൂ. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിക്കിട്ടാന്‍ എംഎല്‍എമാരെ വിലയ്ക്കെടുക്കുക എന്നതുമാത്രമല്ല വഴി എന്ന് തിരിച്ചറിയുന്നവര്‍ക്ക് ഈ വഴിയിലും പരിധിയില്ലാതെ സഞ്ചരിക്കാനാവും. ചന്ദ്രശേഖരന്‍ ഒഞ്ചിയത്തിനു സമീപത്തെ ഏറാമല പഞ്ചായത്തുകാരനാണ്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് ബാലസംഘത്തില്‍ എത്തി സിപിഐ എം ഏരിയാ കമ്മിറ്റി അംഗമായി ഉയര്‍ന്നയാളാണ്. അദ്ദേഹം എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ജില്ലാ നേതാവായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്്. സിപിഐ എമ്മുമായി ഏതെങ്കിലും നയപരമായ ഭിന്നത ഉയര്‍ത്തിപ്പിടിച്ചല്ല പുറത്തുപോയത്. ഒരു പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം ഘടകകക്ഷിയായ ജനതാദളിന് മുന്നണിധാരണയനുസരിച്ച് നല്‍കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ കലഹമുണ്ടാക്കിയതും വേറിട്ട പാര്‍ടിയുണ്ടാക്കിയതും. ആര്‍ക്കെതിരെയാണോ വികാരാധീനരായി ബഹളമുണ്ടാക്കിയത്, അതേ ജനതാദളിനോട് പിന്നീട് ചന്ദ്രശേഖരനും കൂട്ടരും കൈകോര്‍ത്തു. പാര്‍ടിയുടെ സംഘടനാതത്വങ്ങളെ പരസ്യമായി വെല്ലുവിളിച്ചതും സംഘടനയ്ക്കതീതമാണ് തങ്ങളുടെ വാശി എന്നു ഘോഷിച്ചതും ഒരു നയത്തിന്റെയും അടിസ്ഥാനത്തിലല്ല, കേവലം ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈവിടാതിരിക്കാനായിരുന്നു എന്നര്‍ഥം. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഐക്യം ഉറപ്പിക്കാന്‍ ഉറച്ച നിലപാട് സ്വീകരിച്ചതിനെ സിപിഐമ്മിന്റെ വലതുപക്ഷവല്‍ക്കരണമാണെന്ന് സമര്‍ഥിക്കാന്‍ ന്യായങ്ങളൊന്നുമില്ലതന്നെ. തുടക്കത്തില്‍ പ്രാദേശികമായി കുറെയാളുകളെ ഒപ്പം നിര്‍ത്താനായെങ്കിലും അവരെ തുടര്‍ന്നും പിടിച്ചു നിര്‍ത്താന്‍ നയപരമായ ഭിന്നത ചൂണ്ടിക്കാണിക്കാനാവാതിരുന്നത് ഒഞ്ചിയത്തെ "വിപ്ലവ" പാര്‍ടി നേരിട്ട പ്രധാന ദൗര്‍ബല്യമാണ്. അതിെന്‍റ ഫലമായി, അനുയായികള്‍ സിപിഐ എമ്മിലേക്ക് തിരിച്ചു പോകുന്നത് ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞിരുന്നു. അത്തരമൊരവസ്ഥയിലാണ്, ആ തിരിച്ചുപോക്കില്‍ താനും പങ്കാളിയാകാമെന്ന ധാരണയിലെത്തിയത്. സ്ഥാപിത താല്‍പര്യമുള്ള "അദൃശ്യശക്തി" അത് അട്ടിമറിച്ചെങ്കിലും ചന്ദ്രശേഖരനെ ഇല്ലാതാക്കിയാല്‍ അവസാനിക്കുന്ന പ്രശ്നങ്ങളൊന്നും അവിടെ സിപിഐ എമ്മിനുണ്ടായിരുന്നില്ല. കൊലപാതകത്തിന്റെ നേട്ടം കൊയ്യുന്നത്, മോഹന്‍ലാലിന്റെ ഭാഷയില്‍ കണ്ണീര് വില്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണ്? വലിയ ഒരുനിരയെയാണ് കാണാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി മുതല്‍ കാലഹരണപ്പെട്ട് കാഴ്ചയില്‍നിന്ന് മറഞ്ഞിരുന്ന മുന്‍മാര്‍ക്സിസ്റ്റുകാര്‍ വരെ അക്കൂട്ടത്തിലുണ്ട്. മെയ് നാലിന് രാത്രി ആരംഭിച്ച തുടര്‍ച്ചയായ ചാനല്‍ഷോയ്ക്ക് ചെറിയ ഇടവേള ലഭിച്ചത് മെയ് ഇരുപത്തിമൂന്നിന് പെട്രോള്‍ വിലയില്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന വരുത്തിയപ്പോള്‍ മാത്രമാണ്. പതിനെട്ട് ദിവസം തുടര്‍ച്ചയായി മലയാളത്തിലെ പ്രമുഖ വലതുപക്ഷ പത്രങ്ങളുടെ ലീഡ് വാര്‍ത്തകള്‍ ചന്ദ്രശേഖരനെക്കുറിച്ചുള്ളതായിരുന്നു; വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചാവിഷയം ഒഞ്ചിയത്തെ കൊലപാതകമായിരുന്നു. പെട്രോള്‍ വിലക്കയറ്റത്തിെന്‍റ രൂക്ഷത ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന വാര്‍ത്തയെപ്പോലും അപ്രധാനമാക്കി പിറ്റേന്ന്(മെയ് 24ന്)പ്രമുഖ പത്രങ്ങള്‍ ഇറങ്ങിയതും ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ പിടിക്കപ്പെട്ടു എന്നതിന്റെ സചിത്ര കഥനത്തിന്റെ ആഘോഷവുമായാണ്്. രാജീവ് ഗാന്ധി വധത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയതിന്റെ ഇരട്ടിയോളം സ്ഥലമാണ് മലയാള പത്രങ്ങളില്‍ ചന്ദ്രശേഖരനായി ഉപയോഗിക്കപ്പെട്ടത്. പ്രാധാന്യത്തിന്റെ തോതും സമാനം തന്നെ. നിശ്ചയമായും ചന്ദ്രശേഖരനെക്കാള്‍ ഉയര്‍ന്ന പദവിയിലിരിക്കവെ രാഷ്ട്രീയ നേതാക്കള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്; വധശ്രമത്തിനിരയായിട്ടുണ്ട്. അതിനോടൊന്നും കാണിക്കാത്ത ആവേശം ഇന്ന് കാണിക്കുന്നത്, ചന്ദ്രശേഖരനെ കൊന്നത് സിപിഐ എം ആണ് എന്ന് സ്ഥാപിക്കാനുള്ള എളുപ്പംകൊണ്ടുമാത്രമല്ല, അങ്ങനെ സ്ഥാപിച്ചാല്‍ ലഭ്യമാകുമെന്ന് കരുതുന്ന രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുമാണ്. അന്വേഷണത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാതെ തന്നെ വ്യക്തമാകുന്നത്, അതിന്റെ കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ലക്ഷ്യമാണ്. അതാകട്ടെ, സിപിഐ എമ്മിനെ തളര്‍ത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് ഒപ്പിച്ചുള്ളതുമാണ്. ഭരണരാഷ്ട്രീയ നേതൃത്വം രാഷ്ട്രീയമായി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അനുപൂരകമായ "സിപിഐ എം ബന്ധങ്ങള്‍" സൃഷ്ടിക്കാനും "തെളിവു"കള്‍ ഉണ്ടാക്കാനും പൊലീസ്-മാധ്യമ നെക്സസ് ജാഗ്രതയോടെ രംഗത്തുവന്നിരിക്കുന്നു. സിപിഐ എം പൊതുയോഗം വിളിച്ചുകൂട്ടി പ്രഖ്യാപിച്ച് ഒരു കൊലപാതകം നടത്തിയാല്‍പോലും ഇത്രയേറെ പാര്‍ടി നേതാക്കളെ കേസുമായി ബന്ധപ്പടുത്താന്‍ കഴിയില്ല-ഇവിടെ, ആര്‍എംപിയുടെ പുത്തന്‍ നേതൃത്വത്തിന് വിരോധമുള്ളവര്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഇഷ്ടമില്ലാത്തവര്‍, കണ്ണൂര്‍ ജില്ലയിലെ പാര്‍ടിയുമായി ബന്ധപ്പെടുത്താനുള്ള കണ്ണികള്‍-ഇങ്ങനെ ലക്ഷ്യം നിശ്ചയിച്ച് കേസില്‍ ആളെക്കൂട്ടുകയാണ്. ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തെ ആദ്യം നിശ്ചയിച്ചാല്‍, മേല്‍കമ്മിറ്റികളിലുള്ളവരെ ചൂണ്ടിക്കാട്ടാനുള്ള അനായാസത പൊലീസ് കാണുന്നുണ്ട്. സാധാരണ നിലയില്‍ അവര്‍ തമ്മില്‍ കണ്ടിട്ടുണ്ടാകും; സംസാരിച്ചിട്ടുണ്ടാകും. ഒരു ഫോണ്‍കോള്‍ ഇന്നസമയത്ത് ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാല്‍പോലും അതാണ് നിര്‍ണായക തെളിവ് എന്നാര്‍ത്തുവിളിക്കാനുള്ള സാഹചര്യം മാധ്യമങ്ങള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്തകാലത്ത് സംഭവിച്ച ചില കാര്യങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കണ്ണൂരില്‍ ഒരു ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയിരുന്നു. ചാലക്കുടിയില്‍നിന്നുള്ള കുപ്രസിദ്ധ ക്രിമിനലുകളുടെ ഇരുപത്തിയൊന്നംഗ സംഘമാണ് കണ്ണൂരിലെത്തിയത്. മൂന്ന് വാഹനത്തില്‍ 21 പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം കിട്ടിയതിനെതുടര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. വിവരം കിട്ടിയതുപ്രകാരമുള്ള വാഹനം കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് കണ്ടെത്തി. കെഎല്‍ 17- 2410 ക്വാളിസ് വാനും അതിലുണ്ടായിരുന്ന മൂന്നുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഒരു പ്രമുഖ നേതാവിനെ വധിച്ച്, അത് സിപിഐ എമ്മിനുമേല്‍ ചാരി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. (പിറ്റേന്ന് കെ സുധാകരന്‍ പത്രസമ്മേളനം നടത്തി പറഞ്ഞത് തെരഞ്ഞെടുപ്പിനിടെ എ പി അബ്ദുള്ളക്കുട്ടി എംപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്നാണ്. ഉന്നത രാഷ്ട്രീയനേതാവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് മറുപടിയായാണ് ഇക്കാര്യം വിശദീകരിച്ചത്. പ്രമുഖന്‍ എന്നുമാത്രമേ പത്രങ്ങള്‍ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, അത് അബ്ദുള്ളക്കുട്ടിയാണെന്ന് സുധാകരന്‍ തന്നെ വിളിച്ചു പറഞ്ഞു). എറണാകുളം പറവൂര്‍ മൂത്തകുന്നത്തെ കളത്തില്‍വീട്ടില്‍ കെ ജെ തോമസ്(24), ചാലക്കുടി കുറ്റിച്ചിറയിലെ സി ഡി ടെന്‍സന്‍(26), കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍ വലിയന്നൂര്‍ സ്വദേശി പ്രജിത്ത് എന്നിവരെ കണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് പിടികൂടിയത്. പൊലീസ് പിടികൂടിയ "യുഡിഎഫ് പ്രവര്‍ത്തകരെ" വിട്ടയക്കണമെന്നാവശ്യപ്പെട്ട് അന്ന് കെ സുധാകരന്‍ കുറെയാളുകളുമായി സ്റ്റേഷനിലെത്തി. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിക്കുന്നതുവരെ എംഎല്‍എയും സംഘവും സ്റ്റേഷനു മുമ്പില്‍ തമ്പടിച്ചു. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്ത പ്രകാരമാണ് ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘം ജില്ലയിലെത്തിയതെന്ന് സുധാകരന്റെ സമരത്തോടെ വ്യക്തമായി. ഒപ്പം മറ്റൊന്നുകൂടി അന്ന് നടന്നു. കോട്ടയത്ത്, പുതുപ്പള്ളിയില്‍ വോട്ടുചെയ്ത ശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഹെലികോപ്ടറില്‍ കണ്ണൂരിലേക്ക് കുതിച്ചു. പൊലീസിനെപ്പോലും അറിയിക്കാതെയായിരുന്നു ആ യാത്ര. കണ്ണൂരില്‍ കൊലപാതകം നടത്തിയശേഷം സംസ്ഥാനത്താകെ കലാപം വിതയ്ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള പങ്കാളിത്തം ആ പറന്നിറങ്ങലില്‍ തെളിഞ്ഞു. പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഏജന്റുമാരെ മര്‍ദിച്ചതറിഞ്ഞ്് ഉമ്മന്‍ചാണ്ടി ആകാശമാര്‍ഗം എത്തിയെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. പേരാവൂരില്‍ എവിടെയും അങ്ങനെയൊരു മര്‍ദനം നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷനു മുമ്പില്‍ പരാതിയുമുണ്ടായിരുന്നില്ല. പിടിയിലായ ക്വട്ടേഷന്‍ സംഘം തന്റെ ബിസിനസ് സുഹൃത്തുക്കളാണെന്ന് സുധാകരന്‍ വാദിച്ചുനോക്കി. അവരുമായുള്ള ബിസിനസ് എന്തെന്ന് പറയാനായില്ല. കൊലയാളികള്‍ പിടിക്കപ്പെടുമെന്ന് ഓര്‍ക്കാതെയാണ് ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച പറന്നിറങ്ങിയത്. അന്ന്, ഉച്ചയ്ക്കുമുമ്പ് വോട്ട് രേഖപ്പെടുത്തണമെന്ന് യുഡിഎഫ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയോടെ ഗൂഢാലോചന നടപ്പാകുമെന്നും തുടര്‍ന്ന് സംസ്ഥാനത്താകെ കലാപം അഴിച്ചുവിടാമെന്നുമുള്ള പദ്ധതിയാണ് പൊളിഞ്ഞത്. സംസ്ഥാനം കത്തിക്കാന്‍ ലക്ഷ്യമിട്ട അത്തരമൊരു ക്രിമിനല്‍ ഗൂഢാലോചനയുടെ അനുഭവം ഇന്നത്തെ ഒഞ്ചിയം സംഭവങ്ങളോട് ചേര്‍ത്തുവയ്ക്കുമ്പോള്‍, ഭയാനകമായ ചിത്രമാണ് തെളിയുക. മാര്‍ക്സിസ്റ്റുകാര്‍ ബലപ്രയോഗത്തെ തിരസ്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. എന്നാല്‍ ബലപ്രയോഗം അനവസരത്തില്‍ അനാവശ്യമായി നടത്തേണ്ട ഒന്നായി അവര്‍ കാണുന്നില്ല. സാമൂഹ്യമര്‍ദനത്തിനെതിരായ വിപ്ലവകരമായ ബഹുജനപ്രസ്ഥാനത്തിന്റെ അഭേദ്യഭാഗവും ചൂഷകവര്‍ഗത്തിന്റെ അക്രമത്തിനെതിരായ ദോഷവുമാണ് കമ്യൂണിസ്റ്റുകാര്‍ക്ക് ബലപ്രയോഗം. അതുകൊണ്ടുതന്നെ ഒരു ചെറു വിഘടിത ഗ്രൂപ്പിന്റെ നേതാവിനെതിരെ പ്രയോഗിക്കേണ്ടതല്ല അത്. കമ്യൂണിസ്റ്റുകാര്‍ അഹിംസാ സിദ്ധാന്തികളാണ് എന്ന് പറഞ്ഞു നടക്കുന്നവരല്ല. അഹിംസയെക്കുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ള ഗാന്ധിജിയും അങ്ങനെതന്നെയായിരുന്നു. നിത്യവും പുള്ളിപ്പുലി കടന്നുചെല്ലുന്ന ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടുന്നയാള്‍ ഭീരുവും പുലിയെ കൊല്ലുന്നയാള്‍ ധീരനുമാണെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. ""ഒരു കൃഷിക്കാരനായി കാട്ടില്‍ താമസിക്കുകയാണെങ്കില്‍ എനിക്ക് ഏറ്റവും പരിമിതമായെങ്കിലും അക്രമം പ്രയോഗിക്കുക ഒഴിവാക്കാനാവാതെവരും. വിളകളെ തിന്നുനശിപ്പിക്കുന്ന കുരങ്ങുകളെയും പക്ഷികളെയും കീടങ്ങളെയും എനിക്ക് കൊല്ലേണ്ടതായി വരും.....ക്ഷാമമുള്ള കാലത്ത് അഹിംസയുടെ പേരില്‍ വിളകള്‍ തിന്നുനശിപ്പിക്കാന്‍ അനുവദിക്കുന്നത് പാപമാണ്. തിന്മയും നന്മയും ആപേക്ഷികമാണ്. ഒരു സാഹചര്യത്തിലെ നന്മ വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തില്‍ പാപമായിരിക്കും."" (ഹരിജന്‍, 29 മെയ് 1946) തല്ലാനും കൊല്ലാനും വരുമ്പോള്‍ കൈകെട്ടി നിന്ന പാരമ്പര്യം സിപിഐ എമ്മിനുമില്ല. ഏതെങ്കിലും ഒരു കൊലപാതകക്കുറ്റം ചാര്‍ത്തിക്കിട്ടിയാല്‍ തകര്‍ന്നു തരിപ്പണമായിപ്പോകുന്ന പാര്‍ടിയാണ് സിപിഐ എം എന്നതിന് അനുഭവ സാക്ഷ്യമില്ല. ചന്ദശേഖരനെ കൊന്നത് ഞങ്ങളല്ല എന്ന് സിപിഐ എം പറയുമ്പോള്‍ വരുന്ന വിശ്വാസ്യത ആ ചരിത്രയാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നതാണ്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനുമേല്‍ കെട്ടിവെക്കേണ്ടത്, പാര്‍ടിയെ എതിര്‍ക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ, വധം സംഭവിച്ചയുടനെ ഉത്തരവാദി സിപിഐ എം ആണെന്ന തീര്‍പ്പ് പലകണ്ഠങ്ങളില്‍ നിന്ന് ഒന്നിച്ചുയര്‍ന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, സിപിഐ എമ്മിന് അതുകൊണ്ടെന്ത് ലാഭം എന്ന യുക്തിപൂര്‍ണമായ ചോദ്യം ആരും ഉയര്‍ത്തിയില്ല. ഒന്നാമത്, ചന്ദ്രശേഖരന്‍ സിപിഐ എമ്മിലേക്ക് തിരിച്ചെത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നയാളാണ്. ആ വെളിപ്പെടുത്തലിന് ചന്ദ്രശേഖരന്റെ പാര്‍ടിയില്‍നിന്ന് നിഷേധം ഉണ്ടായിട്ടില്ല. പെട്ടെന്ന് ഏതോ അജ്ഞാത ശക്തിയുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് അതില്‍നിന്ന് പിന്‍മാറിയത്. അങ്ങനെ പിന്‍മാറിയെങ്കിലും നേരത്തെ നിലനിന്ന ശത്രുത സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ തുടര്‍ന്നിരുന്നില്ല. ഏതാണ് ആ അജ്ഞാത ശക്തി? ഉത്തരം പറയാന്‍ കഴിയുന്ന ആള്‍ ചന്ദ്രശേഖരന്റെ പിന്‍ഗാമിയായി നേതൃസ്ഥാനത്ത് വന്ന വേണുവാണ്. സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ അകന്നുകഴിയണം എന്ന് കഠിനമായി ആഗ്രഹിച്ച ആ അജ്ഞാതശക്തിക്ക്, ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടാല്‍ ഉണ്ടാകുന്ന അന്തരീക്ഷത്തിന്റെ ആനുകൂല്യവും ആഗ്രഹിക്കാവുന്നതാണ്. അതില്‍ യുക്തിയുണ്ട്. സിപിഐ എമ്മിലേക്ക് കൊണ്ടുപോയി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അന്വേഷണം ആ വഴിയിലേക്ക് തിരിഞ്ഞു നോക്കിയില്ല.

    ഇടതുപക്ഷം എന്ന് സ്വയംവിശേഷിപ്പിക്കുന്ന വ്യക്തികളും കേന്ദ്രങ്ങളും യുഡിഎഫിന്റെ രാഷ്ട്രീയ ആക്രമണത്തിന് ആയുധങ്ങളായി രംഗത്തുണ്ട്. ഇടതുപക്ഷ വേഷത്തില്‍, ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ചരിത്രത്തിലെ ആദ്യ അനുഭവമല്ല. 1974ല്‍ കണ്ടെടുത്ത "നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം" എന്ന പേരിലുള്ള "അജിന്റര്‍ പ്രസ്" (ഒളിവേറ സലാസറുടെ ഏകാധിപത്യ ഭരണകാലത്ത്, 1966 സെപ്തംബറില്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ രൂപീകരിച്ച രഹസ്യ വാര്‍ത്താഏജന്‍സിയാണ് അജിന്റര്‍ പ്രസ്. അള്‍ജീരിയന്‍ യുദ്ധകാലത്ത്(1954-62) "ഫ്രഞ്ച് അള്‍ജീരിയയ്ക്ക്" വേണ്ടി നിലകൊണ്ട മാഡ്രിഡിലെ തീവ്രവലതുപക്ഷ ഭീകരസംഘടന ഒഎഎസിന്റെ സ്ഥാപകരില്‍ ഒരാളായ ക്യാപ്റ്റന്‍ വെസ് ഗ്യൂറിന്‍ സെറാക്കാണ് ഇതിന് നേതൃത്വം നല്‍കിയത്. യഥാര്‍ഥത്തില്‍ ലോകമെങ്ങും ശാഖകളുള്ള കമ്യൂണിസ്റ്റ്വിരുദ്ധ സായുധസംഘടനയാണ് അജിന്റര്‍ പ്രസ്. ബോംബാക്രമണങ്ങള്‍, നിശബ്ദ കൊലപാതകങ്ങള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, നിഗൂഢമായ വാര്‍ത്താവിനിമയം, നുഴഞ്ഞുകയറ്റം തുടങ്ങിയ ഭീകരപ്രവര്‍ത്തനസമാനമായ രഹസ്യനടപടികള്‍ക്ക് ഈ സംഘടന അതിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു) രേഖ അത്തരം ഗൂഢമായ പ്രവര്‍ത്തനങ്ങളുടെ ഉപയോഗവും സംഘര്‍ഷതന്ത്രങ്ങളിലെ പങ്കാളിത്തവും വിശദീകരിക്കുന്നുണ്ട്.

    ""ഭരണകൂടത്തിന്റെ എല്ലാ ഘടനകളിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉതകുന്ന സാഹചര്യം ഒരുക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന് നാം കരുതുന്നു... കമ്യൂണിസ്റ്റ് ചൈന അനുകൂല പ്രവര്‍ത്തനങ്ങളുടെ മറവില്‍ ജനാധിപത്യ ഭരണഘടന തകര്‍ക്കുകയെന്നതാണ് ആദ്യമായി നടത്തേണ്ട നീക്കമെന്ന് നാം കരുതുന്നു. മാത്രമല്ല, ഇത്തരം സംഘടനകളില്‍ നമ്മുടെ ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്, നമ്മുടെ ആക്രമണങ്ങള്‍ ആശയപ്രചാരണത്തിന്റെ അകമ്പടിയില്‍ നടത്തണം. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ കമ്യൂണിസ്റ്റ് എതിരാളികളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന പ്രതീതി സൃഷ്ടിക്കുകയും വേണം. അങ്ങനെ, ഓരോ രാജ്യത്തും ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയാകുന്ന കമ്യൂണിസ്റ്റുകാര്‍ക്കെതിരെ വെറുപ്പിന്റേതായ അന്തരീക്ഷം രൂപംകൊള്ളുകയും ചെയ്യും."" ഇങ്ങനെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ളതും, ആത്യന്തികമായി അത് ഇടതുപക്ഷതെ തുടച്ചുനീക്കാനുള്ള ആയുധമായി ഉപയോഗിക്കാനുമുള്ളതുമായ ആസൂത്രണത്തിലെ കൃത്യത ചന്ദ്രശേഖരന്‍ വധത്തെ കൈകാര്യം ചെയ്യുന്നതില്‍ വലതുപക്ഷവും ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷ എജന്റുമാരും മാധ്യമങ്ങളും കാണിക്കുന്നുണ്ട്. പയ്യപ്പിള്ളി ബാലന്‍ ഒരു അനുഭവം അനുസ്മരിക്കുന്നുണ്ട്. ""വിമോചന സമരകാലത്ത് മഞ്ഞുമ്മല്‍ നടന്ന കമ്യൂണിസ്റ്റ് വിരുദ്ധ പൊതുയോഗത്തില്‍ &ൃറൂൗീ;ഒരു പ്രസംഗകന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈയിലെടുത്ത് പകുത്ത് വായിക്കാന്‍ തുടങ്ങി. "ആകയാല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അമ്മ പെങ്ങള്‍ വ്യത്യാസമില്ല. എല്ലാ സ്ത്രീകളും പൊതുസ്വത്താണ്. ഏതൊരു സ്ത്രീയേയും ഏതൊരു പുരുഷനും പ്രാപിക്കാം." പ്രസംഗകന്‍ പുസ്തകത്തില്‍ നിന്നും നോട്ടം സദസ്സിലേക്ക് തിരിച്ചിട്ടു പറഞ്ഞു. ഞാന്‍ ചുമ്മാതെ വായ്ത്താരി പറയുകയല്ല. കമ്യൂണിസ്റ്റുകാര്‍ വേദപുസ്തകമായി കണക്കാക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അച്ചടിച്ചു വെച്ചിരിക്കുന്നതാണ്. പ്രസംഗകന്‍ പകുത്തു പിടിച്ച പുസ്തകവുമായി സദസ്സിലേക്കിറങ്ങിച്ചെന്നു. എട്ടുപത്തുപേരെ താന്‍ വായിച്ച വരികള്‍ വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു. വായിച്ചവരെല്ലാം തലകുലുക്കി സമ്മതിച്ചു. ശുദ്ധമനസ്കര്‍ കമ്യൂണിസ്റ്റുകാര്‍ വെറുക്കപ്പെടേണ്ടവര്‍ തന്നെ ഉറച്ചു വിശ്വസിച്ചു. കമ്യൂണിസ്റ്റ് അനുഭാവികളായ ചിലര്‍ സദസ്സിലുണ്ടായിരുന്നു. അവര്‍ മാനിഫെസ്റ്റോ വായിച്ചിട്ടില്ല.

    പല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെയും ജീവിതം നേരിട്ടു മനസ്സിലാക്കിയിട്ടുള്ള അവര്‍ സംശയാലുക്കളായി. ""ഈ കൊലച്ചതി എങ്ങനെയാണെന്നോ സംഘടിപ്പിക്കുന്നത്. പാര്‍ടി തര്‍ജമ ചെയ്തിട്ടുള്ള അതേ പേജ് വലിപ്പത്തില്‍ അതേ വലിപ്പത്തിലുള്ള അച്ചുകള്‍ നിരത്തി തങ്ങള്‍ ആഗ്രഹിക്കുന്ന വളച്ചൊടിക്കല്‍ ചേര്‍ത്ത് ആവശ്യമുള്ള പേജുകള്‍ തയ്യാറാക്കുന്നു. യഥാര്‍ഥ മൂലകേന്ദ്രത്തിന്റെ ഉച്ചിക്കെട്ടഴിച്ച് വളച്ചൊടിക്കലുകള്‍ കുത്തിത്തിരുകി ഗ്രന്ഥം പൂര്‍വസ്ഥിതിയിലാക്കുന്നു. ഒറ്റനോട്ടത്തില്‍ ഈ തട്ടിപ്പ് ആരും മനസ്സിലാക്കുകയില്ല."" ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമപ്രചാരണത്തിന്റെ സ്വഭാവം ഇതില്‍നിന്ന് തെല്ലും വേറിട്ടുനില്‍ക്കുന്നില്ല. കമ്യൂണിസ്റ്റ് വിരോധമെന്നത് കാപട്യപൂര്‍ണമാണ്. സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാണത്. അതുകൊണ്ടുതന്നെ ക്രൂരവും നിര്‍ദയവുമാണ്. സ്വന്തം അഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവെക്കുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് അറപ്പാണ് എന്ന് മാനിഫെസ്റ്റോ പറയുന്നു. ഒരു കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് ഭയന്ന്, നുണ പറയുന്നതിലേക്കോ ഒളിച്ചോടുന്നതിലേക്കോ എത്തിച്ചേരുന്നതുമല്ല അത്.

    യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍ വധിക്കപ്പെട്ട കേസില്‍ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായ ഒന്‍പത് പേരെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ആ സഖാക്കളുടെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി സിപിഐ എം ഫണ്ട് ശേഖരണം നടത്തുകയുണ്ടായി. മറ്റേതൊരു ഫണ്ട് ശേഖരണത്തെയും നിഷ്പ്രഭമാക്കുന്ന രീതിയിലാണ് ജനങ്ങള്‍ അന്ന് സംഭാവന നല്‍കിയത്. തങ്ങള്‍ക്കുവേണ്ടിയാണ് ആ സഖാക്കള്‍ തടവറയില്‍ കിടക്കുന്നതെന്നും അവരാരും വെറുക്കപ്പെടേണ്ടവരല്ലെന്നുമുള്ള ഉത്തമബോധ്യമാണ് ജനങ്ങളെ നയിച്ചത്. എന്നാല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയ എതിരാളികളുടെ അനുഭവം മറിച്ചാണ്. പി ജയരാജന്‍ വധശ്രമം മുഴുമിപ്പിക്കാനായില്ല എന്ന പരിഭവം അക്കാലത്ത് ആര്‍എസ്എസിനുണ്ടായിരുന്നു. ആര്‍എസ്എസ് "കതിരൂര്‍ പൗരസമിതി" എന്ന പേരില്‍ ഒരു നോട്ടീസ് അച്ചടിച്ച് തലശ്ശേരി താലൂക്കിലാകെ വിതരണംചെയ്തു. "പി ജയരാജന്‍ ആര്? നിങ്ങള്‍ വിലയിരുത്തുക" എന്നാണ് തലക്കെട്ട്. ജയരാജനെ എന്തിനു കൊല്ലണം എന്നാണ് നോട്ടീസില്‍ വിശദീകരിക്കുന്നത്. വിദ്യാര്‍ഥി നേതാവ് കെ വി സുധീഷിനെ കൊലപ്പെടുത്തിയപ്പോഴും ഇത്തരത്തിലൊരു നോട്ടീസ് ഇറക്കി. കെ വി സുധീഷിനെ കൊന്നത് സിപിഐ എംകാരനാണെന്നും സുധീഷ് ഗൗരിയമ്മ ഗ്രൂപ്പായതുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് അച്ചടിച്ചതാരെന്ന് വ്യക്തമാക്കാത്ത ആ നോട്ടീസിലുണ്ടായത്. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പ്രസില്‍നിന്ന് അച്ചടിച്ച് ആര്‍എസ്എസുകാര്‍ തന്നെയാണ് നോട്ടീസ് കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും എത്തിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. അത്തരത്തില്‍, അയഥാര്‍ഥ അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഇടപെടലുകള്‍ ഇവിടെ ബോധപൂര്‍വം ഉണ്ടാകുന്നു. അത് ചെയ്യുന്നതാകട്ടെ, സിപിഐ എം പ്രതിസ്ഥാനത്തെത്തിയേ മതിയാവൂ എന്ന് നിര്‍ബന്ധമുള്ളവരുമാണ്.

    അന്വേഷണ വിവരങ്ങള്‍ പൊലീസില്‍നിന്ന് പുറത്തുപോകില്ല എന്ന് ഡിജിപി ആവര്‍ത്തിക്കുമ്പോഴും പൊലീസ് മേധാവികളുടെ കമ്പ്യൂട്ടറില്‍നിന്നുള്ള രഹസ്യവിവരങ്ങള്‍ എന്നുപറഞ്ഞുപോലു"മ" മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തുടര്‍വാര്‍ത്തകള്‍ മറ്റെന്തിനെയാണ് സുചിപ്പിക്കുന്നത്? സിപിഐ എമ്മിനോടുള്ള ഭ്രാന്തന്‍ വിദ്വേഷം സാമാന്യബോധത്തെ കീഴടക്കുന്നത് മാധ്യമ വലതുപക്ഷ സമീപനത്തില്‍ കാണാനാകും. വലതുപക്ഷ മാധ്യമ കൂട്ടായ്മയുടെ അസന്തുഷ്ടി സമ്പാദിക്കുകയോ താല്‍പര്യങ്ങള്‍ക്ക് അനുരോധമായി പ്രവര്‍ത്തിക്കാതിരിക്കുകയോ അതിന്റെ വിലങ്ങടിച്ചു നില്‍ക്കുകയോ ചെയ്യുന്ന ഏതൊന്നിനേയും തകര്‍ത്തു കളയാനുള്ള ധാര്‍ഷ്ട്യം അതിന് കൈവന്നിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മനഃശാസ്ത്രപരമായ യുദ്ധമാണ് അത് ഏറ്റെടുത്തിരിക്കുന്നത്.

    ഇടതുപക്ഷത്തെ ശിഥിലീകരിക്കുക ഇടതുപക്ഷത്തിന്റെ നായകസ്ഥാനത്തുള്ള സിപിഐ എമ്മിനെ അസ്ഥിരീകരിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. കമ്യൂണിസത്തിന്റെ വര്‍ഗശത്രുക്കള്‍ നടത്തുന്ന ഉഗ്രമായ ഈ ആക്രമണത്തിന് പിന്തിരിപ്പന്‍ ശക്തികളുടെയാകെ പിന്തുണയുണ്ട്. കമ്യൂണിസം എന്ന വാക്കിനെ നിഷേധിച്ച് അതിന്റെ ആശയത്തെ അഭിശപ്തമായി ചിത്രീകരിക്കുന്നതായിരുന്നു കമ്യൂണിസ്റ്റ് വിരുദ്ധരുടെ ആദ്യതന്ത്രം. കപടമായ ഇടതുപക്ഷ മുഖംമൂടി അണിഞ്ഞ് രംഗത്തുവരുന്നവരെ ശ്രദ്ധിക്കേണ്ടതാണ്. അവരുടെ അംഗസംഖ്യ ചിലപ്പോള്‍ പത്തോ നൂറോ ആയിരമോ ആയി ചുരുങ്ങും. മുണ്ടന്‍ പാര്‍ടികളെന്നാണ് അവരെ വിളിച്ചിരുന്നത്. എന്നാല്‍ ഇത്തരം സംഘങ്ങളുടെ പ്രത്യേകത അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് തങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷം എന്നാണ്. അവരുടെ പേരുകളിലും രേഖകളിലും മാര്‍ക്സിസ്റ്റ് പദാവലിയുടെ തള്ളിക്കയറ്റം തന്നെ കാണാം.

    കമ്യൂണിസം, തൊഴിലാളിവര്‍ഗം, വിപ്ലവം എന്നിങ്ങനെയുള്ള വാക്കുകള്‍ അവര്‍ നിര്‍ലോഭം ഉപയോഗിക്കുന്നു. സ്വയം ഇടതന്‍മാരെന്നും കമ്യൂണിസ്റ്റുകാരെന്നും വിളിക്കുകയും മാര്‍ക്സിസ്റ്റ് പദാവലി എടുത്തു ചുഴറ്റുകയും സോഷ്യലിസമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഇത്തരം കപടവിപ്ലവകാരികളില്‍ ഭ്രമിച്ചു പോകുന്നവര്‍ ഏറെയുണ്ടാകും. രാഷ്ട്രീയ പരിജ്ഞാനവും അനുഭവവുമില്ലാത്ത അത്തരക്കാരാണ് കപടവിപ്ലവകാരികളെ തിരിച്ചറിയാതെ പലപ്പോഴും അവര്‍ക്ക് പിന്നാലെ പോകുന്നത്. വലതും ഇടതുമായ വ്യതിയാനക്കാര്‍ക്ക് മാര്‍ക്സിന്റെ നിര്‍ദേശവും പ്രചോദനവും ലഭിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നാണ്. അവിടെയാണ് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ പ്രവര്‍ത്തിച്ച അജിന്റര്‍ പ്രസിന്റെ മേല്‍ഉദ്ധരിച്ച ചരിത്രം പ്രസക്തമാകുന്നത്. ജര്‍മന്‍ തത്വശാസ്ത്രജ്ഞനായ ഫ്രെഡറിക് നീറ്റ്ഷേയുടെ ഓര്‍മ പ്രസക്തമാണ്. സമത്വത്തിന്റെയും നീതിയുടെയും ആദര്‍ശങ്ങളെ നീറ്റ്ഷേ തിരസ്കരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ചെറിയൊരു വിഭാഗം ജനങ്ങള്‍ക്കുമേല്‍ ആധിപത്യം വഹിക്കുന്നത് സംബന്ധിച്ച ആശയമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. മറ്റുള്ളവരുമായുള്ള ഇടപാടില്‍ എന്ത് ക്രൂരമാര്‍ഗങ്ങള്‍ക്കും അവകാശമുള്ള അതിമാനുഷ പൂജയാണ് നീറ്റ്ഷേ ഉപദേശിച്ചത്. അത്തരമൊരതിമാനുഷ പൂജയുടെയും ആദര്‍ശങ്ങളുടെ തിരസ്കാരവും തെളിഞ്ഞു വരുന്നു എന്നതാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.

    വസ്തുനിഷ്ഠ സാഹചര്യങ്ങളെ അതിലംഘിച്ച് കപടവിപ്ലവ വാദത്തില്‍ വ്യാപൃതരാവുന്നവര്‍ക്കാണ് വലതുപക്ഷത്തിന്റെ പരിപൂര്‍ണ പിന്തുണ ലഭിക്കുന്നത്. ചഞ്ചലമനസ്കരും കുടുംബ കെട്ടുപാടുകള്‍ ഇല്ലാത്തവരും സാമൂഹ്യപദവിയെക്കുറിച്ച് ഭയപ്പാടില്ലാത്തവരുമായവരുടെ കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടുന്നതും ഇടതുപക്ഷത്തിനെതിരായ പോര്‍മുഖങ്ങളില്‍ അത്തരക്കാരെ ചാവേറുകളാക്കുന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ചന്ദ്രശേഖരന്‍ വധത്തിനും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനും മുകളിലുള്ള പ്രാധാന്യം ഇന്നത്തെ കേരള രാഷ്ട്രീയത്തിലെ ഈ പ്രവണതകള്‍ക്കുണ്ട്. അത് തിരിച്ചറിഞ്ഞ് പോരാടാനും അതിജീവിക്കാനുമുള്ള വലിയ ഉത്തരവാദിത്തമാണ് ഇടതുപക്ഷത്തിന് ഏറ്റെടുക്കാനുള്ളത്. ജനക്കൂട്ടത്തിന്റെ ഹീനവാസനകളെ ഇളക്കിവിടുന്ന നാസി പ്രസ്ഥാനത്തെ വിപ്ലവപ്രസ്ഥാനമെന്നാണ്; ബൂര്‍ഷ്വാസിക്ക് എതിരായ പ്രസ്ഥാനമെന്നാണ് ഹിറ്റ്ലറൈറ്റുകള്‍ വിശേഷിപ്പിച്ചത് എന്ന് ആവര്‍ത്തിച്ച് ഓര്‍മിക്കപ്പെടണം. ജനക്കൂട്ടത്തിന്റെ പ്രതികാരപരമായ മനഃസ്ഥിതികളോടും സാങ്കല്‍പികമായ ആവശ്യങ്ങളോടും സമര്‍ഥമായി പൊരുത്തപ്പെടുന്നു എന്ന് നടിച്ചാണ് നാസികള്‍ ജനപിന്തുണ ആര്‍ജിച്ചത് എന്നത് വലിയൊരു യാഥാര്‍ഥ്യമാണ്. ആ ചരിത്ത്രിന്റെ ആവര്‍ത്തനത്തിനുള്ള ഉല്‍ക്കടമായ മോഹം കേരളത്തില്‍ ഇന്ന് ഭയാനകരൂപം പ്രാപിച്ചിട്ടുള്ള മാര്‍ക്സിസ്റ്റ്മേധത്തിന്റെ ശക്തികളുടെ ഉള്ളില്‍ നിര്‍ഞ്ഞുനില്‍പ്പുണ്ട്.