പ്രപഞ്ചത്തിന് എത്ര വയസ്സായി എന്ന ചോദ്യം ശാസ്ത്രത്തിന് എന്നും ഒരേസമയം കൗതുകകരവും കീറാമുട്ടിയുമായിരുന്നു.പ്രപഞ്ചം എന്നാണ് ഉണ്ടായത് എന്നാണാ ചോദ്യത്തിന്റെ അര്‍ത്ഥം. പലരും പല ഉത്തരങ്ങളും പറഞ്ഞു. പ്രപഞ്ചം ഉണ്ടായതെങ്ങനെ എന്ന് വിശദീകരിച്ചുകൊണ്ടേ ഇതിന്റെ ഉത്തരം കണ്ടെത്താനാവൂ എന്നതാണ് പ്രശ്നത്തെ ഒരു പ്രഹേളികയാക്കി മറ്റിയത്.
അത് വിശദീകരിക്കാന്‍ ഇപ്പോള്‍ പല സിദ്ധാന്തങ്ങളും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. പ്രപഞ്ചം ഏതെങ്കിലുമൊരു സമയത്ത് ഉണ്ടായതല്ല, എക്കാലവും ഇവിടെ ഉണ്ടായിരുന്നതാണ് എന്നൊരു ഉത്തരം കൊണ്ട് ആശ്വസിക്കാനും ചിലര്‍ ശ്രമിക്കാതിരുന്നില്ല. എന്തായാലും മേല്‍പ്പറഞ്ഞ ചോദ്യത്തിന് പുതിയ ഒരുത്തരം ലഭിച്ചിരിക്കുന്നു. 1382 കോടി എന്നാണ് പുതിയ ഉത്തരം.നേരത്തെ കരുതിയിരുന്നത് 1377 കോടി വര്‍ഷങ്ങള്‍ എന്നായിരുന്നു. സാധാരണ ശാസ്ത്രകാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഏകദേശം 1400 കോടി പഴക്കമുള്ള പ്രപഞ്ചം എന്ന് പറായാറുള്ളത് ശ്രദ്ധിച്ചിരിക്കുമല്ലോ?
അവിടെ നിന്ന് ഏതാണ്ട് കൃത്യമെന്ന് കരുതാവുന്ന ഒരു ഉത്തരത്തിലേയ്ക്കാണ് ശാസ്ത്രലോകം ഇപ്പോള്‍ എത്തിയിട്ടുള്ളത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സി -യുടെ പ്ലാങ്ക് ദൂരദര്‍ശിനിയാണ് പുതിയ അറിവുകള്‍ക്ക് കാരണമായ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. പ്ലാങ്ക് ദൂരദര്‍ശിനി ബഹിരാകാശത്ത് ഭൂമിയില്‍ നിന്ന് ഒരു ലക്ഷം മൈലുകള്‍ അകലെയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതില്‍ നിന്നുള്ള ആദ്യത്തെ ചിത്രം ലഭിച്ചത് 2010ല്‍ ആയിരുന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ നോട്ടത്തില്‍ നിസ്സാരമെന്ന് തോന്നാം. കാരണം നമ്മുടെ സാമാന്യ ധാരണകളില്‍ 1377 കോടിയും 1382 കോടിയും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണല്ലോ? 1377-1382 കോടികളുടെ കണക്കില്‍ അഞ്ച് കോടിയുടെ വ്യത്യാസം നമ്മെ സംബന്ധിച്ച് കണക്കിലെടുക്കാനും മാത്രം വലിപ്പമുള്ളതല്ല.

പക്ഷേ പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ച ധാരണയില്‍ ഈ വ്യത്യാസം വളരെ വലുത് തന്നെയാണ്. എന്നു തന്നെയല്ല ഇത്തരം പഠനങ്ങളില്‍ കൃത്യതയ്ക്ക് വലിയ പ്രാധാന്യവുമുമുണ്ടല്ലോ? എങ്ങനെയാണ് പ്ലാങ്ക് ദൂരദര്‍ശിനി പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്? പ്രപഞ്ചത്തിന്റെ ശൈശവദശയില്‍ ഉണ്ടായതും ഇപ്പോഴും തുടരുന്നതുമായ പ്രപഞ്ച പശ്ചാത്തല വികിരണത്തിന്റെ ചിത്രമെടുക്കുകയാണ് ഈ ദൂരദര്‍ശിനി ചെയ്യുന്നത്. മഹാസ്ഫോടനത്തിലൂടെ പ്രപഞ്ചം രൂപപ്പെട്ടതിന് ശേഷം മൂന്ന് ലക്ഷം വര്‍ഷം കഴിഞ്ഞപ്പോഴുണ്ടായ ചില സവിശേഷ സാഹചര്യത്തില്‍ രൂപപ്പെട്ട വികിരണങ്ങളാണ് പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങള്‍ എന്നറിയപ്പെടുന്നത്. തുടക്കത്തില്‍ പ്രപഞ്ചത്തിലെ മുഴുവന്‍ ദ്രവ്യവും ഊര്‍ജ്ജവും സമയവും കാലവും എല്ലാം ചേര്‍ന്ന് ശുന്യതയോളം പോന്ന ഒരു സൂക്ഷ്മ കണികയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുകയായിരുന്നുവെന്നും അത് ഒരു മഹാസ്ഫോടനത്തിന് വിധേയമായി പ്രപഞ്ചം രൂപപ്പെടുകയായിരുന്നു എന്നുമാണ് മഹാസ്ഫോടന സിദ്ധാന്തം പറയുന്നത്.
സ്ഫോടനത്തിന്റെ ഫലമായി ശൂന്യതയോളം പോന്ന കണിക പൊട്ടിത്തെറിച്ച് നമ്മുടെ സൗരയൂഥത്തിനോളം വലിപ്പത്തിലേയ്ക്ക് മാറാന്‍ ഒരു സെക്കന്റിന്റെ ഒരു ലക്ഷം കോടിയില്‍ ഒരംശം സമയമേ വേണ്ടിവന്നുള്ളൂ. പ്രകാശ വേഗതയേക്കാള്‍ കൂടിയ വേഗതയിലായിരുന്നു പൊട്ടിത്തെറി എന്നര്‍ത്ഥം. ഈ സമയത്തിനിടയില്‍ തന്നെ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ ആ വിശദാംശങ്ങളിലേയ്ക്ക് നാമിപ്പോള്‍ കടക്കുന്നില്ല. ആ സമയത്ത് പ്രപഞ്ചത്തിന് പത്ത് ലക്ഷം കോടി കെല്‍വിന്‍ ചൂട് ഉണ്ടായിരുന്നു. എന്ന് പറഞ്ഞാല്‍ ഏകദേശം 9,99,726.85 കോടി ഡിഗ്രി സെല്‍ഷ്യസ്. അവിടെ നിന്ന് പ്രപഞ്ചത്തിന്റെ പ്രായം മൂന്ന് മിനുട്ടാകുന്നത് വരെ മൂന്ന് ഘട്ടങ്ങളിലായി പ്രപഞ്ചോല്‍പ്പത്തിയുടെ നിര്‍ണ്ണായക വികാസങ്ങള്‍ സംഭവിക്കുന്നുണ്ട്. മൂന്നാം മിനുട്ടില്‍ നാലാംഘട്ടം ആരംഭിക്കുന്നു. അപ്പോള്‍ താപനില 1,00,00,00,000 കെല്‍വിന്‍ ആയിരുന്നു. മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം പ്രപഞ്ചത്തിന്റെ താപനില 3000 കെല്‍വിന്‍ ആയിത്താണു. അതായത് ഏകദേശം 2700 ഡിഗ്രി സെല്‍ഷ്യസ്. അക്കാലത്താണ് പ്രോട്ടോണുകളും ന്യൂട്രോണുകളും ചേര്‍ന്നുണ്ടായ അണുകേന്ദ്രങ്ങള്‍ ഇലക്ട്രോണുകളെ പിടിച്ചെടുത്ത് വൈദ്യുതി ചാര്‍ജ്ജില്ലാത്ത അണുക്കളെ സൃഷ്ടിച്ചത്. ആ സമയം മുതല്‍ പ്രപഞ്ചം പ്രകാശത്തിന് സുതാര്യമായി. ദ്രവ്യവും ഉര്‍ജ്ജവും വേര്‍പിരിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രാപഞ്ചിക പശ്ചാത്തല വികിരണം രൂപപ്പെടാന്‍ വഴിയൊരുങ്ങിയത്. പ്രപഞ്ചത്തിന്റെ പ്രായം മൂന്ന് മിനുട്ടായപ്പോള്‍ തുടങ്ങിയ ഈ നാലാംഘട്ടം അവസാനിക്കുന്നത് പ്രപഞ്ചത്തിന് ഒരു കോടി വയസ്സായപ്പോളാണ്.

അങ്ങനെ വന്നാല്‍ പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങളുടെ ചിത്രം എടുത്ത് അവയെ മാപ്പ് ചെയ്യാന്‍ കഴിഞ്ഞാല്‍, അവയുടെ വ്യത്യസ്ത കിരണങ്ങളുടെ സ്വഭാവം വിലയിരുത്തി യാല്‍, പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കാം. ഇപ്പോഴത്തെ പഠനത്തില്‍ പ്ലാങ്ക് ദൂരദര്‍ശിനി പ്രപഞ്ചോല്‍പത്തിക്ക് ശേഷം 3,80,000 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴുണ്ടായ പശ്ചാത്തല വികിരണങ്ങളുടെ ചിത്രമാണ് എടുത്തത്. അക്കാലം യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ ശൈശവദശതന്നെയായിരുന്നു. കാരണം പ്രപഞ്ചമുണ്ടായി ഏതാനും ശതകോടി വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞാണ് നമ്മുടെ താരാപഥമുണ്ടാകുന്നത്. ആയിരം കോടി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് സൂര്യനും ഭൂമിയും ഉണ്ടാകുന്നത്.
ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്നു കാണുന്ന സ്ഥിതിയിലായത്. അപ്പോള്‍ 3,80,000 വര്‍ഷമെന്നത് പ്രപഞ്ചത്തിന്റെ ശൈശവദശയായിരുന്നുവെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ? പുതിയ കണ്ടുപിടിത്തം പുതിയ ഒട്ടനവധി അറിവുകളേയും അറിവുകള്‍ക്കുള്ള സാധ്യതകളേയും തുറന്ന് തരുന്നുണ്ട്. കാരണം 1371.96 കോടി വര്‍ഷം മുമ്പുള്ള കിരണങ്ങളാണ് ഇപ്പോള്‍ പഠന വിധേയമാക്കുന്നത്. അതുകൊണ്ടുതന്നെ ഭൂതകാലത്തേക്കുറിച്ചുള്ള ധാരാളം അറിവുകള്‍ അതില്‍നിന്ന് കിട്ടും.
ഒന്നാമത്തേത് പ്രപഞ്ചത്തിന്റെ പ്രായം തന്നെ. അതാണാദ്യം പറഞ്ഞത്. ചെറുതെങ്കിലും സുപ്രധാനമായ ഒരു തിരുത്ത് അതില്‍ വരുത്തിയിരിക്കുന്നു. രണ്ടാമത്തേത് ദ്രവ്യത്തിന്റേയും ഇരുണ്ടദ്രവ്യത്തിന്റേയും അളവുകള്‍ സംബന്ധിച്ച പഠനമാണ്. ഇവയുടെ അളവുകള്‍ തമ്മിലുള്ള അനുപാതം എത്രയെന്ന് കൃത്യമായി അറിയില്ല. പ്രപഞ്ചത്തിലെ മൊത്തം കണക്കെടുത്താല്‍ 77% മാത്രമേ ദ്രവ്യം ഉള്ളൂ എന്നാണ് കണക്കാക്കുന്നത്. ബാക്കി 23% ഇരുണ്ടദ്രവ്യമാണ്. ഇരുണ്ട ദ്രവ്യത്തെ പരീക്ഷണ ശാലയില്‍ കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആല്‍ഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററില്‍ നിന്ന് ഈയിടെ ലഭിച്ച ചില പരീക്ഷണ ഫലങ്ങള്‍ ഇരുണ്ടദ്രവ്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ തരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുണ്ടദ്രവ്യത്തെ നമുക്ക് ഇങ്ങനെ വിശദീകരിക്കാം. പ്രപഞ്ചത്തിലെ മുഴുവന്‍ നക്ഷത്ര സമൂഹങ്ങളുടേയും മറ്റ് നക്ഷത്രാന്തര പടലങ്ങളുടേയും ആകാശ ഗോളങ്ങളുടേയും ഭാരവും പിണ്ഡവും അവയുടെ ചലന വേഗതയും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. ന്യൂട്ടന്റെ ഗുരുത്വാകര്‍ ഷണ നിയമവും കെപ്ലറുടെ ഗ്രഹ ചലന നിയമവുമാണ് ആകാശ ഗോളങ്ങളുടെ ചലനങ്ങളെ മനസ്സിലാക്കാന്‍ ശാസ്ത്രലോകം ഉപയോഗിക്കുന്നത്. ഇതനുസരിച്ച് ഭാരിച്ച ഒരു കേന്ദ്ര വസ്തുവിനെ പ്രദക്ഷിണം ചെയ്യുന്ന രണ്ട് ഗോളങ്ങളെ സങ്കല്‍പ്പിക്കുക. ഈ ഗോളങ്ങളില്‍ കേന്ദ്ര വസ്തുവിന് അടുത്തുള്ള ഗോളം അകലെയുള്ളതിനേക്കാള്‍ കൂടിയ വേഗതയില്‍ പ്രദക്ഷിണം ചെയ്യും. സൗരയൂഥത്തില്‍ ശനിയേക്കാള്‍ കൂടിയ ഭ്രമണ വേഗത ബുധന് ഉണ്ട്. എന്നാല്‍ ആന്‍ഡ്രോ മീഡ നക്ഷത്ര സമൂഹത്തിലെ നക്ഷത്രങ്ങളെ നിരീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായ ചില ഫലങ്ങള്‍ കിട്ടി. അതായത് താരാപഥ കേന്ദ്രത്തോട് അടുത്തുള്ള പല നക്ഷത്രങ്ങളും അകലെയുള്ളതിനേക്കാള്‍ പതുക്കെ പ്രദക്ഷിണം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡ്രോമിഡ താരാപഥത്തിന്റെ യഥാര്‍ത്ഥ ഭാരം കണക്കാക്കി. അപ്പോള്‍ അവയില്‍ ദൃശ്യമായ ദ്രവ്യത്തിനുള്ളതിനേക്കാള്‍ കൂടുതല്‍ ഭാരം അതിന് ഉണ്ടെന്ന് മനസ്സിലായി. ഈ അധിക ഭാരം അദൃശ്യമായ ദ്രവ്യത്തിന്റേതാണെന്ന് ഊഹിച്ചു. കാണാനാവാത്ത ഈ ദ്രവ്യമാണ് ഇരുണ്ടദ്രവ്യം എന്നറിയപ്പെടുന്നത്. പിന്നീട് പല നക്ഷത്ര സമൂഹങ്ങളിലും ഇതേ പ്രതിഭാസം കാണപ്പെട്ടു. ഇരുണ്ടദ്രവ്യം കൊണ്ട് മാത്രം രൂപപ്പെട്ട താരപഥങ്ങള്‍ തന്നെയുണ്ടെന്ന് വാദിക്കപ്പെട്ടു. ഇത്തരം സഹചര്യത്തെളിവുകള്‍ മാത്രമാണ് ഇരുണ്ടദ്രവ്യത്തിനനുകൂലമായി നിലനില്‍ക്കുന്നത്.
ഇതൊരു താത്വിക നിഗമനം മാത്രമാണെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ? മുമ്പ് കരുതിയതിനേക്കാള്‍ അല്‍പം കൂടി കൂടുതല്‍ ദ്രവ്യമുണ്ടാകാമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്ന് കിട്ടുന്ന സൂചന. സ്വാഭാവികമായി ഇരുണ്ടദ്രവ്യം അല്‍പ്പം കുറവുമായിരിക്കും. മറ്റൊന്നുകൂടിയുണ്ട്. പ്രപഞ്ചത്തിന്റെ വികാസം പ്രപഞ്ചം അനുക്രമം വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ് മഹാസ്ഫോടന സിദ്ധാന്തം അനുശാസിക്കുന്നത്. മുമ്പ് വിചാരിച്ചതിനേക്കാള്‍ സാവധാനമാണെന്ന് കൂടി ഈ പരീക്ഷണഫലത്തില്‍ നിന്ന് അനുമാനിക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ എല്ലാ ഗാലക്സികളും നമ്മില്‍ നിന്ന് അകന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. അകല്‍ച്ച കൂടുംതോറും അകലുന്നതിന്റെ വേഗതാനിരക്കും കൂടും. കൂടുതല്‍ അകലെയുള്ളത് കൂടുതല്‍ വേഗതയില്‍ അകന്ന് പോകും. ഇപ്പോള്‍ പഠിച്ചത് ഭൂതകാല കിരണങ്ങളെയാണല്ലോ? അവയില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രപഞ്ചവികാസം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മന്ദഗതിയിലാണെന്നാണ്. പ്രപഞ്ചോല്‍പ്പത്തിക്കുശേഷം ഉണ്ടായ ആദ്യത്തെ വികിരണത്തിന്റെ ചിത്രമെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇവയ്ക്കെല്ലാം ഏറ്റവും ശരിയായ ഉത്തരം കിട്ടൂ.
ആ ആദ്യ കിരണത്തിനും നമുക്കുമിടയില്‍ ഇപ്പോള്‍ ഉള്ളത് പ്രാപഞ്ചിക പശ്ചത്തല വികിരണങ്ങളാണ്. ഈ വികിരണങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുകയാണ് ശാസ്ത്രഞ്ജര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഡയറക്ടര്‍ ജീന്‍ ജാക്വസ് ഡോര്‍ദയിന്‍ പറയുന്നത് ഈ അന്തിമ ഉത്തരം കിട്ടണമെങ്കില്‍ നാം ഏറെദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ടെന്നാണ്. പ്ലാങ്ക് ദൂരദര്‍ശിനിയുടെ ക്ഷമതയും ഗുണമേന്മയും നമ്മെ പഠിപ്പിക്കുന്ന ഒന്നാം പാഠം ഈ വസ്തുതയാണ്.