2017, ജനുവരി 1, ഞായറാഴ്‌ച

ജനകീയ ബദലിന്റെ ആദ്യ ചുവടുകള്‍

പുത്തന്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രതീകമായ പുതുവര്‍ഷം കടന്നുവരികയാണ്. പോയകാലത്തിന്റെ പിഴവുകളെ മനസ്സിലാക്കാനും തിരുത്താനും ശരികളെ കൂടുതല്‍ ഉറപ്പിക്കാനും നമുക്കോരോരുത്തര്‍ക്കും കിട്ടുന്ന അവസരമാണ് ഓരോ പുതുവര്‍ഷവും. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും മെച്ചപ്പെട്ട ഫലം സൃഷ്ടിക്കാനും അര്‍ഥവത്തായ ശ്രമമാണ് ആവശ്യം. അതിന് നാം ഇന്നലെവരെ ചെയ്തിരുന്നതെന്ത് എന്ന് വിശദമായി പരിശോധിക്കുകയാണ് ആദ്യം വേണ്ടത്.


ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഏഴ് മാസം കഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും വികസനവും പാടെ തകര്‍ന്ന അവസ്ഥയിലാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. എന്നാല്‍, സമഗ്രവികസനം ലക്ഷ്യമാക്കുന്ന ഒരുപാട് പദ്ധതികള്‍ ഇതിനകംതന്നെ ആവിഷ്കരിച്ചു. സാധാരണക്കാര്‍ നേരിടുന്ന വിലക്കയറ്റം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാഴ്ത്തിയ നോട്ട് പിന്‍വലിക്കല്‍ ഘട്ടത്തില്‍ പോലും വലിയ ബുദ്ധിമുട്ട് കൂടാതെ പിടിച്ചു നില്‍ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു.

ജനങ്ങളര്‍പ്പിച്ച വിശ്വാസത്തോട് നീതിപുലര്‍ത്തുന്നതായിരുന്നു 2016 ജൂണ്‍ 26ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. പ്രകടനപത്രികയില്‍ വാഗ്ദാനംചെയ്ത പല പദ്ധതികള്‍ക്കും തുടക്കംകുറിക്കാന്‍ സാധിച്ചു. 'പാവങ്ങള്‍ക്ക് സമ്പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തിയുള്ള സുസ്ഥിരമായ ദ്രുതസാമ്പത്തികവളര്‍ച്ച' എന്നതായിരുന്നു ബജറ്റിന്റെ അടിസ്ഥാന നയം. 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജാണ് പ്രഖ്യാപിച്ചത്. 

ജനക്ഷേമപദ്ധതികള്‍ കാലവിളംബംകൂടാതെ നടപ്പാക്കുക, വികസനപദ്ധതികള്‍ അതിവേഗം മുന്നോട്ടുകൊണ്ടുപോകുക. ഇതാണ് സര്‍ക്കാര്‍നയം. എല്ലാ ക്ഷേമപെന്‍ഷനുകളും 1000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം  ആദ്യ മന്ത്രിസഭായോഗത്തില്‍ ത്തന്നെ നടപ്പാക്കാന്‍ സാധിച്ചു. വര്‍ധിപ്പിച്ച പെന്‍ഷന്‍ കുടിശ്ശികയടക്കം ഓണക്കാലത്തിന് മുമ്പായി സഹകരണ ബാങ്കുകളുടെ സഹായത്തോടെ വിതരണംചെയ്തു. 37 ലക്ഷത്തിലധികംവരുന്ന ജനങ്ങള്‍ക്കാണ് മൂവായിരം കോടിയോളം രൂപ ഈ വിധത്തില്‍ ലഭ്യമാക്കിയത്. കടക്കെണിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി 50 കോടി രൂപ നീക്കിവച്ചു. ട്രോളിങ് നിരോധന കാലയളവില്‍ സൌജന്യറേഷന്‍ നല്‍കി. കര്‍ഷകവായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രത്യേകപരിഗണന നല്‍കി.

ദുര്‍ബലവിഭാഗങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കി മുഖ്യധാരയിലെത്തിക്കാനുള്ള ഊര്‍ജിതനടപടികള്‍ സ്വീകരിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, പട്ടികജാതി, പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനും സവിശേഷപരിഗണനയാണ് നല്‍കുന്നത്. സ്ത്രീകളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രത്യേകവകുപ്പ് രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ അതീവഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. രാജ്യത്ത് ആദ്യമായി സ്ത്രീ പൊലീസ് ഓഫീസര്‍മാര്‍ മാത്രമടങ്ങുന്ന പിങ്ക് പട്രോള്‍ സംവിധാനം ആരംഭിച്ചു.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. ഓണക്കാലത്ത് എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് വിതരണംചെയ്തു. മാരകരോഗമുള്ള പട്ടികജാതിക്കാരുടെ ചികിത്സയ്ക്കായി 50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം വാങ്ങുന്നതിനും ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനുമായി തുക പ്രത്യേകം വകയിരുത്തി. അഞ്ച് വര്‍ഷത്തിനകം ഭൂരഹിതരും ഭവനരഹിതരുമായ എല്ലാവര്‍ക്കും പാര്‍പ്പിടമുണ്ടാക്കിക്കൊടുക്കാനും സ്വന്തമായി ഉപജീവനംനടത്താനുമുള്ള സംരംഭത്തിനും തുടക്കംകുറിച്ചു. പ്രോജക്ട് ലൈഫ് എന്ന ഈ കര്‍മപദ്ധതിയിലൂടെയാണ് ഇത് സാക്ഷാല്‍ക്കരിക്കുന്നത്.

രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള സേവനം ഉറപ്പുവരുത്തുന്ന സമഗ്രനയമാണ് ആരോഗ്യരംഗത്ത് സ്വീകരിച്ചിരിക്കുന്നത്. നവജാതശിശു മരണവും ഗര്‍ഭിണികളുടെ മരണവും കുറയ്ക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായിച്ചേര്‍ന്ന് പ്രത്യേക പദ്ധതി രൂപപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാനസൌകര്യവികസനത്തിനായി 250 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ ജനസൌഹൃദ ആശുപത്രികളായി മാറ്റാനുള്ള കര്‍മപദ്ധതിയാണ് ആര്‍ദ്രം. മൂന്ന് ഘട്ടങ്ങളിലായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി ഈ പദ്ധതി നടപ്പാക്കും.

അടച്ചുപൂട്ടാന്‍ നിശ്ചയിച്ച സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലാപ്പറമ്പിലെ സ്കൂള്‍  സര്‍ക്കാര്‍ ഏറ്റെടുത്തു. ഹയര്‍ സെക്കന്‍ഡറിമുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്സുകള്‍വരെയുള്ളവയുടെ സീറ്റുകള്‍ വര്‍ധിപ്പിച്ചു. എന്‍ജിനിയറിങ് പ്രവേശനത്തില്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കി.  സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച വിദ്യാഭ്യാസ സൌകര്യങ്ങള്‍ പ്രാപ്യമാക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് സമഗ്ര വിദ്യാഭ്യാസനവീകരണ മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്നതാണ് ഉദ്ദേശിച്ചിരിക്കുന്നത്.

പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ക്ക് ഉണ്ടായിരുന്ന നിരോധനംനീക്കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനം എടുത്തത് ഈ മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ്.
കേരളത്തെ വെളിയിട വിസര്‍ജനമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സാധിച്ചു. നൂറ് ശതമാനം ജനങ്ങള്‍ക്കും ടോയ്ലറ്റ് സൌകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ വലിയ സംസ്ഥാനമായി മാറാന്‍ നമുക്ക് കഴിഞ്ഞു. 

 കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടിയാണ് ഹരിതകേരളം മിഷന്‍ ആവിഷ്കരിച്ചത്. 
അടിസ്ഥാനപശ്ചാത്തലസൌകര്യ വികസനത്തിന് പ്രത്യേക ഊന്നലാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ഈ ഉദ്ദേശസാക്ഷാല്‍ക്കാരത്തിന് വേണ്ടിയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പുനഃസംഘടിപ്പിച്ചുകൊണ്ട് വമ്പിച്ച തോതിലുള്ള വിഭവസമാഹരണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. റോഡുകളും പാലങ്ങളും പൊതുഗതാഗതസംവിധാനങ്ങളും ഒരുക്കുക, നിലവിലുള്ള റോഡുകളുടെ വീതികൂട്ടുകയും മെച്ചപ്പെടുത്തുകയുംചെയ്യുക എന്നതൊക്കെയാണ് അടിയന്തരമായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍. ദേശീയപാതകള്‍ 45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയനിലവാരത്തില്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമായിക്കഴിയുമ്പോള്‍ റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കും. അടുത്തവര്‍ഷം മെട്രോ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകും. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ച കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ശ്രമിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് രൂപരേഖയായി.

അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ തുറന്നു. നഷ്ടത്തിലായ പൊതുമേഖലാവ്യവസായങ്ങള്‍ ലാഭത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്ത ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റ്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ കൊച്ചി യൂണിറ്റ് എന്നിവ ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിച്ചു. ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജസ്വലമായി മുന്നേറുകയാണ്. എല്ലാ വീടുകളിലേക്കും വൈദ്യുതിയെത്തിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും. 

വികസനപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന്റെയൊപ്പംതന്നെ അത് സമയബന്ധിതമായി നടപ്പാക്കുക എന്നത് ഒരു ജനകീയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ള, ജനകീയ പങ്കാളിത്തമുള്ള, സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു ജനകീയബദല്‍ ആണ് ഈ സര്‍ക്കാരിന്റെ വികസനമാതൃക.
പുത്തന്‍ പ്രതീക്ഷയുടെ നാമ്പുകള്‍ ഉയരുന്ന ഈ പുതുവത്സരത്തില്‍ പുതിയ ഇച്ഛാശക്തിയോടെ സ്വപ്നങ്ങള്‍ കാണാനും ആത്മാര്‍ഥതയോടെ അത് നടപ്പാക്കാനും ഉള്ള ഉദ്യമങ്ങളാണ് വേണ്ടത്. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ആ ശ്രമങ്ങളെ വിജയത്തിലെത്തിക്കാന്‍ എല്ലാവരുടെയും കൂട്ടായ പിന്തുണ അഭ്യര്‍ഥിക്കുന്നു. എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ പുതുവത്സരാശംസകള്‍ *

Read more: http://www.deshabhimani.com/articles/news-articles-01-01-2017/613814