2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

രാജ്യം ഒരുങ്ങി ചരിത്രം വഴിമാറും

എ കെ പത്മനാഭന്‍
Monday Aug 29, 2016 

ഇന്ത്യയില്‍ നവഉദാരവല്‍ക്കരണം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. ഇതിന്റെ കോര്‍പറേറ്റ് ആഘോഷങ്ങള്‍ക്കിടയിലാണ് രാജ്യം മറ്റൊരു പൊതുപണിമുടക്കിന് തയ്യാറെടുക്കുന്നത്. സെപ്തംബര്‍ രണ്ടിന്റെ ദേശവ്യപാക പണിമുടക്കില്‍ രാജ്യത്താകമാനമുള്ള തൊഴിലാളിവര്‍ഗത്തോടൊപ്പം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളും അണിചേരും. 1991ല്‍ തുടക്കംകുറിച്ച പ്രക്ഷോഭം പ്രധാനമായൊരു ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. തൊഴിലാളിവര്‍ഗപോരാട്ടത്തില്‍ വ്യത്യസ്ത ജനവിഭാഗങ്ങള്‍ പങ്കാളികളായിരിക്കുന്നു. 

പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായ 1991 മുതല്‍ 2008 വരെ നടന്ന പണിമുടക്കുകളില്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും പങ്കാളികളായിരുന്നില്ല. എന്നാല്‍, ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകള്‍ സമരത്തില്‍ അണിചേര്‍ന്നു. ഈ കാലഘട്ടത്തില്‍ വ്യത്യസ്ത മേഖലകളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കും പണിമുടക്കുകള്‍ക്കും പുറമെ, 12 ദേശവ്യാപക പണിമുടക്കും സംഘടിപ്പിച്ചു. ഗവണ്‍മെന്റിന്റെയും  തൊഴിലുടമകളുടെയും ക്രൂരമായ ആക്രമണങ്ങള്‍ നേരിട്ടാണ് ഈ പണിമുടക്കുകള്‍ വിജയിപ്പിച്ചത്. ഓരോ പണിമുടക്കിലും പങ്കാളിത്തം വര്‍ധിച്ചു. ഗവണ്‍മെന്റാകട്ടെ, അത്യന്തം വാശിയോടെയാണ് ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. 


കരുത്തുറ്റ ഐക്യനിര
ഐക്യവേദിയില്‍നിന്ന് വിട്ടുനിന്ന ട്രേഡ് യൂണിയനുകളെ പുനര്‍ചിന്തനത്തിന് നിര്‍ബന്ധിതമാക്കുന്നതായിരുന്നു തൊഴില്‍രംഗത്തെ യാഥാര്‍ഥ്യങ്ങള്‍. പണിമുടക്കുകളില്‍നിന്ന് വിട്ടുനിന്ന കേന്ദ്ര ട്രേഡ്യൂണിയനുകളിലെ നിരവധി അംഗങ്ങള്‍, സ്വന്തം തൊഴിലിടങ്ങളിലെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് പണിമുടക്കുകളിലും പ്രക്ഷോഭങ്ങളിലും സ്വമേധയാ പങ്കാളികളായി. ഒട്ടേറെ പ്രാദേശിക യൂണിയനുകളും ഇതേ നിലപാട് സ്വീകരിച്ചു. 2009 സെപ്തംബര്‍ മുതല്‍ കൂട്ടായ പ്രക്ഷോഭപ്രചാരണം രാജ്യത്ത് വന്‍ പ്രതിഫലനം സൃഷ്ടിച്ചു. തുടര്‍ന്നു നടന്ന 2010 സെപ്തംബര്‍ ഏഴ്, 2012 ഫെബ്രുവരി 28 ദേശീയ പൊതുപണിമുടക്കുകളില്‍ വമ്പിച്ച ബഹുജനപങ്കാളിത്തമാണ് ദൃശ്യമായത്. എന്നാല്‍, കേന്ദ്രം പണിമുടക്കിനാധാരമായ ആവശ്യങ്ങളെക്കുറിച്ച് യൂണിയനുകളുമായി ചര്‍ച്ചയ്ക്കുപോലും തയ്യാറായില്ല. 
  
ഇതോടെ യൂണിയനുകളും പ്രക്ഷോഭം ശക്തമാക്കി. രാജ്യവ്യാപാക പ്രകടനങ്ങള്‍, വ്യത്യസ്ത മേഖലകളിലെ സമരങ്ങള്‍. ലക്ഷങ്ങള്‍ അണിനിരന്ന പാര്‍ലമെന്റ്് മാര്‍ച്ച ് എന്നിവയ്ക്കുശേഷം 48 മണിക്കൂര്‍ ദേശീയപണിമുടക്ക്. 2013 ഫെബ്രുവരി 20നും 21നും  രാജ്യം സ്തംഭിച്ചു. 24 മണിക്കൂറിലേറെ നീണ്ട ആദ്യ ദേശീയപണിമുടക്കില്‍ അതുവരെയുണ്ടാകാത്ത പങ്കാളിത്തം ദൃശ്യമായി. 1991ന് ശേഷം നടന്ന പതിനഞ്ചാമത് പണിമുടക്കായിരുന്നു ഇത്.
  
തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനവും മറന്നായിരുന്നു മോഡി ഗവണ്‍മെന്റിന്റെ നടപടികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോര്‍പറേറ്റുകള്‍ നല്‍കിയ വമ്പിച്ച സഹായങ്ങള്‍ക്ക് പ്രത്യുപകാരമെന്ന നിലയിലാണ് സര്‍ക്കാര്‍ നയങ്ങള്‍.

പതിനാറാമത് പണിമുടക്ക്
2015 സെപ്തംബര്‍ രണ്ടിന്റെ 16–ാം ദേശീയപണിമുടക്കില്‍നിന്ന്  ബിഎംഎസ് അവസാന നിമിഷം പിന്മാറിയത് ഗവണ്‍മെന്റ് നല്‍കിയ 'ഉറപ്പുകള്‍' പാലിക്കാന്‍ സാവകാശം നല്‍കണം എന്ന തൊടുന്യായം പറഞ്ഞാണ്. 'ഗവണ്‍മെന്റ് എല്ലാം ചെയ്തുകൊള്ളും' എന്ന അവരുടെ വ്യക്തതയില്ലാത്ത പ്രസ്താവന മറ്റ് ട്രേഡ് യൂണിയനുകള്‍ക്കൊന്നും സ്വീകാര്യമല്ല. അതുകൊണ്ടുതന്നെ 15 കോടി തൊഴിലാളികള്‍ അണിനിരന്ന ചരിത്രത്തിലെ ഏറ്റവുംവലിയ പണിമുടക്കായി സെപ്തംബര്‍ രണ്ട് മാറി. സമരത്തില്‍ പങ്കെടുത്തവരില്‍ 40 ശതമാനത്തോളം പേരും യൂണിയന്‍ പ്രവര്‍ത്തനം നടക്കാത്ത മേഖലകളില്‍ നിന്നുള്ളവരായിരുന്നു.

വീണ്ടുമൊരു സമരമുന്നേറ്റം
തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുനേരെ മുഖംതിരിച്ചുനിന്ന മോഡി ഗവണ്‍മെന്റാണ് ഈ പണിമുടക്ക് അനിവാര്യമാക്കിയത്. 2015ലെ പൊതുപണിമുടക്കിന്റെ ഘട്ടത്തില്‍ ഒരു  മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു. പണിമുടക്ക് ഒഴിവാക്കണമെന്നും ആവശ്യമായ നടപടിസ്വീകരിക്കാമെന്നും സമിതി ഉറപ്പുനല്‍കി. എന്നാല്‍, തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഒരു യോഗം വളിച്ചുചേര്‍ക്കാന്‍പോലും തയ്യാറായില്ല. തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷന്‍ ചേര്‍ന്നത്. കണ്‍വന്‍ഷന്‍ വിളിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ പങ്കെടുത്ത ബിഎംഎസ് കണ്‍വന്‍ഷനില്‍നിന്ന് വിട്ടുനിന്നത് കൌതുകകരമായി. ഇന്ത്യന്‍ തൊഴിലാളിവര്‍ഗം വീണ്ടുമൊരു ദേശീയപണിമുടക്കിലേക്ക് നീങ്ങണമെന്നതായിരുന്നു കണ്‍വന്‍ഷന്റെ തീരുമാനം. ഈ സെപ്തംബര്‍ രണ്ടിന് മറ്റൊരു ചരിത്രമുന്നേറ്റത്തിലേക്ക് നീങ്ങുമ്പോഴും കഴിഞ്ഞ പണിമുടക്കിലെ അവകാശപത്രികതന്നെ മുന്നോട്ടുവച്ചാണ് തൊഴിലാളിവര്‍ഗം പോരാടുന്നത്. 

  
പ്രക്ഷോഭപ്രചാരണങ്ങള്‍ തുടരുന്നതിനിടയിലും മോഡി ഗവണ്‍മെന്റ് നിരവധി തൊഴില്‍നിയമങ്ങള്‍ ഭേദഗതിചെയ്തു. ഇതിന്റെ ഫലമായി ഉല്‍പ്പാദനമേഖലയിലെ 75 ശതമാനത്തിലേറെ തൊഴിലാളികള്‍ തൊഴില്‍നിയമങ്ങളുടെ പരിധിയില്‍നിന്ന് പുറത്തായി. കോര്‍പറേറ്റുകളുടെയും മറ്റ് വന്‍കിട തൊഴിലുടമകളുടെയും താളത്തിന് തുള്ളുന്നവരായി മാറിയ കേന്ദ്ര ഗവണ്‍മെന്റ,് നിയമങ്ങള്‍ അട്ടിമറിച്ച് തൊഴിലിടങ്ങളില്‍ 'ഹയര്‍ ആന്‍ഡ് ഫയര്‍' നയം നടപ്പാക്കി. റെയില്‍വേ, പ്രതിരോധവ്യവസായങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. തന്ത്രപ്രധാന മേഖലകളിലടക്കം പൊതുമേഖലയ്ക്ക് വിലക്ക് വീണു. നാമമാത്ര ഓഹരിയുള്ള സ്വകാര്യനിക്ഷേപകര്‍ക്കുപോലും നടത്തിപ്പുചുമതലകള്‍ കൈമാറി. എണ്ണ, ഉരുക്ക് തുടങ്ങിയ സുപ്രധാന മേഖലകള്‍ പോലും ഈ പട്ടികയിലായി. നിരവധി ഇതര പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലച്ചു. 

   
അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുകയാണ്. എല്ലാ സാമ്പത്തിക പ്രവര്‍ത്തനവും തകര്‍ച്ചയിലായി. തൊഴിലെടുക്കുന്നവരുടെ ദുരിതം പതിന്മടങ്ങായി. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ ഉറപ്പും മറന്ന് ഇന്ത്യന്‍, വിദേശ കുത്തകകളുടെ താല്‍പ്പര്യസംരക്ഷണം മാത്രമായി സര്‍ക്കാരിന്റെ അജന്‍ഡ. കെടുതികള്‍ വിളഞ്ഞ ഗ്രാമങ്ങളില്‍ കൃഷിക്കാരും മണ്ണില്‍ പണിയെടുക്കുന്നവരും സമരത്തിനിറങ്ങി. എല്ലാ എതിര്‍ശബ്ദങ്ങളും പ്രതിഷേധങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. അതുപോലെ സര്‍വകലാശാലകളും ഇതര വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവണ്‍മെന്റ് ഉന്നംവച്ചുതുടങ്ങി. തങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച യുവജനങ്ങള്‍ നിരാശരായി ഭരണത്തിനെതിരെ രംഗത്തുവന്നു. ഇതേയവസരത്തില്‍ തങ്ങളുടെ ഹിന്ദുത്വ അജന്‍ഡ വ്യാപകമായി നടപ്പാക്കുന്നതില്‍ ഭരണകക്ഷി ഒട്ടും അമാന്തിക്കുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നു. ഒപ്പം തൊഴിലെടുക്കുന്നവര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഐക്യം തകര്‍ക്കാനും കരുനീക്കുന്നു. 

രാജ്യവ്യാപക തയ്യാറെടുപ്പ്
സങ്കീര്‍ണമായ ഈ പശ്ചാത്തലത്തിലാണ് രാജ്യത്താകമാനമുള്ള തൊഴിലാളികള്‍ പണിമുടക്കിന് തയ്യാറെടുക്കുന്നത്. റെയില്‍വേ, പ്രതിരോധ സിവില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേന്ദ്രജീവനക്കാര്‍ കഴിഞ്ഞ ജൂലൈ 11 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഏഴാം ശമ്പള കമീഷന്‍ ശുപാര്‍ശകളില്‍ മാറ്റംവരുത്താമെന്ന ഉറപ്പിന്മേലാണ് ഈ പണിമുടക്ക് മാറ്റിവച്ചത്. ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ജൂലൈ 29ന് യുഎഫ്ബിയു നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് അത്യുജ്വല വിജയമായിരുന്നു. ഹിമാചല്‍, പഞ്ചാബ്, കര്‍ണാടക എന്നിവിടങ്ങളില്‍  ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും ഹരിയാനയില്‍ വൈദ്യുതി ജീവനക്കാരും 'എസ്മ' ഭീഷണിപോലും അവഗണിച്ച് സമരരംഗത്താണ്. കേന്ദ്ര പൊതുമേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും ദ്രോഹനയങ്ങള്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിന് ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇങ്ങനെ സംഘടിത, അസംഘടിത, സ്വകാര്യ, പൊതു, സംസ്ഥാന, കേന്ദ്ര മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍, അധ്യാപകര്‍, സ്കീം വര്‍ക്കര്‍മാര്‍ തുടങ്ങി സര്‍വതലങ്ങളിലുമുള്ളവര്‍ പണിമുടക്കിന് സജ്ജരായി. ട്രാന്‍സ്പോര്‍ട്ട് രംഗത്തെ എല്ലാ ദേശീയ ഫെഡറേഷനുകളും വൈദ്യുതിരംഗത്തെ ഐക്യവേദി എന്‍സിസിഒഇഇ എന്നിവ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനംനല്‍കി. ബിഎസ്എന്‍എല്‍, എന്‍ടിപിസി, പവര്‍ ഗ്രിഡ് തുടങ്ങിയ മേഖലകളില്‍ പണിമുടക്ക് പ്രചാരണം പൂര്‍ണതോതിലാണ്. ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുന്ന മെഡിക്കല്‍ സെയില്‍സ് പ്രതിനിധികളുടെ ദേശീയ ഫെഡറേഷന്‍ എഫ്എംആര്‍ഐ പൊതുപണിമുടക്കില്‍ പൂര്‍ണപങ്കാളികളാകും. തെലങ്കാനയില്‍ ടിആര്‍എസ്കെവിയും ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ടിയുവും ഉള്‍പ്പെടെ പ്രാദേശിക രാഷ്ട്രീയ പാര്‍ടികളുടെ ട്രേഡ് യൂണിയനുകളും വിവിധ സംസ്ഥാനങ്ങളില്‍ സ്വതന്ത്ര തൊഴിലാളിസംഘടനകളും പണിമുടക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന, മേഖലാ, പ്രാദേശിക കണ്‍വന്‍ഷനുകള്‍ എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ത്തിയായി. ആയിരക്കണക്കിന് സ്ക്വാഡുകള്‍ ലഘുലേഖകള്‍, പോസ്റ്ററുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയിലൂടെ പണിമുടക്കിന്റെ ആവശ്യങ്ങളും സന്ദേശവും ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിച്ചു. ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്ത് ഒമ്പതിന് നടന്ന വന്‍ റാലികളും പ്രകടനങ്ങളും ധര്‍ണകളും പണിമുടക്കിന്റെ വിളംബരം നാടെങ്ങുമെത്തിച്ചു. കര്‍ഷക, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടതുപാര്‍ടികളായ സിപിഐ എമ്മും സിപിഐയും ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. പണിമുടക്കില്‍നിന്ന് പിന്മാറിയിട്ടില്ലെന്നും സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക്ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന ബിഎംഎസിന്റെ പ്രസ്താവന അവര്‍ക്കെതിരെ ഉയര്‍ന്ന ജനരോഷത്തിന്റെ ഫലമാണ്. അവര്‍ക്ക് ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ചുവെന്നും അവകാശപ്പെടുന്നു. തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിവിടെ പ്രകടമാകുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്ക് ഇതുവരെ ഒരു ചര്‍ച്ചയ്ക്കും ക്ഷണം ലഭിച്ചിട്ടില്ല. ഈ സമരം മഹത്തായ വിജയമാക്കി തീര്‍ക്കാനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായി. 2016 സെപ്തംബര്‍ രണ്ട് ഒരു ദേശീയപണിമുടക്ക് മാത്രമായല്ല ചരിത്രത്തില്‍ രേഖപ്പെടുത്തുക. ഭരണവര്‍ഗത്തിന്റെ തൊഴിലാളിവിരുദ്ധ– ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനകീയ പ്രതിരോധത്തിന്റെ തിളക്കമാര്‍ന്ന അടയാളം കൂടിയായിരിക്കും ഈ ദിനം.