പ്രാദേശിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും അവ ഏറ്റെടുത്ത് ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യണം. നിരന്തരമായ പ്രക്ഷോഭസമരങ്ങള്‍വഴി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയണം. ഇതുവഴി ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കണം. രാജ്യവ്യാപകമായി നടത്തുന്ന ഇത്തരം പ്രാദേശിക പ്രക്ഷോഭങ്ങളിലൂടെ ദേശീയതലത്തില്‍ ശക്തിയാര്‍ജിക്കാന്‍ പാര്‍ടിക്ക് സാധിക്കും. ലാറ്റിനമേരിക്കയിലെയും മറ്റും ഇടതുകക്ഷികളുടെ മുന്നേറ്റത്തിന്റെ അനുഭവം നല്‍കുന്ന പാഠം ഇതാണ്.
ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല അഭിപ്രായമുണ്ട്. അവര്‍ ആദര്‍ശധീരരാണ്, സത്യസന്ധരാണ്്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യുന്നത് മറ്റു ചിലരാണെന്ന് ജനം കരുതുന്നു. ഇതാണ് പാര്‍ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണം. ഓരോ പ്രദേശങ്ങളിലെയും തനതായ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പാര്‍ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. യാന്ത്രികമായ സമീപനത്തോടെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഒരു സംസ്ഥാനത്തുതന്നെ എല്ലായിടത്തും ഒരേ പ്രശ്നങ്ങളല്ല. കേരളത്തില്‍പ്പോലും വയനാട്ടിലെയും ഇടുക്കിയിലെയും പ്രശ്നങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഓരോ പ്രശ്നങ്ങള്‍ക്കും തനതായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇതിന് സാധിക്കും. സ്വാമി വിവേകാനന്ദന്‍ ഒരുകാലത്ത് "ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളമാണ് പിന്നീട് യൂറോപ്പിനു തുല്യമായ സാമൂഹികപുരോഗതി കൈവരിച്ച പ്രദേശമായി മാറിയത്. ലക്ഷ്യബോധമുള്ള പോരാട്ടങ്ങളിലൂടെയാണ് കേരളം ഈ അവസ്ഥയില്‍ എത്തിയത്.
പാര്‍ടിയുടെ മുന്നേറ്റത്തിലുള്ള പോരായ്മ പരിഹരിക്കാനുള്ള ഗൗരവതരമായ പരിശോധനകളും ചര്‍ച്ചകളുമാണ് വിശാഖപട്ടണത്തു നടന്ന 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ ഉണ്ടായത്. രാജ്യത്തെ വസ്തുനിഷ്ഠസാഹചര്യങ്ങള്‍ ഇടതുമുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും അനുകൂലമാണ്. ജനകീയ പോരാട്ടങ്ങളിലൂടെ ഇടതുമുന്നേറ്റം സാധ്യമാക്കുന്നതിനായി സിപിഐ എമ്മിനെ സംഘടനാപരമായി ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ കോണ്‍ഗ്രസ് എടുത്തു. വികസനത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകളും പ്രചാരണവും നടക്കുന്നു. പലരും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയില്‍ കുടുങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് യുവതലമുറ. വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. ജാതി, മത, ലിംഗ ഭേദങ്ങള്‍ക്ക് അതീതമായി ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെയെല്ലാം ഈ പോരാട്ടത്തില്‍ അണിനിരത്തേണ്ടത് ഇടതുപക്ഷത്തിന്റെ കടമയാണ്. വസ്തുനിഷ്ഠമായ ഈ യാഥാര്‍ഥ്യം ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് തികച്ചും അനുകൂല സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും ജനകീയപോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിനായി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തണം. അതുകൊണ്ടാണ്, ഈ ദൗത്യം ഏറ്റെടുക്കുന്നതിനായി ആറുമാസത്തിനകം പാര്‍ടി പ്ലീനം വിളിക്കാന്‍ 21-ാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചത്.
കേരളവും ബംഗാളും
കേരളവും ബംഗാളും പാര്‍ടിക്ക് ഒരുപോലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളാണ്. പാര്‍ടിയുടെ രണ്ട് കണ്ണുകളാണ് കേരളവും ബംഗാളും. നവോത്ഥാനത്തിന്റെ കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നു രണ്ട് സംസ്ഥാനങ്ങളും. ബംഗാളിലെ ഇടതുമുന്നണി ഭരണത്തിന്റെ റെക്കോഡ് അനുപമമാണ്- ബൂര്‍ഷ്വാ ജനാധിപത്യ സംവിധാനത്തില്‍ തുടര്‍ച്ചയായി ഏഴ് തെരഞ്ഞെടുപ്പുകളില്‍ ജയിക്കുക എന്നത്. ഇപ്പോള്‍ അവിടെ സിപിഐ എം പ്രവര്‍ത്തകരെ ശാരീരികമായി ഇല്ലായ്മ ചെയ്ത് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്്. 2011നുശേഷം 500ല്‍പ്പരം സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഭീതി സൃഷ്ടിച്ച് സാധാരണ ജനങ്ങളെ കൂടെനിര്‍ത്താന്‍ തൃണമൂല്‍ ശ്രമിക്കുന്നു. കേന്ദ്രഭരണത്തിന്റെ ആനുകൂല്യത്തില്‍ ബിജെപിയും ചില ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍, ജനങ്ങളെ അധികകാലം കബളിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ബംഗാളിലെ പ്രതിസന്ധി പാര്‍ടിയും ഇടതുമുന്നണിയും അതിജീവിക്കും.
കേരളത്തില്‍ എല്‍ഡിഎഫ് ശക്തിപ്പെടുത്താനും വിപുലീകരിക്കാനും നടപടി സ്വീകരിക്കും. ഏതെങ്കിലും കക്ഷികളുടെ കൂറുമാറ്റം എന്നതിലുപരിയായി, എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ കേരളജനതയോട് അഭ്യര്‍ഥിക്കും. എല്‍ഡിഎഫ് വിട്ടുപോയ കക്ഷികള്‍ തിരികെവരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്്. യുഡിഎഫിനൊപ്പം നിന്ന കക്ഷികളില്‍ അസംതൃപ്തരായവരെയും സ്വീകരിക്കും.പിബി കമീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടുത്ത സമ്പൂര്‍ണ പൊളിറ്റ്ബ്യൂറോ യോഗം ചര്‍ച്ചചെയ്യും. കമീഷന്റെ ഘടനയിലും പരിഗണനാവിഷയങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം; രണ്ടും ആവശ്യമുണ്ടെങ്കില്‍മാത്രം. ഇതെല്ലാം കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.കോണ്‍ഗ്രസുമായുള്ള സഹകരണംബിജെപിക്ക് ഇത്രയും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള, പ്രത്യേകിച്ച് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളോടുള്ള ജനരോഷത്തില്‍നിന്നാണ്. കോണ്‍ഗ്രസാകട്ടെ, അവരുടെ നയങ്ങള്‍ തിരുത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ സാധ്യമല്ല. പ്രാദേശിക കക്ഷികളുമായി ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ധാരണകളില്‍ എത്താം. എന്നാല്‍, ദേശീയതലത്തിലുള്ള സഖ്യമായി ഇതിനെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ല.
മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നവിവാദങ്ങള്‍
രാജ്യത്ത് ഏറ്റവും ഊര്‍ജസ്വലമായ ഉള്‍പാര്‍ടി ജനാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ടി സിപിഐ എമ്മാണ്. പാര്‍ടിക്കുള്ളില്‍ എല്ലാ വശങ്ങളും ചര്‍ച്ചചെയ്ത് കൂട്ടായ തീരുമാനങ്ങളാണ് എടുക്കുന്നത്. നേതാക്കളുടെ കഴിവുകളെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കേരളത്തിന്റെ ചരിത്രം നോക്കുക. ഇ എം എസും എ കെ ജിയും കൃഷ്ണപിള്ളയും ചേര്‍ന്നാണ് കേരളത്തിലെ പ്രസ്ഥാനത്തെ വളര്‍ത്തിയത്. സിപിഐ എമ്മിനുള്ളത് കൂട്ടായ നേതൃത്വമാണ്. താനും പ്രകാശും തമ്മില്‍ അകല്‍ച്ചയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അത് മാധ്യമങ്ങളുടെ കുഴപ്പമാണ്. മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരം കാരണം അവര്‍ക്ക് വാര്‍ത്തകള്‍ ചമയ്ക്കേണ്ടിവരുന്നു. കേരളത്തില്‍ത്തന്നെ എത്ര ചാനലുകളാണ്? കുറച്ചുകാലമായി ഞാന്‍ വാര്‍ത്തകള്‍ കാണാറില്ല.എല്ലാവരുടെയും പ്രയത്നം ഒത്തുചേരുമ്പോഴാണ് പാര്‍ടിക്ക് മുന്നേറ്റം ഉണ്ടാവുക. പാര്‍ടിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുകയെന്ന ഉത്തരവാദിത്തമാണ് ജനറല്‍ സെക്രട്ടറിക്കുള്ളത്. ഞാന്‍ ഒരു ഇന്ദ്രജാലക്കാരനല്ല. എന്നാല്‍, വൈകാരികമായ ഒരുപാട് പിന്തുണയും പാര്‍ടിയുടെ അഭ്യുദയകാംക്ഷികളുടെ സഹായവും ഉപദേശങ്ങളും ലഭിക്കുന്നുണ്ട്. പാര്‍ടി സംഘടനയെ ശക്തിപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തും. രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ബദല്‍നയം ഉയര്‍ത്തിയുള്ള പോരാട്ടങ്ങള്‍ നടത്താനും ഇതുവഴി സാധിക്കും. രാജ്യമെമ്പാടും ചെങ്കൊടി ഉയര്‍ത്തുകയെന്നതാണ് എന്റെ സ്വപ്നം. ഭാഷകളും സീതാറാമുംതെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യംചെയ്യാന്‍ പ്രയാസമില്ല. എന്നാല്‍, ബംഗാളി പറയുമ്പോള്‍ ചിലപ്പോള്‍ ഉദ്ദേശിക്കുന്ന പദത്തിന് പകരമുള്ള തമിഴ്വാക്ക് കടന്നുവരും. തമിഴ് പറയുമ്പോള്‍ തിരിച്ച് ബംഗാളി വാക്കും. മലയാളം കേട്ടാല്‍ മനസ്സിലാകും. മലയാളത്തിന് സംസ്കൃതവുമായുള്ള ബന്ധത്തിന് സമാനമാണ് തെലുങ്കും തമിഴും സംസ്കൃതവുമായി പുലര്‍ത്തുന്ന ബന്ധം. പല വാക്കുകളുടെയും വേര് മൂന്നു ഭാഷയിലും ഒന്നാണ്. അതുകൊണ്ട് എനിക്ക് മലയാളം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല (കൈരളി ടിവി എംഡിയും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തെ അവലംബിച്ച് ദേശാഭിമാനി ഡല്‍ഹി ബ്യൂറോചീഫ് സാജന്‍ എവുജിന്‍ തയ്യാറാക്കിയത്)