2015, മാർച്ച് 9, തിങ്കളാഴ്‌ച

ദൈവദശകത്തിന് 100

ശ്രീനാരായണഗുരുദേവന്റെ ദൈവദശകം വിരചിതമായിട്ട് നൂറുവര്‍ഷം തികയുന്നു. മലയാളഭാഷകണ്ട ഏറ്റവും മതനിരപേക്ഷമായ പ്രാര്‍ഥനയാണ് ദൈവദശകം. നൂറ്റാണ്ടുകളെ പിന്നിട്ട് അത് അനശ്വരതയിലേക്ക് സഞ്ചരിക്കുന്നുവെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ആദ്യത്തെ പത്ത് പതിറ്റാണ്ടുകള്‍ കൊണ്ടുതന്നെ ആ കൃതിക്ക് കൈവന്ന സ്വീകാര്യതയും ജനപ്രീതിയും.ജനമാകെ ജാതിയുടെയും മതത്തിന്റെയും അന്ധതയില്‍ പരസ്പരം കലഹിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഗുരു എല്ലാ ജാതിക്കാര്‍ക്കും എല്ലാ മതക്കാര്‍ക്കും ഒരുപോലെ ചൊല്ലാവുന്ന "ദൈവദശകം' രചിച്ചത്. മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായ ഒരു സമൂഹത്തില്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ പറ്റിയ പ്രാര്‍ഥന എന്നതുതന്നെ അക്കാലത്ത് വിപ്ലവാത്മകമായിരുന്നു.ഗുരുവിനെ ഇതര ഋഷിശ്രേഷ്ഠരില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രധാന ഘടകം അദ്ദേഹം ഈ മണ്ണിനെക്കുറിച്ചും ഇവിടത്തെ ജീവിതത്തെക്കുറിച്ചും പറഞ്ഞു എന്നതാണ്. ജഗത്ത് മിഥ്യയാണെന്നും ബ്രഹ്മമേ സത്യമുള്ളൂ എന്നും പാടിക്കൊണ്ടിരിക്കുന്ന ഋഷിമാരില്‍നിന്ന് വ്യത്യസ്തനായി ഇവിടത്തെ ജീവിതത്തെ നന്നാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗുരു പറഞ്ഞു.മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച ആ മനസ്സുതന്നെയാണ് "ദൈവദശക'ത്തിലും പ്രതിഫലിച്ചുകാണുന്നത്.

""അന്നവസ്ത്രാദി മുട്ടാതെതന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍'' 
എന്നു ഗുരു പാടി. ദൈവമുണ്ടെങ്കില്‍ ആ ദൈവത്തിന്റെ ആദ്യചുമതല മനുഷ്യന് അന്നവും വസ്ത്രവും നല്‍കുക എന്നതുതന്നെയാണ് എന്ന് മറ്റൊരു ഗുരുവും പറഞ്ഞിട്ടില്ല. മറ്റൊരു രൂപത്തില്‍ നോക്കിയാല്‍, അന്നവും വസ്ത്രവും തരുന്നതാരോ അതാണ് ദൈവം എന്ന് മലയാളി അതുവരെ കേട്ടിട്ടില്ല. മോക്ഷം നല്‍കുകയാണ് ദൈവത്തിന്റെ കടമ എന്നേ മറ്റുള്ളവര്‍ പറഞ്ഞിട്ടുള്ളൂ. ശ്രീനാരായണഗുരു ഭൗതികജീവിതത്തില്‍ ഊന്നി. "ജ്ഞാനവും സത്യവുമാണ് ദൈവം' എന്ന പരിപ്രേക്ഷ്യം ഗുരു ഭൂതവും വര്‍ത്തമാനവും ഭാവിയുംതന്നെയാണു ദൈവമെന്ന സങ്കല്‍പവും അത് മുന്നോട്ടുവച്ചു. അതായത് കാലംതന്നെയാണ് ദൈവം എന്നര്‍ഥം."മനുഷ്യാണാം മനുഷ്യത്വം ജാതി' (മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്) എന്നും "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നും ഉദ്ബോധിപ്പിച്ച ഗുരു ഒരു പ്രാര്‍ഥന രചിച്ചപ്പോള്‍ അത് എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ക്കുവേണ്ടിയായതില്‍ അത്ഭുതമില്ല.

ഒരു മതത്തിന്റെയും പ്രത്യേക ചിഹ്നമോ സൂചകമോ ഇല്ലാതെ ജീവിതത്തിന്റെ കടല്‍ കടക്കാന്‍ സഹായിക്കുന്ന എന്തിനെയും ആരാധിക്കുന്ന രീതിയാണ് ദൈവദശകത്തില്‍ കാണുന്നത്.

""നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-ക്കുള്ള സാമഗ്രിയായതും''

എന്ന കണ്ടെത്തലിലൂടെ ദൈവം എന്നത് ഈ പ്രപഞ്ചത്തിന് പുറമെയുള്ള എന്തോ ഒന്നല്ല, മറിച്ച് ഈ പ്രപഞ്ചവും അതിലെ ജൈവശക്തിയും തന്നെയാണ് എന്ന നൂതനചിന്തയും ഗുരു മുന്നോട്ടുവച്ചു.കാവ്യഭാവനയ്ക്ക് അളക്കാവുന്നതിന്റെ അങ്ങേയറ്റത്തെവരെ അളന്നുവച്ചിരിക്കുന്നു ഗുരു ഈ കവിതയില്‍. സങ്കല്‍പ്പനശേഷിയുടെ പരമകാഷ്ഠയിലെത്തി നില്‍ക്കുന്നു ദൈവദശകത്തിലെ ഈ വരികള്‍.

""ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍നിന്നിടും
ദൃക്കുപോലുള്ളംനിന്നിലസ്പന്ദമാകണം''
ഇതിനപ്പുറത്തേക്ക് സങ്കല്‍പ്പങ്ങള്‍ക്ക് ചിറകടിച്ചെത്താനാവില്ല. അത്രമേല്‍ ഭാവനാപൂര്‍ണമായ കാവ്യപ്രതിഭയായിരുന്നു ഗുരുദേവന്‍. ബഹുമുഖങ്ങളായ വ്യക്തിത്വങ്ങളുടെ ഏതെങ്കിലും ഒരു മുഖത്തിന് കൂടുതല്‍ തെളിച്ചം ലോകവും കാലവും കല്‍പ്പിക്കും. അപ്പോള്‍ മറ്റു മുഖങ്ങള്‍ വേണ്ടത്ര ദീപ്തമാകാതെ പോകും. ഗുരുവിന്റെ കാവ്യപ്രതിഭ ഇതരമുഖങ്ങളുടെ ജ്യോതിസ്സിനൊപ്പംതന്നെ ദീപ്തമായി നമുക്കുമുന്നില്‍ വന്ന് വിളങ്ങിനില്‍ക്കുന്നു "ദൈവദശകത്തിലൂടെ.'വര്‍ഗീയസ്പര്‍ധയുടെ കാട്ടുതീയെരിയുന്ന ദിക്കിലൊക്കെ-അത് പഞ്ചാബാകട്ടെ, പെഷാവറാകട്ടെ, മനുഷ്യമനസ്സുകളിലേക്ക് ദൈവദശകത്തിന്റെ സാരസത്ത വാര്‍ന്നുചെന്നെങ്കില്‍.

ഭാരതീയ പൈതൃകവും ഗണപതിയുടെ ശസ്ത്രക്രിയയും


തുമ്പിക്കൈയും ആനത്തലയുമുള്ള ഭഗവാന്‍ ഗണപതി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നോ? തര്‍ക്കംവേണ്ട; പ്രധാനമന്ത്രി നരേന്ദ്രമോഡി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഗണപതിക്ക് ആനത്തല കിട്ടിയതെന്നാണ്. ഇന്ത്യ ശാസ്ത്ര സാങ്കേതിക ആരോഗ്യരംഗങ്ങളില്‍ പുരാതനകാലം മുതല്‍ക്കേ ലോകത്ത് ഏറെ മുന്നിലായിരുന്നു എന്ന് സ്ഥാപിക്കാനാണ് മോഡിയുടെ ഈ പ്ലാസ്റ്റിക് സര്‍ജറി തിയറി. മറ്റാരെങ്കിലുമായിരുന്നു ഈ കണ്ടുപിടിത്തം നടത്തിയിരുന്നതെങ്കില്‍ സംഭവിക്കാനിടയുള്ള പുകില്‍ പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലല്ലോ! പാര്‍വതിയും പരമശിവനും പിടിയാനയും കൊമ്പനാനയുമായി കാട്ടില്‍ സഞ്ചരിച്ചപ്പോള്‍ ജാതനായ ഗണപതിക്ക് ആനത്തല വന്നതിനെപ്പറ്റി വ്യത്യസ്ത കഥ പുരാണങ്ങളിലുണ്ട്. പാര്‍വതിയുടെ കുളി കാണാന്‍ ശിവന്‍ പോയതിനെ തടഞ്ഞ ഗണപതിയെ കോപിഷ്ഠനായ ശിവന്‍ തലവെട്ടി ആനത്തല നല്‍കി എന്നത് ഒരു കഥ. ഒരിക്കല്‍ പാര്‍വതി ശനിയെ വിളിച്ച് ഗണപതിയെ കാണിച്ചുവെന്നും ശനിയുടെ ദൃഷ്ടിപാതത്താല്‍ തല ദ്രവിച്ചുപോയെന്നും പകരം ആനത്തല വച്ചുവെന്നും മറ്റൊരു കഥ. പുരാണത്തിലെ ഇത്തരം കഥകള്‍ക്ക് ശാസ്ത്രത്തിന്റെയും പ്ലാസ്റ്റിക് സര്‍ജറിയുടെയും പിന്‍ബലമേകുന്നത് കടന്ന കൈയാണ്.
ഗണപതിയില്‍ മാത്രമായി ഇന്ത്യയുടെ പ്രാചീന ശാസ്ത്രനേട്ടത്തെ പരിമിതപ്പെടുത്താന്‍ മോഡി തയ്യാറായില്ല. ജനറ്റിക് സയന്‍സില്‍ ഇന്ത്യ പണ്ടേ നേട്ടം കൈവരിച്ചു എന്നു കാണിക്കുന്നതിന് കര്‍ണന്റെ ജനത്തെ മോഡി ഉദാഹരിച്ചു. ദുര്‍വാസാവ് നല്‍കിയ വരം ഹേതുവായി അവിവാഹിതയായ കുന്തി ഗര്‍ഭിണിയാകുകയും ആയുധപാണിയായ കര്‍ണനെ കര്‍ണത്തിലൂടെ പ്രസവിച്ചു എന്നുമാണ് കഥ. സൂര്യന് കുന്തിയില്‍ ജനിച്ച ഈ പുത്രന്‍ കുന്തിയുടെ ചാരിത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി ചെവിയിലൂടെ പ്രസവിച്ചു എന്ന മിത്തിനെ ശാസ്ത്രസത്യമായി ഒരു പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളില്‍ ചേര്‍ക്കുകയാണ്. അതുകൊണ്ടുതന്നെ മോഡി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യയുടെ ശാസ്ത്രകോണ്‍ഗ്രസിലെ പ്രബന്ധങ്ങള്‍ മോഡി മോഡലാകാതിരിക്കാന്‍ കഴിയില്ലല്ലോ.
ഭാരതീയ പൈതൃകത്തെപ്പറ്റിയുള്ള അമിതമായ അവകാശവാദമാണ് മുംബൈയില്‍ സമാപിച്ച ശാസ്ത്രകോണ്‍ഗ്രസില്‍ മുഴങ്ങിയത്. നാലായിരത്തിലധികം കൊല്ലത്തെ മഹത്തായ ചരിത്രമുള്ള രാജ്യമാണ് ഭാരതം. ശാസ്ത്രനേട്ടം പണ്ടേ ഭാരതം കൈവരിച്ചുവെന്നത് നേര്. ധാരാളം ശാസ്ത്രനേട്ടം നാം ആര്‍ജിച്ചിട്ടുണ്ട്. മൃതശരീരം തിളപ്പിച്ച വെള്ളത്തിലോ പച്ചവെള്ളത്തിലോ മഞ്ഞിലോ കഷായത്തിലോ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ച ശുശ്രുതന്‍ എന്ന വൈദ്യശാസ്ത്രപണ്ഡിതന്‍ പ്രാചീനഭാരതത്തിലുണ്ടായിരുന്നു. പക്ഷേ, ഇത്തരം പണ്ഡിതന്മാരുടെ ശാസ്ത്രസിദ്ധികളെയല്ല ഇന്ന് പ്രചരിപ്പിക്കുന്നത്.
ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധം അവകാശപ്പെടുന്നത് വേദകാലഘട്ടത്തില്‍ ഇന്ത്യയില്‍ വ്യോമയാന സാങ്കേതികവിദ്യ ഉണ്ടായിരുന്നു എന്നാണ്. അതിനായി പുരാതന സന്ന്യാസി മഹാഋഷി ഭരദ്വജയുടെ വൈമാനികശാസ്ത്രം ഉദ്ധരിച്ചു. 1903ല്‍ റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തുന്നതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് വ്യോമയാന സാങ്കേതികവിദ്യ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നാണ് മുന്‍ പൈലറ്റായ ക്യാപ്റ്റന്‍ ആനന്ദ് ബോദാസ് അവകാശപ്പെട്ടത്. എന്നാല്‍, ""വൈമാനികശാസ്ത്രത്തില്‍'' പ്രതിപാദിച്ചിട്ടുള്ള സാങ്കേതികവിദ്യയാല്‍ ഒരു വസ്തുവിനെയും പറപ്പിക്കാന്‍ കഴിയില്ലെന്ന് വ്യോമയാന സാങ്കേതികവിദഗ്ധര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘം വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ തുറന്നുകാട്ടി. അത്തരം ശാസ്ത്രചിന്തകളെയെല്ലാം തള്ളിയാണ് കൃത്രിമസങ്കല്‍പ്പങ്ങളില്‍ മുംബൈയിലെ ശാസ്ത്രകോണ്‍ഗ്രസ് അഭിരമിച്ചത്.
പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രാചീനകൃതികളിലും ഭാവനാവിലാസം തുളുമ്പുന്ന കഥകളും ഭാവനാവിദ്യകളും ധാരാളം ഉണ്ട്. അതിനൊപ്പം ചരിത്രത്തില്‍ ജീര്‍ണതകളും കളങ്കങ്ങളും കാണാം. വേദപഠനം കേട്ട ശൂദ്രനെ ബ്രാഹ്മണ്യത്തിന്റെ രക്ഷയ്ക്കായി ക്ഷത്രിയരാജാവ് വെട്ടിക്കൊന്നു. ധര്‍മപുത്രരുടെ സദസ്സില്‍ യുദ്ധത്തെ ചോദ്യചെയ്ത ലോകായത ചിന്തകനായ ചാര്‍വാകനെ ബ്രാഹ്മണര്‍ ചുട്ടെരിച്ചു. ഇത്തരം നൃശംസ വൃത്തിയിലാണ് ആര്‍എസ്എസും ബിജെപിയും നിലകൊള്ളുന്നത്. സത്യം വിളിച്ചുപറയുന്നവരെ നാളെ ഇക്കൂട്ടര്‍ ചുട്ടെരിക്കും. അതുപേടിച്ചോ അല്ലെങ്കില്‍ ഇവരുടെ പ്രീതിപറ്റാനോ കെട്ടുകഥകളെ വസ്തുതാ കഥകളായി ശാസ്ത്രജ്ഞരും സാങ്കേതികവിഗദ്ധരും അവതരിപ്പിക്കാം. അത് നാടിന്റെ ഗതികേടാണ്.
മോഡിയും കൂട്ടരും ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തെപ്പറ്റി ഉദ്ഘോഷിക്കുന്നത് ഹിന്ദുത്വം, ഹിന്ദു ദേശീയത, ഹിന്ദുരാഷ്ട്രം എന്ന അജന്‍ഡ നടപ്പാക്കാനാണ്. മഹത്തായ നേട്ടങ്ങള്‍ ആര്‍ജിക്കാന്‍ പ്രാചീനഭാരതത്തിന് കഴിഞ്ഞത്, ഹിന്ദു എന്ന ഏക മതവും ഏക സംസ്കാരവുമുള്ള നാടായിരുന്നതുകൊണ്ടാണെന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ്. ഹിന്ദുമതവും ഹൈന്ദവസംസ്കാരവുംമാത്രം മഹത്തായത് എന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. മറ്റുമതങ്ങളേക്കാള്‍ കേമം ഹിന്ദുമതം എന്ന് വരുത്താനാണ് ഉദ്ദേശ്യം. എന്നാല്‍, പ്രാചീന ഇന്ത്യയിലും മധ്യകാല ഇന്ത്യയിലും ഒന്നിലധികം മതങ്ങള്‍ ഉണ്ടായിരുന്നു. ഷഡ്ദര്‍ശനം എന്ന സംസ്കൃത ദാര്‍ശനിക പ്രയോഗം നല്‍കുന്ന അര്‍ഥംതന്നെ ആറുദര്‍ശനങ്ങള്‍ പ്രാചീനഭാരതത്തിലുണ്ടായിരുന്നു എന്നാണ്. സാംഖ്യം, ലോകായതം, ബ്രാഹ്മണമതം (യജ്ഞമതം) എന്നിവ ഏറ്റവും പ്രാചീനമായവയാണ്. പിന്നാലെ ബുദ്ധമതം, ജൈനമതം എന്നിവ വന്നു. മധ്യകാലത്ത് ഇന്ത്യയില്‍ മുസ്ലിം മതവും ക്രിസ്തുമതവും ശക്തിപ്പെട്ടു. ഭാരതീയ ദര്‍ശനത്തില്‍ ആത്മീയചിന്ത മാത്രമല്ല, ഭൗതിക ചിന്തയും അന്തര്‍ലീനമാണ്. സാംഖ്യമതവും ലോകായതമതവും ഭൗതികവാദ ചിന്തയിലുള്ളവയാണ്. അതിനാല്‍ ഹിന്ദുത്വം മാത്രമേ ഭാരതീയ പാരമ്പര്യമായി ഉണ്ടായിരുന്നുള്ളൂ എന്നത് വസ്തുതാപരമല്ല. ഈ യാഥാര്‍ഥ്യം വിസ്മരിച്ച് ഹിന്ദുമതത്തിലേക്ക് സകല മനുഷ്യരെയും ബലമായി കൊണ്ടുവരാനുള്ള അന്തരീക്ഷമൊരുക്കാനാണ് ഭാരതീയ പൈതൃകത്തിലെ യഥാര്‍ഥ വകകള്‍ക്ക് അപ്പുറത്തുള്ള കൃത്രിമ കഥകളുമായി ഹിന്ദുത്വശക്തികള്‍ സഞ്ചരിക്കുന്നത്.