2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

ഭരണവര്‍ഗത്തിന്റെ ഇരട്ടക്കുട്ടികള്‍

by എം ബി രാജേഷ് on 28-October-2014

സീതയെ മോഹിപ്പിച്ച മാരീചനെപ്പോലെ ജനങ്ങളെ വ്യാമോഹത്തിലാഴ്ത്തിയ ഒറ്റവരി പരസ്യവാചകം- നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു. കോണ്‍ഗ്രസ് വാഴ്ചയുടെ ദുര്‍ദിനങ്ങളില്‍ മനംമടുത്ത ജനങ്ങള്‍ക്കിടയില്‍ മോഡിയും ബിജെപിയും സമര്‍ഥമായി വിറ്റഴിച്ച ഈ ഒറ്റവരിയിലെ വാഗ്ദാനം വാചാലമായിരുന്നു. എന്നാല്‍, അധികാരമേറ്റയുടന്‍ മോഡി തിരുത്തി- കഠിന തീരുമാനങ്ങള്‍ വേണ്ടിവരും. അധികാരത്തിലേറുംമുമ്പ് മന്‍മോഹന്‍സിങ്ങും യുപിഎയും പറഞ്ഞത് കോണ്‍ഗ്രസിന്റെ കൈ ആം ആദ്മിക്കൊപ്പം, ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നൊക്കെയായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം മന്‍മോഹന്‍സിങ്ങും മോഡിയെപ്പോലെ കഠിന തീരുമാനങ്ങളുടെ അനിവാര്യതയെക്കുറിച്ച് പറഞ്ഞു. മാത്രമല്ല, പണം മരത്തില്‍ കായ്ക്കില്ലെന്ന ബോധോദയവും അദ്ദേഹത്തിനുണ്ടായി. ഇരുവരുടെയും സ്വരത്തിലെയും സ്വരഭേദങ്ങളിലെയും സമാനത യഥാര്‍ഥത്തില്‍ നയത്തിലെ സമാനതയാണ്.
ഇരുകൂട്ടരും നവ ഉദാരനയങ്ങളുടെ വക്താക്കളാണ്. ഇവര്‍ക്കിടയിലുള്ള തര്‍ക്കം, കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും ശക്തിയോടെയും ഇത് നടപ്പാക്കാന്‍ കഴിവുള്ളത് ആര്‍ക്കാണ് എന്നതില്‍ മാത്രം. യുപിഎ സര്‍ക്കാരിനെതിരായ ഇടതുപക്ഷ വിമര്‍ശം, നവഉദാരനയങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നില്ല എന്നായിരുന്നുവെങ്കില്‍ ഈ നയം വേണ്ടത്ര തീവ്രതയോടെ നടപ്പാക്കാന്‍ കഴിയാത്ത നയപരമായ തളര്‍ച്ച ബാധിച്ച സര്‍ക്കാര്‍ എന്നായിരുന്നു ബിജെപിയുടെ വിമര്‍ശം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ നയപരമായ തളര്‍ച്ച പരിഹരിക്കുമെന്ന അവകാശവാദവും. അധികാരത്തില്‍ വന്നതുമുതല്‍ ഈ തളര്‍ച്ച പരിഹരിക്കാനുള്ള ഊര്‍ജിതശ്രമമാണ് മോഡിയും കൂട്ടരും നടത്തുന്നത്. ഇതിന്റെ ഫലമായി തീര്‍ച്ചയായും ഒരു കൂട്ടര്‍ക്ക് മന്‍മോഹന്‍ സമ്മാനിച്ചതിനേക്കാള്‍ നല്ല ദിനങ്ങള്‍ വന്നുകഴിഞ്ഞു; ഇന്ത്യനും വിദേശിയുമായ കോര്‍പറേറ്റുകളുടെ. മോഡിയുടെ കഠിന തീരുമാനങ്ങളുടെ ഇരകളാവട്ടെ മന്‍മോഹന്‍സിങ്ങിന്റെ കാലത്തെന്നപോലെ ഇപ്പോഴും സാധാരണ ജനങ്ങള്‍തന്നെ. സര്‍ക്കാരുകള്‍ മാറിയെങ്കിലും മൂലധനത്തിന് ഇളവുകളും ജനങ്ങള്‍ക്കുമേല്‍ അധികഭാരവും എന്ന യാഥാര്‍ഥ്യത്തിനുമാത്രം മാറ്റമേതുമില്ല. കാരണം, മാറിയത് സര്‍ക്കാര്‍മാത്രമാണ് നയങ്ങളല്ല എന്നതുതന്നെ.
  


യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങളില്‍ പ്രധാനമായിരുന്നു ഇന്‍ഷുറന്‍സില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനും പ്രതിരോധം, റെയില്‍വേ എന്നീ മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കാനുമുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തതോടെ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ സാവകാശം ലഭിച്ചില്ല. യുപിഎയുടെ അവസാനതീരുമാനം ബിജെപി സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായി മാറി എന്നുമാത്രമല്ല പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ക്ക് അതിവേഗ തുടക്കവുമായി. ഇതില്‍ ഇന്‍ഷുറന്‍സില്‍ എഫ്ഡിഐ അനുവദിക്കുന്നതിനെ ബിജെപി അതിശക്തമായി എതിര്‍ത്തതായിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായശേഷം മോഡി ആദ്യം നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് ഇന്‍ഷുറന്‍സ് വിദേശ നിക്ഷേപത്തിന്റെ പേരിലായിരുന്നു. രാജ്യത്തെ വിദേശികള്‍ക്ക് അടിയറവയ്ക്കുന്നതിന്റെ ഉദാഹരണമായാണ് മോഡി ഈ നടപടിയെ വിശേഷിപ്പിച്ചത്. പിന്നീട് മോഡിതന്നെ ഇത് നടപ്പാക്കുമ്പോള്‍, ഭിക്ഷയില്ലെന്ന് പറയാനുള്ള അധികാരം തനിക്ക് മാത്രമേയുള്ളൂ എന്നുപറഞ്ഞ പഴയ തറവാട്ടുകാരണവരെപ്പോലെ, രാജ്യത്തെ അടിയറ വയ്ക്കാനുള്ള അധികാരം തനിക്കുമാത്രമാണ് എന്നാണാവോ മോഡി വിചാരിക്കുന്നത്?

പഴയ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത്സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാവട്ടെ ഇന്‍ഷുറന്‍സ് വിദേശനിക്ഷേപ പരിധി ഉയര്‍ത്തരുതെന്ന ഏകകണ്ഠമായ ശുപാര്‍ശയും നല്‍കിയിരുന്നു. അതെല്ലാം വിഴുങ്ങി ബിജെപി സര്‍ക്കാര്‍ ഇന്‍ഷുറന്‍സിലും ഇതര മേഖലകളിലും വിദേശനിക്ഷേപത്തിന് പരവതാനി വിരിക്കുമ്പോള്‍ തങ്ങള്‍ ചെയ്ത കാര്യമാണ് മോഡി തുടരുന്നതെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മേനി നടിക്കുന്നു. ഭരണ-പ്രതിപക്ഷ സഹകരണത്തിന്റെ എന്തൊരു നല്ല മാതൃക!യുപിഎ സര്‍ക്കാര്‍ നിര്‍ബാധം നടത്തിവന്ന പൊതുമേഖലാ ഓഹരി വില്‍പ്പന ഒരു പടികൂടി കടന്ന് ഒഎന്‍ജിസി, സെയില്‍ തുടങ്ങിയ മഹാനവരത്ന കമ്പനികളിലേക്കുകൂടി വ്യാപിപ്പിച്ച് ഇന്ത്യന്‍ പൊതുമേഖലയെ പൊളിച്ചടുക്കാനുള്ള കര്‍സേവയില്‍ മോഡിയും കൂട്ടരും വ്യാപൃതരാകുമ്പോള്‍ ഇതിന് ശിലാന്യാസം നടത്തിയവര്‍ തങ്ങളാണെന്ന് ലജ്ജയില്ലാതെ പുളകമണിയുകയാണ് കോണ്‍ഗ്രസ്.
ഇന്ദിരാഗാന്ധിക്ക് ഇടതുപക്ഷത്തിന്റെപോലും പിന്തുണ നേടിക്കൊടുത്ത ബാങ്ക്ദേശസാല്‍ക്കരണത്തിന്റെ കഥ കഴിക്കാനായി മന്‍മോഹന്‍സിങ്ങും ചിദംബരവും ചേര്‍ന്ന് ചമച്ച തിരക്കഥയ്ക്കനുസരിച്ചുതന്നെ മോഡിയും ജെയ്റ്റ്ലിയും കരുനീക്കങ്ങള്‍ ആരംഭിച്ചു. സ്വകാര്യബാങ്കിങ് ലൈസന്‍സ് യഥേഷ്ടം നല്‍കാന്‍ ബിജെപി നിശ്ചയിക്കുമ്പോള്‍ ഇന്ദിരയുടെ മരുമകളും കൊച്ചുമകനും നയിക്കുന്ന കോണ്‍ഗ്രസ് പരാതിയേതുമില്ലാതെ അനുകൂലിക്കുന്നു.രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും രണ്ട് യുപിഎ സര്‍ക്കാരുകളുടെ പത്തുവര്‍ഷ കാലയളവില്‍ ഔദ്യോഗിക കണക്കനുസരിച്ചുതന്നെ 36 ലക്ഷം കോടിയിലധികം രൂപയുടെ ഇളവുകളും ആനുകൂല്യങ്ങളും നല്‍കിയപ്പോള്‍, അവ നല്‍കുന്നതില്‍ തെറ്റില്ലെന്നും ആ കണക്കുകള്‍ ബജറ്റ് രേഖകള്‍ക്കൊപ്പം അച്ചടിച്ചു നല്‍കി ജനങ്ങളെ അറിയിക്കുന്നതാണ് തെറ്റെന്നുമാണ് മോഡിയുടെ ധനമന്ത്രിയും. 
കോടതിയിലും രാഷ്ട്രീയത്തിലും ചിദംബരത്തെപ്പോലെ എന്നും കോര്‍പറേറ്റുകളുടെ മാത്രം വക്കാലത്തെടുത്തിട്ടുള്ളയാളുമായ അരുണ്‍ ജെയ്റ്റ്ലി (വിവാദമായ രണ്ട് കേസുകളില്‍ ചിദംബരം കൊക്കകോളയുടെയും അരുണ്‍ ജെയ്റ്റ്ലി വോഡഫോണിന്റെയും അഭിഭാഷകരായിരുന്നു) യുടെ വിചിത്ര വാദം. തെരഞ്ഞെടുപ്പ് തിരിമറിയിലൂടെ കഷ്ടിച്ച് ജയിച്ചുകയറിയവര്‍ എന്ന ആരോപണം നേരിട്ട ചിദംബരത്തെ മന്‍മോഹന്‍ ധനമന്ത്രിയാക്കിയതും, അമൃത്സറില്‍ ജനം തെരഞ്ഞെടുക്കാന്‍ കൂട്ടാക്കാതിരുന്ന ജെയ്റ്റ്ലിയെത്തന്നെ മോഡി വാശിയോടെ ധനവകുപ്പിനായി തെരഞ്ഞെടുത്തതും യാദൃച്ഛികമല്ല. ജനവിരുദ്ധ സാമ്പത്തികനയം കണ്ണില്‍ ചോരയില്ലാതെ നടപ്പാക്കാന്‍ നല്ലത് ജനം തിരസ്കരിച്ചവരാണെന്ന തിരിച്ചറിവായിരിക്കണം അതിനുപിന്നിലെ ചേതോവികാരം!
ജനങ്ങളെ മുഴുവന്‍ പെരുവഴിയാധാരമാക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡിനും സബ്സിഡി പണമായി നല്‍കല്‍ പദ്ധതിക്കും എതിരായി ജനരോഷം ആളിക്കത്തിക്കാന്‍ എരിതീയില്‍ എണ്ണ പകര്‍ന്ന മോഡി ഇപ്പോള്‍ ജനങ്ങളോട് അടിയാധാരം ഹാജരാക്കാന്‍ കല്‍പ്പിക്കുന്ന അംശം അധികാരിയെ ഓര്‍മിപ്പിക്കുന്നു. അന്ന് കയ്ച്ചിട്ടിറക്കാന്‍ വയ്യാത്തതെന്ന് കുറ്റപ്പെടുത്തിയ ആധാറും നേരിട്ട് പണംനല്‍കലും ഇന്ന് മോഡിക്ക് മധുരിച്ചിട്ട് തുപ്പാന്‍ വയ്യാത്തത്ര പ്രിയപ്പെട്ടതായി.
അധികാരത്തിലേറി രണ്ടാഴ്ചയ്ക്കകം റെയില്‍വേ യാത്രാക്കൂലി 14 ശതമാനവും കടത്തുകൂലി 6.5 ശതമാനവും കൂട്ടി ജനത്തിനു നേരെ ചൂലെടുത്ത മോഡി സര്‍ക്കാരിന്റെ വാദം, യുപിഎ സര്‍ക്കാര്‍ എടുത്തുവച്ച തീരുമാനമാണ് തങ്ങള്‍ നടപ്പാക്കുന്നത് എന്നായിരുന്നു. സബ്സിഡി സിലിണ്ടര്‍ 12ല്‍ നിന്ന് 9 ആക്കി വെട്ടിക്കുറയ്ക്കാന്‍ യുപിഎ തീരുമാനിച്ചപ്പോള്‍ (ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് വീണ്ടും 12 ആക്കി) ഉറഞ്ഞുതുള്ളിയ ബിജെപി വീണ്ടും അത് ഒന്‍പതിലേക്ക് ചുരുക്കാനും സബ്സിഡി തുക വെട്ടിക്കുറയ്ക്കാനും ഒരുങ്ങുമ്പോള്‍ എതിര്‍പ്പിന്റെ ഒരു മോങ്ങല്‍പോലും കോണ്‍ഗ്രസില്‍നിന്ന് ഉയരുന്നില്ല. ഇന്ധന വിലനിയന്ത്രണം നീക്കണമെന്ന കോര്‍പറേറ്റ് ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ കിരിത് പരേഖ് കമ്മിറ്റിയെ നിയോഗിച്ചതും അതിന്റെ ശുപാര്‍ശ അനുസരിച്ച് പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതും മന്‍മോഹന്‍സിങ്ങായിരുന്നു. ഡീസലിന്റെ കൂടി വിലനിയന്ത്രണം എടുത്തുകളയാന്‍ കഴിയാത്തതിന്റെ നിരാശയും പെട്രോള്‍-ഡീസല്‍ വിലകളിലെ അസമത്വത്തിന്റെ അഭംഗിയും മന്‍മോഹന്‍സിങ്ങ് 2010ന് ശേഷം എപ്പോഴും ചൂണ്ടിക്കാണിച്ചത് ഓര്‍ക്കുമല്ലോ.
മന്‍മോഹന്‍സിങ്ങിന്റെ നിരാശയ്ക്ക് മോഡി അറുതിവരുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയായി അഞ്ചുമാസത്തിനുള്ളില്‍ മന്‍മോഹന്റെ നടക്കാതെ പോയ സ്വപ്നം പിന്‍ഗാമിയായ മോഡി ഡീസല്‍വില നിയന്ത്രണം നീക്കിയതിലൂടെ യാഥാര്‍ഥ്യമാകുമ്പോള്‍ കോണ്‍ഗ്രസുകാരേക്കാള്‍ കൂടുതല്‍ മറ്റാരാണ് സന്തോഷിക്കുക? ശശിതരൂരിന് ഇനി മോഡിയുടെ പ്രതിപക്ഷ ബഹുമാനത്തെ വാഴ്ത്തി ഒരു ട്വീറ്റ് ആവാം. പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണങ്ങള്‍ കൊണ്ടുമാത്രം മോഡി തൃപ്തിപ്പെടുന്നില്ല. മന്‍മോഹന്‍സിങ്ങിനേക്കാള്‍ കാര്യപ്രാപ്തിയുള്ള മൂലധന കാര്യസ്ഥനാണ് താനെന്ന് മോഡിക്ക് തെളിയിക്കണമല്ലോ. രാജ്യത്തെ പാവപ്പെട്ട ജനകോടികളുടെ ജീവരക്ഷയ്ക്കാവശ്യമായ മരുന്നുകളുടെ വിലനിയന്ത്രണം നീക്കിയാണ് കുത്തകകളുടെ ഗുഡ്ബുക്കില്‍ മോഡി മന്‍മോഹനേക്കാള്‍ മുകളിലെത്തിയത്.
അധികാരമേറി നൂറുദിനംകൊണ്ട് കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടുമെന്നും കള്ളപ്പണം ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും 58 ഇഞ്ച് നെഞ്ചളവിന്റെ പേരില്‍ ആണയിട്ടതായിരുന്നല്ലോ മോഡി. കള്ളപ്പണക്കാരുടെ പട്ടികയില്‍ കാവിപ്പടയുടെ അഭ്യുദയകാംക്ഷികള്‍ ഒട്ടേറെയുണ്ടെന്ന് കണ്ടപ്പോള്‍ പെട്ടെന്ന് നെഞ്ചളവ് ചുരുങ്ങിപ്പോയ മോഡി യുപിഎ സര്‍ക്കാരിനെപ്പോലെ പേര് വെളിപ്പെടുത്താനാവില്ല എന്ന് മലക്കംമറിഞ്ഞപ്പോള്‍, ഞങ്ങള്‍ പറഞ്ഞതുതന്നെ ഇപ്പോള്‍ നിങ്ങളും പറയുന്നല്ലോ എന്ന അടക്കിപ്പിടിച്ച ആഹ്ലാദവും ആശ്വാസവും പങ്കുവയ്ക്കുകയാണ് കോണ്‍ഗ്രസ്.
കുത്തകകള്‍ക്ക് അലോസരമുണ്ടാകരുതെന്നതില്‍, അവരുടെ ലാഭത്തിന് പോറലേല്‍ക്കരുത് എന്നതില്‍ ഇരുകൂട്ടര്‍ക്കും നിതാന്ത ജാഗ്രത. നിക്ഷേപ സൗഹൃദമെന്ന പേരില്‍ മൂലധന സേവയില്‍ ഇരുവരും ഒരേ തൂവല്‍പക്ഷികള്‍. ധനകമ്മി കുറയ്ക്കല്‍, ചെലവു ചുരുക്കല്‍ എന്നിവയുടെ എല്ലാം ഭാരം വഹിക്കേണ്ടവര്‍ ജനങ്ങള്‍ തന്നെ എന്നതിലും ഇവര്‍ക്കിടയില്‍ മറ്റെല്ലാ ഭിന്നതയും മറക്കുന്ന സമവായം. ഇതിന് പറയുക വര്‍ഗതാല്‍പ്പര്യം എന്നത്രേ. ഐഎംഎഫിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാക്കളായിരുന്ന രഘുറാംരാജന്‍ മന്‍മോഹന്‍സിങ്ങിന്റെയും അരവിന്ദ് സുബ്രഹ്മണ്യം ഇപ്പോള്‍ മോഡിയുടെയും ഉപദേഷ്ടാക്കളായതിന്റെ കാരണവും സമാനമായ ഈ വര്‍ഗതാല്‍പ്പര്യമാണ്. അരവിന്ദ് സുബ്രഹ്മണ്യത്തെ മോഡി ഉപദേഷ്ടാവാക്കിയത് ഏറ്റവും മികച്ച തീരുമാനമെന്ന് സാക്ഷ്യപ്പെടുത്തിയത് പി ചിദംബരമായിരുന്നു!.
നവഉദാര സാമ്പത്തികനയങ്ങളെ കാല്‍നൂറ്റാണ്ടായി വിട്ടുവീഴ്ചയുടെ ലാഞ്ഛനയില്ലാതെ എതിര്‍ത്തുവരുന്ന, ഭരണവര്‍ഗ സമവായത്തോട് നിരന്തമായി കലഹിക്കുന്ന ഇടതുപക്ഷത്തിന്റെ വേറിട്ട ഏകസ്വരം കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഭരണവര്‍ഗ വിജയഭേരിക്കിടയില്‍ ഒരുവേള ഇടതുപക്ഷത്തിന്റെ ഈ ഏകസ്വരം മുങ്ങിപ്പോയിട്ടുണ്ടാകാമെങ്കിലും ആരവങ്ങള്‍ അടങ്ങിക്കഴിയുമ്പോള്‍ ചൂഷിതജനത ആ സ്വരം കേള്‍ക്കാന്‍ കാതുകൂര്‍പ്പിക്കുമെന്നതില്‍ സംശയം വേണ്ട. അതിനാല്‍ ഇന്ത്യയിലെ ഒരേയൊരു യഥാര്‍ഥ പ്രതിപക്ഷമായ ഇടതുപക്ഷത്തിന് ഒരു നിമിഷംപോലും നിശബ്ദരായിരിക്കാനാവില്ല.


2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ഡോ. രാധാകൃഷ്ണനെ നമുക്ക് മറക്കാം

1962 മുതല്‍ സെപ്തംബര്‍ അഞ്ച് ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിച്ചുവരികയാണ്. പത്തുവര്‍ഷക്കാലം ഇന്ത്യയുടെ വൈസ് പ്രസിഡന്റും തുടര്‍ന്ന് പ്രസിഡന്റുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം, സമുചിതമായി ആചരിക്കുന്നതിന് അനുവാദം തേടിവന്ന തന്റെ സുഹൃത്തുക്കളോടും ശിഷ്യരോടും അധ്യാപകദിനമായി ആചരിക്കുന്നതാണ് തനിക്കഭികാമ്യമെന്ന് സൂചിപ്പിച്ചതിനെതുടര്‍ന്ന്, എല്ലാവര്‍ഷവും രാജ്യം ശ്രേഷ്ഠനായ അധ്യാപകനും തത്ത്വജ്ഞാനിയും ഭരണനിപുണനും സര്‍വോപരി മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചുവരികയായിരുന്നു. ആ ദിവസം വിദ്യാര്‍ഥികളും രാഷ്ട്രവും ഒന്നടങ്കം അധ്യാപകരെ ആദരിക്കുന്നതിന് ബഹുമുഖമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍, ഇത്തവണ രാഷ്ട്രം ആ പതിവ് തെറ്റിച്ചു. അധ്യാപകര്‍ക്കുപകരം വിദ്യാര്‍ഥികള്‍ക്ക് പ്രാമുഖ്യം നല്‍കി അധ്യാപകദിനം ആചരിക്കപ്പെട്ടു. രാജ്യത്തെ ഒരുകോടിയില്‍പ്പരം വിദ്യാര്‍ഥികളുമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ നേരിട്ട് സംവദിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ ദിവസം ഉപയോഗിച്ചത്. ശിശുദിനത്തിന് കാത്തുനില്‍ക്കാതെ അധ്യാപകദിനംതന്നെ ഇതിനായി തെരഞ്ഞെടുത്തത് യാദൃച്ഛികമല്ല; മറിച്ച് മുന്‍നിശ്ചയിച്ച അജന്‍ഡപ്രകാരമാണെന്നത് അവിതര്‍ക്കിതം.
ഒരുദശാബ്ദം കഴിയുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാഷ്ട്രമായി ഇന്ത്യ മാറാന്‍പോവുകയാണ്. ഇന്നത്തെ സ്കൂള്‍വിദ്യാര്‍ഥികളാണ് ആ യുവതയെന്ന് ആര്‍ക്കാണ് അറിയാത്തത്. ഏതുവിധേനയും ഈ കുഞ്ഞുമനസ്സുകളില്‍ സ്ഥാനംപിടിക്കുകയെന്നത് സംഘപരിവാറിന്റെ താല്‍പ്പര്യമാണ്. അതിനുള്ള നിര്‍ദേശങ്ങളാണ് ഒരു വിദ്യാഭ്യാസരേഖയായിഭ"ശിക്ഷാ സംസ്കൃതി ഉദ്ധാന്‍ ന്യാസ്' എന്ന പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍കൂടിയായ ആര്‍എസ്എസ് നേതാവ് ദീനാനാഥ് ബത്ര കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. അതിന്റെ ഭാഗമായി ആദ്യംചെയ്തത് ചരിത്രഗവേഷണ കൗണ്‍സില്‍ അധ്യക്ഷനായി യല്ലപ്രഗത സുദര്‍ശനറാവുവിന്റെ നിയമനമാണ്. വിദ്യാഭ്യാസവും ചരിത്രവും സംസ്കാരവും സംഘപരിവാര്‍ വിഭാവനംചെയ്യുന്ന "ഭാരതീയ സംസ്കൃതി'ക്കനുസൃതമായി പുനര്‍നിര്‍മിക്കുക എന്ന ദൗത്യമാണ് റാവു- ബത്ര പ്രഭൃതികളില്‍ നിക്ഷിപ്തമായിട്ടുള്ളത്. ഇതിനകം വലിയ വാര്‍ത്താപ്രാധാന്യമൊന്നും നല്‍കാതെതന്നെ യുജിസിയുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള "സമിതികളെ' ചുമതലപ്പെടുത്തിക്കഴിഞ്ഞു. സമിതിയുടെ തലവന്‍, കഴിഞ്ഞ എന്‍ഡിഎ ഭരണകാലത്ത് യുജിസി ചെയര്‍മാനായിരുന്നുകൊണ്ട് കര്‍മകാണ്ഡവും ജ്യോതിഷവും കോളേജ്/സര്‍വകലാശാലകളില്‍ ആരംഭിക്കാന്‍ ഉത്തരവിട്ട മഹാനാണ്. 1986ലെ ദേശീയ വിദ്യാഭ്യാസനയത്തിനുശേഷം ഇന്ത്യക്കൊരു വിദ്യാഭ്യാസനയമില്ലെന്നത് മോഡിസര്‍ക്കാരിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. രാമായണവും മഹാഭാരതവുമൊക്കെ ചരിത്രപാഠപുസ്തകങ്ങളാക്കാന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നു. വകുപ്പുമന്ത്രി സ്മൃതി ഇറാനിയും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങും ഭാരതീയ സംസ്കാരത്തിലും മൂല്യങ്ങളിലും ഊന്നിയുള്ള "പുതിയ വിദ്യാഭ്യാസനയം'രൂപീകരിക്കുമെന്ന സൂചന പാര്‍ലിമെന്റിനകത്തും പുറത്തും പലവുരു പ്രസ്താവിച്ചു. 

വളര്‍ന്നുവരുന്ന യുവതലമുറയെ "ഭാരതവല്‍ക്കരിക്കുന്നതിനും ആത്മീയവല്‍ക്കരിക്കുന്നതിനും ദേശീയവല്‍ക്കരിക്കുന്നതിനും' വേണ്ടി ഭാരതകേന്ദ്രിത വിദ്യാഭ്യാസനയത്തിന് സംഘപരിവാര്‍ രൂപംനല്‍കിക്കഴിഞ്ഞു. രാജ്യത്താകെ വ്യാപിച്ചുകിടക്കുന്ന കാല്‍ലക്ഷത്തോളം ശിശുമന്ദിര്‍ വിദ്യാഭാരതി സ്ഥാപനങ്ങള്‍ ഈ നയം നടപ്പാക്കുന്നതില്‍ അനൗപചാരികനേതൃത്വം വഹിക്കും.മോഡിസര്‍ക്കാര്‍ അധികാരമേറ്റശേഷം യുജിസി, എന്‍സിഇആര്‍ടിപോലുള്ള സ്ഥാപനങ്ങളുടെ തലവന്മാരാരും വിദ്യാഭ്യാസമേഖലയെക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എല്ലാം "വികസന നായകനി'ലൂടെയാണ് ലോകം അറിയുന്നത്. ആഗസ്ത് 15ന്റെ ചെങ്കോട്ടയിലെ പ്രസംഗമായാലും സെപ്തംബര്‍ അഞ്ചിന്റെ വിദ്യാര്‍ഥിസംവാദമായാലും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം അനുസ്മരിച്ചുകൊണ്ട് 11ന് നടത്തിയ പ്രസ്താവനയായാലും ഏറ്റവും അവസാനം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗമായാലും, അവയ്ക്കെല്ലാം പിന്നില്‍ ഒരു കുസൃതിച്ചിരി ഒളിഞ്ഞിരിക്കുന്നത് നമുക്ക് കാണാം. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്താകമാനം തദ്ദേശീയമായ രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തില്‍ ചിട്ടയോടും അവധാനതയോടും ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ധര്‍മജാഗരണ്‍ സമിതിയുടെയും മറ്റും നേതൃത്വത്തില്‍ ഘര്‍ വാപസീ, ശുദ്ധീകരണ്‍, ബേട്ടീ ബച്ചാവോ, ബഹിന്‍/ബഹൂ ബച്ചാവോ, കന്യാ ബച്ചാവോ, മാം ബച്ചാവോ, ഗാം ബച്ചാവോ തുടങ്ങി എത്രയെത്ര "ഹിന്ദുത്വവല്‍ക്കരണ'പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് വിവേകാനന്ദന്റെ സാഹോദര്യത്തെ ഉദ്ഘോഷിക്കുകയും മറുഭാഗത്ത് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും മതവൈരവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ച് പ്രാമാണികഗ്രന്ഥമായ "വിചാരധാര'യിലെ അജന്‍ഡ കൃത്യമായി നടപ്പാക്കുകയുമാണ് ഇക്കൂട്ടര്‍.
അധ്യാപകനെ മറന്ന അധ്യാപകദിനം ഡോ. രാധാകൃഷ്ണന്റെ ജന്മദിനത്തില്‍ പതിവുപോലെ അധ്യാപകരെ ആദരിക്കുകയും അവരുടെ സേവനങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നതിനുപകരം രാജ്യത്തെ വിദ്യാര്‍ഥികളുമായി നിര്‍ബന്ധിത വീഡിയോസംവാദത്തിന് ഉത്തരവിറക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിതപങ്കാളിത്തം ഒഴിവാക്കി ഉത്തരവിറക്കിയെങ്കിലും വിനീതവിധേയരായ വിദ്യാലയാധികൃതര്‍ ആദ്യനിര്‍ദേശം ഭംഗിയായി നടപ്പാക്കി. തങ്ങളുദ്ദേശിച്ച ലക്ഷ്യം കൈവരിച്ചോയെന്ന് അറിയാന്‍ അതിന്റെ പ്രതിപ്രദാനം ശേഖരിക്കുകയാണ് സര്‍ക്കാര്‍. വരുംനാളുകളിലും ഇത്തരം പ്രോഗ്രാമുകള്‍ നടത്തണമെന്നാണ് സംഘപരിവാര്‍ നിര്‍ദേശം. കോടിയില്‍പ്പരം വിദ്യാര്‍ഥികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാന്‍ രണ്ടുമണിക്കൂര്‍ നീണ്ട മോഡിയുടെ "പ്രകടന'ത്തിന്‍ സാധിച്ചു എന്നവര്‍ വിലയിരുത്തുന്നു. താന്‍ "പ്രൈംമിനിസ്റ്റര്‍'അല്ലെന്നും "പ്രൈം സെര്‍വന്റ്' ആണെന്നും ഹെഡ്മാസ്റ്റര്‍ അല്ല "ടാസ്ക് മാസ്റ്റര്‍' ആണെന്നുമുള്ള മോഡിയുടെ ആമുഖം ആരിലും ആരാധന ജനിപ്പിക്കും. വെറുതെയാണോ മെട്രോസ്റ്റാര്‍മുതല്‍ സൂപ്പര്‍സ്റ്റാര്‍ വരെയുള്ളവര്‍ മോഡിയുടെ അപദാനങ്ങളെ വാഴ്ത്താന്‍ ഇറങ്ങിപ്പുറപ്പെട്ടത്!.
കുട്ടികളുമായി സംസാരിക്കുമ്പോള്‍ തന്നിലെ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുകയും ഊര്‍ജം വര്‍ധിക്കുകയും ചെയ്യുന്നു എന്നുപറഞ്ഞ മോഡി, തമാശ പൊട്ടിച്ചും പഴമൊഴികള്‍ പറഞ്ഞും ഉപദേശങ്ങള്‍ നല്‍കിയും കുട്ടികളെയും അധ്യാപകരെയും ഒരുപോലെ കൈയിലെടുത്തു. ഇത്തരം വേദികളില്‍ സെന്‍സര്‍ ചെയ്യപ്പെട്ട ചോദ്യങ്ങളേ ചോദിക്കാന്‍ സാധിക്കൂ. എന്നിരുന്നാലും ഒന്നുരണ്ട് ചോദ്യങ്ങളെങ്കിലും ഉത്തരംമുട്ടിക്കുന്നതായിരുന്നു. പ്രധാനമന്ത്രിയാകാനുള്ള മാര്‍ഗമന്വേഷിച്ച കുട്ടിയോട്, 2024 വരെ കാത്തിരിക്കാനുള്ള മറുപടി പത്തുവര്‍ഷക്കാലത്തേക്ക് താന്‍തന്നെ ആയിരിക്കും പ്രധാനമന്ത്രിയെന്ന സൂചന നല്‍കുന്നു. രാഷ്ട്രീയം സേവനമാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ തന്റെ കുടുംബാംഗങ്ങളാണെന്നും അവരുടെ സുഖദുഃഖങ്ങള്‍ തന്റെ സുഖദുഃഖങ്ങളാണെന്നുമുള്ള മറുപടി, ഗുജറാത്തിന്റെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ല.അഭിനവ നരേന്ദ്രന്‍ മുമ്പ് ഭാരതത്തിന്റെ കിഴക്കുഭാഗത്ത് ജന്മംകൊണ്ട നരേന്ദ്രന്‍ (സ്വാമി വിവേകാനന്ദന്‍) ദരിദ്രരില്ലാത്ത സമ്പന്നഭാരതം സ്വപ്നംകണ്ടു; ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പടിഞ്ഞാറുഭാഗത്ത് മറ്റൊരു നരേന്ദ്രന്‍ ജന്മംകൊണ്ടിരിക്കുന്നു എന്ന സംഘപരിവാര്‍ പ്രചാരണം കുറിക്കുതന്നെ കൊണ്ടു. 31 ശതമാനം വോട്ടേ ലഭിച്ചുള്ളൂവെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടി. തൊണ്ണൂറുകളുടെ അവസാനംവരെ അദൈ്വതാചാര്യനായിരുന്ന ശങ്കരാചാര്യരെ ഉയര്‍ത്തിക്കാട്ടിയിരുന്ന സംഘപരിവാര്‍, വിവേകാനന്ദനിലേക്ക് ചുവടുമാറ്റിയത് ഹിന്ദുത്വ അജന്‍ഡ മുന്നില്‍ കണ്ടായിരുന്നു. വിവേകാനന്ദന്റെ "ഹിന്ദു' പദപ്രയോഗത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് അദ്ദേഹത്തെ ഹൈന്ദവനേതാവായി ഉയര്‍ത്തിക്കാട്ടിയത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 11ന് വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം അനുസ്മരിച്ചുകൊണ്ട്, വിവേകാനന്ദസന്ദേശം ലോകജനത ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ (9/11) പോലുള്ള ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നു പറഞ്ഞ നരേന്ദ്രമോഡിയുടെ കാപട്യം ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലൂടെ ലോകം മുഴുവന്‍ തന്റെ കുടുംബമാണെന്ന (വസുധൈവ കുടുംബകം) പ്രഖ്യാപനവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സത്യസന്ധതയോടെയല്ല. ബിജെപി അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നൂറുകണക്കിന് ഏകപക്ഷീയവും ആസൂത്രിതവുമായ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ബഹുമുഖകാരണങ്ങളാല്‍ ദശാബ്ദങ്ങള്‍ക്കുമുമ്പ് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ "നിര്‍ബന്ധിത ശുദ്ധികലശ'ത്തിലൂടെ തിരിച്ചുകൊണ്ടുവരികയും അവരുടെ പള്ളികള്‍ അമ്പലങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ത്രിശൂലം പ്രയോഗിച്ച ഇക്കൂട്ടര്‍ അവരെ സാമൂഹികമായി ബഹിഷ്കരിക്കാനുള്ള കല്‍പ്പന നല്‍കുന്നു. "ഭാരതം എന്റെ നാടാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്'എന്ന ഭാരതത്തിന്റെ സന്ദേശംപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇവര്‍, അമേരിക്കയില്‍ പോയി നമ്മുടെ പൂര്‍വികരായ ഋഷിവര്യന്മാര്‍ പറഞ്ഞുവച്ച ഉപനിഷത് വാക്യങ്ങളും ശാന്തിമന്ത്രങ്ങളും ഉരുവിട്ട് "വസുധൈവ കുടുംബക'മെന്നും "സര്‍വേ ഭദ്രാണി പശ്യന്തു' എന്നുമൊക്കെ പ്രോത്ഘോഷിക്കുന്നത് ആ മഹര്‍ഷിവര്യന്മാരെ അപമാനിക്കുന്നതിനുതുല്യമാണ്. ആചാര്യന്മാരെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്
ഗുരുക്കന്മാരെ ആദരിക്കാന്‍ അധ്യാപകദിനം "ഗുരുത്സവ'മായി ആചരിക്കാന്‍ ആഹ്വാനംചെയ്ത മോഡിസര്‍ക്കാരിന്റെ അനുയായികള്‍ തൊട്ടടുത്ത ആഴ്ച "വിക്രം സര്‍വകലാശാല'യിലെ ഉപകുലപതിയെ "ആദരിച്ചത്' ആര്‍ക്കാണ് മറക്കാന്‍ കഴിയുക. വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്ടപ്പെട്ട ജമ്മു കശ്മീര്‍ ജനതയെ സഹായിക്കാന്‍ വൈസ് ചാന്‍സലര്‍ ജവഹര്‍ലാല്‍ കൗള്‍ തന്റെ വിദ്യാര്‍ഥികളോട് നടത്തിയ അഭ്യര്‍ഥനയില്‍ പ്രകുപിതരായ വിശ്വഹിന്ദു/ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കടന്നാക്രമിക്കുകയും ഓഫീസ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. 2006ല്‍ ഇതേ സര്‍വകലാശാലയുടെ കീഴിലുള്ള ഉജ്ജയിന്‍ മാധവ് കോളേജിലെ പോളിറ്റിക്സ് പ്രൊഫ. എച്ച് എസ് സബര്‍വാളിനെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുവേളയില്‍ എബിവിപി പ്രവര്‍ത്തകര്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്ന ലാഘവത്തോടെ തല്ലിക്കൊല്ലുന്ന കാഴ്ച നാം ടിവിയില്‍ക്കൂടി കണ്ടതാണ്. ദൃക്സാക്ഷികളാരും സാക്ഷിപറയാന്‍ പോകാതിരുന്നതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയുണ്ടായില്ല. ഇങ്ങനെ എത്രയെത്ര "ഗുരുസേവ'യാണ് സംഘപരിവാറും കൂട്ടരും നടത്തിയത്. ഒരു ഭാഗത്ത് ആചാര്യന്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കുസമാനമാണെന്ന് പറയുക, മറുഭാഗത്ത് അവരെ സബര്‍വാള്‍മാരെ ക്രൂശിച്ചതുപോലെ ക്രൂശിക്കുക; ഇത് എത്രമാത്രം സംഗതമാണെന്ന് സംഘപരിവാറും കൂട്ടരും പര്യാലോചിക്കുന്നത് നന്നായിരിക്കും. ഹിന്ദു ആചാര്യനെ ആദരിക്കുകയും ഹൈന്ദവേതര ആചാര്യന്മാരെ അനാദരിക്കുകയും ചെയ്യുന്ന പ്രവണത ആശാസ്യമല്ല. നിഷ്കളങ്കരായ കുട്ടികളുടെ മനസ്സില്‍ ചേക്കേറാനുള്ള മോഡിയുടെ തന്ത്രം കൊള്ളാം; എന്നാല്‍, അച്ഛസ്ഫടികംപോലെ നിര്‍മലമായ അവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാതിരിക്കുക.

2014, ഒക്‌ടോബർ 14, ചൊവ്വാഴ്ച

മാർക്സിന്റെ ഇസ്ലാം വായന



ഹുസൈന്‍ രണ്ടത്താണി




സ്ലാം മതത്തെക്കുറിച്ചും മുസ്ലിങ്ങളെക്കുറിച്ചും കാള്‍ മാര്‍ക്സ് പരാമര്‍ശിച്ച കാര്യങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടാവണം മാര്‍ക്സ് ഈ മതത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന് പലരും എഴുതിയത്. തന്റെ അവലോകനങ്ങളില്‍ മതം ഒരു വിഷയമല്ലാത്തതുകൊണ്ട് മാര്‍ക്സ് അവയെക്കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. മതം സാമ്രാജ്യ ത്വത്തിനെതിരു നില്ക്കുമ്പോള്‍ അതിനെ വാഴ്ത്തുകയും സാമ്രാജ്യത്വത്തോട് ചേര്‍ന്നു നില്ക്കുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് മാര്‍ക്സും എംഗല്‍സും സ്വീകരിച്ചു കാണുന്നത്.  
താന്‍ മുന്നോട്ടു വച്ച സോഷ്യലിസ്റ്റ് സമൂഹത്തിനെതിരെ സമകാല ക്രിസ്തുമത പൗരോഹിത്യം കാണിച്ച മനോഭാവത്തെ മാര്‍ക്സ് നന്നായി എതിര്‍ക്കുന്നുണ്ട്. 

മതക്കാര്‍ അവരുടെ സായൂജ്യവും സമാധാനവും മറ്റുള്ളവരെ ഏല്പിക്കുകയാണെന്നും അക്കാരണത്താല്‍ അത് വേദന സംഹാരിയായി (opium) മാത്രം മാറുകയാണെന്നും, യഥാര്‍ഥ പ്രശ്നങ്ങളെ മതം സമീപിക്കു ന്നില്ലെന്നും അദ്ദേഹം ആദ്യ കാലങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഓപിയം എന്ന വാക്കിന് മയക്കു മരുന്ന് എന്നര്‍ഥം നല്കുക വഴി മാര്‍ക്സിന്റെ വിശകലനത്തെ ദുര്‍വ്യാഖ്യാനിക്കുകയാണ് പലരും ചെയ്തത്. 


യഹൂദ ക്രൈസ്തവ പുരോഹിതന്മാര്‍ വേദന സംഹാരിയായി ഓപിയം നല്കുന്ന പതിവ് മധ്യകാലത്തുണ്ടായിരുന്നു. അത് ശരിയായ പരിഹാരമല്ലെന്ന അര്‍ഥത്തിലാണ് മാര്‍ക്സ് ആ പദം ഉപയോഗിച്ചത്. ചര്‍ച്ച് മുതലാളിത്ത ത്തോടൊപ്പം ചേര്‍ന്ന് പാവപ്പെട്ടവനെ വഞ്ചിക്കുകയും അവരെ ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു. തന്റെ ആശ്വാസങ്ങള്‍ക്ക് താന്‍ തന്നെ പരിഹാരം കാണുന്നതിനു പകരം അക്കാര്യം മറ്റുള്ളവരെ ഏല്പിച്ച് കഷ്ടപ്പാടനുഭവിക്കുകയാണ് മതത്തിന്റെ പേരില്‍ നടക്കുന്നതെന്നും അത് ചൂഷണമാണെന്നും മാര്‍ക്സ് പ്രസ്താവിച്ചു. അല്ലാതെ മതത്തിന്റെ യഥാര്‍ഥ അവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തില്ലെന്നു മാത്രമല്ല മുതലാളിത്ത ചൂഷണത്തിനെതിരെ മതങ്ങള്‍ നില കൊണ്ടപ്പോഴെല്ലാം അവരുമായി സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 

മതത്തെക്കുറിച്ച് കൂടുതലൊന്നും അദ്ദേഹം ചര്‍ച്ച ചെയ്യുന്നുമില്ല. കാരണം മതമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. എല്ലാ കഷ്ടപ്പാടുകള്‍ക്കും പരലോകത്ത് പുണ്യം ലഭിക്കുമെന്നും അതിനാല്‍ ഈ ലോകത്തെ കഷ്ടപ്പാടുകള്‍ സഹിച്ചു കൊള്ളണമെന്നുമുള്ള പൗരോഹിത്യ നിലപാടിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അത് മുതലാളിത്തത്തെ സഹായിക്കാനുള്ളതാണ്. കഷ്ടപ്പാടുകള്‍ മാറ്റാന്‍ മനുഷ്യന്‍ സ്വയം തയ്യാറാവുകയാണ് വേണ്ടത്. മുതലാളിത്തത്തിനു കീഴില്‍ മതം വേദന സംഹാരിയാണെന്നും യഥാര്‍ഥ കഷ്ടപ്പാടുകളെ തല്ക്കാല മരുന്നുകൊണ്ട് ചികിത്സിച്ചതുകൊണ്ട് സ്ഥായിയായ ഫലം കാണാന്‍ കഴില്ലെന്നും മാര്‍ക്സ് കരുതുന്നു.

മതത്തിന്റെ പേരിലുള്ള മായാ മോഹങ്ങളെ (illusions)മാര്‍ക്സ് അംഗീകരിക്കുന്നില്ല. അവ യാഥാര്‍ഥ്യ ങ്ങളില്‍നിന്ന് മനുഷ്യനെ ദൂരത്താക്കും (alienation). എന്നുവച്ച് മതത്തിന്റെ സാംഗത്യത്തെ അദ്ദേഹം തള്ളുന്നില്ല: മതപരമായ കഷ്ടപ്പാട് യഥാര്‍ഥ കഷ്ടപ്പാടിന്റെ പ്രതിഫലനം തന്നെയാണ്. യഥാര്‍ഥ കഷ്ടപ്പാടിനെതിരെയുള്ള പ്രതിരോധം കൂടിയാണത്. അടിച്ചമര്‍ത്തപ്പെട്ട ജീവികളുടെ ആശ്വാസമാണത്. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്. ആത്മാവില്ലാത്ത ആവസ്ഥയുടെ ആത്മാവെന്നപോലെ അത് ജനങ്ങളുടെ വേദന സംഹാരിയാണ് (opium).

1 മതം മേല്‍പറഞ്ഞതു പോലെയൊ ക്കെയാണെങ്കിലും അത് കഷ്ടപ്പാടുകളെ മയക്കാനുള്ള ഒരു വേദന സംഹാരിയായി മാറിയിരിക്കുന്നുവെന്നാണ് മാര്‍ക്സ് പറയുന്നത്. മാര്‍ക്സിന്റെ വരികളെ വെട്ടിയും മുറിച്ചും പ്രയോഗിച്ചാണ് മാര്‍ക്സിയന്‍ വിരുദ്ധര്‍ വിശ്വാസികളെ പറ്റിക്കാന്‍ ശ്രമിച്ചത്. യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടി പാവപ്പെട്ടവന് സ്വര്‍ഗം വാഗ്ദാനം ചെയ്ത് അവനോട് ചൂഷണം സഹിക്കാന്‍ പറയുന്ന കള്ള സാന്ത്വനങ്ങളെ യഥാര്‍ഥ മതമോ മാര്‍ക്സോ അംഗീകരിക്കുന്നില്ല. ഹെഗല്‍ ചെയ്തതുപോലെ ആശയങ്ങളുടെ അധ്യാത്മികതയെ മാര്‍ക്സ് അംഗീകരിക്കുന്നില്ല; മറിച്ച് ആശയങ്ങള്‍ ഭൗതിക സമസ്യകളുടെ പ്രതിഫലന മാണെന്ന് അദ്ദേഹം സമര്‍ഥി ക്കുന്നു. ജനങ്ങളുടെ യഥാര്‍ഥ സന്തോഷങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സാങ്കല്പിക സന്തോഷം നല്കുന്ന മതങ്ങളുടെ നിലപാടുകളെ ഇല്ലാതാക്കണം. അവരുടെ അവസ്ഥകളെ ക്കുറിച്ചുള്ള സാങ്കല്പികതകളെ ഇല്ലാതാക്കണമെന്ന് പറയുമ്പോള്‍ സാങ്കല്പികതയിലേക്ക് നയിക്കുന്ന അവസ്ഥകളെ ഇല്ലാതാക്കുകയാണ്. മതത്തെ വിമര്‍ശിക്കുകയെന്നത് ചുരുക്കത്തില്‍ മതത്തിന്റെ പരിവേഷമണിഞ്ഞ ആ കണ്ണീരിന്റെ താഴ്വരയെ വിമര്‍ശിക്കലാണ്.

2 അതേ സമയം മതങ്ങളുടെ സത്തയെ മാര്‍ക്സ് നിരാകരിക്കുന്നില്ല: മതങ്ങളുടെ വിശേഷിച്ചും ക്രിസ്തുമതത്തിന്റെ വസ്തുനിഷ്ഠമായ സത്ത മാനുഷിക സത്തയല്ലാതെ മറ്റൊന്നുമല്ല. പ്രത്യേകിച്ചും ക്രിസ്തുമത വിചാരങ്ങള്‍- ദൈവ ശാസ്ത്രത്തിന്റെ രഹസ്യം- അതിനാല്‍ നരവംശപഠനം തന്നെയാണ്.



3 മതം, കുടുംബം, സ്റ്റേറ്റ്, നിയമം, സദാചാരം, ശാസ്ത്രം, കല എന്നിവയെല്ലാം മനഷ്യന്റെ ഉല്പന്നങ്ങളാ (production)ണെന്ന് മാര്‍ക്സ് വിശ്വസിക്കുന്നു. മതം മനുഷ്യ നെ ഉണ്ടാക്കുകയല്ല; മറിച്ച് മനുഷ്യന്‍ മതത്തെ ഉണ്ടാക്കുക യാണ്. മനുഷ്യന്‍ സ്വയം കണ്ടെത്തുകയോ സ്വയം നഷ്ടപ്പെടുകയോ ചെയ്യുന്ന കാലത്തോളം മതം തീര്‍ച്ചയായും മനുഷ്യന്റെ ആത്മബോധവും മനസാക്ഷി യും തന്നെയാണ്. സ്റ്റേറ്റും സമൂഹവുമാണ് ഈ മതത്തെ സൃഷ്ടിച്ചത്. അത് ലോകത്തിന്റെ തല തിരിച്ചിട്ട ബോധമാണ്. കാരണം അവ തല കീഴ്പോട്ടായ ലോകമാണ്. അതേസമയം മതം യഥാര്‍ഥത്തില്‍ പൊതു സിദ്ധാന്തമാണ്; വിശ്വ വിജ്ഞാന സംക്ഷിപ്ത രൂപമാണ്. മാനവ രൂപത്തിലുള്ള അതിന്റെ ന്യായവും, ബഹുമതിയും, ഉത്സാഹവും, നിയമങ്ങളും, പാവനമായ പാരിതോഷികവും അവയുടെ ന്യായങ്ങളുടെയും സാന്ത്വനങ്ങളുടെയും ആഗോളമായ അടിത്തറയും എല്ലാം ഇതിന്റെ ഭാഗം തന്നെയാണ്. മാനവ സത്ത ശരിയായ യാഥാര്‍ഥ്യം പ്രാപിക്കുംവരെ മതം മാനവികതയുടെ വിസ്മയാവഹമായ സാക്ഷാത്കാരമാണ്.

4 മതങ്ങളെപ്പോലെ തന്നെ ഒരു യാഥാര്‍ഥ്യ ലോകത്തെപ്പറ്റി മാര്‍ക്സും പറയുന്നുണ്ട്. ആ ലോകം നേടാന്‍ ഇവിടെ സമരം അനിവാര്യമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. മനുഷ്യനെ മടിയനാക്കുന്ന ആത്മീയതയുടെ ലോകത്തെ എതിര്‍ക്കലാണ് മതത്തെ എതിര്‍ക്കുന്നതിന്റെ പരോക്ഷമായ ഉദ്ദേശ്യമെന്നും അദ്ദേഹം പറയുന്നുണ്ട്. പൗരോഹിത്യം ശരിക്കും സാധാരണക്കാരെ തെറ്റായ ആത്മീയതയില്‍ തളച്ചിട്ട് മടിയന്മാരാക്കുകയായിരുന്നു. ഇക്കാരണത്താലാണ് ഇസ്ലാം മതം പൗരോഹിത്യത്തെ ശക്തമായി എതിര്‍ക്കുന്നത്.യഹൂദരും ക്രിസ്തീയരുമായ പുരോഹിതന്മാരില്‍ അധിക പേരും ജനങ്ങളുടെ സ്വത്ത് അന്യായമായി ഭക്ഷിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു. അവര്‍ സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചുവരികയും ദൈവമാര്‍ഗത്തില്‍ അവ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നു. അവര്‍ക്ക് തീര്‍ച്ചയായും വേദനാ ജനകമായ ശിക്ഷയുണ്ട. 


5 പക്ഷേ, ഇസ്ലാം മതക്കാരില്‍ ഒരു വിഭാഗം പില്ക്കാലത്ത് പൗരോഹിത്യം ചമഞ്ഞ് മുതലാളിത്തത്തെ സഹായിക്കാന്‍ ഒരുങ്ങി. ചുരുക്കത്തില്‍ മുതലാളിത്തത്തിന് സൗകര്യം ചെയ്തുകൊടുക്കുന്ന ആത്മീയതയേയും പൗരോഹിത്യത്തേയുമാണ് മാര്‍ക്സ് എതിര്‍ക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പ്രസ്താവങ്ങളില്‍നിന്ന് വ്യക്തമാണ്. പൗരോഹിത്യം അധ്വാനിക്കുന്നവനെ മുതലാളിത്തത്തിന് അടിമപ്പെടുത്തിക്കൊടുക്കുന്നു എന്നതാണ് മാര്‍ക്സിന്റെ വിമര്‍ശനത്തിന്റെ കാതല്‍. എന്നാല്‍ മതമാവട്ടെ, അടിസ്ഥാനപരമായി അധ്വാനിക്കുന്നവനോടൊപ്പമാണുതാനും.  
 മാര്‍ക്സ് ആദ്യ കാലങ്ങളില്‍ മതത്തെപ്പറ്റി കൂടുതലൊന്നും പരാമര്‍ശിക്കുന്നില്ല. അതേ സമയം തന്റെ സഹചാരിയായ എംഗല്‍സ് ക്രിസ്തുമതത്തെയും ഇസ്ലാമിനെയും കുറിച്ച് വിശദമായി ത്തന്നെ പ്രതിപാദിക്കുന്നു. ക്രിസ്തുമതം അടിസ്ഥാനപരമായി പാവപ്പെട്ടവരുടെ ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മതമാണെന്ന് എംഗല്‍സ് പറയുന്നു: ആദ്യകാല ക്രിസ്തുമതത്തിന് തൊഴിലാളി പ്രസ്ഥാനവുമായി സാമീപ്യം ദര്‍ശിക്കാനാവും. തൊഴിലാളി പ്രസ്ഥാനത്തെപ്പോലെ യഥാര്‍ഥ ക്രിസ്തുമതം അടിച്ചമര്‍ത്ത പ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രസ്ഥാനമായിരുന്നു. അത് ആദ്യം പ്രത്യക്ഷപ്പെട്ടത് അടിമകളുടെയും സ്വതന്ത്രരാക്കപ്പെട്ടവരുടെയും പ്രസ്ഥാനമായാണ്. അവകാശങ്ങള്‍ നിഷേധിച്ച പാവപ്പെട്ടവരുടെ പ്രസ്ഥാനമായാണ്. റോമിലെ കീഴടക്കപ്പെട്ടവരുടെയോ അവഗണിക്കപ്പെട്ടവരുടെയോ പ്രസ്ഥാനമായാണ്. അടിമത്തത്തില്‍നിന്നും അടിച്ചമര്‍ത്തലില്‍നിന്നുമുള്ള മോക്ഷമാണ് രണ്ടു പ്രസ്ഥാനങ്ങളും പ്രബോധനം ചെയ്യുന്നത്. ക്രിസ്തുമതം മോക്ഷം പരലോകത്തെ സന്തോഷത്തിലും തൊഴിലാളി പ്രസ്ഥാനം സാമൂഹിക മാറ്റത്തിലൂടെ ഈ ലോകത്തെ സന്തോഷത്തിലുമാണ് മനുഷ്യരെ എത്തിക്കുന്നത്. രണ്ട് പ്രസ്ഥാനങ്ങളും അക്രമങ്ങളനുഭവിച്ചു. ഇരകളാക്കപ്പെട്ടു. രണ്ടു വിഭാഗവും വെറുക്കപ്പെട്ടവരായിട്ടുണ്ട്. പ്രത്യേക നിയമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ക്രിസ്തീയര്‍ മനുഷ്യവംശത്തിന്റെ ശത്രുക്കളാക്കപ്പെട്ടു. തൊഴിലാളി പ്രസ്ഥാനമാവട്ടെ, സ്റ്റേറ്റിന്റെയും മതത്തിന്റെയും കുടുംബത്തിന്റെയും സമൂഹക്രമത്തിന്റെയും ശത്രുക്കളാക്കപ്പെട്ടു.

6 ആദ്യകാല ക്രിസ്തുമതത്തില്‍ സോഷ്യലിസത്തിന്റെ ആദ്യ രൂപം കാണുന്നുവെന്നും എംഗല്‍സ് പറഞ്ഞു. ക്രിസ്തുമതത്തിന്റെ ആദ്യകാല അനുയായികള്‍ അടിച്ചമര്‍ത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനങ്ങളായിരുന്നു. മതത്തിന് മഹത്തായ തത്ത്വങ്ങളുണ്ടെങ്കിലും അത് മര്‍ദകരോടൊപ്പമാണ് നില കൊള്ളുന്നത്. യേശു സാധുക്കളെ സംരക്ഷിക്കണമെന്ന് പറഞ്ഞു. പക്ഷേ സഭ റോമന്‍ മര്‍ദക ഭരണത്തോ ടൊപ്പമായിരുന്നു. നൂറ്റാണ്ടുകളോളം അത് അടിമത്തത്തെ സഹായിച്ചു. മധ്യകാലത്ത് കത്തോലിക്കാ സഭ സ്വര്‍ഗത്തെക്കുറിച്ച് പറഞ്ഞു. പക്ഷേ കണക്കറ്റ സ്വത്ത് അവര്‍ വാരിക്കൂട്ടുകയും ചെയ്തു. ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞു. പക്ഷേ അദ്ദേഹം പോരാളികളായ കര്‍ഷകരെ തുണയ്ക്കാതെ പ്രമാണിമാരായ രാജാക്കന്മാരെ സഹായിച്ചു. സമൂഹത്തിലെ ഭൗതികവും സാമ്പത്തികവുമായ യാഥാര്‍ഥ്യങ്ങളെ ആശ്രയിച്ചുകൊ ണ്ടുള്ള സാമൂഹിക സ്ഥാപനമാണ് മതം. മതത്തിന്റെ ലോകം യഥാര്‍ഥ ലോകത്തിന്റെ പ്രതിഫലനമാണ്. ഇങ്ങനെയൊക്കെയാണ് മാര്‍ക്സിയന്‍ വീക്ഷണം.ജര്‍മനിയിലെ യഹൂദന്മാര്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് വിരല്‍ചൂണ്ടി മാര്‍ക്സ് പറഞ്ഞത് എല്ലാ മതക്കാരും അവരുടെ മതത്തിന്റെ രാഷ്ട്രീയ മേധാവിത്തത്തിനെതിരെ പോരാടണമെന്നാണ്. പൊതു നിയമങ്ങളില്‍നിന്ന് മതത്തെ മാറ്റി അതിനെ സ്വകാര്യമാക്കുമ്പോഴാണ് മതത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് മതവിശ്വാസി രക്ഷപ്പെടുക. സ്റ്റേറ്റിന് മതം ആവേശമല്ല. മതം അവനെ സമൂഹത്തില്‍ നിന്ന് വേര്‍പെടുത്തുകയാണ്. കാത്തലിക് ചര്‍ച്ചിന്റെ പാവയാവുകയാണ് മതവും നിയമവുമെല്ലാം. ക്രിസ്തു മതത്തിന്റെ മാനവിക അടിത്തറയാണ് നില നില്ക്കേണ്ടത്. മാനുഷിക വികാസത്തിന്റെ ആശയ രൂപ മാണ് മതം എന്നും മാര്‍ക്സ് വിലയിരുത്തുന്നു. തങ്ങളുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നു എന്ന കാരണത്താ ലാണ് മാര്‍ക്സിസം മതത്തെ ഇല്ലാതാക്കുന്നേ എന്ന് പൗരോഹിത്യം മുറവിളി കൂട്ടിയത്. അതേ സമയം യുക്തിവാദികളും നിരീശ്വരവാദികളും മതങ്ങളെ ഇല്ലായ്മ ചെയ്യലാണ് മാര്‍ക്സിന്റെ ലക്ഷ്യമെന്ന് പ്രചരിപ്പിക്കുകയും തങ്ങളുടെ നാസ്തികത്വം ശക്തിപ്പെടുത്താന്‍ മാര്‍ക്സിനെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ പലരാലും മാര്‍ക്സിന്റെ മത വീക്ഷണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അതോടൊപ്പം അടിസ്ഥാന രേഖകളെ ഇവര്‍ ആശ്രയിച്ചതുമില്ല. എംഗല്‍സ് പറയുകയാണ്: ചില യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റുകള്‍ പറഞ്ഞത് ദൈവത്തില്‍ വിശ്വസിക്കുന്നത് സോഷ്യലിസ ത്തിന് എതിരാണ് എന്നാണ്. എന്നാല്‍ കന്യാമറിയത്തിലുള്ള വിശ്വാസം വേറെയാണ്. ഓരോ മാന്യനായ സോഷ്യലിസ്റ്റും അവരില്‍ വിശ്വസിക്കും.

7 സ്റ്റേറ്റില്‍ നിന്ന് ചര്‍ച്ചിനെ വേര്‍തിരിക്കണമെന്ന് വാദിക്കുന്ന എംഗല്‍സ് പറയുന്നത് മത സമുദായങ്ങളെ ""അവരുടെ തന്നെ ഫണ്ടുപയോഗിച്ച് സ്കൂളുകള്‍ നടത്തുന്നതില്‍നിന്നും അവയില്‍ അവരുടെ അസംബന്ധങ്ങള്‍ പഠിപ്പിക്കുന്നതില്‍നിന്നും തടയേണ്ടതില്ലാ'

'8 എന്നാണ്.മതങ്ങളെ ഒരു ഭാഗത്തും കമ്യൂണിസത്തെ മറ്റൊരു ഭാഗത്തും നിര്‍ത്തി വിശകലനം ചെയ്യുന്നതു തന്നെ അശാസ്ത്രീയമാണ്. മതവും കമ്യൂണിസവും തമ്മിലുള്ളതുപോലുള്ള വൈരുധ്യാത്മക ദര്‍ശന ഭിന്നതകള്‍ മതങ്ങളിലുമുണ്ട്. ഹിന്ദുമതം പരദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ തികച്ചും വൈരുധ്യാത്മക നിലപാടാണ് ഏകദൈവ മതമായ ഇസ്ലാം സ്വീകരിക്കുന്നത്. അതിനാല്‍ എല്ലാറ്റിനേയും വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്രങ്ങളായി തന്നെ കാണണം. ഓരോന്നിനും ഓരോ വഴിയുണ്ട്. ആ വഴിയോരോന്നും ഇല്ലാത്തവന്റെ മോചനം ലക്ഷ്യമാക്കുന്നുവെങ്കില്‍ ആ വഴികള്‍ അംഗീകരിക്കപ്പെടേണ്ട താണ്. യഥാര്‍ഥ മതവിശ്വാസി കളും കമ്യൂണിസ്റ്റുകളും ഐക്യപ്പെടുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ്. എംഗല്‍സ് പറയുന്നതിങ്ങനെ: ""എന്തായാലും മനുഷ്യരുടെ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന ഭൗതിക ശക്തികള്‍ മനുഷ്യ മനസ്സു കളിലുണ്ടാക്കുന്ന വിസ്മയകര മായ പ്രതിഫലനമാണ് മതങ്ങളെല്ലാം. ഈ പ്രതിഫലന ത്തില്‍ ഭൗതിക ശക്തികള്‍ അഭൗതിക ശക്തികളുടെ രൂപം പൂണ്ടു. ചരിത്രത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രകൃതിശക്തികളാണ് ഇപ്രകാരം പ്രതിഫലിച്ചത്. പിന്നീടുള്ള പരിണാമ ദശകളില്‍ ഇവ വ്യത്യസ്ത ജനങ്ങളില്‍ വ്യത്യസ്തവും ബഹുമുഖവുമായ വ്യക്തിത്വവത്കരണങ്ങള്‍ക്ക് വഴിവച്ചു.

9 സാമൂഹിക ശക്തികള്‍ മനുഷ്യനെ നേരിടാനൊരുങ്ങിയ പ്പോള്‍ ഈ വിസ്മയ ചിത്രങ്ങള്‍ (മത ചിഹ്നങ്ങള്‍) പ്രകൃതിയുടെ ആത്മീയ ശക്തിയായി മാറുകയും ചരിത്രത്തിന്റെ പ്രതിനിധികളായി ത്തീരുകയും ചെയ്തു. ക്രമേണ ഈ ആത്മീയ ശക്തികള്‍ ഒരൊറ്റ ദൈവമായിത്തീര്‍ന്നു. ഈ ഒരു ദൈവം സംഗ്രഹിക്കപ്പെട്ട മനുഷ്യന്റെ പ്രതിഫലനം തന്നെയാണ്. ചരിത്ര പ്രസ്ഥാന ങ്ങള്‍ക്ക് മതപരമായ ആവേശം നല്കിയത് ക്രിസ്തുമതവും ഇസ്ലാമുമാണെന്നുകൂടി എംഗല്‍സ് പറയുന്നുണ്ട്.


10 യൂറോപ്പില്‍ ക്രിസ്തുമതം എങ്ങനെയാണോ മുതലാളിത്തത്തിന് സ്തുതി പാടിയത്, അതേ പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ ഹിന്ദു മതവും ചെയ്യുന്നതെന്ന് മാര്‍ക്സ് കണ്ടെത്തി. "" ഈ രാജ്യം മാരകമാം വിധം പ്രകൃതിയെ ആരാധിച്ചുകൊണ്ട് അതിന്റെ അധഃപതനം പ്രകടമാക്കി. പ്രകൃതിയുടെ പരമാധികാരിയായ മനുഷ്യന്‍ കുരങ്ങന്റെയും (ഹനുമാന്‍) കാമധേനുവിന്റെയും മുമ്പില്‍ ഭക്തിപൂര്‍വം മുട്ടു മടക്കി''

11 അതേ സമയം മതം വിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ അതംഗീകരിക്കാന്‍ മാര്‍ക്സ് തയ്യാറാവുന്നു. മധ്യകാലത്ത് ജര്‍മനിയിലെ കര്‍ഷക കലാപങ്ങളില്‍ മത നേതൃത്വം വഹിച്ച പങ്കിനെ ആസ്പദിച്ചുകൊണ്ട് എംഗല്‍സ് പറയുന്നതിങ്ങനെ: ""ബൈബിളിനെ യുക്തിക്കെതിരെ പിടിക്കുന്നത് വാക്കുകളെക്കൊണ്ട് ആശയത്തെ കൊല്ലുന്നതിന് തുല്യമാണ്. ബൈബിളില്‍ പറയുന്ന പരിശുദ്ധാത്മാവ് നമുക്കു പുറത്ത് സ്ഥിതിചെയ്യുന്ന ഒന്നല്ല; പരിശുദ്ധാത്മാവ് നമ്മുടെ യുക്തിയാണ്. വിശ്വാസമെന്നത് മനുഷ്യനില്‍ സജീവമാകുന്ന യുക്തിയല്ലാതെ മറ്റൊന്നല്ല... സ്വര്‍ഗമെന്നത് മറ്റൊരു ലോകമല്ല; ഈ ജീവിതത്തില്‍ തന്നെയാണ് അത് തേടേണ്ടത്. ഈ ഭൂമിയില്‍ തന്നെ സ്വര്‍ഗം പണിയേണ്ടത്, ദൈവ രാജ്യം സ്ഥാപിക്കേണ്ടത് വിശ്വാസികളുടെ ലക്ഷ്യമാണ്.'

'12 ഇസ്ലാം ഇസ്ലാമിനെ കേവലം മതമായല്ല, ഒരു പോരാട്ട പ്രസ്ഥാനമായാണ് മാര്‍ക്സും എംഗല്‍സും കാണുന്നത്. ഇസ്ലാമിനെ അടിസ്ഥാന രേഖകളിലൂടെ തന്നെ പഠിക്കാന്‍ എംഗല്‍സ് ശ്രമിച്ചു. അതിനു വേണ്ടി പേര്‍ഷ്യന്‍ ഭാഷയും അറബിയും പഠിച്ചു. ഇക്കാര്യം അദ്ദേഹം മാര്‍ക്സിനോട് പറയുന്നുമുണ്ട്.

13 ഇസ്ലാമിനെയും മുസ്ലിങ്ങളെയും കുറിച്ചുള്ള രേഖകള്‍ മാര്‍ക്സിന് എത്തിച്ചു കൊടുത്തി രുന്നതും എംഗല്‍സ് തന്നെ. ബര്‍ണിയര്‍, റാഫ്ള്‍സ് തുടങ്ങിയവരുടെ കൃതികളില്‍നിന്നാണ് ഇസ്ലാമിനെക്കുറിച്ച് ആദ്യ കാലങ്ങളില്‍ മാര്‍ക്സ് ചികഞ്ഞെടുത്തത്. 1850 നു ശേഷം അദ്ദേഹം റഷ്യയെക്കുറിച്ചും ഒട്ടോമന്‍ ഖലീഫയെക്കുറിച്ചും കൂടുതലറിയാന്‍ ശ്രമിക്കുന്നു. ക്രീമിയന്‍ യുദ്ധം ഇസ്ലാമിനെക്കു റിച്ച് കൂടുതലറിയാന്‍ മാര്‍ക്സിനെ പ്രേരിപ്പിച്ചു. (എംഗല്‍സിനെഴുതിയ കത്ത്, 1853 മാര്‍ച്ച് 10). ഒട്ടോമന്‍ തുര്‍ക്കിയെ വിപ്ലവത്തിന്റെ പ്രദേശമായും റഷ്യയും യൂറോപ്പും വിപ്ലവം സാധിച്ചെടുക്കുന്നതിനുള്ള കേന്ദ്രങ്ങളായും മാര്‍ക്സ് അവതരിപ്പിച്ചു. 1870കളില്‍ മാര്‍ക്സ് പൗരസ്ത്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ മുഴുകിയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ എഴുതിയ കത്ത് വ്യക്തമാക്കുന്നു: എന്റെ ഭര്‍ത്താവ് ഇപ്പോള്‍ പൂര്‍ണമായും പൗരസ്ത്യ പ്രശ്നത്തില്‍ മുഴുകിയിരിക്കുന്നു. വഞ്ചകരും അക്രമദാഹി കളുമായ എല്ലാ ക്രിസ്ത്യാനികള്‍ക്കുമെതിരെയും (സാര്‍ ചക്രവര്‍ത്തിമാരും അവരെ പിന്തുണയ്ക്കുന്നവരും) മുഹമ്മദിന്റെ മക്കള്‍ നടത്തുന്ന ആദരപൂര്‍വവും പതര്‍ച്ചയില്ലാത്തതുമായ കടന്നുകയറ്റങ്ങള്‍ അദ്ദേഹത്തെ എത്രയും ആഹ്ലാദഭരിതനാക്കുന്നു.

14 സാറിസ്റ്റ് റഷ്യയേയും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ മേലുള്ള അവരുടെ അവകാശവാദത്തെയും മാര്‍ക്സ് ശക്തമായി എതിര്‍ക്കുന്നു. ഒട്ടോമന്‍ ഖലീഫയെ രോഗിയായും ആ രാജ്യത്തെ ക്ഷയോന്മുഖമായും അവതരിപ്പിച്ച് റഷ്യയെ പിന്തുണയ്ക്കുന്ന ബ്രിട്ടനിലെ സാര്‍ അനുകൂല പാര്‍ലമെന്റിനെയും പ്രസ്സിനെയും മാര്‍ക്സ് ശക്തമായിത്തന്നെ വിമര്‍ശിക്കുന്നു.



15 ഇംഗ്ലണ്ടും സാര്‍ ചക്രവര്‍ത്തിയും തുര്‍ക്കിയെ ആക്രമിക്കാന്‍ നടത്തുന്ന ഗൂഢപദ്ധതികള്‍ തികഞ്ഞ വഞ്ചനയാണെന്ന് മാര്‍ക്സ് ആരോപിക്കുന്നു: ദുര്‍ബല സ്റ്റേറ്റായ തുര്‍ക്കി സഖ്യകക്ഷികളായ ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളേക്കാളും ധൈര്യവും മാന്യതയും കാണിച്ചിരിക്കുന്നു. ഇവര്‍ ഒളിപ്പിച്ചുവച്ച സന്ദര്‍ഭങ്ങളുടെ മേല്‍ ഏറ്റവും ഉന്നതമായ വിജയം കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. പരമ്പരാഗത ശത്രുവായ റഷ്യയുടെ ആവശ്യങ്ങളെ അവര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അത് കള്ളത്തരത്തിലൂടെയല്ല; മറിച്ച് അമൂല്യമായ ആത്മാര്‍ഥതയിലൂടെയും അന്തസ്സിലൂടെയുമാണ്.

16 പൗരസ്ത്യ രാജ്യങ്ങളിലെ കൊളോണിയലിസത്തെ എതിര്‍ക്കുമ്പോള്‍ത്തന്നെ മാര്‍ക്സ് ചിലപ്പോഴൊക്കെ അധിനിവേശ ശക്തികളുടെ സാംസ്കാരിക ദൗത്യ (civilizing mission)ത്തെ വാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കാര്യത്തില്‍ ഈ ദൗത്യം കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. അഫ്ഗാനിസ്ഥാനെ രക്ഷിക്കുന്നതിന്റെ മറവില്‍ ബ്രിട്ടീഷുകാര്‍ ഹെറാത്ത് പിടിച്ചടക്കിയതിനെയും, സ്ത്രീകളെയും കുട്ടികളെയും പ്രഹരിച്ചും ക്രൂരതകള്‍ക്കിരയാക്കിയും അയണിയന്‍ ദേശത്തെ ഗ്രീക്കുകാരോട് ചെയ്ത ക്രൂരതയേയും മാര്‍ക്സ് നിശിതമായിത്തന്നെ വിമര്‍ശിക്കുന്നു. റഷ്യയുടെയും ഓസ്ട്രിയയുടെയും സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടുത്താനെന്ന പേരില്‍ ബ്രിട്ടീഷുകാര്‍ ഒട്ടോമന്‍ രാജ്യത്തെ അധിനിവേശപ്പെടുത്തുന്നതിന് ശ്രമിക്കുകയാണെന്നും മാര്‍ക്സ് കുറ്റപ്പെടുത്തുന്നു.

17 സാര്‍ ചക്രവര്‍ത്തിമാരുടെ ചെയ്തികളെ ഒരു തരത്തിലും മാര്‍ക്സ് അംഗീകരിക്കുന്നില്ല. ഒട്ടോമന്‍ സുല്‍ത്താനുമായി സാര്‍ ഉടമ്പടിക്ക് ശ്രമിക്കുമ്പോഴൊക്കെ അതിനെ റഷ്യയുടെ വഞ്ചനയായാണ് അദ്ദേഹം വിലയിരുത്തുന്നത്. കപട വിശ്വാസി, കരടി, മനുഷ്യതീനി എന്നൊക്കെ സാര്‍ ചക്രവര്‍ത്തിയെ തന്റെ ലേഖനങ്ങളില്‍ മാര്‍ക്സ് വിളിക്കുന്നുണ്ട്. സാര്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ ചിലര്‍ കൊണ്ടുവന്ന ദേശീയത ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യന്‍ ദേശീയത ഫ്യൂഡലിസത്തിന്റെ മറ്റൊരു പകര്‍പ്പാണെന്നാണ് മാര്‍ക്സ് പറഞ്ഞത്. 1850-കളില്‍ അദ്ദേഹം സുല്‍ത്താനുകൂലമായി ശക്തമായ നിലപാടുകളെടുക്കുന്നതു കാണാം. സുല്‍ത്താനെതിരെ സന്ധിയുണ്ടാക്കുന്ന സാമ്രാജ്യത്വ ശക്തികളെ അദ്ദേഹം കണക്കിന് വിമര്‍ശിക്കുകയും ചെയ്യുന്നു.

18 സാമ്രാജ്യത്വത്തെ വിമര്‍ശിക്കുമ്പോള്‍ത്തന്നെ മാര്‍ക്സ് അറബികളുടെയും, അഫ്ഗാനിസ്ഥാന്റെയും നിലപാടുകളെ പ്രശംസിക്കുന്നു. പൗരോഹിത്യം സാമ്രാജ്യത്വവുമായി കൂട്ടുചേര്‍ന്നതിനാല്‍ ക്രിസ്തുമതത്തോടുള്ള വിദ്വേഷവും തന്റെ ലേഖനങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കുന്നു. ഒട്ടോമന്‍ രാജ്യത്തുള്ള ക്രിസ്തുമതക്കാരെ സംരക്ഷി ക്കാനെന്ന വ്യാജേനയാണ് ബ്രിട്ടീഷുകാര്‍ സുല്‍ത്താനെ ആക്രമിക്കാനൊരുമ്പെട്ടത്. എന്നാല്‍ സുല്‍ത്താനോട് ക്രിസ്ത്യാനികള്‍ക്ക് വിദ്വേഷ മില്ലെന്നും സുല്‍ത്താനു കീഴില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിത രാണെന്നും മാര്‍ക്സ് ആവര്‍ത്തിക്കുന്നു. തെളിവായി റഷ്യക്കെതിരെ സുല്‍ത്താനെ പിന്തുണയ്ക്കാന്‍ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്യുന്ന ആര്‍മീനിയന്‍ രാജകുമാരന്റെ പ്രസ്താവന മാര്‍ക്സ് ഉദ്ധരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ കൈയിലെ ഉപകരണമാണ് ക്രിസ്തുമതം എന്നെഴുതിയ അദ്ദേഹം ഒട്ടോമന്‍ സുല്‍ത്താന്റെ നിലനില്പിനുള്ള പോരാട്ടങ്ങളെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളായി വിശേഷിപ്പിക്കുന്നു.

19 ഒട്ടോമന്‍ സുല്‍ത്താന്റെത് സാമ്രാജ്യ ത്വമാണെങ്കിലും യൂറോപ്യന്‍ കൊളോണിയലിസത്തോട് അതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മാര്‍ക്സ് വ്യക്തമാക്കി. കൊളോണിയലിസ്റ്റുകള്‍ വഞ്ചകരാണെന്നും അവര്‍ സംസ്കരണത്തിന്റെ പേരില്‍ വഞ്ചനയാണ് നടത്തുന്നതെന്നും അദ്ദേഹം സോദാഹരണം സമര്‍ഥിച്ചു. അയണിയന്‍ ദ്വീപുകളിലെ ഗ്രീക്കുകാര്‍ക്കെതിരെ കൈക്കൊണ്ട ക്രൂരതകളാണ് ബ്രിട്ടീഷുകാരെ മനുഷ്യതീനികള്‍ എന്നു വിളിക്കാന്‍ മാര്‍ക്സിനെ പ്രേരിപ്പിച്ചത്. ഗ്രീക്കുകാര്‍ സുല്‍ത്താന്റെ കീഴില്‍ ബ്രിട്ടീഷുകാരുടേതിനേക്കാളും സുരക്ഷിതരാണെന്ന ഹെഗലിന്റെ വീക്ഷണം മാര്‍ക്സ് ശരിവച്ചു.

20 ഒട്ടോമന്‍ സുല്‍ത്താന്റെ ഭരണം ഫ്യൂഡലിസത്തിന്റെ മറ്റൊരു പതിപ്പാണെന്ന് മാര്‍ക്സ് വിലയിരുത്തി. എന്നാല്‍ അതിനെ മുതലാളിത്തത്തിലേക്ക് കൊണ്ടു വരാനാണ് പടിഞ്ഞാറന്‍ ശക്തികള്‍ ശ്രമിക്കുന്നത്. ചീഞ്ഞുകൊണ്ടി രിക്കുന്ന ഒരു ശവമാണ് തുര്‍ക്കി എന്നൊക്കെ മാര്‍ക്സിന്റെ ആദ്യകാലത്തെ വീക്ഷണങ്ങളില്‍ നിന്ന് അദ്ദേഹം പിന്മാറിയത് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ തുടങ്ങിയതോടെയാണ്. അതുവരെ ബ്രിട്ടീഷ് പ്രചാരണങ്ങളെയാണ് മാര്‍ക്സ് ആശ്രയിച്ചത്. മുഹമ്മദ് നബിയുടെ വിപ്ലവങ്ങള്‍ക്ക് മറ്റു മതവിഭാഗങ്ങളുടെ വിപ്ലവങ്ങളില്‍നിന്ന് വലിയ മാറ്റമില്ലെന്ന് 1853ല്‍ എംഗല്‍സ് മാര്‍ക്സിനെഴുതിയ കത്തില്‍ പരാമര്‍ശിച്ചതും കാണാം.

21 പിന്നീടാണ് വീക്ഷണങ്ങളില്‍ മാറ്റം കാണുന്നത്. ആദ്യ കാലത്ത് സാംസ്കാരിക ദൗത്യത്തിന്റെ മറവില്‍ അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തെ വാഴ്ത്തിയ എംഗല്‍സ് തന്നെ പിന്നീട് ഫ്രഞ്ച് അധിനിവേശത്തെ ചെറുക്കുന്ന അറബ് പ്രതിരോധത്തെ വാഴ്ത്തുകയായിരുന്നു. ഫ്രാന്‍സിന്റെ സാംസ്കാരിക ദൗത്യം ശുദ്ധ തട്ടിപ്പാണെന്ന് അറിഞ്ഞപ്പോഴായിരുന്നു ഇത്. 1850കളുടെ അവസാനം മുതല്‍ അറബ് രാജ്യങ്ങളോടുള്ള അനുകമ്പ മാര്‍ക്സും എംഗല്‍സും പല ലേഖനങ്ങളിലായി പങ്കുവയ്ക്കുന്നു. 1882ല്‍ തന്റെ അറുപത്തിനാലാമത്തെ വയസ്സില്‍ അള്‍ജിയേഴ്സ് സന്ദര്‍ശിച്ചതിനു ശേഷം യൂറോപ്യന്‍ ശക്തികള്‍ അറബികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് മാര്‍ക്സ് തന്റെ ലേഖനങ്ങളില്‍ തുടരെ പരാമര്‍ശിച്ചു വന്നു. ;(യൂറോപ്യനെ) വധിച്ചു എന്ന് സംശയം പറഞ്ഞ് ഒരു ഡസന്‍ അറബികളെയെങ്കിലും ജയിലിലടച്ചില്ലാ എങ്കില്‍ അധിനിവേശക്കാര്‍ ഒറ്റപ്പെട്ട ജഡ്ജിമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും... ബ്രിട്ടീഷുകാരും ഡച്ചുകാരും താണവിഭാഗക്കാരോടുള്ള ക്രൂരതയുടെ കാര്യത്തില്‍ ഫ്രഞ്ചുകാരെ കടത്തി വെട്ടുന്നവരാണ്.



22 യൂറോപ്യരുടെ ക്രൂരതയ്ക്കും അക്രമത്തിനും വിധേയരാവുന്ന മുസ്ലിം ജനതയോട് അനുകമ്പ കാണിക്കുന്ന മാര്‍ക്സ് അറബികള്‍ക്കിടയിലുള്ള അസമത്വങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നതല്ല എന്നുകൂടി എഴുതുന്നുണ്ട്. നമ്മുടെ ബദവികളായ അറബികള്‍ നിലനില്പിനുള്ള പോരാട്ടങ്ങള്‍ക്കിടക്ക് നിരവധി സ്ഥിരമായ മേന്മകള്‍ സ്വായത്തമാക്കിയിട്ടുണ്ട്. നോക്കൂ, അവര്‍ മഹാന്മാരായ ചിന്തകരെയും പണ്ഡിതന്മാരെയും സംഭാവന ചെയ്തവരാണ്. അവരുടെ ഇപ്പോഴത്തെ അജ്ഞതകൊണ്ടാണ് യൂറോപ്യര്‍ അവരെ അവഹേളിക്കുന്നത്.

23 മാര്‍ക്സിന്റെ അവസാന കാലത്തെ എഴുത്തുകുത്തുകളില്‍ അദ്ദേഹം ഇസ്ലാമിനെയും തുര്‍ക്കി സുല്‍ത്താനെയും ശക്തമായി ന്യായീകരിക്കുന്നു. തുര്‍ക്കിയുടെ ശരിയായ ധൈര്യത്തെയും രാഷ്ട്ര തന്ത്രജ്ഞതയേയും അദ്ദേഹം വാഴ്ത്തുന്നു. നഗരവത്കരണ ത്തിലും ഗ്രാമതലങ്ങളിലും സുല്‍ത്താന്‍ കൊണ്ടുവന്ന മാറ്റങ്ങളെയും അദ്ദേഹം അഭിനന്ദിക്കുന്നു. ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും സ്വയം ചമഞ്ഞ ഒത്തുതീര്‍പ്പുകാരായ അമ്പാസഡര്‍മാരെ അദ്ദേഹം കണക്കിന് കളിയാക്കുന്നു. തുര്‍ക്കിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന ടൈംസ് പത്രത്തെയും റിച്ചാര്‍ഡ് കോബ്ഡനെപ്പോലുള്ള റഷ്യന്‍ പക്ഷപാതികളായ എഴുത്തുകാരെയും മാര്‍ക്സ് വിമര്‍ശിക്കുന്നു.

24 അതേസമയം ഈ മുസല്‍മാന്‍ സാമ്രാജ്യം അസ്തമിക്കുമെന്നും അത് യൂറോപ്യന്‍ സംസ്കാരത്തില്‍ ലയിക്കുമെന്നും മാര്‍ക്സ് എംഗല്‍സിനയച്ച കത്തില്‍ പ്രവചിച്ചു.

25 തുര്‍ക്കി രാജ്യക്കാരുടെ വാണിജ്യ പുരോഗതി അവരുടെ മാത്രം മേന്മകൊണ്ടല്ലെന്നും അവിടെയുള്ള ഗ്രീക്കുകാരുടെയും സാല്‍വോണിക് വിഭാഗങ്ങളുടെയും സാന്നിധ്യംകൊണ്ടു കൂടിയാണെന്നുംകൂടി മാര്‍ക്സ് പറയുന്നുണ്ട്. യൂറോപ്പില്‍നിന്ന് തുര്‍ക്കികള്‍ പോയാലും അവിടുത്തെ വാണിജ്യത്തിന് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. തുര്‍ക്കി നിലനില്ക്കാന്‍ പോവുന്നില്ലെന്നും അത് കമ്യൂണിസത്തിലേക്കെത്തുമെന്നും പിന്നീടൊരിക്കല്‍ മാര്‍ക്സ് എഴുതി. വിപ്ലവത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്ന നിലക്കു മാത്രമാണ് സുല്‍ത്താന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ സ്വന്തമായി വച്ചിരിക്കുന്നത്. അല്ലാതെ സുല്‍ത്താന് ഈ രാജ്യത്തിന്റെ മേന്മ അവകാശ പ്പെടാനില്ല. സെക്കുലറിസ്റ്റ് ആശയങ്ങളെ പരോക്ഷമായി സഹായിക്കുന്ന ആളായാണ് സുല്‍ത്താനെ മാര്‍ക്സ് കാണുന്നത്. ഭസുല്‍ത്താന്‍ വിപ്ലവത്തിലേക്ക് വഴിയൊരുക്കുന്ന സഹകാ രിയാണ്. ക്രീമിയന്‍ യുദ്ധവും തുര്‍ക്കി റഷ്യന്‍ ശത്രുതയും തുര്‍ക്കി ക്കെതിരെ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ നീക്കങ്ങളുമാണ് പൗരസ്ത്യ ലോകത്തെക്കുറിച്ച് കൂടുതലായി പഠിക്കാന്‍ മാര്‍ക്സിനെ പ്രേരിപ്പിച്ചത്. മുസ്ലിം സമൂഹങ്ങളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനപ്പുറം സത്യമുണ്ടെന്ന് മാര്‍ക്സിന് ബോധ്യപ്പെട്ടിരുന്നു. അതാണ് ഇക്കാലയളവില്‍ മുസ്ലിം ലോകത്തെക്കുറിച്ച് കൂടുതലറിയാന്‍ അദ്ദേഹം ആശിച്ചത്. അള്‍ജീരിയ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലെ ജീവിതത്തെക്കുറിച്ചും അതോടൊപ്പം ഇസ്ലാമിന്റെ സാമൂഹികവും സാംസ്കാരികവുമായ നരവംശ സമീപനങ്ങളും ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മാര്‍ക്സിനെ പ്രേരിപ്പിച്ചു. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നത് മാര്‍ക്സിനെ അസ്വസ്ഥനാ ക്കിയിരുന്നു. അതിനാല്‍ ഈ പ്രത്യയ ശാസ്ത്രത്തെ നേരിട്ടറിയാന്‍ ആദ്യം എംഗല്‍സിനെത്തന്നെയാണ് മാര്‍ക്സ് ആശ്രയിച്ചത്. 1853ലെ ഒരു വേനലില്‍ ഇസ്ലാമിനെക്കുറിച്ചുള്ള പല പ്രധാന വസ്തുതകളും എംഗല്‍സ് മാര്‍ക്സിനു നല്കി. എംഗല്‍സ് എഴുതി: ഞാനിപ്പോള്‍ രണ്ടാഴ്ചയായി പൗരസ്ത്യ മേദസ്സില്‍ ഇരിക്കാന്‍ തുടങ്ങിയതു മുതല്‍ പേര്‍ഷ്യന്‍ ഭാഷ പഠിക്കാന്‍ എനിക്കവസരം ലഭിച്ചു. സെമിറ്റിക് ഭാഷകളോടുള്ള എന്റെ സഹജമായ വിരോധം അറബി ഭാഷയില്‍നിന്ന് എന്നെ അകറ്റി. വളരെ പഴക്കമുള്ള ആ ഭാഷ പഠിക്കാന്‍ പ്രയാസ മാണെന്നും എനിക്കു തോന്നി. ആ ഭാഷക്ക് നാലായിരം മൂലകങ്ങളുണ്ട്. മറിച്ച് പേര്‍ഷ്യന്‍ ഭാഷയാവട്ടെ, അതൊരു പിള്ളേരു കളിയാണ്. അറബി ഭാഷക്ക് ഒരേ മാതിരി തന്നെ തോന്നിക്കുന്ന ആറ് അക്ഷരങ്ങളുണ്ട്. സ്വരങ്ങളും പ്രത്യക്ഷമല്ല. എന്നാല്‍ പേര്‍ഷ്യന്റെ മുഴുവന്‍ വ്യാകരണവും ഞാന്‍ നാല്പത്തെട്ട് മണിക്കൂറുകൊണ്ട് പഠിച്ചു.



26 തുര്‍ക്കിയെക്കുറിച്ച് സാമ്രാജ്യത്വ മുതലാളിത്ത ശക്തികളും വ്യാപാരികളും നല്കുന്ന വിവരങ്ങള്‍ യഥാര്‍ഥ ചിത്രങ്ങളല്ല നല്കുന്നതെന്ന് എംഗല്‍സ് അറിയിച്ചു. തുര്‍ക്കിക്കെതിരെ ആദ്യ കാലത്ത് താന്‍ നടത്തിയ പല പരാമര്‍ശങ്ങളും ശരിയല്ലെന്ന് മാര്‍ക്സിനും ബോധ്യപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങളെയും വിവരങ്ങളെയും ആശ്രയിച്ച തായിരുന്നു ഇതിന് കാരണം. തുര്‍ക്കി രാജ്യത്തിന്റെ ബഹുമുഖപ്രദവും സഹിഷ്ണുതാപരവുമായ സ്വഭാവം മാര്‍ക്സും എംഗല്‍സും പഠനവിധേയമാക്കി. ആര്‍മീനിയന്‍ ക്രിസ്ത്യന്‍ രാജകുമാരന്മാര്‍ തുര്‍ക്കിയെ വാഴ്ത്തുന്നതും ആര്‍മീനിയന്‍ കര്‍ദ്ദിനാളിന്റെ തൊപ്പിക്ക് സുല്‍ത്താന്റേത് പോലുള്ള തലപ്പാവ് വച്ചതും ഇവരെ അതിശയിപ്പിച്ചു.

27 സ്വകാര്യ സ്വത്ത് ഇല്ലാതാക്കുകയാണ് കമ്യൂണിസത്തിന്റെ ലക്ഷ്യം. അതേ സമയം പൗരസ്ത്യ ലോകത്ത് സ്വകാര്യ സ്വത്ത് ഇല്ലാത്ത ഒരവസ്ഥ നില നില്ക്കുന്നതും മാര്‍ക്സിനെ വിസ്മയിപ്പിച്ചു. പൗരസ്ത്യ ലോകത്തെ ഗ്രാമീണ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ തന്നെയാണ് ഭരണാധികാരികള്‍ എന്നും മാര്‍ക്സ് പറയുന്നു. ഈ സാമൂഹിക വ്യവസ്ഥിതിയെ വീണ്ടും വീണ്ടും അദ്ദേഹം ഇസ്ലാമിനോട് ബന്ധപ്പെടു ത്തുന്നു. 

28 ഇസ്ലാമില്‍ സമ്പത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിനാണല്ലോ. എംഗല്‍സിനെഴുതിയ കത്തില്‍ മുഗളന്മാരെക്കുറിച്ചുള്ള ഓറിയന്റലിസ്റ്റ് എഴുത്തുകാരനായ ബെര്‍ണിയറുടെ പുസ്തകം വായിച്ചിരിക്കേണ്ടതാണെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു: മുഴുവന്‍ പൗരസ്ത്യ ഭാവത്തിന്റെയും അടിസ്ഥാന രൂപം യഥാവിധി ബര്‍ണിയര്‍ കണ്ടെത്തുന്നു. അദ്ദേഹം പേര്‍ഷ്യയേയും, തുര്‍ക്കിയേയും, ഹിന്ദുസ്ഥാനെയും കുറിച്ച് സംസാരിക്കുന്നു. ഇവിടെ സ്വകാര്യ സ്വത്ത് നില നില്ക്കുന്നില്ല. പൗരസ്ത്യ സ്വര്‍ഗത്തിലേക്കുള്ള യഥാര്‍ഥ താക്കോല്‍ ഇതാണ്. 29 ഇസ്ലാമിനെ ഒരു രാഷ്ട്രീയ മാതൃകയായി ആദര്‍ശവത്ക രിക്കാന്‍ മാര്‍ക്സ് തയ്യാറാവുന്നില്ലെങ്കിലും സ്വകാര്യ സ്വത്തിനെക്കുറിച്ചും സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചും മറ്റുമുള്ള ഇസ്ലാമിക സങ്കല്പങ്ങള്‍ കമ്യൂണിസ്റ്റ് വീക്ഷണങ്ങളുമായി യോജിച്ചു പോവുന്നത് കാണാം. അള്‍ജീരിയന്‍ സന്ദര്‍ശനവേളയില്‍ താനെഴുതിയ കത്തില്‍ സാമ്പത്തിക ബന്ധങ്ങളില്‍ അറബികള്‍ക്കുള്ള സമ്പൂര്‍ണ സമത്വത്തെ മാര്‍ക്സ് നിരീക്ഷിക്കുന്നു. എന്നിട്ടും ഒരു വിപ്ലവത്തിന് ശ്രമിക്കാതെ ചെകുത്താന്റെ (അധിനിവേശം) കൂടെ അവര്‍ പോകുന്നതാണ് മാര്‍ക്സിനെ സങ്കടപ്പെടുത്തുന്നത്.

30 റഷോ തുര്‍ക്കിഷ് യുദ്ധത്തില്‍ മാര്‍ക്സും എംഗല്‍സും പൂര്‍ണമായും തുര്‍ക്കി പക്ഷത്തായിരുന്നു. തുര്‍ക്കിയിലെ കര്‍ഷകര്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആസ്വദിക്കുന്ന വിഭാഗമാണെന്നും മാര്‍ക്സ് കണ്ടു.

31 യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തുര്‍ക്കിയെ സഹായിക്കാത്തതിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. അതേ സമയം ഒരു വിപ്ലവത്തിനുള്ള അവസരം തുര്‍ക്കി പാഴാക്കിയതായും മാര്‍ക്സ് നിരീക്ഷിക്കുന്നു. ഒട്ടോമന്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ ആസ്വദിച്ച സ്വാതന്ത്ര്യവും യുദ്ധത്തില്‍ അവര്‍ സുല്‍ത്താനെ സഹായിച്ചതും മാര്‍ക്സ് എടുത്തു പറയുന്നു. പല കത്തുകളിലും മുഹമ്മദ് നബിയേയും ഖുര്‍ആനെയും ഇസ്ലാമിനെ ഭിന്നമായ വ്യക്തിത്വത്തോടെയുള്ള പ്രത്യയ ശാസ്ത്രമായും അദ്ദേഹം വിലയിരുത്തുന്നു. എന്നാല്‍ അതിനെ വിപ്ലവത്തിന്റെ ശരിയായ രൂപമായി അംഗീകരിക്കാനൊന്നും തയ്യാറല്ല താനും. ആലങ്കാരികവും അമിതമായ ചിത്രാലങ്കാരങ്ങളുമുള്ള ഇസ്ലാമിക ശൈലിയെ അദ്ദേഹം വാഴ്ത്തുന്നു. ഒരു വശത്ത് സാമ്രാജ്യത്വ നിലപാടുകളുടെ പേരില്‍ മതങ്ങളെ നിരാകരിക്കുമ്പോഴും പൗരസ്ത്യ ലോകത്തെ വിശ്വാസങ്ങളെ ക്കുറിച്ചുള്ള ഭിന്നമായ കാഴ്ചപ്പാട് മാര്‍ക്സിന്റെ സമീപനങ്ങളില്‍ കാണുന്നു. അതാണ് മാര്‍ക്സിന്റെ വീക്ഷണങ്ങളില്‍ ഇസ്ലാം ചിലപ്പോഴെങ്കിലും വേറിട്ട് നില്ക്കുന്നത്. തന്റെ അവസാന കാലത്ത് അള്‍ജിയേഴ്സ് സന്ദര്‍ശിക്കാന്‍ പോവുമ്പോള്‍ അദ്ദേഹം മൂര്‍ (മുസ്ലിം) എന്ന അപരനാമം സ്വീകരിക്കുന്നതും തന്റെ സ്വന്തം താടിയെ പ്രവാചകന്റേ തിനോടുപമിച്ചതുമെല്ലാം


32 അദ്ദേഹത്തിന്റെ മുസ്ലിം മനോഭാവം വ്യക്തമാക്കുന്നു. അധിനിവേശ ശക്തികളുടെ ക്രൂരതക്കിരയായ അറബ് ലോകത്തോട് മാര്‍ക്സ് കാണിച്ച അനുകമ്പയും ചേര്‍ത്ത് വായിക്കേണ്ടതാണ്. അതേ സമയം ഇസ്ലാമിന്റെ വിശ്വാസങ്ങളെയോ പ്രവാചകത്വത്തെയോ അദ്ദേഹം അംഗീകരിച്ചുവെന്ന് ഇതിനര്‍ഥമില്ല. പക്ഷേ, റോമില്‍ ഖുര്‍ആന്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച കാര്യം അദ്ദേഹം തന്റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചര്‍ച്ചിന്റെ ഈ നടപടികൊണ്ടൊ ന്നും ഖുര്‍ആന്‍ റോമക്കാര്‍ അറിയാതെ പോവില്ലെന്ന് അദ്ദേഹം പരിഹാസ രൂപേണ എഴുതി.

33 ഖുര്‍ആന്‍ പ്രസിദ്ധീകരണത്തിന് വിലങ്ങു വന്നപ്പോള്‍ സമര്‍ഥരായ ക്രിസ്ത്യാനികള്‍ ഖുര്‍ആന് ഒരു വിമര്‍ശനം (Rifutatione Alcorano)  എഴുതി. യഥാര്‍ഥത്തില്‍ ആ പുസ്തകത്തിനകത്ത് ശരിയായ ഖുര്‍ആന്‍ തന്നെയായിരുന്നു. ഇക്കാര്യം പറഞ്ഞാണ് മാര്‍ക്സ് ചര്‍ച്ചിനെ പരിഹസിച്ചത്. ഖുര്‍ആന്റെ പൗരോഹിത്യ വിരുദ്ധ സമീപനവും മാര്‍ക്സിന്റെ മുതലാളിത്ത വിരുദ്ധ സമീപനവും മച്ചുനന്മാരെപ്പോലെയാണെന്ന് അല്‍മോണ്ട് അഭിപ്രായപ്പെടുന്നു.

34 ഇസ്ലാമിനെക്കുറിച്ചും അറബികളെ ക്കുറിച്ചും ജര്‍മന്‍ വിവര്‍ത്തന ങ്ങളിലൂടെ മാര്‍ക്സ് വായിച്ചറിഞ്ഞിട്ടുണ്ട്. 1800-കളില്‍ ജര്‍മന്‍ ഭാഷയില്‍ ഇസ്ലാമിനെ ക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ചെറുപ്പകാലത്തു തന്നെ അറേബ്യന്‍ കഥകളുടെ ജര്‍മന്‍ വിവര്‍ത്തനം അദ്ദേഹം വായിച്ചുവത്രേ. അറബ് സാഹിത്യകാരനായ ഹരീറിയെ മാര്‍ക്സ് ഉദ്ധരിക്കുകകൂടി ചെയ്യുന്നുണ്ട്.
**********************************************************************************************


References
 1 Contribution to the Critique of Hegel’s Philosophy of Law, K. Max, p. 175.
 2 Ibid.
 3  Karl Marx and Religion, T. Ling, The Macmillan Press Ltd, 1980, p. 8
 4 Contribution to the Critique of Hegel’s Philosophy of Law, K. Max, p. 175.
 5 Quran, 9/34
 6 Works of Frederick Engels 1894 On the History of Early Christianity, First Published: In Die Neue Zeit, 1894-95; Translated: by the Institute of Marxism-Leninism, 1957 from the newspaper; Transcribed: bydirector@marx.org
 7 Selected Works Vol.3, p.437
 8 Ibid.
 9 Engels, Anti- Duhring, Moscow, 1969, pp.374-75
 10 Marx and Engels, Selected Works, Vol.3, p.355
 11 Collected Works , Vol.12,  p.22
 12 Collected Works, Vol.12, pp.421.22
 13 Letter to Marx June 6 1853, Michel Curtis, Orientalism and Islam, European thinkers on Oriental Despotism in Middle East and India, 2009,  p.119
 14 Jenny Marx to Friederic Sorge, January 21, 1877, Ian Almond, Marx the Moor, History of Islam in German Thought, Routeledge, New York, 2010, p.137
 15 Ibid., p.137
 16 Marx, Dec.30, 1853, New York Tribune, Eastern Question, A reprint of Letters written 1853-6 dealing with the Events of Crimean War, Ed., Edward and Eleanor, New York, 1968, p.188
 17 Karl Marx and Frederic Engels, On Colonialism, Moscow, Foreign Languages Publishing House, 1950, pp. 227-229
 18 Ian Almond, Marx the Moor, op.cit., p138
 19 Eastern Question, pp. 174,269.
 20 New York Tribune, January,6,1859, On Colonialism, op.cit., p.228
 21 Engels to Marx 1853 June 3, Ian Almond, p.139
 22 Marx to Engels, 1882, Saul K Padover, The Letters of Karl Marx, Selected and translated with Explanatory Notes,1979, p.370
 23 Marx to Laura Lafargue, April 13, 1882, Ibid., p.373
 24 Eastern Question, pp. 195, 310
 25 Marx to Engels, March 10, 1853, Saul K.Padover, op.cit, p. 137
 26 Engels to Marx, June 6, 1853,  Saul K.Padover, op.cit, p. 137
 27 Eastern Question, pp.41,269
 28 Ian Almond, Marx the Moor, op.cit., p145
 29 Marx to Engels, June 2, 1853, Saul, op.cit., p
 30 Marx, Letters, op.cit, p.372
 31 Marx to Liebknecht, Feb, 4 1878,
 32 Marx, Letters.. , pp.376-377
 33 January 13, 1843, The Karl Marx Library, 5:31, Ian Almond, p.148
 34 Ian Almond, p.148