2014, ജനുവരി 24, വെള്ളിയാഴ്‌ച

മോഡിയുടെ മായാജ്യോതി

പി പി ഷാനവാസ്

അജ്മീറിലേക്കുള്ള യാത്ര അഹമ്മദാബാദിലൂടെയായിരുന്നു. മഹാത്മജിയുടെ സബര്‍മതി ആശ്രമം നിലകൊള്ളുന്നത് ഇവിടെ സബര്‍മതീ തീരത്ത്. വൈകിട്ടുവരെ സമയമുണ്ട്. സബര്‍മതി സന്ദര്‍ശിക്കാനുറച്ചു. ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് അഹമ്മദാബാദ്. ഏറെ ചരിത്രമുള്ള നഗരം. മോഡിയുടെ വികസന വായ്ത്താരികള്‍ കേട്ട് കോരിത്തരിക്കുന്നവര്‍ക്ക് അഹമ്മദാബാദ് ഒരു പാഠം. മോഡിരാഷ്ട്രീയത്തിന്റെ നേര്‍ചിത്രം ഇവിടെ കാണാം. വരണ്ടുണങ്ങിയ തെരുവുകള്‍, പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങള്‍, ചലമൊഴുകുന്ന ഓടകള്‍. നഗരവികസനത്തിന്റെ പറയപ്പെടുന്ന ഒന്നും എത്തിനോക്കാതെ ഏതോ ആളൊഴിഞ്ഞ ഒരു പൗരാണിക നഗരംപോലെ. മുസ്ലിങ്ങളുടെ പാര്‍പ്പുസ്ഥലമായതിനാലാകണം, മോഡി സര്‍ക്കാര്‍ അഹമ്മദാബാദിനെ അവഗണിച്ച മട്ടാണ്. 1918 മുതല്‍ "22 വരെ ഗാന്ധിജി കഴിയുകയും ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്ത സബര്‍മതി ആശ്രമത്തോടും ഈ അവഗണന കാണാം. ഏതോ തരത്തില്‍ ഒരു മരുഭൂവല്‍ക്കരണം.

മാലിന്യപൂരിതമാണ് സബര്‍മതി. അതിന്റെ നിസ്സംഗപ്രവാഹം വര്‍ത്തമാനരാഷ്ട്രീയത്തോട് എങ്ങനെയോ പ്രതികരിക്കുംപോലെ. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമമുറ്റത്തുനിന്ന്. 1921ല്‍ ഇന്ത്യയില്‍ വീശിയടിച്ച നിസ്സഹകരണപ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും നിര്‍ണായക ഗതിവിഗതികള്‍ ഇവിടെനിന്നാണ് ആലോചനകള്‍ക്കു വിധേയമായത്. വിശാലമായ കോലായില്‍ ഗാന്ധിജിയുടെ ചര്‍ക്ക. ഗാന്ധിജിയുടെയും കസ്തൂര്‍ബയുടെയും മുറികള്‍, അടുക്കള, പിന്‍മുറ്റം. ചുറ്റും വേപ്പുമരങ്ങളുടെ നിശ്വാസഗന്ധം. പ്രാര്‍ഥനാചത്വരം. ഏതാനും വൈഷ്ണവ സന്യാസിമാര്‍ അവിടെ ഗാന്ധിജിയുടെ മരുമകന്‍ പണിത ആശ്രമത്തിനു പുറത്തുണ്ട്. വൃത്തിയും വെടിപ്പുമുള്ള കക്കൂസുകള്‍. ഗാന്ധിജിയുടെ ജീവചരിത്രത്തിലൂടെ ഫോട്ടോ പ്രദര്‍ശനങ്ങള്‍. അയിത്തത്തിനെതിരെ ഗാന്ധിജിയുടെ നിലപാട്- അയിത്തജാതിക്കാരോടൊത്ത് ആഹാരം കഴിക്കാഞ്ഞിട്ട് സഹോദരിയെ ഗാന്ധിജി ആശ്രമത്തില്‍നിന്ന് പുറത്താക്കി. മീരാബഹന്‍ എന്ന വിദേശിശിഷ്യ ചെലവഴിച്ച ഒറ്റമുറി കുടീരം. പ്രാര്‍ഥനാചത്വരത്തിലെ സമൂഹപ്രാര്‍ഥനകള്‍ക്ക് സാക്ഷിയായ വൃക്ഷം ഉണങ്ങിനശിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ഗുജറാത്ത് മോഡിയുടെ ഉരുക്കുമുഷ്ടിക്കുമുമ്പില്‍ ദ്രവിച്ചുതീരുന്നപോലെ. തിരിച്ചുപോരുമ്പോള്‍ ഓട്ടോറിക്ഷ ഡ്രൈവറോട് കുശലാന്വേഷണം നടത്തി. എങ്ങനെയുണ്ട് മോഡി? എന്താണ് അദ്ദേഹത്തിന്റെ വികസനപരിപാടി?

"" ഉടനെ വന്നു പ്രതികരണം: ""മോഡിയുടെ വികസനം ഒരു മായാജ്യോതി മാത്രമാണ്"".

""അപ്പോള്‍ മോഡി തിരിച്ചുവരില്ലേ?""
""ഇല്ല. ഇത്തവണ മോഡിക്ക് വോട്ടില്ല. അദ്ദേഹം ഒരു മായാജ്യോതിയാണ്.""

അതു മാത്രമോ മോഡി?
മുമ്പ് ബറോഡ സന്ദര്‍ശിച്ചപ്പോള്‍, മോഡിയുടെ തെരുവുസൈന്യം കൂട്ടക്കശാപ്പു നടത്തിയ ബെസ്റ്റ് ബേക്കറി കാണാനായി ഞങ്ങള്‍ കയറിയ ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ ഉസ്മാന്‍ ഭായ് ഇങ്ങനെ പറഞ്ഞു: ""ബിജെപിയിലും മോഡിയിലും ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവരുന്നു. കലാപകാലത്ത് സംഘപരിവാറിനു വേണ്ടി കൊലയും കൊള്ളയും നടത്തിയവര്‍ കേസുകളിലും മറ്റും കുടുങ്ങി ആരും രക്ഷിക്കാനില്ലാതെ ബിജെപിയെ പഴിക്കുന്ന സ്ഥിതിയാണിന്ന്- കലാപകാലത്ത് പൊലീസിന്റെ പോയിന്റ് ബ്ലാങ്ക് വെടിവയ്പില്‍ മരണപ്പെട്ട ഏകമകന്റെ വിയോഗത്തിന്റെ വ്യഥയിലാണിപ്പോഴും അയാള്‍.

ബെസ്റ്റ് ബേക്കറി പുതുക്കിപ്പണിതിട്ടുണ്ട്. ഹനുമാന്‍ഗഡ് എന്നു പേരുള്ള അവിടെ പണ്ട് തുണിമില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. തൊഴിലാളിവിഭാഗങ്ങളെ പലായനത്തിലേക്കും പ്രാന്തവല്‍ക്കരണത്തിലേക്കും നയിച്ചു. പൊടിയും വരള്‍ച്ചയും തിന്നുന്ന പ്രദേശത്തെ മനുഷ്യര്‍ നിര്‍ജീവരും നിസ്സഹായരുമായി കാണപ്പെട്ടു. കൂട്ടക്കൊല നടന്ന ബെസ്റ്റ് ബേക്കറി ഇന്ന് സംഭവത്തിനു സാക്ഷിയായ സാഹിറ ഷെയ്ഖിന്റെ ബന്ധു ഹീന നബീബുള്ള ഷെയ്ഖിന്റെ കൈവശം. ആടുവളര്‍ത്തിയാണ് അവര്‍ ജീവിക്കുന്നത്. ത്രിസന്ധ്യയ്ക്ക് ഞങ്ങള്‍ എത്തിയപ്പോള്‍ തലയില്‍ തട്ടംവലിച്ചിട്ട് അവര്‍ ഇറങ്ങിവന്നു. ഞങ്ങളോട് അവര്‍ വിളിച്ചുപറഞ്ഞു: ""ഹം കോ അബി കോയി തക്ലീഫ് നഹീ ഹെ. അബി സബി ശാന്തി ഹോതാഹെ!"" ഗുജറാത്ത് സംഭവപരമ്പരകള്‍ക്ക് ഇങ്ങനെ ശാന്തി കുറിക്കപ്പെട്ടുവോ? "രാത്രി വീഴും മുമ്പേ" എന്ന മട്ടിലുള്ള സെക്കുലര്‍ ബുദ്ധിജീവികളുടെ ഫാസിസത്തെ സംബന്ധിച്ച വിലാപങ്ങള്‍ക്കും താക്കീതുകള്‍ക്കും ഇനി പ്രസക്തിയില്ലേ?

ഉത്തരേന്ത്യയില്‍ ബിജെപി തങ്ങളുടെ കോട്ടകള്‍ വീണ്ടും സുരക്ഷിതമാക്കുകയും മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി സംഘപരിവാരം മുന്നോട്ടുവയ്ക്കുകയും ചെയ്ത പുതിയ സാഹചര്യം ഉണര്‍ത്തുന്നത് എന്താണ്? മോഡിയുടെ പ്രതിഛായാനിര്‍മാണം മായാജ്യോതിയാകുമോ? ഗുജറാത്തിലെ ന്യൂനപക്ഷവിരുദ്ധ കൂട്ടക്കൊലകള്‍തന്നെയാണോ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലും അരങ്ങേറിയത്? ബിജെപി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കിക്സ്റ്റാര്‍ട്ട് ആണോ മുസഫര്‍നഗര്‍ കശാപ്പുകള്‍? കശ്മീരിന്റെ സ്വയംഭരണാവകാശത്തെ വീണ്ടും സംശയമുനയില്‍ നിര്‍ത്തി മോഡി തുടങ്ങിയ ക്യാമ്പയിന്‍ ഇന്ത്യയില്‍ വര്‍ഗീയധ്രുവീകരണത്തിന്റെ മറ്റൊരു ഫാസിസ്റ്റ് വേനല്‍ കൊണ്ടുവരുമോ? കോര്‍പറേറ്റ് സമൂഹം മോഡിവികസനത്തിന്റെ മായാജ്യോതിക്കു നല്‍കുന്ന പിന്തുണ കാണുമ്പോള്‍ സ്റ്റോക്ക് സൂചികകള്‍ സംഘപരിവാരത്തെ അധികാരത്തില്‍ പ്രതീക്ഷിക്കുന്നതിന് തുല്യമോ? ഇന്ത്യന്‍ വ്യവസായവര്‍ഗത്തിന്റെ ജിഹ്വയായ ഇക്കണോമിക് ടൈംസിന്റെ പ്രഖ്യാതമായ Political Theatre എന്ന രാഷ്ട്രീയ പേജ് തൊട്ട് മോഡിയെ തരംഗമായി ആഘോഷിക്കുന്നതിന്റെ അര്‍ഥമെന്ത്? മാറിയ ഒരു മോഡിയെയാണോ കോര്‍പറേറ്റ് ലോകം തങ്ങളുടെ വികസന നായകനാക്കിയത്? മുസ്ലിങ്ങളോടും ന്യൂനപക്ഷങ്ങളോടും മോഡിയുടെ നേതൃത്വം കൈക്കൊണ്ട നടപടികള്‍ ഇനി തുടരില്ല എന്നോ? ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെ പുതിയ മാതൃകയ്ക്ക് ബിജെപി മുന്‍കൈയെടുക്കുമെന്നോ?

പ്രമുഖ പത്രപ്രവര്‍ത്തകന്‍ എന്‍ റാം എഴുതുന്നു
""ഗുജറാത്ത് മുഖ്യമന്ത്രി എങ്ങനെ ഈ നിലയില്‍ ആയിത്തീര്‍ന്നു എന്ന് രാഷ്ട്രീയബോധമുള്ള ഇന്ത്യക്കാര്‍ക്കെല്ലാം അറിയാം. 2002 ഫെബ്രുവരി ഒടുവിലും മാര്‍ച്ച് ആദ്യവുമായി നടന്ന ഗുജറാത്ത് കൂട്ടക്കൊലയുടെ പൈശാചികതയെ സംബന്ധിച്ച്, കോടതികളില്‍ സമര്‍പ്പിക്കപ്പെടുന്ന പുതിയ തെളിവുകളും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെയും സിവില്‍ ഉദ്യോഗസ്ഥന്മാരുടെയും സത്യവാങ്മൂലങ്ങളുമടക്കം വളരെയേറെ വസ്തുതകള്‍ ഇന്ന് ലഭ്യം. അനുക്രമമായി ഉണ്ടായ ഭീകരസംഭവങ്ങള്‍, 1983 ജൂലൈയില്‍ ശ്രീലങ്കയില്‍ നടന്ന തമിഴ്വിരുദ്ധ കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുംവിധം ബോധപൂര്‍വം ഇളക്കിവിട്ട വര്‍ഗീയ അക്രമങ്ങള്‍, അതിനുവേണ്ടി ഗോധ്രാ റെയില്‍വേ സ്റ്റേഷനില്‍ വന്ന സബര്‍മതി എക്സ്പ്രസില്‍ പൈശാചികമായി കൊല്ലപ്പെട്ട കര്‍സേവകരുടെയും അവരുടെ കുടുംബങ്ങളുടെയും ശവശരീരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍
അനുവദിച്ചത്, വിദ്വേഷത്തിന്റെ രാഷ്ട്രീയം ആളിക്കത്തിച്ചതും പൊലീസിനെ നിര്‍വീര്യമാക്കിയതും (അലംഭാവം കൊണ്ടല്ല. മറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉന്നതതലങ്ങളിലെ പ്രായോഗിക രാജ്യതന്ത്രജ്ഞതയുടെയും വര്‍ഗീയ രാഷ്ട്രീയ തന്ത്രത്തിന്റെയും ഭാഗമായിട്ടാണ് അതു സംഭവിച്ചത്.) "മുസ്ലിങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍" കൊള്ളയും കൊലയും ബലാത്സംഗങ്ങളും ക്രൂരമായ പീഡനവും ഭീഷണിയും മറ്റും കെട്ടഴിച്ചുവിട്ട, കൂട്ടക്കൊലയുടെ സംഘാടകര്‍ക്കും മതഭ്രാന്തരായ ജനക്കൂട്ടത്തിനും ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുന്നതിന് ഭൗതികമായ സഹായങ്ങളും സംരക്ഷണവും ഒത്താശയും ചെയ്തുകൊടുക്കപ്പെട്ടത്- ഇതിനൊക്കെയുള്ള വ്യക്തമായ തെളിവുകള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു.

""2002ലെ കൂട്ടക്കൊലകള്‍ക്ക് യഥാര്‍ഥത്തില്‍ ഉത്തരം പറയേണ്ടവര്‍ ആരാണ് എന്ന് രാഷ്ട്രീയധാരണയുള്ളവര്‍ക്ക് അറിയാം. ചുരുക്കത്തില്‍ കാല്‍ നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യ അനുഭവിച്ച ഏറ്റവും പൈശാചികമായ വര്‍ഗീയ കൂട്ടക്കൊലയിലും എല്ലാ മാര്‍ഗവുമുപയോഗിച്ച് നീതി അട്ടിമറിക്കുന്നതിലും (നിയമത്തെയും ഭരണഘടനയെയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി, കാര്യങ്ങളാകെ മാറ്റിമറിക്കുംവിധം സുപ്രീംകോടതി ഇടപെടുംവരെ) മുഖ്യമന്ത്രി നരേന്ദ്രമോഡി വഹിച്ച പങ്ക് അവര്‍ക്കറിയാം. എന്നുതന്നെയല്ല, കൂട്ടക്കൊലയില്‍ ഒരു പശ്ചാത്താപവും കാണിക്കാതെ "വികാസ് പുരുഷ്", അക്കാര്യത്തില്‍ മാപ്പുചോദിക്കാന്‍ പോലും തയ്യാറല്ല എന്ന് അവര്‍ക്കറിയാം. "ആരെങ്കിലും ഓടിക്കുന്ന ഒരു കാറില്‍ നാം പിന്‍സീറ്റിലിരിക്കുമ്പോള്‍, ഒരു പട്ടിക്കുട്ടി ചക്രത്തിനടിയില്‍ പെട്ടാല്‍ പോലും അത് വേദനാജനകമല്ലേ? സംശയമൊന്നുമില്ല. അതെ", എന്നാണ്, ക്രിമിനല്‍ നിയമപ്രക്രിയ തുടര്‍ന്നപ്പോള്‍, സ്വയം ന്യായീകരിക്കുന്നതും അതോടൊപ്പം ഞെട്ടിക്കുന്നതുമായ വിധത്തില്‍ അദ്ദേഹം പ്രകോപനപരമായി അംഗീകരിച്ചത്.

എന്‍ റാം തുടരുന്നു: ""2002ലെ സംഭവത്തിന്, നിയമപരവും രാഷ്ട്രീയവും ധാര്‍മികവുമായ ഒരു പ്രശ്നമെന്ന നിലയിലും, ഓര്‍ക്കാന്‍ കഴിയുന്ന ഭാവി കാലത്തൊന്നും രക്ഷപ്പെടാന്‍ കഴിയില്ല എന്ന് ഉറപ്പാണ്. മോഡി പ്രധാനമന്ത്രിയാകുകയാണെങ്കില്‍ ഈ പ്രശ്നം ആഭ്യന്തരമായും സാര്‍വദേശീയമായും കൂടുതല്‍ സങ്കീര്‍ണമായി തീരുകയേയുള്ളൂ.""