2013, ജൂലൈ 16, ചൊവ്വാഴ്ച

മോഡിയുടെ വികസന മോഡലിന്റെ അന്തഃസത്ത


  • ഇന്ത്യയിലെ ഏറെക്കുറെ എല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളും സംഘടനകളും ഇന്ന് അംഗീകരിച്ചുകഴിഞ്ഞതും ""നവലിബറല്‍"" എന്ന് മുദ്രകുത്തപ്പെട്ടതുമായ (അങ്ങനെ വിളിക്കുന്നത് തെറ്റിദ്ധാരണാജനകമാണെങ്കില്‍ത്തന്നെയും) സാമ്പത്തിക തന്ത്രത്തിന്റെ രാഷ്ട്രീയ പരിസമാപ്തിയാണ്, ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാണിക്കുന്നത്. നവലിബറല്‍ സാമ്പത്തിക തന്ത്രത്തിന്റെ രാഷ്ട്രീയതലത്തിലുള്ള, യുക്ത്യനുസൃതമായ പരിസമാപ്തിയാണത്.

    മോഡിയുടെ വികസന മോഡലിന്റെ അന്തഃസത്ത കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രമായി സ്റ്റേറ്റിനെ ഉപയോഗപ്പെടുത്തുക എന്നതാണ് ഈ തന്ത്രത്തിന്റെ അന്തഃസത്ത (സാമ്പത്തിക മണ്ഡലത്തില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുന്ന സ്റ്റേറ്റ് എന്ന അര്‍ത്ഥത്തില്‍ ""നവലിബറല്‍"" എന്ന പദം ഉപയോഗിക്കുന്നത് അനുചിതമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്). ഈ തന്ത്രത്തിന്റെ വളര്‍ച്ച, പക്വതയാര്‍ജിക്കല്‍, പൂര്‍ണതയിലെത്തല്‍, സ്റ്റേറ്റിനെ കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവര്‍ഗം നേരിട്ട് പിടിച്ചടക്കുന്നതിലൂടെ നിര്‍വചിക്കപ്പെടുന്നു. ഈ പിടിച്ചടക്കലിന്റെ ഏജന്റാണ് നരേന്ദ്രമോഡി. ബിജെപിയുടെ കൂടാരത്തില്‍നിന്നാണ് അദ്ദേഹം വരുന്നത്. വര്‍ഗീയ ഫാസിസത്തിന്റെ ക്രമാനുഗതമായ റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ അതിനെല്ലാം ഉപരിയായി കോര്‍പ്പറേറ്റ് - ധനമൂലധന വരേണ്യവിഭാഗത്തിന്റെ ഒരു ഉപകരണമാണ് അദ്ദേഹം; ഈ വരേണ്യ വിഭാഗത്തിന്റേയും അതിന്റെ നിയന്ത്രണത്തിന്‍കീഴിലുള്ള മാധ്യമങ്ങളുടെയും സമ്പൂര്‍ണ പിന്‍തുണയും അദ്ദേഹത്തിനുണ്ട്.

    താന്‍ മുഖ്യമന്ത്രിയായിട്ടുള്ള സംസ്ഥാനത്തിന്റെ ഭരണം കോര്‍പ്പറേറ്റ് - ധനമൂലധന വരേണ്യവിഭാഗത്തിന് കൈമാറ്റം ചെയ്യുക എന്നതില്‍ കവിഞ്ഞ മറ്റൊന്നുമല്ല മോഡിയുടെ ""വികസനമാതൃക"" എന്നു പറയപ്പെടുന്ന തന്ത്രം. ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്, നാനോ കാര്‍ ഗുജറാത്തില്‍ സ്ഥാപിക്കുന്നതിന് ടാറ്റയെ പ്രേരിപ്പിക്കുന്നതിനുവേണ്ടി, ടാറ്റയ്ക്ക് 31,000 കോടിയോളം രൂപയുടെ സബ്സിഡി നല്‍കിയ വ്യക്തിയാണദ്ദേഹം. വികസനത്തിന്റെ ഈ മോഡലില്‍നിന്ന് ജനങ്ങളെ ഒഴിച്ചുനിര്‍ത്തുന്നത് സ്വാഭാവികമാണല്ലോ. ""വികസനത്തിന്റെ മോഡല്‍"" എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തില്‍ മനുഷ്യ വികസനത്തിെന്‍റ റെക്കോര്‍ഡ് രാജ്യത്തെ മറ്റ് മിക്ക സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വളരെ ശോചനീയമായതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. തൊഴിലാളി യൂണിയനുകള്‍ നിരന്തരമായ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തികച്ചും ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ സാമ്പത്തിക വികസന മാതൃകയുടെ ആത്യന്തികമായ രാഷ്ട്രീയ രൂപമാണ്, ജനങ്ങള്‍ക്കെതിരായി ഉപയോഗിക്കപ്പെടുന്നതും കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ ഭരണകൂടം. അതായത് മോഡി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതും അക്കാര്യത്തില്‍ കോര്‍പ്പറേറ്റ് വരേണ്യവിഭാഗത്തിന്റെ പിന്‍തുണയുള്ളതുമായ ഫാസിസ്റ്റ് സ്റ്റേറ്റ്. എന്നാല്‍ ഈ സാമ്പത്തിക മാതൃക മോഡിയുടെ തനതായ കണ്ടുപിടുത്തമല്ലതാനും. ഇന്നിപ്പോള്‍ എല്ലാ ബൂര്‍ഷ്വാ പാര്‍ടികളുടെയും പിന്‍തുണയുള്ള നവലിബറല്‍ മാതൃകയാണത്. സമാനതകളൊന്നുമില്ലാത്തവിധം യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ മോഡി ഈ മാതൃക പിന്‍തുടരുന്നുവെന്നതുമാത്രമാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

    എല്ലാവിധ ""പ്രത്യയശാസ്ത്ര പൈതൃക""ങ്ങളുമുള്ള, എണ്ണമറ്റ ""സന്തുലനങ്ങളില്‍"" ശ്രദ്ധചെലുത്താന്‍ നിര്‍ബന്ധിതമായ പാര്‍ടികളുടെ പരിമിതികള്‍ക്കുള്ളിലാണ് മറ്റ് ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കന്മാരെല്ലാം. ഉദാഹരണത്തിന് ""ആംആദ്മി""യെക്കുറിച്ചുള്ള സ്വന്തം മുദ്രാവാക്യത്തിന്റെ (അതെത്രമാത്രം വഞ്ചനാപരമാണെങ്കില്‍ത്തന്നെയും) പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതമായിട്ടുള്ള കോണ്‍ഗ്രസ്പാര്‍ടിയിലൂടെയാണ് മന്‍മോഹന്‍സിങ്ങിനും അദ്ദേഹത്തിന്റെ ഗ്രൂപ്പിനും പ്രവര്‍ത്തിക്കേണ്ടി വരുന്നത്. പക്ഷേ മോഡിക്ക് അത്തരം നിയന്ത്രണങ്ങളോ ഞെരുക്കങ്ങളോ ഒന്നുമില്ല. മോഡി തന്റെ പാര്‍ടിക്ക് അതീതനായി വളര്‍ന്നിരിക്കുന്നു; പാര്‍ടിയെ വെറും റബര്‍സ്റ്റാമ്പാക്കി മാറ്റിയിരിക്കുന്നു. കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവിഭാഗത്തിന്റെ അജണ്ട അദ്ദേഹത്തിന് ഏകാഗ്രതയോടെ അനുവര്‍ത്തിക്കാന്‍ കഴിവുണ്ട്. കൂടുതല്‍ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്ക് പരാജയത്തെ ഉപയോഗപ്പെടുത്തുന്നു ഈ വികസന മാതൃകയുടെ ഒരു നല്ല സാക്ഷ്യപത്രം, അത് കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ന്യായീകരണത്തിന് അതിന്റെ പരാജയത്തെത്തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നുള്ളതാണ്. രൂപ തലകുത്തി വീഴുന്നുവെങ്കില്‍, രാജ്യം മറ്റൊരിക്കലും കണ്ടിട്ടില്ലാത്തവിധം നിര്‍മാണമേഖല മാന്ദ്യത്തിന്റെ പിടിയിലാണെങ്കില്‍ (ഇതിനോട് ഉപരിതല സ്പര്‍ശിയായവിധത്തിലെങ്കിലുമുള്ള സാമ്യതയുണ്ടായിരുന്ന വ്യവസായ മാന്ദ്യം 1960കളുടെ മധ്യത്തിലാണ് ഉണ്ടായത്. രണ്ടുകൊല്ലം തുടര്‍ച്ചയായി അത്യസാധാരണമാംവിധം കുറഞ്ഞ കാര്‍ഷിക വിളവെടുപ്പുണ്ടായതു കാരണമുള്ള അസാധാരണമായ സാഹചര്യത്തിലാണ് അത് സംഭവിച്ചത്). കറന്റ് അക്കൗണ്ട് കമ്മി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെങ്കില്‍, ""കൂടുതല്‍ പരിഷ്കാരങ്ങള്‍ വേണം"" എന്ന സംഘഗാനം ഉയരുകയായി-അതായത് നവലിബറലിസത്തിന്റെ ശക്തി കൂട്ടണമെന്നര്‍ത്ഥം. വ്യവസായ സംരംഭകരുടെ ""മൃഗീയവികാരം"" ദുര്‍ബലമായിത്തീരുന്നത് കാരണമാണ് ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക ദുരിതങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും സര്‍ക്കാരിന്റെ നയങ്ങളിലൂടെ സ്ഥിതി വീണ്ടെടുക്കണമെന്നും പ്രസ്താവിച്ചത് മന്‍മോഹന്‍സിങ് തന്നെയല്ലേ? മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നവലിബറലിസം നമ്മെ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചുവെങ്കില്‍, അതില്‍നിന്നു കരകയറാനുള്ള പോംവഴി, സര്‍ക്കാരിന്റെ ഏജന്‍സിവഴിയായി കൂടുതല്‍ ഊര്‍ജിതമായി നവലിബറല്‍ നയങ്ങള്‍ കെട്ടിയേല്‍പിക്കുകയാണെന്നര്‍ത്ഥം.

    എന്നാല്‍ വ്യവസായസംരംഭകരുടെ ""മൃഗീയവികാരം"" എന്ന കെയിന്‍സിന്റെ പദപ്രയോഗം ഉപയോഗിക്കുന്ന മന്‍മോഹന്‍സിങ്, പക്ഷേ കെയിന്‍സ് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം അവലംബിക്കുന്നുമില്ല. വ്യവസായ സംരംഭകരുടെ ""മൃഗീയവികാരം"" പലപ്പോഴും ദുര്‍ബലപ്പെടുമ്പോള്‍, ജനങ്ങുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത്, സ്റ്റേറ്റിെന്‍റ ഇടപെടലിലൂടെ നേരിട്ട്, പൂര്‍ണ്ണമായ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതുവഴി ഈ ""മൃഗീയവികാര""ത്തില്‍നിന്ന് ജനങ്ങളുടെ വിധിയെ സ്വതന്ത്രമാക്കണം എന്നും കെയിന്‍സ് പറഞ്ഞുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതല്ല, മറിച്ച്, ""മൃഗീയവികാരം"" ദുര്‍ബലമായിത്തീരുമ്പോള്‍ കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവിഭാഗത്തിന്റെതന്നെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള നയങ്ങള്‍ അവലംബിച്ചുകൊണ്ട് സ്റ്റേറ്റ്, അവയെ വീണ്ടെടുക്കണം എന്നാണ് അദ്ദേഹം വാദിക്കുന്നത്.

    നികുതി കുടിശ്ശിക ഒടുക്കാതെ രക്ഷപ്പെടാന്‍ വോഡഫോണിനെ അനുവദിക്കണം, മള്‍ട്ടിബ്രാന്റ് ചില്ലറവില്‍പനരംഗം വാള്‍മാര്‍ട്ടിനായി തുറന്നിടണം, പൊതുമേഖല ഇപ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ അളവില്‍ സ്വകാര്യവല്‍ക്കരിക്കണം, ധനമേഖല വിദേശ കമ്പനികള്‍ക്കായി കൂടുതല്‍ തുറന്നിടണം, വികസന ബാങ്കിംഗ് അവസാനിപ്പിക്കണം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍. നവലിബറലിസത്തിന്റെ സൃഷ്ടിയായ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി നവലിബറലിസം നിര്‍ദ്ദേശിക്കുന്നത് നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കണം എന്നാണ്. അതിനാല്‍ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയില്‍ ആണ്ടുകിടക്കുമ്പോള്‍ത്തന്നെ സ്റ്റേറ്റിന്റെമേലുള്ള കോര്‍പ്പറേറ്റ് നിയന്ത്രണം കൂടുതല്‍ നിശിതമാക്കിത്തീര്‍ക്കണം എന്ന ആവശ്യം ശക്തമായിത്തീരുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ അതാണ് സംഭവിക്കുന്നത്. ക്ലാസിക്കല്‍ ഫാസിസവുമായുള്ള വ്യത്യാസം 1930കളിലെ ക്ലാസ്സിക്കല്‍ ഫാസിസവും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം ദൃശ്യമാകുന്നത് ഇവിടെയാണ്. അക്കാലത്ത് സ്റ്റേറ്റിനുമേലുള്ള കോര്‍പ്പറേറ്റ് നിയന്ത്രണം വന്നത് പിന്‍വാതിലിലൂടെയാണ്. 
                                  

    വന്‍കിട കോര്‍പ്പറേറ്റ് മൂലധനത്തോട് തുടക്കത്തില്‍ വിരോധം പ്രഖ്യാപിച്ചിരുന്ന (എങ്കിലും അത്തരം മൂലധനത്തിന്റെ ഫണ്ട് പറ്റി വളര്‍ന്ന) ശക്തികളുടെ വളര്‍ച്ചയോടെയും വലതുപക്ഷ-റാഡിക്കല്‍ നിലപാട് സ്വീകരിച്ചുകൊണ്ട് ജനങ്ങളുടെ മുതലാളിത്തവിരുദ്ധ മനോഭാവത്തെ മുതലെടുത്തുകൊണ്ടുമാണ് അതുണ്ടായത്. അധികാരത്തില്‍വന്നതിനുശേഷം മാത്രമാണ്, അത്തരം ശക്തികള്‍ തങ്ങളുടെ വലതുപക്ഷ-റാഡിക്കല്‍ അനുയായികളെ നിര്‍മാര്‍ജ്ജനം ചെയ്തതും കുത്തക വിഭാഗങ്ങളുമായുള്ള തങ്ങളുടെ ദൃഢമായ ബന്ധങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചതും. എന്നാല്‍ ശത്രുതയിലുള്ള മുതലാളിത്ത ശക്തികളുടെ സ്വാധീനമേഖലകളായി ലോകം വിഭജിക്കപ്പെട്ടുകിടന്നിരുന്ന കാലത്തെ സാമ്രാജ്യത്വങ്ങള്‍ തമ്മില്‍ തമ്മിലുള്ള ശത്രുതയുടെ കാലഘട്ടമായിരുന്നു അത്. രാജ്യാതിര്‍ത്തികള്‍ കടന്ന് ചരക്കുകളും മൂലധനവും നിര്‍ബാധം നീങ്ങിക്കൊണ്ടിരിക്കുന്ന ""ആഗോളവല്‍ക്കരണ""ത്തിന്റെ കാലഘട്ടമായിരുന്നില്ല അത്. തുടക്കത്തില്‍ കുത്തകവിരുദ്ധ-റാഡിക്കല്‍ വാചകക്കസര്‍ത്തുകളും, അതിനെത്തുടര്‍ന്ന് പിന്നീട് കുത്തക കുടുംബങ്ങളും പൊട്ടിമുളച്ച ഫാസിസ്റ്റ് ശക്തികളും തമ്മിലുള്ള ദൃഢവും പരസ്യവുമായ സഖ്യവും എന്ന വിധത്തിലുള്ള അത്തരം ദ്വിഘട്ട പ്രക്രിയ, ആഗോളവല്‍ക്കരണത്തിന്റെ ലോകത്തില്‍ ഒട്ടും പ്രായോഗികമല്ല. ഉയര്‍ന്നുവരുന്ന ഒരു രാഷ്ട്രീയശക്തിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു കുത്തകവിരുദ്ധ-ധനമൂലധനവിരുദ്ധ വാചകക്കസര്‍ത്തും, വലിയ അളവില്‍ രാജ്യത്തിന് പുറത്തേയ്ക്കുള്ള മൂലധന ഒഴുക്കിനിടവരുത്തുകയും ആ രാഷ്ട്രീയ ശക്തിയുടെ ഉയര്‍ച്ചയെ അട്ടിമറിക്കുകയും ചെയ്യും. അതിനാല്‍ പ്രതിസന്ധിയുടെ പ്രത്യാഘാതത്തില്‍ക്കിടന്ന് നട്ടംതിരിയുന്ന ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുന്ന പ്രായോഗിക സാധ്യത, കുത്തകകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്നതിലൂടെ ആ പ്രതിസന്ധി മറികടക്കാം എന്നതല്ല, മറിച്ച് കുത്തകകളെ കൂടുതല്‍ പ്രീണിപ്പിച്ചുകൊണ്ട് അതിനെ മറികടക്കാം എന്നതാണ്-അതായത് മേല്‍പ്പറഞ്ഞ ""വികസനമാതൃക"" മന്ദീഭവിപ്പിച്ചുകൊണ്ടല്ല, മറിച്ച് കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തിക്കൊണ്ട്, അതേ ""വികസനമാതൃക""യെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ട് മറികടക്കാം എന്നാണ്. ഇതാണ് മോഡി വാഗ്ദാനംചെയ്യുന്നത്.
    അദ്ദേഹത്തിന്റെ വര്‍ഗീയ ഫാസിസം ഇപ്പോഴും ചുവടുറപ്പിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് ഉണ്ടെന്നുപറയപ്പെടുന്ന ""ബഹുജനസമ്മതി"" നല്‍കുന്നത് അതാണ്. പക്ഷേ, അധികാരത്തില്‍ കയറുന്നതിനുവേണ്ടി ഈ ""ബഹുജനസമ്മതി""യെ കുത്തകവിരുദ്ധ വാചകക്കസര്‍ത്തുമായി അദ്ദേഹം കൂട്ടിയിണക്കുന്നില്ല. നേരെമറിച്ച് കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവര്‍ഗ്ഗം ആവശ്യപ്പെടുന്ന അതേ വികസന തന്ത്രത്തിന് യാതൊരുവിധ തടസ്സവുമില്ലാതെ വ്യാപിക്കുന്നതിനുള്ള അവസരവുമായി അതിനെ കൂട്ടിയിണക്കിക്കൊണ്ടാണ്. 

    1930കളിലെ യൂറോപ്യന്‍ ഫാസിസ്റ്റുകള്‍ ധനമൂലധനത്തിന്റെ ചട്ടുകങ്ങളായിത്തീര്‍ന്നു; മോഡിയും ധനമൂലധനത്തിന്റെ ചട്ടുകംതന്നെ. ബൂര്‍ഷ്വാപാര്‍ടികള്‍ക്കുള്ളിലെ മോഡിയുടെ എല്ലാ പ്രതിയോഗികളും മോഡിക്കെതിരായ തങ്ങളുടെ വിമര്‍ശനം വളരെ ദുര്‍ബലമാക്കിയിരിക്കുന്നതിന്റെ കാരണവും ഇതാണ്. കാരണം സാമ്പത്തികനയത്തിന്റെ മൗലികമായ കാര്യങ്ങളിലെല്ലാം, അവര്‍ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ ശരിക്കും അതിനുവേണ്ടിത്തന്നെയാണ് മോഡിയും നിലകൊള്ളുന്നത്; അവരുടേതിനേക്കാള്‍ കൂടുതല്‍ ദൃഢതയോടുകൂടിയാണെന്ന് മാത്രം. മിക്ക ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികള്‍ക്കിടയിലും മോഡിയുടെ ""വികസന മാതൃക""യെക്കുറിച്ച് പരോക്ഷമായ ആദരവുപോലുമുണ്ട്. കാരണം തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും കഴിയുമെങ്കില്‍ തങ്ങള്‍ ശക്തമായി അനുവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതും ഇതേ വികസന മാതൃകതന്നെയാണല്ലോ. 

    കൊളംബിയയിലെ ജഗദീഷ്ഭഗവതിയെപ്പോലെയുള്ള സ്വയം കൊട്ടിഘോഷിക്കപ്പെടുന്ന ലിബറല്‍ രാഷ്ട്രീയക്കാരും സാമ്പത്തിക ശാസ്ത്രജ്ഞന്മാരുംപോലും മോഡിയുടെ ""വികസനവിജയ""ങ്ങളെ പ്രശംസിക്കുന്നതില്‍ പിന്നെ അത്ഭുതമില്ലല്ലോ. മന്‍മോഹന്‍സിങ്ങിന് സ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹവും അങ്ങനെതന്നെ ചെയ്യുമായിരുന്നു. നിലനില്‍ക്കാത്ത വേര്‍തിരിവ് ബൂര്‍ഷ്വാ പാര്‍ടികള്‍ക്കുള്ളിലെ മോഡിയുടെ പ്രതിയോഗികള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത്, വര്‍ഗീയ ഫാസിസ്റ്റ് ആയ മോഡിക്കും വിജയകരമായ വികസനതന്ത്രജ്ഞന്നും ഇടയ്ക്ക് ഒരു വിഭജനരേഖ വരയ്ക്കുക എന്നതാണ്. അതെ, വികസന യത്നങ്ങളില്‍ മോഡി വിജയം വരിച്ചിട്ടുണ്ടാവാം, പക്ഷേ അദ്ദേഹം ഒരു വര്‍ഗീയ ഫാസിസ്റ്റ്തന്നെയല്ലേ എന്ന് അവര്‍ തറപ്പിച്ചുചോദിക്കുന്നു. ഇതില്‍ ആദ്യം പറഞ്ഞ കാര്യത്തില്‍ അദ്ദേഹം എത്രമാത്രം പ്രശംസാര്‍ഹനാണെങ്കില്‍ത്തന്നെയും രണ്ടാമത് പറഞ്ഞ കാര്യംകൊണ്ട് അദ്ദേഹം അകറ്റിനിര്‍ത്തപ്പെടേണ്ടവന്‍ തന്നെയാണ്. എന്നാല്‍ അത്തരമൊരു വേര്‍തിരിവിന് വിശ്വാസ്യതയില്ലാതായിത്തീരുന്നു. കാരണം ഗുജറാത്തിലെ കൂട്ടക്കൊലയ്ക്കുശേഷം, തനിക്കനുകൂലമായ ഒരു പ്രതിച്ഛായാ മാറ്റം ഉണ്ടാക്കിയെടുക്കുന്നതില്‍ മോഡി വിജയിക്കുകയുണ്ടായി. വര്‍ഗീയ ഫാസിസ്റ്റ് എന്ന തന്റെ പ്രതിച്ഛായ പശ്ചാത്തലത്തിലേക്ക് തള്ളിമാറ്റിക്കൊണ്ട് എതിരാളികള്‍പോലും പ്രശംസിക്കുന്ന ""വികസന മിശിഹ"" എന്ന പ്രതിച്ഛായയുണ്ടാക്കിയെടുക്കുന്നതില്‍ മോഡി വിജയിക്കുകയുണ്ടായി. മായ കോഡ്നാനിക്കും ബാബു ബജ്രംഗിക്കും വധശിക്ഷ നല്‍കണം എന്ന് ഗുജറാത്ത് ഗവണ്‍മെന്റ് അഭ്യര്‍ത്ഥിക്കുന്നിടംവരെ അത് ചെന്നെത്തി-ഒടുവില്‍ ആര്‍എസ്എസിന് താക്കീതു ചെയ്യേണ്ട ഘട്ടംവരെ അത് ചെന്നെത്തുകയുണ്ടായി. എന്നുതന്നെയല്ല, വികസനതന്ത്രജ്ഞനായ മോഡിയും വര്‍ഗീയ ഫാസിസ്റ്റ് ആയ മോഡിയും തമ്മിലുള്ള ഈ വേര്‍തിരിവ്, സഹജമായിത്തന്നെ നിലനില്‍ക്കാത്തതാണ്. മോഡി ഉയര്‍ത്തിപ്പിടിക്കുന്നതും മറ്റ് ബൂര്‍ഷ്വാ സംഘടനകളും പാര്‍ടികളും എല്ലാം പങ്കുവെയ്ക്കുന്നതുമായ ""വികസന സങ്കല്‍പനം"" വളര്‍ച്ചനിരക്കിനെ പ്രകീര്‍ത്തിക്കുന്നതാണ്; ഈ വളര്‍ച്ചനിരക്കാകട്ടെ, ഇന്ത്യയെ സാമ്പത്തികമായി വന്‍ (സൂപ്പര്‍) ശക്തിയാക്കി വളര്‍ന്നുവരുന്നതിന് അനിവാര്യമായും സഹായിക്കുന്ന ഘടകമായും പരിഗണിക്കപ്പെടുന്നു.


    (""ഉയര്‍ന്ന വളര്‍ച്ചനിരക്ക് ഗവണ്‍മെന്റിന്റെ വരുമാനം വര്‍ധിപ്പിക്കുമെന്നും അത് പാവങ്ങള്‍ക്കുവേണ്ടി ചെലവാക്കാന്‍ കഴിയും എന്നും"" മറ്റുമുള്ള ന്യായവാദങ്ങള്‍ പലപ്പോഴും ഉയര്‍ത്തപ്പെടാറുണ്ടെങ്കിലും) ചുരുക്കത്തില്‍ ""വന്‍ശക്തിസങ്കുചിതവാദ""ത്തിന്റെ അടിസ്ഥാനത്തിലാണ് നവലിബറല്‍ മാതൃകയെ ന്യായീകരിക്കാന്‍ തുനിയുന്നത്; പൊന്തയില്‍ തല്ലുന്നവിധത്തിലല്ലാതെ പറഞ്ഞാല്‍, ഈ അടിസ്ഥാനംതന്നെ ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതാണ്. ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഈ യുക്തിവാദത്തിന് എല്ലാ ബൂര്‍ഷ്വാപാര്‍ടികളും സംഘടനകളും തങ്ങളുടെ സംഭാവന നല്‍കുന്ന ഒരു ലോകത്തില്‍, യഥാര്‍ത്ഥത്തിലുള്ള ഒരു വര്‍ഗീയ ഫാസിസ്റ്റ് ഉയര്‍ന്നുവരുന്നതിനോടുള്ള അവരുടെ എതിര്‍പ്പ് ആത്യന്തികമായി ദുര്‍ബലമായി തീരുന്നതില്‍ ആശ്ചര്യപ്പെടാനുണ്ടോ? 

    ചുരുക്കത്തില്‍ മോഡി ഉയര്‍ത്തിപ്പിടിക്കുന്ന വികസന മാതൃകയെ അനുകൂലിക്കുന്ന ഒരാള്‍ക്ക് മോഡിയെ എതിര്‍ക്കാന്‍ കഴിയുകയില്ല. ""വര്‍ഗീയ ഫാസിസ്റ്റ്"" ആയ മോഡിയെയും ""വികസന മിശിഹ""യായ മോഡിയേയും വേര്‍തിരിച്ചുനിര്‍ത്തി മോഡി നിരങ്കുശം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ വികസനതന്ത്രത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, മോഡിയെ എതിര്‍ക്കാന്‍ ഒരാള്‍ക്ക് കഴിയുകയില്ല. കാരണം ഈ വികസനവാദത്തിനുതന്നെ ഫാസിസ്റ്റ് അടിവേരുകളുണ്ട്. ഇതു പറയുന്നത്, മോഡിയും അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് മൂടുതാങ്ങികളും തങ്ങളുടെ പദ്ധതിയില്‍ വിജയിക്കും എന്ന് സൂചിപ്പിക്കുന്നതിനുവേണ്ടിയല്ല. അവര്‍ വിജയിക്കാന്‍ പോകുന്നില്ല. കാരണം ഈ വികസനതന്ത്രം ""വിജയകര""മാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന അവസരത്തില്‍തന്നെ, ഈ തന്ത്രത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ അതിനെതിരായി കലാപമുയര്‍ത്തും; അതിനെ എതിര്‍ക്കും. ചുരുക്കത്തില്‍ മോഡിയുടെ എതിരാളികള്‍ക്ക്, അവരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി, അദ്ദേഹത്തിന്റെ നല്ല ഭാഗമേ കിട്ടാന്‍പോകുന്നുള്ളു. അതെന്തായാലും, ഇതിലൊക്കെ പ്രകടമായി കാണപ്പെടുന്നത്; ലിബറലിസത്തിന്റെ ബൗദ്ധികമായ ജീര്‍ണതയാണ്.

    ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ് ഒരു ലിബറല്‍ ആയിരുന്നു. അദ്ദേഹത്തിന് എത്രയോ മുമ്പ് ജോണ്‍ സ്റ്റുവര്‍ട്ട്മില്ലും ലിബറല്‍ ആയിരുന്നു. (മില്ലിന്റെ പില്‍ക്കാല ജീവിതത്തില്‍, അദ്ദേഹത്തിന്റെ ഭാര്യ ഹാരിയറ്റ് ടെയ്ലറുടെ സ്വാധീനത്തിനുകീഴില്‍ അദ്ദേഹം ""സഹകരണ സോഷ്യലിസ്റ്റ്"" നിലപാടിലേക്ക് നീങ്ങിയെങ്കിലും). ""നിശ്ചല ഭരണകൂട""ത്തിന്റെ (സ്റ്റേഷനറി സ്റ്റേറ്റ്) ആഗമനത്തെക്കുറിച്ച് സ്റ്റുവര്‍ട്ട്മില്‍ വിഭാവനം ചെയ്തിരുന്നു. (അവിടെ വളര്‍ച്ചനിരക്ക് പൂജ്യമായിരിക്കും) എന്നാല്‍ അത്തരമൊരു ""നിശ്ചലഭരണകൂട""ത്തില്‍ തൊഴിലാളികള്‍ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കും എന്നതിനാല്‍ വളര്‍ച്ച ഇല്ലാത്തതിനെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയില്ലായിരുന്നു. ""യഥാര്‍ത്ഥത്തിലുള്ള പോരായ്മകള്‍ എന്ന നിലയില്‍ രാഷ്ട്രം മെച്ചപ്പെട്ട വിതരണത്തിലും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയിലും ശ്രദ്ധയൂന്നണം"" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചുരുക്കത്തില്‍, തൊഴിലാളികളുടെ പരിതഃസ്ഥിതിയില്‍ പാരമ്പര്യമായി ലിബറലിസത്തിന് താല്‍പര്യമുണ്ടായിരുന്നു-ഈ പരിതഃസ്ഥിതി എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തില്‍ സോഷ്യലിസ്റ്റുകാരുമായി അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെങ്കില്‍ത്തന്നെയും. ഫാസിസ്റ്റ് രൂപത്തിലുള്ള അടിസ്ഥാനത്തില്‍ വളര്‍ച്ചനിരക്കിനെ പ്രകീര്‍ത്തിക്കുകയും ആ വളര്‍ച്ചനിരക്ക് നേടിയെടുക്കുന്നതിനുവേണ്ടി തൊഴിലാളികളെ ഞെക്കിപ്പിഴിയണമെന്ന് വാദിക്കുകയും ചെയ്യുന്ന ഇന്നത്തെ ലിബറല്‍ നിലപാടുമായി അതിനെത്രമാത്രം വൈരുദ്ധ്യമുണ്ടെന്ന് നോക്കൂ.