2012, മേയ് 22, ചൊവ്വാഴ്ച

വാര്‍ത്ത ചമയ്ക്കുന്നവരുടെ പരകായ പ്രവേശങ്ങള്‍"






Posted on: 21-May-2012 12:24 PM
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ വ്യാപകമായി കള്ളം പ്രചരിപ്പിക്കുന്നതിനുള്ള തത്രപ്പാടിലാണ് ചില മാധ്യമങ്ങളും കമ്മ്യൂണിസ്റ്റ്വിരുദ്ധരായ രാഷ്ട്രീയ നേതാക്കളും ഏതാനും എഴുത്തുകാരും. ആരോപിതന്‍ സത്യം തെളിയിക്കട്ടെ, അവനു പറയാനുള്ളത് ആരും കേള്‍ക്കരുത്, കേസന്വേഷണം ഇന്നയിന്ന വഴിക്ക് നീങ്ങട്ടെ...തുടങ്ങി കാട്ടുനീതിയുടെ അരങ്ങായി കേരളത്തെ മാറ്റാനാണ് ശ്രമം. നിഷ്ഠുരമായ കൊലപാതകത്തെ അപലപിക്കുമ്പോള്‍ത്തന്നെ നരഭോജി രാഷ്ട്രീയത്തിനെതിരെ കൂടുതല്‍ ആര്‍ജവത്തോടെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
ചിന്തകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ കെഇഎന്‍ കുഞ്ഞഹമ്മദ് നിലപാട് വ്യക്തമാക്കുന്നു

$ ടി പി ചന്ദ്രശേഖരന്റെ വധത്തെതുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളെ എങ്ങനെ വിലയിരുത്തുന്നു
                      
പൊതുസമൂഹത്തില്‍ ജിവിക്കുന്ന ഏതൊരാള്‍ക്കും സഹജീവിയുടെ വിയോഗം വേദനയുളവാക്കും. ഉള്ളില്‍ മനുഷ്യത്വം നഷ്ടമാകാത്ത ആര്‍ക്കും ഈ വികാരം സ്വാഭാവികം. ആ അര്‍ഥത്തില്‍ ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതകവും മറ്റേതൊരു കൊലപാതകത്തെയുംപോലെ അപലപനീയമാണ്. എന്നാല്‍, ഈ സംഭവത്തെ സാമ്രാജ്യത്വ, വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന മാധ്യമങ്ങളും രാഷ്ട്രീയ-സാമുദായിക സംഘങ്ങളും ചില സാംസ്കാരിക നായകരും സ്വാര്‍ഥമായ രാഷ്ട്രീയലാഭത്തിന് വിനിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ക്രൂരമായ കൊലപാതകത്തേക്കാള്‍ പൈശാചികമായ നടപടിയാണത്. മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സാമൂഹ്യ സന്തുലിതാവസ്ഥയ്ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ ലോകത്താകെ ഏറ്റവുമധികം ജീവത്യാഗം സംഭവിച്ചത് കമ്യൂണിസ്റ്റുകാര്‍ക്കാണ്.

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ സാര്‍വദേശീയതലത്തില്‍ ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകള്‍ രക്തസാക്ഷികളായിട്ടുണ്ട്. ആ കമ്യൂണിസ്റ്റുകാരുടെ പിന്‍മുറക്കാരെയാണ് ഫാസിസ്റ്റുകളെന്ന് മുദ്രകുത്തി അധിക്ഷേപിക്കുന്നത്. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാലിന്റെ പങ്ക് വിസ്മരിച്ചുകൊണ്ടാണ് സ്റ്റാലിനിസ്റ്റ് ഫാസിസത്തിന്റെ വക്താക്കളെന്ന് സിപിഐ എമ്മിനെ വേട്ടയാടുന്നത്. സ്റ്റാലിന്റെ ശരികളെക്കുറിച്ച് മിണ്ടാട്ടമില്ലാത്ത ഇവര്‍ ഹിറ്റ്ലര്‍, മുസോളിനി, ഇന്ദിരാഗാന്ധി എന്നിവരുടെ ഫാസിസ്റ്റ് രീതികളെക്കുറിച്ച് ബോധപൂര്‍വമായ മൗനം പാലിക്കുന്നു. സംസ്കാരിക നായകരെന്ന പേരില്‍ സാമ്രാജ്യത്വ നയങ്ങള്‍ പിന്‍പറ്റുന്ന എം ജി എസും കെ വേണുവും ഉള്‍പ്പെടുന്ന സാംസ്കാരിക സംഘം നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ വാളെടുക്കുന്നത് ഈ നയം പിന്തുടര്‍ന്നാണ്.

$ കമ്യൂണിസ്റ്റ് വിരുദ്ധരായ രാഷ്ട്രീയനേതാക്കള്‍ക്കൊപ്പംതന്നെ ഏതാനും മാധ്യമങ്ങളും വസ്തുതാ വിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയാണോ


ചന്ദ്രശേഖരന്‍വധത്തെ കമ്യൂണിസത്തെയും സിപിഐ എമ്മിനെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാക്കുന്നതില്‍ കണ്ണിചേരുന്നവര്‍ തിരിച്ചറിയേണ്ട ചില സത്യമുണ്ട്. സംസ്ഥാനത്ത് നേരിനായുള്ള പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ സിപിഐ എമ്മിനാണ് എന്നതാണത്. ശത്രുക്കളുടെ പ്രചാരണംപോലെ ആക്രണമത്തിന്റെ ഒരുവശത്ത് സിപിഐ എം ആയതുകൊണ്ടല്ല ഇത്. വാസ്തവത്തില്‍ ആക്രമിക്കപ്പെടുന്നതിന്റെ പൊതുഘടകമാണ് സിപിഐ എം. ലീഗ്-സിപിഐ എം, ആര്‍എസ്എസ് - സിപിഐ എം, കോണ്‍ഗ്രസ് - സിപിഐ എം, എന്‍ഡിഎഫ് - സിപിഐ എം എന്നിങ്ങനെ വലതുപക്ഷ മത-വര്‍ഗീയ ഫാസിസ്റ്റുകള്‍ കൂട്ടമായി പാര്‍ടിയെ ആക്രമിക്കുകയാണ്. ഒട്ടനവധി കൊലപാതകങ്ങള്‍ ഇതിന് ഉദാഹരണമായുണ്ട്. ജയിലില്‍വച്ച് രവീന്ദ്രന്‍ എന്ന സഖാവിനെ വകവരുത്തിയത് കേരളത്തില്‍ത്തന്നെ ഒറ്റപ്പെട്ട സംഭവമാണ്. കുഞ്ഞാലി, മൊയാരത്ത് ശങ്കരന്‍, അഴീക്കോടന്‍ രാഘവന്‍ തുടങ്ങി നാടിനെ നടുക്കിയ സംഭവങ്ങള്‍ അനേകം. ഈ ചരിത്രസത്യങ്ങളെല്ലാം വിസ്മരിച്ചാണ് എല്ലാ യാഥാര്‍ഥ്യങ്ങളും മൂടിവച്ച് അപവാദ പ്രചാരണ കോലാഹലങ്ങളുടെ കെട്ടഴിച്ചുവിടുന്നത്. കൊലപാതകം സംബന്ധിച്ചും അന്വേഷണം സംബന്ധിച്ചും രാഷ്ട്രീയ പാര്‍ടി എന്ന നിലയ്ക്ക് സിപിഐ എം അതിന്റെ നിലപാട് വിശദീകരിച്ചിട്ടുണ്ട്. മറിച്ച് അന്വേഷണമേ വേണ്ട, ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്ന നിലപാടാണ് വാര്‍ത്ത ചമയ്ക്കുന്ന ചാനല്‍, പത്ര മാധ്യമ സംഘങ്ങള്‍ക്ക്. പൊലീസ് അന്വേഷണത്തേക്കാള്‍ വലിയ അന്വേഷക സംഘമായി അവതരിക്കുന്ന ഇവര്‍ യഥാര്‍ഥ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ കച്ചമുറുക്കിയവരാണ്. അന്വേഷണം സംബന്ധിച്ച ഒരുവിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളായി ആരോപിക്കപ്പെട്ടവര്‍ വാര്‍ത്താസമ്മേളനം നടത്തി ഇന്നതാണ് സംഭവം എന്ന് പറഞ്ഞിട്ടുമില്ല. അന്വേഷണ പ്രക്രിയയിലേക്ക് പ്രവേശനം ലഭിച്ച പത്രപ്രവര്‍ത്തകരുമില്ല. പിന്നെങ്ങനെയാണ് മൊഴിനല്‍കിയപ്പോള്‍ കൈ വിറച്ചത്, തൊണ്ടയിടറിയത് എന്നെല്ലാം ഇവര്‍ എഴുതിപ്പിടിപ്പിക്കുന്നത്.
                  
പ്രതികളായി പിടിക്കപ്പെട്ടവരുടെ മാനസിക വിഭ്രാന്തി മനസിലാക്കാന്‍ ഇവര്‍ പരകായ പ്രവേശം നടത്തിയോ എന്ന് സംശയിക്കേണ്ടിവരും. നകസ്ലുകള്‍ പിടിക്കപ്പെട്ട കാലത്ത് പത്രങ്ങള്‍ നടത്തിയ വര്‍ണനകള്‍ക്ക് സമാനമായ രീതിതന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്. വായനക്കാരന്റെ വൈകാരികതയെ ചൂഷണംചെയ്ത് കമ്പോളവല്‍ക്കരിക്കുന്ന അന്നത്തെ മുതലാളിത്ത രീതിതന്നെയാണ് പത്രങ്ങള്‍ പിന്തുടരുന്നത്. മാതൃഭൂമിയെ മലബാറില്‍ രണ്ടാമതാക്കിയ ഇക്കിളിപ്പെടുത്തല്‍ ശൈലി മനോരമ ചന്ദ്രശേഖരന്‍ വധക്കേസ് വാര്‍ത്തകളിലും പ്രയോഗിക്കുകയാണ്. രാമചന്ദ്രന്‍ എന്ന പൊലീസുകാരനില്‍ അല്‍പ്പം മനുഷ്യത്വം അവശേഷിച്ചതുകൊണ്ടാണ് വര്‍ഗീസ് വധത്തിന്റെ യാഥാര്‍ഥ്യം പുറംലേകമറിഞ്ഞതെന്ന വസ്തുത വിസ്മരിച്ചുകൂടാ. മുഖ്യധാരാ മാധ്യമങ്ങള്‍ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പോള ലാഭത്തിനായി മത്സരിക്കുകയാണ്. അതുകൊണ്ടാണ് എല്ലാം വ്യക്തമായി എന്ന അതിഭാവുകത്വം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. മുഴുവന്‍ കുറ്റവും സിപിഐ എമ്മില്‍ ആരോപിക്കുന്ന ഇവര്‍ ആരോപിതര്‍ കുറ്റം തെളിയിക്കട്ടെ എന്ന ഉത്തരവാദിത്തവും സമൂഹത്തിലേക്കെറിഞ്ഞുകൊടുക്കുന്നു. ഏറ്റവും പ്രാകൃതസമൂഹത്തിലും കുറ്റംചെയ്തവര്‍ക്ക് സംസാരിക്കാന്‍ അവസരമുണ്ട്, ഇവിടെ അതില്ല. മാധ്യമത്തിന്റെ ഈ അതിഭാവുകത്വവല്‍ക്കരണം യഥാര്‍ഥ പ്രതികളായിരിക്കും നന്നായി ആസ്വദിക്കുക. ഈ അതിഭാവുകത്വത്തിലൂടെ തങ്ങള്‍ രക്ഷപ്പെട്ടതോര്‍ത്ത് ഇവര്‍ ആഹ്ലാദിക്കുന്നുണ്ടാകും. സാര്‍വദേശീയ തൊഴിലാളിസംഘടന രൂപംകൊണ്ട കാലത്ത് ചിക്കാഗോയില്‍ തീപിടിത്തമുണ്ടായപ്പോള്‍ അത് തൊഴിലാളി സംഘടനകളുടെമേല്‍ കെട്ടിവച്ച ചരിത്രമാണ് മാധ്യമങ്ങള്‍ക്കുള്ളത്. ഇടതുപക്ഷത്തിന്റെ പുറംപറ്റി നിന്നുകൊണ്ട് പ്രതിസന്ധിഘട്ടത്തില്‍ ഊഹാപോഹങ്ങളും പുകമറകളും സൃഷ്ടിക്കുന്നവര്‍ മേല്‍ വിവരിച്ച മാധ്യമങ്ങളേക്കാള്‍ ഭീകരരാണ്. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കേണ്ടവര്‍ അറിയാതെയാണെങ്കിലും ചുവടുമാറി ചവിട്ടുന്നുണ്ടോ?

$ സിപിഐ എമ്മിനെതിരായി "ഇടതുപക്ഷ"ത്തെതന്നെയാണ് ഉപയോഗിക്കുന്നതെന്നാണല്ലോ ബംഗാളിനെ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം

ലോകത്തിലേക്ക് ഇന്ത്യയുടെ ആദ്യത്തെ കണ്ണ് എന്ന് വിശേഷിപ്പിച്ചത് ബംഗാളിനെയാണ്. ആ പ്രബുദ്ധതയുടെ കണ്ണാണ് ഇന്ന് മമതയുടെ നേതൃത്വത്തില്‍ കുത്തിപ്പൊട്ടിക്കുന്നത്. നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരെയാണ് മമത കൊന്നൊടുക്കിയത്. ഈ മമതയെ അധികാരത്തിലേറ്റാന്‍ പ്രചാരണത്തിന് മുന്നില്‍നിന്ന മഹാശ്വേതാ ദേവി അവരുടെ ക്രൂരതകള്‍ക്കെതിരെ ഒരുദിവസമെങ്കിലും നിരാഹാരമനുഷ്ഠിച്ചാണ് കേരളത്തിലേക്ക് വരേണ്ടിയിരുന്നത്. നിലവിലില്ലാത്ത ഇടതുപക്ഷത്തെ മുന്‍നിര്‍ത്തി നിലവിലുള്ള ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. നിലവിലില്ലാത്ത ഇടതുപക്ഷം സാങ്കല്‍പ്പികമായതിനാല്‍ അതിന് കുറ്റങ്ങളും കുറവുകളുമുണ്ടാകില്ല. മൂലധനത്തിന് അത് എന്നും പ്രിയവിഭവമായിരിക്കും. അത് അവര്‍ രുചിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് നിലവിലുള്ള ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സാമ്രാജ്യത്വം നിലവിലില്ലാത്ത ഇടതുപക്ഷത്തെ ഉപയോഗിക്കുന്നത്. നിലവിലുള്ള ഇടതുപക്ഷത്തിന് പരിമിതികളുണ്ടാകാം. സ്വയം വിമര്‍ശനത്തിലൂടെയും മറ്റ് വിമര്‍ശനത്തിലൂടെയും അത് തിരുത്തി മുന്നോട്ടുപോകും. ഇടതുപക്ഷത്തിന് മേല്‍ക്കോയ്മയുള്ളിടത്ത് സാങ്കല്‍പ്പിക ഇടതുപക്ഷത്തെ കൂടെക്കൂട്ടിയും അല്ലാത്തിടത്ത് കടുത്ത വലതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചുമാണ് സാമ്രാജ്യത്വം ഇടതുപക്ഷത്തെ ആക്രമിക്കുന്നത്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ ആശ്വസ വാക്കുകളുമായെത്തിയ എം ജി എസിനെപ്പോലുള്ളവര്‍ ചന്ദ്രശേഖരന്‍കൂടി ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസത്തെ പുച്ഛിക്കുകയാണ്. വധവുമായി ബന്ധപ്പെട്ട അവരുടെ പ്രസ്താവന മാര്‍ക്സിസ്റ്റ് തത്വചിന്തതന്നെയാണ് പ്രതി എന്നിടത്തേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിമതരായപ്പോള്‍ ആക്രമിക്കപ്പെടുന്നു അല്ലാത്തപ്പോള്‍ ഇവരും ആക്രമണത്തില്‍ പങ്കാളിയായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തതന്നെ തെറ്റാണെന്ന് സ്ഥാപിച്ചെടുക്കലാണ് ഇവരുടെ ദൗത്യം. ആര്‍എംപി അടക്കമുള്ള ഇടതുപക്ഷം ഇത് തിരിച്ചറിയണം.

$ പ്രതികരണം പോരായെന്നാണ് മറ്റൊരു ആക്ഷേപം

ടി പി വധിക്കപ്പെട്ടപ്പോള്‍ എല്ലാവരും പ്രതികരിച്ചിട്ടുണ്ട്. ചാനലില്‍ പറയുന്നതോ പത്രത്തിലെ പ്രസ്താവനയോ മാത്രമാണ് പ്രതികരണം എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍. കേരള ജനത ഒന്നായി ഇതില്‍ പ്രതികരിച്ചിട്ടുണ്ട്. പറയപ്പെടാതെ പോയ വാക്കുകള്‍, ഇറ്റിവീണ കണ്ണീര്‍ത്തുള്ളികള്‍, ഒരു ദീര്‍ഘനിശ്വാസം എന്നിവയെല്ലാം പ്രതികരണമാണ്. ഇടതുപക്ഷ സാഹിത്യ പ്രവര്‍ത്തകര്‍ അവര്‍ക്ക് ലഭിച്ച വേദികളിലെല്ലാം ഇതേക്കുറിച്ച് സംവദിച്ചിട്ടുണ്ട്. പ്രതിഷേധത്തില്‍ ഭിന്നിപ്പുണ്ടാകേണ്ട കാര്യമില്ല. തങ്ങളുടെ രാഷ്ട്രീയം അന്തസ്സോടെ ഉയര്‍ത്തിപ്പിടിക്കാന്‍ ശേഷിയുള്ളവരാണ് ഇടതുപക്ഷ എഴുത്തുകാര്‍. രാഷ്ട്രീയമില്ലെന്ന് വാദിക്കുന്നവര്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായി അധഃപതിക്കുന്ന കാഴ്ചയാണിന്നുള്ളത്. മൂലധനത്തിന് ഏറ്റവും പ്രിയപ്പെട്ട ആശയം വിറ്റഴിക്കാനുള്ള വേദിയായാണ് കെ വേണു ഉള്‍പ്പെട്ട വലതുപക്ഷ എഴുത്തുകാര്‍ ഇതിനെ കാണുന്നത്.

$ ജ്ഞാനപീഠം നേടിയവരെ ആക്ഷേപിച്ചതിനെപ്പറ്റി

വീരേന്ദ്രകുമാറിന്റെ ഭാഷയില്‍ അവാര്‍ഡെന്നാല്‍ ജ്ഞാനമുള്ള പീഠവും ജ്ഞാനമില്ലാത്ത പീഠവും ഉണ്ട്. ഈ സംഭവത്തില്‍ ഞങ്ങള്‍ പറയുന്നതനുസരിച്ച് പ്രതികരിക്കുന്നവര്‍ ജ്ഞാനമുള്ളവരും അല്ലാത്തവര്‍ ജ്ഞാനമില്ലാത്തവരുമാണ്. പ്രസിദ്ധീകരണങ്ങള്‍, അവാര്‍ഡുകള്‍, സാംസ്കാരിക പദവി എന്നിവ നല്‍കാന്‍ ഞങ്ങള്‍ക്കാണ് ഏറ്റവും കഴിവ്. ഇവ ഉപേക്ഷിക്കാന്‍ എഴുത്തുകാര്‍ തയ്യാറാകില്ലെന്നതുകൊണ്ട് ചൊല്‍പ്പടിയില്‍ നിര്‍ത്താം എന്നാണ് വീരന്‍ കരുതുന്നത്. ഇത് ആത്മബോധമുള്ള എഴുത്തുകാര്‍ തള്ളിക്കളയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനത്തിന്റെ സംസ്കാരത്തിനും പകരം ആശയ സംവാദത്തിന്റെ സംസ്കാരത്തെയാണ് ജനാധിപത്യവാദികള്‍ സ്വീകരിക്കേണ്ടത്. എത്ര വേദനാജനകമായ സംഭവമുണ്ടായാലും ഈ ബോധം ഉയര്‍ത്തിപ്പിടിക്കണം. ഒരു സംഭവത്തിന് അനന്തരമായുണ്ടാകുന്ന സംഘര്‍ഷങ്ങളെയും ജനാധിപത്യവാദികളെന്ന് അവകാശപ്പെടുന്നവര്‍ എതിര്‍ക്കണം. ഏറെക്കുറെ വിമോചന സമരകാലത്ത് സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ചില എഴുത്തുകാര്‍ നടത്തിയതിന് സമാനമായ പ്രതികാരമാണ് ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത്. അന്ന് ഇടതുപക്ഷത്തിന് അധികാരമുണ്ടായിരുന്നു. ഇന്ന് അധികാരമില്ലാതിരുന്നിട്ടും ആക്രമിക്കപ്പെടുകയാണ്. എം ജി എസിന്റെയും കെ വേണുവിന്റെയുമെല്ലാം രാഷ്ട്രീയം എല്ലാവര്‍ക്കുമറിയാം. വലതുപക്ഷ എഴുത്തുകാര്‍ സ്വാതന്ത്ര്യത്തിന്റെ മുഖംമൂടി അണിയേണ്ടതില്ല. എന്ത് സംഭവമുണ്ടായാലും സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും എതിര്‍ക്കുന്ന ഈ നരഭോജിരാഷ്ട്രീയം എതിര്‍ക്കുകതന്നെ ചെയ്യും. അതിനുള്ള ധാര്‍മിക ഉത്തരവാദിത്തം ഇടതുപക്ഷ എഴുത്തുകാര്‍ക്കും സാസ്കാരിക പ്രവര്‍ത്തകര്‍ക്കുമുണ്ട്.